പ്രവാചക സ്‌നേഹം: ചില ചിത്രങ്ങള്‍

എഴുതിയത് : ഡോ. സമീര്‍ യൂനുസ്
love-prophet
മനുഷ്യന് ഏറ്റവും കൂടുതല്‍ സ്‌നേഹവും ഇഷ്ടവുമുണ്ടാകുന്നത് എന്തിനോടാണ് ? മാതാപിതാക്കള്‍ സന്താനങ്ങള്‍, ഇണകള്‍, പാര്‍പ്പിടം, തോട്ടങ്ങള്‍ ഭക്ഷണ പാനീയങ്ങള്‍, മദ്യം ഇങ്ങനെ പലതുമുണ്ട് മനുഷ്യന്റെ സ്‌നേഹത്തിനു പാത്രമാകാന്‍. എന്നാല്‍ സത്യവിശ്വാസികളെ സംബന്ധിച്ചിടത്തോളം ഇതൊന്നുമായിരിക്കില്ല അവന്റെ ഏറ്റവും വലിയ ഇഷ്ടത്തിന് പാത്രമാകുന്നത്. അവര്‍ ഏറ്റവും കൂടുതല്‍ സ്‌നേഹിക്കേണ്ടത് അല്ലേങ്കില്‍ സ്‌നേഹിക്കുന്നത് അല്ലാഹുവിനെയും റസൂലിനെയുമാണ്. അതിന് പിറകില്‍ നില്‍ക്കുന്നതാണ് ആരോടും എന്തിനോടുമുള്ള അവന്റെ സ്‌നേഹം.പ്രവാചകസ്‌നേഹത്തിന്റെ ഏറ്റവും തീവ്രമായ അവസ്ഥകളെ വരിച്ചിടുന്ന സഹാബികളുടെ ജീവിതത്തിലെ ചില സംഭവങ്ങളാണ് ചുവടെ.

അബൂബക്കറും നബിയും തമ്മിലെ സ്‌നേഹം

തിരുമേനിയും അബൂബക്കറും മക്കയില്‍ നിന്ന് മദീനയിലേക്ക് ഹിജ്‌റ പോയിക്കൊണ്ടിരിക്കുന്ന സന്ദര്‍ഭം. അബൂബക്കറിന് ശക്തമായി ദാഹിക്കുന്നുണ്ട്. ഒരു കപ്പ് പാല്‍ അദ്ദേഹത്തിന്റെ അടുക്കല്‍ കൊണ്ടുവരപ്പെട്ടു.എന്നാല്‍ അബൂബക്കര്‍ അത് തിരുമേനിക്ക് കുടിക്കാന്‍ നല്‍കി. അബൂബക്കര്‍ പറയുന്നു: തിരുമേനി (സ) ആ കപ്പിലെ പാല്‍ മുഴുവന്‍ കുടിച്ചു. ഇതാണ് അബൂബക്കറിന്റെ പ്രവാചകനോടുള്ള സ്‌നേഹം ദാഹിച്ചു വലഞ്ഞിട്ടും ഒരു തുള്ളി പോലും സ്വയം കുടിക്കാതെ പ്രവാചകതിരുമേനിക്ക് പാല്‍ മുഴുവന്‍ കുടിക്കാന്‍ നല്‍കുന്ന അബൂബക്കിറിന്റെ സ്‌നേഹത്തോടുപമിക്കാന്‍ മറ്റാരുടെ സ്‌നേഹമുണ്ട ്? 

സൗബാനി(റ)ന്റെ പ്രവാചക സ്‌നേഹം
തിരുമേനി (സ)യുടെ ഭൃത്യനായിരുന്നു സൗബാന്‍ (റ). ഒരു ദിവസം നബി പുറത്തു പോയി വരാന്‍ വളരെ വൈകി. ദീര്‍ഘ നേരമായി തിരുമേനിയെ കാണാതായ സൗബാന്‍ സങ്കടം വന്നു. ഏറെ നേരത്തിന് ശേഷം മടങ്ങിയെത്തിയ പ്രവാചകനെ കണ്ടപാടെ സൗബാന്റെ സങ്കടം അണപൊട്ടിയൊഴുകി. കരയുന്നതെന്തിന് എന്ന് തിരുമേനി ആരാഞ്ഞു. സൗബാന്‍ പറഞ്ഞു: പ്രവാചകരേ, സ്വര്‍ഗത്തില്‍ അങ്ങയുടെ സ്ഥാനവും എന്റെ സ്ഥാനവും എവിടെയായിരിക്കുമെന്നോര്‍ത്ത് കരഞ്ഞതാണു ഞാന്‍. ഈ ജീവിതത്തില്‍ അല്‍പം സമയം അങ്ങയെ പിരിഞ്ഞിരിക്കാന്‍ ആവാത്ത എനിക്ക് ആഖിറത്തില്‍ എങ്ങനെ അങ്ങയെ പിരിഞ്ഞിരിക്കാനാവും എന്ന് ഓര്‍ത്തു പോയതാണ്. സ്വര്‍ഗത്തില്‍ അങ്ങ് അത്യുന്നതിയിലും ഞാന്‍ വളരെ താഴ്ന്ന പടിയിലുമായിരിക്കുമല്ലോ ?  സൗബാന്റെ ഈ ചോദ്യത്തിനു മറുപടിയായാണ് വി. ഖുര്‍ആനിലെ ഈ സൂക്തം അവതരിച്ചത്: അല്ലാഹുവിനെയും അവന്റെ ദൂതനെയും അനുസരിക്കുന്നവര്‍ അല്ലാഹുവിന്റെ അനുഗ്രഹഭാജനമായവരുടെ കൂടെ, അഥവാ പ്രവാചകന്‍മാരുടെയും സത്യവാന്‍മാരുടെയും രക്തസാക്ഷികളുടെയും സച്ചരിതരുടെയും കൂടെയാകുന്നു. എത്ര ഉല്‍കൃഷ്ടരായ സഖാക്കള്‍ ഇതാകുന്നു അല്ലാഹുവിങ്കല്‍ നിന്നു ലഭിക്കുന്ന യഥാര്‍ഥ അനുഗ്രഹം. (അന്നിസാഅ് 69)

തിരുമേനി (സ) മദീനയിലെ പള്ളിയില്‍ ഖുതുബ നിര്‍വഹിച്ചുകൊണ്ടിരുന്നത് ഈന്തപ്പനയുടെ തടിയില്‍ നിന്നുകൊണ്ടായിരുന്നു. എന്നാല്‍ പ്രവാചകന് ഖുതുബ നിര്‍വഹിക്കാന്‍ വേണ്ടി അവര്‍ ഒരു മിമ്പര്‍ നിര്‍മ്മിച്ചു നല്‍കി. മിമ്പര്‍ നിര്‍മ്മിച്ചു നല്‍കിയപ്പോള്‍ തിരുമേനി (സ) ഖുതുബ നര്‍വഹിച്ചിരുന്ന പഴയ ഈന്തപ്പഴത്തിന്റെ തടി ഉപേക്ഷിച്ചു. പ്രവാചകനെ പിരിയേണ്ടിവന്ന ഈന്തപ്പനയുടെ തടിയുടെ വേദനയും ദുഖവും മൂലമുള്ള ശബ്ദം തിരുമേനി കേട്ടു. മിന്‍ബറില്‍ നിന്ന് തിരിച്ചിറങ്ങി പഴയ ഈന്തപ്പഴത്തിന്റെ തടിയില്‍ തന്നെ തിരുമേനി കയറിനിന്നാണ് ഖുതുബ തുടര്‍ന്നത്.

സവാദിന്റെ പ്രവാചക സ്‌നേഹം
ഒരു യുദ്ധത്തില്‍ തിരുമേനി തന്റെ സൈന്യത്തെ യുദ്ധസജ്ജരാക്കാനുള്ള ഒരുക്കങ്ങള്‍ നടത്തുകയായിരുന്നു. അണിയായി നിര്‍ത്തിയ സൈന്യത്തിന്റെ അണികള്‍ സജ്ജീകരിക്കുന്നതിനിടയില്‍ സവാദുബ്‌നു ഇസ്സിയ്യ എന്ന സഹാബി അണിയില്‍ നിന്ന് തെറ്റി നില്‍ക്കുന്നത് തിരുമേനിയുടെ ശ്രദ്ധയില്‍പ്പെട്ടു. തിരുമേനി പറഞ്ഞു: സവാദ് അണിയായി നില്‍ക്കൂ. ശരി റസൂലേ എന്ന് പറഞ്ഞു സവാദ് അണിയായി നിന്നു. എന്നാല്‍ സവാദ് വീണ്ടും അണി തെറ്റിയാണ് നിന്നത്. ഇതു കണ്ട തിരുമേനി (സ) തന്റെ കൈയ്യിലെ വടിവച്ച് സവാദിന്റെ വയറില്‍ തൊട്ട് അണിയിലേക്ക് ചേര്‍ത്തു നിര്‍ത്തിയിട്ട് പറഞ്ഞു: നേരെ നില്‍ക്കൂ സവാദേ. സവാദ് പറഞ്ഞു: താങ്കളെ അല്ലാഹു സത്യവുമായി അയച്ചിരിക്കേ താങ്കള്‍ എന്നെ വേദനിപ്പിച്ചു പ്രവാചകരേ. സവാദിനെ വേനപ്പിച്ചതില്‍ സങ്കടം തോന്നിയ പ്രവാചക തിരുമേനി സവാദിനോട് തന്നെയും അതു പാലെ പകരം കാണിക്കാന്‍ ആവശ്യപ്പെട്ടു. വയറ് പുറത്തു കാണിച്ചു നിന്ന പ്രവാചകന്റെയടുക്കല്‍ സവാദ് വന്നു. പ്രവാചകനോടു പകരം വീട്ടാനൊരുങ്ങുന്ന സവാദിനെ കണ്ട് മറ്റ് സഹാബികള്‍ പരിഭ്രമചിത്തരായി. എന്നാല്‍ തിരുമേനിയുടെ അടുത്തു വന്ന സവാദ് തിരുമേനിയെ ചേര്‍ത്തു പിടിച്ച് തിരുമേനിയുടെ വയറില്‍ ചുംബിച്ചു കൊണ്ട് പറഞ്ഞു. ഇതാണ് ഞാന്‍ ഉദ്ദേശിച്ച പ്രതികാരം. ഇന്നേ ദിവസം ഞാന്‍ രക്തസാക്ഷിത്വം കൊതിക്കുന്നു തിരുമേനിയേ, എന്റെ ജീവിതത്തില്‍ അവസാനമായി എന്റെ ശരീരം സ്പര്‍ശിക്കേണ്ടത് താങ്കളുടെ ശരീരത്തിലായിരിക്കണം എന്നാണെന്റെ ആഗ്രഹം. ഇതായിരുന്നു പ്രവാചകനോടുള്ള സവാദിന്റെ സ്‌നേഹം.

ഉഹ്ദ് യുദ്ധത്തിന്റെ രണ്ടാം ഘട്ടത്തില്‍ മുസ് ലിംകള്‍ക്ക് പരാജയത്തിന്റെ കയ്പുനീര്‍ അനുഭവിക്കേണ്ടിവന്നു. ശത്രുക്കള്‍ പ്രവാചകനു നേരെ പാഞ്ഞടുക്കുമ്പോള്‍ തിരുമേനിയെ പ്രതിരോധിക്കാന്‍ പ്രവാചക അനുചരന്‍മാരില്‍ ഒമ്പതു പേര്‍ മാത്രമാണ് ഉണ്ടായിരുന്നത്. നബിയുടെ നേര്‍ക്ക് അക്രമണമഴിച്ചുവിട്ട ശത്രുക്കളുടെ ശരങ്ങളെ തടുത്ത ഏഴു പേരും രക്തസാക്ഷികളായി. ആ ധീരരക്തസാക്ഷികളില്‍ അവസാനമായി മരിച്ചുവീണത് അമ്മാര്‍ ബ്‌നു യസീദ് എന്ന സ്വഹാബിയായിരുന്നു. ശരീരം മുഴുവനും മുറിവുകളായിരുന്നു അദ്ദേഹം മരിച്ചുവീഴുമ്പോള്‍. നബി തിരുമേനിയോടുള്ള അടങ്ങാത്ത സ്‌നേഹവും സ്വര്‍ഗപ്രവേശമെന്ന ലക്ഷ്യവുമാണ് തന്റെ ജീവന്‍ ഇഞ്ചിഞ്ചായി ബലി നല്‍കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത്.
പിന്നീട് റസൂലിന് പരിചയായി തിരുമേനിയുടെ ജീവന്‍ സംരക്ഷിക്കാനുണ്ടായിരുന്നത് ത്വല്‍ഹത്തുബ്‌നു ഉബൈദുല്ലയും സഅ്ദ്ബ്‌നു അബീവഖാസുമായിരുന്നു. തിരുമേനിയെ വധിക്കുവാന്‍ അവര്‍ക്ക് ലഭിച്ച ഏറ്റവും നല്ല അവസരമായിരുന്നു അത്. അവര്‍ തിരുമേനിയുടെ അടുക്കലേക്ക് പാഞ്ഞ് വന്നു നബിയെ വളഞ്ഞു. ഉത്ബതുബ്‌നു അബീവഖാസ് തിരുമേനിയെ കല്ലെടുത്തെറിഞ്ഞു. കല്ലേറ് കൊണ്ട് നബിയുടെ തോളെല്ല് പൊട്ടി ചോരവാര്‍ന്നു. കീഴ്ചുണ്ട് മുറിഞ്ഞു. ശത്രുക്കളില്‍പെട്ട അബ്ദുദ്ദാറും അബ്ദുല്ലാഹ്ബ്‌നു ഖുനയും തിരുമേനിക്ക് ശക്തമായ പ്രഹരമേല്‍പ്പിക്കാനായി മുന്നോട്ടുവന്നു. എന്നാല്‍ അവരുടെ പ്രഹരങ്ങളെല്ലാം ഏറ്റവാങ്ങിയത് പ്രവാചകന്റെ അനുചരന്‍മാരായ ത്വല്‍ഹയും സഅ്ദുമായിരുന്നു. നബിതിരുമേനിക്ക് ഇരുപുറവും നിന്നുകൊണ്ട് അവര്‍ ശത്രുക്കളുടെ ആക്രമങ്ങളെ സ്വയം ഏറ്റുവാങ്ങിയും പ്രതിരോധിക്കുകയും ചെയ്തുകൊണ്ടിരുന്നു. അറബികള്‍ക്കിടയില്‍ അറിയപ്പെട്ട വില്ലാളികളായിരുന്ന അവര്‍ ശത്രുക്കളെ ആട്ടിയോടിച്ചു. സഅ്ദിനോട് തിരുമേനി പറഞ്ഞു: എന്റെ മാതാപിതാക്കളാണെ, അവര്‍ക്കെതിരെ കുന്തമെറിയൂ സഈദ്.
ഈ സന്ദര്‍ഭത്തില്‍ മാത്രമാണ് തിരുമേനി (സ) ഉമ്മീ വ അബീ എന്ന് അഭിസംബോധന ചെയ്ത് സംസാരിച്ചിട്ടുള്ളത്. പ്രവാചകന് അദ്ദേഹത്തോടുള്ള സ്‌നേഹത്തെയാണ് ഇത് സൂചിപ്പിക്കുന്നതെന്ന് പണ്ഡിതന്‍മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. ത്വല്‍ഹയോടും തിരുമേനിക്കു ഇതുപോലെ സ്‌നേഹമുണ്ടായിരുന്നുവെന്ന് സൂചിപ്പിക്കുന്ന ഒരു വചനം ത്വല്‍ഹയെക്കുറിച്ച് തിരുമേനി പറഞ്ഞു: ഭൂമുഖത്തു കൂടി നടക്കുന്ന ഒരു രക്തസാക്ഷിയെ നിങ്ങള്‍ക്ക് കാണണമെങ്കില്‍ നിങ്ങള്‍ ത്വല്‍ഹത്ത് ബ്‌നു അബ്ദുല്ലയെ നോക്കൂ.
തങ്ങളുടെ ജീവന്‍ പണയപ്പെടുത്തി പ്രവാചകന്റെ ജീവന്‍ രക്ഷിച്ച അനുചരന്‍മാരോടുള്ള തിരുമേനിയുടെ സ്‌നേഹം വ്യക്തമാക്കുന്നതാണ് പ്രസ്തുത സംഭവം.
പ്രവാചക അനുചരന്‍മാരുടെ പ്രവാചകസ്‌നേഹത്തിന്റെ ആഴവും വ്യാപ്തിയും എത്രമാത്രമായിരുന്നുവെന്ന് മനസ്സിലാക്കിത്തരുന്നുണ്ട് ഈ സംഭവങ്ങള്‍.

 

Related Post