മാതാവിന്റെ തൃപ്തി അല്ലാഹുവിന്റെ തൃപ്തി

 

رضى الأمബനൂ ഇസ്റാഈലില്‍ ഒരു യുവാവുണ്ടായിരുന്നു. അയാള്‍ക്ക് നന്നായി തൗറാത്ത് പാരായണം ചെയ്യാന്‍ അറിയുമായിരുന്നു. അദ്ദേഹം തൗറാത്ത് പാരായണം ആരംഭിച്ചാല്‍ വീട്ടുമുറ്റത്ത് ജനങ്ങള്‍ തടിച്ചുകൂടും. ഇങ്ങനെയെല്ലാമാണെങ്കിലും അയാള്‍ മദ്യപിക്കുമായിരുന്നു. ഒരിക്കല്‍ ആ യുവാവ് മദ്യപിച്ച് വന്ന് തൗറാത്ത് പാരായണം ചെയ്യാന്‍ തുടങ്ങി. ഇതു കണ്ട് മടുത്ത മാതാവ് പറഞ്ഞു.

“നീ പോയി വുളൂഅ് എടുത്തു വരിക. എന്നിട്ട് തൗറാത്ത് ഓതുക”

മദ്യപിച്ച് ലക്കുകെട്ട അയാള്‍ക്ക് ഈ വാക്കുകള്‍ പിടിച്ചില്ല. അയാള്‍ മാതാവിന്റെ മുഖത്ത് ആഞ്ഞടിച്ചു. ആ അടിയുടെ ശക്തിയില്‍ ആ ഉമ്മയുടെ രണ്ടു കണ്ണുകളും പൊട്ടി. പല്ലുകളും കൊഴിഞ്ഞു. ഇതൊന്നും യുവാവ് അറിഞ്ഞതേയില്ല. യുവാവിന് ബോധം വീണ്ടുകിട്ടിയപ്പോള്‍ സങ്കടം സഹിക്കവയ്യാതെയായി. അയാള്‍ എവിടേക്കെന്നില്ലാതെ കുറെ നടന്നു. ഒടുവില്‍ ഒരു കാട്ടില്‍ എത്തിപ്പെട്ടു. വന്യമൃഗങ്ങള്‍ നിറഞ്ഞ ആ കാട്ടില്‍ തനിച്ച് ജിവിച്ചു.

നാല്‍പതു വര്‍ഷം അയാള്‍ അല്ലാഹുവിലേക്ക് രണ്ടുകയ്യും ഉയര്‍ത്തി പ്രാര്‍ഥിച്ചു. “സര്‍വ്വശക്തനായ റബ്ബേ, ഞാന്‍ പാപിയാണ്. എന്റെ പാപം പൊറുത്തിട്ടുണ്ടെങ്കില്‍ അത് ഈ സമയം തന്നെ നീ എന്നെ അറിയിക്കേണമേ’‘

പെട്ടെന്ന് ഒരു അശരീരി മുഴങ്ങി. “ഹേ, മനുഷ്യാ, നീ എന്നെ എത്രകാലം ആരാധിച്ചിട്ടും കാര്യമില്ല. മറിച്ച് നിന്റെ മാതാവിന്റെ തൃപ്തിയാണ് എന്റെ തൃപ്തി.”

നിരാശനായ യുവാവ് തന്റെ മാതാവിന്റെ അടുക്കലേക്ക് ചെന്നു.

ഉമ്മാ, അയാള്‍ വിളിച്ചു.

ആ ശബ്ദം തിരിച്ചറിഞ്ഞ ഉമ്മ പറഞ്ഞു”നിനക്ക് അല്ലാഹു മാപ്പ് തരില്ല”. ഇത് കേട്ട് യുവാവിന് സങ്കടം സഹിക്കാന്‍ കഴിഞ്ഞില്ല. അയാള്‍ തന്റെ കൈ വാളുകാണ്ട് മുറിച്ചു മാറ്റി. മകന്‍ കൈ മുറിച്ച വിവരം ഉമ്മയറിഞ്ഞു. അവര്‍ക്ക് സങ്കടമായി. അവര്‍ പറഞ്ഞു “മകനേ നീ അങ്ങനെ ചെയ്യരുതായിരുന്നു. ഞാന്‍ നിനക്ക് പൊറുത്തു തന്നിരിക്കുന്നു. ഉടനെതന്നെ ജിബ്രീല്‍ വന്ന് യുവാവിനോട് പറഞ്ഞു. “നിനക്ക് അല്ലാഹു പൊറുത്ത് തന്നിരിക്കുന്നു. നിന്റെ എല്ലാ ഇബാദത്തുകളും സ്വീകരിച്ച് നിന്നെ അല്ലാഹു ഒരു വലിയ്യാക്കിയിരിക്കുന്നു.”

ഇരുവരേയും ജിബ്രീല്‍(അ)തടവിയപ്പോള്‍ആ ഉമ്മയും മകനും പൂര്‍വ്വസ്ഥിതി പ്രാപിച്ചു.

ഗുണപാഠം.

മാതാപിതാക്കളെ വേദനിപ്പിക്കുന്നവരുടെ എല്ലാ പ്രവര്‍ത്തനങ്ങളും നിഷ്ഫമാകും. മാതാവിന്റെ കാലിന്നടിയിലാണ് സ്വര്‍ഗം എന്ന നബി വചനം ഇതൊടൊപ്പം ചേര്‍ത്തുവായിക്കുക.

 

Related Post