ഒരേ ലക്ഷ്യത്തിലേക്കുള്ള വ്യത്യസ്ത വഴികളാണോ മതങ്ങള്‍?

islamBy:
എന്‍.പി. സലാഹുദ്ദീന്‍

‘ഒരു മുസ്‌ലിം മെഡിക്കല്‍ വിദ്യാര്‍ഥിനിയും കൂട്ടുകാരും ഇസ്‌ലാംമതത്തെ കുറിച്ച് സംസാരിച്ചപ്പോള്‍ എന്തുണ്ടായി എന്ന് നിങ്ങളറിയുമോ?’ സുല്‍ത്താന്‍ മുമ്പിലിരിക്കുന്ന രക്ഷിതാക്കളോട് ചോദിച്ചു.

വിദ്യാ-സംസ്‌കാര സമ്പന്നയായ ഒരു മെഡിക്കല്‍ വിദ്യാര്‍ഥിനി ഒരു ദിവസം എന്റെയടുത്തെത്തി. അവള്‍ വിവരിച്ചതുപോലെ അവളെ ഞാന്‍ നിങ്ങള്‍ക്കു പരിചയപ്പെടുത്താം. മക്കള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതില്‍ വല്ലാത്ത ശ്രദ്ധകാണിച്ച മാതാപിതാക്കളുടെ ഇളയ മകളാണവള്‍. സഹോദരന്മാരെല്ലാം പല ഉദ്യോഗങ്ങളില്‍. എല്ലാവരെയും ദീനീ കാര്യങ്ങള്‍ പഠിപ്പിക്കാനും ശീലിപ്പിക്കാനും ആ രക്ഷിതാക്കള്‍ ശ്രദ്ധിച്ചിരുന്നു. ദീനും ദുന്‍യാവും ജയിച്ചവര്‍ എന്നാണ് നാട്ടുകാര്‍ അവരെകുറിച്ച് പറയാറുള്ളത്. ദീനീ കാര്യങ്ങളില്‍ കാണിക്കുന്ന സൂക്ഷ്മത കാരണം നാട്ടുകാരില്‍ ആ കുടുംബത്തിന് നല്ല സ്വാധീനമുണ്ടായി. അവരുടെ പരിശ്രമഫലമായി വിശ്വാസ ദൗര്‍ബല്യവും ദുരാചാരങ്ങളും നിലനിന്ന ആ നാട്ടില്‍ കുറെ മാറ്റങ്ങളുണ്ടായി. ആ പെണ്‍കുട്ടിയുടെയും സ്ഥിതി മറിച്ചായിരുന്നില്ല. നഗരത്തിലെ മെഡിക്കല്‍ കോളജ് ഹോസ്റ്റലില്‍ അവളുടെ കൂട്ടുകാര്‍ക്കെല്ലാം അവളെ ബഹുമാനവും ആദരവുമാണ്. നന്മയും അറിവും ഒന്നിച്ച് പ്രസരിക്കുന്ന പൂക്കള്‍ക്കു ചുറ്റും ശലഭങ്ങള്‍ വിളിക്കാതെ വിരുന്നുവരും.

ഈ കഴിഞ്ഞ റമദാനില്‍ ഒരു നോമ്പുതുറയ്ക്കിടയിലാണ് ആ സംസാരമുണ്ടായത്. അവളോടൊപ്പം മുസ്‌ലിംകളല്ലാത്ത ചില വിദ്യാര്‍ഥിനികളും നോമ്പുനോറ്റിരുന്നു. മുസ്‌ലിം വസ്ത്രധാരണം, ഭക്ഷണം, വിവാഹം, കുടുംബം എന്നിങ്ങനെയുള്ള കാര്യങ്ങളോട് ആ കുട്ടുകാര്‍ക്ക് എതിര്‍പ്പൊന്നുമില്ലായിരുന്നു. പക്ഷെ, ഒരു സംശയം ഉന്നയിച്ചു: ‘ഇസ്‌ലാമില്‍, അതിന്റെ വിശ്വാസവും ആദര്‍ശവും മാത്രമാണ് ശരിയായതെന്നും ബാക്കിയെല്ലാം തെറ്റാണെന്നും വാദിക്കുന്ന ഒരു മതമൗലികവാദം ഉണ്ടെന്ന് കേട്ടു. അങ്ങനെയെങ്കില്‍ നിനക്കെങ്ങനെ ഞങ്ങളുമായി സഹകരിക്കാന്‍ കഴിയും? എല്ലാ മതങ്ങളും ഒന്നാണ്, ഒരേ ലക്ഷ്യത്തിലേക്കുള്ള പല വഴികളാണ് എന്നാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്. അതുകൊണ്ട് ഞങ്ങള്‍ക്ക് നോമ്പെടുക്കാനും നീയുമായി സഹകരിക്കാനും കഴിയുന്നു. പക്ഷെ, ഞങ്ങളോടുള്ള നിന്റെ ഇടപെടലുകള്‍ വിശ്വാസപരമായി കാപട്യമല്ലേ?!’

ഇസ്‌ലാം എന്ത് എന്നുള്ളതിന്റെ ഉത്തരം മാത്രം മതിയല്ലോ ഈ സംശയനിവാരണത്തിന്. കുറച്ചൊക്കെ ദീന്‍ പഠിച്ച പെണ്‍കുട്ടിയായതിനാല്‍, തനിക്ക് ലഭ്യമായ ആ അവസരം ഉപയോഗിച്ച് അവള്‍ അവര്‍ക്ക് ഇസ്‌ലാം മനുഷ്യസമൂഹത്തിന്റെ ജീവിതദര്‍ശനമാണെന്ന് മനസ്സിലാക്കികൊടുത്തിട്ടുണ്ടാവണം എന്ന് ഞാനുറപ്പിച്ചു. പക്ഷെ, ദയനീയ പരാജയം! അവള്‍ എന്റെയടുത്ത് വന്നത് രണ്ടിലേത് തെരഞ്ഞെടുക്കണം എന്നുചോദിച്ചുകൊണ്ടാണ്. ഒന്നുകില്‍ ഒന്നിലും അവരുമായി സഹകരിക്കാതിരിക്കുക. അല്ലെങ്കില്‍ എല്ലാം യഥാര്‍ഥത്തില്‍ നല്ലതും ശരിയുമാണെന്ന് സമ്മതിച്ച്, ഇസ്‌ലാം തന്റെ ആരാധനാ-വിശ്വാസ മതമായി അനുഷ്ഠിക്കുക. വിശാലമായ നെല്‍പാടത്തെ വരമ്പില്‍ വീണുകിടക്കുന്ന, വരിഞ്ഞുകെട്ടിയ ഒരു വൈക്കോല്‍ കറ്റ പോലെ ആ കുട്ടിയുടെ ഇസ്‌ലാമിക വ്യക്തിത്വം ചുരുങ്ങിപ്പോയതെന്തേ എന്നോര്‍ത്തു ഞാന്‍ അത്ഭുതപ്പെട്ടു.

ഞാന്‍ ആ കുട്ടിയോട് ആദ്യമേ സംസാരിക്കേണ്ടതായി വന്നു. കുറ്റം ആ കൂട്ടുകാരുടെതോ, ആ കുട്ടിയുടേതോ അല്ല എന്ന് ഞാനുറപ്പിച്ചു. സര്‍വമത സത്യവാദം എന്ന പദപ്രയോഗമൊക്കെ തല്‍ക്കാലം ഉപേക്ഷിച്ചു. മുസ്‌ലിംകള്‍ പഠിക്കാതെയും പഠിപ്പിക്കാതെയും വിട്ടുകളഞ്ഞ കുറെ പദങ്ങള്‍ ശത്രുക്കളുടെ മടകളില്‍ പോയി വളര്‍ന്നിട്ടുണ്ട്. അവ തിരിഞ്ഞുവന്ന് കൊത്തിയപ്പോള്‍ ആ വിഷമിറക്കുവാന്‍ മുസ്‌ലിം സമൂഹം പെടുന്ന പാട് ഏറെ ദുസ്സഹം തന്നെ.

നീ കൂട്ടുകാര്‍ക്ക് പറഞ്ഞുകൊടുക്കുക. ഏതെങ്കിലും ആദര്‍ശം അംഗീകരിക്കുന്നവര്‍ അതിന്റെ ശരിയും സത്യവും പൂര്‍ണതയും ഉള്‍ക്കൊള്ളണമല്ലോ. പ്രത്യേകിച്ചും എങ്ങനെ ജീവിക്കണം എന്ന കാര്യത്തിലാകുമ്പോള്‍. അതിനാണ് മൗലികത എന്നു പറയുന്നത്. അതല്ലാത്തത് കാപട്യമല്ലേ?. കൂട്ടുകാരോട് പറയുക: നിങ്ങള്‍ ഒരു ആദര്‍ശവും പിന്‍പറ്റാതിരിക്കണം എന്നത് നിങ്ങളുടെ തീരുമാനമാണോ? നിങ്ങള്‍ക്ക് ഒരുകാര്യത്തിലും നിലപാടുണ്ടായിരിക്കരുത് എന്ന് നിങ്ങളുടെ പ്രതികരണം ഭയക്കുന്നവരുടെ ആവശ്യമാണ്. അവര്‍ തന്നെയാണ് എല്ലാം ശരിയാണ് എന്ന് നിങ്ങളെകൊണ്ട് പറയിപ്പിക്കുന്നത്. ഒന്ന് ഒന്നാണെന്നുപറയുന്നതും, അത് രണ്ടാണെന്ന് പറയുന്നതും, അതുതന്നെ മൂന്നാണെന്നു പറയുന്നതും ഒരേസമയം സത്യമാകുമോ? നോക്കൂ, മതമൗലികവാദികള്‍ എന്ന പദം ആദ്യം നിരീശ്വരവാദികള്‍ ഈശ്വര വിശ്വാസികള്‍ക്കെതിരെ ഉപയോഗിക്കുന്നു. ഈശ്വര വിശ്വാസികളില്‍ തന്നെയുള്ള നിര്‍മത വാദികള്‍ മതവിശ്വാസികളെ ആക്ഷേപിക്കുന്നതും ഇതേ പദംകൊണ്ടുതന്നെ. മതവിശ്വാസികളില്‍ അനുഷ്ഠാന-ആരാധന കാര്യമായി മതത്തെ കാണുന്നവര്‍ മതമൗലികവാദികള്‍ എന്നുതന്നെയാണ് മതത്തെ പൊതു ജീവിതദര്‍ശനമാക്കിയവരെ ശകാരിക്കാറ്. വിത്തിന്റെ രൂപമാണെങ്കിലും വിഷവിത്ത് നല്ല കര്‍ഷകന്‍ മണത്തറിയുമായിരുന്നു.

ഇനി, സഹകരണം എങ്ങനെ സാധ്യമാകുന്നു എന്നാണല്ലോ കൂട്ടുകാരുടെ ചോദ്യം. അവര്‍ക്ക് ഒരു ഉദാഹരണം നല്‍കൂ: എന്റെ ജ്യേഷ്ഠന്‍ വാദിക്കുന്നു, സൂര്യാസ്തമയത്തിനു ശേഷം പകലാണ് സംഭവിക്കുക എന്ന്. ഞാന്‍ അയാളോട് എന്ത് നിലപാടെടുക്കണം?. വാദം ഞാനംഗീകരിക്കില്ല. പക്ഷെ, അദ്ദേഹത്തിന് ഞാന്‍ രാവിലെയും രാത്രിയും ഭക്ഷണം തയ്യാറാക്കി നല്‍കും. വീട്ടില്‍ ഉറങ്ങാനുള്ള വിരിപ്പു വിരിച്ചുകൊടുക്കും. അദ്ദേഹത്തിന് തന്റെ ആശയം പറയാനുള്ള സ്വാതന്ത്ര്യം നല്‍കും. സമാധാനപരമായി സത്യം ബോധിപ്പിക്കാന്‍ ഞാന്‍ ശ്രമിക്കുകയും ചെയ്യും. അദ്ദേഹത്തിന് രാവിനെ പകലാക്കി കാണിച്ച ഇരുട്ടിന്റെ ദുശ്ശക്തികളോടൊപ്പം ചേര്‍ന്ന് എനിക്കെതിരെ അക്രമം കാണിക്കാന്‍ തുടങ്ങിയാല്‍ ഞാന്‍ അയാള്‍ക്ക് മുന്നില്‍ കീഴടങ്ങില്ല. ഇരുളിന്റെ മറവില്‍ അദ്ദേഹം ജനത്തെ ദ്രോഹിക്കാന്‍ തുടങ്ങിയാല്‍ ഞാന്‍ അദ്ദേഹത്തിന്റെ എതിര്‍പക്ഷത്തായിരിക്കും. അപ്പോള്‍ അദ്ദേഹവുമായി എനിക്ക് ബന്ധുത്വമില്ലാതാകും.

രക്ഷിതാക്കളോട് കുറച്ചു കാര്യങ്ങള്‍ കൂടി സുല്‍ത്താന്‍ പറഞ്ഞു: ഇരുപത്തഞ്ചും അതിലധികവുമുള്ള നബിമാരെക്കുറിച്ച് നിങ്ങള്‍ കുട്ടികളെ പഠിപ്പിക്കുന്നില്ലേ. അപ്പോള്‍ തന്നെ എല്ലാ മതത്തിലും നന്മയുടെ അംശങ്ങള്‍ ബാക്കിയുണ്ടാവുമെന്നും അവരെ പഠിപ്പിക്കണം. ദൈവം അവതരിപ്പിച്ച ഒരൊറ്റ മതത്തെ പില്‍ക്കാലത്ത് സ്വാര്‍ഥ അധികാരികളും പുരോഹിതന്മാരും ചേര്‍ന്ന് വികലമാക്കിയതാണ് എന്ന ആദര്‍ശം പഠിപ്പിക്കുമ്പോള്‍, ലോകത്തുള്ള ഏതു നന്മയും അല്ലാഹുവിന്റെ ദീനിന്റെ ഭാഗമാണെന്നും അവരെ ബോധിപ്പിക്കണം. ആ അംഗീകാരം ആദര്‍ശത്തിലെ കാപട്യമല്ല എന്നവരെ ബോധ്യപ്പെടുത്താന്‍ മറക്കരുത്. പിന്നെ നിങ്ങളുടെ കുട്ടികള്‍ക്ക് ഇസ്‌ലാം വര്‍ഗീയമതമല്ല, ആദര്‍ശമതമാണ് എന്ന് പറഞ്ഞുകൊടുക്കുക. ജൂതനും ക്രിസ്ത്യനും അഗ്നിയാരാധകനും ഹിന്ദുസംസ്‌കാരക്കാരനും കമ്മ്യൂണിസ്റ്റും എല്ലാ മനുഷ്യരും അടങ്ങുന്ന വര്‍ഗങ്ങളുടെ മോചനത്തിനും നിര്‍ഭയത്തിനുമാണ് ഈ മതം. ഇതില്‍ വര്‍ഗമില്ലാത്തതിനാല്‍ വര്‍ഗീയതയില്ല. ഇത് മനുഷ്യന്റെ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ളതിനാല്‍ മതതീവ്രതയുമില്ല. രണ്ടിന്റെയും പര്യായമായി ഇസ്‌ലാമിന്റെ മൗലികതയെ കാണരുത്. മൗലികമായി അതു മാത്രമാണ് ദൈവത്തിന്റെ മതം. ഇസ്‌ലാമിന്റെ മാനവിക മൂല്യങ്ങള്‍ മുസ്‌ലിം ഉണ്ടായിക്കതല്ല. അല്ലാഹു ഇറക്കിയതാണെന്ന് അവരെ പഠിപ്പിക്കണം.

നിങ്ങളുടെ കുട്ടികളെ പൊതു സമൂഹത്തിലേക്ക് അയക്കുമ്പോള്‍ നിസ്‌കരിക്കാനും അടങ്ങിയൊതുങ്ങി ജീവിക്കാനും മാത്രം പറഞ്ഞ് യാത്രയയക്കരുത്. ചില പദങ്ങല്‍ നേരത്തെ അവരെ പഠിപ്പിക്കേണ്ടിയിരിക്കുന്നു. ഇസ്‌ലാമിന്റെ തന്നെ പദങ്ങള്‍. നാം മറന്നപ്പോള്‍ മറ്റുള്ളവര്‍ കുത്തകയേറ്റെടുത്ത പദങ്ങള്‍. മാനവികത, സഹിഷ്ണുത, മതസൗഹാര്‍ദ്ദം, സാഹോദര്യം, രാഷ്ട്രീയം, രാജ്യസ്‌നേഹം, വിമോചനം തുടങ്ങിയ കാര്യങ്ങള്‍ അവര്‍ ആദ്യമായി കേള്‍ക്കുന്നത് മതവിരുദ്ധരില്‍ നിന്നാവാതിരിക്കട്ടെ. അവയൊക്കെയും ഖുര്‍ആനില്‍ നിന്ന് തന്നെ അവര്‍ കേള്‍ക്കട്ടെ. ഈ ഗുണങ്ങളെല്ലാം ദൈവം മനുഷ്യകുലത്തിന് പഠിപ്പിച്ചതാണെന്നും ആ ആദര്‍ശമാണ് ഇസ്‌ലാമെന്നും അതാണതിന്റെ മൗലികത എന്നും അവര്‍ അറിഞ്ഞിരിക്കണം. അല്ലാഹുവിനെ മാത്രമേ വിളിച്ചു പ്രാര്‍ഥിക്കാവൂ എന്നു പഠിക്കുന്ന അതേ പുസ്തകത്തില്‍ നിന്നു തന്നെ അക്രമകാലങ്ങളില്‍ ചര്‍ച്ചിനും അമ്പലത്തിനും കാവലിരിക്കല്‍ മുസ്‌ലിമിന് ബാധ്യതയാണെന്ന് നമ്മുടെ യുവാക്കള്‍ പഠിക്കട്ടെ. പന്നി മാംസം ഹറാമാണെന്ന് ഓതുമ്പോള്‍ തന്നെ അയല്‍ക്കാരനായ അമുസ്‌ലിമിന്റെ പട്ടിണി കാണാതിരിക്കുന്നതും നിഷിദ്ധമാണെന്ന് കുട്ടിയെ പഠിപ്പിക്കുക. മനസ്സില്‍ തഖ്‌വയുണ്ടാകാന്‍ നോമ്പ് നിര്‍ബന്ധമാണെന്ന് പഠിപ്പിക്കുമ്പോള്‍ തന്നെ സ്വാതന്ത്ര്യത്തിനു വേണ്ടി ജീവന്‍ നല്‍കല്‍ ഇസ്‌ലാമാണെന്ന് കുട്ടികള്‍ അറിയട്ടെ.

ഇതര മതങ്ങളുമായി സംവാദങ്ങളിലേര്‍പെടുന്ന പണ്ഢിതന്മാരോട് ചിലത് പറയാനുണ്ട്, സുല്‍ത്താന്‍ തുടര്‍ന്നു: ഇസ്‌ലാമിലൂടെയുള്ള മോചനം മനുഷ്യര്‍ക്കാകമാനം അവകാശപ്പെട്ടതാണ് എന്ന് സമര്‍ഥിച്ച ശേഷം മാത്രമേ, പരലോക മോക്ഷം വിശ്വാസികള്‍ക്കാണ് എന്ന് വാദിക്കാവൂ. മാനവികതയില്‍ ഇസ്‌ലാം ആരുമായും, ഒന്നുമായും വിരുദ്ധമല്ല എന്ന പ്രഖ്യാപനത്തിനു ശേഷം നടക്കുന്ന സംവാദങ്ങള്‍ വര്‍ഗീയതയോ മതസ്പര്‍ദ്ധയോ വളര്‍ത്തില്ല.

സുല്‍ത്താന്‍ വിടപറയുകയാണ്. കരുണാമയനായ, മനുഷ്യരുടെ നാഥന്‍ ഇങ്ങനെ പറയാന്‍ കല്‍പിച്ചു: ‘നീ പറയുക: അല്ലാഹു അവതരിപ്പിച്ച ഗ്രന്ഥത്തില്‍ ഞാന്‍ വിശ്വസിച്ചിരിക്കുന്നു. നിങ്ങള്‍ക്കിടയില്‍ നീതി സ്ഥാപിക്കാനാണ് ഞാന്‍ കല്‍പിക്കപ്പെട്ടിരിക്കുന്നത്. അല്ലാഹുവാണ് ഞങ്ങളുടെയും നിങ്ങളുടെയും നാഥന്‍. ഞങ്ങള്‍ക്ക് ഞങ്ങളുടെ കര്‍മ്മങ്ങള്‍. നിങ്ങള്‍ക്ക് നിങ്ങളുടെ കര്‍മ്മങ്ങള്‍. ഞങ്ങള്‍ക്കും നിങ്ങള്‍ക്കുമിടയില്‍ തര്‍ക്കമില്ല. അല്ലാഹു നമ്മളെ ഒരുമിച്ചുകൂട്ടും. അവങ്കലേക്കാണു മടക്കം.

Related Post