ഏതു പരീക്ഷണം അഭിമുഖീകരിക്കേണ്ടി വന്നാലും എത്രവലിയ ആഘാതങ്ങള്‍ ഉണ്ടായാലും ഇസ്‌ലാമിന്റെ പതാക താഴ്ത്തിക്കെട്ടുക സാധ്യമല്ല. മാത്രമല്ല ഇവക്കൊന്നും നമ്മുടെ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പിക്കാനോ ശക്തി ക്ഷയിപ്പിക്കാനോ കഴിയുകയില്ല. നാം ഉറ്റുനോക്കുന്നത് പുലരാനിരിക്കുന്ന പുതിയ പ്രഭാതത്തിലേക്കാണ്. പുലരിയുടെ പൊന്‍വെളിച്ചം തടഞ്ഞുനിര്‍ത്താന്‍ ആര്‍ക്കെങ്കിലും സാധിക്കുമോ? അന്തിയാമങ്ങളിലെ കൂരിരുട്ടിനുശേഷമാണ് അത് പുതിയ പ്രഭാതത്തെ പ്രസവിക്കുന്നത്. അത്തരത്തിലുള്ള ഇസ്‌ലാമിന്റെ പുതിയ പ്രഭാതത്തെയാണ് നാം കാതോര്‍ത്തുകൊണ്ടിരിക്കുന്നത്. അത് അല്ലാഹുവില്‍ നിന്നുള്ള വാഗ്ദാനത്തിന്റെ സാക്ഷാല്‍ക്കാരവുമാണ്.
വിജയത്തെ കുറിച്ച് ഖുര്‍ആനിക സുവിശേഷങ്ങള്‍ :
‘അവനാണ് തന്റെ ദൂതനെ സന്മാര്‍ഗവും സത്യവ്യവസ്ഥയുമായി നിയോഗിച്ചത്. അത് മറ്റെല്ലാ ജീവിത വ്യവസ്ഥകളെയും അതിജയിക്കാന്‍. ബഹുദൈവ വിശ്വാസികള്‍ക്ക് അതെത്ര തന്നെ അനിഷ്ടകരമാണെങ്കിലും!’.(തൗബ : 33)
‘തങ്ങളുടെ വായകൊണ്ട് അല്ലാഹുവിന്റെ പ്രകാശത്തെ ഊതിക്കെടുത്താനാണ് അവരുദ്ദേശിക്കുന്നത്. എന്നാല്‍ അല്ലാഹു തന്റെ പ്രകാശം പൂര്‍ണതയിലെത്തിക്കാതിരിക്കില്ല. സത്യനിഷേധികള്‍ക്ക് അതെത്ര തന്നെ അരോചകമാണെങ്കിലും’ (തൗബ :32)
‘വിശ്വാസികളെ സഹായിക്കുക എന്നത് നമ്മുടെ ബാധ്യതയായിരിക്കുന്നു'(അര്‍റൂം : 47)
‘നിങ്ങളില്‍ നിന്ന് സത്യവിശ്വാസം സ്വീകരിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരോട് അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നു: ‘അവന്‍ അവരെ ഭൂമിയിലെ പ്രതിനിധികളാക്കും. അവരുടെ മുമ്പുള്ളവരെ പ്രതിനിധികളാക്കിയപോലെത്തന്നെ. അവര്‍ക്കായി അല്ലാഹു തൃപ്തിപ്പെട്ടേകിയ അവരുടെ ജീവിത വ്യവസ്ഥ സ്ഥാപിച്ചുകൊടുക്കും. നിലവിലുള്ള അവരുടെ ഭയാവസ്ഥക്കുപകരം നിര്‍ഭയാവസ്ഥ ഉണ്ടാക്കിക്കൊടുക്കും.'(അന്നൂര്‍: 55)
വിജയത്തെ കുറിച്ച പ്രവാചക സുവിശേഷങ്ങള്‍ :
പ്രവാചകന്‍(സ) പറഞ്ഞു : ‘രാപ്പകലുകള്‍ ഉള്ള എല്ലായിടത്തും ഈ ദീന്‍ എത്തുക തന്നെ ചെയ്യും. എല്ലാ പട്ടണത്തിലും ഗ്രാമത്തിലും കൊട്ടാരത്തിലും കൂരയിലും അല്ലാഹു ഈ ദീന്‍ അതിന്റെ എല്ലാ പ്രതാപത്തോടെയും അല്ലെങ്കില്‍ ശത്രുക്കളെ നിന്ദ്യരാക്കിക്കൊണ്ടും പ്രവേശിപ്പിക്കാതിരിക്കില്ല’ (അഹ്മദ്)
‘അബ്ദുല്ലാഹി ബ്‌നു അംറുബ്‌നുല്‍ ആസ് (റ)വിനോട് ചോദിക്കപ്പെട്ടു : റോമയോ കോണ്‍സ്റ്റാന്റിനോപ്പിളോ ആദ്യമായി അതിജയിക്കുക? ഉടന്‍ അബ്ദുല്ല തന്റെ പെട്ടിതുറന്നു അതില്‍ നിന്ന് ഒരു പുസ്തകം പുറത്തെടുത്തു. അബ്ദുല്ല പറഞ്ഞു: ഞങ്ങള്‍ പ്രവാചകന് ചുറ്റുമിരുന്ന് എഴുതിക്കൊണ്ടിരിക്കുകയായിരുന്നു. പ്രവാചകനോട് റോമോ കോണ്‍സ്റ്റാന്റിനോപ്പിളോ ആദ്യം അതിജയിക്കുക എന്നു ചോദിച്ചു: പ്രവാചകന്‍(സ) പറഞ്ഞു : ഹിര്‍ഖലിന്റെ പ്രദേശമാണ് ആദ്യമായി വിജയിക്കുക. (അഹ്മദ്)
അതായത് ഇന്നത്തെ തുര്‍ക്കിയിലെ ഇസ്താംബൂള്‍ ആയ കോണ്‍സ്റ്റാന്റിനോപ്പിള്‍ എന്നര്‍ഥം. രണ്ടു പട്ടണങ്ങള്‍ അതിജയിക്കുമെന്ന് പ്രവാചകന്‍ സുവിശേഷമറിയിച്ചപ്പോഴാണ് ഏതാണ് ആദ്യം ജയിച്ചടക്കുക എന്നു ചോദിച്ചത്. പ്രവാചകന്റെ പ്രവചനം പോലെ ആദ്യമായി ജയിച്ചടക്കപ്പെട്ടതും കോണ്‍സ്റ്റാന്റിനോപ്പിള്‍ എന്നറിയപ്പെടുന്ന ഖുസ്തന്‍ത്വീനിയായിരുന്നു.
ഇസ്‌ലാം കുടിയിറക്കപ്പെട്ട ശേഷം യൂറോപ്പില്‍ വീണ്ടും മടങ്ങിയെത്തും :
രണ്ടുതവണ യൂറോപ്പില്‍ നിന്ന് ആട്ടിയോടിക്കപ്പെട്ട ശേഷം യൂറോപ്പില്‍ വീണ്ടും ഇസ്‌ലാം പ്രവേശിക്കുമെന്നാണ് ഇതിന്റെ ആശയം.
എട്ടു നൂറ്റാണ്ടു കാലത്തെ ഭരണശേഷം സ്‌പെയിന്‍ എന്നറിയപ്പെടുന്ന അന്‍ദുലുസില്‍ നിന്നായിരുന്നു ആദ്യം ആട്ടിയോടിക്കപ്പെട്ടത്. ലോക ചരിത്രത്തില്‍ തന്നെ തുല്യതയില്ലാത്ത ഒരു നാഗരികതയായിരുന്നു അവിടെ മുസ്‌ലിംകള്‍ പടുത്തുയര്‍ത്തിയിട്ടുളളത്.
ഉസ്മാനികളുടെ കരങ്ങളാല്‍ നാല് തവണ ഓസ്ട്രിയയിലെ വിയന്നയില്‍ ഇസ്‌ലാം എത്തിയതിന് ശേഷം അവിടെ നിന്നും ഇസ്‌ലാമിനെ അകറ്റുകയുണ്ടായി. ഇനിയും അവിടെ ഇസ്‌ലാം മടങ്ങിയെത്തും. ഇസ്‌ലാം സമാധാനമാണെന്നും അതിന്റെ നന്മകള്‍ മനുഷ്യര്‍ക്ക് മുഴുവന്‍ കാരുണ്യമേകുന്നതും തിന്മയും കലാപങ്ങളുമില്ലാതാക്കുന്നതുമാണെന്ന് തിരിച്ചറിഞ്ഞാല്‍ ഇസ്‌ലാമിനെ ആശ്ലേഷിക്കാന്‍ അവര്‍ തയ്യാറാകും.
കാലം നല്‍കുന്ന സുവിശേഷങ്ങള്‍
പ്രവാചകന്‍(സ) ഇസ്‌ലാമിന്റെ വിജയത്തെ കുറിച്ചു വിവരിച്ച നിരവധി സന്തോഷ വാഗ്ദാനങ്ങള്‍ നമുക്ക് കാണാന്‍ കഴിയും. നമ്മുടെ ചരിത്രം അതിനെയെല്ലാം ശക്തിപ്പെടുത്തുന്നതും കാണാം. ആധുനിക പടിഞ്ഞാറന്‍ നാഗരികത അല്ലാഹുവിനോടും മനുഷ്യരോടുമുള്ള കടപ്പാടുകളിലല്ല നിലനില്‍ക്കുന്നത് എന്ന് കാണാം. മനസ്സുകള്‍ക്ക് സമാധാനവും ശാന്തിയും പ്രദാനം ചെയ്യാനാകാതെ ധാര്‍മികമായും ആത്മീയമായും അങ്ങേയറ്റം അധപ്പതിച്ചിരിക്കുകയാണ്. മനുഷ്യന്‍ കണ്ടുപിടിച്ച സാങ്കേതിക വിജ്ഞാനങ്ങളും സമ്പത്തുമെല്ലാം അവന് സമാധാനം നല്‍കുന്നതില്‍ പരാജയപ്പെട്ടതായി കാണാം. കുമിളകള്‍ പോലെ കേവല ആസ്വാദനങ്ങള്‍ മാത്രമാണ് അവയെല്ലാം പകര്‍ന്നു നല്‍കിയത്. യഥാര്‍ഥ സമാധാനവും മനശ്ശാന്തിയും വിശ്വാസത്തിലൂടെയും ദൈവസ്മരണയിലൂടെയും മാത്രമേ ലഭ്യമാകുകയുള്ളൂ.’ദൈവസ്മരണയാല്‍ വിശ്വാസികള്‍ മനസ്സമാധാനമടയുന്നവരാണ്; അറിയുക ദൈവസ്മരണയിലൂടെ മാത്രമേ മനസ്സിന് ശാന്തി ലഭിക്കുകയുള്ളൂ'(അര്്്്്്‌റഅദ് 28)
പശ്ചാത്യര്‍ക്ക് യഥാര്‍ഥ ലക്ഷ്യബോധവും പ്രവാചക സന്ദേശവും നഷ്ടപ്പെട്ടിരിക്കുന്നു.
നൂതനമായ ഉപകരണങ്ങളും സംവിധാനങ്ങളും നല്‍കിയ പശ്ചാത്യ നാഗരികത ലക്ഷ്യബോധം നല്‍കുന്നതില്‍ പരാജയമടഞ്ഞിരിക്കുകയാണ്. ഒരു സന്ദേശപ്രചാരകരായി ജീവിക്കാനോ ഒരു ലക്ഷ്യത്തിനു വേണ്ടി പ്രവര്‍ത്തനസജ്ജരാകാനോ കഴിയാതെ കേവല ഭൗതിക ജീവികളായിട്ടാണ് അവര്‍ ജീവിച്ചുകൊണ്ടിരിക്കുന്നത്. ശാശ്വത ജീവിതത്തെ കുറിച്ച ഒരു പ്രതീക്ഷയും അവര്‍ക്കില്ല, അതിനാല്‍ തന്നെ അതിന് നിലനില്‍പുമില്ല, അതിന്റെ യഥാര്‍ഥ അനന്തരാവകാശികള് നമ്മളാണ.്
മൂന്ന് യാഥാര്‍ഥ്യങ്ങള്‍ :
1. ഭാവി ഇസ്‌ലാമിന്റേതാണ്
വിശുദ്ധ ഖുര്‍ആന്റെ അധ്യാപനങ്ങളും പ്രവാചകന്റെ പ്രവചനങ്ങളും ചരിത്ര യാഥാര്‍ഥ്യങ്ങളും ആനുകാലിക സംഭവവികാസങ്ങളെല്ലാം ഭാവി ഇസ്‌ലാമിന്റേതാണെന്ന പ്രതീക്ഷ നമ്മില്‍ ഊട്ടിയുറപ്പിച്ചുകൊണ്ടിരിക്കുകയാണ്.
2.പ്രയാസങ്ങക്കനുസൃതമായ പ്രതിഫലം
ഐഹിക ജീവിതത്തില്‍ നാം അനുഭവിക്കുന്ന പ്രയസങ്ങള്‍ക്കും സഹനത്തിനുമനുസൃതമായി അല്ലാഹുവിങ്കല്‍ വലിയ പ്രതിഫലം ലഭിക്കും. ആധുനിക കാലത്ത് ഒരു മുസ്‌ലിം നിരവധി തിന്മകളിലേക്ക് പ്രലോഭിപ്പിക്കപ്പെടുകയും നന്മയുടെ മാര്‍ഗത്തില്‍ നിന്ന് പ്രതിബന്ധങ്ങളും നേരിടുന്നുണ്ട്. ഇവയെല്ലാം സഹനത്തോടെ നേരിടുന്നത് വലിയ പ്രതിഫലാര്‍ഹമായ കാര്യമാണ്. അവസാന കാലത്ത് ദീനിന്റെ മാര്‍ഗത്തില്‍ നിലകൊള്ളുന്നത് തീക്കട്ട കയ്യില്‍ പിടിക്കുന്നതു പോലെ പ്രയാസമുള്ള കാര്യമാണെന്നും ഈ പ്രയാസങ്ങളെ അതിജയിച്ചുകൊണ്ട് ദീനിനുവേണ്ടി നിലകൊള്ളുന്നത് അമ്പതിരട്ടിയാണെന്നുമുള്ള ഹദീസ് പുതിയ പ്രചോദനം നല്‍കുന്നുണ്ട്.
3.പ്രബോധന പ്രവര്‍ത്തനങ്ങളിലേര്‍പ്പെടാനാണ് ആഹ്വാനം; റിസള്‍ട്ട് നോക്കലല്ല.
അവസാന നാടിമിടുപ്പുവരെയും അല്ലാഹുവിന് ഇബാദത്ത് ചെയ്യാനും ദീനിനു വേണ്ടി പ്രവര്‍ത്തിക്കാനുമാണ് നമ്മോട് ആവശ്യപ്പെട്ടിട്ടുള്ളത്. എത്ര തന്നെ പീഢനങ്ങള്‍ക്കിരയായാലും ഈ ദീന്‍ കൈവിടാന്‍ നാം തയ്യാറല്ല. അല്ലാഹുവിന്റെ ഗ്രന്ഥത്തിലേക്കും പ്രവാചകന്റെ സരണിയിലേക്കും പ്രബോധനം തുടര്‍ന്നുകൊണ്ടേയിരിക്കും. ചിലപ്പോള്‍ നാം വിജയം നേടും, ചിലപ്പോള്‍ നാം വിജയിക്കുകയില്ല. സത്യവിശ്വാസി കേവല വിജയത്തിന് വേണ്ടി മാത്രം പണിയെടുക്കുന്നവനല്ല. വിജയത്തിനു വേണ്ടി ആഗ്രഹിക്കുകയും അല്ലാഹുവിനോട് അര്‍ഥിക്കുകയും ചെയ്യും. നൂഹ് നബി തൊള്ളായിരത്തിലേറെ വര്‍ഷം പ്രബോധന പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടിട്ടു വിരലിലെണ്ണാവുന്ന ആളുകള്‍ മാത്രമേ ഇസ്‌ലാം സ്വീകരിച്ചിരുന്നുള്ളൂ. സ്വന്തം ഭാര്യയും മകനും പോലും ഇസ്‌ലാം സ്വീകരിച്ചില്ല. അതിന്റെ പേരില്‍ അദ്ദേഹത്തെ കുറ്റപ്പെടുത്താന്‍ കഴിയില്ലല്ലോ. രാപ്പകല്‍ രഹസ്യമായും പരസ്യമായും തന്റെ ജനതയെ പ്രബോധനം ചെയ്തിരുന്നു എന്ന് ഖുര്‍ആന്‍ വിവരിക്കുന്നുമുണ്ട്.
സത്യത്തിനുവേണ്ടി നിലകൊള്ളലാണ് പ്രധാനം :
അല്ലാഹുവിന്റെ സൃഷ്ടികളെന്ന നിലക്ക് ഇതാണ് നമുക്ക് ചെയ്യാനാവുക. പ്രപഞ്ചത്തിന്റെ കടിഞ്ഞാണ്‍ നമ്മുടെ കൈകളിലല്ലല്ലോ. തടയുകയും നല്‍കുകയും ഉയര്‍ത്തുകയും താഴ്ത്തുകയുമെല്ലാം ചെയ്യുന്നത് അല്ലാഹുവാണല്ലോ. അവന്‍ ഉദ്ദേശിക്കുന്ന രീതിയില്‍ നിയന്ത്രിക്കുന്നു. എവിടെയാണ് നന്മ എന്ന് നമുക്കറിയില്ല. അതിനാല്‍ സത്യത്തിന്റെ മാര്‍ഗത്തില്‍ സഹിച്ചും സ്ഥിരതയോടും നിലകൊള്ളുക എന്നതാണ് പ്രധാനം. ഒന്നുകില്‍ അതിനുവേണ്ടി ജീവിക്കും. അല്ലെങ്കില്‍ അതിന്റെ മാര്‍ഗത്തില്‍ നാം രക്തസാക്ഷ്യം വരിക്കും. അതിനാല്‍ സത്യവിശ്വാസികള്‍ക്ക് ഒന്നും ഭയപ്പെടാനില്ല. നിരാശയുടെ കൂടുകെട്ടി കഴിയുന്നവരോട് നമുക്ക് പറയാനുള്ളത്. ഭാവി നമ്മുടേതാണ്. മനുഷ്യ സമൂഹം ഒന്നടങ്കം നമ്മോടൊപ്പമാണ്. ഈ മാര്‍ഗത്തില്‍ അഭിമുഖീകരിക്കുന്ന പ്രതിസന്ധിയെല്ലാം പ്രതിഫലം വര്‍ദ്ധിപ്പിക്കുക മാത്രമാണ് ചെയ്യുക. അതിനാല്‍ അധ്വാനിക്കുകയാണ് നിന്റെ ബാധ്യത. വിജയം എന്നത് നിന്റെ ബാധ്യതയില്‍ പെട്ടതല്ല.
വിവ. അബ്ദുല്‍ ബാരി കടിയങ്ങാട്