ഓത്തുപള്ളികളില്‍ പൂത്തുലഞ്ഞ പെണ്‍ജീവിതങ്ങള്‍

സദ്‌റുദ്ദീന്‍ വാഴക്കാട്‌‌

കേരളീയ ചരിത്രത്തില്‍ സവിശേഷ അധ്യായമായി مدرسة القرآنരേഖപ്പെടുത്തേണ്ടതാണ്, ‘ഓത്തുപള്ളികള്‍’ എന്ന് അറിയപ്പെടുന്ന മതപാഠശാലകള്‍ നടത്തിയിരുന്ന മുസ്‌ലിം സ്ത്രീകളുടെ ജീവിതം. തലമുറകള്‍ക്ക് അറിവും മതബോധവും പകര്‍ന്ന് കൊടുത്ത് സമൂഹ നിര്‍മ്മാണത്തില്‍ തങ്ങളുടേതായ ഭാഗധേയം നിര്‍വഹിക്കുക മാത്രമായിരുന്നില്ല അവര്‍ ചെയ്തത്. മുസ്‌ലിം സ്ത്രീകളുടെ സാമൂഹിക പദവിയെ അടയാളപ്പെടുത്തുകയും സ്വയം അതിജീവനത്തിന്റെ വഴി കണ്ടെത്തുകയും കൂടിയായിരുന്നു പതിറ്റാണ്ടുകള്‍ നീണ്ട ഓത്തു പഠിപ്പിക്കലിലൂടെ അവര്‍ നിര്‍വഹിച്ച ദൗത്യം. കേരളത്തിലെ മുസ്‌ലിം ചരിത്രം, വിശേഷിച്ചും മുസ്‌ലിം സ്ത്രീചരിത്രം പഠിക്കുന്നവരെ അത്ഭുതപ്പെടുത്തുന്നതാണ് വിരലിലെണ്ണാവുന്നവരാണെങ്കിലും ഓത്തുപള്ളികളില്‍ പൂത്തുലഞ്ഞ ഈ പെണ്‍ജീവിതങ്ങള്‍.

പൗരോഹിത്യവും സമുദായത്തിലെ ചില വിഭാഗങ്ങളും മുസ്‌ലിം സ്ത്രീകള്‍ക്ക് പൊതുവെ വിദ്യാഭ്യാസ വളര്‍ച്ചക്കും സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തിയിരുന്ന സാഹചര്യങ്ങളില്‍ ഏതാനും സ്ത്രീകള്‍ ഈവിധം തങ്ങളുടേതായ വഴി തുറന്ന് മുന്നോട്ടു പോകാന്‍ കാണിച്ച ധീരത പ്രശംസനീയവും മാതൃകാപരവുമാണ്. മറ്റേതെങ്കിലുമൊരു സമുദായത്തില്‍ സ്ത്രീകള്‍ സമാന രീതിയില്‍ പ്രവര്‍ത്തിച്ചിരുന്നതായി അറിയില്ല. മുസ്‌ലിം സമുദായത്തില്‍ തന്നെ, സ്ത്രീകള്‍ ഓത്തുപള്ളികള്‍ നടത്തിയത് ഒരു സാര്‍വത്രിക സംഭവവുമായിരുന്നില്ല. കേരളത്തില്‍ പൊന്നാനി, ആലപ്പുഴ, തിരൂരങ്ങാടി തുടങ്ങിയ ചില മുസ്‌ലിം കേന്ദ്രങ്ങളിലാണ് പ്രധാനമായും വീടുകള്‍ കേന്ദ്രീകരിച്ച് ഇത്തരം ഓത്തുപള്ളികള്‍ നടന്നിരുന്നത്. 1900-2000 കാലത്ത് ഇവ സജീവമായിരുന്നു. ഒറ്റപ്പെട്ട ചിലത് ഇപ്പോഴും നടക്കുന്നുണ്ട്.
ആലപ്പുഴ പുളിക്കലകത്ത് റുഖിയാബീവി, അമ്പലപ്പുഴ കച്ചേരിമുക്കിലെ ഫാത്വിമാബീവി, വെളിയങ്കോട്ടെ ടി.കെ. ഫാത്വിമ മുസ്‌ലിയാര്‍, പരപ്പനങ്ങാടിയിലെ ഉസ്താദ് നബീസ, പൊന്നാനിയിലെ ആയിഷ, ഫാത്വിമ, കുഞ്ഞാമിന, മലപ്പുറം കൂട്ടിലങ്ങാടി ബിയ്യുണ്ണി മൊല്ലാച്ചി, പട്ടര്‍കടവ് സ്രാമ്പിക്കല്‍ ഫാത്വിമ, കാസര്‍കോട് കുമ്പളയിലെ ഇമ്പിച്ചി ഇഞ്ഞ, മകള്‍ നബീസ തുടങ്ങിയവര്‍ ഇതിന്റെ ഉദാഹരണങ്ങളാണ്. സ്വന്തം വീട്ടിലെ ഒരു റൂമിലോ, വീടുകളോടു ചേര്‍ന്ന് കെട്ടിയുണ്ടാക്കിയ ഓത്തുപുരയിലോ ആണ് ഇവര്‍ ക്ലാസുകള്‍ നടത്തിയിരുന്നത്. ഖുര്‍ആന്‍ പാരായണമായിരുന്നു പ്രധാന പഠന വിഷയം. ചിലര്‍ പ്രാഥമിക ദീനീ പാഠങ്ങളും അനുഷ്ഠാനമുറകളും അഭ്യസിപ്പിച്ചിരുന്നു. ആണ്‍കുട്ടികളും പെണ്‍കുട്ടികളും പ്രായഭേദമന്യേ പഠിക്കാന്‍ വന്നിരുന്നുവെങ്കിലും, ചിലയിടങ്ങളില്‍ പെണ്‍കുട്ടികളായിരുന്നു സ്ത്രീകളുടെ ഓത്തുപള്ളികളെ കൂടുതല്‍ ആശ്രയിച്ചിരുന്നത്. ഒരു പ്രായം കഴിഞ്ഞ പെണ്‍കുട്ടികളെ അവരുടെ വീടുകളില്‍ ചെന്ന് ഓതിക്കുന്ന രീതിയും ഇവര്‍ക്ക് ഉണ്ടായിരുന്നു. ‘ഉസ്താദ് മുസ്‌ലിയാര്‍, മൊല്ലാച്ചി’ എന്നൊക്കെയാണ് ഇവര്‍ അറിയപ്പെട്ടിരുന്നത്.
ചില ഉസ്താദുമാര്‍ക്ക് ഇത്തരം ഓത്തുപള്ളികള്‍ ഒരു വൈജ്ഞാനിക സേവനമായിരിക്കാമെങ്കിലും മിക്ക സ്ത്രീകള്‍ക്കും ഇതൊരു ജീവിതമാര്‍ഗം കൂടിയായിരുന്നു. കൂടപ്പിറപ്പായ ദാരിദ്ര്യത്തെ മറികടന്ന് പലരും ജീവിതം കരുപ്പിടിപ്പിച്ചതും കുടുംബം പുലര്‍ത്തിയതും ഓത്തുപള്ളികളിലൂടെയാണ്. ഇന്നത്തെ സ്വയം തൊഴില്‍ സംരംഭങ്ങളുടെ അനവദ്യ സുന്ദരമായ പൂര്‍വമാതൃകകള്‍ എന്ന് ഈ ഓത്തുപള്ളികളെ വിശേഷിപ്പിക്കാം. വൈധവ്യം തീര്‍ത്ത ഒറ്റപ്പെടലുകളില്‍ നിന്ന് രക്ഷപ്പെടാനും ഇത് പലര്‍ക്കും സഹായകമായിട്ടുണ്ട്. വ്യവസ്ഥാപിതമായ സിലബസും പാഠപുസ്തകങ്ങളുമൊന്നും നിലവിലില്ലാതിരുന്ന കാലത്താണ്, അധ്യാപക പരിശീലനവും മറ്റും ലഭിക്കാതെത്തന്നെ, ഏറെ മിടുക്കോടെ ഈ സ്ത്രീകള്‍ വേദാധ്യാപനം നിര്‍വഹിച്ചതെന്ന കാര്യവും ഓര്‍ക്കേണ്ടതാണ്. ഇങ്ങനെ, ഒട്ടേറെ സാമൂഹികമാനങ്ങളുള്ള ചരിത്ര ദൗത്യമാണ് അവര്‍ നിര്‍വഹിച്ചത്. പക്ഷേ, ഒരുപാട് തലമുറകള്‍ക്ക് വേദം പഠിപ്പിച്ച ഈ ഉസ്താദുമാരെ അറിഞ്ഞ് അംഗീകരിക്കാന്‍ ആരും രംഗത്തുവന്നില്ല എന്നതാണ് ദു:ഖകരമായ വസ്തുത. അവരുടെ ചരിത്രം കൃത്യമായി രേഖപ്പെടുത്താനും അവരെ ആദരിക്കാനുമുള്ള മനസ് സമുദായത്തിന്റെ ഒരു കോണില്‍ നിന്നും ഉണ്ടായില്ല.
സ്ത്രീശാക്തീകരണത്തെക്കുറിച്ച് ഇന്ന് കാണുംവിധമുള്ള ചര്‍ച്ചകള്‍ സജീവമാകുന്നതിനും മുമ്പായിരുന്നു ഇവരെല്ലാം രംഗത്തുവന്നതെന്ന കാര്യം ശ്രദ്ധേയമാണ്. പുരുഷവിരുദ്ധത പ്രസംഗിക്കുന്ന ഫെമിനിസവും അതിന്റെ ചുവടുപിടിച്ച് മുസ്‌ലിം സ്ത്രീജനത്തിലെ പുതുതലമുറയില്‍ ചിലര്‍ ഉയര്‍ത്തിക്കൊണ്ടുവരുന്ന ‘ഇസ്‌ലാമിക സ്ത്രീവാദ’വും ചൂട് പിടിക്കുന്നതിനും വളരെ മുമ്പായിരുന്നു ഈ ഉസ്താദുമാര്‍ പെണ്‍കരുത്തിന്റെ പ്രതീകങ്ങളായി ഉയര്‍ന്നുവന്നത്. പാശ്ചാത്യമോ പൗരസ്ത്യമോ ആയ ഏതെങ്കിലും സ്ത്രീവാദത്തിന്റെ സംഭാവനകളായിരുന്നില്ല അവര്‍. ഇസ്‌ലാം തുടക്കം മുതലേ സ്ത്രീക്ക് നല്‍കിയ അധികാരാവകാശങ്ങളുടെയും സാമൂഹിക പദവിയുടെയും വീണ്ടെടുക്കലാണ് അവര്‍ നിര്‍വഹിച്ചത്. പുതിയ ‘സ്ത്രീവാദി’കള്‍ക്ക് ഈ ഉസ്താദുമാരുടെ ജീവിതം എങ്ങനെ വേണമെങ്കിലും വായിക്കുകയും അപനിര്‍മിക്കുകയും ചെയ്യാമെങ്കിലും, ഇസ്‌ലാമിക ചരിത്രം പഠിക്കുന്നവര്‍ക്ക് ഇതിലൊന്നും വലിയ അല്‍ഭുതത്തിന് സാധ്യതയില്ല. കാരണം, പണ്ഡിതകളും എഴുത്തുകാരികളും അധ്യാപികമാരുമൊക്കെയായ ഒട്ടേറെ സ്ത്രീരത്‌നങ്ങള്‍ക്ക് കഴിഞ്ഞ കാല മുസ്‌ലിം സമൂഹങ്ങള്‍ ജന്മം നല്‍കിയിട്ടുണ്ട്.
ഖുര്‍ആന്‍-ഹദീസ് പണ്ഡിതകള്‍, കര്‍മശാസ്ത്ര വിദഗ്ധകള്‍, ഫത്‌വകള്‍ (മതവിധികള്‍) നല്‍കിയിരുന്നവര്‍, ഹദീസ് നിവേദകര്‍ തുടങ്ങി വൈജ്ഞാനികരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച മഹതികളെ സ്വഹാബികളിലും താബിഉകളിലും അതിനുശേഷമുള്ള തലമുറകളിലും കാണാം. നബിപത്‌നി ഹസ്‌റത്ത് ആഇശ(റ) അവരില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നു. ഉമ്മുസലമ(റ) സ്വഹാബികള്‍ക്കിടയിലെ കര്‍മശാസ്ത്ര പണ്ഡിതയായിരുന്നു. അസ്മാഅ് ബിന്‍ത് അബീബകര്‍, സൈനബ് ബിന്‍ത് ജഹ്ഷ്, ജുവൈരിയ ബിന്‍ത് ഹാരിസ്, ഹഫ്‌സ ബിന്‍ത് ഉമര്‍, അസ്മാഅ് ബിന്‍ത് ഉമൈസ്(റ) തുടങ്ങിയവര്‍ ഹദീസ് വിജ്ഞാനത്തില്‍ കഴിവുള്ളവരായിരുന്നു. ഈ രംഗത്ത് അറിയപ്പെട്ട 800ലധികം സ്ത്രീകളെക്കുറിച്ച് ഇബ്‌നു ഹജര്‍ തഖ്‌രീബുത്തഹ്ദീസില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ത്വാഹിറ ബിന്‍ത് അഹ്മദ് എന്ന പ്രഗല്‍ഭ പണ്ഡിതയില്‍ നിന്നാണ്, ‘താരീഖ് ബഗ്ദാദി’ന്റെ രചയിതാവായ ഖത്വീബ് ബഗ്ദാദി വിജ്ഞാനമാര്‍ജിച്ചത്. അമതുല്‍ വാഹിദ് ബിന്‍ത് ഹുസൈന്‍ (മരണം ഹി. 377) ശാഫിഈ മദ്ഹബില്‍ അഗാധ പാണ്ഡിത്യമുള്ളവരായിരുന്നു. ഏഴാം നൂറ്റാണ്ടുകാരിയായ സൈനബ് ബിന്‍ത് മക്കിയുടെ വീട് വിദ്യാര്‍ഥികളാല്‍ നിബിഢമായിരുന്നു. പള്ളിയില്‍ വിജ്ഞാനസദസ് നടത്തിയിരുന്ന ആഇശ ബിന്‍ത് മുഹമ്മദ് ജീവിച്ചിരുന്നത് ബഗ്ദാദിലാണ്. ഇമാം തഖിയുദ്ദീന്‍ ബിന്‍ സുബ്കിയുടെ ഗുരുനാഥയായിരുന്നു സൈനബ് ബിന്‍ത് സുലൈമാന്‍. ഇമാം ഇബ്‌നുഹജര്‍, ജമാലുദ്ദീന്‍ സുയൂത്വി, ഇമാം ദഹബി, ഇബ്‌നു ഹസം തുടങ്ങിയവര്‍ നിരവധി പണ്ഡിതകളില്‍നിന്ന് വിജ്ഞാനമാര്‍ജിച്ചിട്ടുള്ളവരാണ്. പണ്ഡിതയും ഗ്രന്ഥകാരിയുമായ ഫാത്വിമബിന്‍ത് മുഹമ്മദ് സമര്‍ഖന്ദി, രാജാവ് നൂറുദ്ദീന്‍ മഹ്മൂദിന്റെ ഉപദേശക കൂടിയായിരുന്നു. പണ്ഡിതനായ ഭര്‍ത്താവ് കാസാനി തന്നെയും ഫാത്വിമയുടെ ഫത്‌വകളെ അവലംബിക്കാറുണ്ടായിരുന്നു. ഈ പട്ടികക്ക് ഇനിയും ഏറെ നീളമുണ്ട്. വൈജ്ഞാനിക രംഗത്തെ മുസ്‌ലിം സ്ത്രീ പാരമ്പര്യം മനസ്സിലാക്കാനുതകുന്ന ചില ഉദാഹരണങ്ങള്‍ മാത്രമാണ് ഇവിടെ സൂചിപ്പിച്ചത്. ഈ മഹാ പ്രതിഭകളോളം വരില്ലെങ്കിലും, ഇവരുടെയെല്ലാം തുടര്‍ച്ചയാണ് പൊന്നാനിയിലെ ഫാത്വിമ മുസ്‌ലിയാരെപ്പോലുള്ള കഴിവുറ്റ പണ്ഡിതകളും ഓത്തുപള്ളികള്‍ നടത്തിയിരുന്ന മറ്റു മലയാളി മുസ്‌ലിം സ്ത്രീകളും.
ടി.കെ ഫാത്വിമ മുസ്‌ലിയാര്‍
സ്ത്രീ വിദ്യാഭ്യാസം നിഷിദ്ധമാണെന്ന് വിശ്വസിച്ചുപോന്നിരുന്ന ഒരു കാലത്ത് മുസ്‌ലിം സ്ത്രീകളില്‍നിന്ന് ഉയര്‍ന്നുവന്ന പ്രതിഭാധനയായ പണ്ഡിതയാണ് വെളിയങ്കോട് സ്വദേശിനി ടി.കെ. ഫാത്വിമ മുസ്‌ലിയാര്‍ എന്ന പാത്താവു മുസ്‌ലിയാര്‍. 19-ാം നൂറ്റാണ്ടിന്റെ അവസാന പാദത്തില്‍ വെളിയങ്കോട് ജനിച്ച ഇവര്‍ പ്രമുഖ പണ്ഡിതന്‍ തട്ടാങ്കര കുട്ട്യാമു മുസ്‌ലിയാരുടെ ശിഷ്യയാണ്. ഖുര്‍ആന്‍ മുഴുവന്‍ മനഃപാഠമാക്കിയ അപൂര്‍വം സ്ത്രീകളില്‍ ഒരാള്‍. ഇസ്‌ലാമിക കര്‍മശാസ്ത്രത്തിലും അനന്തരാവകാശ നിയമങ്ങളിലും ഗോളശാസ്ത്രത്തിലും സവിശേഷ പാണ്ഡിത്യമുണ്ടായിരുന്നു. കര്‍മശാസ്ത്ര പണ്ഡിതനായ വെളിയത്ത് കുഞ്ഞഹമ്മദ് മുസ്‌ലിയാര്‍ അനന്തരാവകാശത്തിന്റെ (ഫറാഇദ്) പല വിഷയങ്ങളിലെയും സഹായിയായിരുന്നു. അനന്തരാവകാശ സംബന്ധിയായ സംശയങ്ങള്‍ തീര്‍ക്കുവാന്‍ വിദൂര ദിക്കുകളില്‍നിന്ന്‌പോലും ആളുകള്‍ ഫാത്വിമ മുസ്‌ലിയാരുടെ അടുത്ത് വന്നിരുന്നു. അറബി സാഹിത്യത്തിലും തമിഴ് സാഹിത്യത്തിലും നിപുണയായ ഇവര്‍ക്ക് ഇംഗ്ലീഷ് ഭാഷ കൂടി വശമുണ്ടായിരുന്നു. അന്ധവിശ്വാസങ്ങള്‍ നിറഞ്ഞുനിന്നിരുന്ന ഒരു കാലത്ത് തികഞ്ഞ പുരോഗമന കാഴ്ചപ്പാട് പുലര്‍ത്തിയിരുന്നു ഫാത്വിമ മുസ്‌ലിയാര്‍. കൊടുങ്ങല്ലൂര്‍ ചേരമാന്‍ പെരുമാള്‍ മസ്ജിദ് മുന്‍ ഖത്വീബ് ചെമ്മണൂര്‍ കുഞ്ഞിപ്പ മുസ്‌ലിയാര്‍, പ്രമുഖ മുജാഹിദ് പണ്ഡിതനായിരുന്ന കെ. ഉമര്‍ മൗലവി എന്നിവരുള്‍പ്പെടെ നിരവധി ശിഷ്യഗണങ്ങള്‍ ഇവര്‍ക്കുണ്ട്. പുന്നയൂര്‍ക്കുളം സ്വദേശി മൊയ്തു മാസ്റ്ററാണ് ഭര്‍ത്താവ്. തന്റെ പൗത്രീ ഭര്‍ത്താവായ എരമംഗലം അറക്കിലാംകുന്ന് സ്വദേശി പരേതനായ പുലിയപ്പുറത്ത് യൂസുഫിന്റെ വസതിയിലാണ് ഫാത്വിമ മുസ്‌ലിയാര്‍ ദീര്‍ഘകാലം താമസിച്ചതും അന്ത്യനാളുകള്‍ കഴിച്ചുകൂട്ടിയതും. 1984-ല്‍ മരണപ്പെട്ടു.
റുഖിയാബീവി, ആലപ്പുഴ
മൂന്നു തലമുറകളുടെ ഗുരുനാഥയാണ് ആലപ്പുഴ പുളിക്കലകത്ത് റുഖിയാബീവി. നൂറുകണക്കിന് കുട്ടികളെ അറബിഭാഷയും ഖുര്‍ആന്‍ പാരായണവും പഠിപ്പിച്ച ഈ മഹതി, ഏതാണ്ട് 35 വര്‍ഷക്കാലം ഓത്തുപള്ളി നടത്തി ദീനീ വിദ്യാഭ്യാസരംഗത്ത് സജീവസാന്നിധ്യമായിരുന്നു. ദീനീ വിജ്ഞാനവും ഓത്തുപള്ളിയിലെ അധ്യാപനവൃത്തിയും റുഖിയാബീവിക്ക് പാരമ്പര്യമായി കിട്ടിയതാണ്. തന്റെ 83-ാമത്തെ വയസില്‍ നിറഞ്ഞ ചിരിയോടെയാണ്, മാഞ്ഞു തുടങ്ങിയ ഓര്‍മ്മകള്‍ അവര്‍ വിവരിച്ചത്. കേള്‍വി തീരെ കുറഞ്ഞതിനാല്‍ എനിക്ക് അറിയേണ്ട കാര്യങ്ങളെക്കുറിച്ച സൂചനകള്‍ എഴുതിക്കൊടുക്കുകയായിരുന്നു. അത് വായിച്ച് അവര്‍ പഴയ കഥകള്‍ ഓര്‍ത്തെടുക്കാന്‍ തുടങ്ങി. മകന്‍ കുഞ്ഞിക്കോയയും മകളും, വിട്ടുപോയവ കൂട്ടിച്ചേര്‍ത്തു.
ആലപ്പുഴയിലെ പ്രസിദ്ധമായ പൈങ്ങാമഠം തറവാടിനടുത്ത് പുളിക്കലകത്ത് വീട്ടില്‍ ഹസന്‍കുട്ടി മൊല്ലാക്കയുടെയും ഫാത്വിമയുടെയും മകളായി ഏതാണ്ട് 1931 കാലത്താണ് റുഖിയാബീവിയുടെ ജനനം. ഹസന്‍കുട്ടി മൊല്ലാക്ക മദ്‌റസ അധ്യാപകനായിരുന്നു. പല പള്ളികളിലായി ഒരുപാട് കുട്ടികളെ ഓതിച്ചിട്ടുണ്ട്. ദീന്‍ പഠിപ്പിക്കുന്നതിനെ, വിശേഷിച്ചും ഖുര്‍ആന്‍ പാരായണം പഠിപ്പിക്കുന്നതിനെയാണ് ‘ഓതിക്കുക’ എന്ന് പറയുന്നത്. ആലപ്പുഴ ചുങ്കത്ത് പള്ളിയിലായിരുന്നു പിതാവ് ഏറെക്കാലം ഓതിച്ചിരുന്നത്. ഉമ്മ ഫാത്വിമയും പുളിക്കലകത്ത് വീട്ടില്‍ ധാരാളം കുട്ടികളെ ഓതിക്കുമായിരുന്നു. ‘കയ്യാല’ എന്നാണ് വീടിന്റെ വിളിപ്പേര്. വാപ്പ ഹസന്‍ കുട്ടി മൊല്ലാക്കയില്‍ നിന്നാണ് റുഖിയാബീവി ഓതിപ്പഠിച്ചത്. അറബി അത്യാവശ്യം വായിക്കാന്‍ പഠിച്ചു; നന്നായി ഖുര്‍ആന്‍ പാരായണം ചെയ്യാനും. കറ്റാണം അബ്ദുല്‍ ഖാദിര്‍ ഉസ്താദാണ് അറബി പഠിപ്പിച്ചത്. നന്നായി മലയാളം വായിക്കുന്ന റുഖിയാബീവി വീട്ടില്‍വെച്ച് തന്നെയാണ് മലയാളം പഠിച്ചത്. കല്യാണം കഴിഞ്ഞപ്പോഴാണ് മലയാളം നന്നായി പഠിക്കാന്‍ അവസരം കിട്ടിയത്. 17-ാമത്തെ വയസില്‍ ഹരിപ്പാട് മുട്ടത്തെ അബ്ദുര്‍റസ്സാഖുമായിട്ടാണ് വിവാഹം നടന്നത്. അവിടെ വീടിനടുത്ത് സി.എം.എസ്. സ്‌കൂളിലെ അധ്യാപികമാരുടെ സഹായത്തോടെയായിരുന്നു മലയാള ഭാഷാ പഠനം. അല്‍പ സ്വല്‍പം ഇംഗ്ലീഷും അറിയാം. നല്ല വായനക്കാരിയായ റുഖിയാബീവി പത്രവായന മുടക്കാറില്ല. ദീര്‍ഘകാലം പ്രബോധനം വാരികയുടെ സ്ഥിരം വായനക്കാരിയായിരുന്നു. പിന്നീട് പ്രബോധനം കിട്ടാതായതോടെയാണ് വായന മുടങ്ങിയത്.
1967-ല്‍ ഹരിപ്പാട് നിന്ന് ആലപ്പുഴ പുളിക്കലകത്തേക്ക് താമസം മാറിയതോടെയാണ് റുഖിയാബീവി ഓത്തുപള്ളിയുടെ ചുമതല ഏറ്റെടുക്കുന്നത്. ഉമ്മയുടെ പാരമ്പര്യത്തിന്റെ തുടര്‍ച്ചയായിരുന്നു ഇത്. വീട്ടിലെ ഒറ്റമുറി തന്നെയായിരുന്നു കുട്ടികള്‍ക്ക് പഠിക്കാനായി ഉപയോഗിച്ചിരുന്നത്. അടുത്ത വീടുകളില്‍നിന്ന് വരുന്ന കുട്ടികളായിരുന്നു വിദ്യാര്‍ഥികള്‍. ആണ്‍കുട്ടികളും ഉണ്ടായിരുന്നെങ്കിലും ഏറെയും പെണ്‍കുട്ടികള്‍ തന്നെ. സാമ്പത്തിക വ്യത്യാസമില്ലാതെ എല്ലാ തലത്തിലുമുള്ള കുട്ടികള്‍ പഠിക്കാന്‍ വരുമായിരുന്നു. പാവപ്പെട്ടവര്‍ കാര്യമായി പണമൊന്നും കൊടുക്കില്ല. നിശ്ചിത ഫീസും ഇല്ല. ആരോടും കണക്കു പറഞ്ഞ് പണം വാങ്ങുകയുമില്ല. ദാരിദ്ര്യത്തിന്റെ പ്രയാസം നന്നായി അനുഭവിക്കുന്ന കാലമായിരുന്നു അത്. ഒറ്റ മുറിയിലാണ് കിടക്കുന്നതും ഭക്ഷണമുണ്ടാക്കുന്നതും കുട്ടികളെ ഓത്തു പഠിപ്പിക്കുന്നതുമെല്ലാം. ഭര്‍ത്താവ് മരിച്ചതോടെ അനാഥരായിത്തീര്‍ന്ന രണ്ട് പെണ്‍മക്കളെയും ഒരു ആണ്‍കുട്ടിയെയും റുഖിയാബീവി വളര്‍ത്തിയത് ഈ ഓത്തുപഠിപ്പിക്കലില്‍ നിന്നുള്ള ചെറിയ വരുമാനംകൊണ്ടു മാത്രമായിരുന്നു.
ചെറിയ കുട്ടികള്‍ക്ക് പലകയില്‍ എഴുതി അറബി അക്ഷരങ്ങളും വാക്കുകളും പഠിപ്പിക്കും. പ്രത്യേക ഈണത്തില്‍ ‘ബൈത്താ’യാണ് അക്ഷരങ്ങള്‍ പഠിപ്പിച്ചിരുന്നത്. അതിനുശേഷം ഖുര്‍ആന്‍ ഓതിക്കും. ഒരു ഘട്ടത്തില്‍ മുപ്പതിലധികം കുട്ടികള്‍ ഒരേസമയം കയ്യാലയില്‍ ഓതാന്‍ വന്നിരുന്നു. 2003 വരെ ഏതാണ്ട് 35 വര്‍ഷത്തിലേറെ റുഖിയാബീവി കുട്ടികളെ ഓത്ത് പഠിപ്പിക്കുകയുണ്ടായി. ‘ഉസ്താബീ’ എന്നാണ് ഇവര്‍ അറിയപ്പെട്ടിരുന്നത്. കുട്ടികളെ അടിക്കാറുണ്ടായിരുന്നോ എന്നന്വേഷിച്ചപ്പോള്‍ ‘ഉസ്താബി’യുടെ മറുപടി ഇങ്ങനെ: ”പിന്നെ, അതെ ഉള്ളൂ. ഒരു ചുരല്‍ വടിയുണ്ടായിരുന്നു.” 1967-ല്‍ തുടങ്ങിയ ഓതിക്കല്‍ 2013-ലാണ് റുഖിയാബീവി അവസാനിപ്പിച്ചത്. ഇപ്പോള്‍ മക്കളോടൊപ്പം വിശ്രമ ജീവിതം നയിക്കുന്നു.
എച്ച്. ഫാത്വിമാബീവി, അമ്പലപ്പുഴ
ദീനീ പാരമ്പര്യമുള്ള കുടുംബത്തില്‍ പിറന്ന്, മതവിഷയങ്ങള്‍ പഠിച്ചുവളര്‍ന്ന ഫാത്വിമാബീവി, 35 വര്‍ഷത്തോളം ഓത്തുപള്ളി നടത്തിയ കഴിവുറ്റ അധ്യാപികയാണ്. ഉസ്താദ് ഫാത്വിമാബീവിയില്‍നിന്ന് ദീന്‍ പഠിച്ചു വളര്‍ന്നു വന്നവര്‍ നിരവധിയാണ്. മദ്‌റസ അധ്യാപകരും പള്ളി ഇമാമുമാരും അവരിലുണ്ട്. ഫാത്വിമാബീവിയില്‍ നിന്ന് ഓതിപ്പഠിച്ച സക്കീന എന്നൊരു സ്ത്രീ ഇപ്പോള്‍ സ്വന്തമായിതന്നെ ആലപ്പുഴയില്‍ ഓത്തുപള്ളി നടത്തുന്നുണ്ട്.
അമ്പലപ്പുഴ കച്ചേരിമുക്കിലെ വെളിപ്പറമ്പില്‍ ഹമീദിന്റെയും ബീവിക്കുട്ടിയുടെയും മകളായി 1926ലാണ് ഫാത്വിമാബീവിയുടെ ജനനം. ദീനീ വിഷയങ്ങളില്‍ നല്ല അറിവും കാഴ്ചപ്പാടുമുണ്ടായിരുന്ന വാപ്പ, കച്ചേരിമുക്കില്‍ ചായക്കട നടത്തിയാണ് ഉപജീവനമാര്‍ഗം കണ്ടെത്തിയിരുന്നത്. പള്ളിയിലെ മുഅദ്ദിനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കച്ചേരിമുക്കില്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളും കാക്കാഴത്ത് മലയാളം മീഡിയം സ്‌കൂളും ഉണ്ടായിരുന്നെങ്കിലും അവിടെയൊന്നും പഠിക്കാന്‍ ഫാത്വിമാബീവിക്ക് അവസരം കിട്ടിയില്ല. അക്കാലത്ത് ആരും പൊതുവെ പെണ്‍കുട്ടികളെ പള്ളിക്കൂടത്തില്‍ അയക്കാറുണ്ടായിരുന്നില്ല എന്നതു തന്നെ കാരണം.
ഫാത്വിമാബീവിയുടെ മൂത്താപ്പ കൊച്ചുണ്ണി മുസ്‌ലിയാര്‍ അറിയപ്പെടുന്ന മുദര്‍രിസ് (മതാധ്യാപകന്‍) ആയിരുന്നു. കാക്കാഴം പള്ളിയുടെ കിഴക്കുവശത്ത് വലിയ ഒരു ഓത്തുപള്ളി അദ്ദേഹം നടത്തിയിരുന്നു. ഫാത്വിമാബീവി അറബിയും ഖുര്‍ആനും ദീനീ വിഷയങ്ങളുമൊക്കെ ആദ്യം പഠിച്ചത് അദ്ദേഹത്തില്‍നിന്നാണ്. കൊച്ചുണ്ണി മുസ്‌ലിയാര്‍ പിന്നീട് ആലപ്പുഴയില്‍ മുദര്‍രിസായി പോയി. ശേഷം ‘മൂര്‍ക്കനാടന്‍ മുസ്‌ലിയാര്‍’ എന്ന് അറിയപ്പെടുന്ന ഒരു ഉസ്താദില്‍ നിന്നായിരുന്നു ദീനീ പഠനം. ഖുര്‍ആന്‍ മുപ്പത് ജുസ്ഉം അദ്ദേഹത്തില്‍ നിന്ന് ഓതിപ്പഠിച്ചു. അടിസ്ഥാന ദീനീ വിഷയങ്ങളിലും സാമാന്യമായ അറിവ് നേടി. ‘പത്തുകിതാബും’ മറ്റും ഓതുകയും ചെയ്തു.
ഒരു അധ്യാപകനെ വീട്ടില്‍ വരുത്തിയാണ് വാപ്പ ഹമീദ്, ഫാത്വിമാബീവിയെ മലയാളം പഠിപ്പിച്ചത്. ഉമ്മ അതിനെ എതിര്‍ത്തിരുന്നു. അതേക്കുറിച്ച് ഫാത്വിമാബീവി പറയുന്നതിങ്ങനെ: ”വീട്ടില്‍ ഒരു അധ്യാപകനെ വരുത്തി വാപ്പ എന്നെ മലയാളം പഠിപ്പിച്ചു. അപ്പോള്‍, അത് പാടില്ലെന്ന് പറഞ്ഞ് ഉമ്മ വിലക്കി. പെണ്‍പിള്ളേരെ മലയാളം പഠിപ്പിക്കരുത്, കൈയെഴുത്ത് പഠിപ്പിക്കരുത്- ഇതായിരുന്നു ഉമ്മയുടെ നിലപാട്. അക്കാലത്ത് പൊതുവെ ഇതായിരുന്നു സ്ഥിതി. പക്ഷേ, വാപ്പ അതംഗീകരിച്ചില്ല. ‘മലയാളം പഠിക്കുന്നത് അവരുടെ ആവശ്യത്തിന് വേണ്ടിയാണ്, എന്തെങ്കിലും വായിച്ചു മനസ്സിലാക്കാന്‍ അവര്‍ മറ്റൊരാളെ ആശ്രയിക്കേണ്ടി വരരുത്’ എന്ന് വാപ്പ മറുപടി പറഞ്ഞു. ഞാന്‍ ജീവിതത്തില്‍ ഏറ്റവുമധികം കടപ്പെട്ടിരിക്കുന്നത് വാപ്പയോടാണ്.” അന്നു തുടങ്ങിയ വായന ഫാത്വിമാബീവി ഇന്നും തുടരുന്നു. ഖുര്‍ആനു പുറമെ മറ്റു പുസ്തകങ്ങളും ഈ 87-ാം വയസില്‍ കണ്ണടയില്ലാതെ തന്നെ അവര്‍ വായിക്കും.
16-ാം വയസിലായിരുന്നു വിവാഹം. വടുതല സ്വദേശി മൈതീന്‍ ആയിരുന്നു ഭര്‍ത്താവ്. വടുതലയില്‍നിന്ന് ആലപ്പുഴ കടങ്ങാംപറമ്പിലേക്ക് വൈകാതെ അവര്‍ താമസം മാറ്റി. 1960-നോടടുത്ത കാലത്ത് ഭര്‍ത്താവ് മരണപ്പെട്ടു. അതിനുശേഷമാണ് ഓത്ത് പള്ളി ആരംഭിക്കുന്നത്.
ഫാത്വിമാബീവിയും മക്കളും സഹോദരന്റെ സംരക്ഷണത്തില്‍ കഴിയുന്ന സമയം. തൊട്ടടുത്തൊന്നും കാര്യക്ഷമമായി നടക്കുന്ന മദ്‌റസ ഇല്ലായിരുന്നു. ആ സന്ദര്‍ഭത്തിലാണ് അയല്‍പക്കത്തെ രണ്ടു കുട്ടികളെ ഓത്ത് പഠിപ്പിക്കണം എന്ന് ആവശ്യപ്പെട്ട് രക്ഷിതാക്കള്‍ ഫാത്വിമാബീവിയെ സമീപിച്ചത്. അവരുടെ നിര്‍ബന്ധത്തിന് വഴങ്ങി ആ രണ്ട് കുട്ടികള്‍ക്ക് ഓത്തു പഠിപ്പിക്കാന്‍ തുടങ്ങി. പിന്നെ കേട്ടറിഞ്ഞ് കുട്ടികള്‍ എത്തിത്തുടങ്ങി. ഒരു ഘട്ടത്തില്‍ 150 കുട്ടികളെ വരെ വിവിധ ഷിഫ്റ്റുകളിലായി ഫാത്വിമാബീവി പഠിപ്പിച്ചിട്ടുണ്ട്. സ്‌കൂള്‍ തുടങ്ങുന്നതിന് മുമ്പ് രാവിലെ ഏതാനും കുട്ടികള്‍ ഓതാന്‍ വരും. ഉച്ചക്ക് സ്‌കൂള്‍ വിടുന്ന കുട്ടികള്‍ അതിനു ശേഷം പഠിക്കാന്‍ വരും. ഇടവേളകളില്‍ വീടുകളില്‍ പോയും ഓതിക്കാറുണ്ടായിരുന്നു.
ഖുര്‍ആന്‍ ഓത്ത് മാത്രമായിരുന്നില്ല, ‘പത്ത് കിതാബും’ പഠിപ്പിച്ചിരുന്നു ഫാത്വിമാബീവി. മദ്‌റസകളില്‍ ഉള്ളപോലെ ദീനിയ്യാത്തും അമലിയ്യാത്തും അഖ്‌ലാഖുമൊക്കെ പഠിപ്പിച്ചു. പൊന്നാനിയില്‍ നിന്നോ മറ്റോ ഖുര്‍ആനും കിതാബുകളും കൊണ്ടുവരുന്ന ഒരാളുണ്ടായിരുന്നു. അയാളില്‍നിന്ന് ആവശ്യമുള്ള പുസ്തകങ്ങള്‍ വാങ്ങിക്കും. സഹോദരന്‍ പണംകൊടുത്ത് സഹായിക്കാറുണ്ടായിരുന്നു.
നല്ല അധ്യാപികയായിരുന്നു ഫാത്വിമാബീവി. ഒരു സൂറത്ത് ശരിക്കും പഠിച്ചു കഴിഞ്ഞ ശേഷമേ അടുത്തത് ഓതിക്കൊടുക്കൂ. അക്ഷരസ്ഫുടതയോടെ ഖുര്‍ആന്‍ ഓതുന്നതില്‍ വിട്ടുവീഴ്ച കാണിക്കാതെയാണ് അവര്‍ പഠിപ്പിച്ചത്. ”പാത്തുമ്മഇത്ത ഓതിച്ചവര്‍ ‘ഹര്‍ഫ്’ (അക്ഷരം) തിരിച്ച് ഓതും. അക്ഷരങ്ങള്‍ ശരിയായ മഖ്‌റജില്‍(പ്രഭവസ്ഥാനത്തു)നിന്ന് വരും” എന്ന് ആളുകള്‍ പറയാറുണ്ടായിരുന്നു. 1965-2000 കാലത്താണ് ഇവര്‍ ഓത്തുപള്ളി നടത്തിയിരുന്നത്. പഴയ വിദ്യാര്‍ത്ഥികളില്‍ പലരും ഇപ്പോഴും ഗുരുനാഥയെ കാണാന്‍ വരാറുണ്ട്.
തിത്തീമ മറ്റത്തൂര്‍
1940 കളില്‍, തിരൂര്‍ പറവണ്ണയിലെ ‘അലിയില്ലം മദ്‌റസ’യില്‍ പഠിപ്പിച്ചിരുന്ന മറ്റത്തൂരിലെ തിത്തീമയാണ് മറ്റൊരാള്‍. പറവണ്ണയിലെ സമ്പന്നനും സമുദായ സ്‌നേഹിയും പരിഷ്‌കരണപ്രവര്‍ത്തനങ്ങളില്‍ തല്‍പരനുമായിരുന്ന കെ.വി.ഒ കോയമൊയ്തീന്‍ സ്ഥാപിച്ച ഓത്തുപള്ളി ‘അലിയില്ലം മദ്‌റസ’ എന്നാണ് അറിയപ്പെട്ടിരുന്നത്. ഏകാധ്യാപക മതപഠനകേന്ദ്രമായിരുന്നു അത്. അവിടെ ഉസ്താദ് ആയാണ് കോട്ടക്കലിനടുത്ത മറ്റത്തൂരില്‍ നിന്ന് അക്കാലത്ത് തിത്തീമയെ ക്ഷണിച്ചു കൊണ്ടു വന്നത്.ഖുര്‍ആനും ‘കിതാബുല്‍ ഈമാന്‍’ പോലുള്ള ചെറിയ ചില പുസ്തകങ്ങളുമാണ് ഉസ്താദ് തിത്തീമ അവിടെ പഠിപ്പിച്ചിരുന്നത്.
ഏതാണ്ട് എട്ട് വര്‍ഷം അവര്‍ ‘അലിയില്ലം മദ്‌റസ’യില്‍ ഉസ്താദ് ആയിരുന്നു. അവരുടെ വിദ്യാര്‍ഥിയായിരുന്നു കെ.വി.ഒ അബ്ദുറഹ്മാന്‍ പറവണ്ണ. അദ്ദേഹത്തിന്റെ ഈ ഓര്‍മകളല്ലാതെ, ഉസ്താദ് തിത്തീമയെകുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും അറിയില്ല. തിത്തീമ എന്നു തന്നെ പേരുള്ള മറ്റൊരു സ്ത്രീയും തന്നെ ഓത്തു പഠിപ്പിച്ചിരുന്നുവെന്ന് കെ.വി.ഒ അബ്ദുര്‍റഹ്മാന്‍ ഓര്‍ക്കുന്നു.
ഈ ലേഖനത്തില്‍ പേര് പരാമര്‍ശിക്കപ്പെട്ടവരും അല്ലാത്തവരുമായ ഇത്തരം ഒട്ടേറെ സ്ത്രീകളെക്കുറിച്ച് ഇനിയും എഴുതപ്പെടേണ്ടതുണ്ട്.
[email protected]

 

 

Related Post