നിങ്ങളോടൊപ്പം നിങ്ങളുടെ കുടുംബവും സ്വര്‍ഗത്തിലുണ്ടാകണ്ടേ!

By:
Islam Onlive

നാം സ്വയം നന്നാകാനും നാടു നന്നാക്കുവാനും familyതീരുമാനിച്ചവരാണല്ലോ. നമ്മുടെ കുടുംബത്തിന്റെ സ്ഥിതിയോ? അവരും നന്നായവുരും നന്നാക്കുന്നവരുമാണോ? അതോ ദിശമാറി സഞ്ചരിക്കുന്നവരോ? നാളെ നിങ്ങളോടൊപ്പം നിങ്ങളുടെ കുടുംബവും സ്വര്‍ഗത്തിലുണ്ടാകുമെന്ന് ഉറപ്പുവരുത്തിയിട്ടുണ്ടോ?

സ്വന്തം കുടുംബത്തെ സംസ്‌കരിക്കാതെ മറ്റുള്ളവരെ സംസ്‌കരിക്കാന്‍ പാടുപെടുന്നവര്‍ ഫര്‍ദ് നമസ്‌കരിക്കാതെ സുന്നത്ത് നമസ്‌കരിക്കുന്നവരെ പോലെയാണ്. തന്റെ കീഴിലുള്ള ഭാര്യാസന്താനങ്ങളുടെ സംരക്ഷണം പോലെത്തന്നെ സംസ്‌കരണവും പുരുഷന്റെ ബാധ്യതയാണ്. മക്കളുടെ സംസ്‌കരണ ബാധ്യത പുരുഷനോടൊപ്പം സ്ത്രീക്കുമുണ്ട്. ഈ ബാധ്യത നിര്‍വഹിക്കാത്തവര്‍ അല്ലാഹുവിനോട് മറുപടി പറയാന്‍ ബാധ്യസ്ഥരാണ്.

നബി (സ) പഠിപ്പിച്ചു : നിങ്ങളെല്ലാവരും നായകന്മാരാണ്. തങ്ങളുടെ കീഴിലുള്ളവരെപ്പറ്റി നിങ്ങളെല്ലാവരെയും ചോദ്യം ചെയ്യും. പുരുഷന്‍ അവന്റെ വീട്ടുകാരുടെ നായകനാകുന്നു. അവരെപ്പറ്റി അദ്ദേഹത്തെ ചോദ്യം ചെയ്യും. സ്ത്രീ ഭര്‍തൃഗേഹത്തിലെ നായികയാണ്. തന്റെ കീഴിലുള്ളവരെപ്പറ്റി അവളെയും ചോദ്യം ചെയ്യും’ ( ബുഖാരി, മുസ് ലിം)
കുടുംബസംസ്‌കരണം ശ്രദ്ധിക്കാതെ സ്വന്തം സല്‍ക്കര്‍മങ്ങളില്‍ മാത്രം ശ്രദ്ധിക്കുന്നവര്‍ സ്വന്തമായി സ്വര്‍ഗത്തില്‍ പോകാന്‍ ശ്രമിക്കുന്നവരാണ്. ലോകത്തെ മുഴുവന്‍ നരകത്തില്‍നിന്നു രക്ഷിച്ചെടുക്കാന്‍ ശ്രമിക്കുന്ന ഇസ്‌ലാമിക പ്രവര്‍ത്തകന്‍ സ്വന്തം കുടുംബത്തെ നരകത്തില്‍ നിന്നു രക്ഷപ്പെടുത്താന്‍ ശ്രമിക്കാതിരിക്കുകയോ? അല്ലാഹു വിശ്വാസികളോട് ആഹ്വാനം ചെയ്യുന്നു: വിശ്വസിച്ചവരേ, നിങ്ങളെയും നിങ്ങളുടെ കുടുംബാദികളെയും നരകാഗ്നിയില്‍ നിന്നു രക്ഷിക്കുവിന്‍’ (അത്തഹരീം 6)

സ്‌നേഹസമ്പന്നവും സമാധാനപൂര്‍ണവുമായ കുടുംബ ജീവിതം ആഗ്രഹിക്കുന്നവരാണ് നാമെല്ലാം. മാത്രമല്ല, അത് അല്ലാഹുവിന്റെ ദൃഷ്ടാന്തമായിട്ടാണ് ഖുര്‍ആന്‍ വിവരിക്കുന്നത്. ‘ അവന്‍ നിങ്ങള്‍ക്ക് സ്വജാതിയില്‍ നിന്ന് തന്നെ ഇണകളെ സൃഷ്ടിച്ചുതന്നതും – അവരുടെ സാന്നിധ്യത്തില്‍ നിങ്ങള്‍ ശാന്തി നുകരാന്‍ – പരസ്പരം സ്‌നേഹവും കാരുണ്യവും ഉണ്ടാക്കിത്തന്നതും അവന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതാകുന്നു. നിശ്ചയം ചിന്തിക്കുന്ന ജനത്തിന് ഇതില്‍ ദൃഷ്ടാന്തങ്ങളുണ്ട്’ (അര്‍റൂം 21) അതിനാല്‍ നമ്മുടെ കുടുംബജീവിതം സ്‌നേഹസമ്പന്നമാക്കാനും സമാധാനപൂര്‍ണമാക്കാനും നാം നിരന്തരം യത്‌നിക്കേണ്ടതുണ്ട്. സാലിഹത്തായ ഭാര്യയാണ് ഏറ്റവും നല്ല സമ്പത്ത് എന്ന് പ്രവാചകന്‍ പഠിപ്പിക്കുകയുണ്ടായി : ദുനിയാവ് വിഭവമാകുന്നു. വിഭവങ്ങളില്‍ ഏറ്റവും നല്ലത് നല്ല സ്ത്രീയാണ്’ (മുസ്‌ലിം). അതിനാല്‍ വിശ്വാസികള്‍ തങ്ങളുടെ പത്‌നിമാരെ ഏറ്റവും നല്ല സ്ത്രീകളാക്കി പരിവര്‍ത്തിപ്പിക്കാന്‍ എപ്പോഴും പരിശ്രമിക്കേണ്ടതുണ്ട്.

കണ്‍കുളിര്‍മയേകുന്ന അനുഭവം മക്കളിലൂടെ കരസ്ഥമാക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് നാമെല്ലാം. നമ്മുടെ മരണശേഷം നമുക്ക് വേണ്ടി പ്രാര്‍ഥിക്കുന്ന മക്കളായി അവര്‍ മാറുവാനുള്ള നിതാന്ത ജാഗ്രത നമുക്കുണ്ടാകണം : റസൂല്‍ (സ) പഠിപ്പിച്ചു. നിങ്ങളിലൊരാള്‍ മരിച്ചാല്‍ മൂന്നു കാര്യങ്ങളല്ലാതെ അവസാനിച്ചു. ഫലം നിലയ്ക്കാത്ത ദാനധര്‍മം, പ്രയോജനപ്പെട്ടുകൊണ്ടിരിക്കുന്ന വിജ്ഞാനം, തനിക്കുവേണ്ടി പ്രാര്‍ഥിക്കുന്ന സന്താനം(മുസ്‌ലിം)

കുടുംബ ജീവിതത്തില്‍ ഇസ്‌ലാമിക കല്‍പനകള്‍ പാലിച്ചാല്‍ മാത്രമേ ഈ മൂന്നു കാര്യങ്ങളും നേടിയെടുക്കാന്‍ സാധിക്കുകയുള്ളൂ. ഭര്‍ത്താവ്, ഭാര്യ, മക്കള്‍- കുടുംബത്തിന്റെ ഈ മൂന്ന് ഘടകങ്ങളും അവരവരുടെ ഇസ്‌ലാമിക ബാധ്യതകള്‍ നിര്‍വഹിച്ചാല്‍ ഇസ്‌ലാമിക കുടുംബം എന്ന സ്ഥാപനം സാക്ഷാല്‍കൃതമാകും. ഭര്‍ത്താവ് ഭാര്യയുടെ അവകാശങ്ങള്‍ വകവെച്ച് കൊടുത്തുകൊണ്ട് അവളോട് എപ്പോഴും മാന്യമായി പെരുമാറണം. അല്ലാഹു പറയുന്നു : നിങ്ങള്‍ അവരോട് മാന്യമായി സഹവര്‍ത്തിക്കേണ്ടതാകുന്നു. ഇനി നിങ്ങള്‍ അവരെ വെറുക്കുകയാണെങ്കില്‍, നിങ്ങള്‍ വെറുക്കുന്ന ഒരു കാര്യത്തില്‍ അല്ലാഹു ധാരാളം നന്മകള്‍ നിശ്ചയിച്ചിട്ടുണ്ടെന്നു വരാം.(അന്നിസാഅ് 19). ഇരുവരുടെയും അവകാശങ്ങളെ കുറിച്ച് അല്ലാഹു വിവരിക്കുന്നു: സ്ത്രീകള്‍ക്ക് ന്യായമായ അവകാശങ്ങളുണ്ട്. പുരഷന്മാര്‍ക്ക് അവകാശങ്ങളുള്ളത് പോലെത്തന്നെ. എന്നാല്‍ പുരുഷന്മാര്‍ക്ക് അവരുടെ മേല്‍ ഒരു സ്ഥാനവുമുണ്ട്. അല്ലാഹു, എല്ലാവരുടെയും മീതെ അജയ്യനായ അധികാരസ്ഥാനനും യുക്തിമാനുമാകുന്നു’ (അല്‍ബഖറ 228)

കുടുംബ ബന്ധം കൂടുതല്‍ ഊഷ്മളമാകണമെങ്കില്‍ ഭര്‍ത്താവിനെ ഭാര്യ അനുസരിക്കേണ്ടതുണ്ട്. പ്രവാചകന്‍ (സ) പഠിപ്പിച്ചു. സ്ത്രീ അഞ്ചുനേരം നമസ്‌കരിക്കുകയും റമദാന്‍ നോമ്പനുഷ്ഠിക്കുകയും ഗുഹ്യാവയവങ്ങള്‍ സൂക്ഷിക്കുകയും ഭര്‍ത്താവിനെ അനുസരിക്കുകയും ചെയ്താല്‍ അവള്‍ സ്വര്‍ഗത്തില്‍ പ്രവേശിച്ചു’.

സന്താനങ്ങളിലൂടെ കണ്‍കുളിര്‍മയേകണമെങ്കില്‍ മക്കളെ സ്‌നേഹിച്ചും ഗുണദോഷിച്ചും മാതാപിതാക്കള്‍ ശ്രദ്ധാപൂര്‍വം അവരെ വളര്‍ത്തേണ്ടതുണ്ട്. ‘ തനിക്ക് പത്തു മക്കളുണ്ട്. അവരാരെയും ഞാനിതുവരെ ചുംബിച്ചിട്ടില്ല’ എന്നു പറഞ്ഞ വ്യക്തിയോട് ‘ കാരുണ്യം കാണിക്കാത്തവരോട് അല്ലാഹു കാരുണ്യം കാണിക്കുകയില്ല’ എന്നാണ് പ്രവാചകന്‍ മറുപടി പറഞ്ഞത്. ഇത്തരത്തില്‍ മക്കളോട് പെരുമാറുന്ന മാതാപിതാക്കളെ മക്കള്‍ സ്‌നേഹത്തോടെ പെരുമാറും. മക്കള്‍ മാതാപിതാക്കളെ ആദരിക്കേണ്ടതിനെ പറ്റി വിശുദ്ധ ഖുര്‍ആന്‍ സവിസ്തരം പ്രതിപാദിക്കുന്നത് കാണാം.

ഇസ്‌ലാമിക പ്രവര്‍ത്തനം എന്ന ജീവിതത്തിലെ ഏറ്റവും വലിയ ദൗത്യം നിര്‍വഹിക്കാന്‍ പരസ്പരം താങ്ങായി വര്‍ത്തിക്കുന്ന ശക്തമായ സംവിധാനമാകണം നമ്മുടെ കുടുംബം. ഒരാള്‍ മറ്റൊരാളുടെ വഴിമുടക്കുകയല്ല, പ്രചോദനവും മാതൃകയുമാവുകയാണ് വേണ്ടത്. വീഴ്ചകള്‍ സ്‌നേഹമസൃണമായി തിരുത്തപ്പെടണം. അങ്ങനെ ഒരേ ലക്ഷ്യത്തിലേക്ക് തട്ടുതടവുകളില്ലാതെ ശാന്തമായൊഴുകുന്ന നദിപോലെയാകണം നമ്മുടെ കുടുംബം.

Related Post