സ്ത്രീശാക്തീകരണത്തിന്റെ മാതൃക / ശിഫാ ബിന്‍ത് അബ്ദില്ല

ചരിത്രം / സഈദ് മുത്തനൂര്‍‌

 

”ബാങ്ക് കേട്ടില്ലേ, എന്നിട്ടുമെന്താണ് നമസ്‌കാരത്തിന് പോകാതെ womenഇവിടെ കൂനിക്കൂടിയിരിക്കുന്നത്?
.””എളേമ്മാ! എന്നെ ആക്ഷേപിക്കല്ലേ. സംഗതി പറയാം. എനിക്ക് ആകെ ഒരു കമ്മീസ് ആണ് ഉള്ളത്. അതാണ് ഞാന്‍ ധരിക്കാറ്. അത് തന്നെയും തുന്നിക്കൂട്ടിയത്. ആ വസ്ത്രം എന്നോട് നബി തിരുമേനി (സ) വായ്പ വാങ്ങി. കുപ്പായം ധരിക്കാതെ പള്ളിയില്‍ പോയാലോ എന്ന് ചിന്തിച്ചു. എന്നാല്‍ ആളുകള്‍ ഈ നഗ്‌നമേനി കണ്ട് നിന്റെ കമ്മീസ് എവിടെ എന്ന് ചോദിക്കുമ്പോള്‍ അത് മുഹമ്മദ് മുസ്ത്വഫ(സ) കടം വാങ്ങി എന്ന് പറയുന്നത് എനിക്ക് ബുദ്ധിമുട്ടായി തോന്നി. അതിനാലാണ് ഞാന്‍ നമസ്‌കാരത്തിന് പിന്തിയത്.”

 ഖൈബര്‍ യുദ്ധം കഴിഞ്ഞ് കുറച്ചേ ആയുള്ളൂ. തന്റേടിയായ ഒരു സ്ത്രീ പ്രവാചകന്‍ തിരുമേനിയുടെ മുമ്പില്‍ വന്ന് തന്റെ പ്രയാസങ്ങളും ആവശ്യങ്ങളും കെട്ടഴിച്ചു. പണമായോ മറ്റോ തന്നെ സഹായിക്കണം. അവര്‍ അഭ്യര്‍ഥിച്ചു. പക്ഷേ അവര്‍ക്ക് കൊടുക്കാന്‍ തിരുഗൃഹത്തില്‍ ഒന്നുമുണ്ടായിരുന്നില്ല. തന്റെ അവസ്ഥ തിരുമേനി ആ സ്ത്രീയെ അറിയിച്ചെങ്കിലും, അവര്‍ പോകാനുള്ള മട്ടില്ല. തന്റെ ആവശ്യം നിര്‍വഹിച്ച് തരണം. അവര്‍ നിര്‍ബന്ധിച്ചുകൊണ്ടിരുന്നു.

അതിനിടക്ക് നമസ്‌കാരത്തിന് ബാങ്ക് വിളിച്ചു. തിരുമേനി നേരെ പള്ളിയിലേക്ക് പോയി. ഉടനെ ആ സ്ത്രീയും എഴുന്നേറ്റു. അവര്‍ തൊട്ടടുത്ത തന്റെ മകളുടെ വീട്ടിലേക്ക് പുറപ്പെട്ടു. പ്രമുഖ സ്വഹാബി ശുറഹ്ബീല്‍ ബ്‌നു ഹസന്നയുടെ ഭാര്യയായിരുന്നു ആ സ്ത്രീയുടെ മകള്‍. ഉമ്മ അവിടെ എത്തുമ്പോള്‍ ശുറഹ്ബീല്‍ പള്ളിയില്‍ പോകാതെ ഒരു തുണിയും മൂടിപ്പുതച്ചിരിക്കുന്നു. ഈ കാഴ്ച കണ്ടാണ് അമ്മായിയമ്മ ജാമാതാവിനെ ശാസിച്ചത്.

പ്രമുഖ സ്വഹാബി വനിത ശിഫാബിന്‍ത് അബ്ദില്ലയായിരുന്നു ഈ സ്ത്രീ. മരുമകന്റെ ഖമ്മീസ് തിരുമേനി വായ്പ വാങ്ങിയതാണെന്ന് കേട്ടതോടെ അവര്‍ തരിച്ചിരുന്നുപോയി. പ്രവാചകന്റെ സ്ഥിതി അറിയാതെയാണല്ലോ താന്‍ അദ്ദേഹത്തോട് ആവശ്യങ്ങള്‍ ഉന്നയിച്ചതും ഇല്ലെന്ന് പറഞ്ഞിട്ടും അവിടെ ചടഞ്ഞ് കൂടിയതും. അവര്‍ക്ക് വിഷമം അടക്കാനായില്ല.

പ്രമുഖ സ്വഹാബീ വനിതകളിലൊരാളാണ് ഹസ്രത്ത് ശിഫാ. അവരുടെ കുടുംബവും നബി തിരുമേനിയുടെ കുടുംബ പരമ്പരയും പ്രപിതാക്കളില്‍ സന്ധിക്കുന്നുണ്ട്. ഹസ്രത്ത് ഉമര്‍ ഫാറൂഖുമായും കുടുംബ പരമ്പരയില്‍ ശിഫാ ബിന്‍ത് അബ്ദുല്ലക്ക് ബന്ധമുണ്ട്. മഖ്ദൂം ഗോത്രത്തിലെ ഫാത്വിമ ബിന്‍ത് വഹബായിരുന്നു ശിഫയുടെ മാതാവ്. ഭര്‍ത്താവായ അബുഹശ്മ് ബ്‌നു ഹുദൈഫ അദ്‌വിയെ കുറിച്ച് ചരിത്ര കൃതികളില്‍ കൂടുതലൊന്നും കാണുന്നില്ല.

ശിഫ എപ്പോഴാണ് ഇസ്‌ലാം സ്വീകരിച്ചതെന്ന് കൃത്യമായി പറയാനാവില്ലെങ്കിലും, ഹിജ്‌റയുടെ മുമ്പാണെന്ന് മനസ്സിലാക്കാം. കാരണം മദീനയിലേക്ക് പലായനം നടത്താന്‍ അനുവാദം തേടിയവരില്‍ ഇവരുടെ പേരുമുണ്ട്. ശിഫക്ക് ഒരു വീടുണ്ടാക്കാന്‍ നബിതിരുമേനി സ്ഥലം നല്‍കുകയും അവിടെ അവര്‍ മകന്‍ സുലൈമാനോടൊപ്പം വളരെക്കാലം താമസിക്കുകയും ചെയ്തിരുന്നു. ഖുറൈശികളില്‍ എഴുത്തും വായനയും അറിയുന്ന ചുരുക്കം ചിലരില്‍ ഒരാളായിരുന്നു അവര്‍.

ഹിജ്‌റ മൂന്നാം വര്‍ഷം നബി തിരുമേനി ഹസ്രത്ത് ഹഫ്‌സയെ വിവാഹം ചെയ്തപ്പോള്‍ ശിഫായോട് തന്റെ പ്രിയ സഖിക്ക് എഴുതാനും വായിക്കാനും പഠിപ്പിക്കണമെന്നാവശ്യപ്പെട്ടിരുന്നു. അവര്‍ ആ ദൗത്യം ഏറ്റെടുക്കുകയും ചെയ്തു.

ശിഫാ ബിന്‍ത് അബ്ദില്ലക്ക് തിരുമേനിയോടു അദമ്യമായ സ്‌നേഹവും വിശ്വാസവുമായിരുന്നു. തിരുമേനിക്ക് തിരിച്ചും. ചിലപ്പോള്‍ നബി(സ) അവരുടെ വീട് സന്ദര്‍ശിക്കുകയും അവിടെ അല്‍പ്പനേരം വിശ്രമിക്കുകയും ചെയ്യാറുണ്ടായിരുന്നു. തിരുമേനിക്ക് സ്വന്തമായി ശിഫാ വീട്ടില്‍ രണ്ട് വിരിപ്പുകള്‍ സൂക്ഷിച്ചിരുന്നു. പ്രവാചകന്റെ വിയോഗ ശേഷവും ആ വിരിപ്പുകള്‍ അവര്‍ സൂക്ഷിച്ചുപോന്നു. എന്നാല്‍ മര്‍വാനുബ്‌നു ഹകമിന്റെ ഭരണകാലത്ത് ഈ വിരിപ്പുകള്‍ സര്‍ക്കാറിന്റെ ഉടമസ്ഥതയിലായി.

തിരുമേനിയുടെ അടുത്ത് ഹസ്രത്ത് ശിഫക്കുള്ള സ്ഥാനം പരിഗണിച്ച് പ്രവാചക ശിഷ്യന്മാരും അവരെ പ്രത്യേകം ആദരിച്ചു. ഉമര്‍ ഫാറൂഖ്(റ) അദ്ദേഹത്തിന്റെ ഭരണകാലത്ത് ചില വിഷയങ്ങളില്‍ അവരുടെ അഭിപ്രായം ആരാഞ്ഞിരുന്നു. അദ്ദേഹം മദീനയിലെ മാര്‍ക്കറ്റിന്റെ മേല്‍നോട്ടം ശിഫാബിന്‍ത് അബ്ദില്ലയെയാണ് ഏല്‍പ്പിച്ചിരുന്നത്. അര്‍ഹതക്കുള്ള അംഗീകാരം തന്നെ. സ്ത്രീക്ക് കയറിച്ചെല്ലാവുന്ന മേഖലകളില്‍ കഴിവുണ്ടെങ്കില്‍ അവളെ തടയേണ്ടതില്ലെന്ന്, സ്ത്രീ ‘ബീവി’യായി വീട്ടിലിരിക്കട്ടെ എന്ന് കരുതുന്നവരെ പഠിപ്പിക്കുകയാണ് ഇവിടെ ഹസ്രത്ത് ഉമര്‍. അഭിപ്രായ സുബദ്ധതയും കാര്യങ്ങള്‍ ചിട്ടയോടെ ചെയ്യാനുള്ള പ്രാഗത്ഭ്യവുമാണ് ശിഫയെ വ്യത്യസ്തയാക്കുന്നത്.

‘ഉസുദുല്‍ ഗാബ’യില്‍ അല്ലാമാ ഇബ്‌നു അഥീര്‍ രേഖപ്പെടുത്തിയ ഒരു സംഭവം: ഹസ്രത്ത് ഉമര്‍ ഫാറൂഖ് (റ) ഖലീഫയായിരിക്കെ ഒരിക്കല്‍ ശിഫായെ വിളിപ്പിച്ചു. അവര്‍ ഉമറിന്റെ മുമ്പിലെത്തിയപ്പോള്‍ അവിടെ യാദൃഛികമായി ആതിഖ ബിന്‍ത് അസദും എത്തി. ഹസ്രത്ത് ഉമര്‍ ഓരോരുത്തര്‍ക്കും ഓരോ പുതപ്പ് ദാനമായി നല്‍കി. എന്നാല്‍ ശിഫാ(റ)ക്ക് കിട്ടിയതിനേക്കാള്‍ ഭംഗിയുള്ളതായിരുന്നു മറ്റേ പുതപ്പ്. ശിഫാ(റ)ക്ക് ഇത് പ്രശ്‌നമായി. അതൃപ്തി മറച്ചുവെച്ചില്ല. അവര്‍ ഇങ്ങനെ പ്രതികരിച്ചു.

”താങ്കളുടെ കൈകളില്‍ മണ്ണുപുരളട്ടെ. ഞാന്‍ ആതിഖയേക്കാള്‍ മുമ്പ് ഇസ്‌ലാമില്‍ വന്നവളാണ്. ഞാനാകട്ടെ താങ്കളുടെ എളാപ്പയുടെ മകളും. മാത്രമല്ല, താങ്കള്‍ എന്നെ വിളിച്ചുവരുത്തിയതാണ്. ആതിഖ യാദൃഛികമായി ഇവിടെ എത്തിപ്പെട്ടതും. ഇതെല്ലാമായിട്ടും താങ്കളെന്തിന് എനിക്ക് തന്നതിനേക്കാള്‍ നല്ല പുതപ്പ് അവര്‍ക്ക് നല്‍കി?.”

ഹസ്രത്ത് ഉമര്‍: ”അല്ലാഹുവാണ, ആ പുതപ്പ് നിങ്ങള്‍ക്ക് തരാന്‍ തന്നെ കരുതി വെച്ചതായിരുന്നു. എന്നാല്‍ ആതിഖ വന്നപ്പോള്‍ അവരെ എനിക്ക് പ്രത്യേകം പരിഗണിക്കേണ്ടിവന്നു. അതിന്റെ കാരണം കുടുംബപരമായി റസൂല്‍ തിരുമേനിയുടെ പരമ്പരയുമായി ഏറ്റവും അടുത്തവരാണ് ആതിഖ.”

ഒരു മഹാസാമ്രാജ്യത്തിന്റെ അധിപനെ ഒരു വൃദ്ധസ്ത്രീ ചോദ്യം ചെയ്യുക. അദ്ദേഹമതിന് ശാന്തമായി താഴ്മയോടെ മറുപടി പറയുക. ഇന്നത് സങ്കല്‍പ്പിക്കാന്‍ പറ്റുമോ? തന്റെ കുടുംബത്തേക്കാള്‍ ഉമര്‍(റ) നബി തിരുമേനിയുടെ കുടുംബത്തിന് മുന്‍ഗണന നല്‍കിയതും ശ്രദ്ധേയമാണ്.

ഹസ്രത്ത് ഉമറിന്റെ ഭരണാന്ത്യത്തിലോ ഹസ്രത്ത് ഉസ്മാന്റെ ഭരണാദ്യത്തിലോ ആവാം ശിഫായുടെ മരണം. പുത്രന്‍ സുലൈമാനെ കൂടാതെ ഒരു മകളുമുണ്ടായിരുന്നു. രണ്ട് മക്കളും സ്വഹാബിമാര്‍. മകളെ പ്രസിദ്ധ സ്വഹാബി ശുറഹ്ബില്‍ബ്‌നു ഹസന വിവാഹം ചെയ്ത കാര്യം നേരത്തെ പറഞ്ഞല്ലോ.

സാക്ഷരത, വൈദ്യം, മാര്‍ക്കറ്റിംഗ് തന്ത്രം, ആത്മീയത ഈ രംഗത്തെല്ലാം മുന്നില്‍ നടന്നും തന്റെ സംഭാവനകളര്‍പ്പിച്ചും പൊരുത്തക്കേടുകള്‍ക്കെതിരെ പൊരുതിയും മാതൃകയായ സ്വഹാബി വനിതയായിരുന്നു ശിഫാ ബിന്‍ത് അബ്ദുല്ല. ശിഫയുടെ ജീവിതം സ്ത്രീശാക്തീകരണ ചര്‍ച്ചകള്‍ക്ക് ഉണര്‍വും ദിശാബോധവും പകര്‍ന്നു നല്‍കുന്നുണ്ട്.

 

Related Post