ചെക്കുകള്‍ ചിറകുകളല്ല

 

 

By:
ഇ.കെ.എം പന്നൂര്

 

മാതാപിതാക്കള്‍ സ്വപ്‌നങ്ങള്‍ നിക്ഷേപിക്കുന്നത് മക്കparents 1ളിലാണ്. സന്താനങ്ങളെ വളര്‍ത്തുമ്പോള്‍ മാതാപിതാക്കള്‍ക്കുണ്ടാകുന്ന സമീപനം മരം വെയ്ക്കുമ്പോഴത്തെ മാനസിക അവസ്ഥയാണ്. അതില്‍ നിന്ന് തനിക്ക് ഫലങ്ങള്‍ ലഭിക്കണം. അന്യര്‍ക്കും ലഭിക്കണം. ഏതു യാത്രക്കാരന്നും അതിന്റെ തണല്‍ ലഭിക്കണം. കളപ്പുരകളോ ബാങ്ക് നിക്ഷേപമോ ഇല്ലാത്ത പക്ഷികള്‍ക്ക് ഭക്ഷണവും വീടും ആ മരം കൊണ്ട് ലഭിക്കണം. ഒരു നല്ല മനുഷ്യന്ന് സന്താനങ്ങളെക്കുറിച്ചുള്ള സങ്കല്‍പം ഏതാണ്ട് ഇതുപോലെയാണ്. താന്‍ പ്രായമായാല്‍ അവരുടെ സംരക്ഷണവും സാമീപ്യവും ലഭിക്കണം. അവര്‍ ജനങ്ങള്‍ക്ക് ശല്യമാകരുത്. കഴിയുന്ന സേവനങ്ങള്‍ ചെയ്തുകൊടുക്കുന്നവരാകണം.

മാറിയ കാലത്ത് മക്കളില്‍ നിന്ന് എന്താണ് ലഭിക്കുന്നത്, എന്താണ് ലഭിക്കേണ്ടത് എന്ന് ചിന്തിക്കുന്നത് പ്രസക്തമാണ്. അവര്‍ അര്‍ഹിക്കുന്നത് എന്ത് എന്ന് ഖുര്‍ആന്‍ പറയുന്നു : ‘(മാതാപിതാക്കളില്‍) ഒരാളോ രണ്ടുപേരും തന്നെയോ നിന്റെയടുക്കല്‍ വെച്ച് വാര്‍ധക്യം പ്രാപിക്കുകയാണെങ്കില്‍ അവരോട് നീ ‘ ഛെ’ എന്നു പറയരുത്. അവരെ കയര്‍ക്കുകയുമരുത്. അവരോട് നീ മാന്യമായ വാക്കുപറയുക. കാരുണ്യത്തോടുകൂടി എളിമയുടെ ചിറകുകള്‍ നീ ഇരുവര്‍ക്കും താഴ്ത്തിക്കൊടുക്കുകയും ചെയ്യുക. എന്റെ രക്ഷിതാവേ ചെറുപ്പത്തില്‍ ഇവര്‍ എന്നെ പോറ്റി വളര്‍ത്തിയതുപോലെ ഇവരോട് നീ കരുണ കാണിക്കണമേ എന്ന് നീ പറയുകയും ചെയ്യുക’ (ഖു : 17: 23,24)

മക്കളുടെ തെളിഞ്ഞ മുഖം, സാന്ത്വന വചനങ്ങള്‍, പ്രാര്‍ഥന, എളിമയുടെ ചിറകുകള്‍ ഇതെല്ലാം മാതാപിതാക്കള്‍ അര്‍ഹിക്കുന്നു, മക്കളില്‍ നിന്ന് പ്രതീക്ഷിക്കുന്നു. തുടര്‍ച്ചയായി രണ്ടും മൂന്നും വര്‍ഷം വിദേശത്തു താമസിക്കുന്നവരാണ് മക്കളെങ്കില്‍ അവരെങ്ങനെ മാതാപിതാക്കള്‍ക്കു വേണ്ടി ചിറകു താഴ്ത്തും? അവരുടെ ചിറകുകളും വിദേശത്തായിരിക്കുമല്ലോ. അവര്‍ വരാതെ, വന്നാല്‍ നാട്ടില്‍ അധികം നില്‍ക്കാതെ, നാട്ടിലുണ്ടായാലും വീട്ടില്‍ അധികം നില്‍ക്കാതെ പര്യടനത്തിലായാല്‍ മാതാപിതാക്കള്‍ക്ക് അവര്‍ എങ്ങനെ ചിറകു താഴ്ത്തും? സാധ്യമല്ലത്.

മക്കളയച്ചുകൊടുക്കുന്ന ചെക്കും ഡ്രാഫ്റ്റും വാര്‍ധക്യത്തില്‍ കാരുണ്യത്തിന്റെയും എളിമയുടെയും ചിറകുകളാവില്ല. അവര്‍ക്കു വേണ്ടത് മക്കളുടെ സാമീപ്യമാണ്. സ്‌നേഹപൂര്‍ണമായ സാമീപ്യം. അതാണ് വാര്‍ധക്യത്തിന്റെ ദാഹം. ഈ ദാഹം മനസ്സിലാക്കാത്ത മക്കള്‍ മാതാപിതാക്കളെ സംബന്ധിച്ചെടുത്തോളം പൂര്‍ണ കാരുണ്യമല്ല.

മാറിയ സാഹചര്യം, ഗതാഗത സൗകര്യങ്ങളുടെ വര്‍ധനവ്, തൊഴില്‍ സാധ്യതകള്‍ എന്നിവമൂലം മക്കള്‍ക്ക് എന്നും മാതാപിതാക്കള്‍ക്കൊപ്പം നില്‍ക്കാന്‍ കഴിയുമോ എന്ന ചോദ്യം വരാം. സ്വാഭാവികമാണത്. ചോദ്യത്തില്‍ സത്യമുണ്ട് താനും. അപ്പോള്‍ പ്രശ്‌നമെങ്ങനെ പരിഹരിക്കും?

ഇതാ ചില നിര്‍ദ്ദേശങ്ങള്‍. അവശരായ മാതാപിതാക്കള്‍ക്ക് നാല് മക്കളുണ്ടെന്ന് കരുതുക. രണ്ടുപേര്‍ അധ്യാപകര്‍, രണ്ടുപേര്‍ എന്‍. ജി. ഓസ്. അതതു ദിവസങ്ങളില്‍ വീട്ടിലെത്താന്‍ കഴിയാത്തവരും വേറെ വേറെ വീടുകളില്‍ താമസിക്കുന്നവരുമാണ് അവരെങ്കില്‍ ഓണം, ക്രിസ്തുമസ്, മധ്യവേനലവധി എന്നിവ മാതാപിതാക്കള്‍ക്കൊപ്പം ചെലവഴിക്കുക. എന്‍ ജി ഒ മാരായ മക്കള്‍ ലീവ് സറണ്ടര്‍ ചെയ്യാതെ മാതാപിതാക്കള്‍ക്കൊപ്പം നില്‍ക്കുക. എന്നിട്ടും പ്രശ്‌നം പരിഹൃതമാകുന്നില്ലെങ്കില്‍ ഊഴമിട്ട് ലീവെടുക്കുക. ഒരു സന്താനത്തിന്റെ സാമീപ്യം എന്നും ഉണ്ട് എന്ന് ഉറപ്പ് വരുത്തുണം.

നബി(സ) ഇങ്ങനെ പറഞ്ഞു: തനിക്ക് പ്രായമായ മാതാപിതാക്കളുണ്ടായിട്ടും സ്വര്‍ഗം വാങ്ങാത്തവന്റെ കാര്യം കഷ്ടം തന്നെ. ഉദ്ദേശ്യം സ്വര്‍ഗലബ്ധിക്കു കാരണമാകുന്ന കാര്യമാണ്. മാതാപിതാക്കളെ സംരക്ഷിക്കല്‍ എന്നാണ്. അവര്‍ക്ക് മരുന്നും നല്ല ഭക്ഷണവും നല്‍കിയതുകൊണ്ടു മാത്രമായില്ല. മധുരമുള്ള വാക്കുകള്‍കൊണ്ട് അവരുടെ മനസ്സുകളില്‍ മധുരം നിറയ്ക്കണം. പ്രായാധിക്യം കാരണം നിസ്സാര കാരണങ്ങള്‍ കൊണ്ട് അവര്‍ കോപിച്ചെന്നു വരും. അതിന്നു പകരം നല്‍കേണ്ടത് നല്ലവാക്കുകളും സേവനം കൊണ്ടുമാണ്. എങ്കിലേ മക്കള്‍ക്ക് സ്വര്‍ഗം ലഭിക്കുകയുള്ളൂ.

Related Post