മലയാളി മുസ്‌ലിം സ്ത്രീ

മലയാളി മുസ്‌ലിം സ്ത്രീ മുന്നേറ്റത്തിന്റെ ചരിത്രം

സ്ത്രീസംബന്ധിയായ സംവാദങ്ങളാല്‍ മുഖരിതമാണ് നമ്മുടെ സാമൂഹികാന്തരീക്ഷം. മുസ്‌ലിം സ്ത്രീക്ക് അതില്‍ സവിശേഷമായ ഇടമുണ്ട്. മുസ്‌ലിംസ്ത്രീയെ സംബന്ധിച്ച ഏതു വിഷയവും നമ്മുടെ വിവാദ വ്യവസായത്തില്‍ ഏറ്റവും വിലയുള്ള മൂലധനമായിത്തീരുന്നു. അതിന്റെ ഗുണദോഷങ്ങള്‍ വസ്തുതാപരമായ വിശകലനമര്‍ഹിക്കുന്നതാണ്. കഴിഞ്ഞ ഒന്നര പതിറ്റാണ്ടിനിടക്ക് മുസ്‌ലിംസ്ത്രീ നേടിയ അഭൂതപൂര്‍വമായ മുന്നേറ്റം ഈ സംവാദങ്ങള്‍ക്ക് പുതിയ ചില മാനങ്ങള്‍ നല്‍കുന്നു

jih-vanitha-sammelanam

അഭിമാനകരമായ പെണ്‍ ഉണര്‍വുകള്‍ ഇസ്‌ലാമിക നവോത്ഥാനത്തിന്റെ നേട്ടങ്ങളെ കൃത്യമായി  അടയാളപ്പെടുത്തുന്നതാണ്. അതേസമയം, നവോത്ഥാന ദൗത്യങ്ങളുടെ പൂര്‍ത്തീകരണത്തിന് ഇനിയും മുമ്പോട്ട് സഞ്ചരിക്കേണ്ടതുമുണ്ട്. ഉദാഹരണമായി, പൗരോഹിത്യം വിലക്കിയ സ്ത്രീകളുടെ പള്ളിപ്രവേശ അവകാശം തിരിച്ചുപിടിക്കാന്‍ സാധിച്ചെങ്കിലും പള്ളി മഹല്ല് നേതൃത്വത്തിലും അര്‍ഹമായ പങ്കാളിത്തം സ്ത്രീകള്‍ക്ക് ലഭ്യമാകേണ്ടതുണ്ട്. തങ്ങളുടെ ദൗത്യത്തിന്റെ തുടര്‍ച്ചയായി അത് നിര്‍വഹിക്കേണ്ടത് നവോത്ഥാന പ്രസ്ഥാനങ്ങള്‍ തന്നെയാണ്; ഇങ്ങനെ പല വിഷയങ്ങളിലും ഇനിയും സാധ്യമാകേണ്ട വളര്‍ച്ചക്ക് വേണ്ടിയുള്ള പരിശ്രമങ്ങള്‍ ശരിയായ അര്‍ഥത്തില്‍ മുന്നോട്ടുനയിക്കാന്‍ ഇന്നലെകളിലേക്ക് തിരിഞ്ഞുനോക്കേണ്ടതും അനിവാര്യമാണ്. മുമ്പോട്ട് നടക്കുന്നവര്‍ കടന്നുവന്ന വഴികളെ കുറിച്ച് ബോധവാന്മാരാകണമല്ലോ. ഇന്നിന്റെ ചില പരിമിതികളെ കുറിച്ച് പരിഭവപ്പെടുന്നവര്‍ക്ക് ഇന്നലെകളില്‍ ഉണ്ടായിരുന്ന വലിയ പ്രതിസന്ധികളെ കുറിച്ച് തിരിച്ചറിവുണ്ടാകേണ്ടതും ആവശ്യമാണ്. ചരിത്രബോധത്തിന്റെ അഭാവം നവോത്ഥാനത്തിന്റെ സന്തതികളെ തെറ്റായ നിലപാടുകള്‍ എടുക്കാനും ശരിയല്ലാത്ത വഴികളിലേക്ക് തിരിയാനും പ്രേരിപ്പിച്ചേക്കും. ഇന്ന് മുസ്‌ലിംസ്ത്രീ അനുഭവിക്കുന്ന അധികാര-അവകാശങ്ങളെ ചരിത്രനിരപേക്ഷമായി വായിക്കുകയോ ചരിത്രവസ്തുതകളെ തെറ്റായി വിശകലനവിധേയമാക്കുകയോ ചെയ്യുന്നത് അനീതിയാണ്. നവോത്ഥാന നേട്ടങ്ങളെ നിരാകരിക്കുകയും പാരമ്പര്യത്തിന്റെ ‘മഹിമ’ ഘോഷിക്കുകയും ചെയ്യുന്നവരും, സ്ത്രീമുന്നേറ്റത്തിന് വേണ്ടിയുള്ള ഇടപെടലുകളെയും രചനകളെയും തെറ്റായി മനസ്സിലാക്കുകയോ ദുര്‍വ്യാഖ്യാനിക്കുകയോ ചെയ്യുന്ന മുസ്‌ലിംസ്ത്രീ വാദവും ചരിത്രത്തെകുറിച്ച ആവര്‍ത്തന പഠനത്തെ പ്രസക്തമാക്കുന്നുണ്ട്. മുസ്‌ലിം സ്ത്രീമുന്നേറ്റത്തെ കുറിച്ച വ്യാജ അവകാശവാദം ഉന്നയിക്കുന്ന ഭൗതികവാദികളുടെയും ഫെമിനിസ്റ്റുകളുടെയും സാന്നിധ്യവും ഈ ആവശ്യത്തിന് അടിവരയിടുന്നു. മുസ്‌ലിം സ്ത്രീയുടെ പിന്നാക്കാവസ്ഥയെ കുറിച്ച പരിദേവനങ്ങള്‍ക്കപ്പുറം, താരതമ്യേന മെച്ചപ്പെട്ട അവസ്ഥകളും അവര്‍ക്കുണ്ടായിരുന്നുവെന്ന് തിരിച്ചറിയാനും ഇത് സഹായിക്കും. ഇത്തരം സമകാലിക അവസ്ഥകള്‍ മുമ്പില്‍ വെച്ചുകൊണ്ട് മുസ്‌ലിം സ്ത്രീമുന്നേറ്റത്തിന്റെ ചരിത്രത്തെ വസ്തുതാപരമായും രേഖകളുടെ പിന്‍ബലത്തിലും വിശകലനവിധേയമാക്കാനുള്ള ശ്രമമാണ് ഈ പഠനം. ഇതിലെ നിരീക്ഷണങ്ങള്‍ സംവാദാതീതമല്ല.

മുന്നേറ്റത്തിന്റെ ചരിത്രഘട്ടങ്ങള്‍ 

രണ്ടു വശങ്ങളാണ് ഈ വിശകലനത്തിന് പ്രധാനമായും ഉള്ളത്. ഒന്ന്, നവോത്ഥാന പൂര്‍വകാലഘട്ടത്തില്‍ കേരളീയ മുസ്‌ലിം സ്ത്രീയുടെ അവസ്ഥ എന്തായിരുന്നു? ഇസ്‌ലാം സ്ത്രീകള്‍ക്ക് നല്‍കിയ അവകാശ-അധികാരങ്ങള്‍, നിലനിന്നിരുന്ന സാമൂഹികഘടനയില്‍ അവര്‍ക്ക് എത്രമാത്രം പ്രാപ്യമായിരുന്നു? ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം തേടുന്നതോടൊപ്പം,വ്യത്യസ്ത സമുദായങ്ങളിലെ സ്ത്രീയവസ്ഥകളുടെ താരതമ്യപഠനവും ഒരര്‍ഥത്തില്‍ പ്രസക്തമാണ്.

രണ്ട്, കേരളത്തിലെ ഇസ്‌ലാമിക നവോത്ഥാനം സ്ത്രീസമൂഹത്തെ എങ്ങനെയാണ് അഭിമുഖീകരിച്ചത്, മുസ്‌ലിം സ്ത്രീയുടെ മുന്നേറ്റം എപ്രകാരമായിരുന്നു, ഏതൊക്കെ ഘടകങ്ങളാണ് ആ മുന്നേറ്റത്തെ ത്വരിപ്പിച്ചത് തുടങ്ങിയവയാണ് മറ്റൊരു വശം.

ഈ രണ്ടു വശങ്ങളെയും മുന്‍ നിര്‍ത്തി കേരളീയ സ്ത്രീ ചരിത്രവും മുസ്‌ലിം സ്ത്രീകളുടെ ഇന്നലെയും ഇന്നും ഇവിടത്തെ സാമൂഹിക നവോത്ഥാനവുമൊക്കെ ലഭ്യമായ രേഖകളുടെയും വസ്തുതകളുടെയും അടിസ്ഥാനത്തില്‍ അപഗ്രഥിക്കുമ്പോള്‍ എത്തിച്ചേരാന്‍ കഴിഞ്ഞ നിഗമനങ്ങള്‍ ഇവയാണ്.

1.  കേരളീയ മുസ്‌ലിം സ്ത്രീയുടെ ഭൂതകാല അവസ്ഥകളെക്കുറിച്ച  എല്ലാ  പ്രചരിത കഥകളും ആ സ്വഭാവത്തില്‍ വസ്തുതാപരമായി പൂര്‍ണ ശരികളല്ല. എല്ലാ അര്‍ഥത്തിലും മുസ്‌ലിം സ്ത്രീ പിന്നാക്കമായിരുന്നു എന്ന പതിവ് പരിദേവനങ്ങള്‍ക്കപ്പുറം ആപേക്ഷികമായി മെച്ചപ്പെട്ട അവസ്ഥകള്‍ ചില മേഖലകളില്‍ അവള്‍ക്ക് ഉണ്ടായിരുന്നുവെന്നത് കാണാതിരുന്നു കൂടാ. ഇസ്‌ലാം നേടിക്കൊടുത്ത അവകാശങ്ങളും അധികാരങ്ങളും  സാമൂഹിക പദവികളും സ്ത്രീകള്‍ക്ക് നിരാകരിക്കപ്പെട്ടിരുന്നുവെന്നത് വസ്തുതയാണെങ്കിലും, ഇസ്‌ലാം സാധിച്ച സ്ത്രീവിമോചനത്തിന്റെ ഗുണകരമായ പല ഘടകങ്ങളും മുസ്‌ലിം സ്ത്രീജീവിതത്തിന്റെ  ചില വശങ്ങളിലെങ്കിലും അവശേഷിച്ചിരുന്നു; അതിന് എന്തൊക്കെ ദൗര്‍ബല്യങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും.

2. ചില മേഖലകളില്‍ പിന്നാക്കവും പരിതാപകരവുമായിരുന്നു മുസ്‌ലിം സ്ത്രീയവസ്ഥകള്‍; ഇതര സമുദായങ്ങളില്‍  ഉള്ളതുപോലെയോ, ചിലപ്പോള്‍ അതിലധികമോ. ഇസ്‌ലാമിക മൂല്യങ്ങള്‍ പ്രയോഗവത്കരിക്കാത്തതുകൊണ്ടാണ് ഈ പിന്നാക്ക-പതിതാവസ്ഥ ഉണ്ടായത്, മതതത്ത്വങ്ങള്‍ മുറുകെപ്പിടിച്ചതുകൊണ്ടല്ല.

3. ഇസ്‌ലാമികദര്‍ശനത്തില്‍ ഊന്നിനിന്നുകൊണ്ട്, സ്ത്രീമുന്നേറ്റത്തിനുള്ള ശ്രമങ്ങള്‍ കേരളത്തില്‍ ഒറ്റപ്പെട്ട ഇസ്‌ലാമിക പണ്ഡിതര്‍ ആരംഭിക്കുകയും പിന്നീട് ചെറിയ കൂട്ടായ്മകളിലൂടെ വലിയ സംഘടിത സംരംഭങ്ങളായി അത് വളരുകയും ചെയ്തു. ഏറെ ശ്രദ്ധേയവും സ്വാധീനമുളവാക്കിയതുമാണ് നവോത്ഥാന സംരംഭങ്ങള്‍.

4. അഞ്ച് ഘട്ടങ്ങളായാണ്, കേരളത്തില്‍ മുസ്‌ലിം സ്ത്രീ നവജാഗരണം സംഭവിച്ചിട്ടുള്ളത്. ഒന്നാമത്തേത്, 1860-കളിലെ ആദ്യഘട്ടം. സയ്യിദ് സനാഉല്ലാ മക്തി തങ്ങള്‍ (1847-1912), ശൈഖ് മുഹമ്മദ് മാഹീന്‍ ഹമദാനി തങ്ങള്‍ (മരണം-1922), ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി (മരണം-1919) തുടങ്ങിയവരുടെ ശബ്ദങ്ങളാണ് ആ ഘട്ടത്തില്‍ മുഴങ്ങി കേട്ടത്. 1920 കളോടെ വ്യക്തികളുടെ ശ്രമങ്ങള്‍ ശക്തിപ്പെടുകയും സ്വാധീനം വ്യാപകമാവുകയും ചെയ്തതിന്റെ ഫലമായി ചെറുസംഘങ്ങള്‍ രൂപം കൊള്ളുകയും സ്ത്രീകള്‍ തന്നെ രംഗത്തുവരികയും വനിതാ പ്രസിദ്ധീകരണങ്ങള്‍ പുറത്തിറങ്ങുകയും ചെയ്തു തുടങ്ങി. ഇതാണ് രണ്ടാമത്തെ ഘട്ടം. വക്കം മൗലവി (1873-1932), എം. ഹലീമാബീവി (1918-2000) തുടങ്ങിയ വ്യക്തികളും തിരുവിതാംകൂര്‍ മഹിളാ സമാജം, തലശ്ശേരി കേന്ദ്രീകരിച്ച മുസ്‌ലിം മഹിളാ സമാജം, തുടങ്ങിയ സംഘങ്ങളും മുസ്‌ലിം വനിത, നിസാഉല്‍ ഇസ്‌ലാം തുടങ്ങിയ പ്രസിദ്ധീകരണങ്ങളും ഈ ഘട്ടത്തിലാണ്. 1950- കളോടെ മൂന്നാം ഘട്ടം ആരംഭിച്ചു. സംസ്ഥാന അടിസ്ഥാനത്തില്‍ സംഘടിത ശ്രമങ്ങള്‍ ഉണ്ടാവുകയും വനിതാ വിദ്യാലയങ്ങളും സ്ത്രീ പ്രതിഭകളും ഉയര്‍ന്നുവരികയും ചെയ്തു. വനിതാസമ്മേളനങ്ങളും മറ്റും സംഘടിപ്പിക്കപ്പെടാന്‍ തുടങ്ങി. കേരള ജംഇയ്യത്തുല്‍ ഉലമ, ജമാഅത്തെ ഇസ്‌ലാമി, കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ തുടങ്ങിയ സംഘടനകളുടെ പ്രവര്‍ത്തനങ്ങളും കൊച്ചി, കോഴിക്കോട്, മലപ്പുറം തുടങ്ങിയ സ്ഥലങ്ങളിലെ വനിതാ സമ്മേളനങ്ങളും ചേന്ദമംഗല്ലൂര്‍, പുളിക്കല്‍ തുടങ്ങിയ വനിതാ വിദ്യാലയങ്ങളും ഈ ഘട്ടത്തിലാണുണ്ടായത്. 1980-കളില്‍ മുസ്‌ലിം സ്ത്രീ മുന്നേറ്റം നാലാം ഘട്ടത്തിലേക്ക് കടന്നതോടെ സംസ്ഥാനതലത്തില്‍ സ്വന്തമായ നയപരിപാടികളോടെ വനിതാ സംഘടനകള്‍ രൂപീകരിക്കപ്പെടുകയും പുതിയ വനിതാ പ്രസിദ്ധീകരണങ്ങള്‍ പുറത്തിറങ്ങുകയും ചെയ്തു. ജമാഅത്ത്-മുജാഹിദ് വനിതാ സംഘടനകള്‍ രംഗത്ത് വന്നതും യഥാക്രമം ആരാമം, പുടവ തുടങ്ങിയ പ്രസിദ്ധീകരണങ്ങള്‍ ആരംഭിച്ചതും സ്ത്രീമുന്നേറ്റ പ്രവര്‍ത്തനങ്ങള്‍ക്ക് വ്യവസ്ഥാപിതത്വവും പുതിയ ഉണര്‍വും കൈവന്നതും ഈ ഘട്ടത്തിലാണ്. അഞ്ച്, 1990-കളുടെ അവസാനത്തില്‍ ആരംഭിക്കുകയും 2000-നുശേഷം ശക്തിപ്പെടുകയും ചെയ്ത അഭൂതപൂര്‍വമായ മുന്നേറ്റമാണ് അഞ്ചാം ഘട്ടത്തിന്റെ പ്രത്യേകത.

 5. 1930-’60കള്‍ കേരളത്തില്‍ മുസ്‌ലിംസ്ത്രീ മുന്നേറ്റത്തിന്റെ സുവര്‍ണ കാലമായിരുന്നു. പ്രതിഭാധനരായ ഒട്ടേറെ സ്ത്രീകള്‍തന്നെ ഈ രംഗത്ത് ആവേശകരമായ ചുവടുവെപ്പുകള്‍ നടത്തുകയുണ്ടായി. ഇസ്‌ലാമിക ദര്‍ശനത്തിലെ സ്ത്രീവിമോചന കാഴ്ചപ്പാടുകളില്‍ ഊന്നിനിന്നുകൊണ്ടും അതില്‍നിന്നു തന്നെ ഊര്‍ജം സ്വീകരിച്ചും തങ്ങളുടേതായ ഭാഷയിലും ശൈലിയിലും അവര്‍ വിഷയം അവതരിപ്പിച്ചു. പൗരോഹിത്യത്തെയും തെറ്റായ പുരുഷാധിപത്യത്തെയും നിരാകരിക്കുമ്പോള്‍ തന്നെ, ഫെമിനിസത്തെയോ മതവിരുദ്ധ സ്ത്രീവാദത്തെയോ തങ്ങളുടെ ചിന്തകള്‍ക്ക്  അവര്‍ ആധാരമാക്കിയില്ല. കാരണം, ആ കാലഘട്ടത്തില്‍ ഇവിടെ അത്തരമൊരു ചിന്തയോ ചര്‍ച്ചയോ ഒട്ടും ഉണ്ടായിരുന്നില്ല. പക്ഷേ, ഫെമിനിസത്തെ ഉള്‍ചേര്‍ത്ത മുസ്‌ലിംസ്ത്രീവാദം ഉയര്‍ത്തിപ്പിടിക്കുന്ന ചിലര്‍, 1930-’60കളിലെ വനിതാ പ്രതിഭകളെ അത്തരത്തില്‍ വ്യാഖ്യാനിക്കാന്‍ വൃഥാ ശ്രമിച്ചിട്ടുണ്ട്.
 6. സ്ത്രീമുന്നേറ്റ പ്രവര്‍ത്തനങ്ങളെ ചെറുക്കാനുള്ള സംഘടിത ശ്രമങ്ങള്‍ മുസ്‌ലിം പൗരോഹിത്യത്തിന്റെ ഭാഗത്തുനിന്നു വലിയ അളവില്‍ തന്നെ ഉണ്ടായി. മതപരമായ ദുര്‍വ്യാഖ്യാനങ്ങളിലൂടെയാണ് പൗരോഹിത്യം അത് നിര്‍വഹിച്ചത്. ഇത്തരമൊരവസ്ഥ, ഇതേ രൂപത്തില്‍ ഇതര മത സമുദായങ്ങളില്‍ ഉണ്ടായിട്ടില്ലെന്നാണ് മനസ്സിലാകുന്നത്.

7. ഗവണ്‍മെന്റിന്റെ സ്ത്രീശാക്തീകരണ സംരംഭങ്ങള്‍, വിദ്യാഭ്യാസ സംവിധാനങ്ങള്‍, കേരളീയ സാമൂഹിക നവോത്ഥാനം, ഫെമിനിസ്റ്റ് മൂവ്‌മെന്റുകള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍, വിവിധ വിദ്യാഭ്യാസ സാംസ്‌കാരിക സംഘങ്ങള്‍ തുടങ്ങിയവയെല്ലാം മുസ്‌ലിംസ്ത്രീ മുന്നേറ്റത്തെ പല തലങ്ങളില്‍ സഹായിച്ചിട്ടുണ്ടെങ്കിലും വ്യാപകമായ സ്വാധീനം ചെലുത്തിയതും മുന്നോട്ട് നയിച്ചതും ഇസ്‌ലാമിക നവോത്ഥാന പ്രസ്ഥാനങ്ങളും  സമുദായത്തിലെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളും തന്നെയാണ്. അതുകൊണ്ടാണ്, മുസ്‌ലിം സ്ത്രീമുന്നേറ്റത്തിന്റെ മുഖ്യപങ്കും ഇസ്‌ലാമിക സംസ്‌കാരത്തെ മുറുകെപിടിച്ചുകൊണ്ട് ജ്വലിച്ചുനില്‍ക്കുന്നത്.

സ്ത്രീ വിമോചനത്തിന്റെ ആശയപരിസരം, നവോത്ഥാനപൂര്‍വ കാലഘട്ടം, ഉണര്‍വിന്റെ ആദ്യകിരണങ്ങള്‍, നവോത്ഥാനം ശക്തിപ്പെടുന്നു, വനിതാ സംഘടനകളുടെ രംഗപ്രവേശം എന്നീ അഞ്ച് തലക്കെട്ടുകള്‍ കേന്ദ്രീകരിച്ചാണ് ഈ ചര്‍ച്ച വികസിക്കുന്നത്. ഇതില്‍ ഒന്നാമത്തേത്, ഇസ്‌ലാമിലെ സ്ത്രീവിമോചന കാഴ്ചപ്പാട് എന്താണെന്നും ഫെമിനിസം, മുസ്‌ലിംസ്ത്രീവാദം, സ്ത്രീശാക്തീകരണത്തെ സംബന്ധിച്ച ഔദ്യോഗിക ഭാഷ്യങ്ങള്‍ എന്നിവയില്‍ നിന്നും അതെങ്ങനെ വ്യത്യാസപ്പെടുന്നു എന്നതുമാണ്. വിശുദ്ധഖുര്‍ആനും പ്രവാചക ചര്യയും മുന്നോട്ട് വെക്കുന്ന മൗലികാടിത്തറകളില്‍ ഊന്നിനിന്നുകൊണ്ടുതന്നെ, ഇസ്‌ലാം വിഭാവന ചെയ്യുന്ന സാമൂഹിക ഉന്നമനം നേടിയെടുക്കാന്‍ മറ്റുള്ളവയിലെ നന്മകള്‍ കൂടി സ്വാംശീകരിക്കാന്‍ തടസ്സമില്ല. ഈ വിഷയത്തില്‍, അന്ധമായ എതിര്‍പ്പിനും അരാജകവാദപരമായ അനുധാവനത്തിനും മധ്യേയുള്ള നിലപാടാണ് ഇസ്‌ലാം മുന്നോട്ട് വെക്കുന്നത്. ഇതു സംബന്ധിച്ച സ്വതന്ത്ര ചര്‍ച്ച മറ്റൊരവസരത്തിലേക്ക് മാറ്റിവെക്കുകയാണ്.

മെച്ചപ്പെട്ട അവസ്ഥകള്‍

പതിനാലു നൂറ്റാണ്ടുകള്‍ക്കുമുമ്പ് ഇസ്‌ലാം സ്ത്രീകള്‍ക്ക് നേടിക്കൊടുത്ത അധികാര-അവകാശങ്ങളും സാമൂഹിക പദവിയും ശരിയായ അര്‍ഥത്തില്‍ അനുഭവിക്കാന്‍ പല കാരണങ്ങള്‍കൊണ്ടും ഇവിടെ അവസരമില്ലായിരുന്നുവെങ്കിലും, അവയില്‍ ചിലതെല്ലാം പാരമ്പര്യ സ്വഭാവത്തില്‍ നിലനിന്നുപോന്നിരുന്നു. സ്ത്രീകളുടെ സ്വത്തവകാശം, വസ്ത്രധാരണാ സ്വാതന്ത്ര്യം, അംഗീകാരമുള്ള   ഏക പതീസമ്പ്രദായം,  സാക്ഷരത, വിധവാ വിവാഹം, ചില പ്രദേശങ്ങളിലും  കുടുംബങ്ങളിലും  അനുഭവിക്കാന്‍ കഴിഞ്ഞിരുന്ന താരതമ്യേന മെച്ചപ്പെട്ട പദവി തുടങ്ങിയവ ഉദാഹരണം. സഹോദര സമുദായങ്ങളിലെ സ്ത്രീയവസ്ഥകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ വിഷയങ്ങളില്‍ മുസ്‌ലിം സ്ത്രീകള്‍ക്ക് കുറച്ചെങ്കിലും മെച്ചപ്പെട്ട അവസ്ഥകളുണ്ടായിരുന്നുവെന്ന് മനസ്സിലാക്കാന്‍ കഴിയും. എല്ലാ അര്‍ഥത്തിലും മുസ്‌ലിം സ്ത്രീ പിന്നാക്കവും അടിച്ചമര്‍ത്തപ്പെട്ടവളുമായിരുന്നുവെന്ന പ്രചരിത കഥകളിലെ കതിരും പതിരും വേര്‍തിരിച്ചെടുത്താല്‍ ഇത് കുറേകൂടി വ്യക്തമാകും.

അക്ഷരാഭ്യാസത്തിനും മതപരമായ അനുഷ്ഠാനങ്ങളെ സംബന്ധിച്ച് -തീരെ പരിമിതമെങ്കിലും-പ്രാഥമികമായ വിവരങ്ങള്‍ നേടുന്നതിനും  മുസ്‌ലിം സ്ത്രീകള്‍ക്ക് അവസരമുണ്ടായിരുന്നു. അറബി-മലയാള ലിപിയും, അറബി എഴുത്തും വായനയും അറിയുന്നവരായിരുന്നു പൊതുവില്‍ മുസ്‌ലിം സ്ത്രീകള്‍ എന്നതുകൊണ്ട്, ആ അര്‍ഥത്തില്‍ അവര്‍ സാക്ഷരരായിരുന്നുവെന്ന് ന്യായമായും പറയാം. കാരണം, ഒരു ജനവിഭാഗത്തിനകത്ത് ഒരു കാലഘട്ടത്തില്‍ നിലനിന്നിരുന്ന അക്ഷരാഭ്യാസവും പ്രാഥമിക മതവിവരങ്ങള്‍ ആര്‍ജിക്കലും സ്ത്രീകള്‍ക്കും പ്രാപ്യമായിരുന്നുവെന്നാണല്ലോ ഇതിനര്‍ഥം. ഖുര്‍ആന്‍ പാരായണം ചെയ്യാനും അറബിമലയാള ലിപിയിലുള്ള  ചില പ്രാഥമിക മതപുസ്തകങ്ങളും ബൈത്തുകളും മറ്റും ചൊല്ലാനും മുസ്‌ലിം സ്ത്രീകള്‍ക്ക് പൊതുവെ അറിയുമായിരുന്നു. കുട്ടികളെ ഓത്ത് പഠിപ്പിക്കാന്‍ കഴിവുള്ള മുസ്‌ലിം സ്ത്രീകള്‍ (പെണ്‍ ഉസ്താദുമാര്‍) കേരളത്തിന്റെ പലഭാഗങ്ങളിലും ഉണ്ടായിരുന്നു (പ്രബോധനം വാരിക (ലക്കം 2814) പ്രസിദ്ധീകരിച്ച ലേഖനം കാണുക). ഇസ്‌ലാമിക വിജ്ഞാനീയങ്ങളില്‍ അവഗാഹമുള്ള, അറബി കിതാബുകള്‍ ഓതിപ്പഠിച്ച ഒറ്റപ്പെട്ട മതപണ്ഡിതകളും മുസ്‌ലിം സ്ത്രീകള്‍ക്കിടയിലുണ്ടായിരുന്നു. പാട്ടെഴുത്തുകാരികളും പാട്ടുകെട്ടിപ്പാടുന്നവരും മറ്റും കുറവാണെങ്കിലും കേരളീയ മുസ്‌ലിം സ്ത്രീചരിത്രത്തില്‍ ഉണ്ടായിട്ടുണ്ട്.

ഇസ്‌ലാം സ്ത്രീകള്‍ക്ക് സ്വത്തവകാശവും കൈകാര്യാധികാരവും നേടിക്കൊടുക്കുകയും അത് നിലനിര്‍ത്താന്‍ കൃത്യമായ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. അത് കേരളീയ മുസ്‌ലിം സമൂഹത്തിലും മുമ്പു മുതലേ നിലനിന്നുവരികയുണ്ടായി. ഇസ്‌ലാമിലെ അനന്തരാവകാശം മതമേഖലയില്‍ പഠിപ്പിക്കപ്പെടുകയും വ്യക്തികളുടെ മരണാനന്തരം ആ നിയമമനുസരിച്ച് സ്വത്ത് ഓഹരിവെക്കുകയും ചെയ്തുവരുന്നു. മതപണ്ഡിതര്‍ക്കു മാത്രമല്ല, പല പൗരപ്രമുഖര്‍ക്കും സ്ത്രീകളില്‍ ചിലര്‍ക്കും ഇസ്‌ലാമിലെ അനന്തരാവകാശ നിയമങ്ങള്‍ അറിയുമായിരുന്നു. അതനുസരിച്ച് സ്വത്ത് ഭാഗം വെക്കുകയും ചെയ്തുവന്നു. 100 വര്‍ഷങ്ങള്‍ക്കുമുമ്പുള്ള ആധാരങ്ങള്‍ പരിശോധിച്ചാല്‍ മുസ്‌ലിംസ്ത്രീകള്‍ക്കും സ്വത്തവകാശം നല്‍കപ്പെട്ടിരുന്നുവെന്നും അത് സാര്‍വത്രികമായിരുന്നുവെന്നും മനസ്സിലാക്കാം. അല്ലാഹുവിന്റെ പ്രീതിയും ജനക്ഷേമവും ആഗ്രഹിച്ചുകൊണ്ടുള്ള സുസ്ഥിരദാനമാണ് ‘വഖ്ഫ്’. കേരളത്തിലെ വഖ്ഫ് സ്വത്തുകളുടെ ചരിത്രം പരിശോധിച്ചാല്‍, ഭൂസ്വത്തുള്ള സ്ത്രീകളും തങ്ങളുടേതായ നിലയില്‍  വഖ്ഫ് ചെയ്തിരുന്നുവെന്ന് കാണാം. ചില കുടുംബങ്ങളില്‍ ഭൂസ്വത്ത് ഉള്‍പ്പെടെയുള്ള സമ്പത്ത് കൈകാര്യം ചെയ്യുന്നതില്‍ മുസ്‌ലിംസ്ത്രീകള്‍ അധികാരം അനുഭവിച്ചിരുന്നു. സ്വത്തവകാശം വകവെച്ചുകിട്ടാനായി മുസ്‌ലിം സ്ത്രീകള്‍ക്ക് സമരം ചെയ്യേണ്ടിവന്ന സാഹചര്യം ഇവിടെ ഉണ്ടായിരുന്നില്ല എന്നതുതന്നെയാണ് ഇതിന്റെ ഏറ്റവും വലിയ തെളിവ്. വിദ്യാഭ്യാസം, പള്ളിപ്രവേശം, സാമൂഹികപ്രവര്‍ത്തനം, വിവാഹം  തുടങ്ങിയവയിലെ അവകാശങ്ങള്‍ക്കുവേണ്ടി പടപൊരുതേണ്ടിവന്നതുപോലെ  അനന്തരസ്വത്തിലെ അവകാശത്തിനുവേണ്ടി കേരളത്തില്‍ മുസ്‌ലിംസ്ത്രീകള്‍ക്ക് ശബ്ദമുയര്‍ത്തേണ്ടിവന്നിട്ടില്ല. കോടതികളെ സമീപിക്കുകയോ കോടതികള്‍ക്ക്  നിയമനടപടികള്‍ സ്വീകരിക്കേണ്ടിവരികയോ ചെയ്തിട്ടില്ല. എന്നാല്‍ ചില സഹോദര സമുദായങ്ങള്‍ക്കിടയില്‍ സ്ത്രീകള്‍ക്ക് സ്വത്തവകാശം നിഷേധിക്കപ്പെട്ടിരുന്നുവെന്നത് ചരിത്രത്തില്‍ സര്‍വസമ്മതമായ വസ്തുതയാണ്. സ്വത്തവകാശം നേടിയെടുക്കാന്‍ അവര്‍ സ്വസമുദായത്തിലെ അധികാര കേന്ദ്രങ്ങളോട് പൊരുതുകയും രാജ്യത്തെ നീതിന്യായ സംവിധാനങ്ങളെ സമീപിക്കുകയും കോടതിവിധികള്‍ക്ക് കാത്തുനില്‍ക്കുകയും ചെയ്യേണ്ടിവന്നു.

സ്ത്രീകള്‍ക്ക് വസ്ത്രം ധരിക്കാനുള്ള അവകാശം നല്‍കുകയല്ല, വസ്ത്രസംസ്‌കാരം അവരെ പഠിപ്പിക്കുകയും നിയമവിധികള്‍ നല്‍കുകയുമാണ് ഇസ്‌ലാം ചെയ്തത്. അത് ശരിയായ അര്‍ഥത്തില്‍ നടപ്പിലാക്കുന്നതില്‍ ചിലര്‍ വീഴ്ചവരുത്തിയിട്ടുണ്ടാകാമെങ്കിലും മുസ്‌ലിംസ്ത്രീകള്‍ക്ക് നഗ്നത മറക്കുന്നത് തങ്ങളുടെ അവകാശമാണെന്ന് സ്ഥാപിക്കാനോ, അതിന് അനുവാദം നേടാനോ സമരം ചെയ്യേണ്ടിവന്നില്ല. മാന്യവും സംസ്‌കാരസമ്പന്നവുമായ വസ്ത്രധാരണരീതി ഇസ്‌ലാം അവര്‍ക്ക് നല്‍കുകയുണ്ടായി. സ്വന്തം ശരീരം മറക്കാനുള്ള ഈ മൗലികാവകാശം കേരളീയ മുസ്‌ലിംസ്ത്രീ ചരിത്രത്തില്‍ എന്നും അനുഭവിച്ചിട്ടുണ്ട്. ‘മാറുമറക്കല്‍’ സമരം പോലെ ഒരു ഇടപെടല്‍ മുസ്‌ലിം സ്ത്രീക്ക് നടത്തേണ്ടിവന്നില്ല എന്നത് അവരുടെ ശോഭന ചരിത്രത്തെയാണ് അടയാളപ്പെടുത്തുന്നത്. മാത്രമല്ല, ഇവ്വിധം കടുത്ത അവകാശ നിഷേധങ്ങള്‍ അനുഭവിക്കേണ്ടിവന്ന കേരളീയസ്ത്രീകള്‍ക്ക് വസ്ത്രധാരണ അവകാശം നേടിക്കൊടുക്കുന്നതില്‍ ഇസ്‌ലാമും മുസ്‌ലിംസമൂഹവും വഹിച്ച പങ്കും ചരിത്രത്തില്‍ രേഖപ്പെട്ടുകിടക്കുന്നുണ്ട് (കെ.എം പണിക്കര്‍-കേരളത്തിലെ സ്വാതന്ത്ര്യസമരം-1957, പേജ് 389). എന്നാല്‍, ഇതില്‍നിന്ന് ഭിന്നമായി സ്ത്രീകള്‍ മാറുമറക്കുന്നത് കുറ്റമായി പരിഗണിച്ചിരുന്ന സാഹചര്യമാണല്ലോ ഇവിടെ നിലനിന്നിരുന്നത്. ”മാറുമറച്ച ഒരു സ്ത്രീ ആറ്റിങ്ങല്‍ റാണിയെ മുഖംകാണിച്ചപ്പോള്‍ ആ സ്ത്രീയുടെ മാറും മുലയും അരിയാന്‍ റാണി ആജ്ഞാപിക്കുകയുണ്ടായി” (Studies in  Kerala History- Ilamkulam Kunjanpilla- Kottayam-1920 ,  Page – 295). ”ഉപരിവര്‍ഗക്കാരുടെ അംഗീകരണം പെട്ടെന്ന് ലഭിക്കുന്നതിനുവേണ്ടി അരയ്ക്കുമേല്‍ മറക്കാതിരിക്കണം. ചെരിപ്പും കുടയും വിശേഷപ്പെട്ട വസ്ത്രങ്ങളും വിലപിടിച്ച ആഭരണങ്ങളും അവര്‍ക്കു നിരോധിച്ചിരിക്കുന്നു. പൊതുചടങ്ങുകളില്‍ മഴകോരിച്ചൊരിയുകയാണെങ്കിലും ബ്രാഹ്മണര്‍ക്കൊഴികെ കുടപിടിക്കാന്‍ അനുവാദം ഇല്ല. ഉയര്‍ന്ന വര്‍ഗക്കാരെ ശരിയായ രീതിയില്‍ വന്ദിക്കുന്നത് മാറത്തെ മറനീക്കിയാണ്” (എ. ശ്രീധരമേനോന്‍, സോഷ്യല്‍ ആന്റ് കള്‍ച്ചറല്‍ ഹിസ്റ്ററി ഓഫ് കേരള, ന്യൂദല്‍ഹി, 1979, പേജ്-112).

ഏകപതീവ്രതമാണ് ഇസ്‌ലാം കര്‍ശനമായി കല്‍പിച്ചതും ഇസ്‌ലാമികസമൂഹത്തില്‍ ചരിത്രത്തിലുടനീളം നിലനിന്നിരുന്നതും. വിവിധ പ്രദേശങ്ങളിലെ അനാചാരങ്ങള്‍ ചിലപ്പോഴൊക്കെ അവിടങ്ങളിലെ മുസ്‌ലിം സമൂഹങ്ങളെയും സ്വാധീനിക്കാറുണ്ടെങ്കിലും, കേരളത്തില്‍ നിലവിലുണ്ടായിരുന്ന ‘ബഹുഭര്‍തൃത്വം’, സംബന്ധം, വിധവാ വിവാഹ നിരോധം തുടങ്ങിയ അത്യധികം സ്ത്രീവിരുദ്ധമായ അനാചാരങ്ങളൊന്നും മുസ്‌ലിംസമൂഹത്തിലേക്ക് കടന്നുവരികയുണ്ടായില്ല. അതുകൊണ്ടുതന്നെ ബഹുഭര്‍തൃത്വം, സംബന്ധം, വിധവാ വിവാഹനിരോധം തുടങ്ങിയ അത്യാചാരങ്ങളുടെ  ദുരന്തങ്ങളൊന്നും കേരളീയ മുസ്‌ലിംസ്ത്രീയുടെ ചരിത്രത്തില്‍ ഇരുള്‍ പടര്‍ത്തുകയുണ്ടായില്ല. ഇവിടെ ഒട്ടനവധി സ്ത്രീകള്‍ ഇത്തരം ദുഷിച്ച സമ്പ്രദായങ്ങളുടെ ഇരകളായിരുന്നുവെന്നറിയുമ്പോഴാണ് മുസ്‌ലിംസ്ത്രീകള്‍ അനുഭവിച്ച താരതമ്യേന മെച്ചപ്പെട്ട അവസ്ഥ മനസ്സിലാക്കാന്‍ കഴിയുന്നത്. അതേസമയം അനിയന്ത്രിതമായ ബഹുഭാര്യാത്വത്തിന്റെ പ്രയാസങ്ങള്‍ ചില മുസ്‌ലിം സ്ത്രീകള്‍ക്ക്, സാര്‍വത്രികമായല്ലെങ്കിലും അനുഭവിക്കേണ്ടിവന്നിട്ടുണ്ട്. എന്നാല്‍, ‘മുസ്‌ലിംകള്‍ പൊതുവെ ഏകപത്‌നീ വ്രതക്കാരാണെന്നും’ നിരീക്ഷിക്കപ്പെട്ടിട്ടുണ്ട് (ക്രൈസ്തവ വിജ്ഞാനകോശം, പ്രകാശം പബ്ലിക്കേഷന്‍സ്, ആലപ്പുഴ, 1975, പേജ് 165).

വിധവാ വിവാഹം അനുവദനീയം മാത്രമല്ല, നബി(സ) അതിന് പ്രേരണ നല്‍കുകയും ചെയ്തിരുന്നതിനാല്‍ മുസ്‌ലിം സ്ത്രീകള്‍ക്ക് വിധവാ വിവാഹത്തിന് സൗകര്യം ലഭിച്ചിരുന്നു. ഇന്നു കാണുന്ന വിവാഹ-സൗന്ദര്യ സങ്കല്‍പങ്ങളൊന്നും ‘വികസിച്ച്’ വന്നിട്ടില്ലാത്തതിനാല്‍, മുമ്പ് കാലത്ത് വിധവാ വിവാഹം  കുറേക്കൂടി എളുപ്പത്തില്‍ നടന്നിരുന്നു. എന്നാല്‍, വിധവാ വിവാഹം നിയമപരമായി വിലക്കപ്പെട്ടിരുന്നതിനാല്‍ വലിയ ദുരന്തങ്ങള്‍ പേറേണ്ടിവന്ന സ്ത്രീവിഭാഗങ്ങള്‍ കേരള ചരിത്രത്തില്‍ ഉണ്ടായിട്ടുണ്ട്. വിധവാ വിവാഹം വിലക്കപ്പെട്ടവര്‍ക്കിടയില്‍ പരിഷ്‌കരണ ആശയക്കാരുടെ ശ്രമഫലമായി ആദ്യ വിധവാ വിവാഹം നടന്നത് 1935-ലാണ്. 1950-ലാണ് അവര്‍ക്കിടയില്‍ വിധവാ വിവാഹം ഒരു സാധാരണ സംഭവമായിത്തീര്‍ന്നത് (കേരള നവോത്ഥാനം-പി. ഗോവിന്ദപിള്ള, പേജ്-220). തന്റെ സമുദായത്തിലെ വിധവകള്‍, വിവാഹം വിലക്കപ്പെട്ടതിന്റെ പേരില്‍ അനുഭവിക്കേണ്ടിവന്ന ദുരിതങ്ങളെക്കുറിച്ച് കമാലാ സുറയ്യ (മാധവിക്കുട്ടി) പലപ്പോഴായി വിശദീകരിച്ചിട്ടുണ്ട്. കേരളത്തിലെ നായര്‍ സ്ത്രീകളുടെ പൊതുഅവസ്ഥയെ കുറിച്ച് 1945-ല്‍ ദേവിക അന്തര്‍ജനം പറയുന്നത് കൂടി കാണുക. ”ഇവിടെ നാം നായര്‍ സമുദായത്തിലെ സ്ത്രീസ്വാതന്ത്ര്യത്തെ പറ്റിയാണ് പര്യാലോചിക്കുന്നത്. നായര്‍ സ്ത്രീക്കു വിവാഹമോചന സ്വാതന്ത്ര്യമുണ്ട്. അവര്‍ക്കു കുടുംബസ്വത്തില്‍ പുരുഷനേക്കാളും അവകാശമുണ്ട്. ഘോഷയില്ല, സ്ത്രീധനസമ്പ്രദായമില്ല. ഈവക ഗുണങ്ങളെല്ലാമുണ്ടായിട്ടും നായര്‍ സമുദായത്തിലെ സ്ത്രീകള്‍ ഇന്നും ഭൂരിപക്ഷം സ്വതന്ത്രകളല്ലെന്ന് ആരും സമ്മതിക്കും. ഒരു കുലീന നായര്‍ തറവാട്ടിലെ പെണ്‍കിടാവിന് ഒരു നമ്പൂതിരി സ്ത്രീയുടെ സ്വാതന്ത്ര്യം പോലും ഇന്നില്ല. അവളെത്ര അഭ്യസ്ത വിദ്യയായാലും ശരി സ്വന്തമായ വ്യക്തിത്വമോ അഭിപ്രായമോ അവള്‍ക്കുണ്ടാകാറില്ല.ഉണ്ടാകണമെന്ന് ആരും ആഗ്രഹിക്കാറില്ല. (ആണരശുനാട്ടിലെ കാഴ്ചകള്‍, പേജ് 156, ജെ. ദേവിക-കറന്റ്ബുക്‌സ്-2006).

ബഹുഭര്‍തൃത്വവും സംബന്ധവുമാണ് ഇവിടെ നിലനിന്നിരുന്ന സ്ത്രീവിരുദ്ധമായ മറ്റു രണ്ടു കാര്യങ്ങള്‍. ഒരു തറവാട്ടിലെ ജ്യേഷ്ഠപുത്രനു മാത്രമേ സ്വസമുദായത്തില്‍ നിന്നു വിവാഹം കഴിക്കാന്‍ പാടുള്ളൂ എന്ന നിയമം (പ്രൈമോജെനീറ്റര്‍) വലിയ സാമൂഹിക ദുരന്തത്തിന് വഴിതുറന്നു. മറ്റു മക്കള്‍ ഇതര ജാതികളില്‍നിന്ന് ‘സംബന്ധം’ ചെയ്തുകൊള്ളണമെന്നതായിരുന്നു നാട്ടുനടപ്പ്. പി. ഗോവിന്ദപിള്ളയുടെ പ്രയോഗമനുസരിച്ച് ‘അത്തരം വിവാഹ ആഭാസം’ എത്ര വേണമെങ്കിലും ആകാം. അത്തരം ഭാര്യമാര്‍ക്കോ അവരിലുണ്ടാകുന്ന മക്കള്‍ക്കോ അഛന്റെ തറവാട്ടുസ്വത്തില്‍ യാതൊരു അവകാശവും ഇല്ലെന്നു മാത്രമല്ല, ഇല്ലത്തുപോയി താമസിക്കാന്‍ പോലും അവകാശം ഉണ്ടായിരുന്നില്ല. അച്ഛന്‍ ഭാര്യാവീട്ടിലേക്ക് പോകലായിരുന്നു പതിവ്. ‘സംബന്ധം’ എന്ന ഏര്‍പ്പാട് സൃഷ്ടിച്ച പ്രശ്‌നങ്ങള്‍ നിരവധിയാണ്. പുരുഷന്മാര്‍ വിജാതീയ വിവാഹം  തേടിപ്പോയപ്പോള്‍, സ്വജാതിയിലെ പെണ്‍കുട്ടികള്‍ ഇല്ലങ്ങളുടെ ഇരുള്‍വീണ ഇടനാഴികകളിലിരുന്ന് നരച്ചു. 1885-ല്‍ മലബാറില്‍ മാത്രം 1017 ഇല്ലങ്ങളുണ്ടായിരുന്നുവെന്ന് വില്യം ലോഗന്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇക്കാലത്ത് കേരളത്തില്‍ മൊത്തം 1500 ഇല്ലങ്ങളിലായി ഏതാണ്ട് എണ്ണായിരത്തോളം ആജീവനാന്ത കന്യകമാര്‍ ഒരു സമുദായത്തിലുണ്ടായിരുന്നുവെന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. സ്വത്ത് ഭാഗിക്കപ്പെടാതിരിക്കുകയെന്ന ലക്ഷ്യം കൂടി ഇതിനുണ്ടായിരുന്നു. വ്യാപകമായ വൃദ്ധ-യുവതീ വിവാഹത്തിനും ഇത് വഴിവെച്ചു. ഋതുമതിയാകുന്നതിനു മുമ്പേ പെണ്‍കുട്ടിയെ വിവാഹം കഴിക്കണമെന്നും ഋതുമതീവിവാഹം ഒരു ആപല്‍ ധര്‍മമായി സ്വീകരിക്കാവുന്നതാണെന്നും മതശാസനകള്‍ ഉണ്ടായിരുന്നു.  വൃദ്ധ കന്യകമാരുടെ എണ്ണം പെരുകുകയും നാലാംവേളിയായി, അഞ്ചാം വേളിയായി നിരവധി ഉണ്ണിക്കിടാവുമാരുടെ ജീവിതം ഹോമിക്കപ്പെടുകയും ചെയ്തു (ഡോ. പി.വി രാമന്‍ കുട്ടി, 500 വര്‍ഷത്തെ കേരളം, ചില അറിവടയാളങ്ങള്‍, പേജ് 95-97). ഈ ദുരവസ്ഥയെ കുറിച്ചാണ് പി. ഗോവിന്ദപിള്ള ഇങ്ങനെ രേഖപ്പെടുത്തിയത്;  ”ഇത്രയേറെ പീഡനങ്ങള്‍ക്കും അവമതികള്‍ക്കും പാത്രമായ സ്ത്രീകള്‍ മറ്റേതെങ്കിലും സമുദായത്തില്‍ ഉണ്ടായിരുന്നോ എന്ന് സംശയമാണ്” (കേരള നവോത്ഥാനം, പേജ്-210, ചിന്ത പബ്ലിഷേഴ്‌സ്, കേരള നവോത്ഥാനവും നമ്പൂതിരിമാരും, ഐ.വി ബാബു-കോട്ടയം 2011, പേജ് 40-41). വി.ടി ഭട്ടതിരിപ്പാടിന്റെ അടുക്കളയില്‍നിന്ന് അരങ്ങത്തേക്ക് എന്ന നാടകവും അമ്പലങ്ങള്‍ക്ക് തീകൊളുത്തുക എന്ന ലഘുലേഖയും എം.ആര്‍ ഭട്ടത്തിരിപ്പാടിന്റെ മറക്കുടക്കുള്ളിലെ മഹാനരകം എന്ന നാടകവും, ഉണ്ണി നമ്പൂതിരി, യോഗക്ഷേമ തുടങ്ങിയ പ്രസിദ്ധീകരണങ്ങളും ഈ ചരിത്രത്തെ വിശദീകരിക്കുന്നുണ്ട്.

ഏതാണ്ട് ആറുപതിറ്റാണ്ടുകള്‍ മുമ്പുവരെ കേരളത്തില്‍ പൊതുവെ നിലനിന്നിരുന്ന സ്ത്രീകളുടെ ഈ ദുരവസ്ഥകള്‍ മനസ്സിലാക്കിക്കൊണ്ടുവേണം, മുസ്‌ലിം സ്ത്രീകളുടെ പിന്നാക്കാവസ്ഥയും, അതില്‍നിന്നവരെ മോചിപ്പിച്ചെടുത്ത നവോത്ഥാന ചരിത്രവും പഠന വിധേയമാക്കാന്‍.

(തുടരും)

Related Post