ഇവിടെ മദ്റസകള്‍ മുസ് ലിംകളുടേത് മാത്രമല്ല
നീലയും വെള്ളയും സല്‍വാര്‍ കമ്മീസ് ധരിച്ച പൂജാ ക്ഷേത്രപാല്‍ ഇസ് ലാമികചരിത്രപാഠത്തിലെ അറബിവാചകംവായിച്ച് അത് ബംഗാളിഭാഷയിലേക്ക് പരിഭാഷപ്പെടുത്തുന്ന കാഴ്ച ചിലരെയെങ്കിലും അത്ഭുതപ്പെടുത്തും. പതിനഞ്ചുകാരിയായ പൂജയും കൂട്ടുകാരികളും വെസ്റ്റ് ബംഗാളിലെ തലസ്ഥാനനഗരിയില്‍നിന്ന് നൂറ്റിയിരുപത്തിയഞ്ചുകിലോമീറ്റര് അകലെയുള്ള ഓര്‍ഗ്രാം വില്ലേജിലെ ചതുസ്പള്ളി ഹൈ മദ്രസയിലെ പത്താംക്ലാസ് വിദ്യാര്‍ഥിനികളാണ്.
‘മദ്രസയെന്നാണ് വിളിക്കുന്നതെങ്കിലും റെഗുലര്സ്കൂള് പോലെയാണ് ഇത് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ എന്റെ അച്ഛനും അമ്മയും ഇവിടെക്കൊണ്ടുവന്നുചേര്ത്തുകയായിരുന്നു.’ പൂജ പറയുന്നു.
ഓര്‍ഗ്രാം മദ്രസയുടെ സിലബസാണ് ഹൈന്ദവസമൂഹത്തെ അവിടേക്ക് ആകര്‍ഷിക്കുന്നതെന്ന് മദ്രസുടെ ഹെഡ് മാസ്റ്ററായ അന്‍വര്‍ ഹുസൈന് പറയുന്നു.
‘സാധാരണക്കാര്‍ ധരിച്ചിരിക്കുന്നത് ഇസ് ലാമികവിഷയങ്ങള് മാത്രമാണ് ഇവിടെ പഠിപ്പിക്കുന്നതെന്നാണ്. അവിടെ ഫിസിക്സ് സോഷ്യല്‍ സ്റ്റഡീസ് തുടങ്ങി പൊതുവിഷയങ്ങള്‍ പഠിപ്പിക്കുന്നില്ലെന്നാണ് അവര്‍ കരുതിയിരുന്നത്. അവരുടെ പ്രസ്തുത തെറ്റുധാരണ തിരുത്തണമെന്ന് ഞങ്ങള്‍ക്കാഗ്രഹമുണ്ടായിരുന്നു. എല്ലാ പൊതുവിഷയങ്ങളും ഞങ്ങള്‍ ഇവിടെ പഠിപ്പിക്കുന്നുണ്ട്. ഞങ്ങളുടെ മദ്രസയില്‍ പഠിക്കുന്ന ഏതൊരുകുട്ടിക്കും അതിനുശേഷം തങ്ങള്‍ക്കിഷ്ടപ്പെട്ട മേഖലയിലേക്ക് തിരിയാന്‍ അവര്‍ക്ക് അവസരം ലഭിക്കുന്നു.അതുകൊണ്ടാണ് 1400 പേര് പഠിക്കുന്ന ഈ മദ്രസയിലെ അറുപതുശതമാനം കുട്ടികളും ഹിന്ദുകുടുംബങ്ങളില്നിന്നുള്ളവരായത്.’ അന്‍വര്‍ ഹുസൈന് വെളിപ്പെടുത്തുന്നു.
ഓര്‍ഗ്രാം പഞ്ചായത്തിലെ മദ്രസകള്‍ സര്‍ക്കാര്‍ സഹായത്തോടെ ആധുനികവല്ക്കരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. അവിടെ ഫിസിക്സ്, കെമിസ്ട്രി,ജ്യോഗ്രഫി, മാത്തമാറ്റിക്സ്, കംപ്യൂട്ടര്‍, ഇംഗ്ലീഷ് എന്നിവ മദ്രസാവിഷയങ്ങളോടൊപ്പം പഠിപ്പിക്കുന്നു. മദ്രസയില്‍ യൂണിഫോം, ഫീസ്, ഉച്ചഭക്ഷണം എന്നിവ തികച്ചും സൗജന്യമാണ്. ഇതരസമുദായങ്ങള്‍ സംശയത്തോടെ കണ്ടിരുന്ന മദ്രസകള്‍ തങ്ങളുടെ മക്കളെ നാളത്തെ ഡോക്ടറും എഞ്ചിനീയറും അഡ്വക്കേറ്റും ആക്കി ത്തീര്‍ക്കാന്‍ ഉപയുക്തമെന്ന്് കണ്ട് അവിടേക്ക് മക്കളെ കൊണ്ടുചേര്ത്തുന്ന തിരക്കിലാണ് രക്ഷിതാക്കളിപ്പോള്‍. ബംഗാളിലെ ഒട്ടേറെ ഗ്രാമങ്ങളില്‍ നടപ്പാക്കിത്തുടങ്ങിയിട്ടുള്ള മദ്രസകളുടെ ആധുനികീകരണം മുസ്ലിംസമുദായത്തിന് വളരെ ഗുണംചെയ്യുന്നുണ്ടെന്ന് വെസ്റ്റ് ബംഗാള്‍ മദ്രസാ എജ്യൂകേഷന്റെ പ്രസിഡണ്ട് മുഹമ്മദ് ഫദ്ല് റബീ പറയുന്നു. മദ്രസകള്‍ മുസ്ലിംകള്ക്കുമാത്രമല്ല, ജനസമൂഹത്തിനൊട്ടാകെ പ്രയോജനംചെയ്യുന്നുണ്ടെന്നത് സന്തോഷകരമായ യാഥാര്‍ഥ്യമായി തുടരട്ടെയെന്ന് അദ്ദേഹം പ്രത്യാശിക്കുന്നു.