വിവാഹജീവിതം

Cutest-Baby-Boy-Pictures-Cute-Smile-1024x768

 സ്വദഫ് ഫാറൂഖി

എന്റെ ഇരുപതുകളിലായിരിക്കെ വിവാഹജീവിതം സ്വപ്‌നം കണ്ടതും ഏകാന്തതയുടെ വിരസതയനുഭവിച്ചതും  ഞാനിപ്പോഴും ഓര്‍ക്കുന്നു. വിവാഹം കഴിഞ്ഞ് ഒരു ദശാബ്ദം പിന്നിട്ടിട്ടും അക്കാലത്ത് കല്യാണാലോചനകള്‍ വന്നതും ഒന്നും ശരിയാകാതെ അലസിപ്പോയതും എനിക്കിപ്പോഴും ഓര്‍മയുണ്ട്. അപ്പോഴൊക്കെ ഞാനനുഭവിച്ച വികാരവിക്ഷുബ്ധതയും ഹൃദയവേദനയും ചെറുതല്ലായിരുന്നു.

ഓരോ ആലോചനവരുമ്പോഴും വിവാഹം ആലോചിക്കുന്നവര്‍ ചിന്തിക്കും . ഇതാണോ ഞാന്‍ സ്വപ്‌നം കണ്ട ആ വ്യക്തി ? ഈ കുടുംബമാണോ എന്റെ ഭാവി ബന്ധുക്കളായി വരാന്‍ പോകുന്നത് ? അവരില്‍നിന്നാണോ തന്റെ ഇണ? പലപ്പോഴും വിവാഹാലോചനകള്‍ മാസങ്ങളോളം നീണ്ടുപോകാറുണ്ട്. അവസാനമായിരിക്കും ഒന്നും നടക്കില്ലെന്നറിയുന്നത്. പ്രതീക്ഷകളുടെയും സ്വപ്‌നങ്ങളുടെയും തേരിലേറി വിലസുമ്പോഴായിരിക്കും അത് ചരടുപൊട്ടിയ പട്ടം പോലെ പറന്ന് അവസാനം ചേറില്‍ വന്നുപതിക്കുന്നത്.

സന്തോഷദാമ്പത്യത്തിന് ചിലപൊടിക്കൈകള്‍
തന്റെ ദീനിന്റെ പകുതി പൂര്‍ത്തിയാക്കാനും അതുവഴി മനോവേദനയും ലൈംഗികമോഹങ്ങളും പൂര്‍ത്തീകരിക്കാനും ആഗ്രഹിച്ചുകൊണ്ട് വിവാഹജീവിതത്തിന്റെ അന്വേഷണവുമായി മുന്നോട്ടുനീങ്ങുന്ന ആണിനെയും പെണ്ണിനെയും സംബന്ധിച്ചിടത്തോളം അതിലേക്കെത്തിപ്പെടാനാവാതെ ഓരോ വര്‍ഷവും കഴിഞ്ഞുപോകുന്നത്  അവരില്‍ മാനസികസംഘര്‍ഷവും നിരാശയും പടര്‍ത്തുകയാണ് ചെയ്യുന്നത്. ലോകത്തെവിടെയായിരുന്നാലും അവിവാഹിതരായ ആണിനെയും പെണ്ണിനെയും സംബന്ധിച്ചിടത്തോളം  യാതൊരു സദ്ഫലവും പ്രതിഫലിപ്പിക്കാത്ത വിവാഹാലോചനകള്‍ അവരെ ക്ഷമയുടെ നെല്ലിപ്പടിയോളം എത്തിക്കുമെന്നത് പ്രത്യേകം പ്രസ്താവ്യമാണ്. അതിനാല്‍ അത്തരം യുവാക്കളും യുവതികളും  എന്താണ് തങ്ങളുടെ വിവാഹം നടക്കാത്തതെന്ന് ചോദിച്ചാല്‍  അതിന് നാമെന്തുമറുപടി നല്‍കും?

ഒന്നാമതായി നിങ്ങള്‍ക്ക്  യാതൊരുകുഴപ്പവുമില്ലെന്ന് നാം പറയണം. ഇണയെത്തേടുന്നവര്‍ക്ക് വേണ്ട അവശ്യം സാധനമാണ് ആത്മവിശ്വാസം. താന്‍ കാഴ്ചയില്‍ അത്രമെച്ചമില്ലെന്നും വിലയില്ലാത്തവനും ആകര്‍ഷവാനല്ലെന്നും ഉള്ള തോന്നലുകള്‍ക്ക് യാതൊരടിസ്ഥാനവുമില്ല. അല്ലാഹു താങ്കളെ അനുപമമായ ശാരീരികപ്രത്യേകതകളോടെ സൃഷ്ടിച്ചിരിക്കുന്നു. അല്ലാഹു അത് അങ്ങനെത്തന്നെയാകണമെന്ന് നിശ്ചയിച്ചതിലൂടെ  മനസംതൃപ്തിയോടെ തന്നെ ഒരാള്‍ താങ്കളെ വിവാഹം കഴിക്കാന്‍ മുന്നോട്ടുവരുന്നതാണ്. അതുകൊണ്ട് അല്ലാഹുവിന്റെ കാരുണ്യത്തില്‍ നിരാശനാവാതിരിക്കുക. അടുത്തുതന്നെ താങ്കളില്‍ ആകര്‍ഷിതനായി വിവാഹം കഴിക്കാന്‍ ഒരാള്‍ വരുമെന്ന ശുഭാപ്തിവിശ്വാസം വെച്ചുപുലര്‍ത്തുക(ഇന്‍ശാ അല്ലാഹ്). താന്‍ പൊക്കംകുറഞ്ഞ് തടിച്ച് ഇരുണ്ടനിറത്തോടെയുള്ള അന്തര്‍മുഖനായതിനാല്‍ വിവാഹമാര്‍ക്കറ്റില്‍ തനിക്ക് ഡിമാന്റില്ലെന്ന് കരുതുന്ന അശുഭവിശ്വാസിപോലും തിരിച്ചറിയേണ്ടത്  ശരീരഭംഗിയും വിദ്യാഭ്യാസവും മാത്രമല്ല വിവാഹജീവിതത്തിന് അടിസ്ഥാനമാനദണ്ഡമെന്നാണ്.

ഈയിടെ വിവാഹിതരായ ഇണക്കിളികളിലേക്ക് നോക്കൂ. അവരെല്ലാവരും സുന്ദരിസുന്ദരന്‍മാരായിരുന്നോ? അവരിലോരോരുത്തര്‍ക്കും എന്തെങ്കിലും ശാരീരികകുറവുകളുണ്ടായിരുന്നില്ലേ? നിങ്ങളുടെ ചുറ്റുപാടുകളില്‍ ജീവിക്കുന്ന , നിങ്ങള്‍ക്ക് സുപരിചിതരായ ഈയടുത്ത് വിവാഹിതരായ ആ യുവമിഥുനങ്ങള്‍ ഏതെങ്കിലും ഫാഷന്‍ഷോയിലെന്നപോലെ(സുന്ദരീ-സുന്ദരന്‍മാരായി)ആയിരുന്നോ പ്രത്യക്ഷപ്പെട്ടത്?

നോവലുകളിലും സെലിബ്രിറ്റി മാഗസിനുകളിലും ചിത്രീകരിക്കപ്പെടാറുള്ളതില്‍നിന്ന് വിപരീതമായി ജീവിതത്തില്‍ യഥാര്‍ഥദമ്പതികളായി ജീവിക്കുന്ന എത്രയോ പേരെ നിങ്ങള്‍ കണ്ടുകഴിഞ്ഞിരിക്കുന്നു. തങ്ങളുടെ ഭാര്യമാരെക്കാള്‍ പൊക്കംകുറഞ്ഞ ഭര്‍ത്താക്കന്‍മാര്‍, രണ്ട് വ്യത്യസ്തസാംസ്‌കാരികപശ്ചാത്തലത്തില്‍നിന്ന് വിവാഹത്തിലൂടെ ഒന്നിച്ചവര്‍, സന്താനസൗഭാഗ്യം നിഷേധിക്കപ്പെട്ടിട്ടും സന്തോഷത്തോടെ ജീവിക്കുന്നവര്‍,ഭര്‍ത്താവിനേക്കാള്‍ ഇരുണ്ടനിറത്തോടെയും തടിച്ചശരീരത്തോടെയും കൂടിയ ഭാര്യമാരുള്ളവര്‍, ഭര്‍ത്താക്കന്‍മാരേക്കാള്‍ കൂടുതല്‍ വിദ്യാഭ്യാസയോഗ്യതയുള്ള ഭാര്യമാര്‍ ഈ ലിസ്റ്റ് അവസാനമില്ലാത്തതാണ്.
മുപ്പതുകഴിഞ്ഞിട്ടും വിവാഹം ശരിയായിട്ടില്ലെങ്കില്‍താങ്കള്‍ക്കെന്തോ കുഴപ്പമുണ്ട്  എന്ന് ആത്മവിശ്വാസം നഷ്ടപ്പെടുംവിധം ചിന്തിപ്പിക്കാന്‍ മറ്റുള്ളവരെ അനുവദിക്കരുത്. അല്ലെങ്കില്‍ അല്ലാഹു  താങ്കള്‍ക്ക് വിവാഹജീവിതം വിധിച്ചിട്ടില്ലെന്ന് സഹതപിക്കാന്‍ മറ്റുള്ളവര്‍ക്ക് അവസരംനല്‍കരുത്.

വിവാഹം വൈകുന്നതിനുപിന്നിലെ ‘ദൈവികയുക്തി’
പെറ്റുവീഴുന്ന ശിശുതൊട്ട് വളര്‍ച്ചയുടെ വിവിധഘട്ടം പിന്നിടുന്ന യൗവനയുക്തര്‍ക്കുവരെ ഓരോ നിമിഷവും  കടുത്ത മത്സരത്തിലൂടെ കടന്നുമാത്രമേ തന്റെ സ്ഥാനം ഉറപ്പിക്കാനാകൂ എന്ന പരിതാപകരമായ സാഹചര്യംസൃഷ്ടിച്ചിരിക്കുകയാണല്ലോ ആധുനികലോകം. അതിനാല്‍ ഇത്തരം ഭീഷണമായ ലോകസാമ്പത്തികസാമൂഹികസാഹചര്യത്തില്‍ അതിന് ഇരയാക്കപ്പെടുന്നത് വിവാഹജീവിതം നിഷേധിക്കപ്പെട്ട ഇരുപതുകളും മുപ്പതുകളും പിന്നിട്ട യുവാക്കളും യുവതികളുമാണ്. അതിനാല്‍ അതുമനസ്സിലാക്കാതെ പലരും ഊഹങ്ങള്‍ തുടങ്ങുന്നു:’അവളെ ആര്‍ക്കുമെന്തേ ഇഷ്ടപ്പെടാനാകാത്തത്? അവള്‍ കൂടുതല്‍ വിദ്യാഭ്യാസം നേടിയതിനാല്‍ ആലോചനകള്‍ നിരസിക്കുന്നുണ്ടോ?’
നീ വിചാരിക്കുന്നുണ്ടോ എന്തെങ്കിലും ആഭിചാരമോ കൈവിഷമോ പ്രയോഗിച്ചിട്ടുണ്ടെന്ന്? ഏതെങ്കിലും ശൈഖിനെ പോയിക്കാണണമെന്നാണോ നീ പറയുന്നത്?
‘സമൂഹവുമായി  ഇടപഴകാന്‍ അത്രപോരായെന്നാണോ നീ പറയുന്നത്. അവന്റെ കഷണ്ടിയിലെ പാടുകാരണമാണ് വിവാഹങ്ങള്‍ അലസിപ്പോകുന്നതെന്നാണ് ആളുകള്‍ പറയുന്നതെന്നോ?’
വ്യക്തിപരമായ കാരണങ്ങളാല്‍ വിവാഹാലോചനകളില്‍ തടസ്സങ്ങള്‍ സൃഷ്ടിക്കുന്നവര്‍ മനസ്സിലാക്കാത്ത ഒരു സത്യമുണ്ട്; എല്ലാവരും തികച്ചും വ്യത്യസ്തരായാണ് സൃഷ്ടിക്കപ്പെട്ടതെന്ന്. ഈ ലോകത്ത് തികച്ചും വൈവിധ്യമാര്‍ന്ന, അനുപമമായ, നിശ്ചിതവിധിയുമായാണ് ഓരോരുത്തരും കടന്നുവരുന്നതെന്ന പ്രകൃതിനിയമമാണ് അവര്‍ മറക്കുന്നത്.
ഇരുപതുകളിലെത്തുംമുമ്പ് വിവാഹിതരാകുന്ന മുസ്‌ലിംകളും അല്ലാത്തവരുമായ ഓരോ കുമാരീകുമാരന്‍മാരുടെയും വിഷയത്തില്‍ യാതൊരു തടസ്സങ്ങളും നമുക്ക് കാണാനാകുന്നില്ല. അവര്‍ക്കുമുന്നില്‍ എന്തെങ്കിലും നാട്ടുനടപ്പുകളോ ജാത്യാചാരങ്ങളോ  പ്രതിബന്ധം സൃഷ്ടിച്ചിട്ടില്ല. എന്നിട്ടും വിവാഹമാര്‍ക്കറ്റില്‍ എടുക്കാചരക്കുകളായി അവരെന്തുകൊണ്ട് മൂലക്കൊതുങ്ങിപ്പോയില്ല?!
വിവാഹം എപ്പോഴും ഇരുപതുകളിലും മുപ്പതുകളിലും മാത്രം നടന്നുകൊള്ളണമെന്നില്ല എന്നതൊരു യാഥാര്‍ഥ്യമല്ലേ. അതിനാല്‍ അവിവാഹിതരായ ആളുകളെപ്പറ്റി കാടടച്ചപ്രസ്താവനകളും മുന്‍ധാരണകളും വെച്ചുപുലര്‍ത്താതെ അവര്‍ക്ക് വേണ്ടത്ര സമയവും  അവസരവും നാം നല്‍കുകയാണ് വേണ്ടത്.

പക്വതയ്ക്കും ഉത്തരവാദിത്വബോധത്തിനും അവസരം നല്‍കുന്നു
നിങ്ങളുടെ പ്രാര്‍ഥനയ്ക്ക് ഉടനടി ഉത്തരം നല്‍കുന്നവനാണ് അല്ലാഹു എന്ന് കരുതരുത്. നല്ലൊരു പങ്കാളിയുമായി ഒരു ദാമ്പത്യജീവിതം നല്‍കേണമേയെന്ന നിങ്ങളുടെ പ്രാര്‍ഥന അല്ലാഹു സ്വീകരിച്ചിട്ടുണ്ട്. പക്ഷേ അത് സാധ്യമാകാന്‍ വര്‍ഷങ്ങള്‍ വേണ്ടിവരുമെന്നായിരിക്കും അല്ലാഹുവിന്റെ വിധിയിലുണ്ടാകുക. അന്നാളില്‍  തികച്ചും ലളിതവും സുഗമവുമായ മാര്‍ഗത്തില്‍ അത് സംഭവിച്ചിരിക്കും. മറ്റൊന്നുള്ളത് ഓരോ വ്യക്തിയും ആര്‍ജിക്കേണ്ടതായ  ശാരീരിക-മാനസിക-സാമ്പത്തിക-വൈകാരികപക്വതയും ഇതിന്റെ മാനദണ്ഡമായി അല്ലാഹു നിശ്ചയിച്ചിട്ടുണ്ട്. അതെപ്പോള്‍ പൂര്‍ത്തീകരിക്കപ്പെട്ടിരിക്കുന്നുവോ അപ്പോള്‍ വിവാഹം സ്വാഭാവികമായി ത്തന്നെ നിശ്ചയിക്കപ്പെടും. കാരണം അദൃശ്യങ്ങളറിയുന്നവന്‍ അല്ലാഹുവാണല്ലോ.

അടുത്ത മൂന്നുമാസത്തിനുള്ളില്‍ വിവാഹിതനാകണമെന്ന് ആഗ്രഹിക്കുന്ന ഒരാള്‍ക്ക് വിവാഹജീവിതം വൈകിക്കുന്നതിലൂടെ അല്ലാഹു ഉദ്ദേശിക്കുന്നതിതാണ്: ഇപ്പോള്‍ ഇയാള്‍/ഇവള്‍ വേണ്ടത്ര മാനസിക-വൈകാരിക-സാമ്പത്തിക പൂര്‍ണത കൈവരിച്ചിട്ടില്ല. ഇപ്പോഴുള്ള അവസ്ഥയില്‍ വിവാഹം കഴിച്ചാല്‍  അത് ദാമ്പത്യത്തെ ബാധിക്കും.
ഏറ്റവും നല്ല വിവാഹമുഹൂര്‍ത്തം കണ്ടുവെച്ചിട്ടുള്ള അല്ലാഹു വിവാഹജീവിതം വൈകിക്കുന്നതിലൂടെ തന്റെ ദാസന്‍മാരോട് ദയാവായ്പും വാത്സല്യവും പ്രകടിപ്പിക്കുകയായിരിക്കാം ഒരു വേള. നമ്മുടെ ജീവിതത്തിലെ നമുക്കജ്ഞാതമായഅവസ്ഥകളെക്കുറിച്ച് നന്നായറിയുന്നവന്‍ അല്ലാഹുവാണല്ലോ . അതുകൊണ്ട്  ചപലമനസ്‌കനാകാതെ, നിരാശനാകാതെ അവനില്‍ വിശ്വാസമര്‍പ്പിക്കുവിന്‍. ഇരുപത്തിയഞ്ചിലോ, മുപ്പത്തിയഞ്ചിലോ വിവാഹം നടക്കുന്നതെങ്കിലും ആശ്വസിക്കുവിന്‍.കാരണം അപ്പോള്‍ നടക്കുന്ന വിവാഹം സന്തോഷകരവും നിര്‍മാണാത്മകവും സ്‌നേഹസമ്പൂര്‍ണവും ആയ ദാമ്പത്യത്തിനും നിങ്ങളുടെ ദീനിജീവിതത്തിനും മുതല്‍ക്കൂട്ടാകുന്നതിലേക്ക് വഴിതുറക്കുന്നതാണെങ്കില്‍ നഷ്ടബോധം വിചാരിക്കേണ്ടതില്ലല്ലോ.

വിജ്ഞാനത്തിനും പ്രബോധനത്തിനും സഹായകരം
ജീവിതത്തില്‍ ചില അനുഗ്രഹങ്ങളുണ്ട്. അത് മറ്റുള്ളവരെ മാത്രം ആശ്രയിച്ചുള്ളതായിരിക്കണമെന്നില്ല. കാലവും സമയവും അതില്‍ നിര്‍ണായകപങ്കുവഹിക്കുന്നതായിരിക്കും. ഒരാള്‍ തന്റെ ജീവിതത്തില്‍ ഇസ്‌ലാമിനെക്കുറിച്ച വിജ്ഞാനം കരസ്ഥമാക്കുന്നത് അത്തരത്തിലുള്ള അനുഗ്രഹത്തില്‍പെട്ടതാണ്. പ്രത്യേകിച്ചും, ചിന്താശക്തി അതിന്റെ ഉത്തുംഗത പ്രകടിപ്പിക്കുന്ന, മാനസികമായി കൂടുതല്‍ ജാഗ്രത്തായിരിക്കുന്ന തന്റെ ആയുസിന്റെ ആദ്യരണ്ടുമൂന്നുദശകങ്ങള്‍ അതിനായി വിനിയോഗിക്കുന്നത് വളരെ ഉത്തമമാണ്.
ദാമ്പത്യജീവിതം പോലെ ഭാരിച്ച ഉത്തരവാദിത്തങ്ങളുടെ ഘട്ടത്തില്‍ വിജ്ഞാനസമ്പാദനം വളരെ പ്രയാസകരമായിരിക്കുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. നിങ്ങളുടെ ജീവിതപങ്കാളിക്കും സന്താനങ്ങള്‍ക്കും നിങ്ങളുടെ മേല്‍ അവകാശങ്ങളുള്ള ഘട്ടമാണത്. അവര്‍ക്ക് നല്‍കേണ്ടതായ അവകാശങ്ങളില്‍ നിന്ന് പിന്തിരിയാനോ ഒളിച്ചോടാനോ ശ്രമിക്കുന്നത് പങ്കാളിയെന്ന നിലക്ക് ക്ഷന്തവ്യമല്ലല്ലോ. അതിനാല്‍തന്നെ വിജ്ഞാനസമ്പാദനത്തിനായി ഉഴിഞ്ഞിരിക്കുക ബുദ്ധിമുട്ടായിരിക്കും. ഒരു വേള വിവാഹം വൈകുന്നത് ഇപ്പറഞ്ഞ വിജ്ഞാനസമ്പാദനത്തിനുള്ള അവസരം എന്ന നിലക്കായിരിക്കാം. അതോടൊപ്പം തന്നെ പ്രബോധനപ്രവര്‍ത്തനങ്ങള്‍ക്കുള്ള അവസരം എന്ന നിലയ്ക്കുമായിരിക്കാം. യൗവനകാലം നമ്മളിലേക്ക് ഒരിക്കലും തിരിച്ചുവരില്ലല്ലോ. വിവാഹത്തിനുമുമ്പുള്ള ഓരോ ഘട്ടത്തിലും നാം ആര്‍ജ്ജിക്കുന്ന വിജ്ഞാനവും അനുഭവപരിജ്ഞാനവും പിന്നീടുള്ള ജീവിതത്തിന് എത്രയോ മുതല്‍ക്കൂട്ടായിരിക്കും. വിവാഹപൂര്‍വവൈജ്ഞാനിക സമ്പാദനത്തിലൂടെ ദാമ്പത്യത്തില്‍ നിങ്ങള്‍ അഭിമുഖീകരിക്കുന്ന ഒട്ടേറെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരംകാണാന്‍ കഴിഞ്ഞതില്‍ ഒരു വേള വിവാഹം വൈകിയതിന് നിങ്ങള്‍തന്നെ അല്ലാഹുവിനോട് വളരെ നന്ദിയുള്ളവനായിരിക്കും.

നേരത്തേയുള്ള വിവാഹമോചനത്തേക്കാളുത്തമം
ഒട്ടേറെ യുവമിഥുനങ്ങള്‍ തങ്ങളുടെ ഇരുപതുകളുടെ തുടക്കത്തില്‍ വിവാഹിതരായവരാണ്. അവരിലധികവും പലകാരണങ്ങളാലും വിവാഹമോചനത്തിലേക്ക് കടന്നവരായിരിക്കും. വിവാഹജീവിതം അവരെ സംബന്ധിച്ചിടത്തോളം കയ്പുറ്റതായിത്തീര്‍ന്നിട്ടുണ്ടാകും. മാനസികമായി ഒട്ടേറെ മുറിവുകള്‍ സൃഷ്ടിച്ചായിരിക്കും അവര്‍ വേര്‍പിരിഞ്ഞിട്ടുണ്ടായിരിക്കുക.
ഇങ്ങനെ വേര്‍പിരിഞ്ഞവരില്‍ ഒരു കുട്ടിയുള്ളവര്‍ ഒട്ടേറെ പേരുണ്ട്. കുട്ടിയുടെ സംരക്ഷണത്തിനായി അവകാശമുന്നയിക്കുകയുംഅതിനെത്തുടര്‍ന്ന് കോടതിനടപടികളുമായി വലയുന്ന ‘ഒറ്റപ്പെട്ട രക്ഷകര്‍ത്താവ് എന്ന പദവിയിലായിരിക്കും അവരിലധികം പേരും. അവരിലധികംപേരും വേദനാജനകമായ ഓര്‍മകളുടെ അറയില്‍ വിവാഹമെന്ന സ്ഥാപനത്തോടുതന്നെ പിന്നീടുള്ള ജീവിതകാലം മുഴുവന്‍ വെറുപ്പും അവജ്ഞയും വെച്ചുപുലര്‍ത്തി ജീവിക്കുംവിധം  പശ്ചാത്താപവിവശരായിരിക്കും. ചെറുപ്രായത്തില്‍ സംഭവിക്കുന്ന വിവാഹമോചനങ്ങളില്‍ യുവമിഥുനങ്ങള്‍ക്ക് ഏല്‍ക്കുന്ന മാനസികാഘാതത്തിന്റെ പരിക്ക് സുഖപ്പെടണമെങ്കില്‍ കാലമേറെയെടുക്കുമെന്ന കയ്‌പേറിയ സത്യമുണ്ട്.

ഇപ്പോഴും അവിവാഹിതനായി ഒറ്റയ്ക്ക് കഴിയേണ്ടിവരുന്നതിനുപിന്നില്‍ ഇത്തരത്തില്‍ കയ്‌പേറിയ വിവാഹമോചനത്തിന്റെ അനുഭവങ്ങളില്‍നിന്നുള്ള രക്ഷയായിരിക്കാം അല്ലാഹു ഉദ്ദേശിച്ചിട്ടുണ്ടാകുക. അതായിരിക്കാം ഒരു നല്ല ദാമ്പത്യത്തിനായുള്ള നിങ്ങളുടെ പ്രാര്‍ഥന പെട്ടെന്ന് ഉത്തരം നല്‍കപ്പെടാതിരിക്കുന്നതിനു കാരണം. അല്ലാഹുവിന്നറിയാം നിങ്ങളുടെ ഇപ്പോഴത്തെ ഏകാന്തതയാണ് പിന്നീടുവരുന്ന കലുഷിതദാമ്പത്യത്തേക്കാള്‍ നല്ലതെന്ന്. അതിനാല്‍ ഇപ്പോഴും വിവാഹം കൊണ്ട് അനുഗ്രഹിക്കപ്പെടാത്തതില്‍ സന്തോഷിക്കുക. ലൈംഗികമായി അവമതിക്കപ്പെട്ട്, വിവാഹംതന്നെ വെറുത്തുപോകുന്ന വിവാഹമോചനത്തിനിരയാക്കപ്പെട്ടില്ലല്ലോ എന്നോര്‍ത്ത് ആശ്വസിക്കുക.

കൂടുതല്‍ വിനയം പ്രകടിപ്പിക്കുക
നിങ്ങള്‍ എപ്പോഴെങ്കിലും ഓര്‍ക്കുന്നുണ്ടോ, നിങ്ങളുടെ സ്‌കൂളിലോ, കോളേജിലോ എല്ലാവരാലും ശ്രദ്ധിക്കപ്പെട്ട, ആകര്‍ഷിക്കപ്പെട്ട,  എതിര്‍ലിംഗത്തില്‍പെട്ടവരുടെ കണ്‍കുളിര്‍മയായിരുന്ന സൗന്ദര്യധാമത്തെ? ക്ലാസിലും കോളേജിലും ഉണ്ടായിരുന്ന മുഴുവന്‍പേരും വിചാരിച്ചിരുന്നത് അവളുടെ/അവന്റെ വിവാഹമായിരിക്കും ആദ്യംകഴിയുകയെന്നാണ്. കാരണം ഹൈസ്‌കൂള്‍/ഹയര്‍സെക്കന്ററി കാലയളവില്‍തന്നെ വിവാഹാലോചനകള്‍ വന്നിരുന്നതായി കൂട്ടുകാര്‍ക്കൊക്കെ അറിയാമായിരുന്നു. എന്റെ പരിചയത്തിലുണ്ടായിരുന്ന രണ്ടുപേരുടെ കഥ എനിക്കറിയാം. ആ സുന്ദരിക്കുട്ടികളുടെ കാര്യമോര്‍ത്ത് എന്റെ സഹാപാഠികള്‍ പറയുമായിരുന്നു വളരെ നേരത്തേതന്നെ സുന്ദരിക്കുട്ടികളുടെ കല്യാണംകഴിയുമെന്ന്. പക്ഷേ, കാര്യങ്ങള്‍ അവരുടെ കണക്കുകൂട്ടലിനനുസരിച്ചല്ല  മുന്നോട്ടുനീങ്ങിയത്. കാലംചെല്ലുന്തോറും അവരുടെ വിവാഹം അനിശ്ചിതത്വത്തില്‍പെട്ട് നീണ്ടുപോയതോടെ അവര്‍ വല്ലാതെ നിരാശരാകുകയും ശാരീരികമായി ക്ഷീണിക്കുകയും ചെയ്തു. കാര്യമായി സൗന്ദര്യമൊന്നുമില്ലാതിരുന്ന ഹൈസ്‌കൂള്‍കാലത്തെ ‘ദൗര്‍ഭാഗ്യവതികള്‍’ അവര്‍ക്കുത്തമനായ ജീവിതപങ്കാളിയോടൊത്ത് സന്തുഷ്ടജീവിതം നയിക്കുകയായിരുന്നു അപ്പോഴും. 

എന്തായിരിക്കും ഇത്തരം വിധിക്കുപിന്നിലെ യുക്തി. ഈ സുന്ദരികള്‍ വളരെനേരത്തേ വിവാഹംകഴിക്കപ്പെട്ടിരുന്നുവെങ്കില്‍ അവര്‍ ഒരു പക്ഷേ,തന്നെത്തന്നെ മറന്നുപോയേനെ.  കാര്യകാരണസംഭവങ്ങളുടെ പിന്നിലെ യുക്തി മനസ്സിലാക്കാന്‍ ശ്രമിക്കുന്ന പക്ഷം ഇതില്‍ ഒട്ടേറെ ഗുണപാഠങ്ങളുണ്ട്. വിവാഹജീവിതം ശരിയാകാന്‍ വൈകുന്നതിലൂടെ ഒരാളില്‍ വിനയം വര്‍ധിക്കുന്നു. എല്ലാവര്‍ക്കും സമീപിക്കാവുന്നവിധം സ്വഭാവനൈര്‍മല്യമുള്ളവനായിത്തീരുന്നു. മാത്രമല്ല, അല്ലാഹുവിലേക്ക്  സദാ മുഖംതിരിച്ചുനില്‍ക്കുന്ന വിനീതദാസിയായി അവളെപരിവര്‍ത്തിപ്പിക്കുന്നു.

 കടുത്ത വിഷമസന്ധിക്കുശേഷമുള്ള അനുഗ്രഹങ്ങള്‍ അവിസ്മരണീയം
താനേറെ കൊതിക്കുന്ന അനുഗ്രഹം, അതിനായി ഒട്ടേറെ പരിശ്രമിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്ത ഒരാളെ സംബന്ധിച്ചിടത്തോളം  ക്ഷമാപൂര്‍വമായ കാത്തുനില്‍പിന്നൊടുവില്‍  ലഭിക്കുമ്പോള്‍ ആ അനുഗ്രഹത്തെപ്പറ്റി സദാ ഓര്‍മിക്കുമെന്ന യാഥാര്‍ഥ്യം നിഷേധിക്കാനാകില്ല.
കഠിനമായ മാറാവ്യാധിയാല്‍ നീറിനീറിവേദനിച്ചുകൊണ്ടിരുന്ന ഒരു രോഗി വൈദ്യശാസ്ത്രനിഗമനങ്ങളെ തെറ്റിച്ചുകൊണ്ട് രോഗമുക്തി നേടിയാല്‍ അയാളെത്രമാത്രം സന്തോഷിക്കുകയും ദൈവത്തിനോട് നന്ദിയുള്ളവനായിരിക്കുകയും ചെയ്യും.  കടംകയറി പാപ്പരായ ഒരു വ്യക്തി തന്റെ ദാരിദ്ര്യത്തിനുശേഷം കോടീശ്വരനായാല്‍ വളരെ കരുതലോടെയായിരിക്കും പൈസ ചെലവഴിക്കുക. കുട്ടിക്കാലത്ത് വിദ്യാഭ്യാസത്തിനുള്ള സൗഭാഗ്യം കിട്ടാതിരുന്ന കുട്ടി  വളര്‍ന്നുവലുതാകുന്തോറും അതിന്റെ പ്രാധാന്യം മനസ്സിലാക്കും. അതുപോലെത്തന്നെയാണ് വിവാഹജീവിതം വൈകി പിന്നീടതിലെത്തിപ്പെടുന്ന വ്യക്തിക്ക് കുടുംബവും പങ്കാളിയും മക്കളും വളരെ വിലപിടിച്ച അമൂല്യാനുഗ്രഹമായിരിക്കും.
അതിനാല്‍ ഈ വിലപിടിച്ച അനുഗ്രഹങ്ങള്‍ക്കായി കാത്തുനില്‌ക്കേണ്ടിവരുന്നതില്‍ എന്തിനുവിഷമംതോന്നണം!

Related Post