Abu Huraira – abdul Rahiman (abdusshamas)
ഹദീസ് ഗ്രന്ഥങ്ങളിലും ഇസ്ലാമിക ചരിത്രത്താളുകളിലും നിറഞ്ഞു നില്ക്കുന്ന സ്വഹാബിവര്യനാണ് അബൂഹുറയ്റ. അബ്ദുശ്ശംസ് (സൂര്യദാസന്‍) എന്നായിരുന്നു ആദ്യത്തെ പേര്. ഇസ്ലാമിന് വിരുദ്ധമായ ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്നതായതിനാല്‍ ആ നാമം മാറ്റി, അബ്ദുര്‍റഹ്മാന്‍ (കാരുണ്യവാന്റെ ദാസന്) എന്ന് വിളിച്ചത് പ്രവാചകനാണ്. പൂച്ചയോട് അമിതമായ സ്നേഹം പ്രകടിപ്പിച്ചതിനാല്‍ ‘പൂച്ചയുടെ പിതാവ്’ എന്ന അര്‍ഥമുള്ള ‘അബൂഹുറയ്റ’ എന്ന പേരിലാണ് അദ്ദേഹം അറിയപ്പെടുന്നത്. യമന്‍കാരനാണ്.
വിജ്ഞാന സമ്പാദനം
അബൂഹുറയ്റ(റ)ക്ക് കുടുംബമെന്ന് പറയാന്‍ വൃദ്ധ മാതാവ് മാത്രമാണുണ്ടായിരുന്നത്. അവര്‍ ബഹുദൈവവിശ്വാസത്തില് ഉറച്ചു നിന്നിരുന്നുവെങ്കിലും അധികം താമസിയാതെ മുസ്ലിമായി. അബൂഹുറയ്റയുടെ നിരന്തര ശ്രമമായിരുന്നു അതിന് കാരണം.
മാതാവിനെ അവരുടെ ജീവിതാന്ത്യം വരെ നന്നായി പരിചരിച്ചു. എവിടെ പോകുമ്പോഴും അവരുടെ അനുവാദം വാങ്ങും. തിരിച്ചെത്തിയാല്‍ മാതാവിനെ സന്ദര്‍ശിക്കാതെ മറ്റു ജോലികള്‍ ചെയ്തിരുന്നില്ല. മാതാപിതാക്കളോടുള്ള കടമകള്‍ നിറവേറ്റാത്തവര്‍ ശാപാര്ഹരാണെന്ന് അദ്ദേഹം ജനങ്ങളെ ഉദ്ബോധിപ്പിച്ചു. അദ്ദേഹം പള്ളിയിലാണ് താമസിച്ചുവന്നത്.
വിജ്ഞാന സമ്പാദനത്തിനാണ് സ്മര്യപുരുഷന് സര്‍വഥാ പ്രാധാന്യം നല്‍കിയത്. തന്റെ സുഹൃത്തുക്കള്‍ കച്ചവടത്തിലും കൃഷിയിലും വ്യാപൃതരായപ്പോള്‍, അദ്ദേഹം പള്ളിയില്‍ പഠനങ്ങളിലേര്പ്പെട്ടും പ്രാര്‍ഥിച്ചും കഴിഞ്ഞുകൂടി. നബിയില്‍ നിന്ന് അറിവ് നേടുക എന്നതില്‍ കവിഞ്ഞ മറ്റൊരാഗ്രഹവും അദ്ദേഹത്തിനുണ്ടായിരുന്നില്ല. പഠനകാലത്ത് അബൂഹുറയ്റ(റ) നേരിട്ട വിഷമങ്ങളും പ്രയാസങ്ങളും പട്ടിണിയും വിവരണാതീതമാണ്. വിശപ്പ് മൂലം പലതവണ അദ്ദേഹം പള്ളിയില്‍ തളര്‍ന്നു വീണിട്ടുണ്ട്.
പട്ടിണിയും പാലും
ഒരു ദിവസം വിശപ്പ് കഠിനമായപ്പോള്‍ അദ്ദേഹം പള്ളിയില്‍ നിന്ന് പുറത്തിറങ്ങി. പരിചയക്കാര് കണ്ടാല്‍ വീട്ടിലേക്ക് ക്ഷണിക്കുമെന്ന പ്രതീക്ഷയോടെ കുറെ നേരം റോഡില്‍ ഇരുന്നു. അല്പം കഴിഞ്ഞപ്പോള്‍ അബൂബക്ര്(റ) ആ വഴി വന്നു. അബൂഹുറയ്റയുമായി കുശലം പറഞ്ഞു സ്ഥലം വിട്ടു. അതിന് പിറകെ വന്നത് ഉമര്‍(റ) ആയിരുന്നു. അദ്ദേഹവും സുഖവിവരങ്ങള്‍ ആരാഞ്ഞ ശേഷം തന്റെ വഴിക്ക് പോയി. വിശപ്പ് മൂലം വയര്‍ കത്തിയാളുകയായിരുന്നു അപ്പോഴും. ഇനി എന്ത് ചെയ്യും? എങ്ങോട്ടു പോകും? ഇങ്ങനെ ആലോചിച്ചിരിക്കുമ്പോഴാണ് പ്രവാചകന് അവിടെ എത്തിയത്.
അബൂഹുറയ്റയുടെ ഇരിപ്പും വാടിയ മുഖവും കണ്ടപ്പോള്‍ തിരുമേനിക്ക് കാര്യം മനസ്സിലായി. ”വിശപ്പാണ് പ്രശ്നം അല്ലേ?” അവിടുന്ന് ചോദിച്ചു.
”അതെ.” അബൂഹുറയ്റ മറുപടി പറഞ്ഞു.
രണ്ടു പേരും പ്രവാചകന്റെ ഭവനത്തിലേക്ക് നീങ്ങി.
വീട്ടിലെ സ്ഥിതി മോശമായിരുന്നു. അവിടെ ആകെയുള്ളത് ഒരു ഗ്ലാസ് പാല് മാത്രം. പാല് കൈയിലെടുത്ത് പ്രവാചകന് പറഞ്ഞു: ”താങ്കള്‍ പള്ളിയിലുള്ളവരെ വിളിച്ചു വരിക.” ”ഒരു ഗ്ലാസ് പാല് കുടിക്കാന്‍ ഇനിയും ആളെ ക്ഷണിക്കുകയോ?” അബൂഹുറയ്റ ചോദിച്ചു.
”അതെ. നമുക്കെല്ലാവര്‍ക്കും ഇതു മതി.” വന്നവര്‍ക്കെല്ലാം നബി(സ) പാല് കൊടുത്തു. ഒടുവില്‍ പ്രവാചകനും കുടിച്ചു. എന്നിട്ടും പാല് ബാക്കിയുണ്ടായിരുന്നു.
ഹദീസ് നിവേദകന്
അബൂഹുറയ്റ പ്രവാചകനെ ജീവനു തുല്യം സ്നേഹിച്ചു. പള്ളിയിലും പടക്കളത്തിലും തിരുമേനിയെ നിഴല്‍ പോലെ പിന്തുടര്ന്നു. പ്രവാചകന്റെ സാമീപ്യവും സാന്നിധ്യവും അദ്ദേഹത്തെ തികഞ്ഞ ജ്ഞാനിയും ഭക്തനുമാക്കി. തിരുമേനി ഇഹലോകവാസം വെടിയുന്നത് വരെയുള്ള കാലങ്ങളില്‍, ഉറങ്ങുന്ന സമയത്തല്ലാതെ അദ്ദേഹം പ്രവാചകനെ വേര്‍പിരിഞ്ഞിരുന്നില്ല. മറ്റാര്‍ക്കും ലഭിക്കാത്ത അപൂര്‍വ ഭാഗ്യമാണിതെന്ന് പറയാം.
1609 ഹദീസുകള്‍ അബൂഹുറയ്റ(റ) ഹൃദിസ്ഥമാക്കിയിരുന്നു. ഇത്രയധികം ഹദീസ് മനഃപാഠമുള്ള സ്വഹാബികള്‍ കുറവായിരുന്നു അന്ന്. ഇത്രയധികം ഹദീസുകള്‍ അബൂഹുറയ്റക്ക് കിട്ടിയത് പ്രവാചകന്റെ കൂടെയുള്ള സമ്പര്‍ക്കവും കേട്ടത് മറക്കാതെ സൂക്ഷിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവും കാരണമായിരുന്നു.
ഹദീസ് സംരക്ഷകന്‍
ഹദീസ് നിവേദകന് മാത്രമല്ല, ഹദീസ് സംരക്ഷകനുമാണ് ചരിത്ര പുരുഷന്. തന്നെപ്പോലെ മറ്റുള്ളവരും ഈ മനഃസ്ഥിതിക്കാരായിരിക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചു.
ഒരു ദിവസം മദീനാ തെരുവിലൂടെ നടക്കുമ്പോള്‍ ആളുകള്‍ വ്യാപാരത്തില്‍ തന്നെ മുഴുകിയതായി അബൂഹുറയ്റ കണ്ടു. ഇത് ശരിയല്ലെന്ന് അദ്ദേഹത്തിന് തോന്നി. അദ്ദേഹം ഉറക്കെ വിളിച്ചു പറഞ്ഞു: ”മദീനക്കാരേ, നബിയുടെ സ്വത്ത് ഭാഗിക്കുന്നത് നിങ്ങളറിഞ്ഞില്ലേ? വേഗത്തില്‍ പോയി നിങ്ങളുടെ വിഹിതം വാങ്ങിക്കൊള്ളുക”. ഇത് കേട്ട് ആളുകള്‍ ഓടിയെത്തി. അവര്‍ ചോദിച്ചു: ”ഞങ്ങളത് അറിഞ്ഞില്ല. എവിടെ വെച്ചാണ് ഭാഗം നടക്കുന്നത്?” അബൂഹുറയ്റ പറഞ്ഞു: ”പള്ളിയില്‍.” ജനങ്ങള്‍ അങ്ങോട്ടോടി.
അല്പം കഴിഞ്ഞു അവര്‍ മടങ്ങിവന്നു പറഞ്ഞു: ”പള്ളിയില്‍ സ്വത്തൊന്നും കണ്ടില്ല. അതുകൊണ്ട് ഞങ്ങള്‍ തിരിച്ചുവന്നു.” അദ്ദേഹം ചോദിച്ചു: ”പള്ളിയില്‍ ആരെയും കണ്ടില്ലേ?” ”കുറെ പേര് അവിടെയുണ്ട്. ചിലര്‍ നമസ്കരിക്കുന്നുണ്ട്, ചിലര്‍ ഖുര്‍ആന്‍ ഓതുന്നുണ്ട്; വേറെ ചിലര്‍ ഹദീസ് പഠിക്കുന്നു.” അവര്‍ വിവരിച്ചു.
”അതുതന്നെയാണ് നബി(സ)യുടെ സ്വത്ത്. തിരക്കിനിടയില്‍ ആ സ്വത്ത് നിങ്ങള്‍ മറക്കരുത്. അതോര്‍മിപ്പിക്കാനാണ് ഞാനിങ്ങനെ ചെയ്തത്.”
ഐഹികവിരക്തി
അനാഡംബര ജീവിതമായിരുന്നു അബൂഹുറയ്റയുടേത്. ഗവര്‍ണര്‍ പദവിയിലിരിക്കെ കൈ നിറയെ പണം വന്നിട്ടും ജീവിതശൈലിയില്‍ ഒരു മാറ്റവുമുണ്ടായില്ല. വരുമാനത്തിന്റെ സിംഹഭാഗവും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ചെലവഴിക്കുകയായിരുന്നു പതിവ്.
കാതിലും കഴുത്തിലും സ്വര്‍ണാഭരണങ്ങള്‍ അണിയാത്തതിന്റെ പേരില്‍ കൂട്ടുകാരികള്‍ കളിയാക്കുന്നുവെന്ന് മകള്‍ പറഞ്ഞപ്പോള്‍, മറുപടി ഇതായിരുന്നു: ”മകളെ, നിന്റെ ബാപ്പക്ക് നരകാഗ്നി വലിയ ഭയമാണെന്ന് അവരോട് പറയുക.”
അബൂഹുറയ്റ(റ) രോഗബാധിതനായി കിടക്കുമ്പോള്‍, അനേകം തവണ പൊട്ടിക്കരഞ്ഞു. കാരണം തിരക്കിയപ്പോള്‍ അദ്ദേഹം പറഞ്ഞതിങ്ങനെ: ”ദുന്യാവ് വിട്ടുപോകുന്ന സങ്കടം കൊണ്ടല്ല ഞാന്‍ കരയുന്നത്. പരലോകയാത്ര- അതോര്‍ക്കുമ്പോള്‍ എനിക്ക് കരച്ചില് അടക്കാനാവുന്നില്ല.”
‘അബൂഹുറയ്റാ, താങ്കളുടെ രോഗം അല്ലാഹു ഭേദമാക്കട്ടെ’ എന്ന് സന്ദര്‍ശകര്‍ പ്രാര്‍ഥിക്കുമ്പോള്‍, അദ്ദേഹത്തിന്റെ പ്രാര്‍ഥന ഇങ്ങനെ: ”റബ്ബേ, നിന്നെ കാണാന്‍ കൊതി കൂടികൂടി വരുന്നു. ഈ കൂടിക്കാഴ്ചക്ക് നീ കാലവിളംബം വരുത്തല്ലേ”
ഹിജ്റ 59-ല്‍ എണ്‍പത്തിയെട്ടാം വയസ്സില്‍ അദ്ദേഹം പരലോകം പൂകി.