ശൈഖ് നാദിര്‍ നൂരി: കുവൈത്തിന്‍െറ മനുഷ്യസ്നേഹ മുഖം

 

KIG_Iftar_Confrence_2007 (165)

മനുഷ്യസേവന, ജീവകാരുണ്യരംഗത്തും പ്രബോധനപ്രവര്‍ത്തന മേഖലയിലും നാലു ദശാബ്ദമായി കുവൈത്തില്‍ നിറഞ്ഞുനിന്ന ശൈഖ് നാദിര്‍ അബ്ദുല്‍ അസീസ് നൂരി സ്രഷ്ടാവിന്‍െറ സവിധത്തിലേക്ക് യാത്രയായി. ജീവിതത്തിന്‍െറ ഏറിയപങ്കും ലോകത്തിന്‍െറ നാനാഭാഗങ്ങളില്‍ സഞ്ചരിച്ച് സേവനപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വംകൊടുത്തിരുന്ന നാദിറിന് കേരളത്തോടും കേരളീയരോടും അടുത്ത ബന്ധവും സ്നേഹവുമായിരുന്നു. നിരവധി തവണ കേരളം സന്ദര്‍ശിച്ച അദ്ദേഹം നമ്മുടെ നാടിന്‍െറ സവിശേഷമായ പ്രകൃതിഭംഗിയെയും കേരളീയരുടെ സ്വഭാവനൈര്‍മല്യത്തെയും പുകഴ്ത്തിപ്പറയുമായിരുന്നു.
1954ല്‍ കുവൈത്തിലെ കൈഫാന്‍ പ്രദേശത്ത് ജനിച്ച നാദിര്‍ ചെറുപ്പംമുതല്‍ പ്രഗല്ഭ വ്യക്തിത്വങ്ങളായ പിതൃസഹോദരന്മാര്‍ ശൈഖ് അബ്ദുല്ല നൂരിയുടെയും മുഹമ്മദ് നൂരിയുടെയും ശിക്ഷണത്തിലാണ് വളര്‍ന്നത്. കുവൈത്തില്‍ പഠനം പൂര്‍ത്തിയാക്കിയ നാദിര്‍ നൂരി അറബി ഭാഷയിലും ഹദീസ് വിജ്ഞാനീയങ്ങളിലും മാസ്റ്റര്‍ ബിരുദമെടുത്തു. ഇബ്നു ഖയ്യിമുല്‍ ജൗസിയയുടെ വൈജ്ഞാനിക സംഭാവനകളെ കുറിച്ച ഗവേഷണത്തിന് ഡോക്ടറേറ്റ് നേടിയ ശൈഖ് നാദിര്‍ കുവൈത്തിലെ സര്‍വാദരണീയനും സര്‍വസമ്മതനുമായ പണ്ഡിതനായിരുന്നു. കുവൈത്തിലെ ചാരിറ്റി സൊസൈറ്റി സംരംഭങ്ങള്‍ക്കും സേവന പ്രവര്‍ത്തനങ്ങള്‍ക്കും അടിത്തറപാകിയ പിതൃസഹോദരന്‍ അബ്ദുല്ല നൂരിയായിരുന്നു നാദിറിന്‍െറ മാര്‍ഗദര്‍ശി. മതത്തിന്‍െറ മധ്യമവീക്ഷണത്തിലേക്കും, തീവ്രതയിലേക്കും ജീര്‍ണതയിലേക്കും വഴിതെറ്റാത്ത ദൈവികാധ്യാപനങ്ങളുടെ ഋജുസരണിയിലേക്കും സഹോദരപുത്രനെ നയിച്ച അബ്ദുല്ല നൂരി കുവൈത്തിലെ പണ്ഡിത പ്രമുഖരായ മഹദ്വ്യക്തിത്വങ്ങളുടെ വിദ്വല്‍സദസ്സുകളില്‍ നാദിറിനെ നിത്യസന്ദര്‍ശകനാക്കി മാറ്റിയെടുത്തു. കുവൈത്ത് ശര്‍ഈ കോടതിയില്‍ സിവില്‍ നിയമ വിദഗ്ധനായ പിതാവ് അബ്ദുല്‍ അസീസ് പുത്രന്‍ നാദിറിന്‍െറ വ്യക്തിത്വ നിര്‍മിതിയില്‍ വലിയ പങ്കുവഹിച്ചു. കവിയും എഴുത്തുകാരനും സാഹിത്യകാരനുമായ പിതാവിന്‍െറ സിദ്ധികള്‍ നാദിറിലും മികവോടെ മേളിച്ചിരുന്നു. പത്രപംക്തികളില്‍ എഴുതിയിരുന്ന അദ്ദേഹത്തിന്‍േറതായി വിശ്രുതമായ രിസാലത്തുല്‍ ഇഖാഅ് (സൗഹൃദ സന്ദേശം) ഉള്‍പ്പെടെ നിരവധി ഗ്രന്ഥങ്ങളുണ്ട്. 10ാം വയസ്സില്‍ ആരംഭിച്ച വായനശീലം മരണം വരെ അദ്ദേഹം കൈയൊഴിച്ചില്ല. പുസ്തകങ്ങളെയും ബൃഹദ്ഗ്രന്ഥങ്ങളെയും തോഴനായിവരിച്ച നാദിറിന്‍െറ ഖുറൈനിലെ വസതിയില്‍ അതിവിപുലമായ ആധുനിക സംവിധാനങ്ങളോടെയുള്ള കൂറ്റന്‍ ലൈബ്രറിയുണ്ട്. വീട്ടിലാവുമ്പോള്‍ ഏറെ സമയവും എഴുത്തും വായനയുമായി ഈ ലൈബ്രറിയിലായിരിക്കും അദ്ദേഹം. പിതൃസഹോദരന്മാരില്‍നിന്ന് പകര്‍ന്നുകിട്ടിയ സേവനമനസ്സ് സ്വപ്രയത്നത്തിലൂടെ അദ്ദേഹം വളര്‍ത്തിയെടുത്തു. ലോകമെങ്ങുമുള്ള അനേകം സര്‍ക്കാറേതര ജീവകാരുണ്യ സംഘടനകളുടെ നേതൃപദവി അലങ്കരിച്ച നാദിറിന്‍െറ കൈയൊപ്പുപതിയാത്ത ഒരു സംരംഭവും കുവൈത്തിന്‍െറ മണ്ണില്‍ കാണുക സാധ്യമല്ല. ഉന്നതകുടുംബാംഗമായ അദ്ദേഹത്തിന്‍െറ ഉറ്റവരും ഉടയവരും മന്ത്രിപദത്തിലും ഒൗദ്യോഗിക പദവികളിലും വിരാജിച്ച് സേവനം നടത്തുമ്പോള്‍ എളിമയും താഴ്മയും വിനയവും കൈവിടാതെ സാധാരണക്കാരോടൊത്തുള്ള സഹവാസവും പ്രവര്‍ത്തനവുമാണ് നാദിര്‍ അഭികാമ്യമായി കരുതിയത്. കുവൈത്ത് അമീറിനോടും കിരീടാവകാശിയോടും തനിക്കുള്ള ഉറ്റബന്ധവും സൗഹൃദവും ഉപയോഗപ്പെടുത്തി നിര്‍ധനരായ പലരെയും സഹായിക്കാന്‍ സന്മനസ്സ് കാണിച്ച നാദിര്‍, അതേ ബന്ധങ്ങള്‍ ഫലസ്തീനിലെയും സിറിയയിലെയും ബോസ്നിയയിലെയും ആഫ്രിക്കയിലെയും മര്‍ദിതരുടെ മോചനത്തിനും അവരുടെ കണ്ണീരിനറുതി വരുത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനത്തിനും ഉപയോഗപ്പെടുത്തിയതിന് നിരവധി ദൃഷ്ടാന്തങ്ങള്‍ ചൂണ്ടിക്കാട്ടാനാവും. പിതൃസഹോദരന്‍ ശൈഖ് അബ്ദുല്ല നൂരി സ്ഥാപിച്ച ‘ശൈഖ് അബ്ദുല്ല നൂരി ചാരിറ്റബ്ള്‍ സൊസൈറ്റി’യുടെ ചെയര്‍മാനായിരുന്ന നാദിറിന്‍െറ ഓഫിസ് ലോകത്തിന്‍െറ നാനാഭാഗത്തുനിന്നും കുവൈത്ത് സന്ദര്‍ശിക്കാനത്തെുന്ന പ്രതിനിധിസംഘങ്ങളുടെ തീര്‍ഥാടന കേന്ദ്രമാണ്. ഓഫിസില്‍ നാദിറിന്‍െറ സാന്നിധ്യം സന്ദര്‍ശകരുടെ ബാഹുല്യത്തില്‍നിന്നറിയാം. യൂറോപ്പിലും ഏഷ്യയിലും അമേരിക്കയിലും മധ്യേഷ്യയിലും ആഫ്രിക്കയിലും എന്നുവേണ്ട ലോകത്തിന്‍െറ നാനാഭാഗങ്ങളില്‍ പരന്നുകിടക്കുന്ന നിരവധി മത-സാമൂഹിക-സാംസ്കാരിക സ്ഥാപനങ്ങളെയും സംരംഭങ്ങളെയും നേരിട്ടറിയുകയും നിതാന്ത ബന്ധം നിലനിര്‍ത്തിപ്പോരുകയുംചെയ്ത നാദിറിന് ആ കേന്ദ്രങ്ങളിലെ ചെറുതുംവലുതുമായ ഓരോ വ്യക്തിയെക്കുറിച്ചും വ്യക്തമായ ധാരണയും വീക്ഷണവുമുണ്ട്. താന്‍ പാസാക്കുന്ന ഫണ്ടിലെ ഓരോ നാണയവും എവിടെ, എങ്ങനെ ചെലവഴിക്കപ്പെടുന്നു എന്നതിനെക്കുറിച്ച് വ്യക്തമായ ബോധ്യം അദ്ദേഹത്തിനുണ്ടാവും. ദാനധര്‍മങ്ങളുടെ വറ്റാത്ത സ്രോതസ്സായി ജീവിച്ചുമരിച്ച അബ്ദുല്ല അലി അല്‍മുത്വവ്വ എന്ന അബൂ ബദ്റിന്‍െറ വലങ്കൈ ആയി പ്രവര്‍ത്തിച്ച നാദിറിന്‍െറ വാക്കുകളാണ് തന്‍െറ തീരുമാനങ്ങളിലെ ആധികാരിക സാക്ഷ്യപത്രമായി താന്‍ അംഗീകരിക്കുകയെന്ന് അബൂബദ്ര്‍ പലതവണ പറഞ്ഞിട്ടുണ്ട്.
കുവൈത്ത് ഒൗഖാഫ് മന്ത്രാലയത്തില്‍, ഇസ്ലാമിക് അഫയേഴ്സ് ഡയറക്ടറായി 25 വര്‍ഷം പ്രവര്‍ത്തിച്ച അദ്ദേഹം താന്‍ നേതൃത്വംകൊടുക്കുന്ന സ്ഥാപനങ്ങളില്‍ മുഴുസമയം പ്രവര്‍ത്തിക്കാനായി രാജിവെക്കുകയായിരുന്നു. തന്‍െറ സ്വതന്ത്രമായ പ്രവര്‍ത്തനത്തിനും അനുസ്യൂതമായ സഞ്ചാരത്തിനും വിലങ്ങുതടിയാവുന്ന ഒന്നിനോടും രാജിയാവാന്‍ അദ്ദേഹത്തിന് സാധ്യമായിരുന്നില്ല. ആവശ്യ നിര്‍വഹണത്തിനായി തന്നെ സമീപിക്കുന്ന ആരെയും നിഷേധരൂപത്തില്‍ മറുപടി നല്‍കി തിരിച്ചയക്കാന്‍ ദൈവത്തിന്‍െറ വരദാനമായി കിട്ടിയ വിശാലമായ സേവന മനസ്സിന്‍െറയും നിഷ്കളങ്കമായ ഹൃദയത്തിന്‍െറയും ഉടമയായ നാദിറിന് കഴിഞ്ഞിരുന്നില്ല. താന്‍ തീരുമാനിച്ചുറച്ച ഒരു കാര്യത്തില്‍നിന്ന് നാദിറിനെ പിന്തിരിപ്പിക്കാന്‍ ആര്‍ക്കും കഴിയില്ല.
ഉന്നതസ്ഥാനീയനായ ഉദ്യോഗസ്ഥനും തീരുമാനങ്ങള്‍ എടുക്കുന്ന ഭരണാധികാരികള്‍ക്കും ഇരുന്നയിരിപ്പില്‍ ഒരു ഫോണ്‍വിളിയിലൂടെ തന്നെ സമീപിക്കുന്നവരുടെ ആവശ്യങ്ങള്‍ നിറവേറ്റിക്കൊടുത്തുകഴിഞ്ഞിരിക്കും അദ്ദേഹം. സമൂഹത്തിന്‍െറ ഐക്യത്തിനും ഒരുമക്കും പ്രഥമ പരിഗണന നല്‍കുന്നതായിരുന്നു അദ്ദേഹത്തിന്‍െറ കാഴ്ചപ്പാട്. എല്ലാ ഭിന്നതകള്‍ക്കും അഭിപ്രായവ്യത്യാസങ്ങള്‍ക്കും അതീതമായി സ്നേഹത്തിന്‍െറയും സഹവര്‍ത്തിത്വത്തിന്‍െറയും വികാരങ്ങള്‍ക്കാവണം സ്ഥാനവും പരിഗണനയുമെന്ന് അദ്ദേഹം സിദ്ധാന്തിച്ചു, ജീവിതത്തിലൂടെ മാതൃക സൃഷ്ടിച്ചു. സമുദായ ഐക്യത്തിന് ഏതറ്റംവരെയും പോവാന്‍ തയാറായിരുന്നു നാദിര്‍ എന്ന വസ്തുതയുടെ വിളംബരമാണ് എണ്‍പതുകളില്‍ കേരളത്തിലെ വിവിധ മുസ്ലിം സംഘടനാ പ്രതിനിധികള്‍ അദ്ദേഹത്തിന്‍െറ ശ്രമഫലമായി ഒപ്പിട്ട വിശ്രുതമായ ‘കുവൈത്ത് ഐക്യ കരാര്‍’.
ലോകത്തെങ്ങുമുള്ള ഇസ്ലാമിക-മനുഷ്യസേവന-ജീവകാരുണ്യ സംരംഭങ്ങളെ അകമഴിഞ്ഞ് സഹായിച്ചു അദ്ദേഹം. തന്‍െറ ചിറകിനുകീഴില്‍ വളര്‍ന്ന സ്ഥാപനങ്ങളുടെ വളര്‍ച്ചയില്‍ അദ്ദേഹം അകംനിറയെ സന്തോഷിച്ചു. വിദേശയാത്രകള്‍ അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ഉല്ലാസയാത്രകളായിരുന്നില്ല. ഓരോ രാജ്യത്തും തനിക്കുണ്ടായ പരുക്കന്‍ അനുഭവങ്ങളും ഓരോ നാട്ടുകാരും അനുഭവിക്കുന്ന കയ്പുറ്റ ജീവിതവും വിവരിച്ചുതരുമ്പോള്‍, സഞ്ചാരിയായ അദ്ദേഹത്തിന്‍െറ യാത്രാവിവരണത്തിലെ ഓരോ ദൃശ്യത്തിലൂടെയും കടന്നുപോകുമ്പോള്‍ സാഹസിക ഫിലിമോ അവിശ്വസനീയ സംഭവങ്ങളോ കാണുകയാണ് നമ്മളെന്ന് തോന്നും. താന്‍ സന്ദര്‍ശിക്കുന്ന നാട്ടുകാരോടൊപ്പം ചെലവിട്ട അവിസ്മരണീയ മുഹൂര്‍ത്തങ്ങള്‍ അയവിറക്കാന്‍ നാദിറിലെ സഞ്ചാരിക്ക് ഏറെ ഇഷ്ടമായിരുന്നു. കേരളത്തിന്‍െറ കല്‍പവൃക്ഷമായ തെങ്ങുപോലെയാണ് അക്ഷരാര്‍ഥത്തില്‍ അറബ് രാജ്യത്തെ ഒട്ടകവുമെന്ന്, ദൃഷ്ടാന്തങ്ങള്‍ ഇഴപിരിച്ച് നാദിര്‍ പറഞ്ഞുതരുമ്പോള്‍ നാം കൗതുകത്തോടെ കേട്ട് ഇരുന്നുപോകും.
വിശിഷ്ട സ്വഭാവ മൂല്യങ്ങളുടെ വിലാസവേദിയായ ആ ജീവിതത്തിന്‍െറ മധുരഭാവങ്ങള്‍ നിറകണ്‍ചിരിയോടെ അനുഭവിച്ചറിയാന്‍ ഭാഗ്യമുണ്ടായ ധന്യകുടുംബമാണ് നാദിറിന്‍േറത്. മക്കളെ അങ്ങേയറ്റം സ്നേഹിച്ചുവളര്‍ത്തിയ നാദിര്‍, തന്‍െറ പേരക്കുട്ടികളോടൊത്തുള്ള നിമിഷങ്ങളാണ് ജീവിതത്തിലെ ആനന്ദവേളകളെന്ന് പലവുരു പറഞ്ഞത് നിറകണ്ണുകളോടെ ഓര്‍ക്കുന്നു. മക്കളോടും പേരക്കുട്ടികളോടുമുള്ള സ്നേഹം, പതിതരും പാവങ്ങളുമായ മക്കളിലേക്കും പരന്നൊഴുകി. ഒൗദ്യോഗിക ജോലിയുടെ ഭാഗമായി മന്ത്രിമാരുടെയും ഉന്നതോദ്യോഗസ്ഥരുടെയും കൂടെ വിദേശയാത്ര പോവേണ്ടിവരുമ്പോള്‍ തങ്ങള്‍ക്കായി ഒരുക്കിവെച്ച ആര്‍ഭാടപൂര്‍വമായ അതിഥിമന്ദിരങ്ങള്‍ ഒഴിവാക്കി സാധാരണക്കാരായ ആളുകളുടെ വീടുകള്‍ തിരഞ്ഞുപിടിച്ച് അവരോടൊപ്പം സമയം ചെലവഴിക്കുന്നതില്‍ സായുജ്യം കണ്ടത്തെി ആ മഹാമനസ്സ്. ‘വിശ്വാസി ലളിതമനസ്കനും സരളഹൃദയനും ഏവര്‍ക്കും പ്രാപ്യനുമായിരിക്കും’ എന്ന പ്രവാചക വചനത്തിന്‍െറ ആള്‍രൂപമായിരുന്നു നാദിര്‍നൂരി.

Related Post