രോഗിയെ സന്ദര്‍ശിക്കല്‍

patient_wristband_-_cropped

രോഗിയെ സന്ദര്‍ശിക്കല്‍ മനുഷ്യന്റെ സാമൂഹിക ബന്ധങ്ങൡ പ്രധാനപ്പെട്ട ഒന്നാണ്. രോഗിക്കും രോഗിയുടെ വീട്ടുകാര്‍ക്കും വെറുപ്പുണ്ടാക്കുന്ന തരത്തിലാകാറുണ്ട് ചിലരുടെ സന്ദര്‍ശനം. ആശ്വാസവും പ്രതീക്ഷയും നല്‍കുന്ന ഒന്നും സന്ദര്‍ശനത്തില്‍ നിന്ന് കിട്ടാതിരിക്കുകയും മനഃപ്രയാസമുള്ളത് കിട്ടുകയും ചെയ്യുന്ന സന്ദര്‍ശനമായിരിക്കും അത്.

രോഗിയുടെ മുമ്പിലിരിക്കുമ്പോഴേക്കും മൊബൈല്‍ ഫോണ്‍ ബെല്ലടിച്ചു എന്ന് കരുതുക. പിന്നെ അതിലൂടെയായി സംസാരം. അതുകഴിഞ്ഞ് രോഗിയോട് ഒന്നോ രണ്ടോ വാക്ക് സംസാരിക്കുമ്പോഴേക്കും അടുത്ത ഫോണ്‍. അതും അറ്റന്റ് ചെയ്തു. ഇങ്ങനെ അഞ്ച് മിനുട്ട് നേരത്തെ രോഗ സന്ദര്‍ശനത്തിനിടയില്‍ നാലു ഫോണ്‍ വിളി. ഇത് രോഗിയെ വെറുപ്പിക്കല്‍ മാത്രമല്ല അവഹേളിക്കല്‍ കൂടിയാണ്.

ഫോണ്‍ സൈലന്റാക്കിയ ശേഷം വേണം രോഗിയുടെ മുന്നിലേക്ക് കടക്കാന്‍. അഞ്ചോ പത്തോ മിനുട്ട് നേരത്തെ സന്ദര്‍ശനത്തിനിടയില്‍ നാലുകോള്‍ വൈബ്രേഷന്‍ കൊണ്ട് അങ്ങനെ കഴിയട്ടെ. രോഗിയോട് നല്ല വാക്കുകള്‍ പറഞ്ഞ് പുറത്തിറങ്ങിയ ശേഷം മിസ്ഡ്‌കോള്‍ നോക്കി തിരിച്ചുവിളിച്ചാല്‍ മതിയല്ലോ. തന്നെ സന്ദര്‍ശിച്ചിക്കുന്നതിനിടയിലെ ഓരോ കോളും സ്വീകരിക്കുകയാണ് തന്റെ സന്ദര്‍ശകന്‍ എന്ന് മനസ്സിലാക്കുന്ന രോഗിക്കു തോന്നുക ഈ സന്ദര്‍ശനം ഒരു ചടങ്ങുതീര്‍ക്കല്‍ മാത്രമാണെന്നും സന്ദര്‍ശകന് തന്നേക്കാള്‍ വലുത് ഫോണ്‍ വിളിക്കുന്നവരെയാണ് എന്നുമാണ്. ഇത്തരം സന്ദര്‍ശകരെ ചികിത്സിക്കുക തന്നെ വേണം. ഫോണ്‍വിളി രോഗിക്ക് ഇഷ്ടമല്ലെന്ന് അങ്ങ് തുറുന്നുപറയുക തന്നെ.

ചില സന്ദര്‍ശകര്‍ക്ക് കുറേ ചോദ്യങ്ങളുണ്ടാകും. ‘എന്താണ് അസുഖം? ആരെയാണ് കാണിച്ചത്? ഓപ്പറേഷന് എത്ര ഫീസായി?’ അങ്ങനെ നീളുന്നു ചോദ്യങ്ങള്‍. ഈ ചോദ്യങ്ങള്‍ വേണമെങ്കില്‍ സന്ദര്‍ശനം കഴിഞ്ഞ് ബന്ധുക്കളോട് ചോദിക്കാം.

‘വല്ലാതെ ക്ഷീണിച്ച് പോയല്ലോ, കണ്ടിട്ട് ഞാന്‍ അറിഞ്ഞതേയില്ല’. ഇപ്പറഞ്ഞത് സത്യമായിരിക്കാം. പക്ഷെ, ആ സത്യം രോഗി അറിഞ്ഞിരിക്കേണ്ടതല്ല. അറിഞ്ഞതുകൊണ്ട് രോഗിക്ക് ഗുണമില്ല. അറിഞ്ഞാല്‍ അല്‍പ്പം പ്രയാസമുണ്ടായെന്നും വരും.

ഇയ്യിടെ ഒരു പ്രഗത്ഭ പണ്ഡിതനും സംഘടനാ നേതാവുമായ ഒരാള്‍ അവശനിലയിലാണെന്ന് കേട്ട് ഞാന്‍ ആശുപത്രിയില്‍ ചെന്നു. ശ്വാസതടസ്സമുണ്ട്. മൂക്കില്‍ ഓക്‌സിജന്‍ വലിക്കാനുള്ള ഫിറ്റിംഗ്‌സും ഉണ്ട്. അതുമായി ഇരുന്ന് മഗ്‌രിബ് നമസ്‌കരിക്കുകയാണദ്ദേഹം. അതുകണ്ട് എന്റെ ഉള്ളില്‍ ആശ്വാസത്തിന്റെ ഒരു ചിരി വിരിഞ്ഞു. സലാം വീട്ടിയപ്പോള്‍ മുഖത്തുനിന്ന് ആ ഫിറ്റിംഗ്‌സ് നീക്കി എനിക്ക് സലാം മടക്കിയപ്പോള്‍ ഞാന്‍ പറഞ്ഞു ‘എനിക്ക് സന്തോഷം തോന്നുന്നു താങ്കളെ കണ്ടിട്ട്. ശ്വാസതടസ്സമുണ്ടെങ്കിലും ഇരുന്ന് നമസ്‌കരിക്കാന്‍ കഴിയുന്നുണ്ടല്ലോ. ഓര്‍മ്മ നിലനില്‍ക്കുക എന്നത് വലിയ ഒരു ദൈവിക അനുഗ്രഹമാണ്’. അദ്ദേഹത്തിന്റെ മുഖം ഇതുകേട്ട് അല്‍പ്പം തിളങ്ങി. ബന്ധുക്കള്‍ക്കും ആശ്വാസമായതു പോലെ തോന്നി. (അത് കഴിഞ്ഞ് 33 ാം മണിക്കൂറിലാണ് അദ്ദേഹത്തിന്റെ മരണം).

സന്ദര്‍ശനം ചികിത്സകരോ ബന്ധുക്കളോ വിലക്കിയിട്ടുണ്ടെങ്കില്‍ അതുപാലിക്കണം നമ്മള്‍. ഞാനും അയാളും തമ്മില്‍ വലിയ അടുപ്പത്തിലായിരുന്നു എന്ന് പറഞ്ഞ് സ്വാതന്ത്ര്യം കാണിക്കാന്‍ ശ്രമിക്കരുത്. വലിയ അടുപ്പത്തിലാണെങ്കില്‍ ബന്ധുക്കളെ കണ്ട് അവരില്‍ നിന്ന് രോഗ വിവരമന്വേഷിക്കുകയും സഹായം വല്ലതും വേണമെങ്കില്‍ നല്‍കുകയും എന്ത് ആവശ്യമുണ്ടെങ്കിലും വിളിച്ചോളൂ എന്ന് ധൈര്യപടെുത്തി തിരിച്ചുപോരുകയും ചെയ്യുക. മറിച്ചുള്ള എന്തും വെറുപ്പിലാകും.

സന്ദര്‍ശനം രോഗം വര്‍ധിപ്പിക്കാനിടയുള്ളതാണ് ചിലയിനം മാനസിക രോഗങ്ങള്‍. എന്തിനാണിവര്‍ വന്നത്, എനിക്കിതിനുമാത്രം വല്ല രോഗവുമുണ്ടോ എന്നായിരിക്കും മാനസിക രോഗി ചോദിക്കുക. ഒന്നുമില്ലെന്ന് വരുത്തി വല്ലവിധേയനയും മരുന്ന് കഴിപ്പിക്കാനുള്ള ശ്രമത്തിലായിരിക്കും ബന്ധുക്കള്‍. അത്തരം അവസ്ഥയില്‍ സന്ദര്‍ശനം രോഗിക്കും കുടുംബത്തിനും പ്രയാസമുണ്ടാക്കുന്നതിനാല്‍ വെറുപ്പ് വിലക്കു വാങ്ങാതിരിക്കുക.

ഇത് സൂക്ഷിക്കേണ്ട രോഗമാണ്. എന്റെ അമ്മായിക്കും അയല്‍പക്കത്തെ മമ്മദ്കാക്കും ഇതേ രോഗമായിരുന്നു. ഒരുകൊല്ലം തികയുന്നതിന് മുമ്പേ മരിച്ചു’ എന്ന് ബന്ധുക്കളോട് പോലും പറയരുത്. പറയുന്നവര്‍ ഇക്കാലത്ത് വളരെ ചുരുക്കമാണെങ്കിലും ബോധവല്‍ക്കരണം ആവശ്യമുള്ള വിഷയം തന്നെയാണ്.

‘മുമ്പ് നിന്റെ ബാപ്പാക്കും ഇതു തന്നെയായിരുന്നല്ലോ, പാരമ്പര്യമായി വരുന്ന രോഗങ്ങളിലൊന്നാണിത്’ ഒരു സന്ദര്‍ശകന്‍ ഹൃദ്രോഗിയുടെ മുമ്പില്‍ അവതരിപ്പിക്കുന്ന ശാസ്ത്ര ജ്ഞാനമാണിത്. ഈ ജ്ഞാനം സന്ദര്‍ശകന്‍ പറയാതെ തന്നെ രോഗി വായിച്ചറിഞ്ഞതാണ്. ആ അറിവുകൊണ്ട് ഭയപ്പെട്ടിരിക്കുകയാണയാള്‍. അതു വര്‍ധിപ്പിക്കാന്‍ മാത്രമേ സന്ദര്‍ശകന്റെ ശാസ്ത്ര ജ്ഞാനം ഉപകരിക്കുയുള്ളൂ.

രോഗി തന്നെ പാരമ്പര്യത്തെ കുറിച്ചും മറ്റും സംസാരിക്കാന്‍ തുടങ്ങുമ്പോള്‍ അതിലും ആശ്വാസത്തിന്റെ ഒരു വശം നാം ഉയര്‍ത്തിക്കാട്ടണം. അതിനങ്ങനെയാവാം. ‘പാരമ്പര്യം ഒരു ഘടകമാണെന്നത് ശരിതന്നെ. പക്ഷെ, വൈദ്യശാസ്ത്രം അതിവേഗം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. അതിനാല്‍ ചികിത്സയും ശരിയായ ഭക്ഷണ ക്രമവും കൊണ്ട് പൂര്‍ണ സുഖം പ്രാപിച്ച ഒരുപാട് പേരുണ്ട്. അക്കൂട്ടത്തിലൊരാളാവാന്‍ അല്ലാഹു സഹായിക്കട്ടെ!’

ഇങ്ങനെ രോഗ സന്ദര്‍ശനം രോഗിക്കും നമുക്കും ഗുണമുള്ളതാക്കുക. പ്രവാചകന്‍ പഠിപ്പിച്ചത് അത്തരം സന്ദര്‍ശനങ്ങളാണ്.

Related Post