എന്തുകൊണ്ട് സകാത്ത് ചര്‍ച്ചാവിഷയമാകുന്നില്ല?

മുഹമ്മദ് പാറക്കടവ്Zakat

ഇസ്‌ലാമിലെ നിര്‍ബന്ധകര്‍മ്മങ്ങളില്‍ നമസ്‌കാരം കഴിഞ്ഞാല്‍ അടുത്തത് സകാത്താണ്. വിശുദ്ധ ഖുര്‍ആനില്‍ പല സൂക്തങ്ങളിലും നമസ്‌കാരത്തോടൊപ്പം നിര്‍ബന്ധ ദാനത്തെയും ചേര്‍ത്ത് പറഞ്ഞിരിക്കുന്നു. സകാത്ത് വ്യവസ്ഥാപിതമായും ശാസ്ത്രീയമായും ശേഖരിച്ച് വിതരണം നടത്തിയാല്‍ ദാരിദ്ര്യത്തിനും പിന്നാക്കാവസ്ഥക്കും മാറ്റം വരുമെന്നതിന് ചരിത്രത്തുടനീളം ഉദാഹരണങ്ങളുണ്ട്. എന്നാല്‍ സമൂഹത്തില്‍ വന്‍ നേട്ടങ്ങളുണ്ടാക്കുന്ന ഈ ആരാധന കേരളീയ മുസ്‌ലിം സൂഹത്തില്‍, വിശിഷ്യാ മുഖ്യധാരാ മതസംഘടനകള്‍ക്കിടയില്‍ വേണ്ടത് പോലെ ചര്‍ച്ചചെയ്യപ്പെടുന്നില്ല. ആയിരക്കണക്കിനാളുകള്‍ പങ്കെടുക്കുന്ന ഈണത്തിലും താളത്തിലും നടത്തപ്പെടുന്ന പ്രസംഗങ്ങളില്‍ ദജ്ജാലും ഇബ്‌ലീസും ജിന്നും മാത്രമല്ല സിനിമാ ഗാനങ്ങളുടെ പാരഡികള്‍ വരെ വിഷയമാകുന്നു. തിരുകേശത്തിന്റെ പോരിശയെ കുറിച്ചും മരുഭൂമിയില്‍ ഒറ്റപ്പെട്ടുപോകുമ്പോള്‍ മലക്കിനെ വിളിക്കുന്നതിനെ കുറിച്ചും സംവാദങ്ങള്‍ പാതിരാവിലും നടക്കുന്നു. യൂട്യൂബും ഫേസ്ബുക്കും വഴി അത് പ്രചരിക്കുന്നു. എന്നാല്‍ വിശ്വാസികളുടെ അടിസ്ഥാന ബാധ്യതകളിലൊന്നായ സകാത്ത് എന്ന ജീവിത ഗന്ധിയായ വിഷയത്തെ കുറിച്ച് ബോധവല്‍ക്കരണം നടത്താന്‍ മുഖ്യധാരാ മതസംഘടനകളും ജനപ്രിയ പ്രസംഗകരും തയ്യാറാകുന്നില്ല.

സംഘടിതമായ സകാത്ത് ശേഖരണവും വിതരണവും നടത്തുക എന്ന ആശയത്തിന് ഈ സംഘടനകള്‍ എതിരാണ്. അവരും ഖാദിയേയോ മഹല്ല് കമ്മിറ്റി ഭാരവാഹികളേയോ സകാത്ത് സംഖ്യ ഏല്‍പ്പിക്കുകയും അവര്‍ പൊതു പ്രവര്‍ത്തകരുമായി കൂടിയാലോചിച്ച് അര്‍ഹരായവര്‍ക്ക് നല്‍കുകയും ചെയ്താല്‍ ഓരോ മഹല്ലിലും മാറ്റങ്ങള്‍ ഉണ്ടാകും. റിയല്‍ എസ്‌റ്റേറ്റ്, വാടക ട്രാവല്‍സ് ഏജാന്‍സി, ട്രാന്‍സ്‌പോര്‍ട്ട് തുടങ്ങി വരുമാന മാര്‍ഗങ്ങളുടെയും ഒരിക്കല്‍ പോലും അണിയാത്ത ആഭരണങ്ങളുടെയും സകാത്തിനെ പറ്റി സ്വന്തം അണികളെ ബോധവല്‍ക്കരിക്കേണ്ട ബാധ്യത ഓരോ സംഘടനകള്‍ക്കുമുണ്ട്. ഇതര വിഭാഗങ്ങളുടെ കുറ്റവും കുറവും കാണാനും സാങ്കല്‍പ്പിക വിഷയങ്ങള്‍ എല്‍.സി.ഡി വെച്ച് വിശദീകരിക്കാനും സമയവും പണവും വ്യയം ചെയ്യുന്നത് കൊണ്ട് പരസ്പരമുള്ള വൈര്യം കൂടുകയേ ഉള്ളൂ. അതേയവസരത്തില്‍ അല്ലാഹുവില്‍ നിന്ന് പ്രതിഫലം ലഭിക്കുകയും ഇല്ലാത്തവന്റെ ദാരിദ്ര്യത്തിന് അറുതിവരുത്തുകയും ചെയ്യുന്ന സകാത്തിനെ കുറിച്ച് ഗൗരവ പൂര്‍വം ചര്‍ച്ച ചെയ്താല്‍ മണ്ണിലും വിണ്ണിലും അതിന്റെ ഗുണങ്ങളുണ്ടാകും.

Related Post