ഗസ്സ:ദൈവിക താല്‍പര്യപ്രകാരമാണോ?

ചോ: ഗസ്സയിലെ സംഭവവികാസങ്ങള്‍palestine-children350

അതല്ല, മനുഷ്യന്റെ കൃത്യമോ ? എന്തിനാണ് മുസ്‌ലിംകള്‍ ഇന്‍ശാ അല്ലാഹ് എന്നുപറയുന്നത് ?

……………………………

ഉത്തരം: ചോദ്യമുന്നയിച്ചതിനെ അഭിനന്ദിക്കുന്നു. ഉത്തരത്തിന്റെ വിശദാംശങ്ങള്‍ മനസ്സിലാക്കണമെങ്കില്‍ മനുഷ്യന്റെ ഇച്ഛയും ദൈവികേച്ഛയും എന്താണെന്ന് ബോധ്യപ്പെടണം. ആളുകളുടെ വിധിയെയും അവരുടെ തീരുമാനങ്ങളെയും കുറിച്ച ചോദ്യം ഭൗതികയാഥാര്‍ഥ്യങ്ങള്‍ക്കപ്പുറത്തുള്ളതും മതം കൈകാര്യംചെയ്യുന്നതുമായ ഒന്നാണ്.

മനുഷ്യന്‍ പലപ്പോഴും താന്‍ അകപ്പെടുന്ന പ്രതിസന്ധിഘട്ടങ്ങളില്‍ നിസ്സഹായനായി പ്പോകാറുണ്ട്. ചില സംഗതികള്‍ നിയതമാണെന്നും അതില്‍ മനുഷ്യന് ഒന്നുംചെയ്യാനില്ലെന്നുമാണ് പലപ്പോഴും അവന്‍ അതിനെ മനസ്സിലാക്കുന്നത് . അതേസമയം ചിലകാര്യങ്ങള്‍ മനുഷ്യന്റെ തീരുമാനങ്ങള്‍ക്കനുസരിച്ചുള്ളവയാണ്. നൂറ്റാണ്ടുകളിലൂടെ മനുഷ്യന്‍ നേടിയ നാഗരികപുരോഗതി അതിന്റെ ഉത്തമനിദര്‍ശനമാണ്. മുകളില്‍നിന്നുള്ള കല്‍പനകള്‍ക്കൊത്ത് വാലാട്ടുന്ന വെറും പട്ടിക്കുട്ടികളായിരുന്നു നാമെങ്കില്‍ അഭിമാനപൂര്‍വം കൊണ്ടാടുന്ന ഈ നേട്ടങ്ങള്‍ കരസ്ഥമാക്കാന്‍ നമുക്കാകുമായിരുന്നില്ലല്ലോ.

അപ്പോള്‍ ആരുടെ ഇച്ഛയാണ് ഭൗതികലോകത്ത് നടപ്പാകുന്നത്? ഖുര്‍ആന്‍ ഈ വിഷയത്തെ കൃത്യമായി പ്രതിപാദിക്കുന്നുണ്ട്. മനുഷ്യന് മാത്രമായി അവന്റെ വിധിയെ മുന്‍കൂട്ടി നിശ്ചയിക്കാനാകില്ലെന്നാണ് ഖുര്‍ആന്‍ പറയുന്നത്. അതേസമയം ദൈവികവിധിയില്‍ ചലിപ്പിക്കപ്പെടുന്ന വെറുമൊരു പാവയല്ല അവനെന്നും അത് വ്യക്തമാക്കുന്നു.

അല്ലാഹുവിന്റെ പരമാധികാരം സര്‍വചരാചരങ്ങളെയും ചൂഴ്ന്നുനില്‍ക്കുന്നതാണെന്ന് മുസ്‌ലിംകള്‍ വിശ്വസിക്കുന്നു. എല്ലാ കാര്യങ്ങളും അറിയുന്ന അല്ലാഹുവിന്റെ താല്‍പര്യപ്രകാരമാണ് എല്ലാം സംഭവിക്കുന്നത്. ദൈവികാധിപത്യത്തിന് വിധേയരായ മനുഷ്യന് ദൈവം ഉദ്ദേശിച്ചാലല്ലാതെ ഒന്നുംചെയ്യാനാകില്ല. ഈ അര്‍ഥത്തിലാണ് ഭാവികാര്യങ്ങളെ സംബന്ധിച്ച ഏതുപരാമര്‍ശത്തിലും അവര്‍ ഇന്‍ശാ അല്ലാഹ് (അല്ലാഹു ഉദ്ദേശിച്ചാല്‍)എന്നുപയോഗിക്കുന്നത്. അല്ലാഹുവില്‍ വിശ്വസിക്കുന്ന ഏതൊരു മുസ്‌ലിമിനും അങ്ങനെ പറയല്‍ നിര്‍ബന്ധമാണ്.

അല്ലാഹു ഏതൊരു ജീവജാലങ്ങളെയും സൃഷ്ടിച്ചിരിക്കുന്നത് അതിന് പ്രത്യേകമായ സ്വഭാവസവിശേഷതകളും ദൗത്യവും നല്‍കിക്കൊണ്ടാണ്. അതിന്റെ ഭാഗമായി മനുഷ്യന് ഒരു പരിധിവരെ അധികാരവും സ്വാതന്ത്ര്യവും നല്‍കി. ഈ അധികാരവും സ്വാതന്ത്ര്യവും ഉപയോഗപ്പെടുത്തി ചെയ്യുന്ന ഏതുപ്രവര്‍ത്തനങ്ങളുടെയും കണക്ക് ദൈവത്തിനുമുമ്പില്‍ ബോധിപ്പിക്കേണ്ടിവരുമെന്ന് മാത്രം.’മനുഷ്യന് അവന്‍ പ്രവര്‍ത്തിച്ചതല്ലാതൊന്നുമില്ല'(അന്നജ്മ് 39).

‘അല്ലാഹു ഒരു ജനതയുടെയും അവസ്ഥയില്‍മാറ്റം വരുത്തുകയില്ല; അവര്‍ തങ്ങളുടെ സ്ഥിതി സ്വയം മാറ്റും വരെ.'(അര്‍റഅ്ദ് 11)

‘ആര്‍ അണുമണിത്തൂക്കം നന്‍മ ചെയ്യുന്നുവോ അവനത് കാണും. ആര്‍ അണുമണിത്തൂക്കം തിന്‍മചെയ്യുന്നുവോ അതും അവന്‍ കാണും’ (അസ്സല്‍സല 7,8)

പ്രപഞ്ചനാഥനായ അല്ലാഹുവിന്റെ കൃത്യമായ ആസൂത്രണത്തിലും ഉദ്ദേശ്യത്തിലുമാണ് പ്രപഞ്ചത്തിന്റെ സൃഷ്ടിപ്പ് ഉണ്ടായിട്ടുള്ളതെന്ന് കുറിക്കാനാണ് തഖ്ദീര്‍ എന്ന വാക്ക് ഖുര്‍ആന്‍ ഉപയോഗിച്ചിട്ടുള്ളത്. ആ സൃഷ്ടിപ്പില്‍ യാതൊരുവിധ ശക്തികള്‍ക്കും പങ്കില്ല. എല്ലാം കൃത്യമായി സംവിധാനിക്കുകയും സജ്ജീകരിക്കുകയുംചെയ്തിരിക്കുന്നു. എല്ലാ ചരാചരങ്ങളെയും അവയുടെ പ്രവര്‍ത്തനങ്ങളെയും കുറിച്ച് സ്ഥലകാലപരിമിതികളില്ലാതെ അവന്‍ അറിയുന്നു. അതിനര്‍ഥം, മനുഷ്യന് തന്റെ സ്വതന്ത്രേച്ഛ ഉപയോഗിച്ച് പ്രവര്‍ത്തിക്കാന്‍ അവകാശംനഷ്ടപ്പെടുന്നുവെന്നല്ല. ദൈവത്തിന്റെ സൂക്ഷ്മജ്ഞാനം എന്നത് മുന്‍കൂട്ടിനിശ്ചയിക്കപ്പെടുകയെന്നതില്‍നിന്ന് വ്യത്യസ്തമാണ്.

അല്ലാത്തപക്ഷം സംഭവിക്കുക, മനുഷ്യന് തന്റെ ഇച്ഛയ്‌ക്കൊത്ത് യാതൊന്നും പ്രവര്‍ത്തിക്കാന്‍ സ്വാതന്ത്ര്യമില്ലാതായിത്തീരും. എന്തിനേറെ മുന്‍കൂര്‍ നിശ്ചയപ്രകാരം കാര്യങ്ങള്‍നടക്കട്ടേ എന്നുവെച്ച് ദൈവംതന്നെ നിഷ്‌ക്രിയനായിത്തീരും. എന്നാല്‍ ഖുര്‍ആന്‍ പറയുന്നത് അല്ലാഹു എന്നും സൃഷ്ടിപ്പില്‍ സദാ സക്രിയനാണെന്ന്രേത:’ അല്ലാഹു; അവനല്ലാതെ ദൈവമില്ല. അവന്‍ എന്നെന്നും ജീവിച്ചിരിക്കുന്നവന്‍; എല്ലാറ്റിനെയും പരിപാലിക്കുന്നവന്‍; മയക്കമോ ഉറക്കമോ അവനെ ബാധിക്കുകയില്ല. ആകാശഭൂമികളിലുള്ളതൊക്കെയും അവന്റേതാണ്. അവന്റെ അടുക്കല്‍ അനുവാദമില്ലാതെ ശിപാര്‍ശ ചെയ്യാന്‍ കഴിയുന്നവനാര്? അവരുടെ മുന്നിലുള്ളതും പിന്നിലുള്ളതും അവനറിയുന്നു. അവന്റെ അറിവില്‍നിന്ന് അവനിച്ഛിക്കുന്നതല്ലാതെ അവര്‍ക്കൊന്നും അറിയാന്‍ സാധ്യവുമല്ല. അവന്റെ ആധിപത്യം ആകാശഭൂമികളെയാകെ ഉള്‍ക്കൊണ്ടിരിക്കുന്നു. അവയുടെ സംരക്ഷണം അവന്നൊട്ടും ഭാരമാവുന്നില്ല. അവന്‍ അത്യുന്നതനും മഹാനുമാണ്.'(അല്‍ബഖറ 255)

ഈ സൂക്തത്തില്‍നിന്ന് നമുക്ക് മനസ്സിലാകുന്നത് സദാസക്രിയനായതുകൊണ്ട് ദൈവം ക്ഷീണിതനോ നിദ്രാതല്‍പരനോ അല്ലെന്നാണ്. ദൈവത്തിന്റെ ആസൂത്രണത്തോട് താല്‍പര്യപൂര്‍വം നാം സഹകരിക്കുകയും അതിനോട് കീഴൊതുങ്ങുകയുംചെയ്യുകയാണ് തഖ്ദീര്‍. അതുകൊണ്ടുതന്നെ ഏതെങ്കിലും വിധി മനുഷ്യന്റെ ഇച്ഛാസ്വാതന്ത്ര്യത്തെ കവര്‍ന്നെടുക്കുന്നില്ല. എന്നാല്‍ നമ്മുടെ പ്രവര്‍ത്തനങ്ങള്‍ ദൈവപ്രീതി ലക്ഷ്യമിട്ടുള്ളതാക്കാന്‍ നമുക്ക് കഴിയും. അതുകൊണ്ടുതന്നെ തഖ്ദീര്‍ യഥാര്‍ഥത്തില്‍ മനുഷ്യന്റെ സോദേശ്യകര്‍മങ്ങള്‍ക്ക് ഇന്ധനം പകരുകയാണ് ചെയ്യുന്നത്. അത് മനുഷ്യനെ കര്‍മനിരതനും അധ്വാനിയുമാക്കുന്നു. നമ്മെ കര്‍മരംഗത്ത് അശക്തരും നിസ്സഹായരുമാക്കാതെ പ്രചോദിതരും ധീരരുമാക്കുന്നു.

ഇസ്‌ലാമിന്റെ കാഴ്ചപ്പാടനുസരിച്ച് പ്രായോഗികതലത്തില്‍ മനുഷ്യന്‍ സ്വതന്ത്രതീരുമാനങ്ങള്‍ക്ക് കഴിവുള്ളവരാണ്. വിധിയെഴുത്തിന്റെ മറപിടിച്ച് നിഷ്‌ക്രിയനായിരിക്കാന്‍ മനുഷ്യനെ അത് അനുവദിക്കുന്നില്ല.

ഇനി ഗസ്സയുടെ വിഷയത്തിലേക്ക് കടക്കാം. അവിടെ നടക്കുന്ന സംഭവവികാസങ്ങള്‍ അവിടത്തെ ജനതയ്ക്കുമാത്രമല്ല, ആഗോളമുസ് ലിംകള്‍ക്കുതന്നെ കടുത്ത പരീക്ഷണമാണ്. എന്റെ അറിവനുസരിച്ച് ഗസ്സനിവാസികള്‍ തങ്ങളാലാകുംവിധംചെയ്യുന്നു. അവരുടെ നേരെതുറിച്ചുനോക്കുന്ന പരീക്ഷണങ്ങളെ ക്ഷമയോടെ പ്രതിരോധിക്കുകയുംചെയ്യുന്നു. എന്നാല്‍ ലോകമുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം ഖുര്‍ആന്‍ മുന്നോട്ടുവെച്ച കല്‍പനയെ അവര്‍ അനുസരിച്ചുവോ എന്നതാണ് ചോദ്യം.

‘നിങ്ങളെന്തുകൊണ്ട് ദൈവമാര്‍ഗത്തില്‍ യുദ്ധം ചെയ്യുന്നില്ല? മര്‍ദ്ദിതരായ പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടിയും? അവരോ ഇങ്ങനെ പ്രാര്‍ഥിച്ചുകൊണ്ടിരിക്കുന്നവരാണ്: ”ഞങ്ങളുടെ നാഥാ; മര്‍ദ്ദകരായ ജനം വിലസുന്ന ഈ നാട്ടില്‍ നിന്ന് ഞങ്ങളെ നീ മോചിപ്പിക്കേണമേ. നിന്റെ പക്കല്‍ നിന്ന് ഞങ്ങള്‍ക്ക് നീ ഒരു രക്ഷകനെ നിശ്ചയിച്ചുതരേണമേ. നിന്റെ ഭാഗത്തു നിന്ന് ഞങ്ങള്‍ക്ക് ഒരു സഹായിയെ നല്‍കേണമേ.” (അന്നിസാഅ് 75)

മുസ്‌ലിംകളെന്ന നിലക്ക് നമുക്കറിയാം വിജയം ഇഹലോകനേട്ടങ്ങളെ ആസ്പദിച്ചല്ലെന്ന്. അതിനാല്‍ തങ്ങളുടെ തന്നെ ചില വീഴ്ചകളാല്‍ മുസ്‌ലിംകള്‍ ഈ ലോകത്ത് പ്രതിസന്ധി നേരിടുകയോ സൈനികമായി പരാജയപ്പെടുകയോ ചെയ്യുമെന്നത് തികച്ചും സ്വാഭാവികം മാത്രം.

പരലോകത്തില്‍ വിശ്വസിക്കുന്ന നമ്മെ സംബന്ധിച്ചിടത്തോളം ഇഹലോകത്തെ ജീവന്റെയുംസമ്പത്തിന്റെയുംനാശം നമ്മെ വേദനിപ്പിക്കേണ്ടതില്ല. എല്ലാറ്റിനുമൊടുവില്‍ അല്ലാഹു നമ്മെ വിലയിരുത്തുക വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ്. അവന്റെ കല്‍പനകള്‍ നടപ്പില്‍വരുത്തുവാന്‍ നാമെടുത്ത ആത്മാര്‍ഥമായ ദൃഢനിശ്ചയങ്ങളും അതിനനുസരിച്ച കര്‍മങ്ങളുമാണ് അവന്‍ മുഖവിലക്കെടുക്കുക.

തീര്‍ച്ചയായും ഫലസ്തീന്‍ ഇന്നനുഭവിക്കുന്ന എല്ലാ പ്രശ്‌നങ്ങള്‍ക്കും ലോകമുസ്‌ലിംരാജ്യങ്ങളും അവയുടെ ഭരണകര്‍ത്താക്കളും ഉത്തരവാദികളാണ.് എല്ലാ പരിമിതികളും സാധ്യതകളും മുമ്പില്‍വെച്ചുകൊണ്ട് തങ്ങള്‍ എന്തുചെയ്തുവെന്നത് സംബന്ധിച്ച് അവര്‍ ചോദ്യംചെയ്യപ്പെടുക തന്നെ ചെയ്യും.

 

Related Post