ചോദ്യം: സംഗീതവും ഗാനാലാപനവുമായി ബന്ധപ്പെട്ട് എനിക്ക് ചില സംശയങ്ങളുണ്ട്. പടിഞ്ഞാറന്‍ സമൂഹത്തില്‍ ഒരു വിഭാഗം ധാര്‍മികമായി വളരെ പിന്നോക്കമാണെന്നും അതിന്റെ പ്രധാന കാരണം അവരുടെ സംഗീതപ്രേമമാണെന്നും പല പണ്ഡിതന്‍മാരും പറയുന്നതു കേട്ടിട്ടുണ്ട്. ഫിഖ് ഹിന്റെ സാങ്കേതിക ഭാഷയില്‍ ഒരു കാര്യം നമ്മെ നിഷിദ്ധത്തിലേക്ക് നയിക്കുന്നുവെങ്കില്‍ അതും നിഷിദ്ധമാണെന്നു പറയാറുണ്ട്. സംഗീതം ഹൃദയങ്ങളില്‍ രോഗമുണ്ടാക്കും. അരാജകത്വവും അശ്ലീല നൃത്തസംസ്‌കാരവും സംഗീതത്തിലൂടെ പ്രോല്‍സാഹിപ്പിക്കപ്പെടുന്നു. സംഗീതം കേള്‍ക്കുമ്പോള്‍ പലരും തങ്ങളുടെ ശരീരം സംഗീതത്തിനനുസരിച്ച് ചലിപ്പിക്കാന്‍ തുടങ്ങുന്നു. ക്രമേണ അവരിലെ ലജ്ജ എന്ന ഗുണം അപ്രത്യക്ഷമാവുന്നു. പ്രവാചകന്‍ പറഞ്ഞിരിക്കുന്നത് ലജ്ജ ഈമാനിന്റെ ഭാഗമാണെന്നാണ്. പിന്നെ എന്തുകൊണ്ട് സംഗീതം പൂര്‍ണ്ണമായും ഹറാമാണെന്നു പറയുന്നില്ല ?
അധാര്‍മികതയുടെ കാര്യത്തില്‍ പടിഞ്ഞാറിനെ അടച്ചാക്ഷേപിക്കുന്നതിനോട് ഞാന്‍ വിയോജിക്കുന്നു. മുസ് ലിം സമൂഹം സദാചാരത്തില്‍ വളരെ ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്നവരാണെന്നുമുള്ള കാഴ്ചപ്പാടും ശരിയല്ല. ഖുര്‍ആന്‍ മുസ് ലിംകളോട് അനുശാസിക്കുന്നത് മുസ് ലിംകള്‍ സത്യത്തിന് സാക്ഷികളാകണമെന്നാണ്. മറ്റുള്ളവരെ സംബന്ധിച്ചുള്ള നമ്മുടെ ധാരണകളും വിചാരവും വസ്തുതകളുടെ അടിസ്ഥാനത്തിലായിരിക്കണം.
അല്ലാഹു പറയുന്നു.
‘അല്ലയോ വിശ്വസിച്ചവരേ, അല്ലാഹുവിനുവേണ്ടി നേര്‍മാര്‍ഗത്തില്‍ ഉറച്ചു നിലകൊള്ളുന്നവരും നീതിക്കു സാക്ഷ്യം വഹിക്കുന്നവരുമാകുവിന്‍. ഒരു ജനത്തോടുള്ള വിരോധം നിങ്ങളെ നീതിയില്‍നിന്നു വ്യതിചലിപ്പിക്കാന്‍ പാടില്ലാത്തതാകുന്നു. നീതി പാലിക്കുവിന്‍. അതാണ് ദൈവഭക്തിയോട് ഏറ്റം ഇണങ്ങുന്നത്. അല്ലാഹുവിനോടു ഭക്തിയുള്ളവരായി വര്‍ത്തിക്കുവിന്‍. നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതൊക്കെയും അല്ലാഹു സൂക്ഷ്മമായി അറിയുന്നുണ്ട്.’ (സൂറതുല്‍ മാഇദ 8)
ഇനി സംഗീതത്തിന്റെ വിഷയത്തിലേക്ക് വരാം. എല്ലാതരം സംഗീതവും അപലപിക്കപ്പെടേണ്ടതല്ലെന്ന ചില പണ്ഡിതന്‍മാരുടെ അഭിപ്രായത്തോടു ഞാനും യോജിക്കുന്നു. കാരണം, അസ് ഹര്‍ പണ്ഡിതന്‍മാരില്‍ പലരും അഭിപ്രായപ്പെട്ടതുപോലെ, പ്രകൃതിയിലെ അരുവിയുടെ കളകളാരവവും കിളികളുടെ ചിലമ്പലുകളും പുറപ്പെടുവിക്കുന്ന സംഗീതത്തെ ആസ്വദിക്കാന്‍ കഴിയാത്ത ഒരാള്‍ക്ക് തന്റെ ആ അവസ്ഥയില്‍ സ്വയം വിലപിക്കാമെന്നല്ലാതെ ഒന്നും ചെയ്യാനില്ല.
സംഗീതം അത് അതിന്റെ അടിസ്ഥാനത്തില്‍ തന്നെ നിരോധിക്കപ്പെട്ടിരുന്നെങ്കില്‍, പ്രവാചകന്‍ (സ) എന്തുകൊണ്ട് ഖുര്‍ആന്‍ ശ്രുതിമധുരമായി ഓതണമെന്ന് കല്‍പ്പിച്ചു ? പ്രവാചകന്‍ തന്നെ വിവാഹങ്ങളിലും ആഘോഷങ്ങളിലും എന്തുകൊണ്ട്് സംഗീതം അനുവദിച്ചു ? പ്രവാചകന്‍ (സ) തന്നെ പങ്കെടുത്ത ഒരു വിവാഹത്തില്‍ പെണ്‍കുട്ടികള്‍ പാട്ട്പാടിയത് കേള്‍ക്കുകയുണ്ടായി.
സംഗീതം ഹറാമോ ഹലാലോ എന്ന കാര്യം പണ്ടും ഇന്നും ഇസ് ലാമിക പണ്ഡിതന്‍മാര്‍ക്കിടയില്‍ ചൂടു പിടച്ച ചര്‍ച്ചക്ക് വിധേയമായിട്ടുണ്ട്. ചിലര്‍ സംഗീതത്തെ നിരുപാധികം നിഷിദ്ധമാക്കിയപ്പോള്‍ മറ്റു ചിലര്‍ ഉപാധിയോടെ അതിനെ അനുവദിച്ചു. അവരുടെ വീക്ഷണത്തില്‍ ദഫ്ഫ് മുട്ടിയുള്ള സംഗീതം മാത്രമേ അനുവദനീയമാകുന്നുള്ളു. വേറെ ചിലര്‍ കുറേകൂടി ക്രിയാത്മകമായ സമീപനം സ്വീകരിച്ചു. വികാരോദ്ദീപകവും പ്രയോജനരഹിതമായതും തെറ്റായ സന്ദേശങ്ങള്‍ നല്‍കുന്നതുമായ സംഗീതം മാത്രം നിഷിദ്ധമാണെന്ന് അവര്‍ അഭിപ്രായപ്പെട്ടു.
ഇസ് ലാമിന്റെ പ്രകൃതം പരിഗണിക്കുമ്പോള്‍ അവസാനം പറഞ്ഞ അഭിപ്രായമാണ് കൂടുതല്‍ ശരിയെന്ന് എനിക്ക് തോന്നുന്നു. കാരണം മനുഷ്യന്റെ പ്രകൃതിയില്‍ അന്തര്‍ലീനമായ എല്ലാതരം വികാരങ്ങളെയും വാഞ്ജകളെയും പരിധികള്‍ നിര്‍ണയിച്ചുകൊണ്ട് ഇസ് ലാം അംഗീകരിക്കുന്നുണ്ട്. എല്ലാ തരം സംഗീത നിഷിദ്ധമാണെന്നു വിധിക്കുന്നത് അതിനാല്‍ ശരിയല്ല. മനുഷ്യകുലത്തിന്റെ സ്വഭാവസവിശേഷതകളെ പരിഗണിക്കുന്ന ഒരു സന്തുലിത സമീപനമല്ല ആ വീക്ഷണം.
പിന്നീടുള്ള കാലഘട്ടത്തില്‍ പൂര്‍ണമായും വിഷയാസക്തി ഉണര്‍ത്തുന്നതും നൃത്തതാള ഉന്‍മാദം ജനിപ്പിക്കുന്നതുമായി സംഗീതം പരിണമിച്ച കാലത്താണ് പണ്ഡിതന്‍മാര്‍ അതിനെ നിരുപാധികം ഹറാമാക്കിയത്.
എല്ലാത്തിനുമുപരി പ്രവാചകന്‍ തിരുമേനി (സ) സംഗീതം, ഗാനാലാപനം അനുവദിക്കുകയും അതുകേള്‍ക്കുകയു ചെയ്തിട്ടുണ്ട്. സംഗീതം ഹലാലാണെന്നതിന് വലിയ തെളിവുമാണത്.
‘പെണ്‍കുട്ടികള്‍ പാടരുത്’ എന്നാണ് ഇനി ചിലര്‍ പറയുന്നതെങ്കില്‍ അതും ശരിയായ അഭിപ്രായമല്ല. കാരണം തിരുമേനി (സ) പെണ്‍കുട്ടികള്‍ പാടുന്നതിനെ അനുവദിച്ചിട്ടുണ്ട്. പ്രവാചകന്‍ അവരെ വിലക്കിയത്, തന്നെകുറിച്ച് അമാനുഷികമായ കാര്യങ്ങള്‍ പാടിയപ്പോള്‍ മാത്രമാണ്. ‘ആ വരി നിങ്ങള്‍ ഒഴിവാക്കി ബാക്കി നിങ്ങള്‍ തുടര്‍ന്നു പാടൂ’ എന്നാണ് തിരുമേനിയുടെ കല്‍പ്പന.
ഗാനാലാപനം ആഘോഷ വേളകളില്‍ മാത്രമേ പാടുള്ളൂ എന്ന നിയന്ത്രണവും ഇസ്‌ലാമിലില്ല. അതിനാല്‍ ഇസ് ലാം സംഗീതത്തെയും, ഗാനാലാപനത്തെയും തള്ളിപ്പറയുന്നില്ല. അതിനുള്ള അനുവാദം നല്‍കിയിട്ടുമുണ്ട്. എന്നാല്‍ അവ ഇസ് ലാം നിശ്ചയിച്ചിട്ടുള്ള അതിര്‍വരമ്പുകളില്‍ നിന്നാവണം.