കഴിഞ്ഞ 1400 വര്‍ഷങ്ങളുടെ ചരിത്രത്തില്‍, ചൈനീസ് മുസ്‌ലിംകള്‍ക്ക് പല ഉയര്‍ച്ച താഴ്ചകള്‍ ഉണ്ടായിട്ടുണ്ട്. ചൈനയിലെ മുസ്‌ലിമേതര സഹോദരങ്ങളുമായി സൗഹാര്‍ദ്ദത്തില്‍ കഴിഞ്ഞുവരികയാണ് ആധുനിക ചൈനീസ് മുസ്‌ലിം സമൂഹം.
ഏഴാം നൂറ്റാണ്ടില്‍ കച്ചവടക്കാരും സൈനികരുമായിട്ടാണ് ചൈനയിലേക്കു മുസ്‌ലിംകള്‍ കടന്നു വരുന്നത്. അതുകൊണ്ടു തന്നെ ആദ്യകാല മുസ്‌ലിം സമൂഹത്തിന് ചൈനീസ് സമൂഹത്തോടു കൂടുതല്‍ അടുപ്പമുണ്ട്. അവര്‍ ചൈന എന്ന രാജ്യത്തിന് ഒരിക്കലും ഒരു ഭാരമായിരിക്കാന്‍ ഇഷ്ടപ്പെട്ടില്ല. അതിനാല്‍ ആ രാജ്യത്തിന് ഒട്ടേറെ വലിയ സംഭാവനകള്‍ അര്‍പ്പിച്ചു.
എന്നാല്‍ പതിമൂന്നാം നൂറ്റാണ്ടിന് ശേഷം, മംഗോളുകള്‍ ചൈന കീഴടക്കിയ ശേഷമാണ് മുസ്‌ലിംകളില്‍ ചിലരെ വിദേശ അതിഥികള്‍ എന്ന പേരില്‍ തരം തിരിച്ചത്. അന്ന് അവര്‍ക്ക് അവര്‍ ഇച്ഛിക്കുന്ന സ്ഥലത്ത് താമസിക്കാനുള്ള സ്വാതന്ത്ര്യവും പൂര്‍ണ പൗരത്വവും നല്‍കപ്പെട്ടു.
തദ്ദേശീയ മുസ്‌ലിംകളും വിദേശ മുസ്‌ലിംകളും ചേര്‍ന്ന് പുതിയ ഒരു മുസ്‌ലിം സംസ്‌കാരം രൂപപ്പെടുകയായിരുന്നു ചൈനയില്‍. ചൈന മംഗോള്‍ മുസ്‌ലിംകളുടെ അധീനതയില്‍ വന്നപ്പോള്‍ മംഗോളിയര്‍ ചൈയിലേക്കുള്ള മുസ്‌ലിം കുടിയേറ്റത്തെ പ്രോത്സാഹിപ്പിക്കുകയും ധാരാളം മംഗോളിയര്‍ ചൈനയിലേക്കു കുടിയേറുകയും ചെയ്തു. ചൈനീസ് ഭരണകൂടത്തില്‍ ഉയര്‍ന്ന ഉത്തരവാദിത്തങ്ങള്‍ വഹിക്കുന്നവരായിരുന്നു ആ മുസ്‌ലിംകള്‍. മംഗോളിയന്‍ മിങ് രാജവംശത്തിന് കീഴില്‍ ഹൂയി എന്നത് മുസ് ലിംകളുടെ പൊതുവായ സ്ഥാനപ്പേരായി മാറി. അതിന് ശേഷമായിരുന്നു ചൈനയില്‍ മുസ്‌ലിംകള്‍ വികാസം പ്രാപിച്ചത്.
നൂറ്റാണ്ടുകള്‍ക്ക് ശേഷം, മഞ്ചൂറിയന്‍ രാജവംശം അധികാരത്തില്‍ വന്നതിനുശേഷം, 1780 കാലത്ത് മഞ്ചൂറിയന്‍ വംശത്തില്‍ പെട്ട ഹാനുകളും ഹൂയികളും തമ്മില്‍ വര്‍ഗ്ഗീയ സംഘട്ടനങ്ങള്‍ ഉടലെടുത്തു. ഇരു വിഭാഗങ്ങള്‍ക്കിടയിലെ സംഘര്‍ഷങ്ങളും കലാപങ്ങളും നൂറ്റമ്പതിലേറെ വര്‍ഷം തുടര്‍ന്നു. മഞ്ചൂറിയന്‍ രാജവംശം മുസ്‌ലിംകള്‍ക്കെതിരെ തികച്ചും വിവേചനപരമായ നിലപാടുകളാണ് കൈക്കൊണ്ടിരുന്നത്. പള്ളികള്‍ നിര്‍മ്മിക്കാനും ആടുമാടുകളെ അറുക്കാനുമുള്ള അനുവാദം മുസ് ലിംകള്‍ക്ക് നിഷേധിക്കപ്പെട്ടു.
1862-1878 കാലഘട്ടങ്ങളില്‍ ഗാന്‍സു പ്രവിശ്യയില്‍ ഇരു വിഭാഗങ്ങള്‍ തമ്മില്‍ അതിരൂക്ഷമായ പോരാട്ടങ്ങള്‍ അരങ്ങേറി. ഈ ആക്രമങ്ങള്‍ക്കൊടുവില്‍ 15 മില്യന്‍ ജനങ്ങള്‍ ഉണ്ടായിരുന്ന പ്രദേശത്ത് ഒരു മില്യണായി കുറഞ്ഞു. കൊല്ലപ്പെട്ടവരില്‍ അധികവും ഹൂയി മുസ്‌ലിംകളായിരുന്നു.
1912 വരെയും ചൈന ഭരിച്ചത് മഞ്ചൂരിയന്‍ രാജവംശമാണ്. എന്നാല്‍ 1930 വരെയും മുസ്‌ലിംകള്‍ക്കെതിരിലുള്ള ആക്രമങ്ങള്‍ തുടര്‍ന്നുകൊണ്ടിരുന്നു. ഏകദേശം ഇരുപതുവര്‍ഷത്തിനുശേഷം 1949 ലാണ് മാവോ സേ തുങ്ങിന്റെ നേതൃത്വത്തില്‍ പീപിള്‍സ് റിപബ്ലിക് ഓഫ് ചൈന എന്ന പേരില്‍ ചൈന ഒരു കമ്യൂണിസ്റ്റ് രാജ്യമായി മാറുന്നത്. എല്ലാതരം മതങ്ങള്‍ക്കുമെതിരായിരുന്നു പുതിയ കമ്യൂണിസ്റ്റ് ഭരണകൂടം.
ഹൂയി എന്നറിയപ്പെടുന്ന മുസ്‌ലിംകളും മറ്റനേകം മതവിശ്വാസികളെ പോലെ കൊല്ലപ്പെടുകയും കഠിനമായി പീഡിപ്പിക്കപ്പെടുകയും ചെയ്തു. മുസ്‌ലിംകളുടെ പള്ളികള്‍ നശിപ്പിക്കപ്പെട്ടു. 1976 ല്‍ മാവോ സേതുങ് മരണപ്പെട്ടതിനു ശേഷം മാത്രമാണ്, കാര്യങ്ങള്‍ക്ക് അല്‍പ്പം മാറ്റം ഉണ്ടായത്. മുസ്‌ലിംകളുടെ സാമ്പത്തിക സ്രോതസ്സുകളും കഴിവുകളും മനസ്സിലാക്കിയ സര്‍ക്കാര്‍ പിന്നീട് മുസ്‌ലിംകളെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്തു തുടങ്ങി.
ചൈനയിലെ ബീജിങ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇസ്‌ലാമിക് അസോസിയേഷന്റെ അധ്യക്ഷനും ആയിരം വര്‍ഷം പഴക്കമുള്ള ന്യൂജീ പള്ളിയിലെ ഇമാമുമായ അലി നൂര്‍ അല്‍ ഹുദാ പറയുന്നത് ഇപ്പോള്‍ ചൈനീസ് സര്‍ക്കാരുകള്‍ മതവിശ്വാസത്തെ അടിച്ചമര്‍ത്താനോ മതാനുഷ്ഠാനങ്ങള്‍ പുലര്‍ത്തുന്നവരെ ഉപദ്രവിക്കാനോ തുനിയുന്നില്ല എന്നാണ്. ഹാന്‍ വിഭാഗവുമായി മുസ്‌ലിംകള്‍ മുമ്പ് വലിയ യുദ്ധങ്ങള്‍ വരെ നടത്തിയിരുന്നുവെങ്കിലും ഇപ്പോള്‍ അവരുമായുള്ള ബന്ധവും സമാധാനപൂര്‍വമാണ്. എല്ലാ മനുഷ്യരെയും സ്‌നേഹിക്കാനും ആദരിക്കാനുമാണ് ഈ മതം ആഹ്വാനം ചെയ്യുന്നത്.
അടിസ്ഥാന പ്രമാണങ്ങളില്‍ വ്യതിചലിക്കാതെ ശാഖാപരമായ കാര്യങ്ങളില്‍ വ്യത്യസ്തതകള്‍ ഉണ്ടെങ്കിലും പൊതുവെ മുസ്‌ലിംകള്‍ ഐക്യത്തിലാണ്. എല്ലാവരും ഏകനായ അല്ലാഹുവിലും അവന്റെ പ്രവാചകനിലും വേദഗ്രന്ഥങ്ങളിലും വിശ്വസിക്കുന്നവരാണ്. അവിടെ മുസ്‌ലിംകള്‍ക്കിടയിലെ വ്യത്യസം ഭാഷയിലും ഭക്ഷണത്തിലും പാരമ്പര്യത്തിലുമാണ്.
ആധുനിക ചൈനീസ് മുസ് ലിംകള്‍ രാഷ്ട്രീയ രംഗത്തുനിന്ന് തീര്‍ത്തും മാറ്റിനിര്‍ത്തപ്പട്ടവരാണ്. സ്വന്തം നിലക്കു രാഷ്ട്രീയ പ്രതിനിധാനം അവര്‍ ഉദ്ദേശിക്കുന്നുമില്ല. എന്നാല്‍ ചൈനയില്‍ മാറിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയ സമവാക്യങ്ങള്‍ ഭാവിയില്‍ മുസ്‌ലിംകള്‍ക്കും രാഷ്ട്രീയ പ്രവേശത്തിനുള്ള സാധ്യതകള്‍ തുറന്നിടുന്നുണ്ട്. ഇപ്പോള്‍ മതനിരാസരെയും യുക്തിവാദികളെയും മാത്രമാണ് രാഷ്ട്രീയ രംഗത്ത് കാണാനാവുക. മതനിഷേധികള്‍ക്കുമാത്രം കമ്യൂണിസ്റ്റ് രാഷ്ട്രീയത്തില്‍ പ്രവേശിക്കാന്‍ കഴിയുന്ന സാഹചര്യമൊക്കെ മാറിവരുന്നതായാണ് സൂചന.
മുപ്പത്തിനാല് വര്‍ഷത്തെ സാസ്‌ക്കാരിക വിപ്ലവത്തിന്റെ ഫലമായി മുസ്‌ലിംകളും മറ്റു മത വിശ്വാസികളും അല്‍പം കൂടി ഭേദപ്പെട്ട അവസ്ഥയിലാണ് ഇന്നുള്ളത്. ഇസ്‌ലാമിക് അസോസിയേഷനുകള്‍, ഇസ്‌ലാമിക് സ്‌കൂളുകള്‍,കോളേജുകള്‍ എന്നിവയെല്ലാം സ്ഥാപിക്കപ്പെട്ടിരിക്കുന്നു. പുതുതായി നിരവധി പള്ളികള്‍ പണിതു. ചെറുതെങ്കിലും ഇസ് ലാമിക നവജാഗരണത്തിന്റെ കാലമാണ് ചൈനയിലിപ്പോഴുള്ളത്.
അടിച്ചമര്‍ത്തലിന്റെയും കൊടിയ പീഡനങ്ങളുടെയും നീണ്ട ഭൂത കാലത്തില്‍ നിന്ന് ചൈനീസ് മുസ്‌ലിംകള്‍ വിടുതല്‍ നേടിക്കൊണ്ടിരിക്കുന്നു. അവര്‍ ഇന്ന് പലതരം കര്‍മപരിപാടികള്‍ ആവിഷ്‌കരിച്ചുകൊണ്ടിരിക്കുന്നു. മുസ്‌ലിം രാജ്യങ്ങളുമായി ബന്ധം സ്ഥാപിക്കുന്നു. ന്യൂനപക്ഷങ്ങള്‍ എന്ന നിലയില്‍ മുസ്‌ലിംകള്‍ക്ക്, ചൈനീസ് സര്‍ക്കാര്‍ പൊതുവായി രാജ്യത്ത് നടപ്പാക്കി പോന്ന ഒരു കുടുംബത്തിന് ഒരു സന്താനം എന്ന പോളിസിയില്‍ ഇളവുണ്ടായിരുന്നു. ന്യൂനപക്ഷ സമുദായം എന്ന നിലക്ക് അവര്‍ക്ക് മൂന്നു കുട്ടികള്‍വരെ ആകുന്നതിന് കുഴപ്പമില്ലായിരുന്നു. എന്നാല്‍ തദ്ദേശീയ ചൈനീസ് മുസ്‌ലിംകളായ ഹൂയി വിഭാഗത്തിനു ചൈനീസ് ഭരണകൂടം കാലങ്ങളായി തുടര്‍ന്നു പോരുന്ന ഏകസന്താനനയം മുറുകെപ്പിടിക്കേണ്ടിവന്നു. മൊത്തം ജനസംഖ്യയില്‍ ഗണ്യമായ ഒരു വിഭാഗത്തെ ഹൂയി വംശജര്‍ പ്രതിനിധാനം ചെയ്യുന്നുണ്ടെന്ന് പറഞ്ഞാണ് സര്‍ക്കാര്‍ ഹൂയി വിഭാഗങ്ങള്‍ക്കിടയില്‍ ഏകസന്താന നയം അടിച്ചേല്‍പ്പിച്ചത്. എന്നാല്‍ അതിനും ഇപ്പോള്‍ മാറ്റം സംഭവിച്ചിട്ടുണ്ട്. മുസ്‌ലിംകള്‍ക്ക് കൂടുതല്‍ സന്താനങ്ങള്‍ ഉണ്ടാകുന്ന പ്രവണത കൂടി വരികയാണ് ചൈനയില്‍.
ചൈനയില്‍ മുസ്‌ലിം ജനസംഖ്യാ വര്‍ധനയില്‍ ചെറിയ ഒരു ഭാഗം മതംമാറ്റത്തിലൂടെയാണ്. എന്നാല്‍, അക്രമവും ബഹിഷ്‌ക്കരണവും ഭയന്ന് അധികപേരും തങ്ങളുടെ ഇസ് ലാമാശ്ലേഷണം പുറത്തു പറയാന്‍ മടിക്കുകയാണെന്ന് സിഗുയാന്‍ പള്ളി ഇമാം വ്യക്തമാക്കുന്നു. എന്നാല്‍ ഡോക്ടര്‍മാര്‍ തുടങ്ങിയ ഉയര്‍ന്ന പ്രൊഫഷനലുകള്‍ തങ്ങളുടെ ഇസ്‌ലാമാശ്ലേഷം തുറന്നു പറയാന്‍ മടിക്കാത്തവരാണത്രേ.
ചൈനയിലെ വിവിധ പ്രദേശങ്ങളിലെ ഇസ്‌ലാമിന്റെ സാന്നിധ്യം വ്യത്യസ്തമാണ്. മുസ്‌ലിംകളുടെ ജനസംഖ്യാ പ്രാതിനിധ്യത്തിനനുസൃതമായി കൂടിയും കുറഞ്ഞും ഇസ്‌ലാമിക പ്രതിനിധാനങ്ങള്‍ ഇവിടങ്ങളില്‍ കാണാം. കുഞ്ഞുമക്ക എന്നറിയപ്പെടുന്ന ഗ്രാമങ്ങളില്‍ അറുപത് ശതമാനം പേരും മുസ്‌ലിംകളാണ്. അവിടങ്ങളില്‍ കൂടുതല്‍ പള്ളികളുണ്ട്. അവയില്‍ നല്ല ആളുകളുമുണ്ട്. ഹലാല്‍ റെസ്റ്റോറന്റുകളും ഹിജാബ് ധരിച്ച സ്ത്രീകളെയും ഇവിടങ്ങളില്‍ ധാരാളം കാണാം.
തെരുവുകളിലൂടെ നടന്നു നീങ്ങുന്ന ഏതൊരാള്‍ക്കും നിരവധി തവണ ഇസ്‌ലാമിന്റെ അഭിവാദ്യമായ അസ്സലാമു അലൈകും കേള്‍ക്കാനാകും. ബാങ്കിന്റെ സമയങ്ങളില്‍ ഒരു ഡസനോളം പള്ളികളില്‍ നിന്ന് ബാങ്കൊലികളും കേള്‍ക്കാം. എന്നാല്‍ ബീജിങ് പോലുള്ള മഹാനഗരങ്ങളിലെ അവസ്ഥ വളരെ വ്യത്യസ്തമാണ്. ഇത്തരം നഗരങ്ങളില്‍ ആത്മീയതയുടെ ഒരടയാളവും ദൃശ്യമാകാത്ത വിധം ആഗോളീകരണവും കണ്‍സ്യൂമറിസവും അരങ്ങുവാഴുകയാണ്.
ചൈനയുടെ തലസ്ഥാന നഗരിയായ ബീജിങില്‍ 72 പള്ളികളുണ്ട്. എങ്കിലും നഗരത്തില്‍ ഇസ്‌ലാമിന്റെ സാന്നിധ്യം പ്രകടമായി കാണാന്‍ സാധ്യമല്ല. ‘ഇത്തരം വലിയ നഗരങ്ങളില്‍ മുസ്‌ലിംകള്‍ തങ്ങളുടെ വസ്ത്രധാരണമര്യാദകള്‍ സ്വീകരിക്കുന്നില്ല. സ്ത്രീകള്‍ ഇവിടെ തല മറക്കാറില്ല. അതവര്‍ക്ക് വലിയ അസ്വസ്ഥതയുണ്ടാക്കുന്നുവത്രേ. അത് ധരിക്കാന്‍ കല്‍പിച്ചതിന്റെ യുക്തിയൊന്നും അവര്‍ക്ക് മനസ്സിലാകില്ല.’ ബീജിങിലെ മുന്നൂറ് വര്‍ഷം പഴക്കമുള്ള നാന്‍ദൂ പള്ളി ഇമാം അബ്ദുര്‍ റഹ്മാന്‍ ഹാറൂണ്‍ പറയുന്നതതാണ്.
(ഈജിപ്ഷ്യന്‍ എഴുത്തുകാരിയായ ഈഥര്‍ ഖത്താതിനി ഈജിപ്റ്റ് ടുഡേ മാഗസിനില്‍ കോളമിസ്റ്റാണ്).