ആരാണ് സമര്‍ഥന്‍?

corporate_think success-786x305ഒരാള്‍ പാപം ചെയ്യുമ്പോള്‍ രണ്ട് സ്‌നേഹം അവന്‍ നഷ്ടപ്പെടുത്തുന്നു. ഒന്ന്, തന്നോട് തന്നെയുള്ള സ്‌നേഹം. ആദി മനുഷ്യനും ഇണക്കും അല്ലാഹു പഠിപ്പിച്ച പ്രാര്‍ഥനയില്‍ നിന്ന് അതു ഗ്രഹിക്കാം. ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ ഞങ്ങളോട് അക്രമം ചെയ്തു പോയി എന്നാണ് ആ പ്രാര്‍ഥന. തിന്നരുത് എന്ന് അല്ലാഹു പറഞ്ഞ ഒരു മരത്തിന്റെ പഴം പൈശാചിക പ്രേരണയാല്‍ അവര്‍ തിന്നു പോയി. തിന്നാവുന്ന ഒരുപാട് പഴങ്ങള്‍ അവിടെയുണ്ടായിരുന്നിട്ടും അതുകൊണ്ട് മതിയാക്കാന്‍ അവര്‍ക്കു തോന്നിയില്ല. വിലക്കപ്പെട്ടതു കൂടി ഒന്ന് രുചിച്ചു നോക്കണമെന്നു തോന്നി. അവിടെ പിശാച് ജയിക്കുന്നു. ഞങ്ങള്‍ തെറ്റു ചെയ്തു എന്ന ആശയത്തിന്റെ കാവ്യശൈലിയാണ് ഞങ്ങള്‍ ഞങ്ങളെ ദ്രോഹിച്ചു എന്ന ഖുര്‍ആനിക പ്രയോഗം. കടുത്ത പാപങ്ങള്‍ ധാരാളമായി ചെയ്തവരെ പറ്റി ഖുര്‍ആന്‍ പറഞ്ഞത് സ്വന്തം ശരീരങ്ങളോട് അമിതമായി അതിക്രമം കാണിച്ചവര്‍ എന്നാണ്. (39 : 53) ചുരുക്കത്തില്‍ ഓരോ തിന്മ ചെയ്യുമ്പോഴും മനുഷ്യന്‍ അവനെ നരകത്തിലേക്ക് തള്ളുകയാണ്. ആത്മസ്‌നേഹത്തിന്റെ കുറവാണത്.

രണ്ടാമതായി തന്റെ സ്രഷ്ടാവും സംരക്ഷകനും തന്നോട് വളരെയധികം സ്‌നേഹമുള്ളവനുമായ അല്ലാഹുവിന്റെ സ്‌നേഹം പാപങ്ങള്‍ ചെയ്യുന്നതിലൂടെ നഷ്ടപ്പെടുന്നു. പാപം ഏറ്റുപറയുകയും പാപമോചന പ്രാര്‍ഥന നടത്തുകയും ചെയ്യുമ്പോള്‍ അല്ലാഹു അത് പൊറുത്തു കോടുക്കുന്നു. അല്ലാഹുവിന് അടിമയോടുള്ള സ്‌നേഹത്തിന്റെ തെളിവാണത്. അതുലഭിച്ച മനുഷ്യന്‍ വീണ്ടും തെറ്റുചെയ്ത് ആ സ്‌നേഹവും നഷ്ടപ്പെടുത്തുന്നു. തെറ്റിലേക്ക് ഇനി ഞാന്‍ നീങ്ങുകയില്ല എന്ന് ദൃഢനിശ്ചയം ചെയ്യല്‍ സ്വര്‍ഗത്തിലേക്കുള്ള ടിക്കറ്റിന് കൈനീട്ടലാണ്.

ദൈവത്തോട്, തന്നോട്, തന്റെ സമുദായത്തോട്, വേദനയനുഭവിക്കുന്നവരോട് എന്നിങ്ങനെ സ്‌നേഹം ഒഴുകേണ്ട ചാലുകള്‍ ഒരുപാടുണ്ട്. മനുഷ്യന്റെ മനം നിറയെ വിവിധ തരത്തിലുള്ള സ്‌നേഹമായിരിക്കണം. ഇതില്‍ ഏത് സ്‌നേഹം വെട്ടിക്കുറച്ചാലും അത് ആത്മസ്‌നേഹം നഷ്ടപ്പെടുത്തലാവും. എന്നുവെച്ചാല്‍ ആത്മദ്രോഹമാവും.

ഉദാഹരണത്തിന് അല്ലാഹു നിര്‍ദേശിച്ച നമസ്‌കാരം, വ്രതം എന്നിവ കൃത്യമായി നിര്‍വഹിക്കുകയും ഒന്നിലധികം ഹജ്ജു ചെയ്യുകയും ചെയ്ത ഒരാള്‍ അനാഥരെയും ദരിദ്രരെയും സഹായിക്കുന്നില്ല എന്ന് വന്നാല്‍ ഇവന്‍ എന്റെ മുന്നില്‍ കുമ്പിടുകയും നോമ്പനുഷ്ടിക്കുകയും ചെയ്തവനാണല്ലോ എന്ന് കരുതി, പാവങ്ങളെ അവഗണിച്ചതിന് മാപ്പ് നല്‍കില്ല എന്നാണ് ഖുര്‍ആനില്‍ നിന്ന് മനസ്സിലാക്കാന്‍ കഴിയുക.

‘മതത്തെ കളവാക്കിയവനാരെന്ന് നീ കണ്ടുവോ? അനാഥക്കുട്ടിയെ തള്ളിക്കളയുകയും പാവപ്പെട്ടവന്റെ ഭക്ഷണത്തിന്റെ കാര്യത്തില്‍ പ്രോത്സാഹനം നടത്താതിരിക്കുകയും ചെയ്തവനത്രേ അത്.’ (107 : 1-3)

ഇസ്‌ലാം അലിവുള്ള മനസ്സിനെയാണ് പരിഗണിക്കുന്നത് എന്ന് ഇതില്‍ നിന്ന് ഗ്രഹിക്കാം. ഓരോ ആരാധനാ കര്‍മവും മനസ്സിനെ അലിയിക്കണം, സ്‌നേഹമസൃണമാക്കണം. അതുണ്ടായിരിക്കലാണ് ആരാധനയിലെ ആത്മാര്‍ത്ഥത.

നമ്മുടെ ശമ്പളം, കച്ചവടത്തിലെ ലാഭം, കാര്‍ഷിക സമ്പത്ത് തുടങ്ങിയ ചില നിബന്ധനകളോടെ അല്ലാഹു നില്‍കിയതാണ്. ഇതുമുഴുവനും നിന്റേതല്ല, പാവങ്ങള്‍ക്കു കൂടിയുള്ളതാണ്. ചെറിയ ഒരംശം മാത്രമാണ് മറ്റുള്ളവര്‍ക്ക് നല്‍കാന്‍ പറഞ്ഞത് എന്നാണ് അല്ലാഹുവിന്റെ നിബന്ധനയുടെ ലളിതഭാഷ്യം. അത് നല്‍കാതിരിക്കല്‍ അല്ലാഹുവെ വഞ്ചിക്കലാവും. വഞ്ചനയാണ് സ്‌നേഹമില്ലായ്മയുടെ ഏറ്റവും ഭീകരമായ മുഖം. അതു നടത്തുക വഴി മനുഷ്യന്‍ നരകത്തിലേക്കുള്ള വഴി എളുപ്പമാക്കുന്നു. അപ്പോള്‍ അല്ലാഹുവും അവന് നരകപാത എളുപ്പമാക്കും. നോക്കൂ. ‘എന്നാല്‍ ആര്‍ പിശുക്കു കാണിക്കുകയും സ്വയം പര്യാപ്തത നടിക്കുകയും ഏറ്റവും ഉത്തമമായതിനെ നിഷേധിച്ചു തള്ളുകയും ചെയ്തുവോ അവന്ന് നാം ഏറ്റവും ബുദ്ധിമുട്ടുള്ളതിലേക്ക് സൗകര്യമൊരുക്കി കൊടുക്കുന്നതാണ്.’ (ഖുര്‍ആന്‍ – 92 : 8-10)

പിശുക്കുക എന്ന് ഇവിടെ പ്രയോഗിച്ചത് നല്ല മാര്‍ഗത്തില്‍ ചെലവു ചെയ്യേണ്ടി വരുമ്പോഴുള്ള പിശുക്കാണ്. മറ്റൊരവസരത്തില്‍ തനിക്ക് അത് ഉപകാരപ്പെടും എന്നു വിചാരിച്ചാണ് ഏതുമനുഷ്യനും പിശുക്കു കാണിക്കുക. പക്ഷെ നന്മയില്‍ കാണിക്കുന്ന പിശുക്ക് അവന് ഉപകാരപ്പെടുകയില്ല. അല്ലാഹു പറയുന്നു : ‘അവന്‍ നാശത്തില്‍ പതിക്കുമ്പോള്‍ അവന്റെ ധനം അവന്ന് പ്രയോജനപ്പെടുന്നതല്ല.’ (92 :11)

മറ്റൊരു പ്രധാന കാര്യം ഇതില്‍ നിന്ന് വ്യക്തമാവുന്നു. പാവങ്ങളെ സഹായിക്കാതിരിക്കുന്നവനും പിശുക്കുന്നവനും വിഡ്ഢിയാണ്. ഒരു നേട്ടവും ഇല്ലാതിരിക്കുകയും നഷ്ടമുണ്ടാവുകയും ചെയ്യുന്ന കാര്യങ്ങള്‍ പ്രവര്‍ത്തിക്കുന്നവനേക്കാള്‍ വലിയ വിഡ്ഢിയാരുണ്ട്? അതെ, പാപി = വിഡ്ഢി. പുണ്യവാന്‍ = സമര്‍ഥന്‍.

ഒരു നന്മ കൊണ്ടു വന്നാല്‍ ഞാന്‍ പത്തുനന്മ തരാം എന്ന് അല്ലാഹു വാക്കു തന്നിട്ടും (6: 160) അത് അവഗണിക്കുകയും തിന്മ തെരെഞ്ഞെടുക്കുകയും ചെയ്യുന്നവര്‍ മനുഷ്യരിലെമ്പാടുമുണ്ടല്ലോ. കോഴയും കൈക്കൂലിയും വാങ്ങി ഇവിടെ അവര്‍ കൊട്ടാരങ്ങള്‍ പണിയുന്നു. സഞ്ചരിക്കാന്‍ കൊട്ടാരസദൃശ്യമായ വാഹനങ്ങള്‍ വാങ്ങുന്നു. തന്റെ മരണാനന്തരം മക്കള്‍ക്ക് വീതിച്ചെടുക്കാന്‍ ഭൂമിയും വാടകക്കെട്ടിടങ്ങളും വാങ്ങി കൂട്ടുന്നു. പമ്പര വിഡ്ഢികളാണവര്‍. പരലോകത്ത് ഇതൊന്നും അവര്‍ക്ക് ഉപകരിക്കുകയില്ല.

എന്നാല്‍ ഒരു വഞ്ചനയും നടത്താതെ നിത്യവും കൂലിപ്പണിയെടുത്ത് ഭാര്യയെയും മക്കളെയും വളര്‍ത്തി അവര്‍ക്ക് അന്തിയുറങ്ങാന്‍ ഒരു കൊച്ചുവീട് വിട്ടേച്ചു പോവുകയും ചെയ്ത സത്യവിശ്വാസി പരലോകത്ത് നേടുക കൊട്ടാരമായിരിക്കും. അവനല്ലേ സമര്‍ഥന്‍?

Related Post