ജീവിതത്തിന്റെ തത്ത്വശാസ്ത്രം

فلسفةപ്രപഞ്ചവും മനുഷ്യനും തമ്മിലുള്ള ബന്ധമെന്തെന്ന്  ഖുര്‍ആന്‍ വിശദീകരിച്ചിട്ടുണ്ട്. ആകാശഭൂമികളിലുള്ള സകലതും ദൈവം മനുഷ്യോപയോഗത്തിന് സജ്ജമാക്കിയിരിക്കുന്നു. അവയെ ഭരിക്കുകയാണ് മനുഷ്യന്‍ ചെയ്യേണ്ടത്. സുന്ദരമായ വസ്തുക്കളാണ് മനുഷ്യന് ദൈവം നല്‍കിയിരിക്കുന്നത്. ജീവിത-മരണങ്ങള്‍ നിശ്ചയിച്ചിട്ടുള്ളതും മനുഷ്യനെ ഒരു പരീക്ഷണത്തിന് വിധേയനാക്കാനാണ്; ആരാണ് ആ വസ്തുക്കള്‍ ഉപയോഗപ്പെടുത്തി സല്‍ക്കര്‍മകാരിയാകുന്നത്, ആരാണ് ദുര്‍മാര്‍ഗിയാകുന്നത്‌ എന്ന പരീക്ഷണത്തിന്.

 
ഒരു പരിധിവരെ മനുഷ്യന്‍ സ്വതന്ത്രനാണെങ്കിലും മനുഷ്യനിയന്ത്രണത്തിന്നതീതമായ ചില സാഹചര്യങ്ങളിലാണ് അവന്‍ ജനിക്കുന്നതും ജീവിക്കുന്നതും. ഏതു മനുഷ്യനെയും അവന്നുത്തമമെന്ന്  ദൈവത്തിന് തോന്നുന്ന  സാഹചര്യങ്ങളിലാണ് ദൈവം ജനിപ്പിക്കുന്നത്. പ്രപഞ്ച  സൃഷ്ടിയുടെ രഹസ്യം നശ്വരജീവികള്‍ക്ക് പൂര്‍ണമായും ഉള്‍ക്കൊള്ളാനാവില്ല. പക്ഷെ, മനുഷ്യനെ ഐശ്വര്യത്തിലും ക്ഷാമത്തിലും ആരോഗ്യത്തിലും രോഗാവസ്ഥയിലും പുരോഗതിയിലും അധോഗതിയിലും ദൈവം പരീക്ഷണ വിധേയനാക്കും. പലരെയും പലവിധത്തിലാണ് ദൈവം പരീക്ഷിക്കുന്നത്. വ്യത്യസ്ത സന്ദര്‍ഭങ്ങളിലാണ് ദൈവം പരീക്ഷിക്കുന്നത്. വ്യത്യസ്ത സന്ദര്‍ഭങ്ങളില്‍ വിവിധ രീതികളാനതിനുണ്ടാവുക. അതിനാല്‍, ബുദ്ധിമുട്ടുകളുടെ സാഹചര്യങ്ങളില്‍ തെറ്റായ മാര്‍ഗം അവലംബിക്കാതിരിക്കുക; അത് താല്‍ക്കാലികം മാത്രമായിരിക്കും. സമൃദ്ധിയില്‍ ദൈവത്തെ മറക്കാതിരിക്കുക; ദൈവാനുഗ്രഹങ്ങള്‍  ഒരനാമത്താണ്.ഇവിടെ ജീവിക്കുവാനും മരിക്കുവാനും നിങ്ങള്‍ വിധിക്കപ്പെട്ടിരിക്കുന്നു. ജീവിക്കുന്നത് ദൈവനിയമങ്ങല്‍ക്കനുസൃതമാകട്ടെ; മരിക്കുന്നത് ദൈവത്തിന്റെ മാര്‍ഗത്തിലും. ഇതിനെ നിങ്ങള്‍ വിധി എന്ന് വിളിച്ചേക്കാം. എന്നാല്‍ ഇത്തരത്തിലുള്ള വിധി അനുനിമിഷം ജാഗ്രത പുലര്‍ത്താന്‍ നിങ്ങളെ പ്രേരിപ്പിക്കുന്നത് അനുസ്യുതവും ഊര്‍ജസ്വലവുമായ പ്രയത്നത്തിന്റെ ഒരവസ്ഥാവിശേഷമാണ്.

 
ഈ ലൌകിക ജീവിതം മനുഷ്യാസ്തിത്വത്തിന്റെ അന്ത്യമാണെന്ന് കരുതരുത്. ശാശ്വതമായ ഒരു ജീവിതം മരണാനന്തരം വരാനിരിക്കുന്നു. അദൃശ്യമായ ജീവിതയാഥാര്‍ത്യത്തിലേക്കുള്ള കവാടമാണത്. ജീവിതത്തില്‍ ഏറ്റവും നിസ്സാരമായ കര്‍മത്തിനുപോലും അതിന്റേതായ പ്രതിഫലമുണ്ട്. ഒരു പ്രത്യേകരീതിയില്‍ അത് രേഖപ്പെടുത്തുന്നു. ദൈവത്തിന്റെ പ്രവര്‍ത്തനരീതികളില്‍ ചിലത് നിങ്ങള്‍ക്കറിയാവുന്നതാണ്. പക്ഷെ, അവയിലധികവും നിങ്ങള്‍ക്കജ്ഞാതമാണ്. നിങ്ങളില്‍ അദൃശ്യമായിക്കിടക്കുന്നതും ഈ ലോകത്ത് നിങ്ങള്‍ക്കദൃശ്യമായതുമായ സകലതും അടുത്തലോകത്തില്‍  നിങ്ങള്‍ക്ക് ദൃശ്യമാകും. സല്കര്‍മകാരികള്‍ ദൈവാനുഗ്രഹമാസ്വദിക്കും.ഒരു കണ്ണും കണ്ടിട്ടില്ലാത്തതും ഒരു ചെവിയും കേട്ടിട്ടില്ലാത്തതും ഒരു ഭാവനയിലും തെളിഞ്ഞിട്ടില്ലാത്തതുമായ വിഭവങ്ങള്‍! ഈ ലോകത്ത് സന്ദര്‍ഭം പാഴാക്കിയവന്‍ നിയമത്തിന്റെ അനിവാര്യതക്ക് വിധേയനായിത്തീരും. തന്റെ പ്രവര്‍ത്തനങ്ങളുടെ രുചി അതവനെ ആസ്വദിപ്പിക്കും. സ്വകരങ്ങളുടെ ചെയ്തി മൂലമുളവായ ആത്മീയ രോഗങ്ങളുടെ ഒരു ചികില്‍സാവിധിക്ക് അവന്‍ വിധേയനായിത്തീരും. ശാരീരിക പീഡനം ചിലപ്പോള്‍ സഹ്യമാണ്; ആത്മീയ പീഡനം നരകതുല്യമാണ്; അതസഹ്യവുമാണ്.

 
അതിനാല്‍, അധര്‍മമാര്‍ഗത്തിലേക്ക് നയിക്കുന്ന മനസ്സാക്ഷിയുടെ ദുഷ്പ്രേരണകളെ ചെറുത്തു തോല്‍പ്പിക്കുക. ആ ചെറുത്തു നില്പിന്റെ അടുത്ത പടിയായ കുറ്റബോധമനുഭവപ്പെടുന്ന മനസ്സാക്ഷി ധാര്‍മിക ബോധത്തിന്റെ ഉത്തുംഗസോപാനത്തിലേക്കുയരുവാന്‍ ജിജ്ഞാസാപൂര്‍വ്വം ഉണരുന്നതും അധര്‍മത്തിനെതിരെ സമരസജ്ജമാകുന്നതും അനുഭവവേദ്യമാകും. ഇത് ആത്മീയോത്കര്‍ഷത്തിന്റെ അന്ത്യഘട്ടമായ സമാധാനത്തിലേക്ക് -ദൈവത്തിന്റെ മാത്രം സംതൃപ്തിയും സന്തോഷവും കണ്ടെത്തുന്ന ആത്മസംതൃപ്തിയിലേക്ക്- നയിക്കും. അതോടെ സംഘര്‍ഷത്തിന്റെ ഘട്ടം അവസാനിക്കുന്നു. പിന്നെ, ആത്മാവിന്ന് പതനമില്ല. സത്യം വിജയിക്കുകയും അസത്യം പത്തി താഴ്ത്തുകയും ചെയ്യുന്നു. എല്ലാ സങ്കീര്‍ണതകളും അതോടെ പരിഹൃതമാകുന്നു.  ദൈവഹിതത്തിന് പൂര്‍ണമായും കീഴ്പെടുകയെന്ന കേന്ദ്രബിന്ദുവില്‍ വ്യക്തിത്വത്തിന്റെ വിഭിന്ന ഭാഗങ്ങള്‍ ഉദ്ഗ്രഥിതമായിത്തീരുന്നു. അതാണ്‌ ആത്മാവ് സമാധാനം കണ്ടെത്തുന്ന ആ സന്ദര്‍ഭം!    അപ്പോള്‍ ദൈവം നിങ്ങളെ സംബോധന ചെയ്യും: “സമാധാനപൂര്‍ണമായ ആത്മാവേ, ദൈവത്തെ നീയും നിന്നെ ദൈവവും തൃപ്തിപ്പെട്ട നിലയില്‍ നിന്റെ നാഥങ്കലേക്ക് മടങ്ങുക, എന്റെ അടിമകളോടൊപ്പം നീ പ്രവേശിക്കുക, എന്റെ സ്വര്‍ഗപൂങ്കാവനത്തില്‍ നീ പ്രവേശിച്ചുകൊള്‍ക !” ഇതാണ് മനുഷ്യന്റെ അന്തിമലക്ഷ്യം. ഒരു വശത്ത്‌ പ്രപഞ്ചത്തിന്റെ കൈകാര്യകര്‍ത്താവാവുകയും മറുവശത്ത്‌ ദൈവം അവനെയും അവന്‍ ദൈവത്തെയും തൃപ്തിപ്പെട്ട നിലയില്‍ തന്റെ ആത്മാവ് ദൈവത്തില്‍ സമാധാനം കണ്ടെത്തുകയും ചെയ്യുകയെന്നതാണ് മനുഷ്യജീവിതത്തിന്റെ പരമലക്ഷ്യം. സായൂജ്യം – പൂര്‍ണസായൂജ്യം; സംതൃപ്തി – പൂര്‍ണസംതൃപ്തി; സമാധാനം – പൂര്‍ണസമാധാനം. ഈ ഘട്ടത്തില്‍ ദൈവത്തോടുള്ള സ്നേഹമാണവന്റെ ആഹാരം; ജീവിതത്തിന്റെ ജലധാരയാണ് അവന്റെ പാനീയം. ഖേദവും നഷ്ടബോധവും അവനെ തീണ്ടുന്നില്ല. വിജയം അവനെ അഹങ്കാരിയോ ഉന്മത്തനോ ആക്കുന്നില്ല.

 
പാശ്ചാത്യലോകം പ്രപഞ്ചത്തിന്റെ കൈകാര്യകര്‍ത്താക്കളാവാനെ ശ്രമിക്കുന്നുള്ളൂ. അതിനാല്‍, അവരുടെ ആത്മാക്കള്‍ സമാധാനം കണ്ടെത്തുന്നില്ല.
ഈ ജീവിത തത്ത്വശാസ്ത്രത്തിലാകൃഷ്ടനായ തോമസ്‌ കാര്‍ലൈല്‍ എഴുതുന്നു: “നാം ദൈവത്തിന് കീഴ്പ്പെടുക എന്നതാണ് ഇസ്‌ലാം. അതായത്, ദൈവത്തിനുള്ള പൂര്‍ണമായ കീഴ്വണക്കത്തിലാണ് നമ്മുടെ മുഴുവന്‍ ശക്തിയും കുടികൊള്ളുന്നത്. ദൈവം നമ്മോട് ചെയ്യുന്നതെന്തും നമുക്ക് നല്‍കുന്നതെന്തും – അത് മരണമാവട്ടെ അതിനേക്കാള്‍ ചീത്തയാവട്ടെ -ഉത്തമവും ഉല്‍കൃഷ്ടവുമായിരിക്കും. നാം സ്വയം ദൈവത്തിനര്‍പ്പിക്കുക.” കാര്‍ലൈല്‍ തുടരുന്നു: “ഇതാണ് ഇസ്ലാമെങ്കില്‍ നാമെല്ലാം ഇസ്ലാമിലല്ലേ ജീവിക്കുന്നതെന്ന് ഗോയ്ഥെ ചോദിക്കുന്നു.” ഗോയ്ഥെയുടെ ചോദ്യത്തിന് കാര്‍ലൈല്‍ തന്നെ മറുപടി പറയുന്നു: “ധര്‍മനിഷ്ടമായ ജീവിതമുള്ള എല്ലാവരും – നാമെല്ലാം. എന്നാലും ഉപരിലോകം നമ്മുടെ ഭൂമിയിലേക്ക്‌ അവതരിപ്പിച്ചതില്‍വെച്ച്‌  ഏറ്റവും ഉന്നതമായ വിജ്ഞാനമാത്രേ ഇത്.”

(പ്രൊ. കെ.എസ്‌. രാമകൃഷ്ണറാവു)

Related Post