ആത്മഹര്‍ഷത്തിന്റെ മഹാസുദിനം

eid

ആത്മഹര്‍ഷത്തിന്റെ മഹാസുദിനം

عَنْ أُمِّ عَطِيَّةَ، قَالَتْ: أَمَرَنَا رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ، أَنْ نُخْرِجَهُنَّ فِي الْفِطْرِ وَالْأَضْحَى، الْعَوَاتِقَ، وَالْحُيَّضَ، وَذَوَاتِ الْخُدُورِ، فَأَمَّا الْحُيَّضُ فَيَعْتَزِلْنَ الصَّلَاةَ، وَيَشْهَدْنَ الْخَيْرَ، وَدَعْوَةَ الْمُسْلِمِينَ، قُلْتُ: يَا رَسُولَ اللهِ إِحْدَانَا لَا يَكُونُ لَهَا جِلْبَابٌ، قَالَ: «لِتُلْبِسْهَا أُخْتُهَا مِنْ جِلْبَابِهَا»

ഉമ്മു അത്വിയ്യയില്‍ നിന്ന് നിവേദനം. ഈദുല്‍ ഫിത്വ്‌റിലും അള്ഹായിലും കന്യകമാരെയും ആര്‍ത്തവകാരികളെയും അന്തഃപുര (മറയില്‍ കഴിയുന്ന) സ്ത്രീകളെയും പുറത്തേക്ക് (ഈദ്ഗാഹിലേക്ക്) കൊണ്ടുപോകാന്‍ റസൂല്‍ ഞങ്ങളോട് കല്‍പിച്ചിരുന്നു. എന്നാല്‍ ആര്‍ത്തവകാരികള്‍ നമസ്‌കാരത്തില്‍ നിന്ന് വിട്ടുനില്‍ക്കണം. അവര്‍ നന്മക്കും (നന്മയുടെ സദസ്സിലും) മുസ്‌ലിംകളുടെ പ്രാര്‍ഥനക്കും സാക്ഷികളാവണം. ഞാന്‍ ചോദിച്ചു: അല്ലാഹുവിന്റെ ദൂതരേ, ഞങ്ങളിലൊരുത്തിക്ക് മൂടുപുടവയില്ലെങ്കിലോ? തിരുമേനി പറഞ്ഞു: അവളുടെ സഹോദരി തന്റെ മൂടുപുവട അവളെ ധരിപ്പിക്കപ്പെട്ടെ. (മുസ്‌ലിം)

أَمَرَ : കല്‍പിച്ചു, ആവശ്യപ്പെട്ടു
أَخْرَجَ : പുറത്തേക്ക് കൊണ്ടുപോയി
عَوَاتِق : കന്യകമാര്‍
حُيَّض : ആര്‍ത്തവകാരികള്‍
خِدْر : കൂടാരം
ذوات الخدور : മറയില്‍ കഴിയുന്ന സ്ത്രീകള്‍ (യുവതികള്‍)
يعتزل : വിട്ടുനില്‍ക്കുന്നുു
يشهد : സാക്ഷ്യം വഹിക്കുന്നു, സന്നിഹിതരാവുന്നു
خير : നന്മ
جلباب : മേല്‍വസ്ത്രം, മൂടുപുടവ
ألبس : ധരിപ്പിച്ചു
أخت : സഹോദരി

സന്‍മാര്‍ഗദര്‍ശനം നല്‍കിയ അല്ലാഹുവിന്റെ മഹത്വം ഉല്‍ഘോഷിച്ചും സൗഭാഗ്യങ്ങളുടെ മാസത്തില്‍ ഇബാദത്തുകള്‍ കൊണ്ട് അല്ലാഹുവിനെ പ്രീതിപ്പെടുത്താന്‍ അവസരം ലഭിച്ചതിലുള്ള നന്ദി പ്രകാശിപ്പിച്ചും ഒരു പെരുന്നാള്‍ കൂടി. മനസ്സിന്റെ ഉള്‍തടത്തില്‍ നിന്ന് നിര്‍ഗളിച്ച് അന്തരീക്ഷത്തില്‍ പ്രതിധ്വനിക്കുന്ന തക്ബീറുകളാണ് പെരുന്നാളിന്റെ ഏറ്റവും ആകര്‍ഷകമായ അലങ്കാരം. എന്നാല്‍ ആബാലവൃദ്ധം ജനങ്ങള്‍ വീടുകളിലും പള്ളികളിലും വഴികളിലും തക്ബീര്‍ മുഴക്കുന്ന കാഴ്ച ഓള്‍ഡ് ഫാഷനായി ചരിത്രത്തിലെ ഓര്‍മ മാത്രമായിത്തീര്‍ന്നത് എത്ര ദൗര്‍ഭാഗ്യകരം.

പെരുന്നാള്‍ പ്രഭാതത്തില്‍ അല്ലാഹു നോമ്പുകാര്‍ക്ക് നല്‍കുന്ന പ്രത്യേക അനുഗ്രഹങ്ങളെ പരാമര്‍ശിക്കുന്ന നിരവധി ഹദീസുകള്‍ ഉദ്ദരിക്കപ്പെടുന്നുണ്ടെങ്കിലും അവയുടെ നിവേദക പരമ്പരകള്‍ വേണ്ടത്ര പ്രബലങ്ങളല്ല എന്ന് ഹദീസ് പണ്ഡിതന്മാര്‍ വ്യക്തമാക്കുന്നു. അക്കൂട്ടത്തില്‍ ഒന്ന് ഇങ്ങനെയാണ്: സഈദുബ്‌നു ഔസില്‍ നിന്ന് നിവേദനം. നബി(സ) പറഞ്ഞു: ഈദുല്‍ ഫിത്വ്ര്‍ വന്നെത്തിയാല്‍ മലക്കുകളില്‍ വഴികവാടങ്ങളില്‍ നിലയുറപ്പിക്കും. അവര്‍ വിളിച്ചുപറയും: ‘മുസ്‌ലിം സമൂഹമേ, നിങ്ങളെ ആദരിക്കുകയും നിങ്ങള്‍ക്ക് പ്രതിഫലം ചൊരിഞ്ഞുതരികയും ചെയ്യുന്ന ഔദാര്യവാനായ നാഥങ്കലേക്ക് നീങ്ങിക്കൊള്ളുക. അവന്‍ രാത്രി നമസ്‌കാരത്തിന് നിങ്ങളോട് കല്‍പിച്ചപ്പോള്‍ നിങ്ങളതു നിര്‍വഹിച്ചു. പകല്‍ നോമ്പെടുക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ നിങ്ങള്‍ അത് അനുഷ്ഠിച്ചു. അങ്ങനെ നിങ്ങളുടെ നാഥനെ നിങ്ങള്‍ അനുസരിച്ചു. അതിനാല്‍ നിങ്ങള്‍ക്കുള്ള പുരസ്‌കാരങ്ങള്‍ നിങ്ങള്‍ ഏറ്റുവാങ്ങുക’. പെരുന്നാള്‍ നമസ്‌കാരം കഴിഞ്ഞാല്‍ ഒരു മലക്ക് ഇപ്രകാരം വിളംബരം ചെയ്യും: അറിയുക, നിങ്ങളുടെ നാഥന്‍ നിങ്ങളുടെ പാപങ്ങള്‍ പൊറുത്തുതന്നിരിക്കുന്നു. അതിനാല്‍ സന്‍മാര്‍ഗചാരികളായി നിങ്ങളുടെ ഭവനങ്ങളിലേക്ക് തിരിച്ചുചെല്ലുക. ഇത് ഉപഹാരത്തിന്റെ ദിനമാണ്. വാനലോകത്ത് ആ ദിനം സമ്മാന ദിനം എന്ന് വിളിക്കപ്പെടുകയും ചെയ്യുന്നു. (ത്വബ്‌റാനി).

അത്യധികം കൃതജ്ഞതാ ബോധത്തോടെയാണ് വിശ്വാസികള്‍ ഈ സുദിനത്തെ വരവേല്‍ക്കുന്നത്. തക്ബീര്‍, ഫിത്വ്ര്‍ സകാത്ത്, പെരുന്നാള്‍ നമസ്‌കാരം, പ്രാര്‍ഥന, ദാനധര്‍മങ്ങള്‍, കുടുംബസന്ദര്‍ശനം, സൗഹൃദം പുതുക്കല്‍ മുതലായവയാണ് ഇവിടെ നന്ദി പ്രകാശനങ്ങള്‍.

പെരുന്നാള്‍ നമസ്‌കാരം പ്രബലമായ സുന്നത്താണ്. അതുപോലെ, അന്നേ ദിവസം കുളിക്കുകയും സുഗന്ധദ്രവ്യങ്ങള്‍ ഉപയോഗിക്കുകയും ഭംഗിയുള്ള വസ്ത്രങ്ങള്‍ ധരിക്കുകയും ചെയ്യുന്നതും ഈദുല്‍ഫിത്വ്‌റിന് നമസ്‌കാരത്തിന് പുറപ്പെടുന്നതിന് മുമ്പായി ഭക്ഷണം കഴിക്കുന്നതും സുന്നത്താകുന്നു. നബി(സ) ഈദുല്‍ ഫിത്വ്ര്‍ ദിനത്തില്‍ അല്‍പം കാരക്ക ഭക്ഷിച്ചിട്ടല്ലാതെ നമസ്‌കാരത്തിന് പുറപ്പെടാറില്ലെന്നും അത് ഒറ്റയായിട്ടാണ് ഭക്ഷിച്ചിരുന്നതെന്നും അനസ്(റ) പ്രസ്താവിക്കുന്നു (ബുഖാരി). ചെറിയ പെരുന്നാള്‍ ദിനത്തില്‍ നമസ്‌കാരത്തിന് പുറപ്പെടുന്നതിന് മുമ്പ് ഭക്ഷണം കഴിക്കാന്‍ പ്രവാചകന്‍ ആവശ്യപ്പെട്ടതായി സഈദുബ്‌നുല്‍ മുസയ്യിബ് ഉദ്ദരിക്കുന്നു. (മുവത്വ)

പെരുന്നാള്‍ നമസ്‌കാരങ്ങള്‍ നിര്‍വഹിക്കാന്‍ തുറന്ന മൈതാനിയാണ് ഉത്തമം. കാരണം അതാണ് പ്രവാചകചര്യ. ഒരു പെരുന്നാള്‍ ദിനത്തില്‍ മഴയുണ്ടായപ്പോള്‍ പള്ളിയില്‍ നമസ്‌കരിച്ചു എന്ന ഹദീസ് പ്രബലമാണെങ്കില്‍, പള്ളിയില്‍ സ്ഥലമില്ലാത്തതു കൊണ്ടാണ് മൈതാനിയില്‍ നമസ്‌കരിച്ചതെന്ന വാദം പൊളിയുന്നു. അല്ലെങ്കിലും, പള്ളിയില്‍ സ്ഥലമില്ലെങ്കില്‍ ബാക്കിയുള്ളവര്‍ പള്ളിക്ക് പുറത്ത് നമസ്‌കരിക്കാറുണ്ടല്ലോ. എല്ലാ നമസ്‌കാരങ്ങള്‍ക്കും പള്ളിയാണ് ശ്രേഷ്ഠം എന്ന ധാരണയും ശരിയല്ല. റവാതിബ് സുന്നത്തുകള്‍ക്ക് ഉത്തമം വീടാണല്ലോ.

പെരുന്നാള്‍ പുരുഷന്‍മാരുടെ മാത്രം ആഘോഷമല്ല. ആ സുദിനത്തിലെ സുപ്രധാന കര്‍മത്തില്‍ നിന്ന് സ്ത്രീകളെ മാറ്റി നിര്‍ത്തുക വഴി അതൊരു പുരുഷകേന്ദ്രീകൃത ആഘോഷമാക്കിയിരിക്കുന്നു ചിലര്‍. എന്നാല്‍ അതിന് ന്യായീകരണമില്ലെന്ന് ഉപരിസൂചിത ഹദീസ് തെളിയിക്കുന്നു. നമസ്‌കരിക്കാന്‍ പാടില്ലാത്ത സ്ത്രീകള്‍ക്ക് കൂടി പങ്കെടുക്കാനുള്ള സൗകര്യമെല്ലാം പരിഗണിച്ചാവാം പെരുന്നാള്‍ നമസ്‌കാരം തുറന്ന മൈതാനിയിലാക്കിയത്.

തീറ്റയും പാട്ടും കളിയുമെല്ലാം പെരുന്നാളില്‍ അനുവദനീയമാണ്; എന്നാല്‍ റമദാന്‍ യാത്ര പറഞ്ഞിറങ്ങുന്നതോടെ, നിയന്ത്രിച്ചു നിര്‍ത്തിയ ആസക്തികളെ കയറൂരി വിടലല്ല അത്. പിശാചുക്കള്‍ക്ക് വീണ്ടും സ്വാഗതമോതലല്ല. ആഇശ(റ) പറയുന്നു: അബൂബക്ര്‍(റ) ഒരിക്കല്‍ എന്റെ അടുക്കല്‍ വന്നു. അന്നേരം രണ്ട് അന്‍സാരി പെണ്‍കുട്ടികള്‍ ബുആസ് യുദ്ധഗീതം ആലപിച്ചുകൊണ്ടിരിക്കുകയായിരുന്നു. അവര്‍ പതിവ് ഗായികമാരൊന്നുമായിരുന്നില്ല. അതുകേട്ട് അബൂബക്ര്‍(റ) ചോദിച്ചു: ‘ദൈവദൂതരുടെ വീട്ടില്‍ പിശാചിന്റെ കുഴല്‍വിളിയോ’? ഒരു പെരുന്നാള്‍ സുദിനമായിരുന്നു അത്. അപ്പോള്‍ പ്രവാചകന്‍ പറഞ്ഞു: അബൂബക്ര്‍ (അവരെ വിട്ടേക്കുക), എല്ലാ ജനതക്കും ഓരോ ആഘോഷ ദിനങ്ങളുണ്ട്. ഇന്ന് നമ്മുടെ ആഘോഷദിനമാണ്. (ബുഖാരി)

ആഇശ(റ) പ്രസ്താവിക്കുന്നു: ഒരു പെരുന്നാള്‍ ദിനത്തില്‍ ചില അബ്‌സീനിയക്കാര്‍ റസൂലിന്റെ അടുത്ത് പരിചയും ചാട്ടുളിയും ഉപയോഗിച്ച് കളിക്കുകയായിരുന്നു. അന്നേരം, നിനക്ക് കാണാന്‍ ആഗ്രഹമുണ്ടോ എന്ന് പ്രവാചകന്‍ ചോദിച്ചു. ഞാന്‍ അതെയെന്ന് പറഞ്ഞപ്പോള്‍, അവിടുന്ന് എന്നെ തന്റെ പിന്നില്‍ നിറുത്തി. ഞാന്‍ പ്രവാചകന്റെ ചുമലില്‍ കൂടി എത്തിനോക്കിയപ്പോള്‍ അദ്ദേഹം ചുമല്‍ കുറച്ച് താഴ്ത്തിപ്പിടിക്കുകയും അതിനു മുകളിലൂടെ അവര്‍ കളിക്കുന്നത് മതിയാവോളം കണ്ടശേഷം ഞാന്‍ തിരിച്ചുപോവുകയും ചെയ്തു. (ബുഖാരി, മുസ്‌ലിം, അഹ്മദ്)

ഓരോന്നിനും ഓരോ പ്രത്യേക സീസണ്‍ ഉണ്ടല്ലോ. റമദാന്‍ വിശ്വാസിക്ക് ഇബാദത്തുകളുടെ സീസണായിരുന്നു. ഒരു കച്ചവടക്കാരന്‍ സീസണില്‍ കൂടുതല്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കും. മികച്ച ലാഭം കൊയ്യുകയും ചെയ്യും. എന്നാല്‍ സീസണ്‍ കഴിയുന്നതോടെ കട പൂട്ടുകയില്ലല്ലോ. എനിക്ക് അല്ലാഹുവിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ സാധിക്കുമെന്ന് റമദാനില്‍ തെളിയിച്ച നാം, പിന്നീട് ഇബ്‌ലീസിന്റെ പിന്നില്‍ അണിനിരക്കുന്നത് ന്യായീകരിക്കാനാവില്ല.

Related Post