എല്ലാവരും റമദാന് വിഭവങ്ങള്‍ ശേഖരിക്കാനും വീടുംപരിസരവും വൃത്തിയാക്കാനും വ്രതശ്രേഷ്ഠതകളെക്കുറിച്ച പുസ്തക-പ്രഭാഷണങ്ങള്‍ അറിയാനും ശ്രമിക്കുന്ന തിരക്കിലാണ്. എന്നാല്‍ റമദാന് വ്രതത്തിലായിരിക്കെ ആരാധനകര്‍മങ്ങള്‍ക്കും ദിനചര്യകള്‍ക്കുമായി സമയം എങ്ങനെ കണ്ടെത്താം എന്നതിനെപ്പറ്റി ആരും അധികം ചിന്തിക്കുന്നില്ല.
1. ആസൂത്രണം
ആസൂത്രണവും പ്രയോഗവത്കരണവുമാണ് ടൈംമാനേജ്മെന്റിന്റെ മുഖ്യധര്‍മങ്ങള്‍. വേണ്ടത്ര മുന്നൊരുക്കങ്ങളില്ലാതെ ഒന്നും പ്രവൃത്തിപഥത്തില്‍ കൊണ്ടുവരാനാകില്ല. അങ്ങനെയായാല്‍ ഈ റമദാനും നമ്മില്‍ പ്രത്യേകിച്ചൊരു നേട്ടവുമുണ്ടാക്കാതെ കടന്നുപോകും. അതിനാല്‍ മുന്‍കഴിഞ്ഞ റമദാനേക്കാള്‍ പരമാവധി പുണ്യകരമാക്കാന്‍ നാം പദ്ധതികള്‍ തയ്യാറാക്കുക.
റമദാനിലേക്ക് ആസൂത്രണം ചെയ്യാന്‍ ഒന്നാമതായി ആ മാസത്തിന്റെ പ്രാധാന്യം എന്തെന്ന് മനസ്സിലാക്കണം. ഖുര്‍ആന്റെ വിവരണമനുസരിച്ച് ദൈവഭയം ഊട്ടിയുറപ്പിക്കാനാണ് വ്രതാനുഷ്ഠാനം നിര്‍ബന്ധമാക്കിയിട്ടുള്ളത്. മാത്രമല്ല, മനുഷ്യസമൂഹത്തെ മാര്ഗദര്ശനംചെയ്യാനുള്ള ഖുര്‍ആന്‍ അവതരിപ്പിക്കപ്പെട്ടത് ഈ മാസത്തിലാണ്.(അല്‍ബഖറ 183-185) അതിന്റെയര്‍ഥം മാര്‍ഗദര്‍ശനത്തിലും ദൈവഭക്തിയിലും വര്ധനയുണ്ടാകണമെന്നത്രേ.
2. ഇബാദത്തുകള്‍ക്കുള്ള സമയം
സാധ്യമെങ്കില്‍ 24 മണിക്കൂറും ആരാധനാകര്‍മങ്ങളില്‍ മുഴുകണമെന്നാണ് നമ്മുടെയെല്ലാം ആഗ്രഹം. എന്നാല്‍ അത് പ്രായോഗികമല്ല. കാരണം നമുക്ക് പലതരത്തിലുള്ള ഉത്തരവാദിത്തങ്ങളേറെയാണ്. റമദാന് പകുതിയോടെ പലരും ജീവിത-കുടുംബ വ്യവഹാരങ്ങളില്‍ കുടുങ്ങി ഇബാദത്തുകളില്‍ പിന്നാക്കം പോകുന്നത് കാണാം.
ദിനേന ആറുമണിക്കൂര്‍ ഉറക്കത്തിനും എട്ടുമണിക്കൂര്‍ ഉപജീവനകൃത്യങ്ങള്ക്കും ഒരു മണിക്കൂര്‍ കുട്ടികളുടെ ഹോംവര്‍ക്കിനും കുറച്ചുസമയം നോമ്പുതുറ-അത്താഴം തുടങ്ങിയവയ്ക്കും മാറ്റിവെച്ചാല്‍ ഏതാണ്ട് 4 മുതല്‍ 6 മണിക്കൂര്‍ വരെ ഒരു വ്യക്തിക്ക് ഇബാദത്തുകള്‍ക്കായി ലഭിക്കും.(റമദാനുശേഷം ഇത്തരത്തില്‍ ഇബാദത്തുകള്‍ക്ക് സമയം നീക്കിവെക്കാന്‍ നമുക്കുകഴിയില്ലേ?!)ഇനി നമുക്ക് ആ സമയം വേണമെങ്കില്‍ ചുരുക്കി 3 മണിക്കൂര്‍ എന്ന് കണക്കാക്കാം. കാരണം ചിലര്‍ക്ക് ഭക്ഷണംതയ്യാറാക്കാനും ബന്ധുവീട് സന്ദര്‍ശിക്കാനും മറ്റുമുണ്ടാകുമല്ലോ. നന്നെച്ചുരുങ്ങിയത് 29 ദിവസം മൂന്നുമണിക്കൂര്വെച്ച് കണക്കാക്കിയാല്‍ 87 മണിക്കൂര്‍ ഇബാദത്തുകള്‍ക്കായി ലഭിക്കും. ഇത് മറ്റുമാസങ്ങളിലും കണ്ടെത്തിയാല്‍ ജീവിതം മാറിമറിയുകയും തഖ്വ വര്‍ധിക്കുകയുംചെയ്യും. ഒരുമണിക്കൂര്‍ ഖുര്‍ആന്‍ പഠനത്തിനും ഒരു മണിക്കൂര്‍ ഇസ്ലാം പഠനത്തിനും ഒരുമണിക്കൂര്‍ ദിക്റ് ദുആകള്‍ക്കും ആയി ചെലവഴിക്കാന്‍ ദൃഢനിശ്ചയംചെയ്ത് നീങ്ങിയാല്‍ മാസം മുഴുവനും നിങ്ങള്‍ക്ക് പ്രയോജനപ്രദമാക്കാം.
3. കൃത്യമായ ലക്ഷ്യം നിര്‍ണയിക്കുക
റമദാന്റെ ആത്യന്തികലക്ഷ്യമെന്തെന്നും അതിനായി ദിനേന ലഭിക്കുന്ന സമയമെത്രയെന്നും നിങ്ങള്‍ മനസ്സിലാക്കിക്കഴിഞ്ഞു. ഇനിയുള്ളത് ആ ലക്ഷ്യങ്ങളെ കൃത്യതയുള്ളതും അളന്നുകുറിച്ചതും സഫലീകൃതവും യാഥാര്‍ഥ്യവും സമയാധിഷ്ഠിതവും ആക്കിത്തീര്ക്കുകയെന്നതാണ്.
റമദാനില്‍ തഫ്സീര്‍ പഠിക്കാനാണ് നിങ്ങള്‍ ലക്ഷ്യമിടുന്നതെങ്കില്‍ അവിടെ ചില പ്രശ്നങ്ങള്‍ ഉയര്‍ന്നുവരാനിടയുണ്ട്. ഏത് തഫ്സീറാണെന്നും എത്ര പേജെന്നും കണക്കാക്കാന്‍ പ്രയാസമുണ്ടായാല്‍ അത് യാഥാര്‍ഥ്യബോധത്തോടെയുള്ള ലക്ഷ്യമല്ല.(ഒരു പേജ് പഠിക്കുന്നതും അഞ്ചുവാള്യങ്ങള്‍ വായിക്കുന്നതും ലക്ഷ്യസാക്ഷാത്കാരം നേടിത്തരില്ല). എന്നാല്‍ അതിനെ ലക്ഷ്യസാക്ഷാത്കാരം സാധ്യമാകുംവിധം നിങ്ങള്‍ക്ക് ആസൂത്രണംചെയ്യാനാകും. അതായത് ഇന്ന തഫ്സീറിന്റെ 800 പേജ് ഈ റമദാനില്‍ വായിച്ചുപഠിക്കും എന്ന് ലക്ഷ്യമിട്ടാല്‍ ഒരു ദിവസം 28 പേജ് എന്ന ലക്ഷ്യം നമുക്ക് നിര്‍ണയിക്കാം.
നിര്‍ണിതം-ഏതെങ്കിലും മുഫസ്സിറിന്റെ ഖുര്‍ആന്‍ വ്യാഖ്യാനഗ്രന്ഥമെന്ന് തീരുമാനിക്കുക.
അളക്കപ്പെടുക- ഉദാഹരണത്തിന് ദിനേന 28 പേജുകള്‍
സഫലീകൃതം- വ്യാഖ്യാനഗ്രന്ഥത്തിന്റെ 28 പേജുകള്‍ എന്നത് ഒരുമണിക്കൂര്‍ ചിലവഴിച്ചാല്‍ പൂര്‍ത്തീകരിക്കാവുന്നതേയുള്ളൂ.(വ്യക്തികള്‍ക്ക് അനുസരിച്ച് അത് വ്യത്യാസപ്പെടാം)
യാഥാര്ഥ്യാധിഷ്ഠിതം: പുസ്തകം നമ്മുടെ ബുദ്ധിനിലവാരമനുസരിച്ച് എളുപ്പത്തില്‍ വായിക്കാവുന്നതായിരിക്കണം.
സമയബന്ധിതം: റമദാന് സ്വയം തന്നെ സമയബന്ധിതമായ ആരാധനയായതിനാല്‍ 29 ദിവസം എന്ന സമയം നമുക്ക് എളുപ്പമാണ്.
4. കര്‍മങ്ങള്‍ക്ക് നിശ്ചിതസമയം കണ്ടെത്തുക
റമദാനിലേക്കുള്ള ലക്ഷ്യം നിങ്ങള്‍ നിര്‍ണയിച്ചുകഴിഞ്ഞു. ഇബാദത്തുകള്‍ക്കായി എത്ര സമയം വേണ്ടിവരുമെന്ന് അറിയാം. ഓരോ ലക്ഷ്യവും നേടിയെടുക്കാന്‍ ഏതേതുസമയങ്ങള് അനുയോജ്യമെന്ന് നിര്‍ണയിക്കുകയാണ് അടുത്തത്. ദിനേന തഫ്സീറിന്റെ 30 പേജ് വായിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നതെങ്കില്‍ അതിന് ഒരു മണിക്കൂര്‍ വേണ്ടിവരും. അതിന് തറാവീഹിനുമുമ്പുള്ള സമയം നീക്കിവെക്കാം. അതുപോലെ മറ്റുള്ളവയ്ക്കും സമയം നിശ്ചയിക്കാനാകും. ഉദാഹരണത്തിന് ഖുര്‍ആന്‍ പാരായണത്തിന് സുബ്ഹിക്ക് മുമ്പോ ശേഷമോ ഉള്ള സമയം,പ്രാര്‍ഥനയ്ക്കായി നോമ്പുതുറയ്ക്കുമുമ്പുള്ള സമയം അങ്ങനെ തുടങ്ങി പൂര്‍ത്തീകരിക്കാന്‍ ലക്ഷ്യമിട്ടിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ ആസൂത്രിതമായി നിശ്ചയിക്കാം.
നമ്മുടെ തീരുമാനങ്ങള്‍ക്കപ്പുറത്ത് അവിചാരിതമായി ചില സംഭവങ്ങള്‍ ചില ദിവസങ്ങളില്‍ ഉണ്ടായേക്കാം. എന്നിരുന്നാലും ഇത്തരത്തിലുള്ള ഒരു പ്ലാന്‍, അസൗകര്യങ്ങളെ മറികടന്ന് നമ്മുടെ ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ സഹായിക്കുന്നു. ഇനി വളരെ വലിയതോതിലുള്ള പ്രയാസങ്ങള്‍ നേരിട്ടാല്‍ നാം ലക്ഷ്യമിട്ട സംഗതികളെ നേര്‍പകുതിയാക്കി മാറ്റിയാല്‍ മതി. അതിനാല്‍ തഫ്സീര്‍ ഒരു ദിവസം മുഴുവന്‍ ഇരുന്ന് വായിക്കുന്നതിനുപകരം അരമണിക്കൂറോ ഇരുപതുമിനുട്ടോ വായിക്കുക. തിരക്കുള്ള ദിവസങ്ങളില്‍ ഇത്തരത്തില്‍ സമയക്രമീകരണംചെയ്യണം.
5. പുലര്‍ച്ചയുടെ മുന്‍-പിന് സമയങ്ങള്‍ ഉപയോഗപ്പെടുത്തുക
ഉഷ്ണ-ശൈത്യ കാലങ്ങളില്‍ റമദാന് ആഗതമാകുമ്പോള്‍ പുലര്‍ച്ചെയുള്ള അത്താഴത്തിനായി ഉണരുന്നത് അല്പം നേരത്തേയാക്കിയാല്‍ നമുക്ക് ആരാധനകള്‍ക്കായി സമയം കണ്ടെത്താം. ഉഷ്ണമേഖലാരാജ്യങ്ങളില്‍ അത്താഴസമയം വളരെ നേരത്തേ ആയിരിക്കും. അതിനാല്‍ അതിനുമുമ്പ് എഴുന്നേല്ക്കുക പ്രയാസമായിരിക്കും. അങ്ങനെയുള്ളപ്പോള്അത്താഴഭക്ഷണം കഴിഞ്ഞ് അരമണിക്കൂര്‍ ഇബാദത്തുകള്‍ക്കായി ഉപയോഗിക്കാം. നേരെ മറിച്ച് ശൈത്യരാജ്യങ്ങളില്‍ അത്താഴസമയം പിന്തിനില്ക്കുന്നതിനാല് ഒരു മണിക്കൂര്‍ നേരത്തേ എഴുന്നേറ്റ് തഹജ്ജുദ്(രാത്രിനമസ്കാരം)നിര്‍വഹിക്കുകയോ ഖുര്‍ആന്‍ പാരായണംചെയ്യുകയോ ആവാം. സാധാരണനിലയില്‍ മറ്റെല്ലാതിരക്കുകളില്നിന്ന് ഒഴിഞ്ഞുനില്ക്കുന്നതും ഏറ്റവും കൂടുതല്‍ പുണ്യം ലഭിക്കുന്നതുമായ സമയമാണ് പുലര്‍ച്ചെയുള്ള അത്താഴസമയം എന്നതിനാലാണ് ഇവിടെ അത് എടുത്തുപറയുന്നത്. അല്ലാഹുവുമായി ഏറ്റവും കൂടുതല്‍ അടുക്കാന്‍ കഴിയുന്ന സ്വകാര്യനിമിഷങ്ങളാണ് അവ.
6. കുടുംബാംഗങ്ങളുടെ പഠനം
കുടുംബാംഗങ്ങള്‍ കൂടിയിരുന്ന് ഏതെങ്കിലും ഇസ്ലാമികവിഷയങ്ങളില്‍ ചര്‍ച്ചയും പഠനവും നടത്തുന്നത് വളരെ ഗുണപരമായ ഒന്നാണ്. നിങ്ങള്‍ക്ക് അത്തരം ശീലങ്ങളില്ലെങ്കില്‍ ഈ വര്‍ഷം അതാരംഭിക്കണം. കുടുംബാംഗങ്ങളുമായി കൂടുതല്‍ ഹൃദയബന്ധം സ്ഥാപിക്കാനും ഈമാന്‍ വര്‍ധിപ്പിക്കാനും ഇത് നല്ല അവസരമാണ്. കാരണം പിശാച് ബന്ധനസ്ഥനാകുന്ന, ആത്മീയമായി ഉണര്‍വ് നല്കുന്ന മാസമാണല്ലോ റമദാന്. ആ ആത്മീയചൈതന്യത്തെ ഊതിക്കാച്ചിയെടുത്താല്മാത്രമേ റമദാനിന് ശേഷവും നമ്മുടെ തഖ്വാ ബോധത്തെ നിലനിര്‍ത്താന്‍ കഴിയുകയുള്ളൂ. അതിന് സഹായകരമാണ് ഫാമിലി സ്റ്റഡി സര്‍ക്കിള്‍(ഒത്തൊരുമിച്ചിരുന്നുള്ള പഠനം).
നോമ്പുതുറക്കുന്നതിന് തൊട്ടുമുമ്പുള്ള സമയമോ തറാവീഹിനുശേഷമുള്ള സമയോ ഏതെങ്കിലും ഇസ്ലാമികപുസ്തകങ്ങള്‍ എടുത്തുവായിച്ചോ പ്രഭാഷണംകേട്ടോ ഇത് ചെയ്യാനാകും. അതില്‍ പരാമര്‍ശിച്ച വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുക. ചര്‍ച്ചയില്‍ എല്ലാവരും പങ്കെടുത്ത് അവരവരുടെ വീക്ഷണങ്ങളും അഭിപ്രായങ്ങളും പറയണം. വീട്ടിലെ ചെറുപ്രായക്കാരോട് ചോദ്യങ്ങള്‍ ചോദിച്ച് അവരെക്കൂടി ചിന്തിപ്പിക്കാനും അഭിപ്രായം സ്വരൂപിക്കാനും പ്രേരിപ്പിക്കണം. അവരെ ചിന്താശേഷിയുള്ളവരാക്കിത്തീര്ക്കാന് അത് സഹായിക്കും. റമദാനിനുശേഷവും അത് തുടര്‍ന്നുകൊണ്ടിരിക്കണം.
7. ദിനേന ഖുര്‍ആന്‍ പാരായണം.
റമദാന് ഖുര്‍ആന്റെ മാസമാണല്ലോ. അതിനാല്‍ അതിനായി ദിനേന സമയം നീക്കിവെച്ചേ മതിയാകൂ. സമുദായത്തിലെ ചിലര്‍ ഖുര്‍ആന്‍ അതിവേഗം പാരായണംചെയ്ത് ‘ഖതംപൂര്ത്തിയാക്കുക’ എന്ന ലക്ഷ്യത്തിലെത്താറുണ്ട്. അത് ഒന്നും രണ്ടും മൂന്നും വട്ടം ചെയ്യുന്നവരുണ്ട്. എന്നാല്‍ അതിന്റെ പാരായണനിയമം പാലിച്ച് അര്‍ഥം മനസ്സിലാക്കി പാരായണംചെയ്താല് പ്രതിഫലം വളരെക്കൂടുതലാണ്. നമ്മുടെ ഈമാനിനെ കൂടുതല്‍ ബലപ്പെടുത്താന്‍ അത്തരം പാരായണം സഹായിക്കും.
8. കൃത്യന്തരബാഹുല്യം ഒഴിവാക്കുക
കൂടുതല്‍ ജോലികളില്‍ വ്യാപൃതനാകുന്നത് ഉല്പാദനക്ഷമതയെ ബാധിക്കുമെന്ന് അടുത്തിടെയുള്ള പഠനങ്ങള്‍ തെളിയിക്കുന്നു. വര്‍ധിച്ച ദിനകര്മങ്ങളില് ഏര്‍പ്പെടുന്ന ആളുടെ തലച്ചോറിന് ഒരു ജോലിയിലും പൂര്‍ണശ്രദ്ധ ചെലുത്താന്‍ കഴിയില്ലെന്നതാണ് അതിനുകാരണം. അതോടെ ഏറ്റെടുത്ത ജോലികള്‍ പൂര്ത്തീകരിക്കാനാകാതെയും ഫലവത്താകാതെയും വരുന്നു. ഒരു സമയം ഒരു ജോലിയില്‍ ശ്രദ്ധകേന്ദ്രീകരിക്കുകയാണെങ്കില്‍ അത് ഫലവത്തായി വേഗത്തില്‍ ചെയ്തുതീര്‍ക്കാനാകുമെന്ന് ആധുനികമാനേജ്മെന്റ് വിദഗ്ധരും സമ്മതിക്കുന്നു.
നിങ്ങള്‍ ആരോടെങ്കിലും സംസാരിക്കുകയാണെങ്കില്‍ മറ്റെല്ലാ സംഗതികളില്‍നിന്നും മുക്തമായി അതില്‍ പൂര്ണശ്രദ്ധപതിപ്പിക്കുക. നിങ്ങള്‍ പുസ്തകമെഴുതുകയാണെങ്കില്‍ മറ്റെല്ലാ ജോലികളില്‍നിന്നും ഒഴിവായി അതില്‍ മാത്രം വ്യാപൃതനാകുക. യോഗത്തിന് പങ്കെടുക്കാന്‍ തയ്യാറെടുക്കുകയാണെങ്കില്‍ അതിനെപ്പറ്റി മാത്രം ആലോചിക്കുക. ഈ രീതിയില്‍ നിങ്ങളുടെ ജോലികളെ പൂര്‍ത്തീകരിക്കാന്‍ ശ്രദ്ധിച്ചാല്‍ അത് വേഗത്തിലും ഗുണപ്രദമായ രീതിയിലും കരഗതമാകുന്നത് കാണാം. അങ്ങനെ വരുമ്പോള്‍ മറ്റു ജോലികള്‍ ചെയ്യാനും സാധിക്കും.
റമദാനിലാകുമ്പോള്‍ നാം ലക്ഷ്യമിട്ടിരിക്കുന്ന ഓരോ കര്‍മവും പൂര്‍ത്തീകരിക്കാന്‍ ഇതേ രീതി സ്വീകരിക്കാം. ഖുര്‍ആന്‍ ഓതുമ്പോള്‍ ഫെയ്സ്ബുക്ക് നോക്കാനോ, കുട്ടിയെ കളിപ്പിക്കാനോ ശ്രമിക്കരുത്. ഖുര്‍ആന്‍ ഓതുമ്പോള്‍ പൂര്‍ണശ്രദ്ധ കൊടുത്തില്ലെങ്കില്‍ അതിന്റെ ഗുണം ലഭിക്കില്ല. തഫ്സീര്‍ വായിക്കുമ്പോഴും ദുആ ചെയ്യുമ്പോഴും ഇത് ബാധകമാണ്. അതിനാല്‍ ശ്രദ്ധയും ഏകാഗ്രതയും നഷ്ടപ്പെടുത്തുന്ന സ്ഥലമോ സമയമോ അതിനായി മാറ്റിവെക്കരുത്. അതുകൊണ്ടാണ് അത്തരം സംഗതികള്‍ പുലര്ച്ചാവേളകളില് നിര്‍വഹിക്കണമെന്ന് പറയുന്നത്. കാരണം മനസ്സ് സ്വഛവും ശാന്തവുമായിരിക്കുന്ന സമയമാണ് അത്.
9 സൗഹൃദവലയങ്ങളില്നിന്ന് വിട്ടുനില്‍ക്കുക
സോഷ്യല്‍മീഡിയകളിലൂടെയും വീട്ടിനുപുറത്തും നടത്തുന്ന കൂട്ടുകെട്ട് തല്ക്കാലം നിറുത്തിവെക്കുക. കാരണം റമദാന് ഇഅ്തികാഫിന്റെ മാസമാണ്. ഇഅ്തികാഫ് എന്നത് സമൂഹവുമായി അകന്ന് അല്ലാഹുവുമായി കൂടുതല്‍ അടുക്കാനുള്ള വേളയാണ്. നിങ്ങള്‍ക്ക് ഇഅ്തികാഫ് ഇരിക്കാന്‍ അവസരം ലഭിച്ചില്ലെങ്കില്‍പോലും ചങ്ങാത്തംകൂടുന്ന സമയം മാറ്റിവെച്ച് ഇബാദത്തുകളില്‍ മുഴുകുന്നത് പ്രതിഫലാര്‍ഹമായ സംഗതിയാണ്. സമൂഹനോമ്പുതുറ പരിപാടികള്‍ ചുരുക്കുക. ഫെയ്സ്ബുക്, ട്വിറ്റര്‍ സന്ദര്‍ശനങ്ങള്‍ പരമാവധി വേണ്ടെന്നുവെയ്ക്കുക, അനാവശ്യകൂട്ടുകെട്ടുകള് ഒഴിവാക്കുക. ഇതിലൂടെ സമയം പാഴാക്കുന്നത് ഒഴിവാക്കി അല്ലാഹുവിലേക്ക് അടുക്കുന്ന കര്‍മങ്ങളില്‍ ഏര്‍പ്പെടാനാകും.
10 ആരോഗ്യവാനായിരിക്കുക
നിങ്ങള്‍ക്ക് ആലസ്യവും ദുര്‍ബലതയും ഉറക്കമില്ലായ്മയും ഉണ്ടായാല്‍ ലക്ഷ്യത്തിലെത്താനാകില്ല. നമ്മില്‍ പലരും റമദാന്റെ ആദ്യദിനങ്ങളില്‍ തിരക്കുപിടിച്ച ഇബാദത്തുകളില്‍ മുഴുകുകയും പത്തുദിനം കഴിയുമ്പോള്‍ ക്ഷീണവും തളര്‍ച്ചയും കാരണമായി പിന്നീടങ്ങോട്ട് അലസമായി തള്ളിവിടുകയുംചെയ്യുന്ന രീതി സ്വീകരിക്കാറുണ്ട്. മതിയായത്ര ഉറങ്ങി, നല്ല ഭക്ഷണം കഴിച്ച് വേണ്ടത്ര വെള്ളംകുടിച്ച് ശരീരത്തെ ഉന്മേഷപ്രദമായി നിലനിറുത്തണം.
സാധാരണനിലക്ക് 6-8 മണിക്കൂര്‍ ഉറക്കമാണ് ഒരു വ്യക്തിക്ക് വേണ്ടത്. അതിനാല്‍ അതെല്ലാം പര്യാപ്തമായ അളവില്‍ ഉണ്ടെന്ന് ഉറപ്പാക്കണം. ഒരു വേള നേരത്തേ ഉറങ്ങാന്‍ ശ്രമിക്കണം. മധുരവും കൊഴുപ്പും അധികം കലര്‍ന്ന ഭക്ഷണങ്ങള്‍ കുറക്കുക. കൂടുതല്‍ ഉന്മേഷദായകമായ ഭക്ഷണസാധനങ്ങള്‍ ഏതെന്ന് മനസ്സിലാക്കി അത് കഴിക്കാന്‍ ശ്രമിക്കണം. രാത്രി ഉറങ്ങാന്‍ പോകുംമുമ്പ് വെള്ളം അധികം കുടിക്കുക. ശരീരത്തിന്റെ ജലാംശം നഷ്ടപ്പെടാതിരിക്കാന്‍ അത് സഹായിക്കും. നമ്മുടെ മാനസികാരോഗ്യവും അക്കൂട്ടത്തില്‍ പ്രധാനമാണ്.
(ടൈം മാനേജ്മെന്റ് ഗ്രന്ഥകര്‍ത്താവാണ് ലേഖകന്‍)