ഞാന്‍ അബ്ദുല്ലാ അബ്ദുല്‍ മാലിക്. അമേരിക്കയില്‍ ജനിച്ചുവളര്‍ന്ന എനിക്കിപ്പോള്‍ 28 വയസ്സായി. കഴിഞ്ഞ അഞ്ചുവര്‍ഷമായി ഇസ്ലാമിന്റെ തണലില്‍ ജീവിക്കുന്നു. മുമ്പ് പെന്‍സില്‍വാനിയയിലെ ഫിലാഡെല്‍ഫിയയില്‍ സോക്കര്‍ കളിക്കാരനായിരുന്നു.
കൗമാരപ്രായത്തില്‍ മറ്റേതൊരാളേയും പോലെ സംഗീതവും വയലന്‍സ് നിറഞ്ഞ സിനിമകളുമായി ജീവിതം തള്ളിനീക്കി. ജീവിതം ആസ്വദിക്കാനുള്ളതാണെന്നായിരുന്നു അന്നത്തെ കാഴ്ചപ്പാട്. ചെയ്തുകൂട്ടുന്നതെല്ലാം സര്വസാധാരണയാണെന്ന ചിന്തയായിരുന്നു ഉള്ളില്‍. ജീവിതത്തില്‍ സാഹസികതയും വെല്ലുവിളിയും ആവശ്യമാണെന്ന് അതെന്നെ പ്രബോധനംചെയ്തു. പലപ്പോഴും റാപ് കലാകാരന്മാരും സിനിമാകഥാപാത്രങ്ങളും എന്റെ റോള്‍ മോഡലുകളായി. അവയിലെല്ലാം റെബലിയന്‍ ചിന്തയായിരുന്നു എന്നെ ആകര്‍ഷിച്ചത്.
ഇന്ന് അത്തരം മ്യൂസിക്കുകളും ടിവിചാനലുകളും സമൂഹത്തെ എത്രമാത്രം നശിപ്പിക്കുന്നുവെന്ന് ഞാന്‍ തിരിച്ചറിയുന്നു. നല്ലൊരു അനുകരണീയ മാതൃക നിങ്ങള്‍ക്കുകിട്ടിയില്ലെങ്കില്‍ നിങ്ങള്‍ക്കുണ്ടാകുക മോശം മാതൃകയാണ് എന്നതില്‍ യാതൊരുസംശയവുമില്ല. കൗമാരപ്രായത്തില്‍ മരിജുവാനയ്ക്ക് അടിപ്പെട്ടതും അതിന്റെ വില്പനക്കാരനായിത്തീര്ന്നതും അങ്ങനെയാണ്. 23 വയസ്സുവരെയുള്ള ഹൈസ്കൂള്‍ ജീവിതകാലം അത്തരത്തില്‍ കഴിച്ചുകൂട്ടി.
കൂട്ടുകാരൊന്നും യഥാര്ഥകൂട്ടുകാരായിരുന്നില്ല. എല്ലാറ്റിനെയും സംശയിക്കുന്ന, ആരെയും വിശ്വസിക്കാത്ത ആത്മശൂന്യനായി ഞാന്‍ വളര്‍ന്നു. ക്രമേണ സംഗീതനിര്മാണമേഖലയിലേക്ക് കടന്നു. എന്റെ ഉള്ളിലെ രോഷവും സംഘര്‍ഷവും ശമിപ്പിക്കാനുള്ള വഴിയായിരുന്നു അത്.
വൈകാതെതന്നെ ജീവിതം വിഷാദംനിറഞ്ഞ് തളര്‍ച്ചയിലായി. എനിക്കുവേണ്ടത് ഞാന്‍ അന്വേഷിക്കേണ്ട അവസ്ഥ വന്നുചേര്‍ന്നു. കുടുംബത്തില്‍ ചില സാമ്പത്തികപ്രശ്നങ്ങളുണ്ടായിരുന്നതുകൊണ്ട് ഫ്ളോറിഡയിലേക്ക് അവര്‍ താമസംമാറി. എന്നാല്‍ ജനിച്ചുവളര്‍ന്ന സ്ഥലം ഉപേക്ഷിക്കാന്‍ എനിക്കുമനസ്സുവന്നില്ല. നല്ലതോ ചീത്തയോ ആകട്ടെ പെന്‍സില്‍വാനിയ വിടാന്‍ ഞാന്‍ തയ്യാറല്ലായിരുന്നു.
ജനിച്ചുവളര്‍ന്ന സ്ഥലത്തിനടുത്തുതന്നെ പുതിയൊരു അപാര്‍ട്ട്മെന്റ് ഞാന്‍ വാടകക്കെടുത്തു. ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ വേണ്ടിവരുന്ന കഷ്ടപ്പാടുകളെ അതിജയിക്കാന്‍ അതിലൂടെ ശീലിച്ചു. എന്നാലും അത് ശ്രമകരമായിരുന്നു. ആ തുഴച്ചിലില്‍ ഞാനൊറ്റക്കായിരുന്നു. ജീവിതം കൂടുതല്‍ പരുക്കനായതോടെ കൂടുതല്‍ അവസരങ്ങള്‍ക്കായി ഞാന്‍ തക്കംപാര്‍ത്തു. മയക്കുമരുന്നുവില്പനയില് തന്ത്രശാലിയാകുന്നതിനുപകരം ആരെയും ഭയപ്പെടാത്ത, ലക്കുംലഗാനുമില്ലാത്ത ഓട്ടക്കാരനായി.
താഴെത്തട്ടില്‍ ഒതുങ്ങിനില്ക്കാതെ അപരിചിതര്ക്കുപോലും മയക്കുമരുന്നുവില്ക്കുന്ന തരത്തിലേക്ക് ഞാനുയര്‍ന്നു. ചെയ്യാന്‍ പാടില്ലാത്ത രീതിയിലൊക്കെ കച്ചവടത്തിനിറങ്ങി. കയ്യില്‍ കൂടുതല്‍ കിട്ടുന്നുവെന്ന് വരുമ്പോള്‍ കൂടുതല്‍ അപകടകരമായ കളികള്‍ക്ക് മുതിരുക സ്വാഭാവികം. അത്തരം കളികള്‍ സുഖകരമായിതോന്നി. അത് ചെന്നവസാനിച്ചത് രഹസ്യപ്പോലീസുദ്യോഗസ്ഥന് മയക്കുമരുന്ന് വില്‍ക്കുന്നതിലാണ്. ഇപ്പോള്‍ എല്ലായിടത്തുനിന്നും അന്വേഷണങ്ങളെ നേരിടുകയാണ് ഞാന്‍.
ജയിലിനകത്തുകിടക്കേണ്ടിവരും എന്ന് മനസ്സിലായപ്പോള്‍ മയക്കുമരുന്നുകച്ചവടം അവസാനിപ്പിച്ചു. മറ്റൊരു ജോലിയില്‍ പ്രവേശിച്ചു. അവിടെവെച്ചാണ് ഞാന്‍ അമ്പതിനോടടുത്ത് പ്രായമുള്ള ഒരു മുസ്ലിമിനെ കണ്ടുമുട്ടുന്നത്. ആ വ്യക്തിയുമായാണ് ഇസ് ലാമിനെക്കുറിച്ച സംഭാഷണം നടന്നത്. മുസ്ലിംകള് യേശുവില്‍ വിശ്വസിക്കുന്നുണ്ടോയെന്ന് ഞാനാ മനുഷ്യനോട് ചോദിച്ചു. സത്യത്തില്‍ യേശുവിനെക്കുറിച്ച് കൂടുതലറിഞ്ഞതും അന്നായിരുന്നു.
മതസന്ദേശം നല്കിയ മഹാന്മാരില് ഒരാളായിരുന്നു യേശുവെന്ന് ആ മനുഷ്യന് ഉത്തരം നല്കി. പക്ഷേ, അദ്ദേഹം ദൈവമല്ല, മറിച്ച് ദൈവത്തിന്റെ പ്രവാചകനാണെന്ന് വിശ്വസിക്കുന്നുവെന്ന് മാത്രം. മുസ്ലിംകള് ആദംതൊട്ട് മുഹമ്മദ് വരെയുള്ള എല്ലാ പ്രവാചകരിലും വിശ്വസിക്കുന്നുണ്ടെന്ന് അദ്ദേഹംവെളിപ്പെടുത്തി. അതേസമയം ദൈവം ഒന്നേയുള്ളുവെന്നും അവന് സമന്മാരോ പങ്കുകാരോ ഇല്ലെന്നും കൂട്ടിച്ചേര്‍ത്തു.
ഞാന്‍ മുമ്പേ തേടിയ ആശയങ്ങളില്‍ ഒന്നായി അദ്ദേഹത്തിന്റെ ആ പ്രബോധനം അനുഭവപ്പെട്ടു. അല്ലെങ്കിലും ഒരു സാമാന്യബുദ്ധിക്ക് യോജിക്കുന്നവയായിരുന്നല്ലോ അവ.
തന്റെ ഭാഷണം എന്നെ തൃപ്തിപ്പെടുത്തിയെന്ന് മനസ്സിലാക്കിയതോടെ അദ്ദേഹം ചിലത് എനിക്ക് തരാമെന്ന് വാഗ്ദാനംചെയ്തു. ജീവിതത്തില്‍ അടിസ്ഥാനപരമായ ചില മാറ്റങ്ങള്‍ ഉണ്ടായേ തീരൂ എന്ന് ഞാന്‍ തീരുമാനമെടുത്ത സന്ദര്‍ഭമായിരുന്നു അത്. ദൈവത്തില്‍ ഞാന്‍ വിശ്വസിച്ചിരുന്നെങ്കിലും ചില ആശയക്കുഴപ്പങ്ങള്‍ കാരണം എനിക്ക് ക്രൈസ്തവതയില്‍ വിശ്വാസമര്പ്പിക്കാനായില്ല.
തൊട്ടടുത്ത ദിവസം ആ മനുഷ്യന് എനിക്ക് ഖുര്‍ആന്‍ പരിഭാഷ സമ്മാനിച്ചു. അദ്ദേഹത്തിന് നന്ദിപ്രകാശിപ്പിച്ച് ആ രാത്രിതന്നെ ഞാന്‍ അത് കുത്തിയിരുന്നുവായിച്ചു.ആ ഖുര്‍ആന്‍ എന്നോട് സംസാരിക്കുന്നതുപോലെയാണ് തോന്നിയത്. അത് ദൈവത്തില്‍ നിന്നവതീര്‍ണമായ സത്യമാണെന്ന് എനിക്ക് ഉറപ്പായി.
ആ ഘട്ടത്തില്‍ എന്റെ ഹൃദയത്തില്‍ എന്തെന്നില്ലാത്ത സമാധാനം അനുഭവപ്പെട്ടു. എനിക്ക് അതിയായ ഉന്മേഷം തോന്നി. തൊട്ടടുത്ത ദിവസം എന്നെകണ്ടപ്പോള്‍ ആ മനുഷ്യന് എനിക്കാകപ്പാടെ മാറ്റം വന്നപോലെയുണ്ടെന്നുപറഞ്ഞു.
പോലീസിന്റെ നിരീക്ഷണത്തിലാണ് ഞാനെന്ന കാര്യം എനിക്കറിയാമായിരുന്നു. അതിനാല്‍ എല്ലാമെടുത്ത് അവിടെനിന്ന് കടന്നുകളയാന്‍ തീരുമാനിച്ചു. എന്നെ അത്രയുംനാളായിട്ടും അറസ്റ്റുചെയ്യാത്തതുകൊണ്ട് അവരെന്നെ വെറുതെവിടുമെന്ന് ഞാന്‍ ധരിച്ചുവശായി. എന്നാല്‍ അതെല്ലാം തെറ്റായിരുന്നുവെന്ന് വൈകാതെ ബോധ്യപ്പെട്ടു. രഹസ്യപ്പോലീസുകാര്‍ നിസ്സാരമായ കാര്യങ്ങള്‍ക്ക് അറസ്റ്റുചെയ്യാന്‍ മുതിരാറില്ല. പകരം വലിയ കുറ്റകൃത്യങ്ങള്‍ തൊണ്ടിയോടെ പിടികൂടുകയെന്നതാണ് അവരുടെ ശൈലി. ഏതാനുംമാസത്തെ നിരീക്ഷണങ്ങള്‍ക്കുശേഷം ഒരു ദിവസം പൊട്ടിപ്പൊളിഞ്ഞ വാഹനത്തിലെത്തി അവരെന്നെ പിടികൂടി. ചെറിയ അളവ് മരിജുവാന വിറ്റുവെന്ന കുറ്റത്തിന് അവരെന്നെ അറസ്റ്റുചെയ്തു.
അതോടെ എനിക്കുണ്ടായിരുന്ന ജോലി നഷ്ടപ്പെട്ടു. ഫ്ളോറിഡയിലുള്ള എന്റെ കുടുംബക്കാരെത്തി എന്നെ ജാമ്യത്തിലെടുക്കും വരെ കുറച്ചുദിവസം ജയിലില്‍ കഴിയേണ്ടിവന്നു. മയക്കുമരുന്ന് കുറ്റത്തിന് ഞാന്‍ ജയിലിലായ കഥയറിഞ്ഞ് കുടുംബത്തിനകത്ത് പൊട്ടലും ചീറ്റലുമുണ്ടായി. അതവര്‍ക്ക് കടുത്ത ആഘാതം ഏല്പിച്ചു.
എന്നെയല്ല അവര്‍ തേടിക്കൊണ്ടിരുന്നതെന്ന വിവരം നാര്‍ക്കോട്ടിക്സെല്‍ രഹസ്യപ്പോലീസുകാര്‍ എന്നോടു പറഞ്ഞു. എനിക്ക് മയക്കുമരുന്നെത്തിച്ചുതരുന്നവരെ ക്കുറിച്ച വിവരം തരാന്‍ ആവശ്യപ്പെട്ടു. പക്ഷേ ഞാനത് വെളിപ്പെടുത്താന്‍ തയ്യാറായില്ല. ജാമ്യത്തിലറങ്ങിയ നാള്‍മുതല്‍ വീണ്ടും ഖുര്‍ആന്‍ ആശയസഹിതം വായിക്കാനാരംഭിച്ചു.
ടേബിള്ലാംബിന്റെ അരണ്ടവെളിച്ചത്തില്‍ ഞാന്‍ ഖുര്‍ആന്‍ വായിച്ചുകൊണ്ടിരിക്കെ ആ വേദഗ്രന്ഥത്തിന്റെ താളുകള്‍ക്കിടയില്‍നിന്ന് പ്രകാശം പുറത്തേക്ക് പ്രസരിക്കുന്നതുപോലെ തോന്നി. ജീവിതം ആകെ മാറിമറിയുന്നുവെന്ന അനുഭൂതിയുണ്ടായി. ജീവിതത്തിന് ചില ലക്ഷ്യങ്ങളുണ്ടെന്ന് തിരിച്ചറിഞ്ഞു.
ഏതാനും മിനിറ്റുകള്‍ മാത്രമുണ്ടായ അനുഭവമായിരുന്നില്ല. വായനയുടെ ആ രാത്രിയില്‍ മുക്കാല്‍മണിക്കൂറോളം എനിക്കത് അനുഭവവേദ്യമായി. മുകള്‍ നിലയില്‍ ഉറങ്ങുകയായിരുന്ന കൂട്ടുകാരനെ ആ വെളിച്ചം കാട്ടിക്കൊടുക്കണമെന്ന് ഞാനാഗ്രഹിച്ചു. പക്ഷേ, ആ അടയാളം ദൈവം എനിക്കായി മാത്രം കാട്ടിയതാണെങ്കിലോ എന്നോര്‍ത്ത് ആ ആഗ്രഹം ഉപേക്ഷിച്ചു,
ഖുര്‍ആന്‍ സത്യമാണെന്ന് ഞാന്‍ നേരത്തേ വിശ്വസിച്ചിരുന്നു. പക്ഷേ, അത് നേരിലറിഞ്ഞപ്പോള്‍ എന്റെ വിശ്വാസം എന്നെന്നേക്കുമായി മാറി. ജയില്പുള്ളികളില് ഞാന്‍ കണ്ട മുസ്ലിംകളെല്ലാംതന്നെ നല്ല വ്യക്തികളായിരുന്നു. അവര്‍ മോശം വ്യക്തികളായിരുന്നില്ല. പക്ഷേ, കടുത്ത മാനസികസമ്മര്‍ദ്ദത്താല്‍ ചില തെറ്റുകള്‍ ചെയ്തുപോയവരായിരുന്നു അവര്‍.
മുസ്ലിംകളുടെ സ്വഭാവം ഞാന്‍ മനസ്സിലാക്കി. അവര്‍ വിനയമുള്ളവരും അതേസമയം അന്തസ്സുള്ളവരുമായിരുന്നു. പരസ്പരം സ്നേഹം വെച്ചുപുലര്‍ത്തുന്ന ഭക്തരായ ആളുകള്‍. അവരുടെ കൂടെനിന്ന് ഞാന്‍ നമസ്കരിക്കാനും നോമ്പനുഷ്ഠിക്കാനും എല്ലാം പഠിച്ചു.
കറകളഞ്ഞ ദൈവവിശ്വാസിയായിരിക്കാനും സത്യത്തില്‍ ഉറച്ചുനില്ക്കാനും ആര്ജ്ജവംകാട്ടുന്ന മുസ്ലിംസ്വഭാവം ഞാന്‍ കണ്ടു. ജീവിതവിഭവങ്ങളുടെ ഞെരുക്കത്തില്‍ കടുത്ത മാനസികസമ്മര്‍ദ്ദം അനുഭവിക്കുന്ന എത്രയോ ആളുകളുണ്ട്. അതില്‍നിന്നും വ്യത്യസ്തമായി ദൈവം തങ്ങള്ക്കുനല്കിയതില് തൃപ്തിപ്പെട്ട് അവന്റെ അനുഗ്രഹത്തിനായി പ്രതീക്ഷയോടെ ജീവിക്കുന്ന എത്രയോ മുസ്ലിംകളുണ്ട്.
മയക്കമരുന്നിന്റെ ലഹരിയുടെ ജീവിതം മനോനിലയെ തകര്‍ത്തുകളഞ്ഞിരുന്നു. ജയില്‍ജീവിതം അതിനെ കുറെയെല്ലാം മെച്ചപ്പെടുത്താന്‍ സഹായിച്ചു. മനസ്സില്‍ സംഘര്‍ഷങ്ങളോ ഭാരങ്ങളോ ഇല്ലാതെ ശുദ്ധമായി നിലകൊള്ളാന്‍ ആ കാലം എന്നെ പഠിപ്പിച്ചു. ജയിലില്‍ നിങ്ങള്‍ക്ക് ഒരു പാട് കഴിവുകള്‍ വന്നുചേരും. കാരണം അവിടെ നിങ്ങളുടെ മനസ്സ് സ്വതന്ത്രമാണ്. അതിനാല്‍ നിങ്ങളുടെ ചിന്തയേറും. നിങ്ങളുടെ എല്ലാ സംശയങ്ങള്‍ക്കും അവിടെ ഉത്തരം ലഭിക്കും. മനുഷ്യരുടെ ശ്രദ്ധതെറ്റിക്കുന്നതോ പ്രലോഭിപ്പിക്കുന്നതോ ആയ യാതൊന്നും ജയിലിലുണ്ടാകില്ലല്ലോ. അത് എനിക്ക് വലിയൊരു അനുഗ്രഹമായിരുന്നു.
ജയില്‍വാസം ഏതൊരാളെയുംപോലെ ഞാനും വെറുക്കുമെന്ന് അറിയാമായിരുന്നു. പക്ഷേ, അതെനിക്ക് ഉത്തമമായിരുന്നുവെന്ന് പിന്നീട് മനസ്സിലായി. വായിച്ചത് നടപ്പില്‍ വരുത്താനായി എന്റെ ശ്രമം. ഞാനാരാണെന്നും എന്റെ ദൗത്യമെന്തെന്നും ഞാന്‍ തിരിച്ചറിഞ്ഞു. ഒരു വര്‍ഷത്തോളം അതിനകത്തുചിലവിട്ട് പിന്നീട് പുറത്തിറങ്ങി. വൈകാതെ ഞാന്‍ ഫ്ളോറിഡയിലേക്ക ്താമസം മാറ്റി. അത് എന്റെ പുനര്ജന്മമായിരുന്നു.
ഇപ്പോള്‍ ഒരു നഴ്സിങ് സ്കൂളില്‍ ജോലിചെയ്തുകൊണ്ടിരിക്കുകയാണ്. പ്രബോധനാവശ്യാര്‍ഥം ലോകം മുഴുവന്‍ സഞ്ചരിക്കാന്‍ പദ്ധതി തയ്യാറാക്കുകയാണ് ഇപ്പോള്‍. തെറ്റുകുറ്റങ്ങളിലാണ്ടുപൂണ്ട് ജീവിതം നയിക്കവേ സത്യം കണ്ടെത്തിയാല്‍ കാര്യങ്ങള്‍ പിന്നീട് എളുപ്പമായിത്തീരും. ഒരുതികഞ്ഞ പുരുഷനായി ജീവിക്കാന്‍ പഠിച്ചതില്‍ ഇപ്പോള്‍ അത്ഭുതം തോന്നുന്നു. സത്യമെവിടെയെന്നോര്ന്ന് നിരാശപ്പെട്ട ഘട്ടത്തിലായിരുന്നു അത് എന്നിലെത്തിയത്. അതായിരുന്നു ഏറ്റവും ശുഭകരമായ മുഹൂര്‍ത്തം. ജീവിതം ഭ്രാന്തുപിടിച്ചതുപോലെയായിരുന്നു. ഇപ്പോള്‍ വളരെ അനുഗൃഹീതനായി തോന്നുന്നു. ഈ ഇസ്ലാമിനെ കണ്ടെത്തിക്കഴിഞ്ഞാല്‍ പിന്നെ മറ്റൊന്നും നോക്കാനില്ല. തെരുവുകളില്‍നിന്ന് ജയിലിലൂടെ കടന്ന് ഇസ്ലാമിലെത്തുകയായിരുന്നു. അവസാനമായി, ഈ കടുത്ത പരീക്ഷണങ്ങള്‍ അനിവാര്യമായിരുന്നുവെന്ന് ഞാന്‍ തിരിച്ചറിയുന്നു. കാരണം, ഇവയില്ലായിരുന്നുവെങ്കില്‍ ഇന്നുകാണുന്ന ഞാനുണ്ടാകുമായിരുന്നില്ലല്ലോ.
*അബ്ദുല്ല അബ്ദുല്‍ മാലിക്*
—————————-
(Islam Padasala)