സമയവും ജീവിതവും.

Allah_by_thunderzZ

സമയവും ജീവിതവും

സമയവും ജീവിതവും

عَنْ عَمْرو بْنِ مَيْمُونٍ ، قَالَ : قَالَ رَسُولُ اللهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ لِرَجُلٍ وَهُوَ يَعِظُهُ : اغْتَنِمْ خَمْسًا قَبْلَ خَمْسٍ : شَبَابَكَ قَبْلَ هَرَمِكَ ، وَصِحَّتَكَ قَبْلَ سَقَمِكَ ، وَغِنَاكَ قَبْلَ فَقْرِكَ ، وَفَرَاغَكَ قَبْلَ شُغْلِكَ ، وَحَيَاتِكَ قَبْلَ مَوْتِكَ. نساي

അംറുബ്‌നു മൈമൂനില്‍ നിന്ന് നിവേദനം. നബി(സ) ഒരാളെ ഉപദേശിച്ചുകൊണ്ട് പറഞ്ഞു: അഞ്ച് അവസ്ഥകള്‍ക്കുമുമ്പുള്ള അഞ്ച് അവസ്ഥകള്‍ ഉപയോഗപ്പെടുത്തുക. വാര്‍ധക്യത്തിന് മുമ്പ് യുവത്വം, രോഗത്തിന് മുമ്പ് ആരോഗ്യം, ദാരിദ്ര്യത്തിന് മുമ്പ് സമ്പന്നത, ജോലിത്തിരക്കിനുമുമ്പ് ഒഴിവുസമയം, മരണത്തിന് മുമ്പ് ജീവിതം. (നസാഈ)
അംറുബ്‌നു മൈമൂനില്‍ നിന്ന് നിവേദനം. അദ്ദേഹം പറഞ്ഞു عَنْ عَمْرو بْنِ مَيْمُونٍ ، قَالَ
അല്ലാഹുവിന്റെ ദൂതന്‍ ഒരാളെ ഉപദേശിച്ചുകൊണ്ട് പറഞ്ഞു قَالَ رَسُولُ اللهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ لِرَجُلٍ وَهُوَ يَعِظُهُ
അഞ്ച് അവസ്ഥകള്‍ക്കുമുമ്പുള്ള അഞ്ച് അവസ്ഥകള്‍ ഉപയോഗപ്പെടുത്തുക اغْتَنِمْ خَمْسًا قَبْلَ خَمْسٍ
നിന്റെ വാര്‍ധക്യത്തിന് മുമ്പ് നിന്റെ യുവത്വം شَبَابَكَ قَبْلَ هَرَمِكَ
നിന്റെ രോഗത്തിന് മുമ്പ് നിന്റെ ആരോഗ്യം وَصِحَّتَكَ قَبْلَ سَقَمِكَ
നിന്റെ ദാരിദ്ര്യത്തിന് മുമ്പ് നിന്റെ സമ്പന്നത وَغِنَاكَ قَبْلَ فَقْرِكَ
നിന്റെ ജോലിത്തിരക്കിനുമുമ്പ് നിന്റെ ഒഴിവുസമയം وَفَرَاغَكَ قَبْلَ شُغْلِكَ
നിന്റെ മരണത്തിന് മുമ്പ് നിന്റെ ജീവിതം وَحَيَاتِكَ قَبْلَ مَوْتِكَ

സെക്കന്റുകള്‍ക്കും മിനിട്ടുകള്‍ക്കുമൊന്നും നാം പലപ്പോഴും വില കല്‍പ്പിക്കാറില്ല. എന്നാല്‍ ഒരു ബസ് സ്റ്റാന്റില്‍ പോയി നോക്കിയാല്‍ സെക്കന്റുകളടെ പേരില്‍ ബസ്ജീവനക്കാല്‍ ശണ്ഠ കൂടുന്നത് കാണാം. ചിലപ്പോള്‍ നിമിഷങ്ങളുടെ വ്യത്യാസത്തില്‍ നമുക്ക് പോകേണ്ട ബസോ ട്രെയിനോ പോയിക്കഴിഞ്ഞിട്ടുണ്ടാവും. ചില അപകടങ്ങളെ കുറിച്ച്, തരനാരിഴക്ക് രക്ഷപ്പെട്ടു എന്നു നാം പറയാറുണ്ട്. അഥവാ ഒരു സെക്കന്റ് മുന്നിലായിരുന്നെങ്കില്‍, അല്ലെങ്കില്‍ ഒരു സെക്കന്റ് പിന്നിലായിരുന്നെങ്കില്‍ ആ അപകടത്തില്‍ നാം അകപ്പെട്ടേനെയെന്ന് സാരം. സമയത്തിന്റെ വില ബോധ്യമാവുന്ന ഏതാനും സന്ദര്‍ഭങ്ങളാണിവ.

സമയം പെട്ടെന്ന് സഞ്ചരിക്കുന്നു. ദുഃഖമുള്ളപ്പോള്‍ മേഘത്തെ പോലെയും സന്തോഷമുള്ളപ്പോള്‍ കാറ്റുവീശും പോലെയുമാണ് സമയത്തിന്റെ സഞ്ചാരമെന്ന് പറയാറുണ്ട്. സമയം പോയത് അറിഞ്ഞില്ല, ഇന്ന് തീരെ സമയം പോകുന്നില്ല എന്നൊക്കെ പറയാറില്ലേ?. പലരും നേരംപോക്കിന് വേണ്ടി പല കളികളിലും ഏര്‍പ്പെടുന്നു. പക്ഷേ, പോയ സെക്കന്റുകള്‍ ഒരിക്കലും തിരിച്ചുവരില്ല. സമയം എന്നത് നമ്മുടെ ആയുസ്സാണ്. ജനിച്ച് ഒരു വര്‍ഷം കഴിയുമ്പോള്‍ ചിലര്‍ ബര്‍ത്ത് ഡേ ആഘോഷിക്കാറില്ലേ? യഥാര്‍ഥത്തില്‍, ആയുസ്സിലെ ഒരു വര്‍ഷം കഴിഞ്ഞുപോയിരിക്കുന്നു. അഥവാ, മരണത്തിലേക്ക് കൂടുതല്‍ അടുത്തിരിക്കുന്നു എന്നല്ലേ അപ്പോള്‍ ചിന്തിക്കേണ്ടത്? സത്യവിശ്വാസി ഒരിക്കലും സമയത്തെ കൊല്ലാനോ നേരം കളയാനോ ശ്രമിക്കരുത്. ഓരോ സെക്കന്റും അമൂല്യമാണെന്ന് തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കണം.

ജീവിതത്തിന്റെ നട്ടുച്ചയാണ് യൗവനം. കരുത്തും ഊര്‍ജസ്വലതയുമുള്ള നാളുകള്‍. അത് അലസമായും നിഷ്‌ക്രിയമായും ചെലവഴിച്ചാല്‍ അതിനേക്കാള്‍ വലിയ നഷ്ടം വേറെയില്ല. ഒരു നന്മയും നീട്ടിവെക്കരുത്. ഒരു കാര്യവും പിന്നീട് ചെയ്യാം എന്ന് കരുതി സമാധാനിക്കാന്‍ നിര്‍വാഹമില്ല. എപ്പോഴാണ് മരണം വന്നെത്തുക എന്നറിയില്ലല്ലോ. ഇനി കുറെ കാലം ജീവിക്കാന്‍ അവസരം ലഭിച്ചു എന്ന് കരുതുക, അപ്പോഴേക്കും ആവേശവും ആരോഗ്യവും എല്ലാം നശിച്ചിട്ടുണ്ടാവും. അതിനാല്‍ യൗവനം പാഴാക്കരുതെന്ന് പ്രവാചകന്‍ പഠിപ്പിക്കുന്നു.

അതുപോലെ ആരോഗ്യമുള്ളപ്പോള്‍ ഉത്തരവാദിത്വങ്ങള്‍ ചെയ്തു തീര്‍ക്കാനും സല്‍ക്കര്‍മങ്ങള്‍ അനുഷ്ഠിക്കാനും കൂടുതല്‍ ശ്രമിക്കണം. ശരീരത്തിന് രോഗമോ അവശതയോ ബാധിച്ചാല്‍ പിന്നെ കാര്യമായൊന്നും ചെയ്യാനാവില്ല. ദീര്‍ഘമായി നമസ്‌കരിക്കാനോ നോമ്പെടുക്കാനോ ഇസ്‌ലാമിക പ്രവര്‍ത്തനങ്ങളില്‍ സജീവമാകാനോ ഒന്നും രോഗികള്‍ക്ക് സാധിക്കുകയില്ലല്ലോ.

സാമ്പത്തിക ശേഷിയുള്ളപ്പോള്‍ അത് നല്ല കാര്യങ്ങള്‍ക്ക് വേണ്ടി വിനിയോഗിച്ച് അല്ലാഹുവിന്റെ പ്രീതി നേടണം. ഏത് നിമിഷവും സാമ്പത്തികമായ സുസ്ഥിതി ഇല്ലാതാകാം. ഭൂമിയിലെ ഐശ്വര്യം എപ്പോഴും നിലനില്‍ക്കണമെന്നില്ല. കാശുണ്ടായിരുന്ന കാലത്ത് അങ്ങനെ ചെയ്യാമായിരുന്നു, ഇങ്ങനെ ചെയ്യാമായിരുന്നു എന്ന് ദാരിദ്ര്യകാലത്ത് ചിന്തിച്ചിട്ട് കാര്യമുണ്ടാകില്ല.

പഠനത്തിലോ ജോലിയിലോ മുഴുകുന്നവര്‍ അതിന്റെ ഇടവേളയില്‍ ലഭിക്കുന്ന സമയം അനാവശ്യമോ പ്രയോജനരഹിതമോ ആയ കാര്യങ്ങള്‍ക്ക് വിനിയോഗിക്കരുത്. ഒഴിവു സമയങ്ങള്‍ ഫലപ്രദമായി ഉപയോഗിക്കണമെന്ന് നബി(സ) നിര്‍ദേശിക്കുന്നു. റസൂല്‍ തിരുമേനി മറ്റൊരിക്കല്‍ ഇങ്ങനെ പറഞ്ഞു: ‘രണ്ടു അനുഗ്രഹങ്ങളില്‍ മിക്ക ആളുകളും വഞ്ചിതരാണ് (നഷ്ടത്തിലാണ്). ആരോഗ്യവും ഒഴിവുസമയവുമാണവ’ വെക്കേഷനുകള്‍, ആഴ്ചയിലുള്ള ഒഴിവുകള്‍ മുതല്‍ ചെറിയ ഒഴിവുസമയങ്ങള്‍ വരെ നല്ല കാര്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ നമുക്ക് കഴിയണം.

സമയം തന്നെയാണ് ജീവിതം. അതിനാല്‍ മരണത്തിന് മുമ്പ് ഓരോ നിമിഷവും അമൂല്യമാണെന്ന് തിരിച്ചറിഞ്ഞ് ഉപയോഗപ്പെടുത്തണം. ഏത് പ്രായത്തിലായാലും, സമ്പന്നതയോ ദാരിദ്ര്യമോ ആയാലും, ജോലിത്തിരക്കുണ്ടെങ്കിലും ഇല്ലെങ്കിലും ആയുസ്സ് നല്ല കാര്യങ്ങള്‍ക്ക് വേണ്ടിയാണ് വിനിയോഗിക്കേണ്ടത്. സത്യവിശ്വാസിക്ക് ‘കൊല്ലാന്‍’ സമയമില്ല. കാരണം, സമയം മനുഷ്യനെ കൊന്നുകൊണ്ടിരിക്കുകയാണ് ചെയ്യുന്നത്. ആയുസ്സ് പരിമിതമാണ്. ബാധ്യതകളോ, കണക്കില്ലാത്തത്രയുണ്ട്. അപ്പോള്‍ പിന്നെങ്ങനെയാണ് വെറുതെയിരിക്കാന്‍ കഴിയുക? ഇമാം ഹസനുല്‍ ബസ്വ്‌രി പറഞ്ഞു: ‘ഒരോ ദിവസവും ഉദിക്കുന്നത് ഇങ്ങനെ വിളിച്ചുപറഞ്ഞുകൊണ്ടാണ്: മനുഷ്യാ, ഞാനൊരു പുതിയ സൃഷ്ടി. നിന്റെ കര്‍മത്തിന്റെ സാക്ഷി. അതിനാല്‍ എന്നെ പ്രയോജനപ്പെടുത്തുക. ഞാന്‍ പോയാല്‍ പിന്നെ തിരിച്ച് വരില്ല’

Related Post