പ്രബോധകന്‍റെ സംസ്കാരം

%e0%b4%b8%e0%b4%82%e0%b4%b8%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b4%82

പ്രബോധകന്‍റെ സംസ്കാരം

ഏറ്റവും ശരിയായ രീതിശാസ്ത്രമുപയോഗിക്കാന്‍ സത്യപ്രബോധകന്‍ ബാധ്യസ്ഥനാണ് . ഇസ്‌ലാം അങ്ങനെയാണ് അനുശാസിക്കുന്നത്.

ലക്ഷ്യസാക്ഷാത്കാരത്തിന് അതേ സഹായിക്കുകയുള്ളൂ. അഭികാമ്യമല്ലാത്ത പ്രബോധനമാര്‍ഗങ്ങള്‍ സ്വീകരിക്കുന്നത് കുറ്റകരമാണെന്ന് മാത്രമല്ല, ലക്ഷ്യം വിദൂരമാക്കുകയുംചെയ്യും.

ശരിയായ മാര്‍ഗമവലംബിച്ച് ഒരു പ്രബോധകന്‍ തന്നിലര്‍പ്പിക്കപ്പെട്ട ദൗത്യം നിര്‍വഹിക്കുമ്പോള്‍ ലക്ഷ്യത്തിലെത്തിയിരിക്കണം എന്ന് നിര്‍ബന്ധമില്ല. അതിനയാള്‍ ബാധ്യസ്ഥനുമല്ല. അതേസമയം തന്റെ ബാധ്യത നിര്‍വഹിച്ചോ ഇല്ലേ എന്നകാര്യത്തില്‍ അദ്ദേഹം മറുപടി പറയേണ്ടിവരും. വസ്തുത ഇതായിരിക്കെ പ്രബോധകന് ഇക്കാര്യം കൃത്യമായി ബോധ്യമായിട്ടും അഭികാമ്യമല്ലാത്ത രീതിശാസ്ത്രങ്ങള്‍ അവലംബിക്കുന്നത് ഭൂഷണമല്ല. നിര്‍വഹണത്തിലെ പ്രയാസം, സമയദൈര്‍ഘ്യം, ജനങ്ങളുടെ വിമുഖത, ലക്ഷ്യത്തില്‍ വേഗമെത്തിച്ചേരാനുള്ള വെമ്പല്‍, മതപരമെന്ന് തോന്നുന്ന വികാരവായ്പ്, ജിഹാദി വാഞ്ഛ, ദൈവമാര്‍ഗത്തില്‍ രക്തസാക്ഷിയാകണമെന്ന ആഗ്രഹം ഇതൊന്നും അഭികാമ്യമല്ലാത്ത രീതിശാസ്ത്രം സ്വീകരിക്കുന്നതിന് ഒരിക്കലും ന്യായമല്ല.

സദുദ്ദേശ്യമോ സദ്‌വികാരമോ കുറ്റകരമായ ഒന്നിനെ ഒരിക്കലും പുണ്യകരമാക്കുകയില്ല. ഇസ്‌ലാമികപ്രബോധനം ഒരിക്കല്‍പോലും വീരശൂരപരാക്രമികളുടെ സദുദ്ദേശ്യത്തിനുപിന്നാലെ സഞ്ചരിച്ചിട്ടില്ല, എടുത്തുചാട്ടക്കാരുടെ ശ്രേഷ്ടവികാരങ്ങള്‍ക്ക് പിറകെ പോയിട്ടുമില്ല എന്നതിന് നമ്മുടെയടുത്ത് എത്രയോ തെളിവുകളുണ്ട്.

മക്കയില്‍വെച്ച് യുദ്ധം നിയമമായിത്തീര്‍ന്ന ഘട്ടത്തില്‍ നബിതിരുമേനി എടുത്തുചാട്ടക്കാരോട് പറഞ്ഞത് ക്ഷമിക്കാനാണ്. കറകളഞ്ഞ സത്യസന്ധതയും അടിയുറച്ച വിശ്വാസവും യുദ്ധസന്നദ്ധതയും രക്തസാക്ഷ്യമോഹവും ഒക്കെ ഉണ്ടായിട്ടും ഹുദൈബിയ സന്ധിയെ ഉള്‍ക്കൊള്ളാന്‍ വിശ്വാസികളില്‍ അധികപേര്‍ക്കും കഴിഞ്ഞിരുന്നില്ല. പക്ഷെ പ്രവാചകന്റെ മനസ്സ് അതിന് പാകപ്പെട്ടുകഴിഞ്ഞിരുന്നു. കാരണം, അത് മരണത്തിന്റെയോ സത്യസാക്ഷ്യത്തിന്റെയോ പ്രശ്‌നമായിരുന്നില്ല.മറിച്ച്, ശരിയായ രീതിശാസ്ത്രം മുറുകെപ്പിടിക്കണോ വേണ്ടേ എന്നതിനെ കേന്ദ്രീകരിച്ചുള്ള പ്രശ്‌നമായിരുന്നു. ലക്ഷ്യം സാധിക്കാനുള്ള വഴി അതുമാത്രമായിരുന്നു. അതുകൊണ്ടാണ് ഹുദൈബിയ സന്ധിയെ ‘വ്യക്തമായ വിജയം’ എന്ന് വിശേഷിപ്പിച്ചുകൊണ്ട് ഖുര്‍ആന്‍ അവതരിച്ചത്.

പ്രബോധനത്തിന് ശൈലികളും രീതികളും തെരഞ്ഞെടുക്കുമ്പോള്‍ സ്വഛവും ഋജുവുമായ ആധികാരികപ്രമാണങ്ങളിലേക്ക് നോക്കാതെ കണ്ണടച്ച് ആവേശത്തിനും വികാരത്തിനും കീഴ്‌പ്പെട്ടുപോകരുത്. ഇക്കാര്യത്തില്‍ പ്രബോധകന് അതീവജാഗ്രത വേണം. ആവേശവും വികാരവും താല്‍പര്യവുമൊക്കെ ശരിയായ രീതിശാസ്ത്രങ്ങളവലംബിക്കാനാണ് പ്രേരണയാകേണ്ടത്. അല്ലാതെ ആശയക്കുഴപ്പത്തിലേക്കും നേരായ വഴികളില്‍നിന്നുള്ള വ്യതിചലനത്തിലേക്കും അനാവശ്യവിവാദങ്ങളിലേക്കും വരണ്ടചര്‍ച്ചകളിലേക്കും അതു വലിച്ചിഴക്കരുത്. ഇപ്പറഞ്ഞതൊന്നും ഉപകാരപ്രദമായ യാതൊരു ഫലവും ചെയ്യില്ല എന്ന കാര്യവും സത്യപ്രബോധകന്‍ തിരിച്ചറിയണം.

സൂറ യാസീന്‍  പഠിപ്പിക്കുന്ന പ്രബോധകന്‍

പ്രവാചകന്‍മാര്‍ തങ്ങളുടെ സത്യസന്ദേശമെത്തിക്കുന്നതിന്റെ ഭാഗമായി നേരിട്ട എതിര്‍പ്പുകളും ക്രൂരമായ പീഡനങ്ങളും പരിഹാസങ്ങളും നാം ചരിത്രത്തില്‍ എത്രയോ വായിച്ചിട്ടുണ്ട്. നമുക്ക് എത്തിപ്പെടാന്‍ കഴിയാത്ത, നേടിയെടുക്കാന്‍ കഴിയാത്ത ക്ഷമയും സ്വഭാവസവിശേഷതകളും ആയിരുന്നു അവരുടെ കൈമുതല്‍. ഒരു പക്ഷേ അതുകൊണ്ടായിരിക്കണം, പ്രവാചകന്‍മാരല്ലാത്ത ദൈവദൂതന്‍മാരുടെ പരിശ്രമങ്ങളും അവരുടെ പ്രതിബന്ധങ്ങളും വിവരിച്ച് നമ്മുടെ മനസ്സിലെ അശുഭാപ്തിവിശ്വാസവും അധൈര്യവും തുടച്ചുനീക്കാന്‍ ഖുര്‍ആനിലൂടെ അല്ലാഹുവിന്റെ ശ്രമം. അത്തരത്തില്‍ ഏറ്റവും നല്ല ഉദാഹരണമായാണ് പട്ടണവാസികളെ ഉപദേശിച്ച വിശ്വാസിയായ ആ മനുഷ്യനെക്കുറിച്ച പരാമര്‍ശം. ദൈവദൂതന്‍മാരെ വളഞ്ഞ് കൊല്ലാനായി ശ്രമിച്ച പട്ടണവാസികളുടെ അടുത്തേക്ക് ഓടിയെത്തിയ വിശ്വാസിയായ ഹബീബ് ബിന്‍ മുറാഅഃ അല്‍ന്നജ്ജാറിനെക്കുറിച്ച് മുമ്പേ പറഞ്ഞല്ലോ. അദ്ദേഹം ആ പട്ടണവാസികളോട് പറഞ്ഞു.

‘അല്ലയോ എന്റെ നാട്ടുകാരേ, ഈ ദൈവദൂതന്‍മാരെ പിന്‍പറ്റുവിന്‍! ‘ഇങ്ങനെ പറഞ്ഞതിലൂടെ താന്‍ ഒരു വിശ്വാസിയാണെന്ന് അദ്ദേഹം പ്രഖ്യാപിക്കുകയായിരുന്നു. തുടര്‍ന്ന് ആ ജനതയോട് നടത്തിയ പ്രബോധനത്തിലൂടെ തന്റെ സഹാനുഭൂതിയും ധീരതയും വിവേകവും ഏറ്റവും നന്നായി പ്രകടിപ്പിക്കുകയായിരുന്നു അദ്ദേഹം.

തന്റെ ആ ഇടപെടലിലൂടെ ആളുകളുടെ ശ്രദ്ധക്ഷണിക്കാനായെന്ന് തിരിച്ചറിഞ്ഞ ഹബീബ് ബിന്‍ മുറാഅഃ അവസരം നന്നായി ഉപയോഗപ്പെടുത്താന്‍ തന്നെ തീരുമാനിച്ചു. ആ ദൈവദൂതന്‍മാരെ എന്തുകൊണ്ട് അവഗണിക്കരുതെന്നതിന് ന്യായം വ്യക്തമാക്കി. അവര്‍ യഥാര്‍ഥപ്രവാചകന്‍മാരാണെന്ന വസ്തുതയെ സമര്‍ഥിക്കുകയാണ് അദ്ദേഹം ചെയ്തത്.

21. اتَّبِعُوا مَن لَّا يَسْأَلُكُمْ أَجْرًا وَهُم مُّهْتَدُونَ

”നിങ്ങളോട് പ്രതിഫലമൊന്നും ആവശ്യപ്പെടാത്തവരും നേരെ ചൊവ്വെ ജീവിക്കുന്നവരുമായ ഇവരെ പിന്‍തുടരുക ‘.
ഖതാദ പറയുന്നു: ‘പട്ടണത്തില്‍ ദൈവദൂതന്‍മാര്‍ എത്തിയെന്നറിഞ്ഞപ്പോള്‍ അവരുടെ അടുത്തേക്ക് ആ മനുഷ്യന്‍ ചെന്നു. സത്യസന്ദേശം അറിയിച്ചുതരുന്നതിന് എന്തെങ്കിലും പ്രതിഫലം ഉദ്ദേശിക്കുന്നുണ്ടോയെന്ന് അയാള്‍ ചോദിച്ചു. അവര്‍ അതിന് നിഷേധാര്‍ഥത്തില്‍ മറുപടി നല്‍കി. അപ്പോള്‍ അയാള്‍ ആ പട്ടണവാസികളോട് പറഞ്ഞു: ‘സത്യമാര്‍ഗത്തില്‍ നിലകൊള്ളുന്ന, പ്രതിഫലമൊന്നും ആവശ്യപ്പെടാത്ത ആ ദൈവദൂതന്‍മാരെ പിന്‍പറ്റുക”

അല്ലാഹു മനുഷ്യര്‍ക്ക് നൈസര്‍ഗികഗുണമെന്നോണം നല്‍കിയിട്ടുള്ള സിദ്ധിയാണ് സത്യമേതെന്ന് തിരിച്ചറിയാനുള്ള കഴിവ്. അതായത്, ഒരാളുടെ പെരുമാറ്റത്തിലും സംസാരത്തിലും ശ്രദ്ധിച്ചാല്‍ അയാളുടെ ആത്മാര്‍ഥതയും സത്യസന്ധതയും നമുക്ക് തിരിച്ചറിയാനാകും. അതുകൊണ്ടാണ് വിശ്വാസിയായ ഹബീബ് ഇബ്‌നു മുറാഅ അക്കാര്യം പട്ടണവാസികളോട് വ്യക്തമാക്കിയത്:’നിങ്ങളോട് യാതൊരു പ്രതിഫലവും ചോദിക്കാത്ത ഇക്കൂട്ടരെ നിങ്ങള്‍ പിന്തുടരുക!’

ത്വബരി പറയുന്നു: ‘തങ്ങളുടെ ഉപദേശത്തിനും സന്‍മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്കും യാതൊരുവിധ പ്രതിഫലവും ആവശ്യപ്പെടാത്ത , തികച്ചും സത്യസന്ധമായി നിഷ്‌കപടം സത്യത്തിലുറച്ചുനില്‍ക്കുന്ന ആ ദൈവദൂതന്‍മാരെ പിന്തുടരുക.അതിലൂടെ നേര്‍മാര്‍ഗം പ്രാപിക്കുക’ എന്നാണ് ഹബീബ് ആവശ്യപ്പെട്ടത്.

ഈ പ്രസ്താവന തികച്ചും ബുദ്ധിപൂര്‍വകമായ ഒന്നായി പണ്ഡിതനായ ഇബ്‌നു ആശൂര്‍ വിലയിരുത്തിയിട്ടുണ്ട്. ‘നിങ്ങള്‍ ഈ ദൈവദൂതന്‍മാരുടെ സന്ദേശം സ്വീകരിക്കൂ. അതിന് അദ്ദേഹം നിങ്ങളില്‍നിന്ന് ദുന്‍യാവിലെ വിഭവങ്ങളൊന്നും ചോദിക്കുന്നില്ല(അവര്‍ നിങ്ങളുടെ കയ്യിലുള്ള പൈസ ആവശ്യപ്പെടുന്നില്ല). എന്നല്ല, കയ്യിലുള്ളതൊന്നും നഷ്ടപ്പെടുത്താതെതന്നെ പരലോകത്തെ എല്ലാ സൗഭാഗ്യങ്ങളും നിങ്ങള്‍ക്ക് ലഭിക്കുകയുംചെയ്യും’ എന്നാണ് ആ വിശ്വാസി പട്ടണവാസികളോട് പറഞ്ഞത്.

22. وَمَا لِيَ لَا أَعْبُدُ الَّذِي فَطَرَنِي وَإِلَيْهِ تُرْجَعُونَ

”ആരാണോ എന്നെ സൃഷ്ടിച്ചത്; ആരിലേക്കാണോ നിങ്ങള്‍ തിരിച്ചുചെല്ലേണ്ടത്; ആ അല്ലാഹുവെ വഴിപ്പെടാതിരിക്കാന്‍ എനിക്കെന്തു ന്യായം?’

തന്റെ വാദമുഖത്തില്‍ കൂടുതല്‍ ചിന്തോദ്ദീപകമായ കാര്യങ്ങള്‍ ഉയര്‍ത്തിവിട്ട് അവരെ ദൈവദൂതന്‍മാരിലേക്ക് തിരിച്ചുവിടാനായി ഹബീബിന്റെ പിന്നീടുള്ള ശ്രമം. ആ പട്ടണവാസികളോട് ആത്മഗതമെന്നോണം ചോദ്യമുയര്‍ത്തുകയാണ് അദ്ദേഹം.

‘എന്നെ സൃഷ്ടിച്ചവനെയല്ലാതെ മറ്റാരെയെങ്കിലും ആരാധിക്കുന്നത് എനിക്ക് ചേര്‍ന്ന പ്രവൃത്തിയാണോ?’എന്ന് തന്നില്‍മാത്രം പരിമിതപ്പെടുത്താതെ, അവരെക്കൂടി ഉള്‍പ്പെടുത്തിക്കൊണ്ട് ‘നിങ്ങളെയെല്ലാം സൃഷ്ടിച്ച് ഈ രൂപത്തിലാക്കിയ ആ പരമശക്തിക്കല്ലാതെ മറ്റുള്ളവയ്ക്ക് സ്വയം സമര്‍പ്പിക്കുന്നതിനെപ്പറ്റി നിങ്ങള്‍ക്കെങ്ങനെ ചിന്തിക്കാന്‍ കഴിയുന്നു?’അവിടെയും അവസാനിപ്പിക്കാതെ ചോദ്യം തുടരുകയാണ്:’അവനിലേക്കല്ലേ നിങ്ങളുടെയല്ലാം മടക്കം എന്നിരിക്കെ?’ ചോദ്യത്തില്‍ പ്രകോപനമൊട്ടുംതന്നെയില്ലെന്നത് ശ്രദ്ധേയമാണ്. ഈ ഘട്ടത്തിലാണ് തങ്ങളെ ഉപദേശിക്കാന്‍ രംഗത്തെത്തിയെ ഹബീബിനെക്കുറിച്ച് അവര്‍ക്ക് പുത്തന്‍മതത്തില്‍ ചേര്‍ന്ന ‘മതഭ്രാന്തന്‍’ എന്ന സംശയം പിടികൂടിയത്.

ഇബ്‌നുല്‍ ഖയ്യിം ഈ ആയത്തിനെ വിശകലനംചെയ്തുകൊണ്ട് അഭിപ്രായപ്പെടുന്നത് കാണുക: ‘ആ വിശ്വാസി പട്ടണവാസികളെ അഭിമുഖീകരിച്ചത് വളരെ നിഷ്‌കളങ്കവും ആകര്‍ഷകവും യുക്തിഭദ്രവുമായ ശൈലിയിലാണ്. അദ്ദേഹം അവരെ കുറ്റപ്പെടുത്താനല്ല തുനിഞ്ഞത്. മറിച്ച്, അവര്‍ കേള്‍ക്കെ ആത്മഗതമെന്നോണം ഉയര്‍ന്ന ശബ്ദത്തില്‍ സംസാരിച്ചു. ഗുണകാംക്ഷയോടെ സംസാരിക്കുന്നവരോട് പെട്ടെന്ന് ദേഷ്യപ്പെടാന്‍ ഒരാളും തുനിയില്ലെന്നത് നിസ്തര്‍ക്കമാണ്. ഉപദേശരൂപത്തില്‍ ആത്മഗതം നടത്തുന്ന അദ്ദേഹത്തിന്റെ വര്‍ത്തമാനങ്ങളെ ഏതൊരാളും സ്വീകരിക്കും. കാരണം താന്‍ സ്വീകരിക്കേണ്ട നിലപാട് മറ്റുള്ളവര്‍ക്കും ഉത്തമമാണെന്ന വസ്തുത അയാള്‍ തുറന്നുവ്യക്തമാക്കിയിട്ടുണ്ട്.

യഥാര്‍ഥത്തില്‍, തനിക്ക് എല്ലാവിധ അനുഗ്രഹങ്ങളും നല്‍കി പരിരക്ഷിക്കുകയും സ്‌നേഹിക്കുകയും നന്‍മ ചെയ്യുകയും ചെയ്യുന്ന ഒരാളോട് നന്ദികാട്ടുന്ന പ്രകൃതം അല്ലാഹു മനുഷ്യനില്‍ നിക്ഷേപിച്ചിട്ടുണ്ട്. അതിനുപുറമെ, ആ രീതിയില്‍ നന്‍മചെയ്യുകയും സംരക്ഷിക്കുകയുംചെയ്യുന്ന ആളെ എതിര്‍ക്കുകയും ശത്രുതയോടെ കാണുകയുംചെയ്യുന്നത് തികഞ്ഞ പൈശാചികസ്വഭാവമാണെന്ന് മനുഷ്യന്‍ തിരിച്ചറിയുന്നു. അല്ലാഹുവിന്റെ സൃഷ്ടി എന്ന പരികല്‍പനയിലൊതുങ്ങാതെ സര്‍വചരാചരങ്ങളുടെയും സ്രഷ്ടാവും പരിപാലകനും എന്നനിലയില്‍ നമുക്ക് നന്ദിയുള്ള ദാസനാകാന്‍ എന്തുകൊണ്ടുപറ്റില്ല?

ഹബീബ് തന്റെ ബോധവത്കരണം അവസാനിപ്പിക്കുന്നത് അവരില്‍ ഭയം ജനിപ്പിക്കാന്‍ ഉതകുംവിധം താക്കീതിന്റെ സ്വരത്തിലാണ്. അതായത്, നിങ്ങളുടെ മരണത്തോടെ ചെന്നെത്തുന്നത് ഒരിക്കലും രക്ഷപ്പെടാന്‍ കഴിയാത്ത അല്ലാഹുവിന്റെ അടുക്കലാണ്.

ഭാഷാമുത്തുകള്‍

വിശ്വാസിയായ മനുഷ്യന്‍ തന്റെ പട്ടണവാസികളോട് കല്‍പിക്കുന്നത് നിങ്ങളദ്ദേഹത്തെ പിന്‍പറ്റൂ(ഇത്തബിഊ) എന്നാണ്. ആദ്യം സത്യവാന്‍മാരായ ദൈവദൂതന്‍മാരെ പിന്‍പറ്റൂ എന്ന് പറഞ്ഞതിനുശേഷം തൊട്ടടുത്ത സൂക്തത്തില്‍ പറയുന്നത് ‘യാതൊരു പ്രതിഫലവും ചോദിക്കാത്ത അവരെ പിന്‍പറ്റൂ’ എന്നാണ്. ആളുകളെ ഉപദേശിക്കുകയും അവര്‍ക്ക് മാര്‍ഗനിര്‍ദേശം കൊടുക്കുകയുംചെയ്യുന്ന എന്നാല്‍ അതിന്റെ പേരില്‍ ഭൗതികസുഖസൗകര്യങ്ങളോ സമ്പത്തോ പ്രതിഫലമോ ആവശ്യപ്പെടാത്ത സത്യവാന്‍മാരായ ആളുകളെ പിന്‍പറ്റണമെന്നാണ് ആ വിശ്വാസി ജനതയെ പഠിപ്പിക്കുന്നത്. പൊതുവെ പറഞ്ഞാല്‍, മതകീയമായ എന്തെങ്കിലും ആരാധനാകര്‍മങ്ങളോ ചടങ്ങുകളോ നിര്‍വഹിക്കുന്നതിന് പ്രതിഫലം കണക്ക്പറഞ്ഞ് വാങ്ങുന്നവരെ ആളുകള്‍ സംശയിക്കാറുണ്ട്. അത്തരം പ്രതിഫലമോഹികളില്‍പെട്ടവരല്ല ഇവര്‍ എന്ന് കുറിക്കാനാണ് ‘അല്ലദീന’ എന്നതിന് പകരം ‘മന്‍’ (ഇത്തബിഊ മന്‍ ലാ…) ഉപയോഗിച്ചത്.

‘ഫത്വറനീ’ എന്ന വാക്ക് വിടവ്, പിളര്‍പ്പ് എന്നര്‍ഥമുള്ള ‘ഫത്വര്‍’ എന്നതില്‍ നിന്നുള്ളതാണ്. അതുകൊണ്ടാണ് നോമ്പുതുറക്കുന്നതിനെ ഫൂത്വൂര്‍, ഫിത്വര്‍ എന്നിങ്ങനെ വാക്കുകളുപയോഗിച്ച് പ്രകടിപ്പിക്കുന്നത്. പിറവികൊടുക്കുക, പുറത്തുകൊണ്ടുവരിക എന്ന ആശയവും അതിനുണ്ട്.

അബ്ദുല്ലാഹിബ്‌നു അബ്ബാസ് (റ) പറയുന്നു: ആകാശഭൂമികളുടെ ‘ഫാത്വിര്‍’ എന്നതുകൊണ്ട് എന്താണുദ്ദേശിക്കുന്നതെന്ന് എനിക്ക് വ്യക്തമായി അറിയില്ലായിരുന്നു. അങ്ങനെയിരിക്കെ കിണറുജലത്തെപ്പറ്റി അവകാശവാദമുന്നയിച്ചുകൊണ്ട് രണ്ട് ബദവികള്‍ അന്യോന്യം തര്‍ക്കിക്കുന്നത് എന്റെ ശ്രദ്ധയില്‍പെട്ടു. അവരിലൊരാള്‍ പറഞ്ഞു: ‘അന ഫത്വര്‍തുഹാ-അതായത്, ഞാനാണത് കുഴിച്ച് വെള്ളം ഉണ്ടാക്കിയത്. അവിടെ കിണര്‍ ഉണ്ടായിരുന്നില്ലെന്നും അയാള്‍ അവിടെ കുഴികുത്തി കിണറുണ്ടാക്കിയെന്നുമാണ് അതിന്റെ സാരം’. ഈ അര്‍ത്ഥത്തില്‍ നിലവിലില്ലാത്ത ഒരു സംഗതിയെ പുതുതായി ഉണ്ടാക്കിക്കൊണ്ടുവന്നു, ആവിഷ്‌കരിച്ചു എന്നര്‍ത്ഥത്തിലാണ് പ്രസ്തുത ഫത്വറ എന്ന വാക്കുപയോഗിക്കുന്നത്.

വിവേകമുത്തുകള്‍

ഇസ്‌ലാം പഠിപ്പിക്കുന്നതിന് പ്രതിഫലം വാങ്ങുന്നത് തെറ്റാണോ? പലരും അത്തരം ചോദ്യമുന്നയിക്കുന്നത് കേള്‍ക്കാറുണ്ട്. ദീനിനെക്കുറിച്ച് അറിവില്ലാത്ത ഒരു സമൂഹത്തില്‍ ശരീഅത്ത് നിര്‍ബന്ധമാക്കിയ കാര്യങ്ങള്‍ പഠിപ്പിച്ചുകൊടുക്കുന്നതിന് പ്രതിഫലം സ്വീകരിക്കുക ഈമാന്‍ കുറഞ്ഞവരാണെന്നാണ് പണ്ഡിതനായ ഇബ്‌നു അത്വിയ്യയുടെ അഭിപ്രായം. അതിനുകാരണം, ഒന്നുമറിയാത്ത സമൂഹത്തില്‍ ഒരു പ്രവാചകനെപ്പോലെയായിരിക്കും ആ അറിവുള്ള മനുഷ്യനും എന്നാണ്. അതേസമയം, ഒരു സ്ഥലത്ത് ജഡ്ജ് അല്ലെങ്കില്‍ ഇമാം എന്നിങ്ങനെ പോസ്റ്റുകളില്‍ അവരോധിക്കപ്പെടുന്നവര്‍ ഇപ്പറഞ്ഞ നിര്‍വചനത്തിന് പുറത്താണ്. കാരണം ഇത്തരം ഉത്തരവാദിത്വങ്ങള്‍ ഒരു വ്യക്തിക്കും നിര്‍ബന്ധിതമായേറ്റെടുക്കേണ്ടതായ ഒന്നല്ല. ഖലീഫയായി തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷം അബൂബക്ര്‍ (റ) ബൈത്തുല്‍മാലില്‍നിന്ന് ഒരു നിശ്ചിതവിഹിതം ജീവിതച്ചെലവിനായി സ്വീകരിച്ചിരുന്നുവെന്നത് ചരിത്രത്തില്‍ ആര്‍ക്കും വായിക്കാവുന്നതാണ്. ഇതെല്ലാം മുമ്പില്‍ വെച്ചുകൊണ്ടുതന്നെ ചില കാര്യങ്ങള്‍ പറയട്ടെ:

1. ഒരു വ്യക്തിയെ സംബന്ധിച്ചാകുമ്പോള്‍ അത് ഹറാമാണെന്ന് പറയുന്നതോ അല്ലെങ്കില്‍ അപലപനീയമെന്നോ, ഈമാനില്ലായ്മയെന്നോ വിശേഷിപ്പിക്കുന്നതോ തമ്മില്‍ വ്യത്യാസമുണ്ട്. ഹറാമാണെന്ന് ഖണ്ഡിതമായി പറയാന്‍ കഴിയാത്ത ഘട്ടത്തില്‍ അത് മോശമെന്നോ അനഭിലക്ഷണീയമെന്നോ മാത്രമേ പറയാന്‍ കഴിയൂ.

2. ഇസ്‌ലാമിന്റെ അധ്യാപനങ്ങള്‍ പഠിപ്പിക്കുന്നതിന് പ്രതിഫലം സ്വീകരിക്കുന്നത് അനുവദനീയമാകുന്നതും എന്നാല്‍ സ്വദഖചെയ്യണമെന്നാഹ്വാനംചെയ്തുകൊണ്ട് പതിനായിരങ്ങള്‍ ഒത്തുകൂടുന്ന ചടങ്ങുകളില്‍ നിര്‍ബന്ധിതപണപ്പിരിവ് നടത്തുന്നതും ആളുകള്‍ക്ക് അസൗകര്യം സൃഷ്ടിക്കുന്നതും തമ്മില്‍ വ്യത്യാസമുണ്ട്.

മനുഷ്യരാശിയുടെ കീഴ്‌വണക്കത്തിന് അര്‍ഹന്‍ അല്ലാഹുവായതിന് കാരണം അവരെ സൃഷ്ടിച്ചുവെന്നതാണ്. ഈ ഖല്‍ഖ് (സൃഷ്ടി) എന്ന സവിശേഷ ഗുണം മനസ്സിലാക്കുന്ന മനുഷ്യന്‍ തന്റെ സ്രഷ്ടാവിനെ തിരിച്ചറിയുന്നു.

‘ഒന്നും പടച്ചുണ്ടാക്കാത്തവരെയാണോ അവര്‍ അവനില്‍ പങ്കാളികളാക്കുന്നത്? അവര്‍ തന്നെയും അല്ലാഹുവാല്‍ സൃഷ്ടിക്കപ്പെട്ടവരാണ് ‘(അല്‍അഅ്‌റാഫ് 191).

സൃഷ്ടിച്ചവന്‍ തന്നെയാണ് ദൈവമാകുകയെന്നത് സര്‍വസമ്മതമായ വസ്തുതയാണ്. ഇത് കൃത്യമായി മനസ്സിലാക്കിയിട്ടാണ് നിരീശ്വരവാദികള്‍ ദൈവമില്ലെന്ന് ശക്തിയുക്തം വാദിക്കുന്നത്.

ഈ സൂക്തത്തില്‍ അല്ലാഹു മുഹമ്മദ് നബി(സ)യെ ആശ്വസിപ്പിക്കുന്നതായി കാണാം. മുന്‍ഗാമികളായ പ്രവാചകന്‍മാരെപ്പോലെ യാതൊരുവിധത്തിലുമുള്ള ഭൗതികമോഹമോ പ്രതിഫലകാംക്ഷയോ മുഹമ്മദ് നബിക്കും ഇല്ലെന്ന് ഇതിലൂടെ വ്യക്തമാക്കുകയാണിവിടെ. നബിയുടെ അടുക്കല്‍ വന്ന് ഉത്ബത്തുബ്‌നു റബീഅഃ ചോദിച്ചത് ചരിത്രത്തില്‍ ഇങ്ങനെ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു:’നിനക്ക് എന്തെങ്കിലും സാമ്പത്തികനേട്ടങ്ങളുണ്ടാക്കണമെന്നാണെങ്കില്‍ ഞങ്ങള്‍ നിന്നെ ഖുറൈശികളിലെ സഹസ്രകോടിശ്വരനാകുംവരെ സമ്പത്തുകൊണ്ട് മൂടാം. നിനക്ക് സ്ഥാനമാനങ്ങളും പ്രശസ്തിയുമാണ് ലക്ഷ്യമെങ്കില്‍ ഏവരും നീയുമായി കൂടിക്കാഴ്ച നടത്തണമെന്ന് നിഷ്‌കര്‍ഷിക്കുംവിധം ഉയര്‍ന്ന പദവി നല്‍കി ആദരിക്കാം. ചക്രവര്‍ത്തിപദമാണ് നീ ആഗ്രിഹിക്കുന്നതെങ്കില്‍ എല്ലാറ്റിന്റെയും ഉടമസ്ഥാവകാശം നിനക്ക് നല്‍കാം. ഇനി അതല്ല ഖുറൈശികളിലെ കുലീനയും സുന്ദരിയുമായ പെണ്‍കൊടിയെയാണ് നീ സ്വന്തമാക്കാനുദ്ദേശിക്കുന്നതെങ്കില്‍ ഒന്നല്ല, അങ്ങനെയുള്ള പത്തെണ്ണത്തെ നിനക്ക് ഞങ്ങള്‍ വിവാഹം ചെയ്തുതരുന്നതാണ്. ‘

ഈ പ്രലോഭനത്തിനും വാഗ്ദാനത്തിനും നബി നല്‍കിയ മറുപടി ഫുസ്സ്വിലത്ത് അധ്യായത്തില്‍ ആദ്യസൂക്തങ്ങളായിരുന്നു:

‘ഹാമീം. പരമകാരുണികനും ദയാപരനുമായ അല്ലാഹുവില്‍ നിന്ന് അവതീര്‍ണമായതാണിത്. വചനങ്ങളെല്ലാം വിശദമായി വിവരിക്കപ്പെട്ട വേദപുസ്തകം. അറബി ഭാഷയിലുള്ള ഖുര്‍ആന്‍. മനസ്സിലാക്കുന്ന ജനത്തിനുവേണ്ടിയാണിത്. ഇത് ശുഭവാര്‍ത്ത അറിയിക്കുന്നതാണ്. മുന്നറിയിപ്പു നല്‍കുന്നതും. എന്നിട്ടും ജനങ്ങളിലേറെ പേരും ഇതിനെ അവഗണിച്ചു. അവരിതു കേള്‍ക്കുന്നുപോലുമില്ല.'(ഹാമീം അസ്സജദ 1-4)

 

Related Post