ജീവിതത്തില്‍ പ്രതിഫലിക്കുമ്പോഴാണ് വിശ്വാസം പൂര്‍ണമാവുന്നത്

isalaM

        ജീവിതത്തില്‍ പ്രതിഫലിക്കുമ്പോഴാണ് വിശ്വാസം പൂര്‍ണമാവുന്നത്

ജീവിതത്തില്‍ പ്രതിഫലിക്കുമ്പോഴാണ് വിശ്വാസം പൂര്‍ണമാവുന്നത്

ഡോ. ആമിര്‍ ഹൗശാന്‍

വിശ്വാസപരമായ പ്രതിസന്ധിയാണ് ആധുനിക മുസ്‌ലിം ലോകം ഇന്ന് നേരിട്ട് കൊണ്ടിരിക്കുന്നത്. അല്ലാഹുവിന്റെ ഉണ്മയില്ലുള്ള വിശ്വാസത്തിന്റെ അഭാവമല്ല ഇവിടെ ഉദ്ദേശിക്കുന്നത്, അവന്റെ മലക്കുകളിലോ, പ്രവാചകരിലോ, ഗ്രന്ഥങ്ങളിലോ, വിധിവിലക്കുകളിലോ, അന്ത്യനാളിലോ ഉള്ള വിശ്വാസമില്ലായ്മയുമല്ല. മറിച്ച് അവയൊന്നും സ്വഭാവത്തിലോ, പെരുമാറ്റത്തിലോ നിത്യജീവിതത്തിലോ പ്രതിഫലിക്കാത്തതാണ്. മുസ്‌ലിം സമൂഹത്തില്‍ വ്യാപകമായി കാണുന്ന മോശം പെരുമാറ്റവും സ്വഭാവവും അവര്‍ക്കിടയില്‍ നിലനില്‍ക്കുന്ന വിശ്വാസത്തിലും ആദര്‍ശത്തിലും അല്ലാഹുവിന്റെയും അവന്റെ ദൂതന്റെയും അധ്യാപനങ്ങള്‍ ഉള്‍ക്കൊള്ളുന്നതിലുമുള്ള പ്രതിസന്ധിയെയാണ് കുറിക്കുന്നത്. പ്രത്യക്ഷത്തില്‍ പലര്‍ക്കും അത് നിത്യജീവിതത്തിലെ ഒരു പ്രതിസന്ധിയായി തോന്നുന്നില്ല എങ്കില്‍ പോലും ജീവിതത്തിലെ പ്രതിസന്ധി തന്നെയാണത്.

പണം സമ്പാദിക്കാനും, ഉപജീവനമാര്‍ഗം തേടുന്നതിനുമുള്ള നെട്ടോട്ടത്തിനിടയില്‍ പലപ്പോഴും ഹറാമെന്ന് വ്യക്തമായതോ സംശയിക്കുന്നതോ ആയ മാര്‍ഗങ്ങള്‍ സ്വീകരിക്കപ്പെടുന്നു. ഭൗതികതക്ക് പിന്നാലെ ആര്‍ത്തിയോടെ പായുന്നവരുടെ കൂട്ടത്തില്‍ മുസ്‌ലിംകളും ഉണ്ടെന്നതാണ് വസ്തുത. ഉപജീവന സ്രോതസ്സുകളിലെ സംശയകരമായ കാര്യങ്ങള്‍ പോയിട്ട് ഹറാമെന്ന് ഉറപ്പുള്ള കാര്യങ്ങളില്‍ നിന്നു പോലും വിട്ടുനില്‍ക്കുന്നില്ല. അവര്‍ക്കും അവരുടെ കുടുംബത്തിനും ജീവിക്കാനാവശ്യമായ വിഭവങ്ങള്‍ അല്ലാഹു നല്‍കുകയും ഹറാമില്‍ നിന്നും സംശയകരമായ കാര്യങ്ങളില്‍ നിന്നും വിട്ടുനില്‍ക്കാന്‍ കല്‍പിക്കുകയും ചെയ്തിരിക്കെയാണിത്.

ഇതുമായി ബന്ധപ്പെട്ട് വന്നിട്ടുള്ള മുഴുവന്‍ ആയത്തുകളും ഹദീസുകളും ഇവിടെ ഉദ്ധരിക്കുക സാധ്യമല്ല. എങ്കിലും വിശ്വാസവുമായി ബന്ധപ്പെട്ട ചിലതെങ്കിലും സൂചിപ്പിക്കേണ്ടതുണ്ട്.

‘ഭൂമിയിലെ എല്ലാ ജീവജാലങ്ങളുടെയും ആഹാരം അല്ലാഹുവിന്റെ ചുമതലയിലാണ്. അവ എവിടെക്കഴിയുന്നുവെന്നും, എവിടേക്കാണെത്തിച്ചേരുന്നതെന്നും അവനറിയുന്നു. എല്ലാം സുവ്യക്തമായ ഒരു ഗ്രന്ഥത്തിലുണ്ട് ‘(ഹൂദ്: 6)
‘ഞാന്‍ അവരില്‍നിന്ന് ഉപജീവനമൊന്നും കൊതിക്കുന്നില്ല. അവരെനിക്ക് തിന്നാന്‍ തരണമെന്നും ഞാനാഗ്രഹിക്കുന്നില്ല. പക്ഷേ അല്ലാഹുവാണ് അന്നദാതാവ്, തീര്‍ച്ച. അവന്‍ അതിശക്തനും കരുത്തനും തന്നെ.’ (അദ്ദാരിയാത്ത്:57,58)
‘അല്ലാഹുവാണ് നിങ്ങളെ സൃഷ്ടിച്ചത്. എന്നിട്ടവന്‍ നിങ്ങള്‍ക്ക് അന്നം തന്നു. പിന്നെ നിങ്ങളെ അവന്‍ മരിപ്പിക്കുന്നു. അതിനുശേഷം വീണ്ടും ജീവിപ്പിക്കും. ഇവയിലേതെങ്കിലും ഒരുകാര്യം ചെയ്യുന്ന ആരെങ്കിലും നിങ്ങള്‍ സങ്കല്‍പിച്ചുവെച്ച പങ്കാളികളിലുണ്ടോ? അവര്‍ സങ്കല്‍പിച്ചുണ്ടാക്കിയ പങ്കാളികളില്‍നിന്നെല്ലാം എത്രയോ പരിശുദ്ധനും അത്യുന്നതനുമാണ് അവന്‍.’ (അര്‍റൂം: 40)

ജാബിര്‍ ബിന്‍ അബ്ദുല്ലയില്‍ നിന്ന് നിവേദനം: ‘ജനങ്ങളെ നിങ്ങള്‍ അല്ലാഹുവെ ഭയപ്പെടുകയുക, അവനോട് നന്നായി തേടുകയും ചെയ്യുക. ഒരാത്മാവും അതിന് നിശ്ചയിച്ചിട്ടുള്ള വിഭവങ്ങള്‍ (രിസ്ഖ്) പൂര്‍ത്തീകരിച്ചിട്ടല്ലാതെ മരണപ്പെടുകയില്ല, അത് പതുക്കെയാണെങ്കിലും. അതില്‍ നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക, തേട്ടം നന്നാക്കുകയും ചെയ്യുക. നിങ്ങള്‍ക്കവന്‍ അനുവദിച്ചവ സ്വീകരിക്കുകയും വിലക്കിയവ ഉപേക്ഷിക്കുകയും ചെയ്യുക. (ഇബ്‌നു മാജ)

വിഭവങ്ങള്‍ നല്‍കുന്നത് അല്ലാഹുവാണെന്നത് മുസ്‌ലിംകളുടെ വിശ്വാസത്തിന്റെ ഭാഗമാണ്. ഓരോരുത്തര്‍ക്കും നിശ്ചയിക്കപ്പെട്ടിട്ടുള്ള വിഭവങ്ങള്‍ പൂര്‍ത്തീകരിച്ചിട്ടല്ലാതെ അവര്‍ മരണപ്പെടുകയില്ല. എല്ലാവരും അംഗീകരിക്കുന്ന കാര്യമാണ് ഇതെങ്കിലും പ്രായോഗിക ജീവിതത്തിലോ സ്വഭാവത്തിലോ ഈ വിശ്വാസം പ്രതിഫലിക്കുന്നതില്ലെന്നതാണ് സത്യം. ജീവിതത്തിന്റെ പല തുറകളിലും വിശ്വാസം പ്രകടമായി കാണുന്നില്ല. സാമ്പത്തിക ഇടപാടുകള്‍ നടക്കുന്ന അങ്ങാടിയിലേക്കൊന്ന് ഇറങ്ങിനോക്കിയാല്‍ തന്നെ ബോധ്യമാവുന്ന കാര്യമാണത്. അവിടെ ജനങ്ങള്‍ വിഭവങ്ങള്‍ ശേഖരിക്കുന്നതില്‍ കാണിക്കുന്ന ആര്‍ത്തിയും ചതിയും വഞ്ചനയും കൊള്ളയും അഴിമതിയും എല്ലാം അവിടെ കാണാം.

വിശ്വാസ പ്രതിസന്ധിയില്‍ പ്രധാനമാണ് വിഭവങ്ങള്‍ നേടിയെടുക്കാനുള്ള മത്സരത്തില്‍ ഹറാമായ സ്രോതസ്സുകള്‍ പോലും അതിനായി സ്വീകരിക്കുന്നു എന്നുള്ളത്. അവരില്‍ നിന്നും നിരന്തരം ആളുകളെ മരണം പിടികൂടുന്നുണ്ടെങ്കിലും, അതിനെക്കുറിച്ച് അവര്‍ അശ്രദ്ധരാണ്. വിശ്വാസം സൈദ്ധാന്തിക തലത്തില്‍ നിന്നും പ്രായോഗിക തലത്തിലേക്ക് എത്തുന്നതില്‍ പരാജയപ്പെടുകയാണ്. മാതാപിതാക്കളിലാരെങ്കിലും മരിച്ചാല്‍ അനന്തരാവകാശത്തെ ചൊല്ലി മക്കള്‍ക്കിടയിലുണ്ടാകുന്ന തര്‍ക്കത്തിന്റെയും പെരുമാറ്റത്തിന്റെയും കഥകള്‍ ഇവിടെ കാണാവുന്നതാണ്. സഹോദരങ്ങള്‍ക്ക് അവകാശപ്പെട്ടത് കൂടി കൈക്കലാക്കാന്‍ ചിലര്‍ ശ്രമിക്കുന്നു. ലജ്ജാകരമായ രീതിയില്‍ പെണ്‍മക്കള്‍ക്കുള്ള അനന്തരാവകകാശം നിഷേധിക്കുന്നു. ദീനിന്റെ പേരില്‍ അഭിമാനം കൊള്ളുന്നവര്‍ ആശ്ചര്യത്തോടെ ചോദിക്കുകയാണ്: ഇക്കൂട്ടര്‍ അല്ലാഹുവിന്റെ കല്‍പനകളിലും, അവന്റെ ഗ്രന്ഥത്തിലും, പ്രവാചകചര്യയിലും, മരണത്തിലും വിചാരണയിലൊന്നും വിശ്വസിക്കുന്നില്ലേ?

ഈമാന്‍ എന്നത് മനസ്സു കൊണ്ട് സത്യപ്പെടുത്തലും നാവുകൊണ്ടത് ഉച്ചരിക്കലും അവയവങ്ങള്‍ കൊണ്ടത് പ്രായോഗികമായി നടപ്പാക്കലുമാണെന്നും അത് ഏറുകയും കുറയുകയും ചെയ്യുമെന്നുള്ള അഹ്‌ലുസ്സുന്ന വല്‍ജമാഅത്തിന്റെ അഭിപ്രായത്തെയാണ് നിലവിലെ അവസ്ഥ ബലപ്പെടുത്തുന്നത്. ഖുര്‍ആന്‍ പാരായണം ചെയ്യുകയും അല്ലാഹുവിനെ സ്മരിക്കുകയും ആരാധനാ കര്‍മങ്ങള്‍ അനുഷ്ഠിക്കുകയും ചെയ്യുമ്പോള്‍ വിശ്വാസം വര്‍ധിക്കുന്നു. വര്‍ധനവിന് വിധേയമാകുന്ന ഒരു കാര്യം കുറച്ചിലുകള്‍ക്കും വിധേയമാകുമെന്നുള്ളത് പ്രത്യേകം പറയേണ്ടതില്ല. അല്ലാഹു പറയുന്നു: ”അല്ലാഹുവിന്റെ പേര്‍ കേള്‍ക്കുമ്പോള്‍ ഹൃദയം ഭയചകിതമാകുന്നവര്‍ മാത്രമാണ് യഥാര്‍ഥ വിശ്വാസികള്‍. അവന്റെ വചനങ്ങള്‍ വായിച്ചുകേട്ടാല്‍ അവരുടെ വിശ്വാസം വര്‍ധിക്കും. അവര്‍ എല്ലാം തങ്ങളുടെ നാഥനില്‍ സമര്‍പ്പിക്കും.” ( അന്‍ഫാല്‍:2)
‘ഏതെങ്കിലും ഒരധ്യായം അവതീര്‍ണമായാല്‍ അവരില്‍ ചിലര്‍ പരിഹാസത്തോടെ ചോദിക്കും: ”നിങ്ങളില്‍ ആര്‍ക്കാണ് ഇതുവഴി വിശ്വാസം വര്‍ധിച്ചത്?” എന്നാല്‍ അറിയുക: തീര്‍ച്ചയായും അത് സത്യവിശ്വാസികളുടെ വിശ്വാസം വര്‍ധിപ്പിച്ചിരിക്കുന്നു. അവരതില്‍ സന്തോഷിക്കുന്നവരുമാണ്.” (അത്തൗബ: 124) വിശ്വാസത്തില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാവുമെന്നാണ് ഈ സൂക്തങ്ങള്‍ വ്യക്തമാക്കുന്നത്.

”വ്യഭിചാരി വിശാസിയായിക്കൊണ്ട് വ്യഭിചരിക്കുകയില്ല. മോഷ്ടാവ് വിശ്വാസിയായിക്കൊണ്ട് മോഷ്ടിക്കുകയില്ല. മദ്യപാനി വിശ്വാസിയായിക്കൊണ്ട് മദ്യപിക്കുകയില്ല. ജനങ്ങളുടെ ദൃഷ്ടിയില്‍ വെച്ച് കവര്‍ച്ച നടത്തുന്ന വ്യക്തി വിശ്വാസിയായിക്കൊണ്ട് ആ കവര്‍ച്ച നടത്തുകയില്ല. നിങ്ങളിലൊരാള്‍ വഞ്ചന കാണിക്കുന്നുവെങ്കില്‍ വിശ്വാസിയായിക്കൊണ്ട് വഞ്ചന കാണിക്കുകയില്ല. നിങ്ങള്‍ നിങ്ങളുടെ കാര്യത്തില്‍ ജാഗ്രതയുള്ളവരാവുക. സൂക്ഷ്മതയുള്ളവരാവുക.” (ബുഖാരി, മുസ്‌ലിം) തെറ്റുകുറ്റങ്ങളിലേര്‍പ്പെടുമ്പോല്‍ വിശ്വാസത്തിന് കുറവനുഭവപ്പെടുമെന്നാണ് ഇത് വ്യക്തമാക്കുന്നത്. ഇത്തരം തെറ്റുകള്‍ ചെയ്യുന്ന ഒരാളുടെ വിശ്വാസം പൂര്‍ണമായിരിക്കില്ലെന്നാണ് പ്രവാചകന്‍(സ) ഇതിലൂടെ പഠിപ്പിക്കുന്നു.

വിശ്വാസപരമായ ഈ പ്രതിസന്ധി തരണം ചെയ്യാന്‍ ഹൃദയത്തില്‍ ഈമാന്‍ ഊട്ടിയുറപ്പിക്കുകയാണ് പരിഹാരമെന്ന് പണ്ഡിതരും അധ്യാപകരും പരിഷ്‌കര്‍ത്താക്കളും അഭിപ്രായപ്പെടുന്നു. അതോടൊപ്പം ഹൃദയത്തില്‍ വിശ്വാസമുറപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. വിശ്വാസത്തിനേല്‍ക്കുന്ന തളര്‍ച്ചയുടെ അടയാളങ്ങള്‍ പല മുസ്‌ലിംകളുടെയും സ്വഭാവത്തില്‍ നമുക്ക് കാണാം. അത്തരം തളര്‍ച്ചകളില്‍ നിന്ന് രക്ഷപ്പെടാനും സാധിക്കേണ്ടതുണ്ട്. മനസ്സില്‍ ഉണ്ടാവുന്നത് കൊണ്ട് പൂര്‍ണമാവുന്ന ഒന്നല്ല ഈമാന്‍, മറിച്ച് വാക്കിലും പ്രവൃത്തിയിലും പെരുമാറ്റത്തിലുമെല്ലാം അത് പ്രതിഫലിക്കേണ്ടതുണ്ട്.

Related Post