മുഹമ്മദ്‌നബിയുടെ ബഹുമുഖ വ്യക്തിത്വത്തെ പൂര്‍ണമായ രൂപത്തില്‍ വിലയിരുത്തുക വളരെ പ്രയാസമാണ്. കാരണം, മനുഷ്യചരിത്രത്തില്‍ തുല്യതയില്ലാത്ത വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു മുഹമ്മദ് നബി. മനുഷ്യമഹത്വത്തിന്റെ അത്യുന്നതിയില്‍ നിലകൊള്ളുന്ന ആ വ്യക്തിത്വത്തിന്റെ വളരെ ചെറിയ വശങ്ങള്‍ മാത്രമേ ഇവിടെ സൂചിപ്പിക്കുന്നുള്ളൂ.
ദൈവത്തിന്റെ അന്ത്യപ്രവാചകന്‍ മാതൃകായോഗ്യനായ പ്രബോധകനും വിശ്വാസികളുടെ ആദരണീയനായ നേതാവുമായിരുന്നു. ഉത്തമനായ ഭരണാധികാരിയും സൈന്യാധിപനും രാഷ്ട്രതന്ത്രജ്ഞനുമായിരുന്നു അദ്ദേഹം. ഉന്നതനായ തത്വജ്ഞാനിയും നിയമജ്ഞനും ന്യായാധിപനുമായിരുന്നു. വിശ്വസ്തനായ കച്ചവടക്കാരനായിരുന്നു.
സ്‌നേഹവത്സലനായ കുടുംബനാഥനും പിതാവുമായിരുന്നു. ജനഹൃദയങ്ങളെ സ്വാധീനിക്കാന്‍ കഴിവുള്ള പ്രഭാഷകനും സാമൂഹ്യപരിഷ്‌കര്‍ത്താവുമായിരുന്നു. അനാഥ സംരക്ഷകനും അടിമ വിമോചകനുമായിരുന്നു. ”മറ്റെല്ലാ പ്രവാചകന്മാരിലും മതനേതാക്കളിലും വച്ച് ഏറ്റവും വിജയശ്രീലാളിതനായ പ്രവാചകന്‍ മുഹമ്മദ് നബിയായിരുന്നു.” (എന്‍സൈക്ലോപീഡിയ ബ്രിട്ടാനിക്ക).
ധാര്‍മിക – സദാചാര മൂല്യങ്ങളുടെ ഉദാത്ത സത്യങ്ങള്‍ അദ്ദേഹം മനുഷ്യരാശിയോടു പ്രഖ്യാപിച്ചു. എണ്ണത്തിലും ആയുധശക്തിയിലും എത്രയോ കൂടുതലായ ശത്രുക്കള്‍ക്കെതിരെ തന്റെ ജനതയെ സംഘടിപ്പിക്കാനും ധാര്‍മികതയുടെ പിന്‍ബലത്താല്‍ വിജയികളാക്കുവാനും അദ്ദേഹത്തിനു കഴിഞ്ഞു.
പ്രവാചകന്റെ സ്വകാര്യജീവിതം ലളിതപൂര്‍ണമായിരുന്നു. സാധാരണക്കാരുടെ വസ്ത്രം ധരിച്ചു. ഈത്തപ്പനയുടെ ഓലകൊണ്ട് പണിത പായയില്‍ കിടന്നുറങ്ങി. ചെരുപ്പുകള്‍ സ്വയം തുന്നി. അടുക്കളയില്‍ സഹധര്‍മിണിയെ സഹായിച്ചു. വെള്ളം കോരി, പാല്‍ കറന്നു, പാചകം ചെയ്യാന്‍ തീകത്തിച്ചു. മദീനാ പട്ടണം സമൃദ്ധിയുടെ വിളനിലമായിരുന്നിട്ടും മാസങ്ങളോളം വെള്ളവും ഈത്തപ്പഴവും മാത്രം കഴിച്ച് അടുപ്പില്‍ തീകൂട്ടാതെ അദ്ദേഹത്തിന്റെ കുടുംബം കഴിഞ്ഞുകൂടി. മരണസമയത്ത് ധരിച്ചിരുന്ന വസ്ത്രം കീറിയതും തുന്നിച്ചേര്‍ത്തതുമായിരുന്നു.
രാത്രികാലങ്ങളില്‍ നബി ദീര്‍ഘനേരം പ്രാര്‍ഥനയില്‍ മുഴുകി. പകലുകളില്‍ തന്റെ ദൗത്യനിര്‍വഹണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു. ചരിത്രപ്രസിദ്ധമായ മക്കാ വിജയത്തെ ത്തുടര്‍ന്ന് പത്തുലക്ഷം ചതുരശ്ര നാഴികയിലധികം വരുന്ന ഭൂവിഭാഗത്തിന്റെ ഭരണാധികാരിയായി മാറിയിട്ടും അദ്ദേഹത്തിന്റെ ജീവിതം ലോകത്ത് ഏത് മനുഷ്യനും മാതൃകയാക്കാവുന്നത്ര ലളിതവും പ്രായോഗികവുമായിരുന്നു.
രാഷ്ട്രത്തലവന്‍ എന്ന നിലയില്‍ അംഗരക്ഷകനോ കാലാള്‍പ്പടയോ കൊട്ടാരമോ നിശ്ചിതവേതനമോ ഇല്ലാത്ത ഭരണാധികാരിയായിരുന്നു മുഹമ്മദ് നബി(സ). അല്ലാഹുവിന്റെ വിധിവിലക്കുകളുടെ സമാഹാരമായ ഖുര്‍ആന്റെ ചലിക്കുന്ന പ്രായോഗിക രൂപമായിരുന്നു അദ്ദേഹം. മനുഷ്യജീവിതത്തിന്റെ മുഴുവന്‍ മേഖലകളിലും ദൈവകല്‍പനകള്‍ പ്രാവര്‍ത്തികമാക്കുക സുസാധ്യമാണെന്ന് അദ്ദേഹം കാണിച്ചുതന്നു.
സമാധാന ജീവിതം അസാധ്യമായ ഘട്ടത്തിലായിരുന്നു സത്യവിശ്വാസികള്‍ ആത്മരക്ഷാര്‍ഥം യുദ്ധം ചെയ്യാന്‍ നിര്‍ബന്ധിതരായത്. യുദ്ധക്കളത്തില്‍പോലും അദ്ദേഹം തന്റെ അനുയായികളെ പ്രാര്‍ഥിക്കുവാന്‍ പഠിപ്പിച്ചു. പരിശീലിപ്പിച്ചു. യുദ്ധക്കളത്തില്‍ പോരാടുമ്പോള്‍ അല്ലാഹുവിന്റെ വിധിവിലക്കുകള്‍ എങ്ങനെയെല്ലാം പാലിക്കണമെന്ന് ബോധ്യപ്പെടുത്തി.
സമൂഹത്തില്‍ സ്ത്രീകള്‍ക്കു മാന്യമായ പദവി നല്‍കി. സ്ത്രീകള്‍ പീഡനം അനുഭവിക്കാന്‍ സാധ്യതയുള്ള എല്ലാ പഴുതുകളും അടച്ചു. ”സ്ത്രീകള്‍ മനുഷ്യസമൂഹത്തിന്റെ അര്‍ദ്ധാംശമാണ്. സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതുണ്ട്. സ്ത്രീകള്‍ക്ക് അവരുടെ അവകാശങ്ങള്‍ ലഭ്യമാകുന്നു എന്നു നിങ്ങള്‍ ഉറപ്പുവരുത്തുക.” നബി പറഞ്ഞു.
മക്കാവിജയത്തെത്തുടര്‍ന്നു ബിലാലിനോട് കഅ്ബയുടെ മുകളില്‍ കയറി ബാങ്കുവിളിക്കുവാന്‍ പ്രവാചകന്‍ പറഞ്ഞ സന്ദര്‍ഭം മനുഷ്യസമത്വത്തിന്റെ ഉദാത്ത മാതൃകയായിരുന്നു. കറുത്തവനും വെളുത്തവനും നീഗ്രോയും അടിമയും ലോകത്തിന്റെ ഏതുഭാഗത്തു താമസിക്കുന്നവരായാലും അവരൊക്കെ ദൈവത്തിന്റെ ഭൂമിയില്‍ സമന്മാരാണെന്ന് പ്രഖ്യാപിക്കുന്ന ഇത്തരം നിരവധി സംഭവങ്ങള്‍ ആ ധന്യജീവിതത്തിലുടനീളം കാണാവുന്നതാണ്.