ഏതൊരു ബന്ധത്തെയും പോലെ വിവാഹവും പരിപൂര്‍ണ്ണമല്ല. ദൃഢമായ വിവാഹബന്ധങ്ങള്‍ പോലും കാലിടറി വീഴാറുണ്ട്. കഠിനാധ്വാനവും പ്രതിബന്ധതയും പരസ്പരമുള്ള ബന്ധത്തെക്കുറിച്ച നിരന്തരമായ പുനപരിശോധനയുമാണ് വിജയകരമായ വൈവാഹിക ജീവിതത്തിന്റെ അടിസ്ഥാന ഘടകങ്ങള്‍. കേള്‍ക്കുമ്പോള്‍ എളുപ്പമെന്ന് തോന്നുമെങ്കിലും യഥാര്‍ത്ഥത്തില്‍ അത് പ്രാവര്‍ത്തികമാക്കുക എന്നത് പ്രയാസകരം തന്നെയാണ്.
വൈവാഹിക ജീവിതവുമായി ബന്ധപ്പെട്ട് ഉപദേശ നിര്‍ദേശങ്ങള്‍ നല്‍കുന്ന വിദഗ്ധരായ ചില ആളുകളോട് ദമ്പതികള്‍ അഭിമുഖീകരിക്കുന്ന പ്രധാനപ്പെട്ട പ്രശ്‌നങ്ങളെന്താണെന്ന് ഞാന്‍ ചോദിക്കുകയുണ്ടായി. തീര്‍ച്ചയായും വിശ്വാസവഞ്ചനയും ലഹരിപദാര്‍ത്ഥങ്ങളുടെ ഉപയോഗവും പ്രധാനപ്പെട്ട പ്രശ്‌നങ്ങള്‍ തന്നെയാണ്. എന്നാല്‍ മറ്റു ചില പ്രശ്‌നങ്ങള്‍ നമുക്കൊരുപക്ഷെ അത്ഭുതകരമായി തോന്നിയേക്കാം.
1) ഞാന്‍ നിന്നെ ഇഷ്ടപ്പെടുന്നു, അതുകൊണ്ട് നീ മാറുക
മിക്ക ദമ്പതികളും അഭിമുഖീകരിക്കുന്ന പ്രധാനപ്പെട്ട പ്രശ്‌നങ്ങളിലൊന്നാണിത്. തങ്ങളിഷ്ടപ്പെടുന്ന വിധം ജീവിതത്തിലും സ്വഭാവത്തിലും മാറ്റം വരുത്താന്‍ ഇണകള്‍ പരസ്പരം ശ്രമിക്കാറുണ്ട്. വിവാഹജീവിതത്തിന്റെ തുടക്കത്തില്‍ ആകര്‍ഷണീയമായിരുന്ന ഗുണവിശേഷങ്ങള്‍ പിന്നീട് പരസ്പരമുള്ള വിദ്വേഷത്തിനും വെറുപ്പിനുമുള്ള കാരണമായിത്തീരാറുണ്ട്. ജീവിതത്തില്‍ വൃത്തി പാലിക്കാത്ത ഒരാളെ നിങ്ങള്‍ വിവാഹം ചെയ്താല്‍ നിങ്ങളാഗ്രഹിക്കുന്ന പക്ഷം വളരെ പെട്ടെന്ന് തന്നെ അയാള്‍ക്ക് വൃത്തിയും ജീവിതക്രമവും പാലിക്കുന്ന ഒരാളായിത്തീരാന്‍ കഴിയില്ല. നിങ്ങളെ മാത്രമേ നിങ്ങള്‍ക്ക് മാറ്റാന്‍ കഴിയൂ. നിങ്ങളുടെ പ്രതികരണത്തില്‍ മാറ്റം വരുത്തുക എന്നതാണ് നിങ്ങള്‍ക്ക് ചെയ്യാന്‍ പറ്റുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യം.
2) സംസാരമല്ല ആശയവിനിമയം
ദമ്പതികള്‍ കരുതുന്നത് സംസാരമാണ് ആശയവിനിമയമെന്നാണ്. എപ്പോഴവര്‍ സംസാരിക്കുമ്പോഴും അവര്‍ കരുതുന്നത് തങ്ങള്‍ ആശയവിനിമയം നടത്തുകയാണ് എന്നാണ്. പൊതുവായി കണ്ടുവരുന്ന വിവാഹജീവിതത്തിന് ഭീഷണിയായ തെറ്റിദ്ധാരണയാണിത്. നമ്മുടെ പരാതികളും വിമര്‍ശനങ്ങളും പരസ്പരം പങ്കുവെക്കലല്ല ആശയവിനിമയം എന്നുപറയുന്നത്. അവധാനതയോടെ നിങ്ങളുടെ വികാരങ്ങളെ പ്രകടിപ്പിക്കാന്‍ കഴിയേണ്ടതുണ്ട്. അത് നിങ്ങളുടെ വൈവാഹിക ജീവിതത്തെ സംരക്ഷിക്കുമെന്നത് തീര്‍ച്ചയാണ്. നമ്മുടെ പങ്കാളികള്‍ പറയുന്നത് കേള്‍ക്കുകയും അവരുടെ കണ്ണിലൂടെ ലോകത്തെ കാണാന്‍ തയ്യാറാവലുമാണ് ഫലപ്രദമായ ആശയവിനിമയം എന്നുപറയുന്നത്. പങ്കാളികളോട് സംസാരിക്കുന്നത് പോലെ അവരെ കേള്‍ക്കാനും തയ്യാറായാല്‍ പരസ്പരമുള്ള ബന്ധം ശക്തിപ്പെടുക തന്നെ ചെയ്യും.
3) സമയക്രമീകരണം
ആധുനിക ജീവിതരീതി വളരെ ക്ലേശകരം തന്നെയാണ്. സമയം എന്നത് വളരെ പ്രധാനമാണ്. മിക്ക ദമ്പതികളും സമയത്തെ ഫലപ്രദമായി ഉപയോഗപ്പെടുത്താറില്ല. പരസ്പരമുള്ള ബന്ധത്തെ ശക്തിപ്പെടുത്തുന്നതൊഴിച്ച് ബാക്കിയെല്ലാ കാര്യങ്ങള്‍ക്കും അവര്‍ സമയം ചെലവഴിക്കാറുണ്ട്. ദിവസേന അഞ്ച് മിനുട്ടാണെങ്കിലും ആ ചുരുങ്ങിയ സമയം പരസ്പരമുള്ള ബന്ധം ശക്തിപ്പെടുത്താന്‍ വേണ്ടി ഉപയോഗപ്പെടുത്തേണ്ടതുണ്ട്. വൈവാഹിക ജീവിതത്തെ സംബന്ധിച്ചിടത്തോളം അത്യന്താപേക്ഷികമാണത്. സത്യസന്ധമായി തങ്ങളുടെ ബന്ധത്തെ പുന:പ്പരിശോധിക്കാന്‍ ദമ്പതികള്‍ തയ്യാറാവുകയും ചെയ്യേണ്ടതുണ്ട്.
4) ബന്ധത്തിലെ ഗാഢത
പ്രമുഖ മനശാസ്ത്ര ചികിത്സകയും എഴുത്തുകാരിയുമായി നാദിറ അന്‍ഗെയ്ല്‍ (nadirahangail.com) പറയുന്നത് പരസ്പരമുള്ള അടുപ്പത്തിലെ കുറവാണ് മുസ്‌ലിം വിവാഹബന്ധങ്ങളിലെ പ്രധാന പ്രശ്‌നമെന്നാണ്. അവര്‍ പറയുന്നു: ‘ദമ്പതികള്‍ക്കിടയിലുള്ള അടുപ്പത്തിലെ ഒരു ചെറിയ ഘടകം മാത്രമാണ് ലൈംഗിക ബന്ധം’. എല്ലാ നിലക്കും പരസ്പരമുള്ള ബന്ധം ശക്തിപ്പെടുത്തുകയാണ് ദമ്പതികള്‍ ചെയ്യേണ്ടത്. ആത്മീയവും മാനസികവും ശാരീരികവും വൈകാരികവുമായ ബന്ധങ്ങള്‍ അതിലുള്‍പ്പെടും. പരസ്പരമുള്ള അടുപ്പം നിലനിര്‍ത്താന്‍ ദമ്പതികള്‍ ഏറെ പ്രയാസപ്പെടാറുണ്ട്. ഈ അടുപ്പം എന്നത് ദമ്പതികള്‍ ഒരു ലക്ഷ്യമായി സ്വീകരിക്കേണ്ട ഒന്നല്ല. മറിച്ച് വിവാഹജീവിതത്തിലുടനീളം തുടരുന്ന ഒരു യാത്രയാണത്.
5) തങ്ങളെ ശ്രദ്ധിക്കുന്നില്ലെന്ന തോന്നല്‍
സന്താനങ്ങളുണ്ടാകുമ്പോള്‍ ഭാര്യയുടെ ശ്രദ്ധ മാറുന്നു എന്നതാണ് മിക്ക പുരുഷന്‍മാരും നേരിടുന്ന പ്രശ്‌നം. തങ്ങളെ ഭാര്യമാര്‍ പരിഗണിക്കുന്നില്ല എന്ന തോന്നല്‍ ഭര്‍ത്താക്കന്‍മാര്‍ക്കുണ്ടാകുമ്പോള്‍ സ്വാഭാവികമായും ദമ്പതികള്‍ക്കിടയിലുള്ള അടുപ്പം കുറയുന്നു. അതുപോലെ ടെക്‌നോളജിയുടെ അമിതമായ ഉപയോഗവും ദാമ്പത്യജീവിതത്തെ ദുര്‍ബലപ്പെടുത്താറുണ്ട്. ഭക്ഷണം കഴിക്കുന്ന സന്ദര്‍ഭങ്ങളിലും വൈകുന്നേരങ്ങളിലുമെല്ലാമുള്ള അമിതമായ ഫോണ്‍, ഇന്‍ര്‍നെറ്റ് ഉപയോഗങ്ങള്‍ ദമ്പതികള്‍ തമ്മിലുള്ള അടുപ്പത്തെയാണ് ബാധിക്കുക. അതിന്റെ ഫലമായി ദമ്പതികള്‍ തമ്മിലുള്ള പരസ്പര ശ്രദ്ധ മാറുകയാണ് ചെയ്യുന്നത്.
6) പണം, പണം, പണം
പണം ഒരു പ്രധാനപ്പെട്ട പ്രശ്‌നമാണ്. വിശ്വാസ വഞ്ചന പോലെയുള്ള പ്രശ്‌നങ്ങള്‍ ഒരുപക്ഷേ പരിഹരിക്കാന്‍ സാധിച്ചേക്കാം. എന്നാല്‍ സാമ്പത്തികവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ വൈവാഹിക ജീവിതത്തിലുടനീളം അപരിഹാര്യമായി തുടരുകയാണ് ചെയ്യുക. നാദിറ പറയുന്നത് മുസ്‌ലിം വീടകങ്ങളിലെ പൊതുവായ പ്രശ്‌നമാണിതെന്നാണ്. സ്ഥിരമായി വരുമാനമില്ലാത്തവര്‍ തങ്ങളുടെ ഭാര്യമാരെ നിയന്ത്രിക്കുകയാണ് ചെയ്യുക. രണ്ടുപേര്‍ക്കും വരുമാനമുള്ള വീടുകളിലാണെങ്കില്‍ തങ്ങളുടെ സമ്പാദ്യത്തെച്ചൊല്ലി ദമ്പതികള്‍ക്കിടയില്‍ വെറുപ്പ് വര്‍ധിക്കുകയും ചെയ്‌തേക്കാം. പരസ്പരമുള്ള അനാരോഗ്യകരമായ മത്സരത്തിനാണ് അതിടയാക്കുക.
7) മാപ്പ് നല്‍കല്‍
സ്‌നേഹം നിലനില്‍ക്കുന്ന ബന്ധങ്ങളില്‍ പരസ്പരം പൊറുത്തുകൊടുക്കുക എന്നത് എളുപ്പമാണ്. എന്നാല്‍ മിക്ക വിവാഹബന്ധങ്ങളിലും അതല്ല സംഭവിക്കുന്നത്. ചെറുതും വലുതുമായ കാര്യങ്ങള്‍ക്ക് പരസ്പരം പൊറുത്തുകൊടുക്കാന്‍ ദമ്പതികള്‍ക്ക് സാധിച്ചില്ലെങ്കില്‍ അതവരുടെ ബന്ധത്തെ നെഗറ്റീവായാണ് ബാധിക്കുക. ദമ്പതികള്‍ തമ്മില്‍ പരസ്പരം പൊറുത്തുകൊടുക്കാന്‍ സാധിക്കാത്തതാണ് വൈവാഹിക ജീവിതത്തിലെ ഒട്ടുമിക്ക പ്രശ്‌നങ്ങളുടെയും കാരണം. അതേസമയം വൈവാഹിക ജീവിതത്തില്‍ മാപ്പ് കൊടുക്കുക എന്നത് നിരുപാധികമായിരിക്കണം.
8) അഭിനന്ദനത്തിന്റെ അഭാവം
ദമ്പതികള്‍ക്ക് പരസ്പരം അഭിനന്ദിക്കാന്‍ കഴിയാത്ത പക്ഷം അവിടെ സംഘര്‍ഷമാണ് നിലനില്‍ക്കുക. പരസ്പരമുള്ള വിശ്വാസം നഷ്ടപ്പെടുന്നതിലേക്കാണ് അത് നയിക്കുക. പരസ്പരമുള്ള അംഗീകാരം നിലനിര്‍ത്താന്‍ കഴിയുകയാണെങ്കില്‍ പിന്നെ ഒരിക്കലും ദമ്പതികള്‍ക്കിടയില്‍ സംഘര്‍ഷമുണ്ടാവുകയില്ല.
9) വൈകാരികമായ പ്രശ്‌നങ്ങള്‍
ദക്ഷിണാഫ്രിക്കയിലെ ദമ്പതിമാര്‍ക്കുള്ള ഒരു കൗണ്‍സിലിംഗ് കേന്ദ്രമായ Islamic Care Line ടെക്‌നോളജിയുടെ വികാസത്തോടെ ദമ്പതികള്‍ക്കിടയില്‍ വൈകാരികമായ പ്രശ്‌നങ്ങള്‍ അധികരിച്ചിട്ടുണ്ട് എന്ന് കണ്ടെത്തിയിട്ടുണ്ട്. സ്വന്തം പങ്കാളിക്ക് പകരം മറ്റുപലരുമായാണ് സ്ത്രീകളും പുരുഷന്‍മാരും തങ്ങളുടെ വൈകാരിക അടുപ്പം കാത്തുസൂക്ഷിക്കുന്നത്. അവിഹിതമായ ഇത്തരം ബന്ധങ്ങള്‍ക്ക് ശേഷം പരസ്പരമുള്ള വിശ്വാസം തിരിച്ചുപിടിക്കുക എന്നത് ദമ്പതികളെ സംബന്ധിച്ചിടത്തോളം വളരെ പ്രയാസകരമാണ്. പങ്കാളികള്‍ തങ്ങളുടെ വൈകാരിക പ്രശ്‌നങ്ങള്‍ പരസ്പരം പങ്കുവെക്കാന്‍ തയ്യാറായാല്‍ മാത്രമേ ഈ പ്രതിസന്ധിയെ മറികടക്കാന്‍ സാധിക്കുകയുള്ളൂ.
10) അധികാര തര്‍ക്കങ്ങള്‍
Islamic Care Line ലെ ഒരു സാമൂഹ്യപ്രവര്‍ത്തകനായ അനീസ മൂസ (Anisa Moosa) ഇതൊരു ഗുരുതരമായ പ്രശ്‌നമായാണ് മനസ്സിലാക്കുന്നത്. കാരണം ദമ്പതികള്‍ക്കിടയില്‍ ആത്മീയവും ശാരീരികവുമായ അപ്രമാദിത്യത്തിന് വേണ്ടിയുള്ള ശ്രമങ്ങള്‍ ഉണ്ടാകുമ്പോള്‍ ഗുരുതരമായ പ്രത്യാഘാതങ്ങളാണ് അത് വൈവാഹിക ജീവിതത്തിലുണ്ടാക്കുക. പരസ്പരം സ്‌നേഹബന്ധം നിലനിര്‍ത്തുന്നതിന് പകരം തന്റെ ഇണക്ക് മേല്‍ വിജയം സ്ഥാപിക്കാനും താനാണ് ശരി എന്നു തെളിയിക്കാനുമുള്ള നമ്മുടെ ശ്രമങ്ങള്‍ ആത്യന്തികമായ പരാജയത്തിലേക്കാണ് നയിക്കുക. വൈവാഹികബന്ധങ്ങള്‍ സങ്കീര്‍ണ്ണവും ദമ്പതികളുടെ ജീവിതസാഹചര്യങ്ങള്‍ സവിശേഷവുമാണെന്ന് നാം മനസ്സിലാക്കേണ്ടതുണ്ട്.
പൊതുവായി കണ്ടുവരുന്ന ഇത്തരം പ്രശ്‌നങ്ങളെ കണ്ടെത്തുകയും അവക്ക് പരിഹാരം കാണുകയും ചെയ്യേണ്ടതുണ്ട്. തീര്‍ച്ചയായും നമ്മുടെ വൈവാഹിക ബന്ധത്തെ നാം ശക്തിപ്പടുത്തുകയും ഒരു ജീവിതപങ്കാളിയെ സമ്മാനിച്ചതിന് അല്ലാഹുവോട് കൃത്യജ്ഞത രേഖപ്പെടുത്തുകയും ചെയ്യേണ്ടതുണ്ട്.
വിവ: സഅദ് സല്‍മി