കേരളത്തിലെ ഇസ്‌ലാമിക നവോത്ഥാനം

കേരളത്തിലെ ഇസ്‌ലാമിക നവോത്ഥാനം

കെ.ടി ഹുസൈന്‍   (അസി. ഡയറക്ടര്‍,കേരള മുസ്‌ലിം ഹിസ്റ്ററി കോണ്‍ഫ്രന്‍സ്‌
നവോത്ഥാനം

നവോത്ഥാനം ആധുനികതയുമായി ബന്ധപ്പെട്ട ഒരു പ്രയോഗമാണ്. മതസ്വത്വത്തെയും സമുദായ സ്വത്വത്തെയും മതേതര ആധുനികതയുടെ യുക്തിക്കനുസരിച്ച് രൂപപ്പെടുത്താനുള്ള സൈദ്ധാന്തികവും സാമൂഹികവുമായ ഇടപെടലുകളാണ് ആധുനികതയുമായി ബന്ധപ്പെട്ട നവോത്ഥാനം കൊണ്ടര്‍ഥമാക്കുന്നത്.

സാമൂഹിക മാറ്റത്തിന്റെ ചാലകശക്തിയാകാനും നാഗരികതയുടെ വികാസത്തെ അഭിമുഖീകരിക്കാനുമുള്ള ചില മതങ്ങളുടെ ആന്തരികമായ കഴിവില്ലായ്മയാണ് ഇത്തരം നവോത്ഥാനത്തെ അനിവാര്യമാക്കിയത്. യൂറോപ്യന്‍ നവോത്ഥാനത്തിന്റെയും അതിനെ ചുവടു പിടിച്ച് ഇന്ത്യയിലും കേരളത്തിലുമൊക്കെ ക്രിസ്ത്യന്‍, ഹൈന്ദവ സമൂഹങ്ങളില്‍ നടന്ന നവോത്ഥാനത്തിന്റെയും ഉള്ളടക്കത്തെയും പ്രയോഗത്തെയും രൂപപ്പെടുത്തിയത് ആധുനികതയുടെ ഭാഗമായ നവോത്ഥാനത്തിന്റെ ആശയ മണ്ഡലമാണ്. എന്നാല്‍ കേരളത്തിലാകട്ടെ പുറത്താകട്ടെ ഇസ്‌ലാമിക നവോത്ഥാനമെന്ന് പറയുമ്പോള്‍ അതിന്റെ ഉള്ളടക്കത്തെയും പ്രയോഗങ്ങളെയും അടിസ്ഥാനപരമായി രൂപപ്പെടുത്തുന്നത് ആധുനികതയുടെ ഭാഗമായ നവോത്ഥാനത്തിന്റെ ആശയ മണ്ഡലമല്ല. കാരണം, സാമൂഹിക മാറ്റത്തിന്റെ ചാലകമായി വര്‍ത്തിക്കുന്ന ആശയങ്ങളും സാമൂഹിക ഇടപെടലുകളുമാണ് നവോത്ഥാനമെങ്കില്‍ ഒരാശയമെന്ന നിലയിലും സാമൂഹിക വിശകലനത്തിന്റെ രീതി ശാസ്ത്രമെന്ന നിലയിലും അതിനുള്ള കരുത്ത് ഇസ്‌ലാമില്‍ അന്തര്‍ലീനമാണ്. അതുകൊണ്ട് തന്നെ മുസ്‌ലിംകളുടെ മത സ്വത്വത്തെയും സാമുദായിക സ്വത്വത്തെയും രൂപപ്പെടുത്തുന്നത് ഇസ്‌ലാമാണ്. അല്ലാതെ പുറത്തുനിന്ന് കടംകൊണ്ട ഏതെങ്കിലും ആശയങ്ങളല്ല. എന്നാല്‍ ആധുനികതയുടെ ഭാഗമായ ശക്തമായ നവോത്ഥാനം നടന്ന ക്രൈസ്തവ സമൂഹത്തിന്റെയും ഹൈന്ദവ സമൂഹത്തിന്റെയും അവസ്ഥ ഇതില്‍നിന്ന് ഭിന്നമാണ്. അവരുടെ ഇപ്പോഴത്തെ സാമുദായിക സ്വത്വത്തെ രൂപപ്പെടുത്തിയതു തന്നെ ആധുനികതയാണ്. അതായത് 18-ഉം19-ഉം നൂറ്റാണ്ടുകളിലെ കൊളോണിയല്‍ ആധുനികതയുടെ കടന്നുവരവ് വരെ വ്യത്യസ്ത ജാതികളായി ചിതറിക്കിടന്നിരുന്ന ഹൈന്ദവ വിഭാഗത്തിന് സാമുദായിക സ്വത്വം പോയിട്ട് മതപരമായ സ്വത്വം പോലുമുണ്ടായിരുന്നില്ല. വിരോധാഭാസമായി തോന്നാമെങ്കിലും, മതേതര ആധുനികതയാണ് അവര്‍ക്ക് ഒരു മതസ്വത്വം പോലും നല്‍കിയത് എന്നതാണ് വസ്തുത. അതുകൊണ്ട് തന്നെ ക്രിസ്തുമതത്തിലെയും ഹിന്ദുമതത്തിലെയും നവോത്ഥാനത്തെ ആധുനികതയുമായി ബന്ധപ്പെടുത്തി മാത്രമേ വിശകലനം ചെയ്യാനാവൂ. എന്നാല്‍ ഇസ്‌ലാമിക നവോത്ഥാനത്തെ ഇത്തരത്തില്‍ ആധുനികതയുമായി ബന്ധപ്പെടുത്തേണ്ട യാതൊരാവശ്യവുമില്ല. കാരണം, ഇസ്‌ലാമിക നവോത്ഥാനമെന്നത് ആധുനികതയുടെ ചുവട് പിടിച്ച് വളര്‍ന്ന് വികസിക്കുകയോ ഒരു പ്രത്യേക ചരിത്ര ഘട്ടത്തില്‍ നിലച്ചുപോവുകയോ ചെയ്യുന്ന പ്രതിഭാസമല്ല. മറിച്ച് ഇസ്‌ലാമിനെ നെഞ്ചിലേറ്റുന്ന ഒരു ജനവിഭാഗം എവിടെയുണ്ടോ അവിടെയെല്ലാം നിലനില്‍ക്കുന്ന ഒന്നാണത്.
ഈ അടിസ്ഥാനത്തില്‍ നിന്നു കൊണ്ട് കേരളത്തിലെ ഇസ്‌ലാമിക നവോത്ഥാനത്തിന്റെ ഉള്ളടക്കവും പ്രയോഗവും പരിശോധിക്കുമ്പോള്‍ നമ്മുടെ ശ്രദ്ധ പ്രധാനമായും പതിയേണ്ടത് മുസ്‌ലിം സമുദായത്തിനകത്ത് നടന്ന ഭാഗികമായ ചില പരിഷ്‌കരണ സംരംഭങ്ങളിലല്ല. മറിച്ച് ഇസ്‌ലാമിനെ ആദര്‍ശമായും ജീവിത രീതിയായും നെഞ്ചേറ്റുന്ന ഒരു സമുദായമെന്ന നിലയിലുള്ള അവരുടെ സാന്നിധ്യവും അതിനകത്തെ ചലനാത്മകതയും കേരളീയ പൊതുസമൂഹത്തില്‍ എന്ത് മാറ്റങ്ങളുണ്ടാക്കി എന്നതിലാണ്. കേരള മുസ്‌ലിം നവോത്ഥാനത്തെ കുറിച്ച ഇത്തരമൊരു തിരിച്ചറിവിന്റെ അഭാവമാണ് കേരളീയ നവോത്ഥാനത്തിന്റെ പല ഘട്ടങ്ങളിലും നിസ്തുലമായ സംഭാവനകള്‍ നല്‍കിയ മുസ്‌ലിം സമുദായത്തിന് കേരളീയ നവോത്ഥാനത്തെ കുറിച്ച വിശകലനങ്ങളില്‍ യാതൊരിടവും കിട്ടാതെ പോയത്.
ജാതീയമായ ഉച്ചനീചത്വങ്ങളും പ്രാകൃതമായ ജീവിതരീതികളും കാരണം മലീമസമായ കേരളീയ സാമൂഹിക ജീവിതത്തിലേക്ക് സമാധാനപരമായിരുന്നുവെങ്കിലും നിശ്ശബ്ദമായ ഒരു സാമൂഹികമാറ്റത്തിന്റെ വെടിമരുന്നുമായിട്ടാണ് ഇസ്‌ലാം കടന്നുവരുന്നത്. കേരളീയ സാമൂഹിക ജീവിതത്തെ കുറിച്ച് ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം തന്റെ തുഹ്ഫത്തുല്‍ മുജാഹിദീനില്‍ കോറിയിട്ട ചിത്രം മാത്രം മതി ഇസ്‌ലാമിന്റെ ആഗമനകാലത്ത് കേരളീയ സാമൂഹിക ജീവിതം എത്രമാത്രം പ്രാകൃതമായിരുന്നുവെന്നറിയാന്‍. ശവം മറവ് ചെയ്യാന്‍ പോലുമറിയാത്ത സമൂഹം തങ്ങളില്‍ നിന്ന് മരിച്ച് പോയവരെ കാക്കകള്‍ക്കും കുറുക്കന്മാര്‍ക്കും എറിഞ്ഞ് കൊടുക്കുകയായിരുന്നുവെന്നാണ് ശൈഖ് സൈനുദ്ദീന്‍ എഴുതിയിരിക്കുന്നത്. പി.കെ ബാലകൃഷ്ണന്റെ ‘ജാതി വ്യവസ്ഥയും കേരള ചരിത്രവും’ എന്ന കൃതിയിലും കേരളീയ ജീവിതത്തിന്റെ പ്രാകൃതമായ ഉള്ളറകളിലേക്ക് വെളിച്ചം വീശുന്നുണ്ട്. ഇത്തരമൊരു സമൂഹത്തിലേക്ക് കച്ചവടക്കാരായി കടന്നുവന്ന ആദ്യകാല മുസ്‌ലിംകള്‍ തങ്ങളുടെ ജീവിതത്തിലൂടെയും ഇടപെടലുകളിലൂടെയും ഇസ്‌ലാമിന്റെ സമഭാവനയും മാനവികതയും ഉയര്‍ത്തിപ്പിടിച്ചപ്പോള്‍ കേരളീയ സമൂഹത്തില്‍നിന്ന് വിശേഷിച്ചും കീഴാള വിഭാഗത്തില്‍നിന്ന് ഇസ്‌ലാമിലേക്ക് വ്യാപകമായ തോതില്‍ മതപരിവര്‍ത്തനം സംഭവിക്കുക മാത്രമല്ല, ഹൈന്ദവ സമൂഹത്തിനകത്ത് ജാതിക്കെതിരായ ചില നീക്കങ്ങള്‍ക്ക് അത് തിരികൊളുത്തുകയും ചെയ്തു. തുഞ്ചത്ത് എഴുത്തഛന്റെ നേതൃത്വത്തില്‍ പതിനാറാം നൂറ്റാണ്ടില്‍ രൂപംകൊണ്ട ഭക്തി പ്രസ്ഥാനം ജാതിക്കെതിരായ കലാപം കൂടിയായിരുന്നുവല്ലോ. കീഴാളരിലെ മത പരിവര്‍ത്തന പ്രവണത ഭക്തി പ്രസ്ഥാനത്തിന് പ്രേരണയും പ്രചോദനവുമായിട്ടുണ്ടെന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ഈ അടിസ്ഥാനത്തില്‍ നോക്കുമ്പോള്‍ കേരളത്തില്‍ സാമൂഹിക നവോത്ഥാനത്തിന്റെ ആദ്യ അനുരണനങ്ങള്‍ സൃഷ്ടിച്ചത് കേരള മുസ്‌ലിംകളുടെ ഇടപെടലുകളാണെന്ന് അംഗീകരിക്കേണ്ടിവരും. മതേതര ആധുനികതയുടെ ഭാഗമായ കേരളീയ നവോത്ഥാനം ബോധപൂര്‍വം ഒളിച്ചുവെക്കുന്ന വസ്തുത കൂടിയാണിത്.
പിന്നീട് കേരളത്തിന്റെ സാമൂഹിക മാറ്റത്തിന് ശക്തമായ രാസത്വരകമായി മാറിയ സംഭവമാണ് 15-ഉം 16-ഉം നൂറ്റാണ്ടുകളില്‍ പോര്‍ച്ചുഗീസ് അധിനിവേശത്തിനെതിരെ കേരളത്തില്‍ നടന്ന ചെറുത്തുനില്‍പ്പുകള്‍. ഈ ചെറുത്തുനില്‍പ്പിന്റെ ആശയ മണ്ഡലം രൂപപെടുത്തിയതും പ്രായോഗികമായി നേതൃത്വം നല്‍കിയതും പ്രധാനമായും മുസ്‌ലിംകളാണ്. പോര്‍ച്ചുഗീസ് വിരുദ്ധ ചെറുത്തുനില്‍പ്പിന്റെ ചരിത്രത്തില്‍ മഖ്ദൂം പണ്ഡിതന്മാരുടെയും മരയ്ക്കാര്‍മാരുടെയും പങ്ക് അനിഷേധ്യമാണ്. പോര്‍ച്ചുഗീസുകാരുടെ വരവിനെ കേവലം കച്ചവടമായി മാത്രം കണ്ട് അവരുമായി സന്ധി ചെയ്യാന്‍ ഒരുങ്ങിയ കേരളത്തിലെ ഭരണാധികാരികളെ പോര്‍ച്ചുഗീസ് വരവിന്റെ സാമ്പത്തികവും സാമൂഹികവും സാംസ്‌കാരികവുമായ പ്രത്യാഘാതം ബോധ്യപ്പെടുത്തി അവരെ ചെറുത്തുനില്‍പ്പിന് സജ്ജമാക്കിയത് കുഞ്ഞാലി മരയ്ക്കാര്‍മാരെയും മഖ്ദൂമിനെയും പോലുള്ള മുസ്‌ലിം നേതാക്കളും പണ്ഡിതന്മാരുമായിരുന്നു. കേരളത്തിന്റെ ഭൂമിശാസ്ത്രപരവും ഭാഷാപരവും സാംസ്‌കാരികവുമായ തനത് സ്വത്വത്തെ സംരക്ഷിച്ചത് ഈ പോരാട്ടമായിരുന്നുവെന്ന് ദീര്‍ഘ കാലം പറങ്കി കൊളോണിയല്‍ ഭരണം നിലനിന്ന ഗോവയുടെ സമകാലികാവസ്ഥ പരിശോധിച്ചാല്‍ ബോധ്യമാകുന്ന വസ്തുതയാണ്. സ്വന്തമായ ഭാഷയും സംസ്‌കാരവും നഷ്ടപെട്ട ഒരു കൊളോണിയല്‍ തുരുത്താണല്ലോ ഇപ്പോഴും ഗോവ. കേരളം ഗോവയായി മാറാതിരുന്നതിനുള്ള ഒരേയൊരു കാരണം ഒരു നൂറ്റാണ്ടുകാലം മുസ്‌ലിംകള്‍ കേരള തീരത്ത് നടത്തിയ ചെറുത്തുനില്‍പ്പുകളാണ്. അതിനാല്‍ കേരളീയ നവോത്ഥാനത്തിന്റെ ചരിത്രത്തില്‍ നിസ്സംശയം അടയാളപെടുത്തേണ്ട ഒന്നാണ് ഈ ചെറുത്തുനില്‍പ് സമരം. ഒരു ബഹുസ്വര സമൂഹത്തില്‍ ഇസ്‌ലാമിന്റെ രാഷ്ട്രീയ പ്രതിനിധാനം എങ്ങനെയായിരിക്കണമെന്ന പാഠം പകര്‍ന്നുനല്‍കുന്നത് കൂടിയായിരുന്നു ഈ സമരാനുഭവങ്ങള്‍ .
പോര്‍ച്ചുഗീസ്‌ വിരുദ്ധ സമരത്തിന് സമാന്തരമായോ മുന്നോടിയായോ മുസ്‌ലിം സമുദായത്തിനകത്ത് സാമൂഹികവും വൈജ്ഞാനികവുമായ നവോത്ഥാന പ്രവര്‍ത്തനങ്ങളും മഖ്ദൂം പണ്ഡിതന്മാരുടെ നേതൃത്വത്തില്‍ നടക്കുകയുണ്ടായി. പള്ളി ദര്‍സ് സമ്പ്രദായത്തിലൂടെ താല്‍പര്യമുള്ള ആര്‍ക്കും വിജ്ഞാനം നേടാന്‍ കഴിയുംവിധം അറിവിനെ ജനാധിപത്യവല്‍ക്കരിക്കുകയാണ് മഖ്ദൂമുകള്‍ ചെയ്തത്. അറിവധികാരം ബ്രാഹ്മണ ഇല്ലങ്ങളിലും ക്ഷേത്രങ്ങളിലും പുറത്തേക്കൊഴുകാന്‍ അനുവദിക്കാതെ തളച്ചിടപ്പെട്ടിരുന്ന കേരളത്തിലെ അന്നത്തെ സാമൂഹികാവസ്ഥയില്‍ അറിവിന്റെ കവാടം എല്ലാവര്‍ക്കുമായി തുറന്നിട്ട മഖ്ദൂമുകളുടെ ഈ നടപടി സ്വസമുദായത്തിനകത്ത് മാത്രമല്ല പുറത്തും മാറ്റൊലി സൃഷ്ടിക്കുകയുണ്ടായി.
ഒരു ഭരണാധികാരി തന്റെ അധികാരം ഉപയോഗിച്ചുകൊണ്ട് നടത്തുന്ന പരിഷ്‌കരണപരമായ ചില ഇടപെടലുകള്‍ സാമൂഹിക നവോത്ഥാനത്തിന്റെ ചരിത്രത്തില്‍ തിളങ്ങുന്ന അധ്യായങ്ങളായി മാറിയ ഒട്ടേറെ അനുഭവങ്ങളുണ്ട്. അമേരിക്കന്‍ പ്രസിഡന്റായിരുന്ന എബ്രഹാം ലിങ്കന്റെ അടിമത്ത നിരോധവും കൊളോണിയല്‍ ഭരണ കാലത്ത് ഇന്ത്യയില്‍ ഗവര്‍ണര്‍ ജനറലായിരുന്ന വില്യം ബെന്റിക്കിന്റെ സതി നിരോധവും സാമൂഹിക നവോത്ഥാനത്തിന്റെ ചരിത്രത്തില്‍ എക്കാലവും ഓര്‍മിക്കപെടുന്ന തിളങ്ങുന്ന ചില മുദ്രകളാണല്ലോ. ഇപ്രകാരം അധികാരം ഉപയോഗിച്ച് കൊണ്ടുള്ള ചില പരിഷ്‌കരണ നടപടികളിലൂടെ കേരളീയ നവോത്ഥാനത്തിന് ശക്തമായ അടിത്തറ പാകിയ ഭരണാധികാരിയാണ് ടിപ്പു സുല്‍ത്താന്‍. ടിപ്പു സുല്‍ത്താന്‍ കേരളത്തില്‍ നടപ്പിലാക്കാന്‍ ശ്രമിച്ച ഭൂപരിഷ്‌ക്കരണ നടപടികളും മേല്‍ജാതിക്കാരായ പുരുഷന്മാരുടെ നയന സുഖത്തിന് വേണ്ടി കീഴാള സ്ത്രീകള്‍ നിര്‍ബന്ധിതമായി മാറ് തുറന്നിട്ട് നടക്കുന്നതിനെതിരെയുള്ള അദ്ദേഹത്തിന്റെ പ്രത്യേക ഉത്തരവും സവര്‍ണ മാടമ്പികളുടെ ഉറക്കം കെടുത്തിയിരുന്നുവെങ്കിലും കേരളീയ നവോത്ഥാനത്തെ ത്വരിതപെടുത്തിയ ചില അടിത്തറകളായിരുന്നു. ഈ അടിത്തറ കേരള ചരിത്രം കാണാതെ പോകുകയോ ബോധപൂര്‍വം തമസ്‌ക്കരിക്കുകയോ ചെയ്തത് കൊളോണിയല്‍ ദേശീയത ഉല്‍പാദിപ്പിച്ച വര്‍ഗീയമായ ചില നോട്ടപ്പാടുകളുടെ പ്രശ്‌നമാണ്. ടിപ്പുവിന്റെ ഭൂപരിഷ്‌ക്കരണ നടപടികള്‍ മണ്ണിന് മേല്‍ അതില്‍ പണിയെടുക്കുന്ന കീഴാളന്റെ അവകാശത്തെ ആദ്യമായി ഉയര്‍ത്തിപ്പിടിച്ച സംഭവമായിരുന്നു. കീഴാളരില്‍ നിന്ന് ഇസ്‌ലാമിലേക്ക് വമ്പിച്ച തോതിലുള്ള മതപരിവര്‍ത്തനത്തിന് കൂടി ഈ ഭൂപരിഷ്‌ക്കരണ നടപടികള്‍ കാരണമായിത്തീര്‍ന്നു. മാറ് മറക്കാനുള്ള ഉത്തരവാകട്ടെ സ്ത്രീയുടെ അന്തസ്സ് ഉയര്‍ത്തിപ്പിടിക്കുന്ന നടപടിയെന്ന നിലക്ക് അന്നത്തെ കേരളത്തെ സംബന്ധിച്ചേടത്തോളം അത്യപൂര്‍വവും ധീരവുമായ ഇടപെടലായിരുന്നു. പക്ഷേ നിര്‍ഭാഗ്യവശാല്‍ കൊളോണിയല്‍ ശക്തിയുമായി ഏറ്റുമുട്ടി ടിപ്പു സുല്‍ത്താന്‍ വീരമൃത്യു വരിച്ചതോടെ ദൂരവ്യാപകമായ പ്രത്യാഘാതമുണ്ടാക്കുമായിരുന്ന ടിപ്പുവിന്റെ സാമൂഹിക നവോത്ഥാന ശ്രമങ്ങളെ തല്‍ക്കാലം അട്ടിമറിക്കാന്‍ തല്‍പര കക്ഷികള്‍ക്ക് സാധിച്ചു.
എങ്കിലും ടിപ്പുവിന്റെ ഭരണനടപടികള്‍ മുസ്‌ലിംകളിലും കീഴാളരിലും സൃഷ്ടിച്ച അവകാശ ബോധം കൊളോണിയലിസത്തിനും അവര്‍ താങ്ങിനിര്‍ത്തിയ ജന്‍മിത്വത്തിനുമെതിരെ വമ്പിച്ച ചെറുത്തുനില്‍പായി വികസിക്കുന്നതിന് 19-ാം നൂറ്റാണ്ടുടനീളം കേരളം, വിശിഷ്യാ മലബാര്‍ സാക്ഷ്യം വഹിച്ചു. മമ്പുറം തങ്ങന്മാരുടെയും വെളിയങ്കോട് ഉമര്‍ ഖാദിയെ പോലുള്ള പണ്ഡിതന്മാരുടെയും ആശയപരമായ പിന്‍ബലത്തില്‍ രൂപപെട്ട ഈ ചെറുത്ത് നില്‍പിലും സാമൂഹിക നവോത്ഥാനത്തിന്റെ ചേരുവകള്‍ ഉള്ളടങ്ങിയിരുന്നു.
ഈ ചെറുത്തുനില്‍പുകള്‍ കേരളീയ സമൂഹത്തില്‍ രണ്ട് രീതിയിലാണ് സാമൂഹിക നവോത്ഥാനത്തിന്റെ അലകള്‍ സൃഷ്ടിച്ചത്. സാമ്രാജ്യത്വത്തിനും ജന്‍മിത്തത്തിനുമെതിരായ ചെറുത്തുനില്‍പില്‍ മുസ്‌ലിംകള്‍ ഹിന്ദു സമൂഹത്തിലെ കീഴാളരെ കൂടി ചേര്‍ത്തു പിടിച്ചിരുന്നതിനാല്‍ അക്കാലത്ത് കീഴാളരില്‍നിന്ന് വന്‍ തോതില്‍ ഇസ്‌ലാമിലേക്ക് പരിവര്‍ത്തനമുണ്ടായത് ഈ ചെറുത്ത്നില്‍പ്‌ സൃഷ്ടിച്ച സാമൂഹിക നവോത്ഥാനത്തിന്റെ ഫലമായിരുന്നു. ഹൈന്ദവ സമൂഹത്തിനകത്ത് തന്നെ ജാതി ചിന്തക്കും അയിത്താചാരത്തിനുമെതിരായ ചിന്തകള്‍ക്കും ആശയങ്ങള്‍ക്കും വിത്ത് പാകാനും ഈ ചെറുത്തുനില്‍പ്പുകള്‍ സഹായിച്ചു. ചുരുക്കത്തില്‍, 20-ാം നൂറ്റാണ്ടില്‍ ശ്രീനാരായണ ഗുരുവിന്റെയും അയ്യങ്കാളിയുടെയും മറ്റും നേതൃത്വത്തില്‍ നടന്ന, പില്‍ക്കാലത്ത് കേരളീയ നവോത്ഥാനമായി വ്യവഹരിക്കപ്പെട്ട സാമൂഹിക പരിഷ്‌കരണ സംരംഭങ്ങളുടെയും ജാതിവിരുദ്ധ പ്രവര്‍ത്തനങ്ങളുടെയും പല പ്രേരകങ്ങളില്‍ മുഖ്യമായത് മലബാറിലെ മുസ്‌ലിംകളുടെ സാമ്രാജ്യത്വ വിരുദ്ധവും ജന്‍മിത്ത വിരുദ്ധവുമായ സമരം ഹൈന്ദവ സമൂഹത്തിലെ കീഴാളരില്‍ സൃഷ്ടിച്ച അനുരണനങ്ങളും ആന്തോളനങ്ങളുമായിരുന്നുവെന്ന് നിരീക്ഷിക്കപ്പട്ടിട്ടുണ്ട്. ആ നിലയില്‍ നോക്കുമ്പോള്‍ കേരള മുസ്‌ലിംകളുടെ മതപരവും സാമൂഹികവുമായ സ്വത്വ രൂപീകരണത്തിനും വികാസത്തിനും മാത്രമല്ല, കേരളീയ നവോത്ഥാനത്തിനുത്തന്നെ ശക്തമായ അടിത്തറ പാകിയ ഒന്നായിരുന്നു ഈ സമരങ്ങളെന്ന് വിലയിരുത്താന്‍ കഴിയും.

പോര്‍ച്ചുഗീസ്, ബ്രിട്ടീഷ് കൊളോണിയല്‍ വിരുദ്ധ പോരാട്ടങ്ങളിലൂടെ രൂപപ്പെട്ട മുസ്‌ലിം നവോത്ഥാനത്തിന് നേട്ടങ്ങളോടൊപ്പം ചില പരിമിതികളുമുണ്ടായിരുന്നു. സംഘര്‍ഷത്തിലൂടെ രൂപപ്പെട്ടതായതിനാല്‍ സ്വാഭാവികമായും നിലനില്‍ക്കുന്ന അധികാര ക്രമത്തിന്റെ ശക്തി ദൗര്‍ബല്യങ്ങളെയും സമൂര്‍ത്ത യാഥാര്‍ഥ്യങ്ങളെയും വേണ്ട വിധം തിരിച്ചറിയാന്‍ കഴിയാതിരിക്കുമാറ് ഒരുതരം യാഥാസ്ഥിതികത്വം ഉള്ളടങ്ങിയതായിരുന്നു അതിന്റെ ഏറ്റവും വലിയ പരിമിതി. സൈനുദ്ദീന്‍ മഖ്ദൂം മുതല്‍ ഉമര്‍ ഖാദി വരെയുള്ളവരുടെ പിന്തുടര്‍ച്ച അവകാശപ്പെട്ടിരുന്ന മത പണ്ഡിതന്മാരുടെ ഇംഗ്ലീഷ്, മലയാള ഭാഷാ വിരോധവും ആധുനിക വിദ്യാഭ്യാസത്തോടുള്ള വിമുഖതയുമെല്ലാം ഈ യാഥാസ്ഥിതികത്വത്തിന്റെ ഫലമായിരുന്നു. ഉദ്ദേശ്യ ശുദ്ധിക്ക് മാപ്പ് കൊടുക്കാമെങ്കിലും കേരള മുസ്‌ലിംകളുടെ പിന്നോക്കാവസ്ഥക്കും പൊതു സമൂഹത്തില്‍ നിന്നുള്ള അവരുടെ പാര്‍ശ്വവല്‍ക്കരണത്തിനും ഈ നിലപാട് കാരണമായിട്ടുണ്ട്. കേരളമുസ്‌ലിം നവോത്ഥാനത്തിലെ ഈ യാഥാസ്ഥിതിക ഉള്ളടക്കത്തെ തിരിച്ചറിഞ്ഞ് അതിനെതിരെ രംഗത്തു വന്നതാണ് മക്തി തങ്ങളില്‍ രൂപം കൊണ്ട് ഹമദാനി തങ്ങളിലൂടെയും വക്കം മൗലവിയിലൂടെയും വികസിച്ച് കെ.എം മൗലവിയില്‍ പൂര്‍ണമായ ഇസ്വ്‌ലാഹി ആശയങ്ങളും ഇടപെടലുകളും കേരള മുസ്‌ലിം നവോത്ഥാനത്തിന് നല്‍കിയ ഏറ്റവും വലിയ സംഭാവന. ഇസ്‌ലാമിന്റെ അന്തസ്സത്തയോട് യാതൊരു വിട്ടുവീഴ്ച്ചയും ചെയ്യാതെ തന്നെ മുസ്‌ലിം കേരളത്തിന്റെ അന്തഃരംഗത്തെ ആധുനിക ലോകവുമായി അടുപ്പിച്ച കേരളത്തിലെ ആധുനിക മുസ്‌ലിം സ്വത്വത്തെ രൂപപെടുത്തുകയും പുനര്‍നിര്‍ണയിക്കുകയും ചെയ്തുകൊണ്ട് മക്തി തങ്ങളും വക്കം മൗലവിയും കേരള മുസ്‌ലിം നവോത്ഥാനത്തില്‍ ഒരു ദിശാമാറ്റത്തിനു തന്നെ തുടക്കം കുറിക്കുകയായിരുന്നു.
മക്തി തങ്ങള്‍ സര്‍ സയ്യിദ് അഹ്മദ് ഖാനെ പോലെ സാമ്രാജ്യത്വവുമായി തല്‍ക്കാലം സഘര്‍ഷത്തിന് പോകാതെ തന്റെ പ്രവര്‍ത്തനം സാമൂഹിക പരിഷ്‌കരണത്തില്‍ പരിമിതപ്പെടുത്തിയപ്പോള്‍ വക്കം മൗലവി സാമൂഹിക പരിഷ്‌കരണ പ്രവര്‍ത്തനത്തോടൊപ്പം സാമ്രാജ്യത്വത്തെയും അവരുടെ പിണിയാളുകളായ തദ്ദേശീയ രാജഭരണത്തെയും എതിര്‍ക്കാന്‍ സ്വദേശാഭിമാനിയെന്ന പേരില്‍ ഒരു പൊതു പത്രം സ്ഥാപിച്ചുകൊണ്ട് രാഷ്ട്രീയ മേഖലയിലേക്കും തന്റെ നവോത്ഥാന പ്രവര്‍ത്തനത്തെ വികസിപ്പിക്കുകയുണ്ടായി. കെ.എം മൗലവിയും ആദ്യ കാലത്ത് ഖിലാഫത്ത് സമരത്തില്‍ പങ്കെടുത്തും ഇസ്‌ലാമിന്റെ രാഷ്ട്രീയ ഉള്ളടക്കവും സമഗ്രതയും പ്രതിപാദിക്കുന്ന സയ്യിദ് മൗദൂദിയുടെയും മറ്റും ലേഖനങ്ങള്‍ വിവര്‍ത്തനം ചെയ്ത് പ്രസിദ്ധീകരിച്ചും മുസ്‌ലിം നവോത്ഥാനത്തെ അതിന്റെ സമഗ്രതയില്‍ പ്രതിനിധീകരിക്കുകയുണ്ടായി.
എന്നാല്‍ ഇസ്‌ലാഹി ആശയങ്ങളും സാമൂഹിക ഇടപെടലുകളും രൂപപ്പെടുത്തിയ മുസ്‌ലിം നവോത്ഥാനത്തിനും ചില പരിമിതികളുണ്ടായിരുന്നു. കേരളത്തില്‍ നൂറ്റാണ്ടുകളായി നടന്ന നവോത്ഥാന പാരമ്പര്യവുമായി കണ്ണി ചേര്‍ക്കാതെ അതിനെ  തമസ്‌കരിച്ചുകൊണ്ട്, മതേതര ആധുനികതയോട് ക്ഷമാപണ മനസ്സ് പുലര്‍ത്തുകയോ യാഥാസ്ഥിതികമെന്ന് പറയാവുന്ന വിധം പ്രമാണ വാദത്തിലും അക്ഷര പൂജയിലും അഭിരമിക്കുകയോ ചെയ്ത അറേബ്യന്‍ സലഫിസത്തിലെ രണ്ട് വ്യത്യസ്ത ചിന്താധാരകളുമായി ഒരേസമയം തങ്ങളെ കണ്ണിചേര്‍ക്കാന്‍ കാണിച്ച അമിതമായ വ്യഗ്രതയാണ് ഇസ്‌ലാഹി നവോത്ഥാനത്തിന്റെ പ്രധാന പരിമിതിയായത്. ഇതുമൂലം കേരള മുസ്‌ലിംകളുടെ സാംസ്‌കാരികവും സാഹിതീയവുമായ ഈടുവെപ്പുകളെ വേണ്ടവിധം മനസ്സിലാക്കാനോ മതേതര ആധുനികത ഉയര്‍ത്തിയ സൈദ്ധാന്തിക സംഘര്‍ഷങ്ങളെ ഫലപ്രദമായി ചെറുത്തുനിന്ന് ഇസ്‌ലാമിന്റെ സാമൂഹികത ഉയര്‍ത്തിപ്പിടിക്കാനോ ഇസ്‌ലാഹി നവോത്ഥാനത്തിന്റെ പിന്മുറക്കാര്‍ക്ക് സാധിച്ചില്ല. മുസ്‌ലിം നവോത്ഥാനമെന്നാല്‍ മുസ്‌ലിംകളുടെ വിശ്വാസ, ആചാര രംഗങ്ങളിലെ ഭാഗികമായ ചില പരിഷ്‌കരണങ്ങള്‍ മാത്രമാണെന്ന സങ്കുചിതമായ ധാരണയിലേക്കാണ് ഇത് ഇസ്‌ലാഹി പ്രസ്ഥാനങ്ങളെ നയിച്ചത്. അതോടുകൂടി മുസ്‌ലിം നവോത്ഥാനം പൊതു സമൂഹത്തില്‍ യാതൊരുവിധ അനുരണനമോ സ്വാധീനമോ താല്‍പര്യമോ സൃഷ്ടിക്കാത്ത, മുസ്‌ലിം സമുദായത്തിനകത്തെ ഒരു വാദ പ്രതിവാദ വിഷയം മാത്രമായി ചുരുങ്ങി. മഖ്ദൂം, മമ്പുറം പണ്ഡിതന്മാരുടെയോ മക്തി തങ്ങള്‍, വക്കം മൗലവി തുടങ്ങിയവരുടെയോ സാമൂഹിക ഇടപെടലുകള്‍ക്ക് ഇത്തരമൊരു പരിമിതിയുണ്ടായിരുന്നില്ല. അവരുടെ സാമൂഹിക ഇടപെടലുകള്‍ ഒരേസമയം മുസ്‌ലിം സമുദായത്തിനകത്തും പൊതുസമൂഹത്തിലും സ്വാധീനം ചെലുത്തുകയും പുരോഗമനാത്മകമായ ഒരു കേരളം രൂപപ്പെടുന്നതിലേക്ക് നയിച്ച സാമൂഹിക മാറ്റങ്ങളെ ത്വരിതപ്പെടുത്തുകയും ചെയ്തു. ഇസ്‌ലാഹി നവോത്ഥാനം ചരിത്രത്തില്‍ വേരുകളില്ലാത്ത ഒന്നായും ആധുനികതയുടെ സൃഷ്ടിയായും വിമര്‍ശിക്കപ്പെടാനും ഈ നിലപാട് കാരണമായി.

ഇസ്‌ലാഹി ആശയങ്ങള്‍ രൂപപ്പെടുത്തിയ മുസ്‌ലിം നവോത്ഥാനം ഇപ്രകാരം സങ്കുചിതമാകാന്‍ കാരണം അതിന്റെ വക്താക്കള്‍ക്ക് ഇസ്‌ലാമിന്റെ അവിഭാജ്യ ഘടകമായ രാഷ്ട്രീയ ഉള്ളടക്കത്തിലോ അതിന്റെ സമഗ്രതയിലോ എന്തെങ്കിലും സംശയമോ വിശ്വാസക്കുറവോ ഉണ്ടായതുകൊണ്ടല്ല, മറിച്ച് നടെ സൂചിപ്പിച്ചതു പോലെ മത സാമൂഹികതക്കെതിരെ മതേതര ആധുനികത ഉയര്‍ത്തിയ വെല്ലുവിളികള്‍ക്ക് മുമ്പില്‍ അവര്‍ അക്ഷരാര്‍ഥത്തില്‍ പകച്ചു പോകുകയായിരുന്നു. മറുഭാഗത്ത് മഖ്ദൂമുമാരുടെയും മമ്പുറം തങ്ങന്മാരുടെയൊക്കെ പാരമ്പര്യം അവകാശപ്പെടുന്ന ഒരു വിഭാഗം യാഥാസ്ഥിതിക പണ്ഡിതന്മാര്‍ അന്ധവിശ്വാസവും അനാചാരവും ഉള്ളടങ്ങിയ അരാഷ്ട്രീയ ഇസ്‌ലാമിനെ സ്ഥാപനവല്‍ക്കരിക്കുകയും ചെയ്തു.
കേരളത്തിലെ മുസ്‌ലിം നവോത്ഥാനം ഇപ്രകാരമൊരു ന്യൂനീകരണ പ്രക്രിയക്ക് വിധേയമായ ഘട്ടത്തിലാണ് കൊളോണിയല്‍ ആധുനികതയെ സൈദ്ധാന്തികമായി നേരിട്ടുകൊണ്ട് ദേശീയവും സാര്‍വദേശീയവുമായ ഉള്ളടക്കങ്ങളോട് കൂടി രൂപംകൊണ്ട ഇസ്‌ലാമിക പ്രസ്ഥാനം നാല്‍പതുകളില്‍ കേരളത്തില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. പൊതു സമൂഹത്തിന് മനസ്സിലാകുന്ന ഭാഷയിലും ശൈലിയിലും ഇസ്‌ലാമിന്റെ ആദര്‍ശവും സാമൂഹിക ഉള്ളടക്കവും അവതരിപ്പിച്ചുകൊണ്ട് ഇടക്കാലത്ത് കൈമോശം വന്ന മുസ്‌ലിം നവോത്ഥാനത്തിന്റെ സമഗ്രത തിരിച്ചുപിടിക്കുന്ന സൈദ്ധാന്തികവും സാമൂഹികവുമായ ഇടപെടലുകളാണ് തുടക്കത്തില്‍ ഇസ്‌ലാമിക പ്രസ്ഥാനം നിര്‍വഹിച്ചത്. അതിലൂടെ ഇസ്‌ലാമെന്നത് ആധുനികതയെ സ്വാംശീകരിക്കുന്നതിന്റെ ഭാഗമായി ഹൈന്ദവ-ക്രൈസ്തവ മതങ്ങള്‍ ചെയ്തപോലെ സാമൂഹികതയെ സൈദ്ധാന്തികമായിത്തന്നെ കൈയൊഴിയാനോ, ചില മുസ്‌ലിംകള്‍ ചെയ്തപോലെ മതത്തിന്റെ സാമൂഹികതയെ സൈദ്ധാന്തികമായി നിരാകരിക്കാതെ പ്രയോഗതലത്തില്‍ അതിനെ അനുഷ്ഠാനപരതയില്‍ പരിമിതപ്പെടുത്താനോ പറ്റുന്ന കേവല മതമല്ലെന്നും മറിച്ച് വംശ-ജാതി ഭിന്നതകള്‍ക്കതീതമായി മനുഷ്യര്‍ക്ക് സമത്വവും സ്വാതന്ത്ര്യവും പ്രദാനം ചെയ്യുന്ന ഒരു മാനവിക പ്രസ്ഥാനമാണെന്നും പൊതുസമൂഹത്തെ ബോധ്യപ്പെടുത്താന്‍ ജമാഅത്തെ ഇസ്‌ലാമിക്ക് സാധിച്ചു. സൈദ്ധാന്തിക രംഗത്ത് കൈവരിച്ച ഈയൊരു നേട്ടത്തിനു ശേഷം ഇസ്‌ലാമിന്റെ മാനവികതയെ പൊതുസമൂഹത്തെ നേരിട്ട് അനുഭവിപ്പിക്കുന്ന തരത്തിലുള്ള ഇടപെടലുകള്‍ക്ക് മാധ്യമ രംഗത്തും സാമൂഹിക മേഖലയിലും ഇസ്‌ലാമിക പ്രസ്ഥാനം തുടക്കം കുറിക്കുകയുണ്ടായി. പൊതുസമൂഹം എത്ര തന്നെ ശ്രദ്ധിക്കേണ്ടെന്ന് കരുതിയാലും അതിന് കഴിയാത്ത വിധം കേരള മുസ്‌ലിംകളില്‍ ഇന്ന് ദൃശ്യമായിക്കൊണ്ടിരിക്കുന്ന ചലനാത്മകതയെ രൂപപ്പെടുത്തുന്നതില്‍ ഇസ്‌ലാമിന്റെ സാമൂഹികത ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുള്ള ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ സൈദ്ധാന്തികവും പ്രായോഗികവുമായ ഇടപെടലുകള്‍ക്കുള്ള പങ്ക് നിഷേധിക്കാനാവില്ല.

Related Post