തികച്ചും പ്രതികൂലമായ സാഹചര്യങ്ങളിലാണ് മാര്‍ക് സ് പ്രിങ്ങര്‍ ഇസ്‌ലാമിലെത്തുന്നത്. മുന്‍ മാതൃകകളില്ലാതെ വായനയിലൂടെ സ് പ്രിങ്ങര്‍ ഇസ് ലാമിനെ അറിഞ്ഞു. അറബ് – ഫലസ്തീന്‍ വിരോധിയായിരുന്ന സ് പ്രിങ്ങറെ അവസാനം അറബ് ഫലസ്തീന്‍ സ്വാതന്ത്ര പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തകനാക്കി മാറ്റുന്നതില്‍ മുസ്‌ലിം ലോകത്തെ അറിയപ്പെടുന്ന പണ്ഡിതനായ ഖറദാവി മുതല്‍ ഫലസ്തീന്‍ ഇടതുപക്ഷ ചിന്തകനായ എഡ്വേര്‍ഡ് സൈദ് വരെ സ്വാധീനിച്ചിട്ടുണ്ട്. ഇസ്‌ലാമിക വിജ്ഞാനീയങ്ങളിലെ അദ്ദതന്റെ അഗാധജ്ഞാനത്തെ അല്‍ഭുതത്തോടെ വീക്ഷിക്കുന്നവരോട് അദ്ദേഹം പറയും, ഇന്റര്‍നെറ്റാണെന്റെ ഗുരു. അദ്ദേഹം പറയുന്നു: ‘വെബ്‌സൈറ്റുകളില്‍ നിന്നാണ് ഞാന്‍ ഇസ് ലാമിനെ പഠിക്കുന്നത്. ചെറുപ്പംതൊട്ടേ വായനയില്‍ താല്‍പര്യമുണ്ടായിരുന്നെങ്കിലും യുവാവായപ്പോഴാണ് ഗൗരവവായന ആരംഭിക്കുന്നത്.’ കാന്റും ഖറദാവിയുമെല്ലാം മേശപ്പുറത്തെത്തുന്നതിന് മുമ്പുതന്നെ സ് പ്രിങ്ങര്‍ വന്‍പുസ്തക ശേഖരങ്ങളുടെ ഉടമയായിരുന്നു.അമേരിക്കയില്‍ സാധാരണ രണ്ടുരീതിയിലാണ് ഇസ്‌ലാം സ്വീകരണം നടക്കുന്നത്. ഇസ് ലാമിന്റെ ആത്മീയവശങ്ങളില്‍ ആകൃഷ്ടരായി ഇസ് ലാം സ്വീകരിക്കുന്നവരും, ഇസ് ലാമിനെ വേണ്ടവിധം പഠിച്ചു മനസിലാക്കി ഇസ്‌ലാം സ്വീകരിക്കുന്നവരും. സ് പ്രിങ്ങര്‍ ഇതില്‍ രണ്ടാം പക്ഷക്കാരനാണ്. അദ്ദേഹം ഇസ് ലാമില്‍ വരുന്നത് അതിന്റെ ബൗദ്ധികവശങ്ങളെ ചിന്തിച്ചും പഠിച്ചുമാണ്. ചര്‍ച്ചില്‍ പോയി പ്രാര്‍ത്ഥിച്ചിരുന്നെങ്കിലും മദ്യത്തിലും മയക്കുമരുന്നിലും തന്റെ കൗമാരം കഴിഞ്ഞുപോയതില്‍ ദുഖിക്കുന്നുവെന്ന് സപ്രിങ്ങര്‍ സങ്കടപ്പെടുന്നു.അമേരിക്കന്‍ മിലിട്ടറിയില്‍ ഉദ്യോഗസ്ഥരായിരുന്നു അദ്ദേഹത്തിന്റെ മാതാപിതാക്കള്‍. ആന്റിസെമിറ്റിക്ക് ആയിരുന്ന അച്ഛന്‍ ഫലസ്തീന്‍ വിരോധിയായിരുന്നുവെന്നത് നമുക്ക് വൈരുദ്ധ്യമായിതോന്നാം. ഒരിക്കല്‍ ഇതേകുറിച്ച് ചോദിച്ചപ്പോള്‍, ‘ജൂതര്‍ നമ്മുടെ ശത്രുക്കളാണെന്നത് ശരി തന്നെ; പക്ഷേ അതിനേക്കാള്‍ വലിയ ശത്രുക്കളാണ് അറബികള്‍. അതിനാല്‍ വലിയ ശത്രുവിനെ നേരിടാന്‍ ചെറിയ ശത്രുവുമായി സഖ്യത്തിലാവുന്നതാണ് ബുദ്ധി’ എന്ന തത്ത്വശാസ്ത്രമറുപടിയാണ് അദ്ദേഹം നല്‍കിയത്. അതൊട്ടും നീതി പൂര്‍വ്വമല്ലാത്ത ന്യായീകരണമാണെന്നാണ് സ് പ്രിങ്ങറിന്റെ പക്ഷം.
ഇതിനെതുടര്‍ന്ന് ഇസ് ലാമിലെ രാഷ്ട്രീയ സിദ്ധാന്തങ്ങളും മിഡില്‍ ഈസ്റ്റിന്റെ ചരിത്രവുമെല്ലാം സ് പ്രിങ്ങര്‍ പഠിച്ചുതുടങ്ങി. അച്ഛന്റെ കടുത്ത ശത്രുവിനെ പഠിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് അറബികളെകുറിച്ച പൊതു രചനകള്‍ സ് പ്രിങ്ങര്‍ വായിക്കുന്നതും ആകൃഷ്ടനാകുന്നതും. പശ്ചിമേഷ്യയും അവിടത്തെ രാഷ്ട്രീയവും അദ്ദേഹത്തിന്റെ ഇഷ്ടവിഷയമായിരുന്നു. ഇടക്കാലത്ത്, ഭാര്യക്ക് ഇംഗ്ലണ്ടില്‍ ജോലി ലഭിച്ചപ്പോള്‍ തന്റെ പഠനങ്ങള്‍ അല്‍പം മുടങ്ങിയതൊഴിച്ചാല്‍ ഇന്നും ആ പഠനം തുടരുന്നതില്‍ അദ്ദേഹം അഭിമാനിക്കുന്നു. ഇംഗ്ലണ്ടില്‍ വെച്ചാണ് സ് പ്രിങ്ങര്‍ തന്റെ പഠനത്തിന്റെ രണ്ടാം ഘട്ടം ആരംഭിക്കുന്നത്. ഇക്കാലത്ത് പുസ്തകങ്ങളെ മാത്രം ആശ്രയിക്കാതെ, സമകാലീന മുസ്‌ലിം സമൂഹത്തെ അന്വേഷിച്ചുള്ള യാത്ര തുടര്‍ന്നു. സുഹൃത്തുക്കളുടെ പ്രേരണയാല്‍ വിശുദ്ധ ഖുര്‍ആനും ഇസ്‌ലാമിക വിശ്വാസ ആദര്‍ശങ്ങളും പഠിക്കാനാരംഭിച്ചു. മതങ്ങളെക്കുറിച്ച അദ്ദേഹത്തിന്റെ നിരീക്ഷണങ്ങള്‍ ശ്രദ്ധേയമാണ്; പ്രത്യേകിച്ചും ക്രിസ്തുമതത്തെ സംബന്ധിച്ച നിരീക്ഷണങ്ങള്‍. ഗ്രീക്കുപുരാണങ്ങളുടെ സ്വാധീനം കൊണ്ടാണ് ക്രിസ്തുമതം ബഹുദൈവസങ്കല്‍പത്തിലേക്ക് മാറിയതെന്നാണ് സ്പ്രിങ്ങറിന്റെ അഭിപ്രായം. ഗ്രീക്ക് പുരാണത്തിലെ ഒഡിനിസ് ദേവവിശ്വാസമനുസരിച്ചാണത്രേ ലോകത്താദ്യമായി ത്രിയേകത്വ സങ്കല്‍പമുണ്ടാകുന്നത്. ഒഡിനിസ് ദേവന്റെ ഭാര്യ ഫ്രെജ, മകന്‍ തോര്‍ എന്നീ മൂന്ന് ശക്തികള്‍ ചേര്‍ന്ന ഒരൊറ്റ ദൈവകുടുംബം. ഇതിന്റെ പരിഷ്‌കൃത സങ്കല്‍പമാണത്രേ ക്രിസ്തുമതത്തിലെ ത്രിയേകത്വത്തിനുമുള്ളത്. പേരുകളില്‍ വ്യത്യാസമുണ്ടെന്ന് മാത്രം. യഥാര്‍ത്ഥ ദൈവസങ്കല്‍പത്തില്‍ നിന്ന് വ്യതിചലിച്ച് വടക്കന്‍ യൂറോപ്യന്‍ മിത്തിനെ അടിസ്ഥാനമാക്കി രൂപംകൊണ്ട ഒരു കെട്ടുകഥ മാത്രമായി ക്രിസ്തുമതം മാറുമെന്ന് തന്റെ പഠനത്തിലൂടെ കണ്ടെത്താനായെന്ന് സ്പ്രിങ്ങര്‍ അഭിപ്രായപ്പെടുന്നു.
ക്രിസ്തുമതത്തിലെ പാപസങ്കല്‍പവുമായി ബന്ധപെട്ടതാണ് അദ്ദേഹത്തിന്റെ മറ്റൊരു നിരീക്ഷണം. വരാനിരിക്കുന്ന ജനതയുടെ പാപം മുഴുവന്‍ ഏറ്റുവാങ്ങി വര്‍ഷങ്ങള്‍ക്ക് മുമ്പ് യേശു കുരിശിലേറിയതിന്റെ യുക്തി പിടികിട്ടുന്നില്ലെന്നദ്ദേഹം പറയുന്നു. ഭാവിയില്‍ സംഭവിച്ചേക്കാവുന്ന ഒരു തെറ്റിന്റെ പേരില്‍ ഒരു പ്രവാചകന്‍ തന്നെ മരണം വരിക്കുന്നതെങ്ങനെ? ബുദ്ധിപരമായി അതെങ്ങനെ ന്യായീകരിക്കും? പൊതുമത യുക്തിയോടത് യോജിക്കുന്നതായിരുന്നില്ല ആ വിശ്വാസം. അതുപോലെ തന്നെ ജൂതമതാനുയായികളുടെ പ്രവാചകരോടുള്ള നിലപാടും അംഗീകരിക്കാനാവില്ല. ജനങ്ങളെ സന്മാര്‍ഗത്തിലേക്ക് ക്ഷണിക്കാന്‍ നിയോഗിതരായ പ്രവാചകന്മാര്‍ മനുഷ്യര്‍ ചെയ്യാനറക്കുന്ന തെറ്റുകള്‍ ചെയ്തുവെന്നാണവരുടെ വിശ്വാസം. അതെങ്ങനെ വിശ്വസിക്കും ? ഈ ആരോപണങ്ങള്‍ വ്യാഖ്യാനങ്ങളിലല്ല, മറിച്ച് ദൈവികമെന്ന് വിശ്വസിക്കുന്ന ജൂതമതത്തിന്റെ യഥാര്‍ത്ഥ വേദഗ്രന്ഥങ്ങളിലാണുള്ളത്. ആ വേദഗ്രന്ഥത്തെ എങ്ങനെ ജീവിതത്തില്‍ പ്രയോഗവല്‍ക്കരിക്കും ? എന്നാല്‍ സ്പ്രിങ്ങറിന്റെ മതാന്വേഷണങ്ങളെ തൃപ്തിപെടുത്തുന്നതായിരുന്നു ഇസ്‌ലാമിന്റെ തത്വങ്ങള്‍.
ദീര്‍ഘകാല അന്വേഷണങ്ങള്‍ക്കൊടുവില്‍ ഇസ്‌ലാമുമായി കൂടുതലടുക്കാന്‍ ശ്രമിച്ചപ്പോള്‍ തന്റെ ഭാര്യക്കതിഷ്ടമായില്ലെന്നതില്‍ സ്പ്രിങ്ങര്‍ സങ്കടപെടുന്നു. അവളുടെ ചര്‍ച്ചയില്‍ മിഡ്‌ലീസ്റ്റോ അന്താരാഷ്ട്ര ചര്‍ച്ചകളോ ഉണ്ടായിരുന്നില്ല. ഗൗരവമാര്‍ന്ന ജീവിതം അവളിഷ്ടപെട്ടിരുന്നില്ല. അങ്ങനെ അഭിപ്രായവ്യത്യാസങ്ങളുടെ പേരില്‍ തനിക്കവവളെ ഇംഗ്ലണ്ടില്‍ ഉപേക്ഷിക്കേണ്ടിവന്നുവെന്ന് പറയുമ്പോള്‍ സ്പ്രിങ്ങറിന് വേദനയുണ്ട.്
തനിക്ക് പരിചയമുണ്ടായിരുന്ന ഒരു ലബനാന്‍ സുഹൃത്തിന്റെ സഹായത്തോടെയാണ് ഔദ്യോഗികമായി ഇസ് ലാം സ്വീകരിക്കുന്നത്. തുടര്‍ന്ന് അമേരിക്കയില്‍ തിരിച്ചെത്തി യു.എസ് ഗവണ്‍മെന്റില്‍ ജോലിനോക്കുകയും പഠനപ്രവര്‍ത്തനങ്ങള്‍ തുടരുകയും ചെയ്തു .അലാസ്‌കയിലാണന്ന് തമസിച്ചിരുന്നത്. രണ്ടു വര്‍ഷത്തോളമായി ഭാര്യയെ പിരിഞ്ഞിരിക്കുന്ന ഒരാളെ സംബന്ധിച്ചേടത്തോളം വിവാഹമെന്നത് ജൈവിക ആവശ്യം എന്നതിലുപരി ഇസ് ലാമികമായി ദീനിന്റെ പൂര്‍ത്തീകരണം കൂടിയായിരുന്നു. രസകരമായ ചില വിവാഹാന്വേഷണങ്ങള്‍ക്കൊടുവില്‍ വിശ്വാസിയായ ഒരുസ്ത്രീയെ താന്‍ വിവാഹം കഴിച്ചുവെന്നതില്‍ സ്പ്രിങ്ങര്‍ സന്തോഷിക്കുന്നു. താന്‍ വിശ്വസിക്കുന്ന ദൈവത്താല്‍ നയിക്കപെട്ടല്ലോ എന്ന കാര്യത്തില്‍ ആഹ്ലാളിദിക്കുകയും ചെയ്യുന്നു.
|