മാതാപിതാക്കള്‍ക്ക് മകന്റെ മേല്‍ ചില അവകാശങ്ങളുണ്ട്. നന്മ, അനുസരണം, ആദരവ് തുടങ്ങിയവയിലൂടെയാണ് അത് പ്രതിഫലിക്കുക. പ്രകൃതിയുടെ തേട്ടമാണത്. നല്ല നിലയില്‍ അവ അംഗീകരിക്കാനും നിര്‍വ്വഹിക്കാനും ഇസ് ലാം മകനെ നിര്‍ബന്ധിക്കുന്നു. ഇതില്‍ മാതാവിന്റെ അവകാശങ്ങള്‍ക്കാണ് കൂടുതല്‍ ഊന്നല്‍ നല്‍കേണ്ടത്. ഗര്‍ഭധാരണം, പ്രസവം, മുലകൊടുക്കല്‍, സംരക്ഷണം തുടങ്ങിയവയുടെ പ്രയാസം പേറുന്നത് അവരാണ്: അല്ലാഹു പറയുന്നു: ‘ മാതാപിതാക്കള്‍ക്ക് നന്മ ചെയ്യണമെന്ന് നാം മനുഷ്യരോട് നിര്‍ദ്ദേശിച്ചിരിക്കുന്നു. മാതാവ് വളരെ പ്രയാസം സഹിച്ചാണ് അവനെ ഗര്ഭംധരിച്ചുനടന്നത്. അവനെ പ്രസവിച്ചതും ഒട്ടേറെ പ്രയാസപ്പെട്ടുകൊണ്ടാണ്. ഗര്‍ഭം ചുമന്നു നടന്നതും മുലകുടി അവസാനിപ്പിച്ചതും മുപ്പത് മാസം കൊണ്ടാണ്.’ (അല്‍ അഹ്ഖാഫ്: 15)
ഒരാള്‍ നബി(സ) യോട് ചോദിച്ചു: ‘ എന്റെ ഉത്തമ സഹവാസത്തിന് ഏറ്റം അര്‍ഹമായത് ആരാണ്.? തിരുമേനി പറഞ്ഞു: ‘ നിന്റെ മാതാവ്.’ അയാള്‍ ചോദിച്ചു: പിന്നെ ആരാണ്.? ‘നിന്റെ മാതാ’വെന്ന് അവിടന്ന് പ്രതിവചിച്ചു. അദ്ദേഹം വീണ്ടും ചോദിച്ചു: ‘പിന്നെ ആരാണ്.?’ ‘താങ്കളുടെ മാതാ’വെന്ന് തിരുമേനി പിന്നെയും പറഞ്ഞു.’പിന്നെ ആരാണ്.?’ അയാള്‍ അന്വേഷിച്ചു: ‘ താങ്കളുടെ പിതാവ്’ നബി(സ) പറഞ്ഞു. (ബുഖാരി, മുസ്്ലിം)
മാതാപിതാക്കളെ വെറുപ്പിക്കല്‍ ഏറ്റം വലിയ പാപമായാണ് പ്രവാചകന്(സ) പരിഗണിച്ചിട്ടുള്ളത്. അല്ലാഹുവില്‍ പങ്ക് ചേര്‍ക്കുന്നതിന്റെ തൊട്ടടുത്ത് നില്ക്കുന്ന കുറ്റം അതാണ്. നബി(സ) ചോദിച്ചു: ‘ഏറ്റം ഗുരുതരമായ മൂന്ന് വന്‍പാപങ്ങളെക്കുറിച്ച് നിങ്ങള്‍ക്ക് ഞാന്‍ വിവരം നല്കട്ടെ.? ‘ അവര്‍ പറഞ്ഞു: ‘അതെ, അല്ലാഹുവിന്റെ ദൂതരേ.’ തിരുമേനി പറഞ്ഞു: ‘ അല്ലാഹുവില്‍ പങ്ക് ചേര്‍ക്കല്‍, മാതാപിതാക്കളെ വെറുപ്പിക്കല്‍.’ ചാരിയിരിക്കുകയായിരുന്ന അവിടന്നു നിവര്ന്നിരുന്നുകൊണ്ടിങ്ങനെ പറഞ്ഞു: ‘കള്ളം പറയലും കള്ളസാക്ഷ്യവും.’ (ബുഖാരി, മുസ്്ലിം)
പ്രവാചകന്(സ) പ്രഖ്യാപിച്ചു: ‘ മൂന്നാളുകള്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുകയില്ല. മാതാപിതാക്കളെ വെറുപ്പിക്കുന്നവര്, തന്റെ സംരക്ഷണത്തിലുള്ള സ്ത്രീയെ വ്യഭിചാരത്തിന് വിട്ടുകൊടുക്കുന്നവന്, പുരുഷവേഷം കെട്ടുന്ന സ്ത്രീ.’ (നസാഈ, ബസ്സാര്‍, ഹാക്കിം)വീണ്ടും പറയുന്നു: ‘അല്ലാഹു ഉദ്ദേശിക്കുന്ന എല്ലാ പാപങ്ങളും അന്ത്യനാളിലേക്ക് നീട്ടിവെക്കുന്നു; മാതാപിതാക്കളെ വെറുപ്പിക്കലൊഴിച്ച്! അത് ചെയ്യുന്നവന് മരണത്തിന്് മുമ്പ് ഇഹലോകത്തുവെച്ച് തന്നെ ശിക്ഷ നല്കാന് അല്ലാഹു ധിറുതി കാണിക്കുന്നു.’ (ഹാക്കിം)
വാര്‍ദ്ധക്യം ബാധിച്ച് ശക്തി ക്ഷയിച്ച്, പരാശ്രയം വര്‍ദ്ധിച്ച് കൂടുതല്‍ ശ്രദ്ധയും പരിലാളനയും ആവശ്യമായി വരുന്ന ഘട്ടത്തില്‍ അവരെ പ്രത്യേകം പരിഗണിക്കണമെന്ന് പരിശുദ്ധ ഖുര്‍ആന്‍ പ്രത്യേകം ആവശ്യപ്പെടുന്നു. അല്ലാഹു പറയുന്നു: ‘ നിന്റെ നാഥന്റെ കല്പനകള്ക്കല്ലാതെ കീഴ്പ്പെട്ട് ജീവിക്കരുത്. മാതാപിതാക്കളോട് ഉദാരത കാണിക്കണം. അവര്‍ രണ്ടിലാരെങ്കിലുമോ രണ്ടാളുമോ നിന്റെയടുക്കല്‍ വാര്‍ദ്ധക്യം ബാധിച്ചവരായുണ്ടെങ്കില് ‘ഛെ” എന്നുപോലും അവരോട് പറയരുത്. പുരുഷ സ്വരത്തില്‍ അവരെ എതിര്‍ത്ത് സംസാരിക്കരുത്. അവര്‍ രണ്ടാളുകളോടും മാന്യമായ വാക്കുകള്‍ പറയുക. ഇതെല്ലാം നാഥന് കല്പിച്ചവയാണ്. ഇപ്രകാരം തന്നെ കാരുണ്യപുരസ്സരം വിനയത്തിന്റെ ചിറക് അവര്‍ക്കിരുവര്‍ക്കും നീ വിടര്‍ത്തി കൊടുക്കുക. ‘എന്റെ നാഥാ, ചെറുപ്രായത്തില്‍ അവര്‍ രണ്ടു പേരും എന്നെ പരിപാലിച്ച് വളര്‍ത്തിയതുപോലെ നീ അവരോട് കരുണകാണിക്കണമേ’യെന്ന് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.’ (ബനീ ഇസ്രാഈല്‍: 23,24)
ഈ ഖുര്‍ആന്‍ വാക്യങ്ങളുടെ അനുബന്ധമായി ഹദീസുകളില്‍ ഇങ്ങനെ വന്നിട്ടുണ്ട്: ‘ഛെ’ എന്നതിനെക്കാള്‍ നിസ്സാരമായ വല്ല വാക്കും വെറുപ്പിക്കുന്നവയായുണ്ടെങ്കില് അതും അല്ലാഹു നിഷിദ്ധമാക്കുമായിരുന്നു.’മാതാപിതാക്കളെ കുറ്റപ്പെടുത്താന്‍ ഇടവരുത്തല്‍
തന്റെ മാതാപിതാക്കളെ ആക്ഷേപിക്കാന്‍ ഇടവരുത്തുന്നത് നബി(സ) നിഷിദ്ധമാക്കിയിരിക്കുന്നു. എന്നല്ല, അതിനെ വന്‍പാപമായി പരിഗണിച്ചിരിക്കുന്നു.
തിരുമേനി(സ) പറഞ്ഞു: ‘ഒരാള്‍ തന്റെ മാതാപിതാക്കളെ ശപിക്കല്‍ ഏറ്റം ഗുരുതരമായ വന്‍പാപങ്ങളില്‍ പെട്ടതാണ്.’ തന്റെ ജീവന് കാരണക്കാരായ സ്വന്തം മാതാപിതാക്കളെ വിശ്വാസികളും ബുദ്ധിയുള്ളവരുമായ ആരെങ്കിലും ശപിക്കുമോയെന്ന് ആളുകള്‍ അദ്ഭുതം പ്രകടിപ്പിച്ചു. അതിനാല്‍ അവര്‍ ചോദിച്ചു: ‘ഒരാള്‍ എങ്ങനെയാണ് തന്റെ മാതാപിതാക്കളെ ശപിക്കുക.?’ തിരുമേനി പറഞ്ഞു: ‘ ഒരാള്‍ മറ്റൊരാളുടെ പിതാവിനെ ചീത്തപറയും. അതിനാല്‍ അയാള്‍ ഇയാളുടെ പിതാവിനെയും ആക്ഷേപിക്കും. ഇയാള്‍ ഇതരന്റെ മാതാവിനെ ചീത്തവിളിക്കും. അയാള്‍ തിരിച്ച് ഇയാളുടെ മാതാവിനെയും ചീത്തപറയും.’ (ബുഖാരി, മുസ്്ലിം)
അതിനാല്‍, സ്വന്തം മാതാപിതാക്കളുടെ മുഖത്തുനോക്കി അവരെ ദുഷിക്കുന്നവരുടെ അവസ്ഥ എന്തായിരിക്കും.?മാതാപിതാക്കളുടെ അനുവാദമില്ലാത്ത ജിഹാദ്
അല്ലാഹുവിന്റെ മാര്‍ഗ്ഗത്തിലുള്ള ജിഹാദിന് ഇസ് ലാമില്‍ അതിമഹത്തായ സ്ഥാനമാണുളളത്. രാത്രി നിന്ന് നമസ്കരിക്കലും വ്രതമനുഷ്ഠിക്കലും അതിന് പകരമാവുകയില്ല. എന്നിട്ടും മാതാപിതാക്കളുടെ അനുവാദമില്ലാതെ മകന് ജിഹാദിനു പോകല്‍ ഇസ്്ലാം വിലക്കിയിരിക്കുന്നു. കാരണം, ഈ ദീന് മാതാപിതാക്കളുടെ സംതൃപ്തിയില്‍ ആത്യധികം താത്പര്യം കാണിച്ചിട്ടുണ്ട്. അബ്ദുല്ലാഹിബ്നു അംറുബ്നുല്‍ ആസ്വില്നിന്ന് നിവേദനം: ഒരാള്‍ നബി(സ)യുടെ അടുത്ത് വന്ന് ജിഹാദിന് പോകാന്‍ അനുവാദം ചോദിച്ചു. ‘നിന്റെ മാതാപിതാക്കള്‍ ജീവിച്ചിരിപ്പുണ്ടോ.?’ തിരുമേനി അന്വേഷിച്ചു.’ അതെ’ എന്ന് അയാള്‍ പറഞ്ഞു. ‘ എങ്കില്‍ അവര്‍ രണ്ടാളുടെയും കാര്യത്തില്‍ നീ ജിഹാദ് ചെയ്യുക.’ അവിടന്ന് അരുള്‍ ചെയ്തു. (ബുഖാരി, മുസ്്ലിം) അഥവാ അവരെ സംരക്ഷിക്കാനും നന്മ ചെയ്യാനും ശ്രമിക്കുകയെന്നര്ത്ഥം.മറ്റൊരു റിപ്പോര്‍ട്ടില്‍ ഇങ്ങനെ വന്നിട്ടുണ്ട്: ‘ ഇബ്നുഅംറുബ്നുല് ആസ്വ് പറയുന്നു: നബി(സ)യുടെ അടുത്ത് ഒരാള്‍ വന്ന് പറഞ്ഞു: ഹിജ്്റ പോകുമെന്നും ജിഹാദ് ചെയ്യുമെന്നും ഞാന്‍ നിങ്ങളോട് ബൈഅത്ത് ചെയ്യാം. പകരമായി അല്ലാഹുവില്‍ നിന്നുള്ള പ്രതിഫലം പ്രതീക്ഷിക്കുന്നു. ‘അപ്പോള്‍ തിരുമേനി (സ) അന്വേഷിച്ചു: ‘താങ്കളുടെ മാതാപിതാക്കളില്‍ ആരെങ്കിലും ജീവിച്ചിരിപ്പുണ്ടോ.?’ ‘അതെ, അവരിരുവരും ജീവിച്ചിരിപ്പുണ്ട്.’ അയാള്‍ പറഞ്ഞു. ‘താങ്കള്‍ അല്ലാഹുവില്‍ നിന്നുള്ള പ്രതിഫലം പ്രതീക്ഷിക്കുന്നുണ്ട്.?’ നബി(സ) ചോദിച്ചു. ‘തീര്‍ച്ചയായും’ – ആഗതന് പറഞ്ഞു. ‘ എങ്കില്‍ താങ്കള്‍ മാതാപിതാക്കളുടെ അടുത്തു ചെന്ന് അവരോടുളള സഹവാസം നന്നാക്കിത്തീര്‍ക്കുക.’ (മുസ് ലിം)
അദ്ദേഹം തന്നെ പറയുന്നു: ഒരാള്‍ നബി(സ) യുടെ അടുത്ത് വന്ന് ഇങ്ങനെ പറഞ്ഞു: ‘ഹിജ്്റ പോകാമെന്ന് തിരുമേനിയോട് ബൈഅത്ത് ചെയ്യാനാണ് ഞാന്‍ വന്നത്. കരയുന്ന മാതാപിതാക്കളെ വിട്ടേച്ചാണ് ഇങ്ങോട്ട് പുറപ്പെട്ടത്.’ ഇതുകേട്ട പ്രവാചകന്(സ) പ്രതിവചിച്ചു: ‘താങ്കള്‍ അവരുടെ അടുക്കലേക്ക് മടങ്ങിപ്പോവുക. അവരെ കരയിപ്പിച്ചപോലെ ചിരിപ്പിക്കുക.’ (ബുഖാരിയും മറ്റും ഉദ്ധരിച്ചത്.)
അബൂ സഈദില്‍ നിന്ന് നിവേദനം: യമന്‍കാരനായ ഒരാള്‍ നബി(സ)യുടെ അടുക്കലേക്ക് ഹിജ്റ വന്നു. ‘താങ്കള്‍ക്ക് യമനില്‍ ആരെങ്കിലുമുണ്ടോ.?’ തിരുമേനി അന്വേഷിച്ചു. ‘ എന്റെ മാതാപിതാക്കള്‍’ – അദ്ദേഹം മറുപടി പറഞ്ഞു അവരിരുവരും താങ്കള്‍ക്ക് അനുവാദം നല്‍കിയിട്ടുണ്ടോ.?’ നബി(സ) ചോദിച്ചു. ” ഇല്ല” എന്ന് അയാള്‍ ഉത്തരം നല്കി.’ എങ്കില്‍ താങ്കള്‍ അവരുടെ അടുത്തുചെന്ന് സമ്മതം ആരായുക. അനുവദിച്ചാല്‍ ജിഹാദ് ചെയ്യുക. ഇല്ലെങ്കില്് അവര്‍ക്ക് നന്മ ചെയ്തുകൊള്ളുക.’ (അബൂദാവൂദ്)
ബഹുദൈവവിശ്വാസികളായ മാതാപിതാക്കള്‍
സത്യനിഷേധികളായ ബഹുദൈവ വിശ്വാസികള്‍, തങ്ങളുടെ ബഹുദൈവവാദത്തില് ആഴ്ന്നിറങ്ങിയവര്‍, അതിലേക്ക് ക്ഷണിക്കുന്നവര്, മുസ്്ലിമായ മകന്റെ വിശ്വാസം നശിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍- മാതാപിതാക്കള്‍ ഇങ്ങനെയെല്ലാം ആണെങ്കിലും അവരെ വെറുപ്പിക്കുകയും ചീത്ത പറയുകയും ചെയ്യുന്നത് ഇസ്്ലാം നിഷിദ്ധമാക്കിയിരിക്കുന്നു. മാതാപിതാക്കളോടുള്ള ഇസ്്ലാമിക സമീപനത്തിന്റെ ഏറ്റം മനോഹരമായ വശം ഇതത്രെ. അല്ലാഹു പറയുന്നു: ‘എന്നോട് നന്ദി കാണിക്കുക. നിന്റെ മാതാപിതാക്കളോടും. മടക്കം എന്റെ അടുക്കലേക്കത്രെ. യഥാര്ത്്ഥ നിലപാട് നിനക്കറിയാത്ത കാര്യങ്ങള്‍ എന്നില്‍ പങ്കാളിയാക്കി വെക്കണമെന്ന് അവര്‍ ഇരുവരും നിന്നെ നിര്‍ബന്ധിച്ചാല്‍ അവരെ നീ അനുസരിക്കരുത്. ജീവിതത്തില്‍ അവരുമായി നല്ലനിലയില്‍ സഹവസിക്കുക. എന്നിലേക്ക് പശ്ചാത്തപിച്ചു മടങ്ങിയവരുടെ മാര്‍ഗ്ഗം പിന്തുടരുക. പിന്നീട് നിങ്ങളുടെ മടക്കം എന്റെ അടുക്കലേക്ക് തന്നെയാണ്. നിങ്ങള്‍ പ്രവര്ത്തിച്ചുകൊണ്ടിരിക്കുന്നവയെ സംബന്ധിച്ച് അപ്പോള്‍ നാം അറിയിച്ചുകൊള്ളും.’ (ലുഖ്്മാന്‍ : 14,15)
ഈ രണ്ട് വാക്യങ്ങളിലൂടെ മാതാപിതാക്കള്‍ ശ്രമിക്കുന്നതിലും കല്പിക്കുന്നതിലും അവരെ അനുസരിക്കരുതെന്ന് മുസ്്ലിമിനോട് അല്ലാഹു ആജ്ഞാപിച്ചിരിക്കുന്നു. കാരണം, സ്രഷ്്ടാവിനെ ധിക്കരിച്ച് സൃഷ്്ടിക്ക് അനുസരണമില്ല. അല്ലാഹുവില്‍ പങ്കു ചേര്‍ക്കുന്നതിനേക്കാള്‍ വലിയ പാപം ഏതുണ്ട്.? അതോടൊപ്പം ഐഹിക ജീവിതത്തില്‍ അവരുമായി നല്ല നിലയില്‍ സഹവസിക്കാന്‍ മുസ്്ലിം ശാസിക്കപ്പെട്ടിരിക്കുന്നു. എന്നാല്‍, അവരുടെ സമീപനം വിശ്വാസത്തെ തീരെ സ്വാധീനിക്കാവതല്ല, മറിച്ച് അല്ലാഹുവിലേക്ക് പശ്്ചാത്തപിച്ചു മടങ്ങിയ നല്ലവരായ വിശ്വാസികളുടെ മാര്‍ഗ്ഗം അനുധാവനം ചെയ്യുകയാണ് വേണ്ടത്. തനിക്കും മാതാപിതാക്കള്‍ക്കുമിടയിലുള്ള തീരുമാനം. വിധികര്‍ത്താക്കളില്‍ ഏറ്റം നന്നായി വിധിക്കുന്നവന് വിട്ടുകൊടുക്കുകയും വേണം. ഒരു മകന്നും തന്റെ പിതാവിന് ഒരുപകാരവും ചെയ്യാനാവാത്ത, ഒരു പിതാവിന്നും തന്റെ മക്കള്‍ക്ക് ഒന്നും നേടിക്കൊടുക്കാന്‍ കഴിയാത്ത നാളിലാണ് അത് നടക്കുക. സഹിഷ്ണുതയുടെ സമുന്നത പദവിയാണിത്. മറ്റൊരു മതവും ഈ ഉന്നതവിതാനത്തിലേക്ക് ഉയര്‍ന്നിട്ടില്ല. |