ജിദ്ദയിലെ ഒര്‍ സ്‌പോര്‍ട്‌സ് ക്ലബ്ബിലെ സ്വിമ്മീംഗ് പൂളില്‍ അബ്ദുല്ല ഏതാണ്ട് മുഴുവന്‍ മുങ്ങി കഴിഞ്ഞിരുന്നു. 15 മിനിറ്റുകളോളം, വെള്ളത്തില്‍ കഴിഞ്ഞ അദ്ദേഹത്തിന്റെ തലച്ചോറിനെ അത് സാരമായി ബാധിക്കുകയും തുടര്‍ന്ന് പക്ഷാഘാതം പിടികൂടുകയും ചെയ്തു. പക്ഷെ, സംഭവം, അദ്ദേഹത്തിന്റെ ജീവിതം ആകപ്പാടെ മാറ്റിക്കളയുകയായിരുന്നു. തന്റെ ജീവിതം പൂര്‍ണമായി ഇസ്‌ലാമിക പ്രവര്‍ത്തനത്തിന്നു സമര്‍പ്പിക്കുകയാണദ്ദേഹം ചെയ്തത്.
പൂര്‍ണ പക്ഷാഘാത രോഗിയായ അബ്ദുല്ല ബാനിമ, ഒരു ദിവസം സാറ്റലൈറ്റ് ടെലിവിഷന്റെ ഒരു പ്രോഗ്രാമില്‍ പ്രത്യക്ഷനായി. ആഗോള തലത്തില്‍ ഇസ്‌ലാമിക സന്ദേശമെത്തിക്കുന്നതിനെ സംബന്ധിച്ച ചര്‍ച്ചയായിരുന്നു അതില്‍. വൈകല്യത്തെ അതിജയിക്കാനുള്ള അദ്ദേഹത്തിന്റെ ധൈര്യം. ഇസ്‌ലാമിക പ്രവര്‍ത്തനത്തിന്നു ഉഴിഞ്ഞു വെക്കപ്പെട്ട തന്റെ ജീവിതം. ജിദ്ദയിലെ ഒരു തഹ്ഫീദുല്‍ ഖുര്‍ആന്‍ മദ്രസ്സയില്‍ അധ്യാപികയായി ജോലി ചെയ്യുന്ന ഒരു യുവതിയെ ഈ രംഗം ആകര്‍ഷിച്ചു. സൗദിയിലെ പ്രശസ്തമായ അല്‍ഗാമിദി കുടുംബത്തിലെ ഒരംഗം കൂടിയായിരുന്നു അവര്‍. അബ്ദുല്ലയുടെ വൈകല്യമോ, തന്റെ കുടുംബ മാഹാത്മ്യമോ ചിന്തിക്കാന്‍ അവര്‍ മിനക്കെട്ടില്ല. തങ്ങള്‍ ഇരുവരെയു ഒന്നിപ്പിക്കുന്ന ഒരു കണ്ണിയുണ്ടായിരുന്നു. ഇസ്‌ലാമിക പ്രബോധനത്തിന്ന് ഉഴിഞ്ഞു വെക്കപ്പെട്ട ജീവിതം. അതാണവര്‍ക്ക് പ്രചോദനമേകിയത്. ഉടനെ അവര്‍ പിതാവ് ഥൈഫുല്ലാ ബിന്‍ സഅദിനെ സമീപിക്കുന്നു. അയാളെ വിവാഹം ചെയ്യാനുള്ള തന്റെ അഭിലാഷം അറിയിക്കുന്നു. ഇസ്‌ലാമിക പ്രവര്‍ത്തകയായ മകളുടെ ഇംഗിതത്തിന്നപ്പുറം ഒന്നും ചിന്തിക്കാത്ത പിതാവാകട്ടെ സമ്മതം മൂളുകയും ചെയ്തു. അദ്ദേഹം അബ്ദുല്ലയുടെ കുടുംബവുമായി ബന്ധപ്പെടുകയും താമസിയാതെ വിവാഹം നടക്കുകയും ചെയ്തു. വധൂവരന്മാര്‍ക്ക് ആശംസകളര്‍പ്പിക്കാനായി, ജിദ്ദയിലെ ‘അല്‍ സലാം വിവാഹ മണ്ഡപ’ റോഡില്‍ ഒരുമിച്ചു കൂടിയ സ്‌നേഹ ജനങ്ങളുടെ നീണ്ട ക്യൂ, ഈ മാതൃകാ പ്രണയത്തിന്റെ സാക്ഷാല്‍ക്കാരത്തിന്ന് അംഗീകാരം നല്‍കുകയായിരുന്നു.
മകള്‍ അബ്ദുല്ലയെ സ്വമേധയാ തെരഞ്ഞെടുക്കുകയായിരുന്നുവെന്നും, അല്ലാഹുവിന്റെ മാര്‍ഗത്തില്‍, കൈകോര്‍ത്തു പിടിച്ചു കൊണ്ട് പ്രവര്‍ത്തിക്കുകയായിരുന്നു അയാളെ വിവാഹം ചെയ്തതിന്റെ ലക്ഷ്യമെന്നും പിതാവ് ഥൈഫുല്ലാ പറയുന്നു. ഭക്തരായ സന്താനങ്ങളെ കൊടുത്തു അനുഗ്രഹിക്കാന്‍ അല്ലാഹുവൊട് പ്രാര്‍ത്ഥിക്കുകയല്ലാതെ തനിക്കൊന്നും പറയാനില്ലെന്നായിരുന്നു വരന്റെ പിതാവ് ഉമര്‍ ബനാമിയുടെ പ്രതികരണം. തന്റെ മക്കള്‍ വൈകല്യമില്ലാതെ വളരുന്നത് കാണാന്‍ അബ്ദുല്ലക്ക് കഴിയട്ടെ എന്നും അദ്ദേഹം ആശംസിച്ചു.
വിവാഹത്തില്‍ വളരെ സംതൃപ്തിയായിരുന്നു അബ്ദുല്ലക്കുണ്ടായിരുന്നത്. ‘ആദ്യം, ഇതവളുടെ താല്പര്യമായിരുന്നുവെന്ന് എനിക്ക് വിശ്വസിക്കാന്‍ കഴിഞ്ഞിരുന്നില്ല. സത്യത്തില്‍ അവള്‍ എന്നെ അമ്പരപ്പിക്കുകയായിരുന്നു. മാന്യമായ അവളുടെ നിലപാടും, എന്നെ വിവാഹം കഴിക്കണമെന്ന നിര്‍ബന്ധവും ഞാനൊരിക്കലും മറക്കുകയില്ല.’ അബ്ദുല്ല പറഞ്ഞു. ‘ശിഷ്ടജീവിതത്തില്‍ അവളെ സന്തോഷിപ്പിക്കാന്‍ എനിക്ക് കഴിയേണമേ എന്നാണ് രാപ്പകല്‍ എന്റെ പ്രാര്‍ത്ഥനയെന്നും അദ്ദേഹം പറഞ്ഞു. തനിക്ക് ആശംസകളര്‍പ്പിക്കാനായി ഒരുമിച്ചു കൂടിയ ഈ ജനക്കൂട്ടത്തെയും മറക്കാനാവുകയില്ലെന്ന് അദ്ദേഹം പറഞ്ഞു. ഹൌ! എന്തൊരു കഥ! ശ്രദ്ധേയമായ കുറെ വസ്തുതകള്‍ ഇവിടെയുണ്ട്:
1. ഇത്തരത്തിലുള്ള ആളുകള്‍ നിലകൊള്ളുന്നുണ്ടെന്നതാണ് ഒന്നാമത്തേത്. മാശാ അല്ലാഹ്! ഇവിടെ മകളും പിതാവും കുടുംബവുമെല്ലാം അഭിനന്ദനമര്‍ഹിക്കുന്നു. ഇത്തരമൊരവസ്ഥ അഭിമുഖീകരിച്ചത് നമ്മെയാണെന്ന് സങ്കല്പിക്കുക! അതെ, സ്വന്തം മകളെ ഒരു വികലാംഗന്ന് വിവഹം ചെയ്തു കൊടുക്കാന്‍ നിങ്ങള്‍ സന്നദ്ധനാകുമോ? അതിവിപുലമായ കുടുംബത്തെ കുറിച്ചെന്തു തോന്നുന്നു? പ്രശസ്തമായ അല്‍ ഗാമിദി കുടുംബാംഗമാണവള്‍. സമൂഹത്തിലെ ഒരു കുലീന യുവതി! അദ്ദേഹമാകട്ടെ ഒരു ഹദ്‌റമിയും. സാമൂഹിക ബഹുമതിയും സമ്മര്‍ദ്ദവും അവഗണിക്കാന്‍ ആളുകള്‍ക്കെങ്ങനെ കഴിയും? മാശാ അല്ലാഹ്! അല്ലാഹു അവര്‍ക്ക് മാര്‍ഗ ദര്‍ശനം നല്‍കട്ടെ. ഇരുവീട്ടിലും അനുഗ്രഹം ചൊരിയട്ടെ. സമൂഹത്തിലെ ഉത്തമ മാതൃകകളത്രെ ഇവര്‍.
2. ഇസ്‌ലാമിനോടുള്ള ഇവരുടെ അതീവ താല്പര്യം ശ്രദ്ധിക്കുക. ഒരു ദുരന്തത്തിന്നു ശേഷമാണ് ഈ മനുഷ്യന്റെ ജീവിതം മാറിയതെന്നത് ശ്രദ്ധേയമാണ്. അപ്പോള്‍, ദുരന്തമാണ് തുടക്കം. ഇന്‍ശാ അല്ലാഹ്, നൈതികതയിലേക്കുള്ള യാത്രയുടെ ആരംഭം.
3. അല്ലാഹു എന്തെങ്കിലും ഒരനുഗ്രഹം ആര്‍ക്കെങ്കിലും ചെയ്യണമെന്ന് ഇച്ഛിച്ചാല്‍, എത്ര പ്രയാസമുണ്ടായാലും അത് നടക്കുക തന്നെ ചെയ്യും. ഒരു പക്ഷാഘാത രോഗി വിവാഹിതനാകുമെന്ന് ആരാണ് വിചാരിക്കുക? ഇദ്ദേഹം വിവാഹ കഴിക്കുക മാത്രമല്ല, ബഹുഭൂരിഭാഗം സ്ത്രീകളെക്കാളും ഉത്തമയായ ഒരു ഭാര്യയെ അയാള്‍ക്ക് ലഭിക്കുകയും ചെയ്തു.
4. വൈവാഹിക പ്രശ്‌നത്തില്‍ യുവതി സ്വീകരിച്ച മാന്യമായ നിലപാടും ശ്രദ്ധേയമാണ്. അവള്‍ ഒരു പുരുഷനെ പ്രണയി – ഒരു പുരുഷനോട് തോന്നിയ അവാജ്യ സ്‌നേഹവും അയാളെ വിവാഹം ചെയ്യാനുള്ള താല്പര്യവും – ക്കുന്നു. അവള്‍ അത് പിതാവിനോട് സംസാരിക്കുന്നു. പിതാവ് പുരുഷന്റെ കുടുംബവുമായി ബന്ധപ്പെടുന്നു. സ്ത്രീ പുരുഷന്മാര്‍ക്ക് ഇസ്‌ലാം ഒരുക്കിയ പരിശുദ്ധമായ ഒരു മാര്‍ഗമാണിത്. സാധാരണയില്‍, തെറ്റായ ബന്ധത്തിലകപ്പെടുകയും വൈകാരികമായ ചെളിക്കുണ്ടിലകപ്പെടുകയുമാണല്ലോ. പതിവ്. പിന്നെ അവിടെ സ്‌നേഹമില്ല, വിശുദ്ധിയില്ല, ചാരിത്ര്യവുമില്ല. കേവലം സ്വാര്‍ത്ഥതയും വേദനയും മനുഷ്യരെ മൃഗങ്ങളാക്കി മാറ്റുന്ന വികാരങ്ങളും മാത്രം.
വിവ : കെ.എ. ഖാദര്‍ ഫൈസി