ഖുര്‍ആന്‍ അത്ഭുത ഗ്രന്ഥം-6

അല്‍ ഖുര്‍ആന്‍

ഖുര്‍ആന്‍ അത്ഭുത ഗ്രന്ഥം-6

ഭൂമിക്ക് മുകളിലുള്ള ഉപരിമണ്ഡലങ്ങളിലേക്ക് മനുഷ്യന് പറന്നുയരാനാവും. അതിനുള്ള ഊര്‍ജതന്ത്രാധിത്യം അവന്‍ ആര്‍ജിക്കേണ്ടതുണ്ട്: ”ജിന്നുകളുടെയും മനുഷ്യരുടെയും സമൂഹമേ, ഉപരിലോകമണ്ഡലങ്ങളുടെയും ഭൂമിയുടെയും മേഖലകള്‍ക്കപ്പുറത്തേക്ക് നിങ്ങള്‍ക്ക് കടന്നുപോകാന്‍ കഴിയുമെങ്കില്‍ പോയിക്കൊള്ളുക. അതിനുള്ള യോഗ്യതാധികാരം നേടിയാലല്ലാതെ നിങ്ങള്‍ക്ക് കടന്നുപോകാനാവില്ല” (അര്‍റഹ്മാന്‍: 33). മനുഷ്യന് യാത്രചെയ്യാനും അവന്റെ ഭാരമേറിയ ചരക്കുകള്‍ കടത്താനും ജലപ്പരപ്പിലോടുന്ന കപ്പലുകള്‍ ദൈവം സംവിധാനിച്ചുതന്നതുപോലെ കരയിലോടാനും ഉപരിയിലേക്കുയരാനുമുള്ള വാഹനങ്ങളും ദൈവം സംവിധാനിച്ചിട്ടുണ്ട്: ”അവരുടെ സന്തതികളെ നാം കപ്പലില്‍കയറ്റി നിറച്ചുകൊണ്ടുപോയത് അവര്‍ക്ക് ഒരു ദൃഷ്ടാന്തമാണ്. അതുപോലെ അവര്‍ക്ക് വാഹനമായി ഉപയോഗിക്കാന്‍ മറ്റുപലതും നാം സംവിധാനിച്ചിട്ടുണ്ട്” (യാസീന്‍: 41,42). ”കുതിരകളെയും കഴുതകളെയും കോവര്‍കഴുതകളെയും നിങ്ങള്‍ക്ക് വാഹനങ്ങളായി ഉപയോഗിക്കാനും അലങ്കാരത്തിനായും അല്ലാഹു സൃഷ്ടിച്ചിരിക്കുന്നു.

(ഈ ആവശ്യങ്ങള്‍ക്കായി) നിങ്ങള്‍ക്കറിഞ്ഞുകൂടാത്ത പലതും അല്ലാഹു സൃഷ്ടിക്കുകയും ചെയ്യും” (അന്നഹ്ല്‍: 8). മനുഷ്യന് അവ പഠിച്ചു കണ്ടെത്താനും ഉപയോഗിക്കാനുമായി ഭൂമിയിലുള്ളതും ഉപരിമണ്ഡലങ്ങളിലുള്ളതും അവയ്ക്കിടയിലുള്ള വായുമണ്ഡലവും സ്രഷ്ടാവായ ദൈവം മനുഷ്യര്‍ക്ക് അധീനമാക്കിവച്ചിരിക്കുന്നു: ”ഉപരിലോകമണ്ഡലങ്ങളിലുള്ളതും ഭൂമിയിലുള്ളതുമായ സകലതും അല്ലാഹു അവനില്‍നിന്ന് നിങ്ങള്‍ക്ക് പ്രത്യേകമുള്ളതായി വിധേയമാക്കിത്തന്നിരിക്കുന്നു” (അല്‍ജാസിയഃ: 13).
ഇത്തരത്തിലുള്ള ഗോളശാസ്ത്രപരവും പദാര്‍ഥശാസ്ത്രപരവുമായ ഒട്ടേറെ വസ്തുതകള്‍ ഖുര്‍ആന്‍ മുഹമ്മദ് നബിയുടെ മുമ്പില്‍ നിരത്തിയിട്ടുണ്ട്. ഇതുമായി അദ്ദേഹം മനുഷ്യരോട് സംവദിക്കാന്‍ പുറപ്പെട്ടു.

പക്ഷേ, അക്കാലത്ത് അത് സംവേദനം ചെയ്യാന്‍ ആരാണുണ്ടായിരുന്നത്? മനുഷ്യന്‍ ഗോളാന്തരയാത്രകള്‍ നടത്തുമെന്നും മറ്റു ഗോളങ്ങളില്‍ ജീവികളുണ്ടെന്നും അര്‍ഥശങ്കയ്ക്കിടയില്ലാത്തവിധം പറയുന്ന ഖുര്‍ആന്റെ വിജ്ഞാനമേധാവിത്വത്തോട് പ്രതികരിക്കാന്‍ ഇന്നാര്‍ക്ക് കഴിയും? ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ ശാസ്ത്രയുഗത്തിന്റെ ഉച്ചിയിലാണ് നാമിന്ന്. പക്ഷേ, മറ്റു ഗോളങ്ങളില്‍ ജീവികളില്ലായെന്ന് സ്ഥിരീകരിച്ചുകൊണ്ട് ഖുര്‍ആനെ വെല്ലുവിളിക്കുക -ഇതാര്‍ക്ക് കഴിയും? ഉണ്ട് എന്ന് പ്രഖ്യാപിക്കുക, അതുവഴി ഖുര്‍ആന്റെ വാദത്തെ സ്ഥിരീകരിക്കുക -ഇതും ഇന്നാര്‍ക്കും സാധ്യമല്ല.
മുഹമ്മദ് നബി ദൈവദൂതനായി ഇരുപത്തിമൂന്നു വര്‍ഷം ജീവിച്ചു. ആദ്യത്തെ ഏതാനും വര്‍ഷങ്ങള്‍ മക്കയില്‍. ആ വര്‍ഷങ്ങള്‍ വിഗ്രഹാരാധന ദൈവനിന്ദയാണെന്നും ബഹുദൈവസങ്കല്‍പങ്ങള്‍ വിഡ്ഢിത്തമാണെന്നും സ്ഥാപിക്കാനുള്ള വര്‍ഷങ്ങളായിരുന്നു. സൃഷ്ടിക്കാനും പരിപാലിക്കാനും സംഹരിക്കാനും വ്യത്യസ്ത ദൈവങ്ങളുണ്ടെന്ന് വിശ്വസിക്കുന്നത് വങ്കത്തമാണെന്നും എല്ലാറ്റിനുമായി സര്‍വശക്തനായ ഏകദൈവം മതിയെന്നും സ്രഷ്ടാവായ ദൈവത്തെ മനുഷ്യന്‍ രൂപകല്‍പന ചെയ്യുന്നത് കടുത്ത അക്രമമാണെന്നും സ്ഥാപിക്കാനായിരുന്നു അദ്ദേഹം ഈ വര്‍ഷങ്ങള്‍ ഉപയോഗപ്പെടുത്തിയിരുന്നത്.
സ്വാഭാവികമായും ഇത് സംഘര്‍ഷത്തിന്റെ വര്‍ഷങ്ങളായി മാറി, ക്ഷമയുടെയും. കാരണം അദ്ദേഹം പീഡിപ്പിക്കപ്പെട്ടു. തുടര്‍ന്ന് മദീനക്കാര്‍ അദ്ദേഹത്തെ സ്വീകരിച്ചു. അവര്‍ അദ്ദേഹത്തിന്റെ സഹായികളായി.

അദ്ദേഹം മദീനയിലേക്ക് പലായനം ചെയ്തു. അവിടെ അദ്ദേഹം ഒരു പുതിയ സമൂഹവും രാഷ്ട്രവും കെട്ടിപ്പടുത്തു. അദ്ദേഹം പല സമൂഹങ്ങളുമായി സന്ധിയുണ്ടാക്കി. ചിലരുമായി യുദ്ധത്തിലേര്‍പ്പെടേണ്ടതായും വന്നു. സംഭവബഹുലമായ ഈ കാലയളവില്‍ അദ്ദേഹവും സമൂഹവും സന്ദിഗ്ധങ്ങളായ പല സന്ദര്‍ഭങ്ങളിലൂടെയും കടന്നുപോയി. ഈ ഘട്ടങ്ങളില്‍ വിവിധ പശ്ചാത്തലങ്ങളിലാണ് ഖുര്‍ആനിലെ വചനങ്ങളെല്ലാം അവതീര്‍ണമായത്. അര്‍ഥഗാംഭീര്യമുള്ളതും സങ്കീര്‍ണങ്ങളായ ആശയങ്ങളടങ്ങിയതുമായ വചനങ്ങള്‍ അഭിസംബോധിതസമൂഹത്തിന് വളരെ ഗ്രാഹ്യമായി അനുഭവപ്പെട്ടുവെന്നത് ഖുര്‍ആന്റെ അത്ഭുതകരമായ സവിശേഷതയാണ്.
വായിക്കുന്നവന്നും കേള്‍ക്കുന്നവന്നും എന്നും പുതിയ ഒരാശയം ആ വചനങ്ങളില്‍നിന്ന് ലഭിക്കുന്നു. മനസ്സിനും ബുദ്ധിക്കും സംതൃപ്തി നല്‍കുന്ന ആശയങ്ങള്‍; വൈരുധ്യങ്ങളാവുന്നില്ല. മറ്റു വഴിയില്‍ മനുഷ്യന്‍ എന്തെല്ലാം വിജ്ഞാനങ്ങള്‍ ആര്‍ജിക്കുന്നുവോ, അതിനനുസൃതമായി ഈ ഖുര്‍ആനികാശയങ്ങള്‍ക്ക് തിളക്കംകൂടുന്നു. ജീവിതത്തിലെ വഴിത്തിരിവുകളില്‍ ഈ ഖൂര്‍ആന്‍ വഴികാണിക്കുന്നുവെന്നത് ഒരു വല്ലാത്ത, അനുപമമായ അനുഭൂതിയായി മുഹമ്മദ് നബിയും അനുയായികളും അനുഭവിച്ചുകൊണ്ടിരുന്നു. നൂറുകൂട്ടം സാമൂഹിക-സാമ്പത്തികപ്രശ്‌നങ്ങള്‍ ആ പുതിയ സമൂഹത്തില്‍ ഉയര്‍ന്നുവന്നിരുന്നു. പുതിയ സംവിധാനത്തില്‍ അവയ്‌ക്കെല്ലാം നൂതനങ്ങളായ പരിഹാരങ്ങളും ക്രമീകരണങ്ങളുമാണ് ഖുര്‍ആന്‍ അദ്ദേഹത്തിന്റെ മുമ്പില്‍ വച്ചുകൊടുത്തിട്ടുള്ളത്.
ആ പ്രശ്‌നങ്ങളോരോന്നും ആധുനികകാലത്ത് ഓരോ ശാസ്ത്രങ്ങളായി വളര്‍ന്നിരിക്കുന്നു. കുടുംബങ്ങളുടെയും ഗോത്രങ്ങളുടെയും കാര്യങ്ങള്‍ ഇന്ന് സാമൂഹികശാസ്ത്രമായി മാറിയിരിക്കുന്നു. സാമ്പത്തിക ഇടപാടുകള്‍ സമ്പദ്ശാസ്ത്രമായിരിക്കുന്നു. ഭരണപരമായ പ്രശ്‌നങ്ങള്‍ രാഷ്ട്രമീമാംസയും രാജ്യതന്ത്രവുമായിരിക്കുന്നു. ഭരണഘടനയും ജനാധിപത്യവും പാര്‍ലമെന്റും നീത്യന്യായവ്യവസ്ഥയും നിയമസംഹിതകളുമെല്ലാം നിലവില്‍ വന്നിരിക്കുന്നു.
ഈ ശാസ്ത്രങ്ങളിലൊന്നുപോലും മനുഷ്യസമൂഹത്തിന്റെ ഭാവനാമണ്ഡലത്തിലെങ്കിലും രൂപംകൊണ്ടിട്ടില്ലാത്ത ഒരു കാലഘട്ടത്തിലായിരുന്നു മുഹമ്മദ് നബി ജീവിച്ചിരുന്നത്. ഏറെ അത്ഭുതകരമായിട്ടുള്ളത് ഈ വിജ്ഞാനശാഖകളുടെയെല്ലാം മൗലികമായ പ്രമാണങ്ങളെ ഖുര്‍ആന്‍ അവതരിപ്പിച്ചിരിക്കുന്നുവെന്നതാണ്. മാനവചരിത്രത്തിന്റെ പ്രയാണഗതി തന്നെ തിരിച്ചുവിടാന്‍ മുഹമ്മദ് നബിക്കായത് ഖുര്‍ആന്‍ അദ്ദേഹത്തെ ഏല്‍പിച്ച ഈ പ്രമാണങ്ങളുടെ മൗലികത കൊണ്ടായിരുന്നു. ഈ ഖുര്‍ആനുണ്ടായിരുന്നില്ലെങ്കില്‍ മാനവസമൂഹത്തില്‍ അദ്ദേഹത്തിന് ഒന്നും ചെയ്യാനാകുമായിരുന്നില്ല. ചരിത്രത്തില്‍ അദ്ദേഹം ഒന്നുമല്ലാതാകുമായിരുന്നു!
ക്ഷേ, ഈ ഖുര്‍ആനിലൂടെ അദ്ദേഹം നാഗരികതയുടെ മുഖമുദ്ര മാറ്റിക്കളഞ്ഞു, സമൂഹങ്ങളുടെ വിമോചകനായകനായിത്തീര്‍ന്നു, പതിതരുടെ അടിമത്തച്ചങ്ങലകള്‍ പൊട്ടിച്ചെറിയാന്‍ അദ്ദേഹത്തിന് കഴിഞ്ഞു: ”അവരുടെ ജീവിതഭാരങ്ങള്‍ അദ്ദേഹം (മുഹമ്മദ് നബി) ഇറക്കിവയ്ക്കുകയും അവര്‍ ധരിച്ചിരുന്ന ചങ്ങലകള്‍ അദ്ദേഹം എടുത്തുമാറ്റുകയും ചെയ്യുന്നു……..” (അല്‍അഅ്‌റാഫ്: 157).

Related Post