മസ്ജിദുല്‍ അഖ്‌സ്വായെപ്പറ്റി നിങ്ങളറിയാത്ത 8 കാര്യങ്ങള്‍

മസ്ജിദുല്‍ അഖ്‌സ്വാal-aqsa-mosque

ലോകത്ത് എല്ലാവരാലും തര്‍ക്കവിഷയമായിട്ടുള്ള ഒരേയൊരു സ്ഥലമേയുള്ളൂ; ജറുസലേമിലെ മസ്ജിദുല്‍ അഖ്‌സ്വായാണത്. ആയിരക്കണക്കിന് വര്‍ഷമായി അത് തങ്ങളുടെ കൈവശമാക്കാനും വരുതിയില്‍നിറുത്താനും ആളുകള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നുവെന്നത് അതിശയോക്തിയല്ല. ഇസ്‌റാഅ്-മിഅ്‌റാജ് വേളയില്‍ നബിതിരുമേനി(സ) ആദ്യം പോയത് അവിടേക്കായിരുന്നു. മനുഷ്യരാശിയുടെ ചരിത്രത്തില്‍ എല്ലാ പ്രവാചകരും ഒത്തുകൂടി ജമാഅതായി നമസ്‌കരിച്ച ആ സന്ദര്‍ഭം ചരിത്രത്തില്‍ മുമ്പൊരിക്കലും ഉണ്ടായിട്ടില്ല.

1. അഖ്‌സ്വാ വെറുമൊരുപള്ളിയല്ല

മസ്ജിദുല്‍ അഖ്‌സ്വാ എന്നത് ഒന്നിലേറെ പള്ളികളുള്ള ഒരു പുണ്യസമുച്ചയമാണ്. പള്ളിയുടെ ഏറ്റവും തെക്കുള്ള മൂലയിലാണ് മസ്ജിദുല്‍ അഖ്‌സ്വായെന്നാണ് നാം ധരിച്ചിരിക്കുന്നത്. വാസ്തവത്തില്‍ അത് ഖിബ്‌ലയിലേക്ക് ഏറ്റവും അടുത്തിരിക്കുന്നതുകൊണ്ട് ഖിബ് ലിമസ്ജിദ് എന്നാണ് അറിയപ്പെടുന്നത്. ആ പുണ്യനഗരിയില്‍ നടന്ന ഓരോ സംഭവങ്ങളുമായി ബന്ധപ്പെട്ട് വ്യത്യസ്തപള്ളികളുണ്ട്. ഉദാ: ബുറാഖ് മസ്ജിദ്, മര്‍വാനി മസ്ജിദ് തുടങ്ങിയവ.

2. പ്രവാചകന്‍മാര്‍ അടക്കംചെയ്യപ്പെട്ട ഇടം

എത്രയോ പ്രവാചകന്‍മാരും സ്വഹാബാക്കളും ഖബറടക്കപ്പെട്ട സ്ഥലമാണത്. സുലൈമാന്‍ നബിയെ ഖബറടക്കിയിരിക്കുന്നതവിടെയാണ്. പ്രവാചകന്‍മാരെ അവര്‍ മരണപ്പെട്ടയിടത്തുതന്നെയാണ് ഖബറടക്കുന്നതെന്ന കാര്യം അറിയാമല്ലോ.പള്ളിനിര്‍മാണവേളയിലാണല്ലോ സുലൈമാന്‍ നബി(അ)മരണപ്പെടുന്നത്.

3. റോമാചരിത്രകാലത്ത് മാലിന്യംതട്ടിയിട്ട സ്ഥലം

മസ്ജിദുല്‍ അഖ്‌സ്വാഉള്‍പ്പെടെ മേഖലയുടെ അധീശാധികാരം റോമക്കാരുടെ കീഴില്‍വന്നുചേര്‍ന്നപ്പോള്‍ ജൂതന്‍മാര്‍ക്ക് അവിടെ താമസിക്കാന്‍ അനുവാദമുണ്ടായിരുന്നില്ല. റോമാഅധിനിവേശകാലത്ത് തങ്ങളുടെ മാലിന്യങ്ങള്‍ കൊണ്ടുവന്ന് തട്ടിയിരുന്നു അവിടെ. പിന്നീട് ഉമര്‍(റ) ജറൂസലം മോചിപ്പിച്ചപ്പോള്‍അദ്ദേഹം തന്റെ കൈകള്‍കൊണ്ട് ആ മാലിന്യങ്ങള്‍ ആ പുണ്യമന്ദിരത്തില്‍നിന്ന് നീക്കംചെയ്തു. നൂറ്റാണ്ടുകളായി ജൂതര്‍ക്ക് വിലക്കിയിരുന്ന ആ നഗരത്തിലേക്ക് അയല്‍പക്കഗ്രാമങ്ങളില്‍താമസിച്ചിരുന്ന 70ഓളം ജൂതകുടുംബങ്ങളെ അദ്ദേഹം തിരികെ കൂട്ടിക്കൊണ്ടുവന്നു.

4. ഇമാംഗസ്സാലിയുടെ ഇഹ്‌യാഉലൂമിദ്ദീന്ന് പിറവികൊടുത്ത ഇടം

ഇസ് ലാമികസാഹിത്യലോകത്തിന് മകുടംചാര്‍ത്തിയ ഇഹ്  യാഉലൂമിദ്ദീന്‍ പണ്ഡിതനായ അബൂഹാമിദ് അല്‍ഗസ്സാലി  മസ് ജിദുല്‍ അഖ്‌സ്വായില്‍താമസിച്ചിരുന്ന വേളയിലാണ് രചിച്ചത്. മസ്ജിദുല്‍ അഖ്‌സ്വായിലെ ഒരു കെട്ടിടത്തില്‍ അദ്ദേഹം താമസിച്ചിരുന്ന മുറി ഇപ്പോഴും കാണാം.

5.  തൊഴുത്ത്, കൊട്ടാരം, കൊലക്കളം 

കുരിശുയുദ്ധക്കാര്‍ ആദ്യമായി ജറൂസലംകീഴടക്കിയപ്പോള്‍ അവിടെയുണ്ടായിരുന്ന മുസ്‌ലിംകള്‍ മസ്ജിദുല്‍അഖ്‌സ്വായില്‍ കുടുങ്ങി. മറ്റൊരുരക്ഷാമാര്‍ഗവും ഇല്ലാതിരുന്ന ആ മുസ്‌ലിംജനസാമാന്യത്തെ പള്ളിക്കകത്ത് കൂട്ടക്കശാപ്പുനടത്തുകയായിരുന്നു കുരിശുസേന. എഴുപതിനായിരത്തോളം വരുന്ന ആളുകള്‍ അന്നവിടെ മരിച്ചുവീണു. പിന്നീട് ഖിബ്‌ലിമസ്ജിദിനെ കൊട്ടാരമാക്കുകയും ഖുബ്ബത്തുസ്വഖ്‌റയെ(Dome of the Arabic) ചാപ്പലാക്കി മാറ്റുകയുമായിരുന്നു. അതിന്റെ നിലവറയെ കാലിത്തൊഴുത്താക്കുകയുംചെയ്തു. കശാപ്പിനുശേഷവും അവശേഷിച്ച മുസ്‌ലിംകളെ പള്ളിക്കടുത്ത് വലിയ കുരിശുണ്ടാക്കി അതില്‍ തറച്ചുകൊല്ലുകയായിരുന്നു. ആ കുരിശ് പിന്നീട് സ്വലാഹുദ്ദീന്‍ അയ്യൂബി ജറുസലേം വീണ്ടെടുത്തപ്പോള്‍ തകര്‍ത്തുകളഞ്ഞു. ആ കുരിശിന്റെ അവശിഷ്ടങ്ങള്‍ ഇന്നും അവിടെ കാണാം.

6.വിശ്രുതമായ മിമ്പര്‍

കുരിശുയുദ്ധക്കാര്‍ അഖ്‌സ്വാ കയ്യേറുന്നതിനുമുമ്പ് അതില്‍ ഇസ്‌ലാമികചരിത്രത്തിലെ അറിയപ്പെട്ട വീരപുരുഷനായ നൂറുദ്ദീന്‍ സെങ്കി പണികഴിപ്പിച്ച ചരിത്രപ്രസിദ്ധമായ മിമ്പറുണ്ടായിരുന്നു.  ആണിയോ പശയോ ഉപയോഗിച്ചിരുന്നില്ലെന്നതായിരുന്നു അതിന്റെ നിര്‍മാണത്തിലുള്ള പ്രത്യേകത. ഇസ്‌ലാമികചരിത്രത്തില്‍  മുസ്‌ലിംകള്‍ സ്വലാഹുദ്ദീന്‍ അയ്യൂബിയുടെ നേതൃത്വത്തില്‍ രണ്ടാമത് ജറുസലം വീണ്ടെടുത്തപ്പോള്‍ തന്റെ ഉസ്താദിന്റെ ആഗ്രഹപ്രകാരം ആ മിമ്പര്‍ പുനഃസ്ഥാപിച്ചു. എന്നാല്‍ ആ മിമ്പര്‍ 1969ല്‍  ഒരു ആസ്‌ത്രേലിയന്‍ ജൂതതീവ്രവാദി പള്ളിക്ക് തീകൊളുത്തിയപ്പോള്‍ കത്തിനശിക്കുകയായിരുന്നു.

7. ഖുബ്ബത്തുസ്വഖ്‌റാ

ഇസ്‌ലാമികചരിത്രത്തിലെ ആദ്യത്തെ ഖുബ്ബയായിരുന്നു അത് .ഉമവീഖലീഫയായിരുന്ന അബ്ദുല്‍മലിക് ബിന്‍ മര്‍വാന്‍ ആണ് അത് നിര്‍മിച്ചത്. ആദ്യം മരത്തില്‍ നിര്‍മിക്കപ്പെട്ട അതിനെ പിന്നീട് പിച്ചള, സെറാമിക് ആവരണംചെയ്യിക്കുകയായിരുന്നു. പിന്നീട് ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്കുശേഷം ഉസ്മാനിയഖിലാഫത്തിന്റെ കാലത്ത് സ്വര്‍ണം പൂശി ആകര്‍ഷകമാക്കി.

8. മസ്ജിദുല്‍ അഖ്‌സ്വാ ചുട്ടെരിക്കാന്‍ശ്രമം

നിങ്ങള്‍ക്ക് അത്ഭുതം തോന്നുന്നുണ്ടോ സൈന്യം കടന്നുവന്ന് ഖുബ്ബത്തുസ്വഖ്‌റയില്‍ കൊടിനാട്ടി അത് കയ്യേറ്റംനടത്തുകയും തുടര്‍ന്ന് ചുട്ടെരിക്കുകയുംചെയ്തുവെന്നറിഞ്ഞ്. ഇതെല്ലാം മുസ്‌ലിംലോകം കയ്യുംകെട്ടിനോക്കിനിന്നുവെന്നതോര്‍ത്ത്. 1967 ല്‍ ജറുസലം മുസ്‌ലിംകള്‍ക്ക് നഷ്ടമായി. ഇസ്രയേല്‍ എന്ന സയണിസ്റ്റുരാഷ്ട്രമാണ് അത്  കയ്യേറിയത്. കൊടിയഴിച്ചുമാറ്റി സമാധാനത്തിലെ അത്തിച്ചില്ലയാണ് അവര്‍ അതിനുമുകളില്‍ നാട്ടിയത്. മുസ്‌ലിംരോഷം ഭയന്നായിരുന്നു അത്. 969 ല്‍ ആസ്‌ത്രേലിയന്‍ സയണിസ്റ്റുജൂതന്‍ പള്ളിയിലെ നൂറുദ്ദീന്‍മിമ്പറും, ഖിബ്‌ലി മസ്ജിദും തീക്കൊളുത്തി. നിയന്ത്രണാതീതമായ അഗ്നിയില്‍പെട്ട് ഖിബ്‌ലിമസ്ജിദ്ചാമ്പലായി. ദുഃസ്വപ്‌നത്തില്‍നിന്നെന്ന പോലെ അന്നാണ് മുസ്‌ലിംലോകം ഞെട്ടിയുണര്‍ന്നത്. തങ്ങളുടെ ദൈന്യാവസ്ഥയില്‍ മുസ്‌ലിംലോകം ലജ്ജിച്ചുതലതാഴ്ത്തി.

Related Post