By:
ശിക്ഷിക്കാന്‍ ആയുധങ്ങള്‍ പലതുണ്ട്. കണ്ണിച്ചൂരല്‍ മുതല്‍ കൊലക്കയര്‍ വരെ. അക്കൂട്ടത്തിലൊന്നാണ് നന്മയെന്ന് പറഞ്ഞാല്‍ അത് വായിക്കുന്നവര്‍ അല്‍പ്പമൊന്ന് ശങ്കിച്ചേക്കാം. നന്മകൊണ്ട് ശിക്ഷയോ? ഖുര്‍ആന്‍ പറയുന്നു: ‘ഏറ്റവും നല്ലതേതോ അതുകൊണ്ട് തിന്മയെ തടുക്കുക. അവര്‍ പറഞ്ഞുണ്ടാക്കുന്നതിനെപ്പറ്റി നാം നല്ലവണ്ണം അറിയുന്നവനാകുന്നു’.(വി.ഖു 23:95). പ്രവാചകന്‍ സത്യപ്രബോധന മാര്‍ഗത്തില്‍ പീഡനം സഹിച്ചുകൊണ്ടിരിക്കെ, പരിഹാസങ്ങള്‍ കേട്ടുകൊണ്ടിരിക്കെ അല്ലാഹു അദ്ദേഹത്തെ അവരില്‍ നിന്നും തികച്ചും വ്യത്യസ്തനായ വ്യക്തിത്വമാക്കുകയാണ് ഈ സൂക്തത്തിലൂടെ. നന്മകൊണ്ട് തിന്മയെ തടുക്കുക എന്നത് കേള്‍ക്കാനും എഴുതാനും സുഖമുള്ള ഒന്നാണ്. പ്രയോഗിക്കാന്‍ വലിയ ബുദ്ധിമുട്ടും. വിശുദ്ധിയും വിശാലതയുമുള്ള ഹൃദയത്തിന്റെ ഉടമകള്‍ക്കേ അത് സാധ്യമാകുകയുള്ളൂ. ആ സമീപനം ഉണ്ടാക്കുന്ന അത്ഭുതകരമായ മാറ്റം ഖുര്‍ആന്‍ മറ്റൊരു അധ്യയത്തിലൂടെ പറയുന്നത് നോക്കൂ ‘നല്ലതും ചീത്തയും സമമാകുകയില്ല. ഏറ്റവും നല്ലതേതോ അതുകൊണ്ട് നീ (തിന്മയെ) പ്രതിരോധിക്കുക. അപ്പോള്‍, ഏതൊരുവനും നീയും തമ്മില്‍ ശത്രുതയുണ്ടോ അവനതാ (നിന്റെ) ഉറ്റ ബന്ധു എന്നോണം ആയിത്തീരുന്നു. (വി.ഖു 41:34). നമ്മുടെ ഒരു ശത്രു ഉറ്റ ബന്ധു എന്നപോലെ ആയിത്തീരുക എന്നത് ചെറിയ കാര്യമല്ല. പ്രവാചകന്റെ ജീവിതം മുഴുവന്‍ അതിനു തെളിവാണ്. എന്തിനധികം, ഇസ്‌ലാമിന്റെ ജനകീയതക്ക് പ്രവാചക തിരുമേനിയുടെ ഈ വിശാലമനസ്സ് വലിയ കാരണമായിരുന്നു.
പ്രയോഗിക്കാന്‍ വലിയ പ്രയാസമുള്ളതും പ്രയോഗിച്ചാല്‍ അത്ഭുതകരമായ ഗുണങ്ങളുള്ളതുമാണ് ഏറ്റവും നല്ലതുകൊണ്ട് തിന്മയെ തടുക്കല്‍ എന്നതിന് കുടുംബ ജീവിതത്തില്‍ നിന്ന് ഒരു സംഭവം വിവരിക്കാം. ഒരു ഭാര്യ ഭര്‍ത്താവിനെ കീഴ്‌പ്പെടുത്തിയ സംഭവം. മികച്ച സേവനത്തിന് സര്‍ക്കാറിന്റെ അവാര്‍ഡ് ലഭിക്കുകയും ജനങ്ങളുടെ പ്രശംസലഭിക്കുകയും ചെയ്ത ആളാണ് ജമീലയുടെ ഭര്‍ത്താവ്. നമുക്കയാളെ ഹാരിസ് എന്നു വിളിക്കാം. പത്തു മണിക്കു മുമ്പേ ഓഫീസിലെത്തുകയും അഞ്ചരമണിവരെ നന്നായി ജോലി ചെയ്യുകയും ചെയ്യുന്ന ഹാരിസ് ചില ഫയലുകള്‍ വീട്ടിലേക്ക് കൊണ്ടു വരും. ഓഫീസിന്റെ തലവനായ അദ്ദേഹത്തിന് വീട്ടിലും ഓഫീസ് ജോലിതന്നെ. അദ്ദേഹത്തിന്ന് എല്ലാ സൗകര്യങ്ങളും ജമീല ചെയ്തുകൊടുക്കും. എല്‍.കെ.ജി, എല്‍.പി, യു.പി, ഹൈസ്‌കൂള്‍ തലങ്ങളില്‍ പഠിക്കുന്ന നാലു മക്കളുണ്ട് അവര്‍ക്ക്. വീട്ടില്‍ ഭര്‍ത്താവിന്റെ രോഗിയായ പിതാവും മാതാവുമുണ്ട്. വീട്ടില്‍ വേലക്കാരിയില്ല. എല്ലാം ജമീലയുടെ കരങ്ങള്‍കൊണ്ടു ചെയ്യണം. കാലത്ത് നാലുമണിക്ക് ഉണരും. എല്‍.കെ.ജി ക്കാരനും എല്‍.പി ക്കാരുനും എരിവില്ലാത്ത ഭക്ഷണം വേണം. പിതാവിനും മാതാവിനും ഷുഗര്‍-കൊളസ്‌ട്രോള്‍ രോഗങ്ങളുണ്ട്. അവര്‍ക്കതിനനുസരിച്ചുള്ള ഭക്ഷണം വേണം. മൂന്ന് കൂട്ടാനും പപ്പടവും തയ്യാറാക്കി ബാഗില്‍ വെച്ച് കൊടുക്കണം. എല്ലാം കഴിഞ്ഞ് അവര്‍ക്കൊന്നും പുറം കടച്ചില്‍ മാറ്റാന്‍ സമയം കിട്ടുക രാത്രി പത്തരക്കുശേഷമാണ്.
ഒരു ദിവസം ഭര്‍ത്താവ് ഓഫീസിലേക്കു പോകാന്‍ ഷര്‍ട്ടു ധരിച്ചിരിക്കുകയാണ്. മുകളില്‍ നിന്നാണ് ബട്ടണ്‍ ഇടുന്നത്. ബട്ടണ്‍ അറ്റുവീണിരിക്കുന്നു. അല്‍പ്പം നീരസത്തോടെ അതിനു താഴെയുളള ബട്ടണിന്റെ സ്ഥാനത്തു കൈവെച്ചു. ആശ്വാസം അതുണ്ട്. പിന്നെ അടുത്തത്, അവിടെയും ബട്ടനുണ്ട്. പിന്നെ അതിനടുത്തത് ഇടാന്‍ നോക്കുമ്പോള്‍ അതിന്റെ കാല്‍ ഭാഗമേ ഷര്‍ട്ടിന്‍മേലുള്ളൂ. ഹാരിസിന് കോപം നിയന്ത്രിക്കാനായില്ല.
‘ഇവിടെ വാടീ, നീയൊരു കൃത്യനിഷ്ടയുളള ഉദ്യോഗസ്ഥന്റെ ഭാര്യയല്ലേ? ഷര്‍ട്ടിന് രണ്ട് ബട്ടണില്ല’. തുടര്‍ന്ന് ഭാര്യയുടെ ഉത്തരവാദിത്വമില്ലായ്മയെക്കുറിച്ച് മോശമായ പദങ്ങള്‍ കൊണ്ട് നീണ്ട വിമര്‍ശനവും. ‘പോ എന്റെ മുന്നില്‍ നിന്ന്’ എന്ന് ആക്രോശിച്ചു കൊണ്ട് അദ്ദേഹം ഇറങ്ങിപ്പോയി. അവള്‍ മനസ്സറിഞ്ഞ് ഒന്നു കരഞ്ഞു. പതിനഞ്ചു വര്‍ഷമായി യന്ത്രത്തിന്റെ വേഗതയില്‍ കൈകാലുകള്‍ ചലിപ്പിച്ച തനിക്ക് ചെറിയ ഒരബദ്ധത്തിന് ഇത്രവലിയ ശിക്ഷയാണല്ലോ പ്രിയതമനില്‍ നിന്ന് കിട്ടിയത് എന്ന സങ്കടം. അവള്‍ തളര്‍ന്നു പോയി.
ഓഫീസിലെത്തിയപ്പോള്‍ ഹാരിസിന് അസ്വസ്ഥത. അന്ന് ജോലി ചെയ്യാന്‍ കഴിഞ്ഞില്ല. ഭാര്യയെ ഇത്രയധികം കുറ്റപ്പെടുത്തേണ്ടിയിരുന്നില്ല. ഇന്നെങ്ങനെ അവളുടെ മുഖത്തേക്കു നോക്കും. ഈ ചിന്തയില്‍ പതിവിനു വിപരീതമായി രാത്രി പതിനൊന്നരക്കാണ് അദ്ദേഹം വീട്ടിലെത്തിയത്. തീന്‍മേശയില്‍ ഭക്ഷണം വിളമ്പി വെച്ച്, ഉറക്കച്ചടവോടെ മുഖം കനപ്പിച്ചുവന്ന് വാതില്‍ തുറക്കുന്ന, തുറന്നയുടനെ പോയിക്കിടക്കുന്ന ഭാര്യയെ സങ്കല്‍പ്പിച്ചാണ് ഹാരിസ് കോളിംഗ് ബെല്‍ അമര്‍ത്തിയത്. അത്ഭുതം! ഉറങ്ങാതെ ഉന്മേഷത്തോടെ ജമീല വാതില്‍ തുറന്നിരുക്കുന്നു. മുഖത്ത് ഒരു സി.എഫ്.എല്‍ കത്തുന്നു.
‘അല്ല, നീ ഉറങ്ങിയില്ലേ?’
‘ഇല്ല, നിങ്ങള് വന്നിട്ട് ഉറങ്ങാന്ന് വിചാരിച്ചു’.
കൈ കഴുകി തീന്‍ മേശക്കരികിലെത്തിയപ്പോള്‍ മറ്റൊരുത്ഭുതം. രണ്ടാള്‍ക്കുള്ള പ്ലേറ്റും ഭക്ഷണവും.
‘നീ ഭക്ഷണം കഴിച്ചില്ലേ?’
‘ഇല്ല, നിങ്ങള് വന്നിട്ട് നമുക്കൊരുമിച്ച് കഴിക്കാം എന്ന് വിചാരിച്ചു’.
ഹാരിസ് ജമീലയുടെ മുന്നില്‍ ഒരു കൊച്ചു കുട്ടിയായിപ്പോയി. രാവിലത്തെ സംഭവത്തെപ്പറ്റി അവള്‍ക്ക് ഒന്നും പരാമര്‍ശിക്കാനേ ഇല്ല. അങ്ങനെയൊരു സംഭവം നടന്നിട്ടേയില്ല എന്ന പോലെ.
ഇനി, ജീവിതത്തിലെപ്പോഴെങ്കിലും ജമീലയെ ഹാരിസിന്നു ശകാരിക്കാന്‍ തോന്നുമോ? ഇല്ല. ജമീല സ്‌നേഹം കൊണ്ടും വിട്ടുവീഴ്ച്ചകൊണ്ടും ഹാരിസിനെ കീഴടക്കി. നന്മകൊണ്ട് ശിക്ഷിച്ചു.
സഹോദരിമാരേ, നിങ്ങള്‍ ജമീലമാരാകുക. സഹോദരന്‍മാരേ, നിങ്ങള്‍ ഹാരിസുമാരാകാതിരിക്കുക.