ലോകത്ത് അവതീര്‍ണ്ണമായ സംസ്‌കൃതികളെയും നാഗരികതകളെയും രൂപഭദ്രമാക്കി നിറുത്തുന്നതില്‍ ഭാഷകള്‍ വഹിച്ച പങ്ക് നിസ്തുലമാണ്. അതിപ്രധാനമായ നീര്‍കെട്ടുകള്‍ക്ക് ചുറ്റും തമ്പടിച്ച് വികസിപ്പിച്ചെടുത്ത സംസ്‌കാരങ്ങളെ ലോകവുമായി ബന്ധപ്പെടുത്താനും അവിടത്തെ സൃഷ്ടിപരവും സംഹാരാത്മകവുമായ മാറ്റങ്ങളെ ഭാവി തലമുറക്ക് കൈമാറ്റം ചെയ്യാനും ഭാഷാ വൈവിധ്യങ്ങള്‍ സഹായകമായിട്ടുണ്ട്.
പാറക്കൂട്ടങ്ങളില്‍ കരിങ്കല്ലുരസി തീയുണ്ടാക്കിയ ചരിത്രാതീതകാലം പിന്നിട്ട പ്രയാണത്തിലെപ്പോഴോ വാമൊഴിയും വരമൊഴിയുമൊക്കെയായി ആശയ വിനിമയത്തിന്റെ ശ്രുതികളൊരുക്കപ്പെട്ടു. കരാംഗുലികളായ വരകളും വൃത്തങ്ങളുമായി രൂപങ്ങളുണ്ടാക്കിയവര്‍ക്ക് കുറേ കൂടി ചിന്തിച്ചപ്പോള്‍ വൈവിധ്യങ്ങളാര്‍ന്ന അക്ഷരങ്ങളെയുണ്ടാക്കാനായി. അങ്ങനെയാണ് ആശയവിനിമയോപാധിയായ വാമൊഴി നിന്നപ്പോള്‍ ആദര്‍ശ പ്രസരണത്തിന് രാകിമിനുക്കിയ അക്ഷരക്കൂട്ടങ്ങളും ജന്മമെടുത്തത്.
മനുഷ്യ രാശിയുടെ ചരിത്രത്തില്‍ ഈ രണ്ട് കണ്ടുപിടിത്തങ്ങളും പല രീതിയിലുള്ള വഴിത്തിരിവുകള്‍ക്കും കാരണമായിട്ടുണ്ട്. സാമൂഹിക ഉത്ഥാനത്തിന്റെ ചവിട്ടുപടികള്‍ കയറാനും മുന്‍കാലങ്ങളില്‍ നിന്നു പാഥേയം സ്വീകരിക്കാനും ഇത് ഊര്‍ജ്ജം പകര്‍ന്നുനല്‍കി. ആശയ വിനിമയത്തിന് മുമ്പും ശേഷവും എന്ന് ലോക ചിന്താവികാസ ചരിത്രത്തെ രണ്ടായി വിഭജിക്കാന്‍ സാധിക്കും വിധം ഇത് കാലത്തിനു മുമ്പില്‍ വികാസത്തിന്റെ ശ്രേണികള്‍ തന്നെ സൃഷ്ടിച്ചു.
ഒരേ സംസ്‌കാരം ഉയിര്‍കൊള്ളുന്നത് ഒരേ ഭാഷയിലൂടെയും ശൈലിയിലൂടെയുമായിരുന്നില്ല. ഏക സംസ്‌കാരത്തിന്റെ അതിര്‍കെട്ടുകള്‍ക്കുള്ളില്‍ നിന്ന് പരശ്ശതം മസ്തിഷ്‌കങ്ങള്‍ അതിനെ ഏറ്റെടുത്തപ്പോള്‍ ഭൂമിയില്‍ ഭാഷകളുടെ വൈപുല്യത്തിനും വൈവിധ്യത്തിനും അത് കളമൊരുക്കി. കാലാന്തരങ്ങളില്‍ പലതിനെയും ഏറ്റെടുക്കാന്‍ ആളില്ലാതെ വന്ന്, ശവക്കുഴി തോണ്ടിയപ്പോള്‍, മറ്റു ചിലത് പൂര്‍വോര്‍ജ്ജത്തോടെ വ്യവസ്ഥാപിതമായ വിജ്ഞാന വിസ്‌ഫോടനങ്ങള്‍ക്ക് നാന്ദി കുറിച്ചു. ആ വ്യവസ്ഥാപിത ഭാഷകളാണ് പിന്നീട് ഇംഗ്ലീഷ്, അറബി, ഉറുദു തുടങ്ങി നിരവധി പേരുകളിലായി വിശ്രുതമായത്. പലതും ജന്മമെടുക്കാന്‍ കാലതാമസമെടുത്തിരുന്നെങ്കിലും സര്‍വ്വതും പുതുയുഗത്തിന്റെ ആരംഭങ്ങളിലേക്കുള്ള ശുഭ സൂചനകളായിരുന്നു. ഇവയില്‍ അറബി ഭാഷയെ മാത്രം വ്യത്യസ്തമാക്കി നിര്‍ത്തുന്ന നിരവധി സവിശേഷതകളുണ്ട്. വിശിഷ്യാ, ഒരു പ്രത്യേക സമുദായത്തിനകത്ത് ഉപര്യുക്ത പ്രതിഫലനങ്ങള്‍ സൃഷ്ടിച്ചു വെന്ന നിലയില്‍.
ലോകത്ത് നിലനില്‍ക്കുന്ന വ്യത്യസ്ത മതങ്ങളില്‍, ഇസ്്‌ലാമിന്റെ ഔദ്യോഗിക ഭാഷയാണ് അറബി. 1973 മുതല്‍ ഐക്യരാഷ്ട്ര സഭയുടെ ആറ് ഔദ്യോഗിക ഭാഷകളില്‍ ഒന്ന് ഈ സെമിറ്റിക് ഭാഷയാണ്. അറബികള്‍ക്കിടയില്‍ തുടക്കം കുറിച്ച ഇസ്്‌ലാം മതത്തിന്റെ ഔദ്യോഗിക ഭാഷയുടെ ചരിത്രവും അവരിലേക്ക് തന്നെയാണ് ചെന്നെത്തുന്നത്.
നടേ സൂചിപ്പിച്ച പോലെ വിദ്യയുടെ സാര്‍വത്രീകരണത്തിന് മുസ്്‌ലിംകള്‍ക്കിടയില്‍ പരമ്പരാഗതമായ പല വഴികളുമുണ്ടായിരുന്നു. ചുണ്ടുകളില്‍ നിന്നു ചുണ്ടുകളിലേക്കുള്ള വാമൊഴി കൈമാറ്റമായിരുന്നു കാലങ്ങളോളം അവരും പിന്തുടര്‍ന്നുപോന്നിരുന്നത്. തങ്ങളുടെ ജീവിത യാഥാര്‍ത്ഥ്യങ്ങളും വിചാരവികാരങ്ങളും ഈ മാധ്യമത്തിലൂടെ അവര്‍ കൈമാറ്റം ചെയ്തു.
ഓരോ തലമുറയും അടുത്ത തലമുറക്ക് മുഖദാവില്‍ പറഞ്ഞു നല്‍കിയായിരുന്നു ഇത്തരം അറിവുകളുടെ കൈമാറ്റപ്രക്രിയ നടന്നത്. ജസീറത്തുല്‍ അറബിയ (അറേബ്യന്‍ ഉപദ്വീപ്) യുടെ പ്രാന്തപ്രദേശങ്ങളില്‍ അധിവസിച്ചിരുന്ന ബനൂ ഖഹ്താന്‍, ബനൂ അദ്‌നാന്‍ എന്നീ ഗോത്രങ്ങളാണ് പ്രധാനമായും അറബി ഭാഷ ഉപയോഗിച്ചിരുന്നത്.
ഇസ്്‌ലാമിന്റെ സമ്പൂര്‍ത്തീകരണത്തോടെ പരിശുദ്ധ ഖുര്‍ആന്റെ സാന്നിദ്ധ്യം കൊണ്ട് ഈ ഭാഷ പൂര്‍വ്വോപരി ശക്തി പ്രാപിച്ചു. ഓരോ ഗോത്രവും തങ്ങള്‍ക്കനുസരിച്ച് പ്രത്യേകം ഭാഷാ ശൈലികള്‍ സംവിധാനിച്ചിരുന്നുവെങ്കിലും ഖുറൈശിന്റെ ഭാഷാ ശൈലിയോട് അനുകൂലമായാണ് പരിശുദ്ധ ഖുര്‍ആന്‍ അവതീര്‍ണ്ണമായത്. പിന്നീടങ്ങോട്ട് പ്രവാചകാധ്യാപനങ്ങളും ഗുരുമൊഴികളും മഹദ്വചനങ്ങളുമെല്ലാം ഇതേശൈലി തന്നെ പിന്തുടര്‍ന്നു. സന്ദേശങ്ങളുടെ വിശുദ്ധിയും തന്മയത്വവുമാണ് ഇതിലവര്‍ മര്‍മ്മ പ്രധാനമായി സ്വീകരിച്ചു പോന്നത്. വസ്തുതകള്‍ കറപുരളാതെ ആര്‍ജ്ജിച്ചെടുക്കാന്‍ ഇത് വഴിയൊരുക്കിയിരുന്നു. ജ്ഞാനികളുടെ പെട്ടെന്നുള്ള വേര്‍പാടും സൗകര്യപ്രദമായ അലഭ്യതയും വാമൊഴിയില്‍ നിന്നു വരമൊഴിയിലേക്കുള്ള അകലം കുറച്ചു. ഖുര്‍ആന്‍ ക്രോഡീകരിക്കപ്പെടുന്നതും ഹദീസുകള്‍ സമാഹരിക്കപ്പെടുന്നതും ഈയൊരുഘട്ടത്തിലായിരുന്നു.
ഇങ്ങനെ ചരിത്രത്തിന്റെ ദശാസന്ധികളിലൂടെയുള്ള വികാസപരിണാമമാണ് അറബി ഭാഷയെ നിലവിലെ സാഹചര്യത്തിലെത്തിച്ചത്. ഭാഷാ പണ്ഡിതന്മാര്‍ ഈ വികാസത്തെ അഞ്ചായി പകുത്തത് ഭാഷാ ചരിത്ര ഗ്രന്ഥങ്ങളില്‍ ദര്‍ശിക്കാം. ആദിമ അറബികളുടെ കാലം, ഇസ്്‌ലാമിക കാലം, അബ്ബാസിയ്യാ കാലം, അമവിയ്യാകാലം, തുര്‍ക്കി കാലം എന്നിങ്ങനെയാണ് അറബികളുടെ വികാസം രേഖപ്പെടുത്തിവെച്ചിരിക്കുന്നത്.
ഏറ്റവുമൊടുവിലായി നവോത്ഥാന കാലഘട്ടത്തിലൂടെ ഈ ഭാഷ അനുദിനം പുരോഗതി നേടിക്കൊണ്ടിരിക്കുന്നു.
ആശയസംവദേനത്തിനുള്ള ഒരു കേവല ഭാഷ എന്നതിലപ്പുറം വിശ്വാസത്തിന്റെ ഒരു ഭാഗമായിട്ടാണ് ഓരോ മുസ്്‌ലിമും അറബി ഭാഷയെ സമീപിക്കുന്നത്. അവനെ സംബന്ധിച്ചിടത്തോളം ലോകാനുഗ്രഹി റസൂല്‍(സ) സംസാരിച്ച ഭാഷയും മതഭരണഘടനയായ പരിശുദ്ധ ഖുര്‍ആനിന്റെ ഭാഷയുമാണത്. ലോകത്തിന്റെ വിവിധ ദിക്കുകളിലുള്ള 100 കോടിയില്‍ അധികം വരുന്ന മുസ്്‌ലിംജനസഞ്ചയം തങ്ങളുടെ മതകീയ പരാമര്‍ശങ്ങള്‍ അടര്‍ത്തിയെടുത്തത് ഇതേ ഭാഷയിലൂടെയായിരുന്നു. മാത്രമല്ല, വിശ്വാസിയുടെ പരമമായ ലക്ഷ്യസ്ഥാനം സ്വര്‍ഗമാണെങ്കില്‍ അവിടത്തെ ആരാമങ്ങളിലും സാനുകളിലും സംവേദിക്കാന്‍ നാഥന്‍ നിശ്ചയിച്ചതും ഇതേ ഭാഷതന്നെയാണ്. ഇങ്ങനെ മുസ്്‌ലിമിന്റെ സര്‍വ്വമേഖലകളിലും അറബി ഭാഷ തോളുരുമ്മി നില്‍ക്കുന്നു.
അറബിയല്ലാത്ത ഭാഷകളെ ഇസ്്‌ലാം നിരുത്സാഹപ്പെടുത്തുന്നുവെന്നോ അപ്രധാനമായി കാണുന്നുവെന്നോ അല്ല ഈ പറഞ്ഞതിന്റെ അര്‍ത്ഥം; മറിച്ച് അറബിയുടെ സവിശേഷത വെളിപ്പെടുത്തലാണ്. അറബിയല്ലാത്ത ഭാഷകളഭ്യസിക്കാന്‍ പ്രവാചകര്‍ നേരിട്ട് നിര്‍ദ്ദേശം നല്‍കിയതിന് ഹദീസുകള്‍ തന്നെ സാക്ഷിയാണ്. ഖുര്‍ആനിന്റെയും ഹദീസിന്റെയും ഇത്തരം ഉല്‍ബോധനങ്ങള്‍ അതിന്റെതായ ഗൗരവഭാവത്തില്‍ പ്രവാചകശ്രേഷ്ഠന്റെ പിന്‍തലമുറക്കാര്‍ പ്രചരിപ്പിച്ചുവെന്നാണ് ഇന്ന് വികസിച്ചുകൊണ്ടിരിക്കുന്ന ഇസ്്‌ലാമിക നവജാഗരണം സൂചിപ്പിക്കുന്നത്.
ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി (ചെമ്മാട് ദാറുല്‍ ഹുദാ ഇസ്്‌ലാമിക് യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സലറാണ് ലേഖകന്‍)