നീതിയുടെ ഉജ്ജ്വല മാതൃക

aaron-swartzഅമേരിക്കന്‍ പ്രോഗ്രാമറും ഹാക്ടിവിസ്റ്റുമായ ആരോണ്‍ സ്വാര്‍ട്‌സിനെക്കുറിച്ച അനുസ്മരണ പരിപാടികള്‍ ലോകത്തുടനീളം നടന്നുകൊണ്ടിരിക്കുകയാണ്. നീതിക്കുവേണ്ടി സംസാരിക്കുകയും അനീതിക്കെതിരെ പോരാടുകയും ചെയ്യുന്ന ലോകത്തെ ഓരോ വ്യക്തിക്കും ആരോണിന്റെ ജീവിതം പ്രചോദനമാവുകയാണ്. 2013ല്‍ 26ാം വയസ്സില്‍ ഭരണകൂടത്തിന്റെയും നിയമവ്യവസ്ഥയുടെയും നിരന്തരമായ വേട്ടയാടലുകളില്‍ മനംനൊന്ത് ആത്മഹത്യ ചെയ്ത ആരോണിനെക്കുറിച്ച പഠനങ്ങള്‍ ലോകത്തെ ഭരണകൂടങ്ങള്‍ക്കും നിയമവ്യവസ്ഥകള്‍ക്കുമെതിരെ നിരവധി ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുമുണ്ട്.

വൈജ്ഞാനിക മേഖലയിലെ നിയന്ത്രണങ്ങള്‍ക്കും അനീതികള്‍ക്കുമെതിരെ നിരന്തരമായി പോരാടിയ വ്യക്തിത്വമാണ് ആരോണ്‍. സുപ്രധാന വിദ്യാഭ്യാസ സൈറ്റുകള്‍ക്ക് നല്‍കുന്ന അവാര്‍ഡ് പതിമൂന്നാം വയസ്സില്‍ തന്നെ കരസ്ഥമാക്കി തന്റെ കഴിവുതെളിയിച്ച വ്യക്തിത്വമാണ് . ഇന്റര്‍നെറ്റ് മേഖലയില്‍ പല അംഗീകാരങ്ങളും നേടിയ ആരോണ്‍ തന്റെ കഴിവുകള്‍ നന്മയുടെ പ്രസരണത്തിന് വേണ്ടി ചെലവഴിക്കുകയായിരുന്നു. റെഡിറ്റ് എന്ന വാര്‍ത്താ പൂളിനു വേണ്ടി ചെയ്ത ജോലിയിലൂടെ കോടിക്കണക്കിനു രൂപ വളരെ ചെറുപ്രായത്തില്‍ തന്നെ സ്വന്തമാക്കിയ അദ്ദേഹത്തിന് ധനസമ്പാദനം ഒരിക്കലും ലക്ഷ്യമായിരുന്നില്ലെന്നും നന്മ മാത്രമായിരുന്നു ലക്ഷ്യമെന്നും അദ്ദേഹവുമായി അടുത്തിടപഴകിയ ലെസിഗ് തന്റെ ബ്ലോഗിലെഴുതിയ അനുസ്മണത്തില്‍ വ്യക്തമാക്കുന്നുണ്ട്

2011 ജൂലൈയിലാണ് ‘ജസ്റ്റര്‍'(ഗവേഷണ പ്രബന്ധങ്ങള്‍ ഡിജിറ്റല്‍ വല്‍ക്കരിച്ച് ഉയര്‍ന്ന തുകക്ക് വില്‍പ്പന നടത്തുന്ന ഓണ്‍ലൈന്‍ സംവിധാനം) എന്ന സൈറ്റ് ആക്രമിച്ചു വിവരങ്ങള്‍ ചോര്‍ത്തി എന്ന കുറ്റമാരോപിച്ച് ആരോണിനെ അറസ്റ്റ് ചെയ്യുന്നത്. 2010 അവസാനത്തോടെ എം.ഐ.ടി എന്ന ഗവേഷണശാലയുടെ ശൃംഖലയില്‍ നുഴഞ്ഞുകയറി 48 ലക്ഷം ലേഖനങ്ങളാണ് ആരോണ്‍ കൈവശപ്പെടുത്തിയത്. ജസ്റ്റര്‍ ഇത് തടയാന്‍ ശ്രമിച്ചെങ്കിലും ആരോണ്‍ തന്റെ പ്രവര്‍ത്തനങ്ങള്‍ തുടരുകയായിരുന്നു. മോഷണക്കുറ്റത്തോടൊപ്പം ഈ വിവരം ചില ഷെയറിങ്ങ് സൈറ്റുകള്‍ക്ക് നല്‍കാന്‍ ശ്രമിച്ചു എന്നതുമാണ് അദ്ദേഹത്തിനെതിരെയുള്ള കേസ്. 13 കേസുകളോളം ചാര്‍ത്തപ്പെട്ട ആരോണിന് 35 വര്‍ഷത്തോളം ശിക്ഷ ലഭിക്കും വിധം സംഗതികള്‍ വഷളായിരുന്നു.

ആരോണിന്റെ പ്രവര്‍ത്തനങ്ങള്‍ തികഞ്ഞ ലക്ഷ്യ ബോധത്തോടെ ഉള്ളവയായിരുന്നു. പകര്‍പ്പവകാശത്തെ ഒറ്റയടിക്ക് നിഷേധിക്കുകയായിരുന്നില്ല, മറിച്ച് അക്കാദമിക സ്വഭാവത്തിലുള്ള രചനകള്‍ പകര്‍പ്പവകാശ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരുന്നതിനെതിരെ ശക്തമായി പോരാടുകയായിരുന്നു അദ്ദേഹം. സര്‍ക്കാറിന്റെ ചെലവില്‍ നടക്കുന്ന അക്കാദമിക രചനകള്‍ വന്‍തുകക്ക് വില്‍ക്കുന്ന തികച്ചും അന്യായമായ സംരംഭത്തെ ഇല്ലാതാക്കാനും, അത്തരം രചനകള്‍ വൈജ്ഞാനിക ലോകത്തിന് സൗജന്യമായി ലഭ്യമാക്കാനുമുള്ള ശ്രമങ്ങളായിരുന്നു അദ്ദേഹത്തിന്റേത്. ഈ ശ്രമത്തിന്റെ ഭാഗമായാണ് അദ്ദേഹം 48 ലക്ഷം ലേഖനങ്ങള്‍ കൈവശപ്പെടുത്തിയതും അത് മറ്റുള്ളവര്‍ക്ക് സൗജന്യമായി ലഭ്യമാക്കാനുള്ള ശ്രമങ്ങള്‍ നടത്തിയതും.

ആരോണ്‍ സ്വാര്‍ട്‌സിന്റെ പ്രവര്‍ത്തനങ്ങളും അദ്ദേഹത്തിനെതിരെയുള്ള നടപടികളും അമേരിക്കയിലെ കരിനിയങ്ങള്‍ക്കും ഭരണകൂട ഭീകരതകള്‍ക്കുമുള്ള ഉദാഹരണമാണ്. എഡ്വേഡ് സ്‌നോഡന്റെ വെളിപ്പെടുത്തലുകളും അദ്ദേഹത്തിനെതിരെയുള്ള ഭരണകൂടത്തിന്റെ നടപടികളും ഇവയുടെ ഏറ്റവും സമകാലിക രൂപമാണ്. നാസയുടെ സൈറ്റ് ഹാക്ക് ചെയ്യാന്‍ ശ്രമിച്ച കേസില്‍ കുറ്റാരോപിതനായ ജൊനാഥന്‍ ജയിംസ് എന്ന 24 കാരന്‍ 2008 ല്‍ ആത്മ്യചെയ്യുന്നതിന് മുമ്പ് എഴുതിയ കുറിപ്പില്‍ എഴുതിയത് ‘ എനിക്കിവിടുത്തെ നിയമവ്യവസ്ഥയില്‍ വിശ്വാസമില്ല’ എന്നാണ്.

ലോകത്തെ സാമ്രാജ്യത്വ വിരുദ്ധ പോരാളികള്‍ക്കും നീതി സംരക്ഷിക്കാന്‍ ശ്രമിക്കുന്നവര്‍ക്കും ആരോണ്‍ സ്വാര്‍ട്‌സിന്റെ ജീവിത പോരാട്ടങ്ങള്‍ പ്രചോദനമാകേണ്ടതുണ്ട്. നീതിയുടെ സംസ്ഥാപനത്തിനും അനീതിയുടെ ഉച്ഛാടനത്തിനും വേണ്ടി പോരാടാന്‍ ആഹ്വനം ചെയ്യുന്ന വിശുദ്ധ ഖുര്‍ആന്റെ വക്താക്കള്‍ക്ക് വിശേഷിച്ചും. ഭരണകൂട ഭീകരതകള്‍ നിരന്തരം ആവര്‍ത്തിക്കപ്പെടുന്ന ഇന്ത്യാ രാജ്യത്ത് ഇത്തരം അനീതികള്‍ക്കെതിരെ ധീരതയോടെ പടപൊരുതുന്നവരെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ ഇവിടെയും ചില വ്യക്തിത്വങ്ങള്‍ എഴുന്നേറ്റു നില്‍ക്കുന്നുണ്ട്. ഇറോം ശര്‍മിളയെപ്പോലുള്ള ഉരുക്കു വനിതകളും എസ്.എ.ആര്‍ ഗീലാനിയെപ്പോലെയുള്ളവരും ഇതിന് ഉദാഹരണങ്ങളാണ്. എന്നാല്‍ യുവ സമൂഹത്തിന്റെ സാന്നിദ്ധ്യം വളരെ കുറവാണ്. ഷാഹിദ് ആസ്മിയെപ്പോലുള്ള ചില വ്യക്തികള്‍ ഉണ്ടായിരുന്നുവെങ്കിലും അദ്ദേഹത്തെയും ഭരണകൂടം വേട്ടയാടുകയായിരുന്നു. അതിനാര്‍, പുതിയ ആരോണുമാരും, സ്‌നോഡന്‍മാരും, ഷാഹിദ്മാരും നമ്മുടെ രാജ്യത്ത് ഉയര്‍ന്നു വരേണ്ടതുണ്ട്. ഇത്തരം ധീരയവ്വനങ്ങള്‍ അതിന് നിമിത്തമാകട്ടെ.

മുബശ്ശിര്‍ എം
(Islam Onlive/Nov-10-2014)

Related Post