പഞ്ചാബി നാടന്‍ പാട്ടുകളുടെയും സ്വൂഫീഭക്തിഗാനങ്ങളുടെയും സംഗീതലോകത്തെ പ്രതിഭയായ ഹന്‍സ് രാജ് ഹന്‍സ് തന്റെ ലാഹോര്‍സന്ദര്‍ശനവേളയില്‍ ഇസ്‌ലാംസ്വീകരണവാര്‍ത്ത സ്ഥിരീകരിച്ചത്. താന്‍ ഇസ്‌ലാമിലേക്ക് കടന്നുവന്നത് ഖുര്‍ആന്‍ വായനയിലൂടെയാണെന്നും അതിന് ബാഹ്യപ്രേരണകളൊന്നുമുണ്ടായിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി. മുസ്‌ലിമായതില്‍ അഭിമാനം കൊള്ളുന്ന അദ്ദേഹം ഇനിമുതല്‍ മുഹമ്മദ് യൂസുഫ് എന്ന പേരില്‍ അറിയപ്പെടാനാണ് ഇഷ്ടപ്പെടുന്നത്.
‘ഇസ്‌ലാം സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സമാധാനത്തിന്റെയും മതമാണ്. ഇസ്‌ലാം സ്വീകരിച്ചശേഷം ഞാനനുഭവിക്കുന്ന ആത്മനിര്‍വൃതി വിവരിക്കാന്‍ വാക്കുകളില്ല. ഇനി മദീന സന്ദര്‍ശിക്കണം.’ തന്റെ അനുഭവങ്ങള്‍ ഹന്‍സ് രാജ് പങ്കുവെക്കുന്നു.
സംഗീതലോകത്ത് തന്റെ പൂര്‍വനാമം നിലനിര്‍ത്തുമെന്നറിയിച്ച ഹന്‍സ് രാജ് ഇസ്‌ലാമിനെക്കുറിച്ച് ഒട്ടേറെ വായിക്കുകയും പണ്ഡിതസമൂഹത്തോട് സംശയനിവാരണംനടത്തുകയും ചെയ്തു. തന്റെ സംഗീതാലാപനലോകത്തായിരിക്കുമ്പോള്‍ തന്നെ സ്വൂഫീ കാവ്യങ്ങളോടും ഗാനാലാപനശൈലികളോടും അനുരാഗം പ്രകടിപ്പിച്ചിരുന്നത് പലപ്പോഴും അദ്ദേഹം പ്രഖ്യാപിക്കാറുമുണ്ടായിരുന്നു.
പഞ്ചാബിലെ ജലന്ധറിനടുത്തുള്ള ശാഫിപൂര്‍ ഗ്രാമത്തില്‍ ഒരു സിഖ് കുടുംബത്തില്‍ സര്‍ദാര്‍ രശ്പാല്‍ സിങിന്റെയും സിര്‍ജന്‍ കൗറിന്റെയും രണ്ടാമത്തെ മകനായി 1953 നവംബര്‍ 30 ന് ജനിച്ചു. സംഗീതപാരമ്പര്യമൊന്നുമില്ലാതിരുന്ന കുടുംബമായിരുന്നുവെങ്കിലും അദ്ദേഹം നന്നെ ചെറുപ്പത്തില്‍ ഗാനാലാപനത്തില്‍ കഴിവുതെളിയിച്ചു. തന്റെവീടിനടുത്തുകൂടി സിഖ് ഭക്തിഗാനങ്ങളാലപിച്ച് കടന്നുപോകാറുണ്ടായിരുന്ന തെരുവുഗായകന്‍ സിതാരാസിങ് അദ്ദേഹത്തെ സ്വാധീനിച്ചിരുന്നുവെങ്കിലും ഉസ്താദ് പുരന്‍ ശാഹ്‌കോട്ടി സാഹിബിന്റെ ശിഷ്യത്വം സ്വീകരിച്ച് സംഗീതപഠനം ആരംഭിച്ചതോടെയാണ് അദ്ദേഹത്തിലെ പ്രതിഭ ഊതിക്കാച്ചിയെടുക്കപ്പെട്ടത്. അദ്ദേഹത്തില്‍നിന്നാണ് ഹന്‍സ് രാജിന് സ്വൂഫീഗാനാലാപനശൈലി ലഭിച്ചത്. ഹംസ(അരയന്നം)ത്തെപ്പോലെ ശബ്ദസൗകുമാര്യവും സുമുഖനുമായിരുന്നതിനാല്‍ ഗുരു അദ്ദേഹത്തിന് ഹന്‍സ് എന്ന വിശേഷണം നല്‍കുകയായിരുന്നു.
പഞ്ചാബി നാടന്‍പാട്ടുകളും സ്വൂഫീഗാനങ്ങളും ആലപിക്കുന്നതില്‍ തനതുശൈലി കാഴ്ചവെച്ച ഹന്‍സ് രാജ് സംഗീതത്തിനായി തന്റെ ജീവിതം ഉഴിഞ്ഞുവെച്ചു. ഏക് ഇശാറ,വന്‍ജാരാ, തേരാ ഇഷ്‌ക്, മുഹബ്ബത് എന്നിങ്ങനെ പ്രശസ്തമായ 23 ആല്‍ബങ്ങളും കച്ചേ ദാഗേ, നായക്, ബ്ലാക് & വൈറ്റ്, പട്യാല ഹൗസ് തുടങ്ങി ബോളിവുഡ് സിനിമാ ഗാനങ്ങളും ഒട്ടേറെ ഭക്തിഗാനങ്ങളും അദ്ദേഹത്തിന്റെതായുണ്ട്. ആല്‍ബങ്ങള്‍ ഒന്നൊന്നായി പുറത്തിറങ്ങിയപ്പോള്‍ അദ്ദേഹം പ്രശസ്തിയുടെ കൊടുമുടികള്‍ ഒന്നൊന്നായി താണ്ടിക്കടക്കുകയായിരുന്നു.
ഇസ് ലാം പാഠശാല
21 February 2014