പെരുന്നാളിന്ന് ഒരു നറുമണം

ഈദ്

New Delhi, India — Indian Muslim children greet each other after prayer at Jama Masjid, on the occasion of Eid-al-Fitr in New Delhi. Eid Al Fitr marks the end of Ramadan and the conclusion of month-long fasting. — Image by © epa/Corbis

ഉണ്ടായിരിക്കണമെന്ന് ഇസ്‌ലാം വിശ്വാസികളില്‍ നിന്ന് താല്‍പര്യപ്പെടുന്നു. മറ്റുദിവസങ്ങളില്‍ നിന്ന് പെരുന്നാള്‍ വ്യത്യസ്തമാകുന്നത് ഈ നറുമണം കൊണ്ടാണ്. അതിന്റെ പ്രത്യേകത വ്രതശുദ്ധി കാരണം വിശ്വാസിയുടെ അകവസ്ത്രത്തില്‍ നറുമണം പുരളുന്നു എന്നതാണ്. അകവസ്ത്രം എന്നതുകൊണ്ടുദ്ദേശ്യം ഭക്തിയുടെ വസ്ത്രമാണ്. ഖുര്‍ആന്‍ ഭക്തിയുടെ വസ്ത്രം നേടാന്‍ വിശ്വാസികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതാണ് ഉത്തമമായ വസ്ത്രം എന്ന് ഖുര്‍ആന്‍ ഓര്‍മിപ്പിക്കുന്നു.

രണ്ട് ആഘോഷങ്ങള്‍ -പെരുന്നാളുകള്‍- നിശ്ചയിക്കുക വഴി ഇസ്‌ലാം മനുഷ്യപ്രകൃതിക്ക് ഇണങ്ങുന്ന മതമാണ് എന്ന് തെളിയിക്കുകയാണ്. ഒരു മാസം പകല്‍പ്പട്ടിണി പിറ്റേന്ന്- ശവ്വാല്‍ ഒന്നിന് പട്ടിണി നിഷിദ്ധമാക്കിയിരിക്കുന്നു. നല്ലത് ഭക്ഷിക്കണം, പുതുവസ്ത്രമണിയണം. പുതുവസ്ത്രത്തില്‍ സുഗന്ധം പുരട്ടുന്നതിന് മുമ്പ് മനസ്സില്‍ സുഗന്ധം പുരട്ടിയിരിക്കണം അതിനാണ് നിഷ്‌കര്‍ഷം. ചുരുക്കിപ്പറഞ്ഞാല്‍ വ്രതമാസത്തെ പരിഗണിച്ചവനേ പെരുന്നാളിന്റെ സന്തോഷമുള്‍ക്കൊള്ളാന്‍ കഴിയുകയുള്ളൂ.

ഒരു സമ്പൂര്‍ണ മഹല്ലുസംഗമമായിരിക്കണം രണ്ടുപെരുന്നാളുകളും എന്നാണ് നബി(സ) അഭിലഷിച്ചത്. അവിടുന്ന് ആര്‍ത്തവകാരികളെ വരെ ഈദ്ഗാഹിലേക്ക് കൊണ്ടുവരാന്‍ കല്‍പിച്ചതില്‍ നിന്ന് അത് മനസ്സിലാക്കാം. ‘ഉമ്മു അത്വിയ്യ(റ) പറയുന്നു. കന്യകമാരേയും ആര്‍ത്തവകാരികളേയും രണ്ട് പെരുന്നാളുകളിലും മുസ്‌ലിംകളുടെ സംഗമസ്ഥലത്തേക്ക് (ഈദ്ഗാഹിലേക്ക്) കൊണ്ടുവരാന്‍ നബി(സ) കല്‍പ്പിച്ചു. ആര്‍ത്തവകാരികള്‍ നമസ്‌കാര സ്ഥലത്തുനിന്ന് വിട്ടുനില്‍ക്കുകയും മുസ്‌ലിംകളുടെ സംഗമത്തിലും പ്രാര്‍ത്ഥനയിലും പങ്കുകൊള്ളുകയും ചെയ്യട്ടെ. (അപ്പോള്‍ ഒരു സ്ത്രീ ചോദിച്ചു) ഞങ്ങളിലൊരുവള്‍ക്ക് മേല്‍വസ്ത്രം (ജില്‍ബാബ്) ഇല്ലെങ്കിലോ? തന്റെ കൂട്ടുകാരി അവളുടെ ജില്‍ബാബില്‍ നിന്ന് ഒന്ന് അവളെ അണിയിക്കട്ടെ എന്നായിരുന്നു നബി(സ)യുടെ മറുപടി. (ബുഖാരി, മുസ്‌ലിം)

കുട്ടികളും യുവാക്കളും വൃദ്ധരും മാത്രമല്ല ആര്‍ത്തവകാരികളായ സ്ത്രീകള്‍ പോലും പങ്കെടുക്കുന്ന ഒരു സമ്പൂര്‍ണ്ണ സംഗമം തന്നെയാണ് പെരുന്നാളാഘോഷത്തിലെ ഏറ്റവും പ്രധാന ഘടകം. അതിലെ പ്രഘോഷണം അല്ലാഹു അക്ബര്‍ എന്നും. ഏറ്റവും സുന്ദരവും ഏറ്റവും മഹാനുമായ അല്ലാഹുവെ വാഴ്ത്തുകയാണ് ആ പ്രഖ്യാപനത്തിലൂടെ വിശ്വാസികള്‍ ചെയ്യുന്നത്. അതിനാല്‍ ആഹ്ലാദ പ്രകടനം ആ തക്ബീറിന്ന് (മഹത്വപ്രഖ്യാപനത്തിന്) അനുഗുണമായേ ആകാവൂ.

വര്‍ത്തമാന കാലത്തെ ആഘോഷങ്ങളില്ലെല്ലാം മദ്യം സാന്നിധ്യമുറപ്പിക്കാറുണ്ട്. പരീക്ഷയില്‍ റാങ്ക് നേടിയാല്‍, കുഞ്ഞു പിറന്നാല്‍, ഉദ്യോഗക്കയറ്റം ലഭിച്ചാല്‍ എന്നിങ്ങനെ ഏതു സന്തോഷത്തിലും മദ്യത്തിന്റെ സഹായം തേടുന്ന സ്വഭാവം പ്രചാരം നേടിവരികയാണ്. ഇസ്‌ലാം ഒരു സാഹചര്യത്തിലും മദ്യം അനുവദിക്കുന്നില്ല. ആ പൈശാചികതയോട് ഇസ്‌ലാം തുറന്ന സംഘട്ടനത്തിലാണ്. അതിനാല്‍ പെരുന്നാളാഘോഷത്തില്‍ മദ്യം കടന്നുവരരുത്.

പുതിയ കാലം സംസ്‌കാരങ്ങളുടെ കടം വാങ്ങേണ്ട ആവശ്യമില്ലാത്ത വിധം ഇസ്‌ലാമിക സംസ്‌കാരം പരിപൂര്‍ണ്ണവും സമ്പന്നവുമാണ്. മദ്യപാനം കടംവാങ്ങുന്ന സംസ്‌കാരമാണ്. അല്ലാഹു അക്ബര്‍ കൊണ്ട് ആരംഭിച്ച് അതിന്റെ സ്വാധീനതയിലൂടെ മുന്നോട്ടുപോയി അതുകൊണ്ട് തന്നെ അവസാനിക്കുന്ന പെരുന്നാളാഘോഷത്തില്‍ ശ്രദ്ധിക്കേണ്ടത് ആ ഒരു ദിവസത്തേക്ക് മാത്രമുള്ളതല്ല ഭക്തിയുടെ വസ്ത്രം എന്നതാണ്. അഴുക്കുപുരളാതെ സൂക്ഷിക്കണമത്. വ്രതം ഒരു പരിചയായിരുന്നുവല്ലോ. നമുക്ക് ആ മാസത്തില്‍ യുദ്ധത്തിലെ വെട്ടുകള്‍ തടുത്ത് ശരീരത്തെ രക്ഷിക്കുന്ന ധര്‍മ്മമാണ് പരിചക്കു നിര്‍വഹിക്കാനുള്ളത്. റമദാനിലേതു പോലെ തന്നെ പുണ്യം ചെയ്യാന്‍ മറ്റു മാസങ്ങളില്‍ കഴിഞ്ഞില്ലെങ്കിലും തിന്മയുടെ പ്രഹരം ഏല്‍ക്കുന്നത് നമുക്ക് ഒഴിവാക്കാന്‍ എപ്പോഴും കഴിയണം. അതിന് കഴിയുന്നില്ലെങ്കില്‍ നമ്മള്‍ നമസ്‌കരിച്ചിട്ടില്ല എന്നാണര്‍ത്ഥം. നമസ്‌കാരം മ്ലേച്ഛമായ കാര്യങ്ങളില്‍ നിന്ന് തടയും എന്ന് ഖുര്‍ആന്‍ പറഞ്ഞിട്ടുണ്ടല്ലോ. നോമ്പിനുനേടിയ പരിചയും അഞ്ചുനേരത്തെ നമസ്‌കാരവും ചേര്‍ന്ന് നമ്മെ വിശുദ്ധരാക്കുമ്പോള്‍ അഥവാ സമൂഹത്തിന് മാതൃകയായി വര്‍ത്തിക്കാന്‍ നമ്മെ പരുവപ്പെടുത്തുമ്പോള്‍ നാം വിജയികളാകും. പെരുന്നാളാഘോഷം ഭക്തിമയമായാല്‍ തുടര്‍ന്നുള്ള നാളുകള്‍ ധന്യമാവും. പ്രപഞ്ചകര്‍ത്താവ് നമുക്കുതന്ന അനുഗ്രഹങ്ങള്‍ ഓരോന്നിന്നും നന്ദി പ്രകടിപ്പിക്കാന്‍ പാകപ്പെട്ട ഒരു മനസ്സ് നാം ആര്‍ജിക്കുക.

Related Post