അലങ്കാരത്തിന്റെയും പുഞ്ചിരിയുടെയും പെരുന്നാള്‍

 

ലേഖകൻ അഹ്മദ് ബിന്‍ അബ്ദുല്‍ മുഹ്‌സിന്‍ അസ്സാഫ്

സമൂഹങ്ങളുടെയും നാഗരികതകളുടെയും സവിശേഷതകളില്‍പെട്ടതാണ് പെരുന്നാള്‍. സാംസ്‌കാരിക പൈതൃകത്തിന്റെ ഭാഗം കൂടിയാണ് അത്. ആഘോഷവും പെരുന്നാളുമില്ലാത്ത ഒരു സമൂഹവും ചരിത്രത്തില്‍ കഴിഞ്ഞുപോയിട്ടില്ല. കാരണം മുന്‍കാലത്ത് പെരുന്നാളുകള്‍ക്ക് മതപരമായ ആചാരങ്ങളുമായി നേരിട്ടുബന്ധമുണ്ടായിരുന്നു. പില്‍ക്കാലത്താണ് ഭൗതിക വിഷയങ്ങളും സന്ദര്‍ഭങ്ങളുമായി ബന്ധപ്പെട്ട പെരുന്നാളുകള്‍ ആഘോഷിച്ചുതുടങ്ങിയത്. ഇപ്പോള്‍ തക്കാളികള്‍ക്കും മുന്തിരികള്‍ക്കും വരെ ആഘോഷങ്ങള്‍കൊണ്ടാടിത്തുടങ്ങിയിരിക്കുന്നു.
സമൂഹങ്ങള്‍ മറ്റുള്ളവയില്‍ നിന്ന് വേര്‍തിരിയുന്നത് ആഘോഷങ്ങളിലൂടെയാണ്. തങ്ങളുടെ സംസ്‌കാരത്തെയും, മൂല്യത്തെയും അടയാളപ്പെടുത്താനും ചരിത്രവും പൈതൃകവും കൊണ്ട് അഭിമാനം നടിക്കാനും സമൂഹങ്ങള്‍ പെരുന്നാളിനെയാണ് ഉപയോഗിച്ചിരുന്നത്.

അങ്ങനെയിരിക്കെ ജനങ്ങള്‍ അവരുടെ പെരുന്നാള്‍ അവഗണിക്കുകയും അന്നേദിവസം യാതൊരു കാരണവുമില്ലാതെ അപരിചിത ദേശത്ത് ചുറ്റിയടിക്കുകയും ചെയ്യുന്നത് അല്‍ഭുതം തന്നെയാണ്. മറ്റു സമൂഹങ്ങളുടെ പെരുന്നാള്‍ ആഘോഷിക്കാനും അവയ്ക്ക് നേതൃത്വം നല്‍കാനും അവര്‍ മുന്‍നിരയില്‍ തന്നെയുണ്ടായിരിക്കുമെന്നത് അതിനേക്കാളല്‍ഭുതമാണ്. ഒരുപക്ഷേ തങ്ങളോട് ശത്രുതയിലോ, യുദ്ധത്തിലോ നിലകൊള്ളുന്ന സമൂഹത്തിന്റെ ആഘോഷമാണ് അവര്‍ സാമോദം ഏറ്റെടുക്കുന്നത്.
മുസ്‌ലിംകളായ നമ്മുടെ പെരുന്നാളുകള്‍ പൂര്‍ണമായും മതപരമാണ്. നമ്മുടെ ദീന്‍ ദുന്‍യാവില്‍ നിന്ന് വേര്‍പെട്ട ഒന്നല്ല. അല്ലാഹു നമുക്ക് ആഴ്ചതോറും ഒരു പെരുന്നാള്‍ നല്‍കിയിരിക്കുന്നു. നാമതിനെ ജുമുഅ എന്ന് വിളിക്കുന്നു. വര്‍ഷത്തില്‍ രണ്ട് പെരുന്നാളുകളും. അവ രണ്ടും മഹത്തായ ആരാധനകള്‍ക്ക് ശേഷമാണ് വരുന്നത്. ചെറിയ പെരുന്നാള്‍ റമദാന്‍ നോമ്പിന്നൊടുവിലും  ബലി പെരുന്നാള്‍ ഹജ്ജിനെതുടര്‍ന്നുമാണ് വരുന്നത്.
വര്‍ഷത്തില്‍ ഇനി മൂന്നാമതൊരു പെരുന്നാള്‍ ആരുതന്നെ കൊണ്ടുവന്നാലും മുസ്‌ലിംകളുടെ അടുത്ത് അത് ഏശുകയില്ല. വെള്ളിയാഴ്ച ജുമുഅയെ വ്യാഴായ്ചയില്‍ സ്വീകരിക്കാത്തതുപോലെ. ആഘോഷങ്ങളും ആഹ്ലാദവും അല്ലാഹുവിലുള്ളതാവുകയും അവയില്‍ അവന്നുള്ള വിധേയത്വം പ്രകടിപ്പിക്കുകയും ചെയ്യുന്നതിനാണ് അവ ആരാധനകള്‍ക്ക് ശേഷം നിശ്ചയിക്കപ്പെട്ടിട്ടുള്ളത്.
അഴകിന്റെയും അലങ്കാരത്തിന്റെയും ആനന്ദത്തിന്റെയും പെരുന്നാളാണ് ഇസ്‌ലാമിലേത്. അതിനാലാണ് ചെറിയ പെരുന്നാള്‍ നമസ്‌കാരത്തിന് മുമ്പും ബലി പെരുന്നാള്‍ നമസ്‌കാരത്തിനുശേഷവും  ദരിദ്രരെ ഊട്ടുന്നതിനായി വിശ്വാസികള്‍ മത്സരിക്കുന്നത്. വിശ്വാസികളില്‍ ഭൂരിഭാഗവും തങ്ങളുടെ സകാത്തും മറ്റുദാനധര്‍മങ്ങളും റമദാനില്‍ നല്‍കുന്നുവെന്നത് അല്ലാഹു മുസ്‌ലിം ഉമ്മത്തിന് നല്‍കിയ ഔദാര്യത്തില്‍ പെട്ടതാണ്. അതുമുഖേനെ പുതുവസ്ത്രം വാങ്ങാനും പെരുന്നാളിനൊരുങ്ങാനും ദരിദ്രന് സാധിക്കുന്നു.
ബന്ധുക്കളും  സുഹൃത്തുക്കളുമായുള്ള ബന്ധം പുതുക്കാനും, ഊഷ്മളമാക്കാനുമുള്ള അവസരം കൂടിയാണ് പെരുന്നാള്‍. കുടുംബാംഗങ്ങള്‍ പരസ്പരം ഒരുമിക്കുകയും, ഹൃദയത്തിലെ വിഷമതകളും സന്തോഷങ്ങളും പങ്കുവെക്കുകയും ചെയ്യാന്‍ പെരുന്നാള്‍ വേദിയൊരുക്കുന്നു. കുഞ്ഞുങ്ങളെ സന്തോഷിപ്പിക്കാനും, അവര്‍ക്ക് പ്രത്യേക പരിഗണന നല്‍കാനും പെരുന്നാളില്‍ സാധിക്കേണ്ടതുണ്ട്. കുഞ്ഞുങ്ങളില്ലാത്ത പെരുന്നാളിന് എന്ത് മധുരമാണുള്ളത്? തന്റെ സഹധര്‍മിണിയോടുള്ള ബന്ധം പുതുക്കാനും, ദൃഢപ്പെടുത്താനും ദാമ്പത്യത്തിന്റെ മനോഹരമായ ആശയങ്ങള്‍ പുനര്‍ജനിപ്പിക്കാനും പെരുന്നാളിനെ ഉപയോഗപ്പെടുത്തേണ്ടതുണ്ട്.
സകലനന്മകളുടെയും അനുവദനീയ വിനോദോപാധികളുടെയും അകമ്പടിയോടെയാണ് നാം പെരുന്നാള്‍ ആഘോഷിക്കേണ്ടത്. അതിനാല്‍ തന്നെ പെരുന്നാള്‍ പ്രോഗ്രാമുകളും പദ്ധതികളും ആസൂത്രണം ചെയ്യുന്നവര്‍ അവയില്‍ ഇസ്‌ലാമിക ശരീഅത്തിന് വിലക്കിയതൊന്നുമില്ലെന്ന്് ഉറപ്പുവരുത്തേണ്ടതുണ്ട്. തിന്മയിലേക്കും ആഭാസത്തിലേക്കും നയിക്കുന്ന, കുറ്റകൃത്യങ്ങള്‍ക്ക് വഴിവെക്കുന്ന ആഘോഷപരിപാടികള്‍ നാം ആഗ്രഹിക്കുന്നില്ല. മറ്റുള്ളവര്‍ക്ക് പ്രയാസമുണ്ടാക്കുന്ന, ഗതാഗതമാര്‍ഗങ്ങള്‍ക്ക് തടസ്സം സൃഷ്ടിക്കുന്ന ആഘോഷങ്ങളും നമുക്കുവേണ്ട. മറ്റുള്ളവരുടെ സന്തോഷത്തിനും അടിയന്തിരാവശ്യത്തിനും തടയിട്ട് നാം ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നതില്‍ എന്തര്‍ത്ഥം?
റമദാന്റെയും ഹജ്ജിന്റെയും മഹത്ത്വം നശിപ്പിക്കുന്നവര്‍ തന്നെയാണ് പരിപാവനമായ  പെരുന്നാള്‍ ആഘോഷങ്ങള്‍ക്കുമേല്‍ പാപത്തിന്റെ കരിനിഴല്‍ വീഴ്ത്തുന്നത് എന്നതാണ് സത്യം. അത്തരക്കാര്‍ക്ക് നമ്മുടെ സമൂഹത്തില്‍ ഒരു ഇടവുമില്ല. നമ്മുടെ ആഘോഷവേളയില്‍ അവര്‍ക്ക് അധികാരമോ, സ്വാധീനമോ ഇല്ല.
അല്ലാഹു തൃപ്തിപ്പെടുന്ന കര്‍മങ്ങളുമായി നാം പെരുന്നാളിനെ സ്വീകരിക്കുകയും, അവന്‍ തൃപ്തിപ്പെടുന്ന കര്‍മങ്ങളുമായി നാമതിനെ യാത്രയാക്കുകയും ചെയ്യേണ്ടതുണ്ട്. നന്മകളും സുകൃതങ്ങളും വര്‍ഷിച്ച്, ഇടപാടുകളില്‍ സത്യസന്ധത പാലിച്ച്, പ്രതാപത്തിന്റെയും ശക്തിയുടെയും പ്രകടനമായ പെരുന്നാള്‍ നമുക്ക് ആഘോഷിക്കാം.

Related Post