ഭര്‍ത്താക്കന്‍മാരേ, ഭാര്യമാരും മനുഷ്യരാണ്

wb051390നീ വീട് അടിച്ചുതൂത്തുവാരിയില്ലേ? ഡിന്നര്‍ റെഡിയായോ? കുട്ടികള്‍ക്ക് ഭക്ഷണം നല്‍കിയോ? എന്റെ വസ്ത്രങ്ങള്‍ കഴുകിയിട്ടോ?

ദിനേന എല്ലാവീട്ടമ്മമാരും തങ്ങളുടെ ഭര്‍ത്താക്കന്‍മാരുടെ ഇവ്വിധമുള്ള ചോദ്യശരങ്ങളേറ്റ് വിഷമിക്കുന്നവരാണ്. ഇതെല്ലാം ഭാര്യമാരെ വെറും വീട്ടുവേലക്കാരെന്നോണം കണക്കാക്കുന്ന പ്രസ്താവനകളാണെന്ന് അവരെങ്ങാനും തെറ്റുധരിച്ചാല്‍ കുറ്റം പറയാനാകില്ല. ജീവിതചര്യയില്‍ പുരുഷനുംസ്ത്രീക്കുമുള്ള റോളുകള്‍ നിര്‍വഹിക്കുമ്പോഴും പലപ്പോഴും അത്തരം പുരുഷന്‍മാര്‍ ദാമ്പത്യത്തിന്റെ അര്‍ഥമെന്തെന്നോ ഭാര്യമാരുടെ അവകാശങ്ങളെന്തെന്നോ വേണ്ടവിധം മനസ്സിലാക്കിയിട്ടില്ലെന്നുവേണം കരുതാന്‍.

നിത്യേനയുള്ള പണികളിലുഴറി പങ്കാളിയുടെയും സന്താനങ്ങളുടെയും ഒപ്പം സന്തോഷകരമായ നിമിഷങ്ങള്‍ ചെലവഴിക്കാനാകാതെ അവരുടെ ജീവിതം ഉരുകിത്തീരുകയാണെന്ന് ആരുണ്ടറിയുന്നു? ഇതെല്ലാം ദാമ്പത്യത്തില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടാക്കിത്തീര്‍ക്കുമെന്നതില്‍ യാതൊരു സംശയമില്ല. ദീനിനിഷ്ഠരായ കുടുംബങ്ങളിലെ ഭര്‍ത്താക്കന്‍മാര്‍പോലും ഇപ്പോഴും തങ്ങളുടെ ഭാര്യമാരുടെ അവകാശങ്ങളെക്കുറിച്ച്, അത് ദാമ്പത്യത്തിന് കൂടുതല്‍ ഊടുംപാവുംനല്‍കും എന്ന കാര്യത്തില്‍ അറിവുള്ളവരല്ല.

ഭാര്യമാരും മനുഷ്യര്‍തന്നെ

അല്ലാഹുവിന്റെ നിയമങ്ങളനുസരിച്ച് ജീവിക്കുന്ന വിശ്വാസിയായ ഭര്‍ത്താവ് തന്റെ ജീവിതപങ്കാളിയോടുള്ള പെരുമാറ്റച്ചട്ടങ്ങളെക്കുറിച്ച് അജ്ഞനാണെന്ന് വരുന്നത് വളരെ കഷ്ടമാണ്. വീടിനുപുറത്ത് മാന്യനും ഉദാരനും ക്ഷമാലുവും സുസ്‌മേരവദനനുമായിരിക്കുമ്പോള്‍ വീട്ടിലെത്തിക്കഴിഞ്ഞാല്‍ ക്ഷിപ്രകോപിയും അക്ഷമനും ആകുന്നത് അത്ഭുതംതന്നെ. ഭാര്യയോട് എല്ലാ കാര്യങ്ങളും ആജ്ഞാപിക്കുന്ന പട്ടാളക്കമാണ്ടറെപ്പോലെയാണ് അയാളുടെ പിന്നീടുള്ള പെരുമാറ്റങ്ങളെല്ലാം.

ഓഫീസിലോ കമ്പനിയിലോ പുറത്തോ താന്‍ നേരിടുന്ന സമ്മര്‍ദ്ദങ്ങളും വെല്ലുവിളികളും ഏറിയുംകുറഞ്ഞും ഭാര്യയും തന്റെ വ്യത്യസ്തദിനകൃത്യങ്ങള്‍ക്കിടയില്‍ നേരിടുന്നുവെന്ന് പുരുഷന്‍ എന്തുകൊണ്ട് മനസ്സിലാക്കുന്നില്ല. ദീര്‍ഘനേരത്തെ വീട്ടുജോലികള്‍ക്കുശേഷം തന്റെ ഭാര്യക്കും വിശ്രമം ആവശ്യമാണെന്ന് പുരുഷന്‍ തിരിച്ചറിയണം. തന്റെ കുടുംബിനിക്കും മക്കള്‍ക്കും വേണ്ട വിഭവങ്ങള്‍ സമ്പാദിച്ചുകൊണ്ടുവരേണ്ട ജോലിയേക്കാള്‍ പ്രാധാന്യംകുറഞ്ഞതല്ല വീട്ടുകാര്യങ്ങള്‍ നോക്കിനടത്തുന്ന പണിയും. ഒരുവേള കുട്ടികളെ പരിപാലിക്കുന്നതും കുടുംബത്തെ നോക്കിനടത്തുന്നതും എല്ലാറ്റിനേക്കാളും മഹത്തരമാണുതാനും.

പലപ്പോഴും വീട്ടില്‍ ഉണ്ടാകാറുള്ള സംഭവമുണ്ട്: ക്ഷീണിതയായ ഭാര്യ തന്റെ ഭര്‍ത്താവിനോട് വീടിന്റെ തറ തുടക്കുവാനോ, പാചകംചെയ്യാനോ അലക്കാനോ സഹായംതേടുന്നു. എന്നാല്‍ ഭര്‍ത്താവെന്ന നിലയില്‍ അത്തരം പണികള്‍ചെയ്യുന്നത് തനിക്ക് മാനക്കേടാണെന്ന് പുരുഷന്‍ ചിന്തിക്കുന്നു. അല്ലാഹുവിന്റെ അന്ത്യപ്രവാചകനായ മുഹമ്മദ് നബി(സ) തന്റെ ഭാര്യമാരെ വീട്ടുജോലികളില്‍ സഹായിച്ചിരുന്ന കാര്യം ഇവര്‍ക്കറിയില്ലെന്നാണോ? ഉമര്‍(റ) ഒരു കൂട്ടം സ്ത്രീകള്‍ക്ക് പാചകക്കുറിപ്പ് പഠിപ്പിച്ചുകൊടുത്തിരുന്ന സംഭവം കേട്ടിട്ടില്ലേ?സ്വയം പാചകം അറിയാത്ത ആളായിരുന്നെങ്കില്‍ ഉമര്‍(റ)ന് അത് പഠിപ്പിക്കാന്‍ കഴിയുമായിരുന്നില്ലല്ലോ.

എന്തായാലും നമ്മുടെ നബിതിരുമേനിയുടെ അത്രയൊന്നും തിരക്കുള്ളവരല്ലല്ലോ ഇന്നത്തെ പുരുഷന്‍മാര്‍. നബി(സ)യാകട്ടെ പ്രബോധനപ്രവര്‍ത്തനങ്ങളില്‍ സദാവ്യാപൃതനായിരുന്നുതാനും. ഖിലാഫത്തിന്റെ കനത്ത ഉത്തരവാദിത്വം ചുമലിലേറ്റിയ ഉമറിനോളം തിരക്കുള്ളവരുണ്ടോ?

സ്‌നേഹം പ്രകടിപ്പിക്കുക

തങ്ങളുടെ ഭര്‍ത്താവില്‍നിന്ന് സ്‌നേഹംതുളുമ്പുന്ന യാതൊരു വാക്കും കേള്‍ക്കാന്‍ സൗഭാഗ്യംലഭിക്കാത്ത എത്രയോ ഭാര്യമുണ്ടെന്നത് ദുഃഖകരമാണ്. ഏറ്റവും കൂടുതല്‍ സ്‌നേഹിക്കുന്നതാരെയാണ് എന്ന അനുചരന്‍മാരുടെ ചോദ്യത്തിന് പ്രിയപത്‌നി ആഇശയെയാണ് എന്ന് ഉത്തരംനല്‍കാന്‍ നബിതിരുമേനി(സ)യ്ക്ക് യാതൊരു മടിയുമുണ്ടായിരുന്നില്ല. തന്റെ ഭാര്യയോടുള്ള സ്‌നേഹം നാലാളുടെ മുമ്പില്‍ തുറന്നുപറയാന്‍ ഭര്‍ത്താക്കന്‍മാര്‍ അശേഷം ലജ്ജിക്കേണ്ടതില്ലെന്ന് സാരം.

തങ്ങളുടെ ഭാര്യമാരോടൊത്ത് സമയംചിലവഴിക്കുകയോ വര്‍ത്തമാനംപറയുകയോ ചെയ്യാത്ത ചില ഭര്‍ത്താക്കന്‍മാരുണ്ട്. തങ്ങള്‍ തിരക്കുപിടിച്ച പ്രബോധനപ്രവര്‍ത്തനങ്ങളിലാണെന്നാണ് അവര്‍ ന്യായം പറയുക. വീടിനുപുറത്തെ പ്രബോധനപ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നത് മഹത്തരമാകുന്നത് അതിന്റെ ഗുണഭോക്താക്കളാകാന്‍ ഭാര്യക്കും മക്കള്‍ക്കും അവകാശമുണ്ടെന്നറിയുമ്പോഴാണ്.

തങ്ങളുടെ സ്വകാര്യനിമിഷങ്ങള്‍ ഇല്ലാതാകുന്നുവെന്ന് അറിയുന്ന ഭാര്യാഭര്‍ത്താക്കന്‍മാര്‍ക്ക് എങ്ങനെയാണ് ജീവിതപങ്കാളിയുമായി സംസാരിക്കാതെയും സമയംചെലവഴിക്കാതെയും ജീവിക്കാനാകുന്നതെന്ന് അത്ഭുതംതോന്നുന്നു. തന്റെ ഭാര്യയുടെ സന്തോഷത്തിലും സങ്കടത്തിലും പങ്കാളിയാകാന്‍ ഭര്‍ത്താവല്ലാതെ മറ്റാരാണ് അവര്‍ക്കുള്ളത്? ജീവിതത്തിലെ വെല്ലുവിളികളെ അടിപതറാതെ നേരിടാന്‍ മനക്കരുത്ത് പകരാന്‍ ഭര്‍ത്താവിനല്ലാതെ മറ്റാര്‍ക്കുകഴിയും? തന്റെ രഹസ്യങ്ങള്‍ ഭാര്യയേക്കാള്‍ കേള്‍ക്കാനും സൂക്ഷിക്കാനും കഴിയുന്ന മറ്റാരാണുള്ളത്? തന്റെ ഈമാന്‍ വര്‍ധിപ്പിക്കാനും സ്വപ്‌നങ്ങള്‍ക്ക് നിറംപകരാനും പുരുഷന് സഹായിയായി വര്‍ത്തിക്കുന്നത് ഭാര്യയല്ലാതെ മറ്റാരാണ്?

തന്റെ ഭാര്യയോട് മാന്യമായി പെരുമാറുന്നവരാണ് പുരുഷന്‍മാരില്‍ ഏറ്റവും ഉത്തമരെന്ന് പ്രവാചകന്‍ തിരുമേനി(സ)പറഞ്ഞിട്ടുണ്ടല്ലോ. നബിതിരുമേനി തന്റെ കുടുംബജീവിതത്തില്‍ എങ്ങനെ ഭാര്യമാരോട് അനുവര്‍ത്തിച്ചുവെന്നത് നാമും പിന്തുടരാന്‍ ബാധ്യസ്ഥരല്ലേ?

പ്രവാചകന്‍ തന്റെ ഭാര്യമാരുമായി സല്ലപിക്കാനും തമാശപറയാനും അവരോടൊപ്പം കളിക്കാനും സമയം കണ്ടെത്തിയിരുന്നു. ഹുദൈബിയ സന്ധിവേളയില്‍ ഉമ്മുസലമയുടെ ഉപദേശം സ്വീകരിക്കുകയുണ്ടായി അദ്ദേഹം. അതുപ്രകാരം നബി തലമുണ്ഡനംചെയ്ത് ബലിയറുത്തതിനാല്‍ സ്വഹാബാക്കളും അതുപിന്‍പറ്റി ഹജ്ജുകര്‍മംചെയ്യാന്‍ നില്‍ക്കാതെ പിരിഞ്ഞുപോകുകയായിരുന്നുവല്ലോ. നബി കടുത്തമാനസികസമ്മര്‍ദ്ദത്തിലകപ്പെട്ട ഘട്ടമായിരുന്നു അത്.

പലരും തെറ്റുധരിച്ചിരിക്കുന്നതുപോലെ കുട്ടികളെ വളര്‍ത്തല്‍ മാതാവിന്റെ മാത്രം ജോലിയല്ല.മാതാവും പിതാവും പരസ്പരധാരണയോടെ ഉത്തരവാദപൂര്‍വം നിര്‍വഹിക്കേണ്ട ജോലിയാണത്. അതില്‍ മാതാവിന്റെ ഉത്തരവാദിത്തം അല്‍പം കൂടിയതാണെന്നുമാത്രം. എന്നുകരുതി കുടുംബത്തിന്റെ സമാധാനന്തരീക്ഷം നിലനിര്‍ത്തേണ്ട പുരുഷന്റെ ബാധ്യത ഒട്ടുംതന്നെ ചെറുതല്ല.

കുട്ടികള്‍ക്ക് പിതാവിന്റെ സാന്നിധ്യം വളരെ പ്രധാനപ്പെട്ടതാണ്. പിതാവിന് തന്റെ കുട്ടികള്‍ക്ക് പകര്‍ന്നുകൊടുക്കാനും ഒട്ടേറെയുണ്ട്. കുട്ടികളുടെ പഠനകാര്യങ്ങളും ഖുര്‍ആന്‍ മനഃപാഠവും ദീനീചര്യകളും എപ്രകാരം മുന്നോട്ടുപോകുന്നുവെന്ന് ദിനേന പരിശോധിക്കേണ്ടതാണ്. പിതാവ് എന്നും പുരോഗതി വിലയിരുത്തി തങ്ങളോടൊപ്പമുണ്ടെന്ന് കുട്ടികള്‍ക്ക് ബോധ്യപ്പെടേണ്ടതുണ്ട്.

പ്രിയ ഭര്‍ത്താക്കന്‍മാരേ, നിങ്ങളുടെ ഭാര്യമാര്‍ നിങ്ങളുടെ ജീവിതപങ്കാളികളാണ്. അവള്‍ നിങ്ങളുടെ ജീവിതത്തിലെ അനുഗ്രഹവും നന്മയുടെ കേദാരവുമാണ്. അതിനുപക്ഷേ, നിങ്ങള്‍ അവര്‍ക്ക് അതിനുള്ള അവസരം നല്‍കണം. മനസ്സിലെ വേദനയും സങ്കടവും പങ്കിട്ട് നിങ്ങളില്‍ പുഞ്ചിരി സമ്മാനിക്കുന്നത് അവളാണ്. ഈമാനും സന്തോഷവും പ്രോത്സാഹനവും ക്ഷമയും പകര്‍ന്നുനല്‍കി കുടുംബത്തെ ശാക്തീകരിക്കാന്‍ അവള്‍ക്കുകഴിയും. കുടുംബത്തിന്റെ സന്തോഷത്തിനുവേണ്ടി എല്ലാംത്യജിക്കാനും അവള്‍ക്കാകും.

ദാമ്പത്യജീവിതത്തിന്റെ എല്ലാ നിമിഷങ്ങളും സന്തോഷപ്രദമായിരിക്കുമെന്ന് ആര്‍ക്കും വാദിക്കാന്‍ കഴിയില്ല. പലപ്പോഴും കടുത്ത പ്രതിസന്ധികളെയും നേരിടേണ്ടിവരും. കുടുംബത്തിലെ പുരുഷന്റെയും സ്ത്രീയുടെയും ഉത്തരവാദിത്തങ്ങളെക്കുറിച്ചും അവകാശങ്ങളെക്കുറിച്ചും പരസ്പരധാരണയുണ്ടെങ്കില്‍ എല്ലാം സധൈര്യം സുസ്‌മേരവദനരായി തരണംചെയ്യാവുന്നതേയുള്ളൂ.

ഇന്ന് കുടുംബത്തില്‍ ദമ്പതികള്‍തമ്മിലുള്ള പ്രശ്‌നങ്ങളിലെല്ലാം ഭര്‍ത്താക്കന്‍മാരാണ് ഉത്തരവാദികളെന്ന് പറയുകയല്ലയിവിടെ. മുസ് ലിംസമൂഹത്തിലെ ചില ഭര്‍ത്താക്കന്‍മാരുടെ മനോഭാവത്തെക്കുറിച്ച് മാത്രമാണ് പറഞ്ഞത്. അല്ലാഹു ഖുര്‍ആനില്‍ പറയുന്നത് കാണുക:

‘അല്ലാഹു നിങ്ങളില്‍ നിന്നുതന്നെ നിങ്ങള്‍ക്ക് ഇണകളെ സൃഷ്ടിച്ചുതന്നു. നിങ്ങള്‍ക്കു സമാധാനത്തോടെ ഒത്തുചേരാന്‍. നിങ്ങള്‍ക്കിടയില്‍ സ്‌നേഹവും കാരുണ്യവും ഉണ്ടാക്കി. ഇതൊക്കെയും അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടവയാണ്. സംശയമില്ല; വിചാരശാലികളായ ജനത്തിന് ഇതിലെല്ലാം നിരവധി തെളിവുകളുണ്ട്’.(അര്‍റൂം 21)

Related Post