ഭാവനയെന്ന വിസ്മയം

വസ്തുക്കളെ ഭാവന പ്രതീകവത്കരിക്കുമ്പോള്‍ കാഴ്ചവട്ടത്ത് ചിലالخيال ചിത്രങ്ങള്‍ അനാവൃതമാവുന്നു. ഞാനൊരിക്കല്‍ സോക്രട്ടീസിന്റെ, ‘ബുദ്ധിയുടെ യഥാര്‍ഥ പ്രതീകം ഭാവനയാകുന്നു’ വെന്ന ഉദ്ദരണി വായിക്കാനിടയായി. ഈ വാക്യത്തെ കുറിച്ച് ഞാന്‍ സംശയാലുവായി. കാരണം, ഭാവനയെന്തെന്ന് എനിക്ക് ധാരണയില്ലായിരുന്നു. എന്നോടൊപ്പമുള്ളവരുടെ ഭാവന വിദ്യാര്‍ഥികളുടെ ഭാവനയോളമേ എത്തിയിരുന്നുള്ളൂ. അതാവട്ടെ വിനോദയാത്രയിലും അതിര്‍ത്തി ലംഘനത്തിലും മാത്രമം പരിമിതമായിരുന്നു. പള്ളിക്കൂടം, വീടകം എന്നിവയിലെ ചിട്ടകള്‍ ഭാവനയെ തിരസ്‌കരിക്കുന്നതും മനനം, ഉരുവിടല്‍, ആവര്‍ത്തനം, പരിശീലനം, അനുസരണം എന്നിവയെ അവലംബിക്കുന്നതുമായിരുന്നു. അങ്ങനെ ഭാവന വിദ്യാര്‍ഥിത്വത്തിന്റെ പരിമിത വൃത്തത്തില്‍ നിഗൂഢമായി അവശേഷിച്ചു.

ചെറുനാരങ്ങ ആവേശത്തോടെ നുണയുന്ന ഒരു വ്യക്തിയുടെ ചിത്രം ഭാവനയില്‍ സങ്കല്‍പിച്ചുനോക്കൂ. വായയില്‍ വെള്ളം ഊറിവരാതിരിക്കില്ല. മനുഷ്യന്റെ അന്തര്‍ഭാഗത്തുനിന്ന് ഊറിവരുന്ന ഒരു ബോധാവസ്ഥയുടെ ഫലമാണിത്. ആകര്‍ഷണീയമായ ആത്മസൗന്ദര്യത്തെ വിഭാവന ചെയ്തുനോക്കൂ, മുഴുവന്‍ ആന്തരികോര്‍ജ്ജവും ഉദ്ദീപിക്കപ്പെടാതിരിക്കില്ല, വിദൂരതയില്‍ നിന്ന് ഒരു വ്യക്തിയുടെ ശബ്ദം ഫോണിലൂടെ ശ്രവിക്കുമ്പോള്‍, ശ്രവിക്കുന്ന മാത്രയില്‍ സംസാരത്തിന്റെ പൊരുളുകളുടെ ഏകദേശചിത്രം ബുദ്ധി രൂപപ്പെടുത്തിയിട്ടുണ്ടാവും. പ്രാപിക്കാന്‍ കൊതിക്കുന്ന സ്‌നേഹിതനെ മനസ്സില്‍ കാണുമ്പോഴേക്കും പരിസരബോധം നഷ്ടപ്പെട്ടിട്ടുണ്ടാവും. പിന്നെ, സ്‌നേഹിതനുമായി സംസാരിക്കുകയും മുഖാമുഖം നടത്തുകയും ഉള്‍ബോധം അവന്നു പിന്നാലെ പ്രയാണം നടത്തുകയും ചെയ്യും പോലെയായിരിക്കും കാര്യങ്ങള്‍. തന്റെ അരികിലെ സുഹൃത്തുക്കളെ വിട്ട് സ്‌നേഹിതനു പിന്നാലെ മനസ്സും മസ്തിഷ്‌കവും സഞ്ചരിച്ചുകൊണ്ടിരിക്കും.

‘ശരീരം എനിക്കൊപ്പമില്ലെങ്കിലും ആത്മാവ് നിങ്ങള്‍ക്കൊപ്പമല്ലോ
ശരീരം ഏകാന്തതയുടെ തടവിലെങ്കിലും, ആത്മാവ് അന്യതാ വിദൂരത്തല്ലോ.
ജനം എന്നെയോര്‍ത്ത് വിസ്മയകുതുകികളാകട്ടെ, എന്തെന്നാല്‍
ആത്മാവില്ലാത്ത ശരീരത്തിന്റെയും ശരീരമില്ലാത്ത ആത്മാവിന്റെയും ഉടയവനല്ലോ ഞാന്‍.’

താഴെ പറയുന്ന തിരുമൊഴിയെക്കുറിച്ച് അല്‍പം ചിന്തിക്കാം: ‘നിങ്ങളില്‍ ഒരാളുടെ വീടിന്റെ മുന്‍വശത്ത് ഒരു നദി ഒഴുകുകയും അതില്‍ ദിവസം അഞ്ചുനേരം അയാള്‍ കുളിക്കുകയും ചെയ്യുന്നു. അയാളുടെ ശരീരത്തില്‍ വല്ല മാലിന്യവും അവശേഷിക്കുമോ? അവര്‍ പറഞ്ഞു: അഴുക്കിന്റെ ഒരംശം പോലും അവനില്‍ അവശേഷിപ്പിക്കുകയില്ല. പ്രവാചകന്‍ പറഞ്ഞു: അതു പോലെയാണ് അഞ്ചുസമയങ്ങളിലെ നമസ്‌കാരം. അല്ലാഹു അവയിലൂടെ പാപങ്ങള്‍ മായ്ച്ചുകളയുന്നു’. (മുസ്‌ലിം)

ഈ മൊഴിമുത്ത് ഭാവന കൂടാതെ വായിക്കാനൊക്കുമോ. ഈ പ്രവാചക വചനം പകരുന്ന വാങ്മയ ചിത്രങ്ങള്‍ ഭാവനയില്‍ അനുഭവപ്പെട്ടിട്ടില്ലെങ്കില്‍, തുടര്‍ന്ന് അനുഭവപ്പെടട്ടെ. കാരണം സമയം വിലപ്പെട്ടതല്ലോ. സംഭവ്യതയില്‍ മാത്രം സ്വന്തം സമയത്തെ തളച്ചിടാതിരിക്കട്ടെ, അമൂല്യമായ നിമിഷങ്ങളെ വെട്ടിവിഴുങ്ങുന്ന ബുദ്ധിയെപ്പോലെ.

‘ആനക്കാരെ നിന്റെ നാഥന്‍ ചെയ്തതെങ്ങനെയെന്ന് നീ കണ്ടില്ലേ’ എന്നു തുടങ്ങുന്ന സൂറത്തു ഫീല്‍ പാരായണം ചെയ്തുനോക്കൂ. കൂട്ടമായെത്തിയ പക്ഷികള്‍ ചുട്ടുപഴുത്ത ശിലകള്‍ വര്‍ഷിച്ചപ്പോള്‍ വൈക്കോല്‍ചണ്ടികളായി തീര്‍ന്ന ഒരു ജനതയുടെ ചിത്രം മനസ്സില്‍ തെളിയുന്നതില്‍ നിന്ന് ഭാവനക്കുമീതെ വല്ല മറയും വീഴുന്നുണ്ടോ? അല്ലെങ്കില്‍ ‘അല്‍ ആദിയാത്ത്’ അധ്യായത്തെ നോക്കാം. നിലങ്ങള്‍ താണ്ടുകയും ചിനക്കുകയും കുളമ്പടികള്‍ കൊണ്ട് തീപ്പൊരി പറത്തുകയും പകലിന് മുമ്പേ ശത്രുക്കളെ വീഴ്ത്തുകയും ചെയ്യുന്ന കുതിരകളുടെ ചിത്രം മനസ്സില്‍ തെളിയുന്നില്ലേ? വിശുദ്ധ വേദത്തില്‍ സ്വര്‍ഗീയ അനുഗ്രഹങ്ങളെ കുറിച്ചും നരകീയ നിഗ്രഹങ്ങളെ കുറിച്ചും വാചാലമാവുന്ന സൂക്തങ്ങളെ ഭാവനയില്‍ ചലിക്കാതെ ആര്‍ക്കാണ് പാരായണം ചെയ്യാനാവുക. എന്തുകൊണ്ടാണ് ചില ശരീരങ്ങള്‍ രോമാഞ്ചം കൊള്ളുകയും ചില തൊലികള്‍ നിര്‍മലമാവുന്നതും മനസ്സുകള്‍ ദൈവസ്മരണയെ പ്രാപിക്കുകയും ചെയ്യുന്നത്? പാരത്രിക ഭവനത്തിലെ ഓരോന്നും ഐഹികഗേഹത്തില്‍ അനുഭവിക്കുന്ന കേവല നാമങ്ങള്‍ ആയിരിക്കെ വിശേഷിച്ചും.

റോഡിന്റെ പാതയോരത്ത് പുസ്തക വില്‍പന നടത്തുന്ന ഒരു പുസ്തക കച്ചവടക്കാരനെ കാണാനിടയായി. അദ്ദേഹം വില്‍ക്കുന്ന പുസ്തകങ്ങളുടെ കൂട്ടത്തില്‍ ഹാരിസ്ബ്‌നു അസദില്‍ മുഹാസിബിയുടെ ഭാവനയെന്ന കൃതി ശ്രദ്ധയില്‍ പെട്ടു. പ്രസ്തുത കൃതി വാങ്ങുകയും അത്യാവേശത്തോടെ വായിച്ചുതീര്‍ക്കുകയും ചെയ്തു. ജീവിതത്തിന്റെ പൊരുള്‍, മരണത്തിന്റെ യാഥാര്‍ഥ്യം, ദൈവത്തിന്റെ അനുഗ്രഹങ്ങളും ശിക്ഷകളും തുടങ്ങിയ ഓരോ വിഷയവും നേര്‍ക്കുനേരെ ഞാനതില്‍ അനുഭവിക്കുകയുണ്ടായി. ഇവിടെ ഭാവന വായനക്കാരനെ സംഭവങ്ങളുടെ ഉള്ളറകളിലൂടെ സഞ്ചരിക്കാന്‍ പ്രേരിപ്പിക്കുകയും മനസിനുള്ളില്‍ അവയുടെ കൃത്യമായ ധാരണ സൃഷ്ടിക്കുകയും ചെയ്യുന്നു.

അബ്ദുല്ലാഹിബ്‌നു ഉമര്‍ ഉദ്ദരിച്ച ഒരു പ്രവാചക വചനത്തില്‍ ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു: ‘കണ്‍മുമ്പില്‍ അന്ത്യദിനം അനുഭവിക്കുന്നത് ആര്‍ക്കെങ്കിലും ആനന്ദം പകരുന്നുവെങ്കില്‍, അവന്‍ വിശുദ്ധ വേദഗ്രന്ഥത്തിലെ അത്തകവീര്‍, അല്‍ ഇന്‍ഫിത്വാര്‍, അല്‍ ഇന്‍ശിഖാഖ് തുടങ്ങിയ അധ്യായങ്ങള്‍ പാരായണം ചെയ്തുകൊള്ളട്ടെ'(അഹ്മദ്, തിര്‍മുദി,ത്വബ്‌റാനി)

ഭാവനക്കും സങ്കല്‍പത്തിനും അതീതമാണ് ദൈവത്തിന്റെ സുന്ദരനാമങ്ങളും ഗുണ-സവിശേഷതകളും. ‘കണ്ണുകള്‍ക്കൊന്നും അവനെ കാണാനാവില്ല. എന്നാല്‍ അവന്‍ എല്ലാ കണ്ണുകളെയും കാണുന്നു.'(അല്‍അന്‍ആം 103) യാഥാര്‍ഥ്യമിതെങ്കിലും ദൈവത്തെ ഭാവനയില്‍ കാണുന്നതിനെ ഈ നിലപാട് ഒരാള്‍ക്കും വിഘ്‌നം സൃഷ്ടിക്കുന്നില്ല. പൂര്‍വ്വസൂരികളായ തത്വജ്ഞാനികള്‍ പറയുകയുണ്ടായി. ദൈവത്തെ കുറിച്ച് നിന്റെ ചിന്ത നെയ്‌തെടുക്കുന്ന ഒരു രൂപവും യഥാര്‍ഥ ദൈവത്തിന്റെ രൂപത്തോട് സദൃശ്യപ്പെടില്ല. എന്നാല്‍ അന്ത്യദിനത്തില്‍ വിശ്വാസിവൃന്ദത്തിന് ദൈവത്തെ നേര്‍ക്കുനേരെ കാണാമെന്നും പ്രവാചകന്‍ പ്രവചിക്കുകയുണ്ടായി: ‘ഒട്ടും പ്രയാസമില്ലാതെ ഈ രാവില്‍ ചന്ദ്രനെ നിങ്ങള്‍ കാണുന്നുണ്ടെന്ന പോലെ നിങ്ങള്‍ നിങ്ങളുടെ നാഥനെ കാണുകതന്നെ ചെയ്യും’. (ബുഖാരി, മുസ്‌ലിം)

ഇഹ്‌സാന്‍ എന്തെന്ന് പ്രവാചകന്‍ നിര്‍വചിക്കുകയുണ്ടായി: ‘നീ ദൈവത്തെ കാണുന്നുണ്ടെന്ന പോലെ അവന് ഇബാദത്ത് ചെയ്യുക. നീ അവനെ കാണുന്നില്ലെങ്കിലും അവന്‍ നിന്നെ കാണുന്നുണ്ട്’. ദൈവത്തെ അനുഭവിക്കുന്നതിന്റെയും രസാനുഭൂതിയുടെയും ഉന്നതമായ തലമാണിത്. അത് ഇബാദത്തിന് അര്‍ഥം പകരുകയും ശരീരപീഡയെന്ന അവസ്ഥയില്‍ നിന്ന് ഇബാദത്തിനെ ആസ്വാദനത്തിന്റെ അവസ്ഥയിലേക്ക് പരിവര്‍ത്തിപ്പിക്കുകയും ചെയ്യുന്നു.

ജീവിതത്തിലെ ഓരോ മാറ്റത്തിന്റെയും പിന്നില്‍ ഭാവനയുടെ ചേരുവയുണ്ട്. ലക്ഷ്യം പ്രാപിക്കുന്നതിന് അവലംബിക്കുന്ന അന്തര്‍പ്രചോദനമാണ് അത്. ഭാവനയിലൂടെ ബുദ്ധി ജീവിതഭാരങ്ങളെ ലഘൂകരിക്കുന്നു. ശുഭപര്യന്തമുള്ള ഭാവിയെ അത് പ്രധാനം ചെയ്യുന്നു. പ്രയാസങ്ങളെ വെല്ലുവിളികളായി ഏറ്റെടുക്കാനും പ്രശ്‌നങ്ങളെ പരിഹരിക്കാനും അത് പര്യാപ്തമാക്കുന്നു. അതിനാല്‍ സ്വന്തമോ സമൂഹമോ ഉന്നം വെക്കുന്ന ഏതു കാര്യത്തെയും ഭാവനനിര്‍ഭരമായ മനസ്സോടെ സമീപിക്കാന്‍ അത്യന്താപേക്ഷിതമാണ്. തുടര്‍ന്ന്, പ്രയാണം ആരംഭിക്കുക. അപ്പോള്‍, ഭാവിയില്‍ ഉണ്ടാവണമെന്ന് കൊതിച്ച ലക്ഷ്യം ഭാവനയുടെ ആവിഷ്‌കാരമായി സാക്ഷാത്കൃതമാവും.

മനസ്സും മസ്തിഷ്‌കവും വിഭാവനം ചെയ്യുന്ന ഭാവനയില്‍ നിന്നാണ് സ്വപ്‌നങ്ങളുടെ തുടക്കം. മാറ്റത്തിന്റെ ക്രമപ്രവൃദ്ധമായ പ്രയാണങ്ങളില്‍ ഏറ്റവും മുന്‍ഗണനയര്‍ഹിക്കുന്നത് ഭാവനയാണ്. കൊട്ടിയടക്കപ്പെട്ട വാതിലിനപ്പുറമുള്ള നിധിയെ അന്വേഷിക്കാന്‍ പ്രേരിപ്പിക്കുന്ന ഘടകം ഭാവനയത്രെ.
വിവ. ശമീര്‍ ബാബു കൊടുവളളി

Related Post