Main Menu
أكاديمية سبيلي Sabeeli Academy

ഫിത്വ്ര്‍ സകാത്ത് അവകാശി

zakath-fithar

അനുഗൃഹീത റമദാന്റെ അവസാനത്തില്‍ അല്ലാഹു ഫിത്വ്ര്‍ സകാത്ത് നിര്‍ബന്ധമാക്കിയിരിക്കുന്നു. അതിന്റെ പിന്നില്‍ ധാരാളം യുക്തികളുണ്ട്. ഇബ്‌നു അബ്ബാസ്(റ) റിപ്പോര്‍ട്ട് ചെയ്യുന്നു. അനാവശ്യത്തില്‍ നിന്നും, തിന്മയില്‍ നിന്നുമുള്ള ശുദ്ധീകരണമായും അഗതിക്ക് അന്നമായും ഫിത്വ്ര്‍ സകാത്ത് നിര്‍ബന്ധമാക്കിയിരിക്കുന്നു. പെരുന്നാള്‍ നമസ്‌കാരത്തിന് മുമ്പ് അത് നിര്‍വഹിച്ചവന് അത് സ്വീകാര്യമായ സകാത്തും, ശേഷം നല്‍കിയവന് ദാനവുമാണ്.
നമസ്‌കാരത്തില്‍ മറവിക്ക് പകരമായുള്ള സുജൂദിനെ പോലെയാണ് ഫിത്വ്ര്‍ സകാത്ത്. നമസ്‌കാരത്തിലെ കുറവുകള്‍ സഹ്‌വിന്റെ സുജൂദ് പരിഹരിക്കുന്നത് പോലെ നോമ്പിലെ കുറവുകള്‍ പരിഹരിക്കാനുള്ളതാണ് ഫിത്വ്ര്‍ സകാത്ത്. പെരുന്നാള്‍ ദിനത്തില്‍ ദരിദ്രരെ യാചനയില്‍ നിന്ന് മുക്തമാക്കുകയും പെരുന്നാള്‍ സന്തോഷത്തില്‍ സമ്പന്നരോടൊപ്പം അവരെയും പങ്കാളിയാക്കുകയും ചെയ്യുകയെന്ന ലക്ഷ്യം കൂടി അതിനുണ്ട്.
ആണോ, പെണ്ണോ, ചെറിയവനോ, മുതിര്‍ന്നവനോ, ബുദ്ധിയുള്ളവനോ, ഭ്രാന്തനോ എന്ന ഭേദമില്ലാതെ എല്ലാവര്‍ക്കും ഫിത്വ്ര്‍ സകാത്ത് നിര്‍ബന്ധമാണ്. നബിതിരുമേനി(സ)യില്‍ നിന്ന് ഇബ്‌നു ഉമര്‍(റ) റിപ്പോര്‍ട്ട് ചെയ്യുന്നു:’റമദാനില്‍ തിരുമേനി(സ) ഫിത്വ്ര്‍ സകാത്ത് നിര്‍ബന്ധമാക്കിയിരിക്കുന്നു. ഈത്തപ്പഴത്തില്‍ നിന്നോ, ബാര്‍ലിയില്‍ നിന്നോ ഒരു സ്വാഅ് ആയിരുന്നു അദ്ദേഹം നിര്‍ബന്ധമാക്കിയത്. അടിമയും, സ്വതന്ത്രനും, ആണും പെണ്ണും, ചെറിയവനും വലിയവനും എന്ന വ്യത്യാസമില്ലാതെ എല്ലാ മുസ്ലിമിനും ഇത് നിര്‍ബന്ധമാണ്’.
ഫിത്വ്ര്‍ സകാത്ത് നിര്‍ബന്ധമാകുന്നതിന് രണ്ട് നിബന്ധനകളുണ്ട്. മുസ്‌ലിമാവുകയെന്നതാണ് ആദ്യത്തേത്. നിഷേധിയില്‍ നിന്ന് അല്ലാഹു ദാനധര്‍മം സ്വീകരിക്കുകയില്ല ‘അവരുടെ പക്കല്‍നിന്ന് അവരുടെ ദാനം സ്വീകരിക്കാതിരിക്കാന്‍ കാരണം ഇതു മാത്രമാണ്: അവര്‍ അല്ലാഹുവിനെയും അവന്റെ ദൂതനെയും തള്ളിപ്പറയുന്നു; മടിയന്മാരായല്ലാതെ അവര്‍ നമസ്‌കാരത്തിനെത്തുന്നില്ല. വെറുപ്പോടെയല്ലാതെ ധനം ചെലവഴിക്കുന്നുമില്ല’.(അത്തൗബ: 54)
ഫിത്വ്ര്‍ സകാത്ത് നല്‍കാനുള്ള കഴിവുണ്ടാവുകയെന്നതാണ് രണ്ടാമത്തേത്. പെരുന്നാള്‍ ദിനത്തിനും അതിന്റെ രാവിനും തന്റെ കുടുംബത്തിന് ആവശ്യമുള്ള ഭക്ഷണവും വസ്ത്രവും നീക്കിവെച്ചശേഷം കയ്യില്‍ ബാക്കിയുള്ളവരാണ് അത് നിര്‍വഹിക്കേണ്ടത്.
പെരുന്നാള്‍തലേന്ന് സൂര്യന്‍ അസ്തമിക്കുന്നതോടെ ഫിത്വ്ര്‍ സകാത്ത് നിര്‍ബന്ധമാകുന്നു. സൂര്യാസ്തമയത്തിന് മുമ്പ് മരണപ്പെട്ട വ്യക്തിക്ക് മേല്‍ അത് നിര്‍ബന്ധമല്ല. അതിന് ശേഷം മരണപ്പെട്ടവന്‍, ഏതാനും മിനുട്ടുകള്‍ മാത്രമേ കഴിഞ്ഞിട്ടുള്ളൂ എങ്കിലും അയാളുടെ മേല്‍ ഫിത്വ്ര്‍ സകാത്ത് നിര്‍ബന്ധമാണ്. സൂര്യാസ്തമയത്തിന് ശേഷം ഇസ്‌ലാം സ്വീകരിച്ചവനും, ശേഷം പിറന്നുവീണ കുഞ്ഞിനും ഫിത്വ്ര്‍ സകാത്ത് നിര്‍ബന്ധമല്ല. സൂര്യാസ്തമയത്തിന് മുമ്പ് പിറന്നുവീണ കുഞ്ഞിന് മേല്‍ അത് നിര്‍ബന്ധമാണ്.
നാട്ടിലെ സാധാരണ ഭക്ഷ്യപദാര്‍ത്ഥമാണ് ഫിത്വ്ര്‍ സകാത്തായി നല്‍കേണ്ടത്. ഇബ്‌നു ഉമര്‍(റ) റിപ്പോര്‍ട്ട് ചെയ്ത മേലുദ്ധരിച്ച  ഹദീസ് ഇക്കാര്യത്തിലേക്ക് സൂചന നല്‍കുന്നു. പ്രവാചക കാലത്ത് ബാര്‍ലി സാധാരണ ഭക്ഷ്യപദാര്‍ത്ഥമായിരുന്നു. അബൂസഈദ് ഖുദ്‌രിയ്യ്(റ) പറയുന്നു:’ഞങ്ങള്‍ പ്രവാചക കാലത്ത് ഭക്ഷണത്തില്‍ നിന്ന് ഒരു സ്വാആണ് ഫിത്വ്ര്‍ സകാത്തായി നല്‍കിയിരുന്നത്. ബാര്‍ലിയും, ഉണക്കമുന്തിരിയും, ഈത്തപ്പഴവും, പാല്‍കട്ടിയുമായിരുന്നു ഞങ്ങളുടെ ഭക്ഷണം’.
‘സാധാരണ ഉപയോഗിക്കുന്ന ഏതു ഭക്ഷണധാന്യങ്ങളില്‍ നിന്നും ഒരു സ്വാഅ് നല്‍കിയാല്‍ മതി. ഗോതമ്പില്‍ നിന്ന് കിലോഗ്രാം കണക്കാക്കി നല്‍കുമ്പോള്‍ രണ്ട് കിലോയും നാന്നൂറ് ഗ്രാമുമാണ് നല്‍കേണ്ടത്. ദരിദ്രര്‍ക്കും ആവശ്യക്കാര്‍ക്കുമാണ് അത് നല്‍കേണ്ടത്’ ശൈഖുല്‍ ഇസ്ലാം ഇബ്‌നു തൈമിയ അഭിപ്രായപ്പെടുന്നത് അപ്രകാരമാണ്. സ്വയം ചെലവിനുനല്‍കല്‍ നിര്‍ബന്ധമായവര്‍ക്ക് അതില്‍ നിന്ന് നല്‍കാന്‍ പാടുള്ളതല്ല. ദിമ്മികള്‍ക്കും അത് നല്‍കാവതല്ല. ഒരു ദരിദ്രനോ, ഒന്നിലധികം പേര്‍ക്കോ അത് നല്‍കാവുന്നതാണ്. ബന്ധുക്കളില്‍പെട്ട ദരിദ്രര്‍ക്ക് നല്‍കുന്നതാണ് ഉത്തമമായിട്ടുള്ളത്.
ഇസ്‌ലാം എല്ലാ കാലത്തേക്കും ദേശത്തേക്കും യോജിച്ചതാണ്. ഏതെങ്കിലും ഒരു പ്രദേശത്തിന്റെയോ, വര്‍ഗത്തിന്റെയോ കുത്തകയല്ല അത്. പെരുന്നാളിന് ഒന്നോ രണ്ടോ ദിവസം മുമ്പും അത് നല്‍കാവുന്നതാണ്. നാം വര്‍ഷങ്ങളായി ഫിത്വ്ര്‍ സകാത്ത് ഒരേയിനം തന്നെ ഒരേ ആളുകള്‍ക്ക് നല്‍കുന്നത് പതിവാക്കിയിരിക്കുന്നു. കാലം മാറിയതും, മുസ്‌ലിംകളുടെ ആവശ്യം മാറിയതും നാം തിരിച്ചറിഞ്ഞിട്ടില്ല.
വിശുദ്ധ ഖുര്‍ആന്റെയും തിരുമേനി(സ)യുടെയും ചര്യയുടെയും അടിസ്ഥാനത്തില്‍ കുറച്ചുകൂടി വ്യക്തമാക്കാം. അല്ലാഹു നമ്മുടെ സമൂഹത്തില്‍ വളരെ അപൂര്‍വം ദരിദ്രരെ മാത്രമേ സൃഷ്ടിച്ചിട്ടുള്ളൂവെന്നത് അവന്റെ മഹത്തായ ഔദാര്യമാണ്. ഒരു നേരത്തെ ഭക്ഷണത്തിന് വകയില്ലാത്തവരെയാണ് ഞാന്‍ ദരിദ്രര്‍ എന്നതുകൊണ്ടുദ്ദേശിച്ചത്. അവനാണ് ഫിത്വ്ര്‍ സകാത്ത് സന്തോഷത്തിന് വഴിയൊരുക്കുന്നത്. തനിക്കുവേണ്ട ഭക്ഷണം സമ്പാദിക്കാന്‍ കഴിയുന്ന എന്നാല്‍ ജീവിതത്തിലെ മറ്റ് കാര്യങ്ങള്‍ ആസൂത്രണം നടത്താന്‍ കഴിയാത്ത അഗതികളാണ് നമുക്ക് ചുറ്റും ജീവിക്കുന്നവരില്‍ കൂടുതലും. നമ്മുടെ നാട്ടില്‍ എവിടെയെങ്കിലും പട്ടിണിയുള്ളതായോ, ഭക്ഷണം ലഭിക്കാതെ മരണപ്പെട്ടതായോ നമുക്കറിയില്ല.
ഫിത്വ്ര്‍ സകാത്ത് നല്‍കുന്നതില്‍ ആസൂത്രണമില്ലായ്മയും, സന്തുലിതത്വം പാലിക്കാത്തതും അതിന്റെ ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ പലപ്പോഴും തടസ്സമാവുന്നു എന്നത് ഒരു വസ്തുതയാണ്. പെരുന്നാള്‍ പ്രഭാതമാവുന്നതോടെ ചില ദരിദ്രരുടെ വീടുകള്‍ അരിച്ചാക്കുകള്‍ കൊണ്ട് നിറയും. ധാരാളമായി അരി ലഭിക്കുന്ന അവരുടെ വീട്ടില്‍ മറ്റ് അവശ്യഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഉണ്ടായിരിക്കണമെന്നില്ല. അതിനാല്‍ തന്നെ കുറഞ്ഞ വിലക്ക് ആ അരി കടകളില്‍ വില്‍ക്കാനും, മറ്റുസാധനങ്ങള്‍ വാങ്ങാനും അവര്‍ നിര്‍ബന്ധിതരാവുന്നു. വേറെ ചിലയിടങ്ങളില്‍  പട്ടണപ്രാന്ത പ്രദേശങ്ങളിലെ ദരിദ്രര്‍ക്ക് ആവശ്യത്തിലേറെ സഹായം ലഭിക്കുമ്പോള്‍ വിദൂരദിക്കുകളിലെ , കുഗ്രാമങ്ങളില്‍ ജീവിക്കുന്നവര്‍ക്ക് അവ ലഭിക്കാതെ പോവുകയും ചെയ്യുന്നു.
ദരിദ്രരാണ് ഫിത്വ്ര്‍ സകാത്തിന്റെ യഥാര്‍ത്ഥ അവകാശികള്‍. ദാരിദ്ര്യത്തിന്റെ കയ്പുനീര്‍ കടിച്ചിറക്കി ജീവിക്കുന്നവര്‍ നമ്മുടെ അയല്‍രാഷ്ട്രങ്ങളിലുണ്ട്. യുദ്ധവും ആക്രമണവും അവരുടെ ജീവിതത്തെ താറുമാറാക്കിയിരിക്കുന്നു. ആഫ്രിക്കയും, സിറിയയും ഇന്ന് ദാരിദ്ര്യ രേഖക്കുതാഴെയാണ്. അവര്‍ക്കും പെരുന്നാളില്‍ സന്തോഷിക്കാനുള്ള അവകാശമില്ലേ? ഫിത്വ്ര്‍ സകാത്ത് അവര്‍ക്കുകൂടി എത്തിച്ച് നല്‍കല്‍ നമ്മുടെ ബാധ്യതയല്ലേ?
രാഷ്ട്രത്തിന്റെ സ്വത്തില്‍ ദരിദ്രനുള്ള അവകാശമാണ് ഫിത്വ്ര്‍ സകാത്ത്. ഇക്കാര്യത്തില്‍ ലോകത്തെ പണ്ഡിതന്മാരും പണ്ഡിതവേദികളും ഫത്‌വ പുറപ്പെടുവിക്കേണ്ടതുണ്ട്. എന്നാല്‍ മാത്രമേ ഫിത്വ്ര്‍ സകാത്ത് അതിന്റെ അര്‍ഹര്‍ക്ക് എത്തുകയും, ഇസ്‌ലാം അതുകൊണ്ട് ഉദ്ദേശിച്ച ലക്ഷ്യം പൂര്‍ത്തീകരിക്കപ്പെടുകയുമുള്ളൂ.

Related Post