എന്റെ പേര് ദില്‍ഷാദ്. ഡി. അലി. ഇതെന്റെ ഹജ്ജ് യാത്രയുടെ കഥ. തെക്കേഷ്യന്‍ മുസ്‌ലിം കലകളെയും, ന്യൂയോര്‍ക്കിലും അമേരിക്ക ഒന്നടങ്കവും പ്രദര്‍ശിപ്പിക്കുന്ന ഫിലിം ദൃശ്യങ്ങളെയും കുറിച്ച്, ഓണ്‍ലൈനില്‍ എഴുതുന്നതിനാല്‍, നിങ്ങളെന്നെ വായിച്ചിട്ടുണ്ടായിരിക്കും. മുസ്‌ലിംകള്‍ക്ക് തെരഞ്ഞെടുക്കാന്‍ ധാരാളം അനുവദനീയ (ഹലാല്‍) കലാപ്രകടനങ്ങള്‍ ഉണ്ടെന്നു മാത്രമല്ല, മതപരവും ആത്മീയവുമായ നമ്മുടെ അനുഷ്ടാനങ്ങള്‍ തന്നെ, അതിന്റെ സ്രോതസ്സാകാമെന്ന് തെളിയിക്കുന്നതിന്നു വേണ്ടിയാണ്, എന്റെ സാഹിത്യം മുഴുവന്‍ ഞാന്‍ വിനിയോഗിച്ചിരിക്കുന്നത്. ഇപ്പോള്‍, ഇസ്‌ലാമിന്റെ ഒരവിഭാജ്യാനുഭവത്തിലൂടെ- ഹജ്ജ്- ഈ സിദ്ധാന്തം തെളിയിക്കാനാണ് ഞാനാഗ്രഹിക്കുന്നത്. നിങ്ങള്‍ ഹജ്ജിന്നു പോകാനുദ്ദേശിക്കുന്നുവെങ്കില്‍, ആത്മീയ പ്രകാശവും ദൈവസാമീപ്യവും മാത്രമല്ല, ജീവിതത്തില്‍ ഏറ്റവും ആവേശകരവും ക്ലേശകരവും വികാരോദ്ദീപകവും ആനന്ദകരവുമായ ഒരനുഭവവും കൂടി നിങ്ങള്‍ക്ക് ലഭിക്കുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.
പക്ഷെ, അത് തെളിയിക്കാന്‍ മാത്രമല്ല ഞാന്‍ ഹജ്ജിന്ന് പോകുന്നത്. ഒരിക്കലുമല്ല. അത്യുന്നതനായ അല്ലാഹുവോടുള്ള നമ്മുടെ ബാധ്യത പാലിക്കുകയാണ് നാം ഹജ്ജിന്നു പോകുന്നതിലുള്ള ഉദ്ദേശ്യം. ഞാന്‍ വായിച്ച നിരവധി ഇസ്ലാമിക സാഹിത്യങ്ങളും മുസ്‌ലിം വ്യക്തിത്വങ്ങളില്‍ നിന്നു ലഭിച്ച പണ്ഡിതോചിതമായ വിവരങ്ങളുമനുസരിച്ച്, അതായിരിക്കണം നമ്മുടെ നിമിത്തം.
ആദ്യ ഹജ്ജ്
അതിനാല്‍, യുവത്വം, ആരോഗ്യം എന്നിവ സഹിതം, സാഹസികയാത്ര നടത്താന്‍ കഴിയുമ്പോള്‍, ഈ ബാധ്യത നിര്‍ഹിക്കണമെന്നാണ് ഞാനാഗ്രഹിക്കുന്നത്. പന്ത്രണ്ടോ പതിമൂന്നോ വയസ്സുള്ളപ്പോള്‍, ഭര്‍ത്താവ് കുടുംബ സഹിതം ഇത് നിര്‍വഹിച്ചിട്ടുണ്ടായിരുന്നു. എന്നാല്‍, ഒരു പൂര്‍ണ മനുഷ്യനായി, അദ്ദേഹം ആദ്യമായി ഹജ്ജിന്നു പോകുന്നത് ഇപ്പോഴാണ്.
അങ്ങനെ, എന്റെയും ഭര്‍ത്താവിന്റെയും കുടുംബാംഗങ്ങളെല്ലാം ഹജ്ജോ, ചുരുങ്ങിയത് ഉംറ മാത്രമോ നിര്‍വഹിച്ചവരായിരുന്നു. ഞാന്‍ മാത്രമായിരുന്നു അപവാദം. വര്‍ഷങ്ങളോളം, ഈ വ്യഥ എന്നെ എത്രമാത്രം ശല്യപ്പെടുത്തിയിരിക്കുമന്ന് ഊഹിക്കാവുന്നതേയുള്ളു. എന്റെ കുടുംബാംഗങ്ങള്‍, പ്രത്യേകിച്ച് മാതാപിതാക്കളും ഭര്‍തൃകുടുംബങ്ങള്‍, ഉജ്ജ്വലമായ ഭാഷയില്‍ ഈ മഹല്‍ കൃത്യത്തെ കുറിച്ച് സംസാരിച്ചിരുന്നു. ആദ്യ തവണത്തെ കഅബാ ദര്‍ശനം, അവിശ്വസനീയവും അവിസ്മരണീയവുമായൊരു അനുഭവമായിരന്നുവെന്നു അവര്‍ എന്നോട് പറഞ്ഞിരുന്നു.
ഉംറ മാത്രം നിര്‍വഹിച്ച എന്റെ സഹോദരങ്ങള്‍, തങ്ങളുടെ അനുഭവങ്ങള്‍ ചര്‍വിതചര്‍വണം നടത്തിയിരുന്നു. അങ്ങനെ, എനിക്കും ഹജ്ജ് നിര്‍വഹിക്കണമെന്ന താല്‍പര്യമുണ്ടായി. പക്ഷെ, ഞാനൊരു സ്ത്രീ. എനിക്ക് തനിച്ച് യാത്ര ചെയ്യാനാവുകയില്ല. ദൗര്‍ഭാഗ്യവശാല്‍, എന്റെ അടുത്ത ബന്ധുക്കളി – മഹ്‌റം – ലാരും എന്നെ ഈ കര്‍മത്തിന്നു കൊണ്ടു പോകാനുണ്ടായിരുന്നുമില്ല. അതിനാല്‍, ഹജ്ജിന്നു പോകണമെന്ന ഈ മനോഗതം ഞാന്‍ ഉപേക്ഷിക്കുകയായിരുന്നു. പക്ഷെ, ദൈവേച്ഛയാല്‍, താമസിയാതെ, അത് നടന്നുവെന്നു വരാം. എന്നാല്‍, കഴിഞ്ഞ ആറു വര്‍ഷങ്ങള്‍ക്കുള്ളില്‍ നടന്ന ചില വൈയക്തിക പ്രശ്‌നങ്ങള്‍, ഈയുദ്ദേശ്യത്തിന്നു വേഗത നല്‍കുകയായിരുന്നു.
തിരക്കു പിടിച്ച ജീവിതം
1999 ലാണ് ഞാന്‍ വിവാഹിതനായത്. താമസിയാതെ മാരകമായ രോഗത്തിന്ന് ഞാന്‍ അടിമപ്പെടുകയായിരുന്നു. ആയുഷ്‌കാലം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന ഗുരുതരമായ ആരോഗ്യ പ്രശ്‌നമാണെനിക്കുള്ളതെന്ന് എനിക്ക് മനസ്സിലായി. ന്യൂയോര്‍ക്കിലെ, കൊളൊമ്പിയ പ്രിസ്ബിറ്റേറിയന്‍ ആശുപത്രിയിലെ ഐ. സി. യുവില്‍ കഴിയവെ, അല്ലാഹുവിനോട് ഞാനൊരു വാഗ്ദാനം നടത്തി. സുഖം പ്രാപിച്ചു വീട്ടില്‍ പോകാന്‍ കഴിഞ്ഞാല്‍ ഉടനെ ഹജ്ജ് കര്‍മം നിര്‍വഹിക്കുമെന്നായിരുന്നു അത്. ഞാന്‍ സുഖം പ്രാപിച്ചു വീട്ടിലെത്തി. വാഗ്ദാനത്തെ കുറിച്ചു ഭര്‍ത്താവിനെ ധരിപ്പിച്ചു. നിര്‍ഹിക്കാനുള്ള സഹായം അദ്ദേഹത്തോടാവശ്യപ്പെടുകയും ചെയ്തു. പക്ഷെ, വിചിത്രമായ ഒന്ന് ജീവിതത്തില്‍ ചാടി വീഴുകയായിരുന്നു. എല്ലാ സംഭവങ്ങള്‍ക്കും ഓരോ നിമിത്തമുണ്ടായിരിക്കുമല്ലോ.
രോഗം സൗഖ്യമാകേണ്ട താമസം, അല്ലാഹുവിന്റെ അനുഗ്രഹത്താല്‍, ഗര്‍ഭിണിയായി ഒരാണ്‍കുഞ്ഞിന്ന് ജന്മം നല്‍കി. വളരെ പ്രയാസകരമായിരുന്നുവെങ്കിലും ഞങ്ങള്‍ അതിജീവിച്ചു. അങ്ങനെ, ഒരരുമ കുഞ്ഞിനെ പരിപാലിക്കേണ്ട ചുമതലയുമായി. ‘കാത്തിരിക്കുക, അല്‍പം കൂടി കാത്തിരിക്കുക’ എന്ന് അല്ലാഹു പറയുന്നത് പോലെ എനിക്കു തോന്നി. ഞങ്ങളുടെ കുഞ്ഞ് വളര്‍ന്നു. പിന്നീട് മറ്റൊരു പെണ്‍കുട്ടി കൂടി ജനിച്ചു. രണ്ടു കുട്ടികള്‍! ഭര്‍ത്താവിന്റെ മെഡിക്കല്‍ പരിശീലനം കാരണം തിരക്കു പിടിച്ച ജീവിതം. ‘കാത്തിരിക്കുക’ എന്ന സന്ദേശം അപ്പോഴും ഉള്ളതായി തോന്നി.
കഴിഞ്ഞ ദിവസം കുടുംബം ഒരു വഴിത്തിരിവിലെത്തി. അതേത് തരത്തിലുള്ളതായിരുന്നുവെന്ന് വെളിപ്പെടുത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.
ആ അവസ്ഥ എന്റെ വിശ്വാസത്തിന്നൊരു പരീക്ഷണമായിരുന്നു. പരീക്ഷണം ഇപ്പോഴും തുടര്‍ന്നു കൊണ്ടിരിക്കുകയും ചെയ്യുന്നു. ഇസ്‌ലാമികമായ എന്റെ ബാധ്യത നിര്‍വഹിക്കാനുള്ള സമയമായി എന്ന് അതെന്നെ അറിയിക്കുകയായിരുന്നു. ഞങ്ങളുടെ തയ്യാറെടുപ്പുകള്‍, ഭീതികള്‍, പ്രതീക്ഷകള്‍ എന്നിവ നിങ്ങളോട് പങ്കു വെക്കട്ടെ. ഹജ്ജ് എന്ന പരീക്ഷണം എന്നെ എത്രത്തോളം ബാധിച്ചുവെന്ന് ന്യൂയോര്‍ക്കിലെത്തിയ ശേഷം പറയാം.
വെല്ലുവിളി
ആത്മാര്‍ത്ഥതയും ഹജ്ജ് വഴി ലഭിക്കുന്ന ആത്മീയത, ഐക്യം, സത്യസന്ധത എന്നിവ പുണരാന്‍ സന്നദ്ധതയുമുണ്ടെങ്കില്‍, പുതിയൊരു മനുഷ്യനായി തിരിച്ചുവരാമെന്നായിരുന്നു ഞാന്‍ പഠിപ്പിക്കപ്പെട്ടിരുന്നത്.
തിരിച്ചു വരവില്‍ ആത്മാര്‍ത്ഥ വിശ്വാസം എത്രമാത്രം സൂക്ഷിച്ചുവെക്കാന്‍ കഴിയുമെന്നതായിരുന്നു വെല്ലു വിളി. കര്‍മങ്ങളെല്ലാം പൂര്‍ത്തിയാക്കി വന്ന ശേഷം, അതെന്നെ എങ്ങോട്ടായിരിക്കും നയിക്കുക? പാശ്ചാത്യ മാധ്യമ കുരുക്കുകളെയും കലകളെയും ഞാനെങ്ങനെയാണ് ഓടിക്കുക? അതെത്ര നാള്‍ നീണ്ടു നില്‍ക്കും? നമുക്ക് കാണാം……
1997ല്‍, മേരീലാന്റ് സര്‍വകലാശാലയില്‍ നിന്ന് ജേണലിസത്തില്‍ ബിരുദം നേടിയ ദില്‍ഷാദിന്റെ പ്രവര്‍ത്തനങ്ങള്‍ അമേരിക്കയില്‍ സുപരിചിതമാണ്. സിനിമ, ഫിലിം ഫെസ്റ്റിവലുകള്‍, ആര്‍ട്ട് എക്‌സിബിഷന്‍, സംഗീതമേള, മറ്റു നിരവധി സാംസ്‌കാരിക കഥകള്‍ തുടങ്ങിയ ധാരാളം ജീവിത ശൈലി വിഷയങ്ങള്‍ അവര്‍ കൈകാര്യം ചെയ്യുന്നു. സപ്ത. 11 സംഭവം ന്യൂയോര്‍ക്കിലെ സാംസ്‌കാരിക രംഗത്ത് എങ്ങനെ ബാധിച്ചുവെന്ന് അവര്‍ വിവരിക്കുന്നുണ്ട്. 2005ല്‍, ആദ്യത്തെ ഹജ്ജ് യാത്രക്ക് ഒരുങ്ങുമ്പോള്‍ എഴുതിയതാണ് ഈ കുറിപ്പ്.
————
ദില്‍ഷാദ് ഡി അലി
വിവ : കെ എ ഖാദര്‍ ഫൈസി
(Islam Onlive/Sep-30-2013)