സ്‌നേഹസമ്പന്നമായ മൂന്ന് വര്‍ഷത്തെ ജീവിതത്തിനൊടുവില്‍ ഞാനവനെ വിവാഹം ചെയ്തു. യൂണിവേഴ്‌സിറ്റിയിലെ എന്റെ കൂട്ടുകാരനായിരുന്നു അവന്‍. പഠനത്തില്‍ ഒരു വര്‍ഷം സീനിയറായിട്ടും അവനോടൊപ്പമുള്ള ആ മൂന്ന് വര്‍ഷമായിരുന്നു എന്റെ ജീവിതത്തിലെ ഏറ്റവും സുന്ദരമായ നിമിഷങ്ങള്‍. സ്‌നേഹത്തിന്റെ നിറവും മണവും ആനന്ദവും ഞാന്‍ ആസ്വദിച്ചു. ഓരോ ദിവസവും പഠനം കഴിഞ്ഞു വീട്ടിലേക്ക് മടങ്ങി അടുത്ത ദിവസം അവനെ കണ്ടുമുട്ടും വരെ ഞാന്‍ നെടുവീര്‍പ്പിട്ടുകൊണ്ടിരുന്നു. ഈ സ്‌നേഹബന്ധം വഴിവിട്ടുപോകാതെ മാന്യമായിരിക്കണമെന്ന് ഞങ്ങളെല്ലാം ഒരു പോലെ ആഗ്രഹിച്ചിരുന്നു. അപ്രകാരം അവസാന വര്‍ഷം ഞങ്ങള്‍ വിവാഹിതരാവാന്‍ ധാരണയിലായി.
എന്റെ പ്രിയതമന്‍ കോളേജ് പഠനം കഴിഞ്ഞു സൈനിക സേവനത്തിനായി ഏകദേശം ഒരു വര്‍ഷം ചിലവഴിച്ചു. ആ ഒരു വര്‍ഷം ഒരു പതിറ്റാണ്ടു പോലെയാണ് എനിക്ക് അനുഭവപ്പെട്ടത്. മണിക്കൂറുകളും ദിവസങ്ങളും ഈ കാലയളവില്‍ ഞാന്‍ തള്ളിനീക്കുകയുണ്ടായി. ഒരു വര്‍ഷത്തിനുശേഷം സൈനിക ജോലി നിര്‍ത്തുകയും ഞങ്ങള്‍ വിവാഹിതരാവുകയും ചെയ്തു. ഏറ്റവും സന്തുഷ്ടമായ വൈവാഹിക ജീവിതം ഞങ്ങള്‍ നയിച്ചു. ഞങ്ങള്‍ക്കൊരു സന്താനഭാഗ്യം ഉണ്ടാകുന്നതുവരെ പ്രിയതമന്റെ സാന്നിദ്ധ്യത്തിലും അഭാവത്തിലും സന്തോഷത്തിലും സന്താപത്തിലും വരവിലും യാത്രയിലുമെല്ലാം അദ്ദേഹത്തിന്റെ സ്‌നേഹം വേണ്ടുവോളം ഞാന്‍ നുകര്‍ന്നു. എനിക്കുലഭിച്ച ഓമന മകനേ ഞാന്‍ അതിയായി സ്‌നേഹിച്ചു. മാത്രമല്ല, അവന്റെ ആദ്യതിരയോട്ടത്തില്‍ തന്നെ പിതാവിന്റെ ഏറിയഗുണഗണങ്ങളും അവനില്‍ പ്രകടമായി. അല്ലാഹുവിന്റെ വലിയ അനുഗ്രഹത്തിന്റെ നിദര്‍ശനങ്ങള്‍ എന്റെ ജീവിതത്തിലേക്കാവാഹിച്ച അനുഭൂതി എനിക്കുണ്ടായി. ‘അല്ലാഹു നിങ്ങളുടെ വര്‍ഗത്തില്‍ നിന്നുതന്നെ നിങ്ങള്‍ക്ക് ഇണകളെ സൃഷ്ടിച്ചുതന്നു. അവരിലൂടെ ശാന്തി തേടാന്‍. നിങ്ങള്‍ക്കിടയില്‍ സ്‌നേഹവും കാരുണ്യവും ഉണ്ടാക്കി. ഇതൊക്കെയും അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടവയാണ്. സംശയമില്ല; വിചാരശാലികളായ ജനത്തിന് ഇതിലെല്ലാം നിരവധി തെളിവുകളുണ്ട്.'(അര്‍റൂം 21).
ഈ പൊന്നോമന മകന്‍ ഞങ്ങളുടെ സ്‌നേഹത്തിനു പകിട്ടേകുമെന്ന് ഞാന്‍ കരുതി. എന്നാല്‍ കാര്യങ്ങളെല്ലാം മാറിമറിയുകയാണുണ്ടായത്. എനിക്കപരിചിതനായ ഒരു പങ്കാളിയായി പ്രിയതമനിന്ന് മാറിയിരിക്കുന്നു. അനുദിനം ഈ അകല്‍ച്ച വര്‍ദ്ധിച്ചുകൊണ്ടേയിരുന്നു. അദ്ദേഹത്തിന്റെ അവകാശത്തില്‍ വല്ലവീഴ്ചയും എന്റെ ഭാഗത്തുനിന്നുണ്ടായിട്ടുണ്ടോ എന്ന് ഞാന്‍ അന്വേഷിച്ചുകൊണ്ടേയിരുന്നു. എന്റെ കുടുംബവും വിവാഹനാളുമുതല്‍ വളരെ ഹൃദ്യമായ ബന്ധമായിരുന്നു അവനുമായി പുലര്‍ത്തിയിരുന്നത്. സാമ്പത്തികവും സാമൂഹികവും സാംസ്‌കാരികവുമായി നല്ല ഇഴയടുപ്പമുള്ള ബന്ധമായിരുന്നു ഞങ്ങളുടേത്. പിന്നീട് അദ്ദേഹത്തെ കൂടുതല്‍ മനസ്സിലാക്കാനും ഉള്‍ക്കൊള്ളാനും എന്റെ ജീവിതം അവനുവേണ്ടി സമര്‍പ്പിക്കാനും ഞാന്‍ തീരുമാനിച്ചു. അണിഞ്ഞൊരുങ്ങിക്കൊണ്ട് അദ്ദേഹത്തിന്റെ മുമ്പില്‍ ഞാന്‍ പ്രത്യക്ഷപ്പെട്ടുതുടങ്ങി. സ്‌നേഹവാല്‍സല്യങ്ങളോടെ അദ്ദേഹത്തെ ജോലിക്കയച്ചു, അദ്ദേഹത്തിനായി വിഭവസമൃദ്ധമായ ഭക്ഷണങ്ങളൊരുക്കി സ്വീകരിച്ചു. വാക്കുകള്‍ ശ്രദ്ധിച്ചുകേള്‍ക്കുകയും നല്ലരീതിയില്‍ പ്രതികരിക്കുകയും ചെയ്തു. എനിക്ക് കിട്ടുന്ന ശമ്പളം അദ്ദേഹത്തിനു ഇഷ്ടാനുസാരം ചിലവഴിക്കാന്‍ പറ്റുന്ന രീതിയില്‍ അവന്റെ മുമ്പില്‍ വെച്ചു. സത്യത്തില്‍ എന്റെ ഉമ്മ ഉപ്പയോട് പെരുമാറുന്ന ഉല്‍കൃഷ്ട സ്വഭാവരീതികളില്‍ നിന്ന് ഞാന്‍ സ്വാംശീകരിച്ചതായിരുന്നു ഇതെല്ലാം.. ഉപ്പയുടെ കടബാധ്യതകള്‍ തീര്‍ക്കുന്നതിനും ജീവിത സമ്മര്‍ദ്ധങ്ങള്‍ ലഘൂകരിക്കുന്നതിനും ഉമ്മ അങ്ങേയറ്റം താല്‍പര്യപ്പെട്ടിരുന്നു. എന്റെ ഭര്‍ത്താവ് എന്നോടൊപ്പം സന്തോഷത്തില്‍ കഴിയുക എന്നതുമാത്രമായിത്തീര്‍ന്നു സ്വപ്‌നങ്ങളും ആഗ്രഹങ്ങളും. സമ്പാദ്യത്തിനുള്ള ഒരുത്തമ ഫോര്‍മുല ഭര്‍ത്താവിന്റെ മുമ്പില്‍ അവതരിപ്പിച്ചു. വാടകവീട്ടില്‍ നിന്ന് മാറി സ്വന്തമായി ഒരു വീടുവെക്കാന്‍ ഞങ്ങള്‍ ധാരണയായി. വീട് എന്ന സ്വപ്‌നവും അല്ലാഹു ഞങ്ങള്‍ക്ക് പൂര്‍ത്തീകരിച്ചുതന്നു.
വിവാഹജീവിതത്തിന്റെ മൂന്നാം വര്‍ഷത്തില്‍ സ്വന്തമായി ഒരു വീട് എന്ന സ്വപ്‌നം സാക്ഷാല്‍കരിക്കപ്പെട്ടു. വൈവാഹിക ജീവിതത്തിന്റെ രണ്ടും മൂന്നും വര്‍ഷം യഥാര്‍ഥത്തില്‍ അങ്ങേയറ്റം വരണ്ടതും ദുഷ്‌കരവുമായിരുന്നു. അതോടൊപ്പം എന്റെ സമര്‍പ്പണവും ഈ സഹകരണവുമെല്ലാം ഊഷ്മളമായ ബന്ധത്തിന് വഴിയൊരുക്കുമെന്ന് ഞാന്‍ കരുതി…പക്ഷെ, പ്രതീക്ഷകള്‍ അസ്ഥാനത്തായിരുന്നു. എന്റെ ഹൃദയത്തെ വേദന കൊത്തിമുറിച്ചുകൊണ്ടിരുന്നു. ഭര്‍ത്താവ് തന്റെ മുറിയില്‍ നിന്നകന്നു മറ്റൊരു മുറിയില്‍ കഴിച്ചുകൂട്ടുമ്പോള്‍ എന്റെ വേദന ഹൃദയത്തെ വരിഞ്ഞുമുറുക്കുകയുണ്ടായി. പിന്നീട് അദ്ദേഹത്തെ തേടിയെത്തുന്ന നിലക്കാത്ത കോളുകളും മെസ്സേജുമെല്ലാം ഞാന്‍ നിരീക്ഷിച്ചു..ദീര്‍ഘനേരം മെസ്സേജുകളും ലെറ്ററുകളും പലര്‍ക്കുമായി അദ്ദേഹം അയച്ചുകൊണ്ടേയിരിക്കുന്നു…. എന്നില്‍ നിന്നകന്ന് പ്രത്യേകമുറിയില്‍ കഴിച്ചുകൂട്ടാന്‍ തന്നെയായിരുന്നു അദ്ദേഹത്തിന്റെ തീരുമാനം. മക്കളോടൊന്നിച്ചു പുറത്ത് പോകാന്‍ അദ്ദേഹത്തോട് ആവശ്യപ്പെടുമ്പോഴെല്ലാം അത് നിരാകരിക്കുകയുണ്ടായി. ഞങ്ങളുടെ വീടുപണി പൂര്‍ത്തിയായതോടെ എന്റെ ഭര്‍ത്താവും പൂര്‍ണമായി മാറിയിരുന്നു.
പെട്ടെന്നൊരിക്കല്‍ എന്റെയടുത്തുവന്നു അവന്‍ പറഞ്ഞു : നമ്മുടെ വീടിന് ഇപ്പോള്‍ നല്ല വിശാലതയുണ്ട്. അതിനാല്‍ തന്നെ മറ്റൊരാളെയും കൂടി ഇവിടെ കൊണ്ടുവരാന്‍ ഞാനാഗ്രഹിക്കുന്നുണ്ട്… ഇതിനെക്കുറിച്ച് ഞാന്‍ അവളോട് സംസാരിച്ചിട്ടുണ്ട്. നിന്റെ നിലപാട് അറിയാന്‍ കാത്തിരിക്കുകയാണവള്‍. വീടിന്റെ രണ്ടാം നിലയില്‍ നിന്നെ താമസിപ്പിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. അത് നിന്നെ പ്രയാസപ്പെടുത്തുന്നുവെങ്കില്‍ പുറത്ത് വല്ല ഫ്‌ലാറ്റും മക്കളോടൊപ്പം നിനക്ക് ഞാന്‍ ശരിപ്പെടുത്തിത്തരാം. ഇതോടെ എന്റെ ഹൃദയം വേദനകൊണ്ട് പുളഞ്ഞുതുടങ്ങി.. എന്റെ കണ്ണുകളില്‍ നിന്ന് ചോര തന്നെ ഉറ്റിവീഴാന്‍ തുടങ്ങി. അവന്‍ മറ്റൊരു വിവാഹം കഴിക്കാന്‍ പോകുന്നു! അവന്റെ താല്‍പര്യങ്ങളോടു യോജിക്കുന്നില്ലെങ്കില്‍ എന്റെ വീട്ടില്‍ നിന്നു എന്നെ ആട്ടിപ്പുറത്താക്കും!! എന്റെ വിയര്‍പ്പും അധ്വാനവും ശമ്പളവും നല്‍കി പണിതുയര്‍ത്തിയ ഈ വീട്!! എന്റെ ഉപ്പയും സഹോദരിമാരും തന്ന ആഭരണങ്ങള്‍ ഞാന്‍ ബലികഴിച്ചുണ്ടാക്കിയ ഈ ഭവനം!! ഇതിലൊന്നും ഭര്‍ത്താവിന് ഒരു പങ്കുമുണ്ടായിരുന്നില്ല…ലോകമാകെ എനിക്കുമുന്നില്‍ കറങ്ങിക്കൊണ്ടിരിക്കുന്നു..കാലുകള്‍ കിടുകിടാവിറക്കാന്‍ തുടങ്ങി… എന്റെ ബോധം എന്നില്‍ നിന്നും പറന്നുപോയി..ആശുപത്രിക്കിടക്കയില്‍ നിന്നാണ് പിന്നീട് ഞാനുണര്‍ന്നത്. രണ്ടാഴ്ചത്തെ ചികിത്സക്കുശേഷം അല്ലാഹു എന്റെ ആരോഗ്യം തിരിച്ചുതന്നു. എന്നില്‍ അണപൊട്ടിയൊഴുകിയ മാനസികാസ്വാസ്ഥ്യം അത്രവലുതായിരുന്നു.
ഞാനകപ്പെട്ട ഈ ദുരന്തക്കയത്തില്‍ നിന്നുള്ള മോചനത്തിനായി ഞാന്‍ ആഗ്രഹിക്കുന്നു. എന്റെ ചിന്തക്കും മനസ്സിനും ഞരമ്പുകള്‍ക്കുമെല്ലാം ഏറ്റ മുറിവുകള്‍ അത്ര ഭീകരമാണ്…അവള്‍ എനിക്കെഴുതി.
ഈ ഭര്‍ത്താവിനോട് നമുക്ക് പറയാനുള്ളത്..1. കൂറ് പുലര്‍ത്തുക എന്നത് വളരെ മനോഹരമായ ആശയമാണ്. ഇസ്‌ലാമും പരമ്പരാഗത സമ്പ്രദായങ്ങളും അംഗീകരിച്ച ഒന്നാണത്. വൈവാഹിക ജീവിതത്തിലെ സൗഭാഗ്യത്തെ നിലനിര്‍ത്തുന്ന അടിസ്ഥാനമാണത്. രണ്ടാമതൊരു ഭാര്യയെ വിവാഹം കഴിക്കുക എന്നത് താല്‍ക്കാലിക ആസ്വാദനങ്ങള്‍ക്ക് വേണ്ടിയാകരുത്. 2. രണ്ടാമതൊരു സ്ത്രീയെ വിവാഹം ചെയ്യാന്‍ വേണ്ടി ആദ്യഭാര്യയുടെ സമ്പത്ത് ചൂഷണം ചെയ്യുക എന്നത് പൗരുഷത്വത്തിന് ചേര്‍ന്നതല്ല, രണ്ടാമത്തെ വിവാഹത്തിനുള്ള നിബന്ധന തന്നെ അവരെ രണ്ടുപേരെയും സംരക്ഷിക്കാനുള്ള എല്ലാ കഴിവും ഉണ്ടായിരിക്കുക എന്നതാണ്. 3. നീതി പാലിക്കാന്‍ കഴിയുക എന്നതാണ് ബഹുഭാര്യത്വത്തിന്റെ അടിസ്ഥാനം. നിന്റെ കാര്യത്തില്‍ അത്ഭുതം തോന്നുന്നു. രണ്ടാമത്തെ നില നിന്റെ ഭാര്യ സ്വീകരിക്കാന്‍ ഒരുക്കമല്ലെങ്കില്‍ വാടകവീട്ടില്‍ താമസിക്കാന്‍ ആദ്യഭാര്യയെ നിര്‍ബന്ധിക്കുമെന്ന് നിന്റെ നിലപാട് കടുത്ത അനീതിയാണ്.
4. അക്രമം പരലോകത്ത് അന്ധകാരമായി മുന്നില്‍ വരും. നിന്റെ ഭാര്യയുടെ വിവരണത്തില്‍ നിന്ന് നീ അവളോട് കടുത്ത അതിക്രമം ചെയ്തതായി വ്യക്തമാകുന്നുണ്ട്. അവളോടുണ്ടായിരുന്ന ആദ്യത്തെ അനുരാഗത്തെ നീ പൂര്‍ണമായും വിസ്മരിച്ചിരിക്കുകയാണ്. ഭാര്യയോടുള്ള സാമ്പത്തികവും ശാരീരികവും ശിക്ഷണപരവുമായ ഉത്തരവാദിത്വത്തില്‍ നീ വീഴ്ച വരുത്തിയിരിക്കുന്നു. നീ അവളുമായി വേര്‍പെട്ടത് അവളുടെ മനസ്സിന് വലിയ മുറിവ് വരുത്തിയിരിക്കുന്നു. പലതവണ ഈ മുറിയില്‍ നീ ഉപ്പ് തേച്ചിരിക്കുന്നു എന്ന് അവളുടെ വിവരണത്തില്‍ നിന്ന് മനസ്സിലാക്കാന്‍ സാധിക്കുന്നു. രണ്ടു ഭാര്യമാര്‍ക്കിടയില്‍ നീതിപുലര്‍ത്തിക്കൊണ്ടു അവളോട് കൂറ് പുലര്‍ത്തുക എന്നതാണ് നിനക്ക് ഏറ്റവും അനുയോജ്യമായിട്ടുള്ളത്. രണ്ടാമതൊരു വിവാഹത്തിനൊരുങ്ങുന്നതോടെ അവരെ തൃപ്തിപ്പെടുത്താനും ഉത്തമനിലയില്‍ പെരുമാറാനും നിന്റെ സ്‌നേഹം കൂടുതലായി പ്രകടിപ്പിക്കാനും അവരുടെ വേദനകളില്‍ പങ്കാളിയാകാനും നിന്നെ മുമ്പത്തേക്കാളേറെ ബാധ്യസ്ഥനാക്കുന്നു എന്നത് നീ തിരിച്ചറിയണം. സ്ത്രീ എന്നത് ലോലഹൃദയരാണ്. അവരുടെ മനസ്സിലെ ചെറിയ മുറിവുകള്‍ വരെ അവരില്‍ വലിയ സ്വാധീനം ചെലുത്തുമെന്ന് നീ തിരിച്ചറിയണം.
ആദ്യഭാര്യയോട് എനിക്ക് പറയാനുള്ളത്. 1. സഹോദരി, നിനക്കേറ്റ വലിയ മുറിവില്‍ ഞാനും പങ്കാളിയാകുന്നു. പഴയ താളുകള്‍ ചുരുട്ടിവെച്ച് പുതിയ ഒരു ജീവിതത്താളുകളിലേക്ക് നിനക്ക് പ്രവേശിക്കാം. നീ ഭാവിയിലേക്ക് നോക്കി നിന്റെ മനസ്സിനെ കൂടുതല്‍ കരുത്തുറ്റതാക്കാന്‍ ശ്രമിക്കുക. നിനക്കേറ്റ പരീക്ഷണങ്ങള്‍ക്ക് അല്ലാഹുവിങ്കില്‍ മഹത്തായ പ്രതിഫലമുണ്ടെന്ന് നീ മനസ്സിലാക്കുക. ഈ ഐഹികലോകം മുഴുവനും അല്ലാഹുവിങ്കല്‍ ഒരു കൊതുകിന്റെ ചിറകിന്റെയത്ര നിസ്സാരമാണ്. സഹനത്തിന്റെയും സംതൃപ്തിയുടെയും ചികിത്സയാണ് ജീവിതത്തെ ആരോഗ്യകരമായി മുന്നോട്ട് കൊണ്ടുപോകുന്നത്. ജീവിതം പ്രയാസങ്ങള്‍ നിറഞ്ഞതാണെങ്കിലും നമ്മുടെ ജീവിതത്തെ ഒരിക്കലും പ്രയാസങ്ങള്‍ക്ക് ചുറ്റും കെട്ടിയിടരുത്. പ്രയാസങ്ങള്‍ക്ക് നാം കീഴടങ്ങിയാല്‍ പിന്നീട് നമുക്ക് ജീവിക്കാന്‍ സാധിക്കുകയില്ല. പ്രശ്‌നങ്ങളുടെ പരിഹാരമാണ് നാം എപ്പോഴും അന്വേഷിക്കേണ്ടത്. വിവാഹമോചനത്തെ കുറിച്ചുള്ള ആലോചനക്ക് ചുറ്റും നീ മേയരുത്. ഇതിനേക്കാള്‍ ഉത്തമമായ പരിഹാരം സഹനമാണ്. അതിലൂടെ ഇഹപര വിജയം നിനക്ക് നേടിയെടുക്കാം. അല്ലാഹുവെ കുറിച്ച സ്മരണ അധികരിപ്പിക്കുക എന്നതാണ് വിശ്വാസപരമായ ചികിത്സ. ഖുര്‍ആന്‍ പാരായണം അധികരിപ്പിക്കുക. അല്ലാഹുവെ ഉത്തമ സഹായിയായി സ്വീകരിക്കുക. മനസ്സിലും ചിന്തയിലും അസ്വസ്ഥത നിറച്ചുകൊണ്ട് എരിപിരികൊള്ളുന്നതിന് പകരം ദൈവസ്മരണയാല്‍ നിന്റെ രോഗത്തെ നീ ചികിത്സിക്കുക. അറിയുക ! ദൈവസ്മരണയിലൂടെ മാത്രമേ മനസ്സിന് ശാന്തി കൈവരികയുള്ളൂ… മനസ്സാന്നിദ്ധ്യത്തോടെയുള്ള ഖുര്‍ആന്‍ പാരായണം പ്രതിസന്ധിഘട്ടങ്ങളില്‍ അവലംഭിക്കേണ്ട സഹനത്തെക്കുറിച്ച് നിന്നെ അവബോധയാക്കും. മനസ്സിന് കൂടുതല്‍ കരുത്ത് പകരും. അല്ലാഹുവിന്റെ അനന്തമായ പ്രതിഫലത്തെ കുറിച്ച പ്രതീക്ഷയേകും.
നിരാശയുടെ നീരസങ്ങളെ മാറ്റിനിര്‍ത്തിക്കൊണ്ട് പ്രതീക്ഷയുടെ വാഹനത്തില്‍കയറുക. രണ്ടാമത്തെ ഭാര്യയെ വിസ്മരിക്കുക എന്നതും മാനസികമായ ചികിത്സയുടെ ഭാഗമാണ്. അവള്‍മൂലം നിനക്കുണ്ടാകുന്ന പ്രയാസങ്ങളെ അതിലൂടെ അകറ്റാന്‍ കാരണമാകും. നിന്റെ ഭര്‍ത്താവുമായുള്ള ജീവിതത്തില്‍ മാത്രം നീ ശ്രദ്ധ കേന്ദ്രീകരിക്കുക. അവനിഷ്ടപ്പെടുന്ന വസ്ത്രങ്ങള്‍ ധരിക്കുകയും വാക്കുകള്‍ മൊഴിയുകയും ചെയ്യുക. രണ്ടാം ഭാര്യയെ കുറിച്ച് ഓര്‍ക്കാതിരിക്കുക. അവളെ മോശമായി കാണാതിരിക്കുക, നിന്നെയും അവളെയും താരതമ്യം ചെയ്യാതിരിക്കുക. നിനക്ക് നിന്റേതായ സൗന്ദര്യവും വ്യക്തിത്വവും ആകര്‍ഷണീയതയുമുണ്ട്. ഒഴിവ് സമയങ്ങള്‍ വായനയിലും ക്രിയാത്മകമായ ആക്ടീവിസങ്ങളിലും ചിലവഴിക്കുക എന്നതാണ് സാംസ്‌കാരികമായ പരിഹാരം. നന്മയുടെ മാര്‍ഗത്തില്‍ മത്സരിച്ച് മുന്നേറാന്‍ ശ്രമിക്കുക. നിന്റെ സിദ്ധികള്‍ സമൂഹത്തിന് നിര്‍മാണകമായ രീതിയില്‍ ചിലവഴിക്കാന്‍ തയ്യാറാകുക. ഒഴിവ് സമയവും ഒറ്റപ്പെടലും പൈശാചികമായ കവാടങ്ങള്‍ തുറക്കപ്പെടും. ജനങ്ങളില്‍ നിന്ന് മാറിനില്‍ക്കരുത്. നിനക്കും ഭര്‍ത്താവിനും രണ്ടാം ഭാര്യക്കുമിടയിലുള്ള പ്രശ്‌നങ്ങള്‍ മറ്റൊരാളോട് വിവരിക്കാതിരിക്കുക. അത് പ്രശ്‌നങ്ങള്‍ ആളിക്കത്തിക്കുന്നവര്‍ക്കുള്ള മരുന്നാകും. കേട്ടതും അടിസ്ഥാനരഹിതവുമായ സംഗതികള്‍ക്ക് ചെവികൊടുക്കരുത്. ഒരു പേപ്പറെടുത്ത് രണ്ടായി ഭാഗിക്കുക. വലതുവശത്തുള്ള ഭാഗത്ത് ഭര്‍ത്താവുമായുള്ള നിന്റെ ജീവിതം തുടരുകയാണെങ്കില്‍ ഉണ്ടാകുന്ന പോസിറ്റീവായുള്ള കാര്യങ്ങളും നെഗറ്റീവായുള്ള കാര്യങ്ങളും എഴുതിപ്പിടിപ്പിക്കുക. മറ്റെ പേപ്പറില്‍ വിവാഹ മോചനം നടത്തിയാലുള്ള പോസിററീവും നെഗറ്റീവുമായ കാര്യങ്ങളെ കുറിച്ചും എഴുതുക. ഈ രണ്ടവസ്ഥയിലുമുള്ള പരിഹാരങ്ങളും നീ തന്നെ നിര്‍ദ്ദേശിക്കുക. പിന്നീട് രണ്ട് പേപ്പറുകളും പരസ്പരം തുലനം ചെയ്യുക. അതോടൊപ്പം ഈ രണ്ടവസ്ഥകളിലുമുള്ള നിന്റെ സന്താനങ്ങളുടെ അവസ്ഥയും നീ പരിഗണിക്കുക. പിന്നീട് നന്മയെ തേടിയുള്ള രണ്ട് റക്അത്ത് നമസ്‌കാരം അല്ലാഹുവിന് വേണ്ടി നമസ്‌കരിക്കുക. അല്ലാഹുവിന്റെ അനുഗ്രഹമുള്ള ഒരു തീരുമാനം നീ എടുക്കുകയും ചെയ്യുക. പ്രതികാരവും ധിക്കാരവും ഭീഷണിയുമെല്ലാ എപ്പോഴും പ്രശ്‌നങ്ങളുടെ പരിഹാരത്തിനല്ല, സങ്കീര്‍ണതകള്‍ക്കാണ് വഴിയൊരുക്കുക എന്ന് നീ തിരിച്ചറിയുകയും ചെയ്യുക.
വിവ : അബ്ദുല്‍ ബാരി കടിയങ്ങാട്