ആത്മസംസ്‌കരണം

heart

ആത്മസംസ്‌കരണം

عَنْ أَبِى هُرَيْرَةَ عَنْ رَسُولِ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ « إِنَّ الْعَبْدَ إِذَا أَخْطَأَ خَطِيئَةً نُكِتَتْ فِى قَلْبِهِ نُكْتَةٌ سَوْدَاءُ فَإِذَا هُوَ نَزَعَ وَاسْتَغْفَرَ وَتَابَ سُقِلَ قَلْبُهُ وَإِنْ عَادَ زِيدَ فِيهَا حَتَّى تَعْلُوَ قَلْبَهُ وَهُوَ الرَّانُ الَّذِى ذَكَرَ اللَّهُ ( كَلاَّ بَلْ رَانَ عَلَى قُلُوبِهِمْ مَا كَانُوا يَكْسِبُونَ) » (سنن الترمذي)

അബൂഹുറയ്‌റ(റ)യില്‍ നിന്ന് നിവേദനം. നബി(സ) പറഞ്ഞു: തീര്‍ച്ചയായും ഒരു ദാസന്‍ ഒരു തെറ്റുചെയ്താല്‍ അവന്റെ ഹൃദയത്തില്‍ ഒരു കറുത്ത പുള്ളി രേഖപ്പെടുത്തപ്പെടും. അവന്‍ തെറ്റില്‍ നിന്ന് അകന്നുനില്‍ക്കുകയും പാപമോചനം തേടുകയും പശ്ചാത്തപിക്കുകയും ചെയ്താല്‍ അവന്റെ ഹൃദയം തെളിഞ്ഞതാവും. തെറ്റ് ആവര്‍ത്തിച്ചാല്‍ ആ കറുത്ത പുള്ളി വലുതായി ഹൃദയത്തെ മൂടും (ഹൃദയത്തിലെ പ്രകാശം അണഞ്ഞ് അന്ധമാവും). അവര്‍ ചെയ്ത ദുഷ്‌കര്‍മങ്ങള്‍ അവരുടെ ഹൃദയങ്ങളില്‍ കറയായി മൂടിയിരിക്കുന്നു എന്ന് അല്ലാഹു പറഞ്ഞത് ഈ കറയെ കുറിച്ചാണ്. (തിര്‍മിദി)

إِنَّ : നിശ്ചയം
عَبْدٌ : ദാസന്‍
أَخْطَأَ : തെറ്റു/കുറ്റം ചെയ്തു
خَطِيئَةٌ : കുറ്റം
نَكَتَ : അടയാളമുണ്ടാക്കി, പുള്ളിയിട്ടു
قَلْب : ഹൃദയം
نُكْتَةٌ : പുള്ളി
سَوْدَاءُ : കറുപ്പ്
نَزَعَ : അകന്നുനിന്നു
اِسْتَغْفَرَ : പാപമോചനം തേടി
تَابَ : പശ്ചാത്തപിച്ചു
سَقَلَ (صَقَلَ) : കറകളഞ്ഞു തെളിയിച്ചു, തുടച്ചുമിനുസപ്പെടുത്തി
عَادَ : മടങ്ങി, ആവര്‍ത്തിച്ചു
زِيدَ : വര്‍ധിപ്പിക്കപ്പെട്ടു, അധികമാക്കപ്പെട്ടു
حَتَّى : വരെ
رَانٌ : കറ, തുരുമ്പ്, അഴുക്ക്
رَانَ : കറ പിടിച്ചു, തുരുമ്പ് പിടിച്ചു
ذَكَرَ : പരാമര്‍ശിച്ചു
كَسَبَ : സമ്പാദിച്ചു, ചെയ്തുകൂട്ടി

ആത്മാവും ശരീരവും ചേര്‍ന്നതാണല്ലോ മനുഷ്യന്‍. ഇതില്‍ ആത്മാവിന്റെ ശുദ്ധീകരണവും സംസ്‌കരണവുമാണ് ഈ ഹദീസിലെ പ്രമേയം. മനുഷ്യ ശരീരത്തിലെ പ്രധാനപ്പെട്ട ഒരവയവമാണല്ലോ ഹൃദയം. വികാരങ്ങളുടെയും സ്വഭാവങ്ങളുടെയും കേന്ദ്രമായാണ് മനുഷ്യന്‍ ഹൃദയത്തെ കണക്കാക്കുന്നത്. സന്മനസ്സ്, നല്ല വികാരങ്ങള്‍ എന്നീ വാക്കുകള്‍ക്ക് പകരമായി ഏതാണ്ടെല്ലാ ഭാഷയിലും ഹൃദയം എന്ന വാക്ക് ഉപയോഗിക്കുന്നു. ഈ ഹദീസിലും ആ അര്‍ഥത്തിലാണ് ഖല്‍ബ് എന്ന വാക്ക് ഉപയോഗിച്ചിരിക്കുന്നത്.

ഹൃദയം നന്നായാല്‍ മനുഷ്യന്‍ നന്നായി എന്നും ഹൃദയം ദുഷിച്ചാല്‍ മനുഷ്യന്‍ ദുഷിച്ചുവെന്നും മറ്റൊരു ഹദീസില്‍ കാണാം. നുഅ്മാനുബ്‌നു ബശീറില്‍ നിന്ന് നിവേദനം. അദ്ദേഹം പറഞ്ഞു: നബി(സ) പറയുന്നത് ഞാന്‍ കേട്ടു: നിശ്ചയം ശരീരത്തില്‍ ഒരു മാംസപിണ്ഠമുണ്ട്. അത് നന്നായാല്‍ ശരീരം മുഴുവന്‍ നന്നാവും. അത് ചീത്തയായാല്‍ ശരീരം മുഴുവന്‍ ചീത്തയാവും. അറിയുക, അതാണ് ഹൃദയം. (1)

സ്‌നേഹം, ദയ, കാരുണ്യം തുടങ്ങിയ നല്ല ഗുണങ്ങളുടെയെല്ലാം ഉറവിടം ഹൃദയമാണ്. ഹൃദയത്തില്‍ ഈ നല്ല ഗുണങ്ങളെല്ലാം ഉള്ളവര്‍ക്കുമാത്രമേ മറ്റൊരാളോട് നല്ലരീതിയില്‍ പെരുമാറാന്‍ സാധിക്കുകയുള്ളൂ. മനസ്സില്‍ സ്‌നേഹവും കാരുണ്യവുമില്ലാത്തവര്‍ മറ്റുള്ളവരോട് ക്രൂരമായും പരുഷമായും പെരുമാറുന്നു.

കളങ്കമില്ലാത്ത നിര്‍മലഹൃദയത്തിന്റെ ഉടമകള്‍ സല്‍സ്വഭാവികളും സച്ചരിതരുമായിരിക്കും. കറപിടിച്ച കറുത്ത ഹൃദയമുള്ളവര്‍ ദുഃസ്വഭാവികളും ദുഷ്പ്രവൃത്തികള്‍ ചെയ്യുന്നവരുമായിരിക്കും. ഒരു തിന്മ ചെയ്യുമ്പോള്‍ ഹൃദയത്തില്‍ കറുത്ത ഒരു പുള്ളി വീഴുമെന്നും വീണ്ടും തെറ്റുകളും കുറ്റങ്ങളും ചെയ്യുമ്പോള്‍ കറുത്തപുള്ളികള്‍ വര്‍ധിച്ചുവര്‍ധിച്ചു ഹൃദയം മുഴുവന്‍ കറുത്തിരുണ്ടുപോകുമെന്നും നബി(സ) പഠിപ്പിക്കുന്നു.

കാലപ്പഴക്കം കൊണ്ട് ചെമ്പുപാത്രങ്ങള്‍ കറ പിടിക്കാറുണ്ട്. ഇരുമ്പ് തുരുമ്പെടുക്കാറുണ്ട്. ഇതുപോലെ ദുഷ്ചിന്തകളും ദുഷ്‌കര്‍മങ്ങളും കൊണ്ട് മനുഷ്യഹൃദയങ്ങളില്‍ കറപിടിക്കും. തുടക്കത്തില്‍ തന്നെ അത് നീക്കം ചെയ്തില്ലെങ്കില്‍ കൂടുതല്‍ നഷ്ടങ്ങളിലേക്ക് നയിക്കും. ചെറിയ തോതില്‍ തുടങ്ങുന്ന തിന്മകള്‍ മെല്ലെ മെല്ലെ വളര്‍ന്നുവലുതാവുന്നത് പലരും ശ്രദ്ധിക്കാറില്ല. മനുഷ്യരില്‍ ചീത്ത ചിന്ത കടന്നുവരുന്നതിനു സാഹചര്യവും ഒരു കാരണമാണ്. തിന്മകളെ പശ്ചാത്താപം കൊണ്ട് ശുദ്ധിവരുത്തിയില്ലെങ്കില്‍ മനുഷ്യഹൃദയം പാപങ്ങളുടെ കേന്ദ്രമായിത്തീരും.

പശ്ചാത്താപം, പാപമോചനപ്രാര്‍ഥന, മരണസ്മരണ, ഖുര്‍ആന്‍ പാരായണം, ഇതര സല്‍കര്‍മങ്ങള്‍ തുടങ്ങിയവയാണ് കറകള്‍ നീക്കി ഹൃദയം ശുദ്ധീകരിക്കാനുള്ള മാര്‍ഗങ്ങള്‍. എന്നാല്‍ ചെറിയ തെറ്റല്ലേ എന്ന് കരുതി നാം അവഗണിച്ചാല്‍ തെറ്റുകളുടെ കൂമ്പാരം കൊണ്ട് നന്‍മയുടെ കിരണങ്ങള്‍ ഹൃദയത്തിലേക്ക് കടന്നുചെല്ലാത്ത അവസ്ഥയുണ്ടാവും. അങ്ങനെ സംഭവിച്ചാല്‍ അതിനേക്കാള്‍ വലിയ രോഗം വേറെയുണ്ടാവില്ല.

………………
1. عَنْ النُّعْمَانِ بْنِ بَشِيرٍ قَالَ سَمِعْتُ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَقُولُ إِنَّ فِي الْجَسَدِ مُضْغَةً إِذَا صَلَحَتْ صَلَحَ الْجَسَدُ كُلُّهُ وَإِذَا فَسَدَتْ فَسَدَ الْجَسَدُ كُلُّهُ أَلَا وَهِيَ الْقَلْبُ (صحيح البخاري، صحيح مسلم).

Related Post