യൂറോപ്യന്‍ രാജ്യങ്ങളില്‍ ഇസ്‌ലാമോഫോബിയയുടെ പേരില്‍ മുസ്‌ലിംകളോട് വിവേചനം കാണിക്കുന്നു എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു
വന്നുകൊണ്ടിരിക്കെത്തന്നെ ചില രാജ്യങ്ങള്‍ മുസ്‌ലിം പൗരന്‍മാരോട് പ്രത്യേകിച്ച് സ്ത്രീകളോട് വിവേചന പൂര്‍വ്വമായ സമീപനം തുടരുകയാണ്. തങ്ങളുടെ വിശ്വാസത്തിന്റെ ഭാഗമായ ഹിജാബ് വിദ്യാലയങ്ങളില്‍ നിന്നും അകറ്റിനിര്‍ത്തണമെന്ന റഷ്യന്‍ ഭരണകൂടത്തിന്റെ കല്‍പനക്കു മുമ്പില്‍ പകച്ചു നില്‍ക്കുകയാണ് 23 മില്യണോളം വരുന്ന റഷ്യന്‍ മുസ്‌ലിംകള്‍. മോസ്‌കോ അടിസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സോളിഡിരിറ്റി എന്ന ജീവകാരുണ്യ സംഘടനയുടെ നേതൃ പദവിയലങ്കരിക്കുന്ന ലൈലാ മുഹമ്മദ് ഹിജാബ് ധരിച്ചു കൊണ്ട് തന്നെ സാമൂഹ്യ വിഷയങ്ങളില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന റഷ്യന്‍ സ്ത്രീയാണ്. റഷ്യയില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ആദ്യമായി ഒരു മുസ്‌ലിം സംഘടന രൂപീകരിക്കുകയും ഗസ്സയിലെ ഇസ്രായേല്‍ ആക്രമണങ്ങള്‍ക്കിരകളായിക്കൊണ്ടിരിക്കുന്ന കുഞ്ഞുങ്ങള്‍ക്കിടയില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കുകയും ചെയ്യുന്ന അവര്‍ വിഷയത്തില്‍ തന്റെ അഭിപ്രായം രേഖപ്പെടുത്തി സംസാരിക്കുന്നു.
1. ഹിജാബ് നിരോധവുമായി ബന്ധപ്പെട്ട വിഷയത്തില്‍ എത്രമാത്രം ഇടപെടാന്‍ റഷ്യന്‍ നിയമം അനുവദിക്കുന്നുണ്ട് ? വിഷയത്തില്‍ ഇടപെട്ട് സര്‍ക്കാരിന്റെ ഈ നിലപാടിനെ എതിര്‍ത്ത് സംഘടകളേതൊക്കെയാണെന്ന് പറയാമോ?
സ്റ്റാവ്‌റോപോള്‍ നഗരത്തിലെ സ്‌കൂളുകളില്‍ മുസ്‌ലിം പെണ്‍കുട്ടികളെ ഹിജാബ് ധരിക്കുന്നതില്‍ നിന്നും തടഞ്ഞ സംഭവം ഇതിനകം വ്യത്യസ്ത മാധ്യമങ്ങള്‍ ചര്‍ച്ചയാക്കിയിട്ടുണ്ട്. കൃത്യമായി പറഞ്ഞാല്‍ കഴിഞ്ഞ ആറു മാസമായി അത്തരം ചര്‍ച്ചകള്‍ നടക്കുന്നു. യഥാര്‍ഥത്തില്‍ ഇത്തരം ചര്‍ച്ചകളൊക്കെത്തന്നെ വിഷയത്തിന്റെ മര്‍മ്മം സ്പര്‍ശിക്കാതെയുള്ളതായിരുന്നു. എന്താണോ മാധ്യമങ്ങള്‍ കണ്ടെത്തിയത്, അതിനെ അധികരിച്ച് കൊണ്ടായിരുന്നു ചര്‍ച്ചകള്‍ മുമ്പോട്ട് പോയ്ത്. ഇത് തീര്‍ച്ചയായും ഇസ്‌ലാമിനും മുസ്‌ലിം പെണ്‍കുട്ടികള്‍ക്കും എതിരായിരുന്നു. അത് യഥാര്‍ഥ മുസ്‌ലിം വികാരത്തെ പ്രതിഫലിപ്പിക്കുന്നതല്ല. റഷ്യന്‍ മുസ്‌ലിംകള്‍ അസംഘടിതരും സ്വയം തന്നെ ഇത്തരം വിഷയങ്ങളില്‍ പ്രതികരിക്കാന്‍ മാത്രം കഴിയാത്തവരുമാണ്. വൈരുധ്യമെന്നു പറയട്ടെ ഇത്തരം ചര്‍ച്ചകള്‍ കൊണ്ട് ഗുണം കിട്ടിയത് സര്‍ക്കാരിനായിരുന്നു.
അതേസമയം ഹിജാബ് ധരിക്കാനുള്ള അവകാശത്തിനു വേണ്ടിയുള്ള കാമ്പയിന് തുടക്കം കുറിച്ചത് സോളിഡാരിറ്റി എന്ന പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകരാണ്. വിദ്യാഭ്യാസ മന്ത്രാലയത്തിന് നല്‍കാനായി ഞങ്ങള്‍ ഒപ്പുശേഖരണം നടത്തി. സ്‌കൂള്‍ യൂണിഫോം ഡിസൈന്‍ ചെയ്യുന്ന മുസ്‌ലിം ഡിസൈനര്‍മാരുടെ ഇടയില്‍ ഞങ്ങള്‍ ഒരു മത്സരം സംഘടിപ്പിച്ചു. തെരെഞ്ഞെടുക്കപ്പെട്ട ഡിസൈനുകള്‍ ഞങ്ങള്‍ സര്‍ക്കാരിന്റെ പരിഗണനക്കായി അയച്ചുകൊടുത്തു. അതേസമയം തന്നെ ഈ വിഷയം റഷ്യന്‍ സുപ്രീംകോടതിയുടെ പരിഗണനയിലുമാണ്.
2. റഷ്യയിലെ സൂഫി സംഘടനകള്‍ ഈ നടപടിക്കെതിരെ പ്രതികരിച്ചിരുന്നുവോ? ഉണ്ടെങ്കില്‍ ആരായിരുന്നു അവര്‍?
ചെച്‌നിയ പോലുള്ള രാജ്യങ്ങളിലെ സൂഫി ഇസ്‌ലാമിക സംഘങ്ങള്‍ നേതൃത്വം നടത്തുന്ന പ്രവര്‍ത്തനങ്ങളധികവും സര്‍ക്കാരിനനുകൂലമായ പ്രവര്‍ത്തനങ്ങളാണ്. ഹിജാബ് നിരോധത്തിനെതിരെ ഇത്തരം സംഘടനകള്‍ പ്രവര്‍ത്തിക്കുന്നുണ്ട് എന്നത് ഞങ്ങള്‍ ശ്രദ്ധിച്ചിരുന്നു. അവിടങ്ങളില്‍ സര്‍ക്കാര്‍ തന്നെ പെണ്‍കുട്ടികളോട് ഹിജാബ് ധരിച്ച് സ്‌കൂളില്‍ വരാന്‍ ആവശ്യപ്പെടുന്നു. അതിനു വിപരീതമായി റഷ്യന്‍ ഫെഡറേഷന്‍ ചെച്‌നിയന്‍ സര്‍ക്കാരിന്റെ ഇത്തരം നടപടികളെ കണ്ടില്ലെന്നു നടിക്കുകയാണ്. ഇവിടെ ഒരു വലിയ വൈരുദ്ധ്യമുണ്ട്.
3. ഒരു മുസ്‌ലിം വനിതയെന്ന നിലയില്‍ ഇസ്‌ലാമിക പ്രവര്‍ത്തനങ്ങള്‍ക്കോ മതതാരതമ്യ സംവാദങ്ങള്‍ക്കോ ഇടമനുവദിക്കാത്ത മേഖലകളില്‍ താങ്കള്‍ എന്തെങ്കിലും തടസ്സം നേരിട്ടിരുന്നോ?
നിലവില്‍ ഹിജാബ് ധരിക്കുന്നതിനും ചില പ്രത്യക സ്ഥലങ്ങളില്‍ അതു ധരിച്ച് യാത്ര ചെയ്യുന്നതിനും നിയമപരമായി യാതൊരു തടസ്സവുമില്ല. എന്നാല്‍ ഇപ്പോള്‍ സ്‌കൂളുകളില്‍ ഹിജാബ് നിരോധിച്ചത് പരിഗണിക്കുമ്പോള്‍ അങ്ങനെയൊരു സാധ്യത തള്ളിക്കളയാനാകില്ല. ചെക്ക് പോസ്റ്റുകളില്‍ എപ്പോഴും ഹിജാബ് ധരിച്ച മുസ്‌ലിം വനിതകള്‍ വിശദമായി പരിശോധിക്കപ്പെടാറുണ്ട്.
4. ഒരു മുസ്‌ലിം സ്ത്രീ/സാമൂഹിക പ്രവര്‍ത്തക/പത്രപ്രവര്‍ത്തക എന്നീ നിലകളില്‍ ഇസ്‌ലാമിന് കടുത്ത വിലങ്ങുകള്‍ പ്രഖ്യാപിച്ച ഇത്തരം ഒരു നാട്ടില്‍ പ്രത്യേകിച്ചും മോസ്‌കോവില്‍ എന്തു തരം പ്രശ്‌നങ്ങളാണ് പൊതുവില്‍ അഭിമുഖീകരിക്കേണ്ടി വരുന്നത്?
എനിക്ക് അത്തരം പ്രശ്‌നങ്ങളൊന്നും അഭിമുഖീകരിക്കേണ്ടി വന്നിട്ടില്ല എന്നതില്‍ ഞാന്‍ ദൈവത്തിന് നന്ദി പറയുന്നു. എന്നാല്‍ ഹിജാബ് ധരിച്ചതിന്റെ പേരില്‍ പ്രയാസങ്ങളില്ലാതെ നിന്നു പോകാന്‍ പറ്റിയ ജോലി അന്വേഷിക്കുന്ന നിരവധി സഹോദരികളുണ്ടിവിടെ. അതൊരു പൊതു പ്രതിഭാസമല്ല, തികച്ചും വ്യക്തിപരമാണ്. ഒരു പത്രപ്രവര്‍ത്തക എന്ന അര്‍ഥത്തില്‍ ഞാന്‍ ചില സമ്മര്‍ദ്ദങ്ങള്‍ അനുഭവിക്കുന്നുണ്ട്. നോര്‍ത്ത് കോക്കസസ് റിപ്പബ്ലിക്കിനെതിരെ എന്റെ ലേഖനങ്ങളും റിപ്പോര്‍ട്ടുകളും മോസ്‌കോവില്‍ പ്രസിദ്ധീകരിക്കുന്നതിന് വിലക്കുണ്ട്. ഞാന്‍ ഇസ്‌ലാമിക, സാമൂഹിക പ്രശ്‌നങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഇത് കാരണമായി. ദൈവത്തിന് നന്ദി.
5. ഒരു സാമൂഹിക പ്രവര്‍ത്തക എന്ന നിലയില്‍ എങ്ങിനെയാണ് നിങ്ങളുടെ പ്രവര്‍ത്തനങ്ങളുടെ ആരംഭം? നിങ്ങള്‍ നേടിയെന്നു കരുതുന്ന നേട്ടങ്ങളെക്കുറിച്ച്? ലക്ഷ്യങ്ങള്‍ എന്തൊക്കെ, അതിലേക്കുള്ള തടസ്സങ്ങള്‍?
യുദ്ധക്കെടുതിയില്‍ ലുക്കീമിയ പോലുള്ള രോഗങ്ങള്‍ ബാധിച്ച കുഞ്ഞുങ്ങള്‍ക്ക് സഹായമെത്തിക്കാന്‍ ഞാന്‍ മുന്‍കൈയ്യെടുത്ത് തുടങ്ങിയ സോളിഡാരിറ്റി എന്ന പ്രസ്ഥാനത്തിന് കഴിഞ്ഞു എന്നതില്‍ ഞാന്‍ ദൈവത്തിന് നന്ദി പറയുന്നു. ഈയൊരു പശ്ചാത്തലത്തില്‍ മാനുഷിക പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ഒരു സ്ഥിരം ഫണ്ട് സ്വരൂപിക്കേണ്ടതിന്റെ ആവശ്യകത ഉയര്‍ന്നു വന്നു. നാലു വര്‍ഷം കൊണ്ട് റഷ്യയുടെ വ്യത്യസ്ത റിപ്പബ്ലിക്കുകളില്‍ പെട്ട രോഗികളായ കുട്ടികള്‍, വൃദ്ധര്‍, അനാഥകള്‍, തുടങ്ങിയവരെ സഹായിക്കാനും പിന്തുണ നല്‍കാനും ആവശ്യമായ കഴിവ് ഞങ്ങള്‍ നേടിയെടുത്തു. ഞങ്ങള്‍ ഇരകളുടെ ദേശീയമായ അതിര്‍ വരമ്പുകള്‍ പരിഗണിച്ചിട്ടില്ല. മുസ്‌ലിംകളില്‍ പെട്ട വലിയൊരു വിഭാഗത്തെ സേവനപ്രവര്‍ത്തനങ്ങളില്‍ നിരതരാക്കാന്‍ ഞങ്ങള്‍ക്ക് സാധിച്ചു. അതിനു പുറമെ, ഗസ്സയിലേക്ക് റഷ്യയില്‍ നിന്നുള്ള ആദ്യ പ്രതിനിധി സംഘമായി മാറാന്‍ ഞങ്ങള്‍ക്ക് സാധിച്ചു. ഗസ്സ പ്രധാനമന്ത്രി ഇസ്മായീല്‍ ഹനിയ്യയുടെ ക്ഷണം സ്വീകരിച്ചു കൊണ്ടായിരുന്നു അത്.
വളരെ സുതാര്യമായി സമ്പത്ത് ശേഖരിക്കുകയും സക്കാത്ത് സേവന മേഖയില്‍ സജീവമാകുകയും ചെയ്ത ആദ്യ സംഘവുമാണ് ഞങ്ങള്‍. ഞങ്ങള്‍ ചെലവഴിച്ച തുകയുടെയും ശേഖരിച്ച തുകയുടെയും വിശദ വിവരങ്ങള്‍ ഞങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു. ഞങ്ങള്‍ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി ഞങ്ങള്‍ക്ക് തുറന്ന പിന്തുണ നല്‍കുന്നതിനുള്ള മുസ്‌ലിം വ്യാപാരികളുടെ താല്‍പര്യമില്ലായ്മയാണ്. ഇസ്‌ലാമിക പ്രസ്ഥാനങ്ങളുമായി ഏതെങ്കിലും തരത്തിലുള്ള ബന്ധമുണ്ട് എന്ന് അറിയപ്പെടുന്നതിനെ അവര്‍ ഭയക്കുന്നു.
6. ഏതാണ് മുസ്‌ലിം സമൂഹത്തെ റഷ്യന്‍ സാഹചര്യത്തില്‍ പ്രശ്‌നസങ്കീര്‍ണ്ണതകളില്ലാതെ കര്‍മ്മനിരതരാക്കാനുള്ള നല്ല മാര്‍ഗ്ഗം?
റഷ്യന്‍ മുസ്‌ലിംകള്‍ വളരെയധികം സ്വന്തത്തിലേക്ക് ചുരുങ്ങിയ ഒരു വിഭാഗമാണ്. മറ്റുള്ളവര്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ അവര്‍ക്ക് പ്രശ്‌നമാകാറില്ല. സമുദായം മൊത്തത്തില്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളില്‍ അവര്‍ ശാരീരികമായി ഇടപെടുന്നത് പോയിട്ട് മാനസികമായി പോലും ഇടപെടാറില്ല. എല്ലായ്‌പ്പോഴും അവര്‍ ചിന്തിക്കുന്നത് അവര്‍ ഈ രാജ്യത്തിന്റെ ഭാഗമാണല്ലോ എന്നതാണ്. പക്ഷെ അവര്‍ കണക്കു കൂട്ടുന്നതു പോലെ നിസ്സാരമല്ല അവരുടെ പ്രശ്‌നങ്ങള്‍. അതേ സമയം മറ്റു മത സമൂഹങ്ങളും ഇതേ രീതിയിലുള്ള പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്നുണ്ട്.
എന്റെ അഭിപ്രായത്തില്‍ മുസ്‌ലിംകള്‍ ഇസ്‌ലാമിക ചരിത്രം മാത്രം പഠിച്ചാന്‍ പോരാ. അവര്‍ ഓര്‍ത്തഡോക്‌സ് ക്രിസ്ത്യാനിറ്റിയെക്കുറിച്ചു കൂടി പഠിക്കണം. ഇസ്‌ലാമിനൊപ്പം തന്നെ വളര്‍ന്നു വികസിച്ചതാണ് ഈ മത സമൂഹവും. എന്നാല്‍ ഇന്ന് റഷ്യയുടെ സാഹിത്യങ്ങളൊക്കെത്തന്നെ ക്രിസ്ത്യന്‍ പൈതൃകവുമായി ബന്ധപ്പെട്ടു കിടക്കുന്നു. അത് അതിന്റെ മതപരമായ താല്‍പര്യത്തെ പ്രകടിപ്പിക്കുന്നു. എന്നാല്‍ മുസ്‌ലിംകള്‍ ഇന്നും ഇത്തരം കാര്യങ്ങളില്‍ വലിയ അറിവൊന്നുമില്ലാത്തവരാണ്. എങ്ങനെയാണ് നമുക്ക് ജനങ്ങളിലേക്ക് നമ്മുടെ ആശയങ്ങളെ പ്രസരണം ചെയ്യാന്‍ സാധിക്കുക.
ലൈലാ മുഹമ്മദ്
(അവലംബം ഓണ്‍ഇസ്‌ലാം)
വിവ : അത്തീഖുറഹ്മാന്‍