പതിനഞ്ചാം നൂറ്റാണ്ടില്‍ അല്‍പുജറാസ് പട്ടുനൂല്‍ കൃഷിയില്‍ പ്രസിദ്ധിയാര്‍ജ്ജിച്ചുകൊണ്ടിരുന്ന സ്ഥലമായിരുന്നു. ആ മേഖലയിലെ നാനൂറോളം ഗ്രാമങ്ങളിലായി നിവസിക്കുന്ന ഒന്നരലക്ഷത്തോളം പേരുടെ നിത്യവൃത്തിയായിരുന്നു പട്ടുനൂല്‍ ഉല്‍പാദനം.
ശതാബ്ദങ്ങള്‍ക്കു മുമ്പ് അന്തലൂസ്യ ഭരിച്ചിരുന്നബെര്‍ബെര്‍ രാജവംശമാണ് വനപ്രദേശമായ അല്‍പുജറാസ് പട്ടുനൂല്‍ ഉല്‍പാദനത്തിന് പറ്റിയ പ്രദേശമാണെന്ന് തിരിച്ചറിഞ്ഞ് അവിടം തെരഞ്ഞെടുത്തത്. പ്രസ്തുത ബെര്‍ബെര്‍ രാജവംശത്തിന്റെ സ്വാധീനം ഇന്നും അന്നാട്ടില്‍ കാണാം. മൊറോക്കോയിലെ അറ്റ്‌ലസ് പര്‍വതനിരകളില്‍നിന്നും അങ്ങനെതന്നെ പറിച്ചുനട്ട രീതിയില്‍ ചെറുതായി വെള്ളപൂശിയ, താഴെ തൊഴുത്തും കൃഷിയുപകരണങ്ങളും സൂക്ഷിക്കുന്ന സ്റ്റോറുകളോടുകൂടിയ വീടുകള്‍ ഇന്നും അവിടെയുണ്ട്.
ഗ്രാനഡ വിട്ട് അല്‍പുജറാസില്‍ താമസംതുടങ്ങിയ ബോബ്ദില്‍ പക്ഷേ മുസ് ലിംകളെ കത്തോലിക്ക രാജവാഴ്ചയുടെ കിരാതപീഡനങ്ങള്‍ക്ക് വിട്ടുകൊടുത്ത് അവിടം വിട്ടു. 1500കളില്‍ തുടങ്ങിയ കത്തോലിക്കാപീഡനം ദശാബ്ദങ്ങളോളം തുടര്‍ന്നു.1567 ല്‍ അന്നത്തെ രാജാവായ ഫിലിപ്പ് രണ്ടാമന്‍ അറബി ഭാഷയിലുള്ള പേരുകളും, സംസാരങ്ങളും, നിരോധിച്ചു. അതെത്തുടര്‍ന്ന് രണ്ടുവര്‍ഷം നീണ്ടുനിന്ന ഗറില്ലായുദ്ധം കൊടുമ്പിരികൊണ്ടു. അല്‍പുജറാസ് വനപ്രദേശം അത്തരം പ്രതിരോധമുറയ്ക്ക് തികച്ചുംഅനുയോജ്യമായിരുന്നു. ഗറില്ലാനേതാവും അദ്ദേഹത്തിന്റെ കസിനും സ്‌പെയിന്‍രാജവംശം നിയോഗിച്ച പുതിയസൈന്യാധിപന്റെ നീക്കത്തിനൊടുവില്‍ കൊല്ലപ്പെട്ടതോടെയാണ് ഗറില്ലായുദ്ധത്തിന് വിരാമമായത്. അതോടെ ആ പ്രദേശത്തെ ജനത സ്‌പെയിനിന്റെ വ്യത്യസ്തഭാഗങ്ങളിലായി ചിതറിപ്പോവുകയായിരുന്നു.
അല്‍പുജറാസിന്റെ സുവര്‍ണകാലത്ത് 400 ഓളം ഗ്രാമങ്ങളുണ്ടായിരുന്നത് പിന്നീട് 270 ആയി ചുരുങ്ങി. പട്ടുനൂലുല്‍പാദനം ക്രമേണ നാമാവശേഷമായി. മള്‍ബെറിച്ചെടികള്‍ വെട്ടിയൊതുക്കി അവിടെ മറ്റുകൃഷികളും ഖനികളും ക്വാറികളും സ്ഥാനം പിടിച്ചു.
ഒഴിവുകാല സന്ദര്‍ശനത്തിന് ഏറ്റവും അനുയോജ്യമായ പ്രദേശമാണ് അല്‍പുജറാസ്. സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്ക് മുല്‍ഹാചന്‍ പര്‍വതത്തിലേക്ക് ട്രക്കിങും അതിലൊന്നുംതാല്‍പര്യമില്ലാത്തവര്‍ക്ക് ഹരിതാഭഭംഗി ആസ്വദിച്ചുള്ള ഇരിപ്പും ആകാം. വസന്തകാലത്തും ശരത്കാലത്തും നല്ല സൂര്യപ്രകാശമുള്ള ദിനങ്ങളില്‍ പോലും കടുത്ത തണുപ്പുതോന്നുന്ന മലനിരകളുടെ ഉച്ചിയില്‍ ചെന്നെത്തണമെന്നുള്ളവര്‍ കമ്പിളി, ലെതര്‍ ജാക്കറ്റുകള്‍ കരുതണം. കടുത്ത ഹിമപാതം ഉണ്ടാകാനുള്ള സാധ്യതയില്ലെന്നതാണ് വസന്ത,ശരത്കാലങ്ങളുടെ പ്രത്യേകത. ജൂലൈ, സെപ്റ്റംബര്‍ മാസങ്ങള്‍ക്കിടയില്‍ വരികയാണെങ്കില്‍ ഹോട്ടലുകള്‍ മുന്‍കൂട്ടി ബുക്കുചെയ്യേണ്ടിവരും.
ബുബിയോണിലെ കാസാ അല്‍പുജറീനാ മ്യൂസിയത്തില്‍ പഴയകാലത്തെ കാര്‍ഷികോപകരണങ്ങളും ഗ്രാമീണവീട്ടുപകരണങ്ങളും പ്രദര്‍ശിപ്പിച്ചിരിക്കുന്നത് കാണാം. അന്നത്തെ ഗ്രാമ്യജീവിതത്തിന്റെ ഫോട്ടോഗ്രാഫുകളും കൂട്ടത്തിലുണ്ട്. അതുപോലെത്തന്നെ വ്യത്യസ്തജീവികളുടെ മാംസങ്ങളും, പാല്‍ക്കട്ടികളും , കൈത്തറി-കരകൗശല ഉല്‍പന്നങ്ങളും വില്‍പനക്കുവെച്ചിരിക്കുന്നത് കാണാം. ഇതെല്ലാംകാണാന്‍ വരുന്ന മുസ് ലിംസന്ദര്‍ശകരെ ഉദ്ദേശിച്ചുള്ള താമസസൗകര്യങ്ങളും അവിടെയുണ്ട്. ഹോട്ടല്‍ എല്‍ പാവോറിയലിലും കപിലേറിയയിലെ ഹോസ്റ്റല്‍ റൂറല്‍ അതലായയിലും ഹലാല്‍ വിഭവങ്ങള്‍ ലഭ്യമാണ്. ഇതൊക്കെയാണെങ്കിലും അവിടെ നമസ്‌കാരത്തിനായി പള്ളികളൊന്നും കാണാന്‍ കഴിയില്ല. അരമണിക്കൂര്‍ കാര്‍യാത്രാദൂരമുള്ള ഗ്രാനഡയിലാണ് പള്ളിയുള്ളത്.
സാറാ ഇര്‍വിങ്
(islam padashala)