ഇസ്‌ലാം മനുഷ്യസമൂഹത്തിന്റെ സുരക്ഷയും ഭദ്രതയും കെട്ടുറപ്പും വാഗ്ദാനം ചെയ്യുന്ന ആദര്‍ശമാണ്. ആര്‍ക്കും യാതൊരു പ്രയാസമോ അവകാശനിഷേധമോ ഉണ്ടാകരുതെന്ന് കൃത്യമായ താല്‍പര്യമുള്ളതിനാല്‍ അതിനുതകുംവിധമുള്ള നിയമങ്ങളാണ് അത് നടപ്പില്‍വരുത്തുന്നത്. അന്യസ്ത്രീ-പുരുഷന്‍മാരെ ആസക്തിയോടെയും വികാരത്തോടെയും നോക്കുന്നതിനെ ഇസ്‌ലാം വിലക്കുന്നു. മനുഷ്യന്റെ മാംസമോഹങ്ങളെ ഉത്തേജിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ആരില്‍നിന്നും ഉണ്ടാകരുതെന്ന് അത് നിര്‍ബന്ധം പുലര്‍ത്തുന്നു. അതിനാല്‍ ഖുര്‍ആന്‍ വിശ്വാസികളോടും വിശ്വാസിനികളോടും കല്‍പിക്കുന്നത് കാണുക: ‘ നീ സത്യവിശ്വാസികളോട് പറയുക: അവര്‍ തങ്ങളുടെ ദൃഷ്ടികള്‍ നിയന്ത്രിക്കട്ടെ. ഗുഹ്യഭാഗങ്ങള്‍ സൂക്ഷിക്കുകയും ചെയ്യട്ടെ. അതാണ് അവരുടെ പരിശുദ്ധിക്ക് ഏറ്റം പറ്റിയത്. സംശയം വേണ്ട; അല്ലാഹു അവരുടെ പ്രവര്‍ത്തനങ്ങളെപ്പറ്റിയെല്ലാം നന്നായി അറിയുന്നവനാണ്.
നീ സത്യവിശ്വാസിനികളോട് പറയുക: അവരും തങ്ങളുടെ ദൃഷ്ടികള്‍ നിയന്ത്രിക്കണം. ഗുഹ്യഭാഗങ്ങള്‍ കാത്തുസൂക്ഷിക്കണം; തങ്ങളുടെ ശരീരസൗന്ദര്യം വെളിപ്പെടുത്തരുത്; സ്വയം വെളിവായതൊഴികെ. ശിരോവസ്ത്രം മാറിടത്തിനുമീതെ താഴ്ത്തിയിടണം. തങ്ങളുടെ ഭര്‍ത്താക്കന്മാര്‍, പിതാക്കള്‍, ഭര്‍ത്തൃപിതാക്കള്‍, പുത്രന്മാര്‍, ഭര്‍ത്തൃപുത്രന്മാര്‍, സഹോദരങ്ങള്‍, സഹോദരപുത്രന്മാര്‍, സഹോദരീപുത്രന്മാര്‍, തങ്ങളുമായി ഇടപഴകുന്ന സ്ത്രീകള്‍, വലംകൈ ഉടമപ്പെടുത്തിയവര്‍, ലൈംഗികാസക്തിയില്ലാത്ത പുരുഷപരിചാരകര്‍, സ്‌െ്രെതണ രഹസ്യങ്ങളറിഞ്ഞിട്ടില്ലാത്ത കുട്ടികള്‍ എന്നിവരുടെ മുന്നിലൊഴികെ അവര്‍ തങ്ങളുടെ ശരീരഭംഗി വെളിവാക്കരുത്. മറച്ചുവെക്കുന്ന അലങ്കാരത്തിലേക്ക് ശ്രദ്ധ തിരിക്കാനായി കാലുകള്‍ നിലത്തടിച്ച് നടക്കരുത്. സത്യവിശ്വാസികളേ; നിങ്ങളെല്ലാവരും ഒന്നായി അല്ലാഹുവിങ്കലേക്ക് പശ്ചാത്തപിച്ചു മടങ്ങുക. നിങ്ങള്‍ വിജയം വരിച്ചേക്കാം.(അന്നൂര്‍: 30,31) ഈ സൂക്തത്തെ വിശദീകരിച്ചുകൊണ്ട് ഇമാം ഇബ്‌നുകസീര്‍പറയുന്നു: ‘തന്നില്‍ വിശ്വസിക്കുന്ന ദാസന്‍മാരോട് അല്ലാഹുവിന്റെ ആജ്ഞയാണിത്. വിലക്കപ്പെട്ടവയില്‍നിന്ന് അകന്നുനില്‍ക്കാനുള്ള ശക്തമായ നിര്‍ദ്ദേശം. അതുകൊണ്ടുതന്നെ അവര്‍ക്ക് നോക്കാന്‍ അനുവാദമില്ലാത്തവയിലേക്ക് ദൃഷ്ടിപായിക്കരുത്. അതിനാല്‍ അവര്‍ ദൃഷ്ടിതാഴ്ത്തട്ടെ. അഹിതകരമായവയിലേക്ക് ദൃഷ്ടി പതിച്ചാല്‍ അപ്പോള്‍തന്നെ നോട്ടം ഹിതകരമായവയിലേക്ക് തിരിച്ചുവിടട്ടെ.’
ജരീറുബ്‌നുഅബ്ദില്ല പറയുന്നു: ‘അല്ലാഹുവിന്റെ ദൂതരോട് ഞാന്‍ യാദൃശ്ചികമായുണ്ടാകുന്ന നോട്ടത്തെക്കുറിച്ച് ചോദിച്ചു. അപ്പോള്‍ എന്നോട് ദൃഷ്ടിമാറ്റാനാണ് അദ്ദേഹം കല്‍പിച്ചത്.'(മുസ്‌ലിം)ഇമാം നവവി പറഞ്ഞു: ‘യാദൃശ്ചികമായ നോട്ടം എന്നതുകൊണ്ട് ഉദ്ദേശ്യമെന്തെന്ന് ചോദിച്ചപ്പോള്‍ ദൃഷ്ടി അന്യസ്ത്രീകളില്‍ പതിക്കുന്നതാണ് അതിന്റെ ഉദ്ദേശ്യമെന്ന് മറുപടി ലഭിച്ചു. ആദ്യനോട്ടത്തിന്റെ പേരില്‍ അവന് കുറ്റമില്ല. പക്ഷേ, അവന്‍ ആ നോട്ടം ഉടനടി പിന്‍വലിക്കണം. ആ നോട്ടം പിന്‍വലിച്ചാല്‍ അവന് മേല്‍ കുറ്റമില്ല. അതല്ല, തുടര്‍ന്നും നോക്കിക്കൊണ്ടിരിക്കുകയാണെങ്കില്‍ അവന്‍ കുറ്റവാളിയാണ്.’
പുരുഷന്‍മാര്‍ എല്ലാ അവസ്ഥകളിലും അന്യസ്ത്രീകളെ നോക്കുന്നതില്‍നിന്ന് വിട്ടുനില്‍ക്കണം.ന്യായമായ കാരണമൊന്നുമില്ലെങ്കില്‍. സാക്ഷിമൊഴിനല്‍കുന്നതോ, വൈദ്യപരിശോധനാവേളയോ,വിവാഹാലോചനയോ, വ്യാപാരവേളയോ ഒക്കെയാണെങ്കില്‍ ആവശ്യമെങ്കില്‍ നോക്കാമെന്നല്ലാതെ പരിധിവിട്ട നോട്ടവും അവിടെ അനുവദനീയമല്ല. നോട്ടം നിയന്ത്രിക്കാന്‍ സഹായിക്കുന്ന ചില പൊടിക്കൈകളിതാ…
1. അല്ലാഹു നമ്മെ സദാവീക്ഷിച്ചുകൊണ്ടിരിക്കുന്നു എന്ന ബോധം എപ്പോഴും ഉണ്ടായിരിക്കുക. നിങ്ങള്‍ എവിടെയായിരുന്നാലും എവിടെപ്പോയാലും അവന്‍ നമ്മോടുകൂടെയുണ്ട്. ‘കള്ളനോട്ടവും അന്തര്‍ഗതങ്ങളുമെല്ലാം അല്ലാഹു അറിയുന്നു.'(ഗാഫിര്‍-19)
2. അല്ലാഹുവിന്റെ സഹായം എപ്പോഴും തേടിക്കൊണ്ടിരിക്കുക. അല്ലാഹു പറഞ്ഞു:’നിങ്ങളുടെ നാഥന്‍ പറഞ്ഞിരിക്കുന്നു: നിങ്ങളെന്നോടു പ്രാര്‍ഥിക്കുക. ഞാന്‍ നിങ്ങള്‍ക്കുത്തരം തരാം. എന്നെ വഴിപ്പെടാതെ അഹന്ത നടിക്കുന്നവര്‍ ഏറെ നിന്ദ്യരായി നരകത്തില്‍ പ്രവേശിക്കും.'(ഗാഫിര്‍ 60)
3. നാം അനുഭവിക്കുകയും ആസ്വദിക്കുകയും ചെയ്യുന്ന എല്ലാ അനുഗ്രഹങ്ങളും അല്ലാഹുവില്‍നിന്നാണെന്ന ബോധ്യമുള്ളവരാണല്ലോ നാം. അത്തരം അനുഗ്രഹത്തില്‍പെട്ടതാണ് നമുക്ക് ലഭിച്ചിട്ടുള്ള കണ്ണും കാഴ്ചശക്തിയും. ‘നിങ്ങള്‍ക്കുണ്ടാവുന്ന ഏതനുഗ്രഹവും അല്ലാഹുവില്‍ നിന്നുള്ളതാണ്. ‘(നഹ്ല്‍-53)അതിന് നന്ദിപ്രകാശിപ്പിക്കുകയെന്നതാണ് വിശ്വാസം നമ്മോട് ആവശ്യപ്പെടുന്നത്.
4.നോട്ടം നിയന്ത്രിക്കാനും ദൃഷ്ടിതാഴ്ത്താനുമുള്ള വിശ്വാസിയുടെ ശ്രമം വളരെയേറെ ക്ഷമ ആവശ്യമുള്ള പ്രവൃത്തിയാണ്. ഒരിക്കല്‍പോലും അതില്‍ നിരാശതോന്നി ഉപേക്ഷിക്കാന്‍ പാടുള്ളതല്ല. അല്ലാഹുപറയുന്നു: ‘നമ്മുടെ കാര്യത്തില്‍ സമരം ചെയ്യുന്നവരെ നാം നമ്മുടെ വഴികളിലൂടെ നയിക്കുക തന്നെ ചെയ്യും. സംശയമില്ല; അല്ലാഹു സച്ചരിതരോടൊപ്പമാണ്’.(അല്‍അന്‍കബൂത് 69)പ്രവാചകന്‍ തിരുമേനി ഒരിക്കല്‍ ഇപ്രകാരം പറയുകയുണ്ടായി: ആര്‍ വിശുദ്ധരായിരിക്കാന്‍ ആഗ്രഹിക്കുന്നുവോ അല്ലാഹു അവരെ വിശുദ്ധിയില്‍ സംരക്ഷിക്കും. ആര്‍ സ്വാശ്രയരായിരിക്കാന്‍ ആഗ്രഹിക്കുന്നുവോ അല്ലാഹു അവര്‍ക്ക് നിരാശ്രയത്വം നല്‍കും. ആര്‍ ക്ഷമാലുക്കളാകാന്‍ ഇഷ്ടപ്പെടുന്നുവോ അല്ലാഹു ക്ഷമാശീലം പ്രദാനംചെയ്യും.(അല്‍ബുഖാരി)
5. സ്ത്രീജനങ്ങള്‍ അധികം കടന്നുവരികയും വിലസുകയുംചെയ്ത് പ്രലോഭനങ്ങളുണ്ടാക്കിയേക്കാവുന്ന ഷോപിങ് മാള്‍, മാര്‍ക്കറ്റുകള്‍, തെരുവുകള്‍ എന്നിവയില്‍ അധികസമയം ചിലവഴിക്കാതിരിക്കുക. പ്രവാചകന്‍ തിരുമേനി (സ) പറഞ്ഞു: ‘നിങ്ങള്‍ പൊതുവഴിയില്‍ ഇരിക്കുന്നത് സൂക്ഷിക്കുക.’അപ്പോള്‍ അനുയായികള്‍ പറഞ്ഞു:’ഞങ്ങള്‍ക്കത് ഒഴിവാക്കാനാകില്ലല്ലോ. അവിടെയിരുന്നാണ് ഞങ്ങള്‍ വിശേഷങ്ങള്‍ പറയുന്നത്.’അപ്പോള്‍ പ്രവാചകന്‍ പറഞ്ഞു:’നിങ്ങള്‍ക്കങ്ങനെ ഇരുന്നേ മതിയാകൂ എന്നാണെങ്കില്‍ അതിന്റെ അവകാശം നല്‍കുക.’എന്താണ് പ്രവാചകരേ , പൊതുവഴിയുടെ അവകാശങ്ങള്‍? അനുയായികള്‍ ചോദിച്ചു.പ്രവാചകന്‍ പ്രതിവചിച്ചു: ‘നോട്ടം താഴ്ത്തുകയും കുറ്റകരമായ പ്രവര്‍ത്തനങ്ങളില്‍നിന്ന് വിട്ടുനില്‍ക്കുകയുംചെയ്യുക.'(ബുഖാരി,മുസ്‌ലിം)
6. സാഹചര്യത്തിന്റെയോ ,പ്രായത്തിന്റെയോ കാരണംചൂണ്ടി നമുക്ക് അല്ലാഹുവിന്റെ നിര്‍ദ്ദേശത്തില്‍നിന്ന് രക്ഷപ്പെടാനാകില്ലെന്ന് തിരിച്ചറിയുക. നോട്ടത്തിനായുള്ള എത്ര ശക്തമായ പ്രലോഭനങ്ങളെയും നാം പ്രതിരോധിക്കുകതന്നെ വേണം.
7. നിര്‍ബന്ധആരാധനകള്‍ക്കുപുറമേ, ഐശ്ചികകര്‍മങ്ങള്‍ ധാരാളമായി അനുഷ്ഠിക്കുക. നമ്മുടെ ശാരീരിക-മാനസികകരുത്തിനെ വര്‍ധിപ്പിക്കാനും നിലനിര്‍ത്താനും സഹായിക്കുന്ന ഒന്നാണ് ആരാധനാകര്‍മങ്ങള്‍. ഖുദ്‌സിയായ ഒരു ഹദീസില്‍ ഇപ്രകാരം വന്നിരിക്കുന്നു.’അല്ലാഹു പറഞ്ഞു: എന്റെ ദാസന്‍ ഐശ്ചികകര്‍മങ്ങളിലൂടെ എന്റെ സാമീപ്യം കാംക്ഷിച്ചാല്‍ ഞാന്‍ അവനെ സ്‌നേഹിക്കും. ഞാന്‍ അവനെ സ്‌നേഹിക്കുന്നതോടെ അവന്‍ കേള്‍ക്കുന്ന കാത് ഞാനായിത്തീരും. അവന്‍ കാണുന്ന കണ്ണ് ഞാനായിത്തീരും. അവന്റെ കയ്യും കാലും ഞാനായിത്തീരും. അവനെന്നോട് എന്തുചോദിച്ചാലും അത് ഉറപ്പായും നല്‍കും. എന്നോട് അവന്‍ അഭയം ചോദിച്ചാല്‍ ഞാനത് നല്‍കും.'(ബുഖാരി)
8. ഭൂമിയില്‍വെച്ച് നാം ചെയ്യുന്ന ഏതൊരുതിന്‍മയ്ക്കും ഇവിടെ സാക്ഷിയുണ്ടെന്നോര്‍ക്കുക. നാളെ അത് നമുക്കെതിരെ സാക്ഷ്യംവഹിക്കും. അല്ലാഹു പറയുന്നു:’അന്നാളില്‍ ഭൂമി അതിന്റെ വിവരമൊക്കെ പറഞ്ഞറിയിക്കും’.(അസ്സല്‍സല-4)
9.സൂറ അന്നൂറില്‍ നമുക്കായി അല്ലാഹുവിന്റെ കല്‍പനയായ ദൃഷ്ടികളെ നിയന്ത്രിക്കുക എന്നത് സദാ ഓര്‍ത്തുകൊണ്ടിരിക്കുക.
10. അനാവശ്യമായ നോട്ടം ഉപേക്ഷിക്കുക. നോക്കേണ്ടതായ സംഗതികളില്‍മാത്രം ഒരു വട്ടംനോക്കുക. പിന്നീടുള്ള നോട്ടങ്ങള്‍ വഴിതിരിച്ചുവിടുക.
11. വിവാഹജീവിതത്തില്‍ മുഴുകുക. പ്രവാചകന്‍ പറഞ്ഞത് അതാണ്: നിങ്ങളിലാര്‍ക്കെങ്കിലും കഴിവുണ്ടായാല്‍ അയാള്‍ വിവാഹിതനായിക്കൊള്ളട്ടെ. കാരണം, ദൃഷ്ടികളെ നിയന്ത്രിക്കാനും വിശുദ്ധികാത്തുസൂക്ഷിക്കാനും അത് പര്യാപ്തമാണ്. ഇനി അതിന് കഴിവില്ലാത്തവന്‍ നോമ്പനുഷ്ഠിക്കട്ടെ, കാരണം അത് അവന് പരിചയായിത്തീരും.(ബുഖാരി,മുസ്‌ലിം)
12. സ്വര്‍ഗത്തില്‍ തനിക്കായി ഒരുക്കിയിട്ടുള്ള ഹൂറുലീങ്ങളെ ഓര്‍ത്തുകൊണ്ടിരിക്കുക. അല്ലാഹുവിലക്കിയതിനെത്തൊട്ട് സൂക്ഷ്മതകൈക്കൊള്ളാനും ക്ഷമപാലിക്കാനും അത് സഹായിക്കും.
13. എന്താണോ നമ്മെ ആകര്‍ഷിച്ചുകൊണ്ടിരിക്കുന്നത് അവയുടെ ന്യൂനതകളെ സദാ ഓര്‍ത്തുകൊണ്ടിരിക്കുക.
14. എല്ലാ സമയവും തന്റെ നോട്ടത്തെപ്പറ്റി വിലയിരുത്തിക്കൊണ്ടിരിക്കുക. ദൃഷ്ടിതാഴ്ത്താന്‍ പരിശീലിക്കുക. ഇടയില്‍ പരാജയപ്പെട്ടേക്കാം. എന്നാലും നിരാശപ്പെടാതെ ക്ഷമയോടെ വീണ്ടും പരിശ്രമം തുടര്‍ന്നുകൊണ്ടേയിരിക്കുക. എല്ലാവര്‍ക്കും അബദ്ധം പറ്റുമെന്ന് തിരിച്ചറിയുക.
15. ഞാന്‍ പരിശ്രമിച്ചിട്ടും വീണ്ടും അന്യസ്ത്രീകളെ നോക്കിപ്പോകുന്നു എന്ന് നിരാശപ്പെട്ട് ഒരിക്കലും കണ്ണുകളെ സ്വതന്ത്രമായി മേയാന്‍ വിടരുത്. മറിച്ച് പശ്ചാത്താപത്തോടെ ദൃഷ്ടികളെ നിയന്ത്രിക്കാന്‍ പഠിക്കുക.
16. കണ്ണുകള്‍ നിയന്ത്രിക്കുന്ന ഗുണഫലങ്ങളെ പ്പറ്റി സദാ ഓര്‍ത്തുകൊണ്ടിരിക്കുക.
17. അന്യസ്ത്രീകളെയും വിലക്കപ്പെട്ടവയെയും നോക്കുന്നതിന്റെ ദോഷഫലങ്ങളെ പ്പറ്റി മറ്റുള്ളവരെ ബോധവത്കരിക്കുക. കിട്ടുന്ന അവസരങ്ങള്‍ അതിനായി ഉപയോഗപ്പെടുത്തുക.
18. നമ്മുടെ ബന്ധുക്കളെയും പരിചയക്കാരെയും തങ്ങളുടെ സൗന്ദര്യപ്രദര്ശനത്തെപ്പറ്റി ബോധവത്കരിക്കുക. അവയവപ്രദര്‍ശനംനടത്തുന്ന , ഇറുകിപ്പിടിച്ച, നേരിയവസ്ത്രധാരണങ്ങള്‍ ഉപേക്ഷിക്കാന്‍ അവരോട് കല്‍പിക്കുക. സംസാരത്തില്‍ കൊഞ്ചിക്കുഴയല്‍ ഉപേക്ഷിക്കാന്‍ ആവശ്യപ്പെടുക.
19. മനസ്സില്‍ പിശാചിന്റെ ദുര്‍ബോധനം ഉണ്ടാകുമ്പോഴൊക്കെ അതിനെ ഒഴിവാക്കുക. ആര്‍ തന്റെ ആദ്യനോട്ടത്തെ തുറിച്ചുനോട്ടത്തില്‍നിന്ന് രക്ഷപ്പെടുത്തിയോ അവന്‍ വലിയ തിന്‍മകളില്‍നിന്ന് രക്ഷപ്പെട്ടു. തുടര്‍ന്നും നോക്കിക്കൊണ്ടിരിക്കുന്നവന്‍ അനേകം തിന്‍മകളുടെ വിത്ത് വിതച്ചിരിക്കുകയാണ് എന്നറിയുക.
20. സദ്കര്‍മികളും സദ്വിചാരികളുമായ സൗഹൃദങ്ങളില്‍ ഉള്‍പ്പെടുക. കാരണം സുഹൃത്തുക്കളുടെ സ്വഭാവങ്ങളാണ് ഇക്കാര്യത്തില്‍ നമ്മെ സ്വാധീനിക്കുക. അതിനാല്‍ വലിയ തിന്‍മയെ ക്കരുതിയിരിക്കുക. മരണം സദാ നമ്മെ തേടിയെത്തുമെന്ന ഓര്‍മയില്‍ പശ്ചാത്തപിച്ചുകൊണ്ടിരിക്കുക.