പാശ്ചാത്യ തത്വചിന്തകനായ നീഷേ പറയുന്നു : ‘ദുര്‍ബലര്‍ അനിവാര്യമായും നശിക്കണം. മനുഷ്യവര്‍ഗത്തോടുള്ള ഞങ്ങളുടെ സ്‌നേഹത്തിന്റെ ആദ്യ തത്വമാണത്. പ്രസ്തുത നാശത്തിന് സഹായിക്കലും നിര്‍ബന്ധമാണ്.’ എന്നാല്‍ ഇസ്‌ലാമിക തത്വശാസ്ത്രവും അതിന്റെ ശരീഅത്തും മൂല്യങ്ങളെ ഒരുകാലത്തും മാറ്റി നിര്‍ത്തിയിട്ടില്ല. മുഴുവന്‍ മനുഷ്യരുടെയും അവകാശങ്ങളെ അത് വകവെച്ചു കൊടുത്തിട്ടുണ്ട്. വര്‍ണത്തിന്റെയോ വര്‍ഗത്തിന്റെയോ ഭാഷയുടെയോ അടിസ്ഥാനത്തിലുള്ള ഒരു വിവേചനവും അതില്‍ കല്‍പിക്കപ്പെടുന്നില്ല. അവരുടെയെല്ലാം അവകാശങ്ങള്‍ക്ക സംരക്ഷണം നല്‍കുകയാണ് ഇസ്‌ലാമിക ശരീഅത്ത് ചെയ്യുന്നത്. അത് ലംഘിക്കുന്നവരെ ശിക്ഷിക്കാനും അതില്‍ വ്യവസ്ഥയുണ്ട്.
മനുഷ്യര്‍ ഇസ്‌ലാമിക വീക്ഷണത്തില്‍
മനുഷ്യനെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഉന്നതമായ കാഴ്ച്ചപ്പാടാണ് ഇസ്‌ലാമിനുള്ളത്. അല്ലാഹു പറയുന്നു: ‘ആദം സന്തതികള്‍ക്കു നാം മഹത്വമരുളി എന്നതും നമ്മുടെ കാരുണ്യമാകുന്നു. അവര്‍ക്കു കടലിലും കരയിലും വാഹനങ്ങള്‍ നല്‍കി, ഉത്തമ പദാര്‍ഥങ്ങള്‍ ആഹാരമായി നല്‍കി. നാം സൃഷ്ടിച്ച നിരവധി സൃഷ്ടികളെക്കാള്‍, പ്രത്യക്ഷമായ ഔന്നത്യമരുളുകയും ചെയ്തു.’ (അല്‍-ഇസ്‌റാഅ് : 70)
വ്യത്യസ്തമായ ഈ കാഴ്ച്ചപ്പാടാണ് ഇസ്‌ലാമിലെ മനുഷ്യാവകാശങ്ങളെ ഇതര തത്വശാസ്ത്രങ്ങളില്‍ നിന്ന് വേര്‍തിരിക്കുന്നതും സവിശേഷമാക്കുന്നതും. അവകാശങ്ങളിലെ സമ്പൂര്‍ണത അതിന്റെ സവിശേഷതകളില്‍ സുപ്രധാനമാണ്. അതില്‍ സാമ്പത്തികവും സാമൂഹികവും ചിന്താപരവുമായ അവകാശങ്ങളുണ്ട്. അപ്രകാരം തന്നെ എല്ലാ മനുഷ്യര്‍ക്കും പൊതുവായിട്ടുള്ളതു കൂടിയാണത്. മുസ്‌ലിംകള്‍ക്കും അമുസ്‌ലിംകള്‍ക്കും ഇടയിലോ വര്‍ണ, വര്‍ഗ, ഭാഷാ വ്യത്യാസങ്ങളുടെ അടിസ്ഥാനത്തിലോ ഒരു വേര്‍തിരിവും അതനുവദിക്കുന്നില്ല. ലോകരക്ഷിതാവിന്റെ അധ്യാപനങ്ങളായതിനാല്‍ റദ്ദാക്കാനോ മാറ്റത്തിരുത്തലുകള്‍ക്ക് വിധേയമാക്കാത്തതോ ആയ കാര്യമാണ് എന്നതും അതിന്റെ സവിശേഷത തന്നെയാണ്.
സമ്പൂര്‍ണ മനുഷ്യാവകാശ പ്രഖ്യാപനമായ നബി(സ)യുടെ വിടവാങ്ങള്‍ പ്രസംഗത്തിലൂടെ അത് വ്യക്തമാക്കിയിട്ടുണ്ട്. ‘…. നിങ്ങളുടെ രക്തവും ധനവും ഈ വിശുദ്ധമാസവും ദിവസവും ഈ നാടും പോലെ നിങ്ങളുടെ രക്ഷിതാവിനെ കണ്ടുമുട്ടുന്ന നാള്‍ വരെ പവിത്രമാണ്.’ പ്രസ്തുത പ്രസംഗം ഒരു കൂട്ടം അവകാശങ്ങളെ കുറിച്ച് ഈന്നിപറയുന്നുണ്ട്. രക്തത്തിന്റെയും സമ്പത്തിന്റെയും അഭിമാനത്തിന്റെയും പവിത്രത അതില്‍ സുപ്രധാനമാണ്.
പ്രവാചകന്‍(സ) മുഴുവന്‍ മനുഷ്യരുടെയും ജീവനെയും ആദരിച്ചിട്ടുണ്ട്. അവകാശങ്ങളില്‍ ഏറ്റവും മഹത്തായ ഒന്നായി പരിഗണിക്കപ്പെടുന്നത് ജീവിക്കാനുള്ള അവകാശമാണ്. അല്ലാഹുവില്‍ പങ്കുചേര്‍ക്കലും ജീവന്‍ ഹനിക്കലുമാണ് വന്‍പാപങ്ങള്‍ ഏതാണെന്ന് അന്വേഷിച്ചപ്പോള്‍ നബി(സ) നല്‍കിയ മറുപടി. യാതൊരു വിവേചനത്തിനും പഴുതില്ലാത്ത ‘നഫ്‌സ്’ (ജീവന്‍) എന്ന പദമാണ് അതിനായി ഉപയോഗിച്ചിരിക്കുന്നതെന്നും ശ്രദ്ധേയമാണ്. ഒരു ജീവനും അന്യായമായി കൊല്ലപ്പെടരുത് എന്ന് തന്നെയാണ് അതിന്റെ അര്‍ഥം. ആത്മഹത്യ നിഷിദ്ധമാക്കിയിരിക്കുന്നതും മനുഷ്യജീവന് നല്‍കുന്ന പവിത്രതയുടെ ഭാഗമായിട്ടാണ്. ആത്മഹത്യ ചെയ്തവര്‍ അവരുടെ പ്രവര്‍ത്തനം നരകത്തില്‍ ആവര്‍ത്തിച്ചു കൊണ്ടിരിക്കുമെന്നാണ് നബി(സ) നമുക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ജീവിക്കാനുള്ള അവകാശത്തില്‍ കുറവു വരുത്തുന്ന എല്ലാ പ്രവര്‍ത്തനങ്ങളും ഇസ്‌ലാം നിരോധിച്ചിട്ടുണ്ട്. അത് ഭീഷണിയാണെങ്കിലും മര്‍ദിക്കലാണെങ്കിലും ഇസ്‌ലാം വിലക്കിയിട്ടുള്ള കാര്യമാണ്. ഹിശാം ബിന്‍ ഹകീം പ്രവാചകന്‍(സ)യില്‍ നിന്ന് കേട്ടതായി ഉദ്ധരിക്കുന്നു : ‘ഇഹലോകത്ത് ജനങ്ങളെ ഉപദ്രവിച്ചവരെ അല്ലാഹു ശിക്ഷിക്കും.’
സമത്വം
മനുഷ്യരെ ആദരിക്കുകയും അവരുടെ രക്തത്തിന് പവത്രത കല്‍പിക്കുകയും ചെയ്ത ശേഷം മുഴുവന്‍ ജനങ്ങളും സമന്‍മാരാണെന്നതും ഇസ്‌ലാം പഠിപ്പിക്കുന്നു. ഭരണാധികാരിയും ഭരണീയനും കറുത്തവനും വെളുത്തവനും അറബിയും അനറബിയും ഇസ്‌ലാമിക ശരീഅത്തിന് മുമ്പില്‍ തുല്ല്യരാണ്. ജനങ്ങള്‍ക്കിയില്‍ എന്തെങ്കിലും ശ്രേഷ്ഠത കല്‍പിക്കുന്നുവെങ്കില്‍ അത് ദൈവഭക്തിയുടെ അടിസ്ഥാനത്തില്‍ മാത്രമാണെന്നും വിശുദ്ധ നബി തിരുമേനി വ്യക്തമാക്കിയിട്ടുണ്ട് : ‘അല്ലയോ ജനങ്ങളേ, നിങ്ങളുടെ നാഥന്‍ ഒന്നാണ്, നിങ്ങളുടെ പിതാവും ഒന്നാണ്, എല്ലാവരും ആദമില്‍ നിന്നുള്ളവരാണ്, ആദമോ മണ്ണില്‍ നിന്നും, നിങ്ങളില്‍ ഏറ്റവും ദൈവഭക്തിയുള്ളവരാണ് അല്ലാഹുവിന്റെ അടുക്കല്‍ ഏറ്റവും ആദരണീയര്‍, ദൈവഭക്തി കൊണ്ടല്ലാതെ ഒരു അറബിക്ക് അനറബിയേക്കാള്‍ ഒരു ശ്രേഷ്ഠതയുമില്ല.’ സമത്വത്തിന്റെ അടിസ്ഥാനത്തിലുള്ള പെരുമാറ്റവും നബി(സ)യുടെ ജീവിതത്തില്‍ നമുക്ക് കാണാം. അബൂ ഉമാമയില്‍ നിന്നുദ്ധരിക്കുന്നു : അബൂദര്‍റ് ബിലാലിനെ ഉമ്മയുടെ പേരില്‍ ആക്ഷേപിച്ചു. കറുത്തവളുടെ മകനേ എന്നായിരുന്നു അബൂദര്‍റ് വിളിച്ചത്. ബിലാല്‍(റ) പ്രവാചക സന്നിധിയില്‍ എത്തി പരാതി പറഞ്ഞു. പിന്നീട് അബൂദര്‍റ്(റ) നോട് നബി(സ) പറഞ്ഞു: ‘എനിക്ക് ഗ്രന്ഥം അവതരിപ്പിച്ചവനാണ് സത്യം, കര്‍മം കൊണ്ടല്ലാതെ ഒരാള്‍ക്കും യാതൊരു ശ്രേഷ്ഠതയുമില്ല.’
നീതി ഇസ്‌ലാമില്‍
സമത്വവുമായി ബന്ധപ്പെട്ട അവകാശം തന്നെയാണ് നീതി. ഉസാമത് ബിന്‍ സൈദിനോടുള്ള പ്രവാചകന്‍(സ)യുടെ വാക്കുകള്‍ ഇസ്‌ലാമിലെ നീതിയുടെ പ്രശോഭിതമായ ചിത്രമാണ് വെളിവാക്കുന്നത്. മഖ്‌സൂം ഗോത്രത്തില്‍ പെട്ട മോഷണം നടത്തിയ സ്ത്രീക്ക് വേണ്ടി ശുപാര്‍ശ ചെയ്യാനെത്തിയപ്പോള്‍ നബി(സ) പറഞ്ഞു : ‘മുഹമ്മദിന്റെ ആത്മാവ് ആരുടെ കയ്യിലാണോ അവനാണ് സത്യം, മോഷണം നടത്തിയത് മുഹമ്മദിന്റെ മകള്‍ ഫാത്വിമയാണെങ്കിലും അവളുടെ കൈ ഞാന്‍ മുറിക്കുക തന്നെ ചെയ്യും.’ കുറ്റം ആരോപിക്കപ്പെട്ട വ്യക്തിക്ക് തനിക്കെതിരെയുള്ള ആരോപണം പ്രതിരോധിക്കാനുള്ള അവകാശവും പ്രവാചകന്‍(സ) നിര്‍ണയിച്ചു തന്നിട്ടുണ്ട്. ജനങ്ങള്‍ക്കിടയില്‍ വിധി കല്‍പ്പിക്കുന്നവരോട് നബി(സ) പറഞ്ഞ വാക്കുകള്‍ ശ്രദ്ധേയമാണ്. ‘നിന്റെ മുമ്പിലിരിക്കുന്ന രണ്ട് കക്ഷികളില്‍ ഒന്നാമത്തെയാളില്‍ നിന്ന് കേട്ടതു പോലെ രണ്ടാമത്തെവനില്‍ നിന്നും കേള്‍ക്കുന്നതിന് മുമ്പ് നീ വിധി കല്‍പ്പിക്കരുത്. വിധി സൂക്ഷ്മമായി നിനക്ക് വ്യക്തമാക്കുന്നതിന് വേണ്ടിയാണത്.’
അടിസ്ഥാന ആവശ്യങ്ങള്‍ക്കുള്ള അവകാശം
അടിസ്ഥാന ആവശ്യങ്ങള്‍ക്കുള്ള അവകാശം ഇതര പ്രത്യയശാസ്ത്രങ്ങളില്‍ നിന്ന് ഇസ്‌ലാമിക ശരീഅത്തിനെ വ്യതിരിക്തമാക്കുന്ന ഒന്നാണ്. രാഷ്ട്രത്തില്‍ ജീവിക്കുന്ന ഓരോ വ്യക്തിയുടെയും ജീവിതത്തിന് ആവശ്യമായ അടിസ്ഥാന ഘടകങ്ങള്‍ ലഭ്യമാക്കല്‍ രാഷ്ട്രത്തിന്റെ ഉത്തരവാദിത്വമാണ്. സമൂഹത്തില്‍ ഒരാള്‍ക്ക് മാന്യമായി ജീവിക്കാന്‍ ഉതകുന്ന തരത്തിലായിരിക്കണം അത്. മനുഷ്യനിര്‍മിത വ്യവസ്ഥകളില്‍ ഈ അവകാശം ഏറ്റവും താഴ്ന്ന നിലവാരത്തിലുള്ള ജീവിതത്തെ ഉദ്ദേശിച്ചുള്ളതാണ്. ജോലി ചെയ്യാന്‍ സാധിക്കാത്ത അവശതയനുഭവിക്കുന്നവര്‍ക്ക് സകാത്തില്‍ നിന്ന് അവരുടെ ആവശ്യങ്ങള്‍ പൂര്‍ത്തീകരിച്ചു കൊടുക്കണം. സകാത്ത് അതിന് മതിയാകാതെ വരുന്നെങ്കില്‍ രാഷ്ട്ര്ത്തിന്റെ സമ്പത്തില്‍ നിന്ന് അതിനായി ഉപയോഗപ്പെടുത്തുകയാണ് വേണ്ടത്. അയല്‍വാസി പട്ടികിടക്കുമ്പോള്‍ വയര്‍ നിറച്ച് ഭക്ഷണം കഴിക്കുന്നവന്‍ വിശ്വാസിയല്ല എന്നാണ് നബി(സ) പഠിപ്പിച്ചിട്ടുള്ളത്.
സിവിലിയന്‍മാരുടെയും ബന്ദികളുടെയും അവകാശം
യുദ്ധങ്ങള്‍ നടക്കുമ്പോള്‍ സിവിലിയന്‍മാരുടെയും ബന്ദികളുടെയും അവകാശങ്ങള്‍ പരിഗണിക്കുന്നിടത്താണ് മനുഷ്യാവകാശം അതിന്റെ ഏറ്റവും മഹത്തായ മാതൃക പ്രകടിപ്പിക്കുന്നത്. യുദ്ധങ്ങളില്‍ എപ്പോഴും മുന്നിട്ടു നില്‍ക്കുക പ്രതികാരത്തിന്റെയും അക്രമത്തിന്റെയും ചിന്തയായിരിക്കും. മനുഷ്യത്വമോ കാരുണ്യമോ അതില്‍ വിഷയമാകില്ല. എന്നാല്‍ മനുഷ്യരോടുള്ള കാരുണ്യത്തിന്റെ ദര്‍ശനമാണ് ഇസ്‌ലാം. അതുകൊണ്ടാണ് യുദ്ധത്തില്‍ കുട്ടികളെയും സ്ത്രീകളെയും വൃദ്ധന്‍മാരെയും കൊല്ലരുതെന്ന് പ്രവാചകന്‍(സ) കല്‍പിച്ചിട്ടുള്ളത്. മുസ്‌ലിം നാഗകരികതയുടെ ആത്മാവായ മാനുഷിക വീക്ഷണമാണ് ഇവയിലെല്ലാം പ്രതിഫലിക്കുന്നത്.
(islsm onlive)